

സന്ധ്യയ്ക്ക് തിരി തെളിക്കുന്ന നേരം ഗുരു തന്‍റെ ശിഷ്യനെ അടുത്തു വിളിച്ചു ഒരു ഉപമ പറഞ്ഞു: നീയും ഒരു മെഴുകുതിരിയാണ്.
ഗുരു പറഞ്ഞ ഉപമയുടെ പൊരുള്‍ തേടി അന്നു രാത്രി ശിഷ്യന്‍ അദ്ദേഹത്തിന്‍റെ അടുത്തെത്തി. അപ്പോള്‍ ഗുരു ശിഷ്യന് മെഴുകുതിരി നല്കുന്ന പാഠം പറഞ്ഞു കൊടുത്തു.
1. സ്വയം പ്രകാശിക്കാന്‍ കഴിയുന്ന ഒന്ന്
എങ്കിലും ആദ്യത്തെ സ്ഫുലിംഗം പുറത്തുനിന്നു വരണം. ഒരു ചെറു തീ നാളം തീ പടര്‍ത്തേണ്ടിയിരിക്കുന്നു.
നിന്നില്‍, തെളിയാനുള്ള സാധ്യത ഉള്ളപ്പോഴും മുകളില്‍ നിന്നുമുള്ള ഒരു തീ തിരികൊളുത്തേണ്ടതുണ്ട്.
2. തിരിയും മെഴുകും ഒന്നാണ്
ഒറ്റയ്ക്ക് അവയ്ക്ക് അസ്ഥിത്വമില്ല.
നീ ഒരു സമഗ്ര വ്യക്തിയാണ്. ആത്മാവും മനസ്സും ശരീരവും യുക്തിയും വികാരങ്ങളും ഒക്കെയുള്ള ഒരു വ്യക്തി. സമഗ്രതയോടെ നില്ക്കുന്നവര്‍ക്കാണ് പ്രകാശം പരത്താന്‍ കഴിയുന്നത്.
3. പ്രകാശത്തിനുള്ള ഇന്ധനം മെഴുകുതിരി തന്നെയാണ്
തിരിയും മെഴുകും ഒരുപോലെ കത്തുമ്പോള്‍ പ്രകാശം പരക്കുന്നു. തിരി തെളിയാന്‍ മെഴുക് ഉരുകണം.
നീയില്ലാതെയാകുന്ന അവസ്ഥയാണ് പ്രകാശം. നീ പരത്തുന്ന പ്രകാശത്തില്‍ ഇല്ലാതെയാകുന്നു എന്ന വേദന മാഞ്ഞുപോകുന്നു.
4.ശോഭയോടെ പ്രകാശിക്കാം അല്ലെങ്കില്‍ കരിന്തിരി പോലെ കത്താം
എങ്ങനെയായാലും അവസാനം ഒരു പ ാട്ടയില് തീരും. കത്താതെ നിന്നാലും ഒരു നാള്‍ നിറം മങ്ങി ഉപയോഗശൂന്യമായി വലിച്ചെറിയപ്പെടും
എല്ലാവരുടെയും അവസാനം എന്തെന്ന് അറിയുന്ന നിന്‍റെ തീരുമാനമാണ്, എങ്ങനെ അവസാനിപ്പിക്കണമെന്നത്. എങ്ങനെ ജീവിക്കുന്നു എന്നതാണ് അവസാനവും നിശ്ചയിക്കുന്നത്. പ്രകാശം പരത്തി ജീവിക്കുക.
5.ഓര്‍ക്കുക ഒരു തിരിയും ഒറ്റയ്ക്കല്ല
തന്‍റെ പരി സരത്തെ ഇരുളകറ്റുകയാണ് തിരി. ഭൂമി മുഴുവന്‍ ഒറ്റയ്ക്കു പ്രകാശം പരത്താമെന്ന് ഒരു തിരിയും കരുതുകയില്ല.
ഈ പ്രകാശധാരയില്‍ നീയും തനിച്ചല്ല. പല പ്രകാരം തെളിഞ്ഞു കത്തുകയും ചുറ്റും പ്രകാശിപ്പിക്കുകയും ചെയ്യുന്ന അനേകര്‍ നിനക്കു ചുറ്റിലുമുണ്ട്.
6.തിരി കത്തിതീരും
ശോഭയോടെ പ്രകാശിച്ചാല്‍ പ്രതിഷ്ഠയുടെ മനസ്സില്‍ ഒരു നിറചിത്ര മായി, കത്തിയെരിഞ്ഞ ശേഷവും തിരി അവശേഷിക്കും.
തീര്‍ന്നുപോകുന്ന മനുഷ്യരൊന്നും മാഞ്ഞുപോകുന്നില്ല എന്ന പൊരുള്‍ ഓര്‍ക്കുക. അവര്‍ ചൊരിഞ്ഞ പ്രകാശം ഇവിടെയുണ്ടാകും. ഒരിക്കലും കണ്ടിട്ടില്ലാത്ത തലമുറ പോലും ആ പ്രകാശത്തില്‍ ചുവടുവയ്ക്കും. പ്രകാശിതരായ ഒരാളും വിസ്മൃതിയിലാഴുന്നില്ല. നിത്യ പ്രകാശം എല്ലാവരെയും ഓര്‍ക്കുന്നു.
സ്വയം പ്രകാശിക്കാന്‍
കഴിയുമെന്ന്
പകല്‍ വെളിച്ചത്തില്‍
മറന്നു പോയ
മിന്നാമിനുങ്ങാണ് താന്‍ എന്ന് ശിഷ്യന്‍ ഉള്ളില്‍ പറഞ്ഞു.























