top of page

ആനന്ദം

Dec 17, 2024

2 min read

ജോര്‍ജ് വലിയപാടത്ത്

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് 'പരിപൂർണ്ണ ആനന്ദം' എന്താണ് എന്ന് ചോദിക്കുകയും അതിന് ഉത്തരം പറയുകയും ചെയ്യുന്ന വളരെ വിഖ്യാതമായ ഒരു ആഖ്യാനമുണ്ട്. അതെല്ലാം കേൾക്കുകയും പറയുകയും ചെയ്തിരുന്നുവെങ്കിലും, യോഹന്നാൻ -സുവിശേഷത്തിൽ തൻ്റെ മഹാപുരോഹിത പ്രാർത്ഥനയിൽ യേശു ആനന്ദത്തെക്കുറിച്ച് പലവുരു സംസാരിച്ചിരുന്നെങ്കിലും ആനന്ദവും (Joy) സന്തോഷവും രണ്ടും (Happiness) രണ്ടാണ് എന്ന് കുറച്ചു വർഷങ്ങൾക്കു മുമ്പ് നമ്മുടെ ബോബി കട്ടിക്കാട് അച്ചൻ്റെ ഒരു ടിവി പ്രഭാഷണത്തിൽ നിന്നാണ് കേട്ടതും മനസ്സിലായതും.


മനുഷ്യർ പൊതുവേ സന്തോഷത്തെ കുറിച്ചാണ് സംസാരിക്കാറ്. സന്തോഷത്തെക്കുറിച്ച്സംസാരിക്കാൻ ആണ് അവർക്ക് താല്പര്യവും. എന്നാൽ, വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ ബൈബിൾ സന്തോഷത്തെക്കുറിച്ച് പറയുന്നുള്ളൂ. അതേസമയം, അങ്ങോളമിങ്ങോളമായി 200 തവണയിലധികം ആനന്ദത്തെക്കുറിച്ചാണ് ബൈബിൾ സംസാരിക്കുന്നത്.


നമുക്ക് നല്ലത് എന്ന് നാം കരുതുന്ന ഏതു കാര്യത്തിലും നാം സന്തോഷം അനുഭവിക്കുന്നു. ഇഷ്ടപ്പെട്ട ഗാനങ്ങൾ കേൾക്കാനായാൽ, നല്ല ചിത്രമോ സാഹിത്യമോ ആസ്വദിക്കാനായാൽ, രുചികരമായ നല്ല ഭക്ഷണം ലഭ്യമായാൽ, മനുഷ്യർ നമ്മെ ആദരവോടെ നോക്കുന്നതായാൽ, ഭംഗിയും ഇണക്കവുമുള്ള നല്ല വസ്ത്രം ധരിക്കാനായാൽ, സുഖസൗകര്യങ്ങൾ ലഭ്യമായാൽ, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടായാൽ, നമുക്ക് അല്ലെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് നല്ല വിജയം ഉണ്ടായാൽ, ഒക്കെ നാം സന്തോഷിക്കും. അത് അങ്ങനെയാണ്. ചുരുക്കത്തിൽ സന്തോഷം എന്നത് ബാഹ്യമായ ഘടകങ്ങളെ ആസ്പദമായാണ് ഇരിക്കുന്നത്. ഒരാളുടെ സാമൂഹിക പദവിക്ക് അനുസരിച്ച് സന്തോഷം ഉണ്ടാകാൻ വേണ്ട കാരണങ്ങൾ വ്യത്യാസപ്പെട്ടിരിക്കാം എന്ന് മാത്രം. ബാഹ്യമായ ഘടകങ്ങളെ ആസ്പദമായി ഇരിക്കുന്നതിനാൽ ആഹ്ലാദം അല്ലെങ്കിൽ സന്തോഷം ഒരാൾക്ക് എപ്പോഴും ഉണ്ടായെന്നു വരില്ല.


മുമ്പ് സൂചിപ്പിച്ചതുപോലെ, ബൈബിൾ ആനന്ദത്തെക്കുറിച്ച് എപ്പോഴും പറയുന്നു. ആത്മീയമായതാണ് ആനന്ദം. സന്തോഷം ബാഹ്യ ഘടകങ്ങളെ ഊന്നി നിലക്കുമ്പോൾ ആനന്ദം ആത്മീയ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ദൈവം എന്നെ സ്നേഹിക്കുന്നുണ്ട്, കാക്കുന്നുണ്ട്, പരിപാലിക്കുന്നുണ്ട് എന്ന ബോധ്യം ഒരാൾക്കുണ്ടെങ്കിൽ എന്തെല്ലാം വീഴ്ചകളും ഇകഴ്ചകളും തകർച്ചകളും ഉണ്ടായാലും അവയ്ക്കെല്ലാം ഉപരി ഉയർന്നുനിലക്കുന്ന വിശ്വാസത്തിൽ നിന്ന് നാം ഉള്ളിൽ അനുഭവിക്കുന്ന ആത്മഹർഷമാണ് ആനന്ദം.


വലിയ നാശങ്ങളും നഷ്ടങ്ങളും മരണങ്ങളും ഉണ്ടാകുമ്പോഴും, കർത്താവിന് ഒരു പ്ലാനുണ്ട്, ദൈവമാണ് എല്ലാറ്റിൻ്റെയും നിയന്താവ് എന്ന കോൺഫിഡൻസ് നല്കുന്ന ബലം.


തന്നെ സ്നേഹിച്ചവർ ഓരോരുത്തരായി വിട്ടകന്ന് പോകുമ്പോഴും തന്നിൽ സ്നേഹമുണ്ടല്ലോ തൻ്റെ ഉള്ളിനെ കൈയ്പാക്കാൻ യാതൊന്നിനും കഴിയില്ലല്ലോ എന്ന ആത്മബലം.

ആരെല്ലാം പോയാലും അവന് ഞാൻ പ്രിയപ്പെട്ടവനാണ്. അവൻ എന്നെ തേടിവരും എന്ന ഉറപ്പ്.

ചുരുക്കത്തിൽ വിശ്വാസം, പ്രത്യാശ, സ്നേഹം : ഇവ നമുക്ക് നല്കുന്നതാണ് ആനന്ദം.


സങ്കീർത്തകനോടൊപ്പം 23-ാം സങ്കീർത്തനം പാടുമ്പോൾ നാം അതനുഭവിക്കുന്നുണ്ട്: വിശ്വാസം, ബലം, ആശ്രയം, പ്രത്യാശ, ആനന്ദം.


ജോബിൻ്റെ പുസ്തകം വായിക്കുമ്പോൾ ജോബിനോടൊപ്പം നാമതുതന്നെ അനുഭവിക്കുന്നുണ്ട്: വിശ്വാസം, ബലം, ആശ്രയം, പ്രത്യാശ, ആനന്ദം.


'അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരി ഫലം തന്നില്ലെങ്കിലും ഒലിവുകൾ കൊഴിഞ്ഞുപോയാലും വയലുകൾ വരണ്ടാലും ആടുകൾ അറ്റുപോയാലും ഞാൻ കർത്താവിൽ ആനന്ദിക്കും' എന്ന് ചങ്കിൽത്തൊട്ടുപാടുന്ന ഹബക്കൂക്ക് പ്രവാചകനെ വായിക്കുമ്പോഴും നാം അതനുഭവിക്കുന്നുണ്ട്: വിശ്വാസം, ബലം, ആശ്രയം, പ്രത്യാശ, ആനന്ദം.


വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി വളരെയേറെ പ്രഹരിച്ചതിനുശേഷവും തടവറയിൽ കിടന്ന് പൗലോസും സീലാസും കീർത്തനം പാടി എന്ന് വായിക്കുമ്പോഴും അതുതന്നെ നാം കാണുന്നുണ്ട്: വിശ്വാസം, ബലം, ആശ്രയം, പ്രത്യാശ,

ആനന്ദം!


ബാഹ്യമായത് എല്ലാം പോകുമ്പോഴും സർവ്വം ശൂന്യമാകുമ്പോഴും അവശേഷിക്കുന്നത് ദൈവം മാത്രമാണ്. വെറുതെയാണോ, കർത്താവിൽ ആനന്ദിക്കുവിൻ എന്ന് പൗലോസ് ആവർത്തിച്ചു പറയുന്നത്?!


ജോര്‍ജ് വലിയപാടത്ത്

0

80

Featured Posts