

"എൻ്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ്. കുനിഞ്ഞ് അവൻ്റെ ചെരിപ്പിൻ്റെ വാറഴിക്കാൻ പോലും ഞാൻ യോഗ്യനല്ല" എന്ന് പറയുന്നുണ്ട്, ഒരവസരത്തിൽ സ്നാപകൻ. യേശുവിനെക്കുറിച്ചാണ് അവൻ പറയുന്നത്. അതുകൊണ്ടുതന്നെ ഒരു കോസ്മിക് ക്രൈസ്റ്റ് സങ്കല്പത്തെ തെറ്റില്ലാതെ അവൻ്റെ വചനത്തിൽ ആരോപിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്.
അങ്ങനെ നോക്കുമ്പോൾ നമുക്ക് പിന്നാലെ വരുന്നവരും അവർക്ക് പിന്നാലെ വരുന്നവരും ഒന്നിനൊന്ന് നമ്മെക്കാൾ ശ്രേഷ്ഠർ തന്നെയാവും.
1995 മുതൽ 2010 വരെ വർഷങ്ങളിൽ ജനിച്ച 'Z' തലമുറയും 2010 മുതലുള്ള വർഷങ്ങളിൽ ജനിച്ച 'Alpha' തലമുറയും എന്നിൽ നിന്ന് എത്രയോ വ്യത്യസ്തരാണ് എന്ന് ഞാൻ കാണുന്നും അറിയുന്നും ഉണ്ട്. അവരുടെ പ്രാമുഖ്യങ്ങളും താല്പര്യങ്ങളും, ഭാഷ പോലും എന്നിൽ നിന്ന് എത്രയോ വിഭിന്നമാണ്!
എൻ്റെയൊക്കെ തലമുറ തങ്ങളുടെ ദുർവാശി മൂലം പ്രീമിയം ഗ്രേഡ് പെട്രോൾ ഒഴിക്കേണ്ട സ്ഥാനത്ത് റെഗുലർ പെട്രോളും ചിലപ്പോൾ ഡീസൽ പോലും ഒഴിച്ചാണ് അവരെ ഓട്ടുന്നത്!
എത്രപെട്ടന്ന് കേടായിപ്പോകും അവരൊക്കെ എന്ന് നിനച്ചാൽ മതി!
സഭയുടെ അവരോടുള്ള സമീപനത്തിലും വ്യത്യസ്തതയുണ്ടെന്ന് തോ ന്നിയിട്ടില്ല. നമ്മെയും കുറ്റപ്പെടുത്തിട്ട് കാര്യമില്ല. മുട്ടവിരിഞ്ഞ് താറാക്കുഞ്ഞുങ്ങളുണ്ടായ അമ്മക്കോഴിയുടെ മാനസികാവസ്ഥയിൽ ആയിപ്പോയില്ലേ നാം?! ചികയാനും കൊത്തിപ്പെറുക്കാനും, വെള്ളം കാണുമ്പോൾ മാറിനടക്കാനുമല്ലേ നമുക്കറിയൂ!
എത്ര പെട്ടന്നാണ് സമൂഹം മാറിപ്പോയത്! രണ്ടു സഹസ്രാബ്ദം ഏതാണ്ട് തികച്ചും ഒരേ പാഠപുസ്തകങ്ങളും ഒരേ ചോറ്റുപാത്രവും ഒരേ ചേലയും മതിയായിരുന്നല്ലോ! പെട്ടന്നല്ലേ സഹസ്രാബ്ദം മാറിയതും പഴയവ പോരാതെ വന്നതും!
പരമാവധി പ്രീമിയം ഗ്യാസിൽത്തന്നെ ഓടി വളർന്നവരിൽ നിന്നുതന്നെ പാഠവും പാഠ്യക്രമവും അധ്യായരും രുചിക്കൂട്ടും ചേലയും രൂപപ്പെട്ടു വരേണ്ടതായി വരും. അതുവരെ ഒട്ടേറെ കൈക്കുറ്റപ്പാടുകൾ ഉണ്ടാകും! ചരിത്രം ക്ഷമിക്കട്ടെ!





















