top of page

സന്ന്യാസിനികള്‍ക്കു 10 വെല്ലുവിളികള്‍

Jun 8, 2001

1 min read

ഫC
A group of Sisters sitting together

1. യേശുവിന്‍റെ ദൗത്യം സന്ന്യാസിനികളുടേതായി യഥാര്‍ത്ഥത്തില്‍ മാറേണ്ടിയിരിക്കുന്നു. "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും കുരുടര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്ക 4/18).

2. കര്‍ത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുക എന്നു പറഞ്ഞാല്‍ എല്ലാവര്‍ക്കും തുല്യത പ്രഖ്യാപിക്കുക എന്നതാണ്. ഇതിന്‍റെ ആദ്യപടി "നിങ്ങള്‍ ആദ്യം അവിടത്തെ രാജ്യവും നീതിയും അന്വേഷിക്കുക" (മത്താ 6/33) എന്നതാണ്.

3. സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടിയും അവര്‍ക്കു നീതി ലഭ്യമാക്കുന്നതിനുവേണ്ടിയുമുള്ള പഠനങ്ങള്‍, അന്വേഷണങ്ങള്‍, പോരാട്ടങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുകയും അവയില്‍ പങ്കുചേരേണ്ടിയുമിരിക്കുന്നു.

4. മര്‍ദ്ദിതവിഭാഗങ്ങള്‍ക്ക്, പിന്നോക്കാവസ്ഥയില്‍ കഴിയുന്നവര്‍ക്ക്, ആദിവാസികള്‍ക്ക്, ദലിതുകള്‍ക്ക്, മത്സ്യത്തൊഴിലാളികളടക്കമുള്ള പരമ്പരാഗതസമൂഹങ്ങള്‍ ഇവരുടെയൊക്കെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്കണം.

5. എല്ലാവര്‍ക്കും ആരോഗ്യം എന്ന മൂല്യം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രസ്ഥാനങ്ങളില്‍ അണിചേരുവാന്‍ സന്ന്യാസിനികള്‍ക്ക് കഴിയണം.

6. നമ്മുടെ സംസ്കാരം ഉള്‍ക്കൊള്ളാന്‍, പ്രത്യേകിച്ച് കഥ, കവിത, നാടകരചന ഇവയില്‍ പങ്കുചേരാനും എല്ലാവര്‍ക്കും തൊഴില്‍, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവ നേടിക്കൊടുക്കുവാനും സന്ന്യാസിനികളുടെ അര്‍പ്പണവും പ്രവര്‍ത്തനവും ഉപകരിക്കണം.

7. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ദൈവികതയെ കണ്ടെത്താനും അനുഭവിക്കാനും ദിവ്യബലി തന്നെത്തന്നെ അര്‍പ്പിക്കുന്ന ആഘോഷമായി മാറ്റുവാനും കഴിയണം.

8. ജനകീയ പ്രസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും സ്ത്രീപ്രസ്ഥാനങ്ങളില്‍ പങ്കുചേര്‍ന്നുകൊണ്ട് സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളില്‍ പങ്കുചേരുവാന്‍ സന്ന്യാസിനികള്‍ക്കു കഴിയണം.

9. തങ്ങളുടെ ജീവിതം പരിപൂര്‍ണമായി സാമൂഹികമാറ്റത്തിനുവേണ്ടി അര്‍പ്പിച്ചുകൊണ്ട് യേശുവിനെപ്പോലെ സ്വയം ബലിയായി ഏകുവാന്‍ സന്ന്യാസിനികള്‍ക്ക് കഴിയേണ്ടിയിരിക്കുന്നു.

10. അര്‍പ്പണത്തിലൂടെ, ആന്തരിയമായ സമാധാനം കണ്ടെത്താനും സാമൂഹികപ്രതിബദ്ധതയിലൂടെ സമാധാനം കണ്ടെത്താനും അവര്‍ക്കു കഴിയേണ്ടിയിരിക്കുന്നു.

Featured Posts