

സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 4-ലെ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ തിരുനാൾവരെ സൃഷ്ടിയുടെ കാലം ആയി ആചരിക്കുന്നതിനെക്കുറിച്ച് മുമ്പ് കുറിച്ചിരുന്നു. കഴിഞ്ഞ 44 വർഷമായി ഐക്യരാഷ്ട്ര സംഘടനയുടെ പ്രചോദനത്തിൽ സെപ്റ്റംബർ 21 ലോകസമാധാന ദിനമായി ആചരിച്ചുവരികയാണ്. അതുകൊണ്ടുതന്നെ, സെപ്റ്റംബർ 21 മുതൽ ഉള്ള ഒരാഴ്ച കാലം സമാധാന വാരമായി സഭകളുടെ ലോക കൗൺസിലും വിവിധ സർവ്വകലാശാലകളും സംഘടനകളും ആചരിച്ചുവരുന്നുണ്ട്.
പഴയ നിയമത്തിലെ ശക്തമായ സമാധാന പ്രേരക ബിംബമാണ് 'നോഹയുടെ പെട്ടകം'. അങ്ങനെ ഒരു പെട്ടകം ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല എന്ന് പറയാൻ വരട്ടെ. ഈ ഭൂമി തന്നെയാണ് ആ പെട്ടകം എന്ന് നിര ൂപിച്ചാലോ?! സർവ്വ ജീവജാലങ്ങളും മനുഷ്യരും! ജീവലോകത്തെയാകമാനം ഒരു കുടുംബം എന്ന പോലെ കരുതലോടെ കൂടെക്കൂട്ടുന്ന, ഇരുളിൻ്റെ ഈ മഹാപ്രളയത്തിനു മുകളിൽ ഒഴുകിനടക്കുന്ന ഭൂമി എന്ന ജീവപേടകം!
അതേ പെട്ടകത്തിൽനിന്നുതന്നെയാണ് അയാൾ പിറാവിനെ പുറത്തേക്ക് പറത്തിവിടുന്നത്. ഒലിവിലയും കൊണ്ട് സമാധാനപ്പിറാവായി അത് തിരികെയെത്തുന്നതും അതേ ജീവപേടകത്തിലേക്ക് തന്നെ. ലൈഫ് ഓഫ് പൈ -യിലെ റിച്ചാർഡ് പാർക്കറും പൈ പട്ടേലും കരയിലിറങ്ങി രണ്ടു വഴിക്ക് പിരിയുന്നതു പോലെ ജീവജാലങ്ങളും നോഹയും രണ്ടു വഴിക്ക് പിരിയും മുമ്പ് ദൈവം തൻ്റെ മഴവില്ല് ആകാശങ്ങളിൽ സ്ഥാപിച്ച് സമാധാനത്തിൻ്റെ ഉടമ്പടിപ്പത്രത്തിൽ തൻ്റെ കൈയ്യൊപ്പു ചാർത്തുന്നു. അങ്ങനെ, പെട്ടകവും ഒലിവിലയും സമാധാനപ്പിറാവും മഴവില്ലും, സമാധാനത്തിൻ്റെ ഭൂമികയും അടയാളവും ഉടമ്പടിചിഹ്നവും ആയി നിലനില്ക ്കുന്നു.
ഒരുപക്ഷേ, ഈയ്യിടെയായി നമ്മുടെ പെട്ടകവും അതിലെ ജീവനും തന്നെയാണ് ഉടഞ്ഞു കൊണ്ടിരിക്കുന്നത്. സമാധാനത്തിൻ്റെ അടിത്തറ തന്നെയാണ് ഉടഞ്ഞമരുന്നത്. യുദ്ധങ്ങളുടെ അംഗീകൃത എത്തിക്സിനെ (യുദ്ധങ്ങളുടെ എത്തിക്സ് !) പോലും ആദരിക്കാത്ത, യുദ്ധക്രിമിനലുകളായി സ്വയം അവരോധിക്കുന്ന ഭരണാധിപന്മാർ!
എന്താ ആരും ഒന്നും പറയാത്തത്?
ആത്മാവുണ്ടെങ്കിലല്ലേ ചലനമുണ്ടാകൂ;
കൊടുങ്കാറ്റും ശബ്ദവുമുണ്ടാകൂ.
ലോകം കുറ്റകരമായ മൗനത്തിലാണ്.
റോമിൽ നിന്നും ഈസ്റ്റാംബൂളിൽ നിന്നും അലക്സാൻഡ്രിയയിൽ നിന്നും ജറൂസലേമിൽ നിന്നും സഭകൾ ലോകത്തോട് 'അപേക്ഷിച്ചും യാചിച്ചും ആജ്ഞാപിച്ചും' കൊണ്ടിരിക്കുന്നുണ്ട് എന്നത് മാത്രമാണ് ഒരാശ്വാസം.
കവി സച്ചിദാനന്ദൻ എഴുതും പോലെ:
"ആയുധങ്ങളുടെ കലവറയൊഴിയുകയും
കടലേഴും ചോരയാൽ നിറയുകയും ചെയ്യുമ്പോൾ
നിങ്ങൾ എന്നിലേക്ക് വരും
നാം പണിയും പുതിയ യരുശലേം
മരിച്ച ഓരോ മനുഷ്യനും മൃഗത്തിനും
ഓരോ കല്ല് കണ്ണീരിൽ പടുത്തുകൊണ്ട്
കിളിത്തൂവലുകളിൽ നാം പറക്കും
അന്യഗ്രഹങ്ങളിലേക്ക്
കതിർക്കുലകളും ഒലിവിലകളുമായി"
എന്തുകൊണ്ട് നിങ്ങൾ വരും എന്ന് മുമ്പ് പറഞ്ഞല്ലോ.
കാരണം,
"ഞാൻ സ്നേഹിക്കുന്നു.
അതുകൊണ്ട് ഞാൻ നിലനില്ക്കുന്നു."





















