top of page

Search Results

3621 results found with an empty search

  • ഹോമോ ഊസിയായ്ക്കും അപ്പുറം: മാംസരൂപം പ്രാപിച്ച ദൈവം - ഒരു 'ഇടര്‍ച്ച'! (Beyond the Homoousia: The Scandal of the Flesh)

    Key Takeaways: The article discusses the significance of Christ's full humanity beyond the Nicene Creed's emphasis on his divinity. എ.ഡി. 325-ല്‍ നടന്ന നിഖ്യാ കൗണ്‍സില്‍ (Council of Nicea) ക്രൈസ്തവ വിശ്വാസപ്രമാ ണത്തിന്‍റെ രൂപീകരണത്തിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലായിരുന്നു.. യേശുക്രിസ്തുവിന്‍റെ വ്യക്തിത്വത്തെക്കുറിച്ചുള്ള സഭയുടെ ഔദ്യോഗികമായ പ്രഖ്യാപനം 'ഹോമോ ഊസിയോസ്' (homoousios -ὁμοούσιος പിതാവിനോട് ഏക സത്തയായവന്‍) എന്ന പദത്താല്‍ എന്നെന്നേക്കുമായി നിര്‍വചിക്കപ്പെട്ടു. പുത്രന്‍ പിതാവിനോടൊപ്പം നിത്യനും പൂര്‍ണ്ണ ദൈവവുമാണെന്ന് പ്രഖ്യാപിച്ചതിലൂടെ ആര്യനിസത്തെ (Arianism) സഭ തള്ളിക്കളഞ്ഞു. പതിനേഴു നൂറ്റാണ്ടുകളായി ക്രൈസ്തവ ദൈവ ശാസ്ത്രത്തെയും ആത്മീയ ചിന്തകളെയും നയിക്കുന്നത് ദൈവത്തിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള നിഖ്യായുടെ ഈ ആഴമേറിയ പ്രഖാപനമാണ് . എങ്കിലും, ക്രിസ്തുവിന്‍റെ ദൈവത്വത്തിന്മേല്‍ (divinity) നല്‍കപ്പെട്ട ഈ പ്രാധാന്യം പലപ്പോഴും അവന്‍റെ പൂര്‍ണ്ണമായ മനുഷ്യത്വത്തെ (humanity) ഒരു രണ്ടാം നിര ദൈവശാസ്ത്ര വിഷയമായി തരംതാഴ്ത്താന്‍ കാരണമായിട്ടുണ്ട്. ഗ്രീക്ക് തത്വശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ 'ഹോമോ ഊസിയ' (homoousia - ὁμοούσια) എന്ന പദത്തില്‍ മാത്രം നാം ഒതുങ്ങിപ്പോയാല്‍, നിഖ്യായുടെ വിപ്ലവാത്മകമായ സാധ്യതയുടെ പകുതി മാത്രമേ നമുക്ക് ലഭിക്കുന്നുള്ളൂ. പുരാതന ലോകത്തും ഇന്നും ഒരുപോലെ വിസ്മയിപ്പിക്കുന്നത് യേശു ദൈവമാണ് എന്ന പ്രഖ്യാപനമല്ല, മറിച്ച് ദൈവം ഒരു മനുഷ്യനായിത്തീര്‍ന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ്. സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ 'ഇടര്‍ച്ച' അഥവാ സ്കാന്‍ഡലോണ്‍ (skándalon-σκάνδαλον) എന്നത് ദൈവം മാംസം ധരിച്ചു (Incarnation) എന്നുള്ളതാണ്. വിശപ്പും ദുഃഖവും അറിവില്ലായ്മയും മരണവും അനുഭവിക്കുന്ന നിസ്സഹായനായി, 'മനുഷ്യ മാംസ'മായി വചനം (logos) രൂപാന്തരപ്പെട്ടു എന്നത് വലിയൊരു വെല്ലുവിളിയാണ്. നിഖ്യാ വിശ്വാസവും ദൈവത്വത്തിന്‍റെ പ്രഖ്യാപനവും നിഖ്യാ കൗണ്‍സില്‍ പുത്രനെ വിശേഷിപ്പിച്ചത് 'പിതാവിനോട് ഏകസത്തയായവന്‍' (homoousion, consubstantialem) എന്നും 'സൃഷ്ടിക്കപ്പെട്ടവനല്ല, ജനിച്ചവന്‍' (gennethénta - γεννηθέντα) എന്നുമാണ്. പുത്രന്‍ 'സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവമാണ്' എന്ന് വിശ്വാസപ്രമാണം പ്രഖ്യാപിച്ചു. 'പുത്രന്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു'(en pote hote ouk en) എന്ന് വാദിച്ച ആര്യനിസത്തെ സഭ പുറന്തള്ളി. എന്നാല്‍ ഈ ദൈവത്വ പ്രഖ്യാപനത്തിനിടയില്‍ യേശുവിന്‍റെ മനുഷ്യത്വം പലപ്പോഴും നിഴലിലായിപ്പോയി. പുതിയ നിയമ ഗ്രന്ഥകര്‍ത്താക്കള്‍ ക്രിസ്തുവിനെ 'ജഡപ്രകാരം'(katà sárka - κατὰ σάρκα) മനുഷ്യനായും 'ആത്മാവിന്‍ പ്രകാരം' (katà pneûma - κατὰ πνεῦμα ) ദൈവമായും ഒരേസമയം കണ്ടിരുന്നു. ഈ രണ്ട് സത്യങ്ങളെയും ഒരുമിച്ച് കൊണ്ടുപോവുക എന്നതായിരുന്നു ദൈവശാസ്ത്രത്തിന്‍റെ പ്രധാന ദൗത്യം. മാംസരൂപം പ്രാപിച്ച ദൈവത്തിന്‍റെ വിസ്മയം (The Scandal of the Flesh) ലോകത്തെ അത്ഭുതപ്പെടുത്തിയത് ക്രിസ്തുവിന്‍റെ ദൈവത്വമല്ല, മറിച്ച് അവന്‍റെ മനുഷ്വത്വമാണ് (Flesh). 'വചനം മാംസമായി തീര്‍ന്നു' (kai ho Lógos sárx egéneto - Καὶ ὁ λόγοσ σὰρξ ἐγένετο) എന്നതാണ് സത്യം (യോഹന്നാന്‍ 1:14). യേശുവിന്‍റെ പൂര്‍ണ്ണ മനുഷ്യത്വത്തെ അംഗീകരിക്കാന്‍ ശിഷ്യന്മാര്‍ക്കു പോലും പ്രയാസമുണ്ടായിരുന്നു. യോഹന്നാന്‍ 6:60-61 ല്‍ പറയുന്ന 'ഇടര്‍ച്ച' (skándalon - σκάνδαλον) അവന്‍റെ മാംസം ഭക്ഷിക്കണം എന്ന പ്രഖ്യാപനത്തോടൊപ്പമുള്ളതാണ്. ഇത് അവന്‍റെ പൂര്‍ണ്ണ മനുഷ്യത്വത്തെ അംഗീകരിക്കുന്നതിനെ സൂചിപ്പിക്കുന്നു. അവന്‍റെ ശാരീരിക ക്ഷീണം (യോഹന്നാന്‍ 4:6), സങ്കടം (മത്തായി 26:37-38), ഏകാന്തത (മര്‍ക്കോസ് 15:34), ക്രോധം (യോഹ ന്നാന്‍ 2:15), പരിമിതമായ അറിവ് (മര്‍ക്കോസ് 13:32) എന്നിവയെല്ലാം ഈ പൂര്‍ണ്ണ മനുഷ്യത്വത്തിന്‍റെ അടയാളങ്ങളാണ്. ആരിയൂസ് വിശ്വസിച്ചിരുന്നത് കഷ്ടാനുഭവങ്ങളും മരണവും ദൈവത്തിന് ഏല്‍ക്കാന്‍ കഴിയില്ല എന്നാണ്. അതിനാല്‍ വിശപ്പും ദുഃഖവും അറിവില്ലായ്മയും ഉള്ളവന്‍ ദൈവമാകാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. എന്നാല്‍ സഭ പഠിപ്പിച്ചത് വചനം ഒരു പൂര്‍ണ്ണ മനുഷ്യനായിത്തീര്‍ന്നു എന്നാണ്. ജ്ഞാനവാദം (Gnosticism) പോലുള്ള ആദ്യകാല പാഷണ്ഡതകള്‍, ഡോസെറ്റിസം (Docetism) എന്ന വാദത്തിലൂടെ ക്രിസ്തുവിന്‍റെ മനുഷ്യത്വം വെറും തോന്നല്‍ മാത്രമാണെന്ന് (Greek - dokéō: δοκέω തോന്നുക) വാദിച്ചു. ഭൗതികവസ്തുക്കള്‍ അശുദ്ധമാണെന്ന ഗ്രീക്ക് ചിന്താഗതിയാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. എന്നാല്‍ സഭ പഠിപ്പിച്ചത് ക്രിസ്തു ശരീരവും ആത്മാവും ബുദ്ധിയുമുള്ള ഒരു പൂര്‍ണ്ണ മനുഷ്യനായിരുന്നു എന്നാണ്. ദൈവം മനുഷ്യനായ വിപ്ലവം(The Theological Revolution) ദൈവം മാംസം ധരിച്ചു (sarx - σάρξ) എന്നത് മനുഷ്യ കുലത്തോടുള്ള കൂട്ടായ്മയ്ക്കായി ദൈവം തന്നെത്തന്നെ ശൂന്യമാക്കിയതാണ് (Kenosis). അതു കൊണ്ടുതന്നെ ഗാസയിലും ഉക്രൈനിലും മണിപ്പൂരിലും മ്യാന്‍മാറിലും നൈജീരിയയിലും വെനസ്വലയിലും പീഡനമനുഭവിക്കുന്ന സാധാരണ മനുഷ്യന്‍റെ വേദനകളില്‍ ക്രിസ്തു ഇന്നും പങ്കു ചേരുന്നു. ക്രിസ്തുവിന്‍റെ മനുഷ്യത്വം കേവലം ഒരു തത്വമല്ല, മറിച്ച് എല്ലാ മനുഷ്യരോടുമുള്ള ദൈവത്തിന്‍റെ ഐക്യദാര്‍ഢ്യമാണ്. ദൈവം മനുഷ്യനായിത്തീര്‍ന്നതിലൂടെ അവന്‍ ഏതെങ്കിലും പ്രത്യേക മതത്തെയോ സംസ്കാരത്തെയോ അല്ല ഉയര്‍ത്തിയത്, മറിച്ച് മനുഷ്യത്വത്തെയാണ്. ജാതി, മതം, വര്‍ഗ്ഗം, ലിംഗഭേദം എന്നിവയ്ക്കപ്പുറം എല്ലാ മനുഷ്യരും ദൈവത്തിന്‍റെ സാദൃശ്യത്തിലും രൂപത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്ന ബോധ്യം ഇത് നല്‍കുന്നു. 'യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ ദാസനെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും ക്രിസ്തുവില്‍ ഒന്നത്രേ' (ഗലാ. 3:28). വിശുദ്ധീകരിക്കപ്പെട്ട നരവംശശാസ്ത്രം (Toward a Consecrated Anthropology) ദൈവവചനം ഒരു സാമാന്യ മനുഷ്യത്വത്തെയല്ല സ്വീകരിച്ചത്, മറിച്ച് നസ്രായനായ യേശു എന്ന വ്യക്തിയുടെ യഥാര്‍ത്ഥ ജീവിതത്തെയാണ്. ഇത് മനുഷ്യശരീരത്തെയും വികാരങ്ങളെയും ബന്ധങ്ങളെയും വിശുദ്ധീകരിച്ചു. വിശുദ്ധ അത്തനാസിയൂസ് പറഞ്ഞതുപോലെ, 'മനുഷ്യന്‍ ദൈവമാകുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യനായിത്തീര്‍ന്നത്.' അതുകൊണ്ട് തന്നെ സഭയുടെ ദൗത്യം ഓരോ മനുഷ്യരിലും യേശുവിന്‍റെ മുഖം ദര്‍ശിക്കുക എന്നതാണ്. അത് ജാതിക്കും മതത്തിനും അപ്പുറമാണ്. നിസ്സഹായരിലും വേദനിക്കുന്നവരിലും ദൈവത്തെ കാണാന്‍ കഴിയാത്ത ഒരു ഭക്തി വഴി പിഴച്ചതാണ്. സഭ കേവലം ഒരു ആരാധനാലയമല്ല, മറിച്ച് സമൂഹത്തിന്‍റെ മനസ്സാക്ഷിയും സേവകനുമായിരിക്കണം. വേഷപ്രച്ഛന്നനായ ക്രിസ്തുവിനെ തിരിച്ചറിയുക കൊല്‍ക്കത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം ഈ ദൈവശാസ്ത്രത്തിന്‍റെ പ്രായോഗിക രൂപമാണ്. ദരിദ്രരിലും തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടവരിലും അവള്‍ ക്രിസ്തുവിനെ കണ്ടു. 'ദരിദ്രരുടെ വേഷപ്രച്ഛന്നനായ ക്രിസ്തു' (Christ in distressing disguise)എന്നായിരുന്നു അവള്‍ അവരെ വിളിച്ചത്. ക്രിസ്തു ദരിദ്രനായി ജനിച്ചു എന്നത് ഒരു ദൈവശാസ്ത്ര സങ്കല്പമല്ല, മറിച്ച് നാം അവനെ തിരിച്ചറിയേണ്ട അടയാളമാണ്. അയല്‍ക്കാരനില്‍ ക്രിസ്തുവിനെ കാണാത്ത ഏതൊരു ക്രിസ്ത്യാനിയും തന്‍റെ വിശ്വാസത്തിന് വിരുദ്ധമായല്ലേ ജീവിക്കുന്നത്? സാര്‍വത്രികമായ ക്രിസ്തു (A Christ for All Cultures) ദൈവം ഒരു പ്രത്യേക യഹൂദ ശരീരത്തില്‍ അവതരിച്ചു എന്നത് സത്യത്തിന്‍റെ മേലുള്ള ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയെ തകര്‍ക്കുന്നതാണ്. നിഖ്യാ കൗണ്‍സില്‍ ഗ്രീക്ക് ഭാഷ ഉപയോഗിച്ചത് സുവിശേഷത്തെ ഗ്രീക്കുവല്‍ക്കരിക്കാനല്ല, മറിച്ച് അന്നത്തെ ലോകത്തിന് സുവിശേഷം മനസ്സിലാകുന്ന രീതിയില്‍ വിവര്‍ത്തനം ചെയ്യാനാണ്. ക്രിസ്തു ഏതെങ്കിലും ഒരു മതത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ മാത്രം സ്വത്തല്ല. അവന്‍ സകല മനുഷ്യരുടെയും രക്ഷകനാണ്. ഭാരതത്തിന്‍റെ 'നാനാത്വത്തില്‍ ഏകത്വം' എന്ന സങ്കല്പത്തിന് ക്രിസ്തുവിന്‍റെ ഈ മനുഷ്യാവതാരം വലിയ അര്‍ത്ഥം നല്‍കുന്നു. മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും അപ്പുറം ഓരോ മനുഷ്യനിലും ക്രിസ്തുവിന്‍റെ ആത്മാവ് വസിക്കുന്നു. ഉപസംഹാരം നിഖ്യാ കൗണ്‍സില്‍ നമുക്ക് നല്‍കിയത് വെറുമൊരു വിശ്വാസപ്രമാണമല്ല, മറിച്ച് ദൈവത്തെയും മനുഷ്യനെയും കുറിച്ച് സംസാരിക്കാനുള്ള ഒരു പുതിയ ഭാഷയാണ്. ദൈവം പൂര്‍ണ്ണമായും മനുഷ്യനായിത്തീര്‍ന്നു എന്ന സത്യം നമ്മുടെ വിശ്വാസത്തിന്‍റെ പൂര്‍ത്തിയാകാത്ത വിപ്ലവമാണ്. നിഖ്യാ കൗണ്‍സിലിന്‍റെ 1700-ാം വാര്‍ഷികത്തില്‍, ദൈവത്തിന്‍റെ ഔന്ന്യത്യത്തെ മാത്രം ആരാധിക്കുന്ന സഭയില്‍ നിന്ന്, വേദനിക്കുന്ന മനുഷ്യരിലെ ദൈവത്തിന്‍റെ സാന്നിധ്യത്തെ(Immanence) പ്രഘോഷിക്കുന്ന സഭയിലേക്കുള്ള മാറ്റം അനിവാര്യമാണ്. വിശ്വാസപ്രമാണം എന്നത് ഒരു കൂട്ടിലടച്ച ദൈവമല്ല, മറിച്ച് തുറക്കപ്പെട്ട ഒരു വാതിലാണ് (The Creed, then, is not a cage for a distant deity but a wide-open door). ആ വാതിലിലൂടെ നടന്നു വരുന്നത് വെറുമൊരു ആത്മീയ രക്ഷകനല്ല, മറിച്ച് കരയുകയും രക്തം ചിന്തുകയും മരിക്കുകയും ചെയ്ത നസ്രായനായ മനുഷ്യനാണ്. അവന്‍ മുറിവേറ്റ ലോകത്തിന് ജീവനുള്ള ദൈവത്തിന്‍റെ മുഖമായി മാറുന്നു. (It is a summary of the article published as "THE INCARNATE REVOLUTION God's Hierarchy-Shattering Flesh and the Anathema of Religious Power" in VJTR 90/1 (January 2026) 44-61.) ഹോമോ ഊസിയായ്ക്കും അപ്പുറം: മാംസരൂപം പ്രാപിച്ച ദൈവം - ഒരു 'ഇടര്‍ച്ച'! (Beyond the Homoousia: The Scandal of the Flesh) മിഥുന്‍ ജെ ഫ്രാന്‍സിസ് എസ് ജെ അസ്സീസി മാസിക, ഫെബ്രുവരി 2026

  • പശ്ചിമഘട്ടത്തിന്‍റെ കാവല്‍ക്കാരന്‍

    Key Takeaways: This article by Dr. Roy Thomas, "Aksharam," about the environmentalist Madhav Gadgil. It discusses Gadgil's work on the Western Ghats and his autobiography, ' Western Ghats: A Love Story'. ഒരു റിപ്പോര്‍ട്ടിന്‍റെ പേരില്‍ ധാരാളം ചീത്തവിളികളും ആക്രമണങ്ങളും നേരിട്ട പരിസ്ഥിതി ദാര്‍ശനികനായ മാധവ് ഗാഡ്ഗില്‍ വിടവാങ്ങി. അത്ഭുതപ്പെടുത്തുന്ന കര്‍മ്മമേഖലകളിലൂടെ യാത്ര നടത്തിയ മഹാപണ്ഡിതനായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെക്കുറിച്ച് ആധികാരികമായ അറിവുകള്‍ അദ്ദേഹം നേടിയെടുത്തു. ചാരുകസേരയിലിരിക്കുന്ന ദാര്‍ശനികനായിരുന്നില്ല ഗാഡ്ഗില്‍. അദ്ദേഹം നടന്നുതീര്‍ത്ത വഴികള്‍ അനേകം കാതങ്ങളാണ്. മൃതസംസ്കാരച്ചടങ്ങുകളിലും വളരെക്കുറച്ച് ആളുകളേ ഉണ്ടായിരുന്നുള്ളു എന്നതില്‍നിന്ന് അദ്ദേഹം സത്യം വിളിച്ചുപറഞ്ഞവനാണെന്നു മനസ്സിലാക്കാം. പോസ്റ്റ്ട്രൂത്ത് കാലഘട്ടത്തില്‍ സത്യത്തിന് വിലയിടിവുണ്ടാവുക സ്വാഭാവികം. ഭാവിയില്‍ പശ്ചിമഘട്ടത്തിനും നമുക്കും നിലനില്‍ക്കണമെങ്കില്‍ ഗാഡ്ഗില്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ സഞ്ചരിക്കേണ്ടിവരും എന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് നാം ഗാഡ്ഗിലിനെ എതിര്‍ത്തത്. നാം ജീവിക്കുന്ന ജീവിതത്തില്‍ തിരുത്തലുകള്‍ ആവശ്യമാണെന്നു വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തിന്‍റെ അപരാധം. പശ്ചിമഘട്ടത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ വാദങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യനുവേണ്ടിയുള്ളതായിരുന്നു. താന്‍ നേടിയെടുത്ത ശാസ്ത്രീയമായ തിരിച്ചറിവുകള്‍ ജനകീയമാക്കാനാണ് ഗാഡ്ഗില്‍ പരിശ്രമിച്ചത്. എന്നാല്‍ നാം അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. ഏതു രാജ്യത്തും ഉന്നതപദവിയില്‍ എത്തിപ്പെടാന്‍ ജ്ഞാനമുള്ള ഗാഡ്ഗില്‍ സ്വന്തം രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചത്. അദ്ദേഹത്തിന്‍റെ അഗാധവും വിശാലവുമായ കണ്ടെത്തലുകള്‍ ഭാവികാലം തിരിച്ചറിയാനിരിക്കുന്നതേയുള്ളു. മാധവ് ഗാഡ്ഗിലിന്‍റെ ആത്മകഥയാണ് 'പശ്ചിമഘട്ടം ഒരു പ്രണയകഥ'. ഈ ഗ്രന്ഥം ചെറിയൊരു വിജ്ഞാനകോശമാണ്. ഗ്രന്ഥകാരന്‍റെ വൈജ്ഞാനിക ലോകത്തിലൂടെയുള്ള യാത്ര നമ്മെ അമ്പരപ്പിക്കും. പരിസ്ഥിതിശാസ്ത്രജ്ഞന്‍ മാത്രമല്ല, ദാര്‍ശനികനുമാണ് അദ്ദേഹം എന്ന് നാം തിരിച്ചറിയും. മണ്ണും മരങ്ങളും സസ്യജാലങ്ങളും ജീവജാലങ്ങളുമെല്ലാം അദ്ദേഹത്തിന്‍റെ പഠനങ്ങളുടെ ഭാഗമാകുന്നു. ഉറുമ്പിന്‍റെ പോലും അവകാശത്തിനുവേണ്ടി അദ്ദേഹം വാദിക്കുന്നു. മനുഷ്യകേന്ദ്രിതമല്ല ഗാഡ്ഗിലിന്‍റെ പരിസ്ഥിതിദര്‍ശനം. മനുഷ്യന്‍ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്. ഭൂമിയുടെ അവകാശികള്‍ മനുഷ്യന്‍ മാത്രമല്ല എന്ന ദര്‍ശനത്തില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ ചിന്തകള്‍ വികസിക്കുന്നത്. പശ്ചിമഘട്ടത്തോടുള്ള പ്രണയത്തെക്കുറിച്ച് ഗാഡ്ഗില്‍ ഇപ്രകാരം കുറിക്കുന്നു: "ഞാന്‍ എന്‍റെ ബാല്യകാലത്തുതന്നെ നിത്യകന്യകയായ ഈ യുവസുന്ദരിയുമായി പ്രണയത്തിലായിരുന്നു. വളരുംതോറും അവളോടുള്ള എന്‍റെ പ്രണയം ദൃഢവും ആര്‍ദ്രവുമായി വളര്‍ന്നു". ആ വളര്‍ച്ചയുടെ ചരിത്രമാണ് ഗാഡ്ഗിലിന്‍റെ ആത്മകഥ. 'ക്രമേണ പ്രകൃതിയുടെ നൈസര്‍ഗ്ഗികമായ വൈവിധ്യങ്ങളില്‍ ജീവനെ നിലനിര്‍ത്തുന്ന അതിന്‍റെ ശാദ്വലതയില്‍ ഞാന്‍ അനുരക്തനാവുകയായിരുന്നു' എന്നാണ് അദ്ദേഹം എഴുതുന്നത്. 'സംസ്കാരത്തിന്‍റെ ബഹുമുഖമായ ആവിഷ്കാരങ്ങളില്‍ ഞാന്‍ അതീവതത്പരനാണ്' എന്നെഴുതുന്ന ഗാഡ്ഗിലിന്‍റെ കാഴ്ചപ്പാട് അതിവിശാലമാണ്. ജാതിമതങ്ങളുടെ അതിര്‍വരമ്പുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ല. ശാസ്ത്രത്തിന്‍റെ വഴിയാണ് അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. ഗാഡ്ഗിലിന്‍റെ വൈജ്ഞാനിക താല്പര്യങ്ങള്‍ക്ക് പരിധികളില്ല. "നിരന്തരമായ വായനകളിലൂടെ പരിധികളില്ലാത്ത വിജ്ഞാനം ആര്‍ജിക്കണമെന്ന അഭിലാഷം എന്നില്‍ ദൃഢമായി വളര്‍ന്നു. എന്നാല്‍ പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല എന്‍റെ ജ്ഞാനസമ്പാദനം. മൂര്‍ത്തമായ അനുഭവങ്ങളിലൂടെ അത് പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യുമായിരുന്നു" എന്നാണ് അദ്ദേഹം പ്രസ്താവിക്കുന്നത്. "ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ ഫീല്‍ഡില്‍ ഗവേഷണങ്ങള്‍ നടത്തുക മാത്രമായിരുന്നില്ല, അടിത്തട്ടിലുള്ള ഇന്ത്യക്കാരുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് എന്‍റെ രീതി". ജീവിതാവസാനം വരെ ഈ വഴിയിലൂടെയാണ് ഗാഡ്ഗില്‍ സഞ്ചരിച്ചത്. 'വിഭവങ്ങളുടെ സുസ്ഥിരമായ ഉപഭോഗവുമായി ബന്ധപ്പെട്ട വിചാരങ്ങള്‍ക്കപ്പുറം മനുഷ്യന്‍റെ ആത്മീയവും സൗന്ദര്യാത്മകവുമായ ആനന്ദത്തിനുവേണ്ടി പ്രകൃതിയെ അതിന്‍റെ മൂലരൂപത്തില്‍ പരിപാലിക്കാനുള്ള ആഗ്രഹവും മനുഷ്യന്‍ വച്ചുപുലര്‍ത്താറുണ്ട്' എന്നതാണ് വസ്തുത. ഇങ്ങനെ പരിപാലിക്കപ്പെടുന്നതിന് വിഘാതം വരുത്തുമ്പോഴാണ് പ്രകൃതി താളം തെറ്റുന്നത്. താളം തെറ്റിയ പ്രകൃതിയെ സന്തുലിതമാക്കാനുള്ള ശ്രമങ്ങളിലാണ് ഗാഡ്ഗില്‍ ജീവിതകാലം മുഴുവന്‍ വ്യാപൃതനായിരുന്നത്. ശാസ്ത്രത്തെ മനുഷ്യജീവിതവുമായി സംയോജിപ്പിച്ചാണ് അദ്ദേഹം തന്‍റെ ദര്‍ശനം രൂപപ്പെടുത്തിയത്. പരിസ്ഥിതി നൈതികതയെ അദ്ദേഹം മുറുകെപ്പിടിച്ചു. ഈ നൈതികതയാണ് ഗാഡ്ഗിലിനെ നിസ്വാര്‍ത്ഥമായ അന്വേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രേരിപ്പിച്ചത്. മനുഷ്യര്‍ പുലര്‍ത്തേണ്ട പാരിസ്ഥിതിക വിവേകത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ നാം അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ വികസന വിരുദ്ധന്‍ എന്ന് മുദ്രകുത്തി ഒഴിവാക്കാന്‍ ശ്രമിച്ചു. "ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ നിലനില്‍ക്കുന്ന ഏതൊരു സങ്കല്പവും വസ്തുതാപരമായ തെളിവുകളാല്‍ പരിശോധിക്കപ്പെടണം എന്നതാണ് എന്‍റെ കാഴ്ചപ്പാട്". ഈ കാഴ്ചപ്പാട് ഗാഡ്ഗിലിന്‍റെ അന്വേഷണങ്ങളുടെ അടിത്തറയാണ്. ജനങ്ങള്‍ ആവാസവ്യവസ്ഥയെ എത്ര മൂല്യമുള്ളതായി കാണുന്നു എന്നതാണ് പ്രശ്നം. ആവാസവ്യവസ്ഥ നല്‍കുന്ന സേവനങ്ങളെക്കുറിച്ച് ബോധവാന്മാരും അതിന്‍റെ ഗുണഫലങ്ങള്‍ ദീര്‍ഘകാലത്തേക്കു ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിനെ സംരക്ഷിക്കുകയും വേണം എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആവാസവ്യവസ്ഥയെ തകര്‍ക്കുമ്പോള്‍ അതിന്‍റെ സേവനങ്ങള്‍ നമുക്കു കിട്ടാതാവുന്നു. ആധുനിക സാമ്പത്തികശക്തികളുടെ സമ്മര്‍ദ്ദത്തിനു വിധേയപ്പെട്ട് നാം പാരിസ്ഥിതികവിവേകം നഷ്ടപ്പെടുത്തുന്നതായി ഗാഡ്ഗില്‍ ചൂണ്ടിക്കാണിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണത്തിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാണിക്കുന്നു. " ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ വികസനത്തിന്‍റെ ദൃഷ്ടികേന്ദ്രം ഓരോ പ്രദേശത്തിന്‍റെയും ആന്തരികശക്തിക്ക് അനുസൃതമായിരിക്കേണ്ടതാണ്" എന്ന് ഗാഡ്ഗില്‍ നിര്‍ദ്ദേശിക്കുന്നു. പ്രദേശത്തിന്‍റെ സവിശേഷതകള്‍ക്കനുസരിച്ച് വികസന കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാകണമെന്നു സാരം. ഇന്ത്യയിലെ സമ്പന്നരായ നഗരവാസികളും ദരിദ്രരായ ഗ്രാമീണരും തമ്മിലുള്ള വിടവ് കണക്കിലെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. പരിസ്ഥിതിയെ പരിഗണിച്ചു മാത്രമെ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യാവൂ എന്നതാണ് അദ്ദേഹത്തിന്‍റെ സുചിന്തിതമായ അഭിപ്രായം. ഇല്ലെങ്കില്‍ നാളെ എന്നത് പ്രതിസന്ധികള്‍ നിറഞ്ഞതാകും. സുസ്ഥിര വികസനത്തിനായിട്ടാണ് ഗാഡ്ഗില്‍ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത്. അതിനു തടസ്സം നില്‍ക്കുന്ന വികസന കാഴ്ചപ്പാടുകളെ അദ്ദേഹം തള്ളിപ്പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം പലര്‍ക്കും അസ്വീകാര്യനായിത്തീര്‍ന്നത്. 'ഓരോ പദ്ധതിയെയും സാങ്കേതിക-പാരിസ്ഥിതിക-സാമൂഹിക-സാമ്പത്തിക അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയെന്ന ധീരവും വ്യക്തവുമായ സമീപനം ആവശ്യപ്പെടുന്നുണ്ട്' എന്നതാണ് ഗാഡ്ഗില്‍ മുന്നോട്ടു വയ്ക്കുന്ന ദര്‍ശനം. അതാണ് സമഗ്രമായ ദര്‍ശനം. ഇതില്ലാതെ വരുന്നതുകൊണ്ടാണ് നമ്മുടെ വികസനം അസന്തുലിതമായി മാറുന്നത്. 'ജൈവവൈവിധ്യത്തിന്‍റെ സമ്പൂര്‍ണ്ണമായ നാശത്തെ തടഞ്ഞുനിര്‍ത്തുന്നതിന് വികസനതന്ത്രത്തില്‍ നയപരമായ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാണ്' ഗാഡ്ഗില്‍ നിര്‍ദ്ദേശിക്കുന്നത്. തന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെപ്പറ്റി ഗാഡ്ഗില്‍ പറയുന്നു: "രാജ്യത്തിന്‍റെ വിഭവങ്ങളുടെ ശാസ്ത്രീയമായി മെച്ചപ്പെട്ട വിവേകപൂര്‍ണ്ണമായ പരിപാലനത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ശാസ്ത്രീയവും ഗൗരവവുമായ ബൃഹത്തായ പ്രവര്‍ത്തനമാണ് ഞങ്ങള്‍ നടത്തിയത്" എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. "ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന ജനാഭിമുഖ്യമുള്ള വികസനത്തിനു ശുപാര്‍ശ ചെയ്ത പശ്ചിമഘട്ട വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിനെ താറടിച്ചുകാണിക്കാനാണ് ദുഷ്പ്രചാരകര്‍ ശ്രമിചച്ചത്' എന്നും അദ്ദേഹം എടുത്തുപറയുന്നു. ഖനനം പരിസ്ഥിതിയെ മാത്രമല്ല സമൂഹത്തിന്‍റെ സാമൂഹികവും ധാര്‍മ്മികവുമായ ഇഴകളെയും ഗുരുതരമായി പരിക്കേല്പിക്കുന്നുവെന്ന വസ്തുത തിരിച്ചറിയാത്തവര്‍ ഗാഡ്ഗിലിന്‍റെ പഠനങ്ങളെ എതിര്‍ക്കുന്നു. പാരിസ്ഥിതികാഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന വികസനപദ്ധതികളെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ഇല്ലെങ്കില്‍ ഭാവിജീവിതം ഇരുണ്ടതാകും എന്ന് ഈ ക്രാന്തദര്‍ശി മുന്നറിയിപ്പു തരുന്നു. 'പ്രകൃതി അഭിവൃദ്ധിപ്പെടുന്നത് അതിനെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ജനങ്ങള്‍ പ്രേരിപ്പിക്കപ്പെടുമ്പോഴാണ്. ജനങ്ങളുടെ ഉത്സാഹത്തിലൂടെ മാത്രമേ അത് സാദ്ധ്യമാവുകയുള്ളു' എന്നതാണ് ഗാഡ്ഗില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാട്. അദ്ദേഹം ശ്രമിച്ചതും ഈ ഉത്സാഹം ജനങ്ങള്‍ക്കു പകര്‍ന്നുനല്‍കാനാണ്. രാജ്യത്തെ സ്വാഭാവിക ആവാസവ്യവസ്ഥ പലതരത്തില്‍ നശിപ്പിക്കപ്പെടുന്നുണ്ട് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 'ഭാവിതലമുറയ്ക്കുവേണ്ടിയുള്ള കരുതലും പരിസ്ഥിതിയെ ശരിയായ രീതിയില്‍ പരിപാലിക്കലും ഉത്തരവാദിത്വത്തിന്‍റെ ഭാഗമാണ്' എന്നു മനസ്സിലാക്കിയ ഒരു വിവേകിയായ മനുഷ്യന്‍ വിടവാങ്ങുമ്പോള്‍ നാം അദ്ദേഹത്തെ മനസ്സിലാക്കാനെങ്കിലും ശ്രമിക്കണം. 'പശ്ചിമഘട്ടം ഒരു പ്രണയകഥ' എന്ന ആത്മകഥ അതിനുള്ള പ്രചോദനം നല്‍കുന്നു. (പശ്ചിമഘട്ടം ഒരു പ്രണയകഥ - മാധവ് ഗാഡ്ഗില്‍ - മാതൃഭൂമി ബുക്സ്) പശ്ചിമഘട്ടത്തിന്‍റെ കാവല്‍ക്കാരന്‍ ഡോ. റോയി തോമസ് അസ്സീസി മാസിക, ഫെബ്രുവരി 2026

  • ഇയ്യോബിനെപോലെ

    എന്‍റെ കര്‍ത്താവേ, എന്‍റെ കര്‍ത്താവേ, വളരെക്കാലമായി ഞാന്‍ നിന്നോടു നിലവിളിച്ചു. സൂര്യന്‍റെ ചൂടില്‍, ചന്ദ്രന്‍റെ തണുപ്പില്‍, ആകാശത്ത് എന്‍റെ നിലവിളികള്‍ നിന്നെ തിരഞ്ഞു. എന്‍റെ ദൈവമേ, എന്‍റെ പുതപ്പ് മഞ്ഞുമാത്രമായിരുന്നപ്പോള്‍, പഴന്തുണികളും എല്ലിന്‍കഷ്ണങ്ങളും എല്ലാം എന്‍റെ സ്വന്തമായിരുന്നു. ഇയ്യോബിനെപ്പോലെ, ഞാന്‍ നിന്‍റെ നാമം ആലപിച്ചു. പിതാവേ, പിതാവേ, സന്തോഷത്തോടെ ഞാനെന്‍റെ ജീവിതം അവിടത്തേക്കു സമര്‍പ്പിക്കുന്നു. മുന്‍പില്‍ ആഴമേറിയ നദികള്‍, മുകളില്‍ ഉയര്‍ന്ന പര്‍വതങ്ങള്‍, എന്‍റെ ആത്മാവ് നിന്‍റെ സ്നേഹംമാത്രം ആഗ്രഹിക്കുന്നു. പക്ഷെ, ഇരുട്ടില്‍ ചെന്നായ്ക്കളെപ്പോലെ, ഭയപ്പാടുകള്‍ ചുറ്റിലും നിറയുന്നു. എന്‍റെ പേര് നീ മറന്നോ? ഓ, കര്‍ത്താവേ, നിന്‍റെ കുട്ടിയുടെ അടുക്കല്‍ വരൂ. ഓ, കര്‍ത്താവേ, എന്നെ മറക്കരുതേ. നിന്‍റെ കൈത്തണ്ടയില്‍ ചായുവാന്‍ നീ പറഞ്ഞു, ഞാന്‍ ചായുകയാണ്. നിന്‍റെ സ്നേഹത്തില്‍ വിശ്വസിക്കാന്‍ നീ പറഞ്ഞു, ഞാന്‍ വിശ്വസിക്കുകയാണ്. നിന്‍റെ നാമം വിളിക്കാന്‍ നീ പറഞ്ഞു, ഞാന്‍ വിളിക്കുകയാണ്. ഞാന്‍ നിന്‍റെ വചനത്തിലേക്ക് പ്രവേശിക്കുകയാണ്. നീ പറഞ്ഞു, എന്‍റെ സംരക്ഷണം നീയായിരിക്കുമെന്ന്, എന്‍റെ ഒരേയൊരു ശ്രേഷ്ഠനായ രക്ഷകന്‍. ഷാരോണിലെ എന്‍റെ മനോഹരമായ റോസ്, നിന്‍റെ വചനപ്രകാരം ഞാന്‍ പ്രവര്‍ത്തിക്കുകയാണ്. ആനന്ദം, ആനന്ദം, നിന്‍റെ വചനം. ആനന്ദം, ആനന്ദം, ദൈവപുത്രന്‍റെ അത്ഭുത വചനം. കീര്‍ത്തിയിലേക്കെന്നെ നയിക്കുമെന്ന്, നീ പറഞ്ഞു. സ്വാഗതമേശക്കരികെ ഇരിക്കാന്‍, സ്വര്‍ഗ്ഗത്തില്‍ എന്‍റെ അമ്മയോടൊപ്പം സന്തോഷിക്കാന്‍, നിന്‍റെ വചനത്തിലേക്കു ഞാന്‍ കാലെടുത്തുവെയ്ക്കുകയാണ്. . ഇടവഴികളിലേക്ക് ഉള്‍വഴികളിലേക്ക് തെരുവുകളിലേക്ക് നിരത്തുകളും പ്രധാനനിരത്തുകളും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെയും അര്‍ദ്ധരാത്രിയില്‍ അലഞ്ഞുനടക്കുന്നവരെയും മറികടന്ന്, നുണയന്മാരെയും വഞ്ചകരെയും ചൂതാട്ടക്കാരെയും മറികടന്ന് നിന്‍റെ വചനത്തില്‍, നിന്‍റെ വചനത്തില്‍. ദൈവപുത്രന്‍റെ അത്ഭുതകരമായ വചനത്തില്‍. നിന്‍റെ വചനത്തിലേക്കു ഞാന്‍ ചുവടുവെയ്ക്കുകയാണ്. (അമേരിക്കന്‍ കവയിത്രിമായ ആഞ്ചലോയുടെ Just like Job എന്ന കവിതയുടെ പരിഭാഷ.)

  • മനോനില മാറ്റാന്‍ സ്വഭാവത്തെ മാറ്റാം

    പ്രസാദത്തിലേക്ക് 14 പടവുകള്‍ Key takeaways: Here we completes the 14-day mood mapping exercise for managing depression and bipolar disorder. The article discusses changing five factors to move between calm and action-oriented moods. വിഷാദരോഗ(depression) ത്തിനും അതിന്‍റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലു ദിവസം കൊണ്ടു പൂര്‍ത്തിയാവുന്ന മനോനില ചിത്രണം ( mood mapping ) ഈ ലക്കം കൊണ്ട് പൂര്‍ത്തീകരിക്കുന്നു. പ്രസാദാല്‍മക ഊര്‍ജം (positive energy ) കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ അധ്യായത്തില്‍ നാം ചര്‍ച്ച ചെയ്തത്. ശാന്ത ( calm) മായ മനോനില (mood)യില്‍ നിന്ന് കര്‍മ്മോല്‍സുക (action) മനോനിലയിലേക്കും തിരിച്ചും എത്തുന്നതിന് മനോനിലയെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങളില്‍ എങ്ങിനെ മാറ്റം വരുത്താമെന്ന് നാം ഇവിടെ വിശകലനം ചെയ്യുന്നു. മനോനില (mood) യെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങള്‍ നമ്മുടെ ശാരീരികാരോഗ്യം നമ്മുടെ ചുറ്റുപാട് നമ്മുടെ ബന്ധങ്ങള്‍ നമ്മുടെ അറിവ് നമ്മുടെ സ്വഭാവം എന്നിവയാണ്. ഇവയില്‍ മാറ്റം വരുത്തി പ്രസാദാല്‍മക മനോനില കൈവരിക്കാന്‍ കഴിയുമെന്നതിനാല്‍ ഇവയെ നല്ല മനോനിലയിലേക്കുള്ള താക്കോലുകള്‍ എന്നു പറയുന്നു. കര്‍മ്മോല്‍സുക മനോനിലയില്‍ നിന്ന് ശാന്തതയിലേക്ക് തിരിച്ചെത്തുന്നതിന് സഹായിക്കുന്നതിന് അവസാന താക്കോലായ നമ്മുടെ സ്വഭാവത്തില്‍ എന്തു മാറ്റം വരുത്താമെന്ന് ഈ ലക്കത്തില്‍ നാം കാണുന്നു. 1. തന്നെ താനായി അംഗീകരിക്കുക നമ്മുടെ കഴിവുകളെയും കഴിവുകേടുകളെയും ഗുണങ്ങളെയും ദോഷങ്ങളെയും അതായി തന്നെ സ്വീകരിക്കുക. നമ്മളായിരുന്നു കൊണ്ട് ജീവിക്കാവുന്നതുപോലെ നാം ജീവിക്കുന്നു. അതിലപ്പുറം പോകാന്‍ വ്യഥാ ശ്രമിക്കാതിരിക്കുക അത് നിരാശയേ സമ്മാനിക്കൂ. നമ്മെ നാമായി അംഗീകരിക്കുന്നതിലൂടെ നമ്മില്‍ വിട്ടുവീഴ്ചാ മനോഭാവം ഉടലെടുക്കും. അത് ശാന്തത സമ്മാനിക്കും. 2. നമ്മില്‍ സ്വസ്ഥരായിരിക്കുക അവനവനില്‍ സ്വസ്ഥമായിരുന്നാല്‍, സ്വയം സമാധാനം കണ്ടെത്തിയാല്‍, തെളിഞ്ഞ മനസാ ക്ഷിയുണ്ടായിരുന്നാല്‍ ശാന്തി ഉറപ്പാണ്. നാമല്ലാത്ത നമ്മിലില്ലാത്ത എന്തെങ്കിലുമാകാന്‍ നാം ശ്രമിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ഉദാഹരണത്തിന് നമുക്ക് ഇഷ്ടമുള്ളവരോടൊപ്പം കഴിയാനാണ് നാം ആഗ്രഹിക്കുക. പക്ഷേ ഒരു കൂട്ടം ആള്‍ക്കാര്‍ക്കിടയില്‍ സ്വസ്ഥതയോടെ കഴിയാന്‍ അത് തടസമാകും. ആ ഇഷ്ടം നല്ലതോ ചീത്തയോ ശരിയോ തെറ്റോ എന്നല്ല . ആ ഇഷ്ടം മാറ്റിയാലേ നമുക്ക് എവിടെയും സ്വസ്ഥമായിരിക്കാന്‍ പറ്റൂ എന്നതാണ് കാര്യം. 3. ശന്തമാകാന്‍ പഠിക്കുക ശാന്തമാകാന്‍ പഠിക്കുക എന്നാല്‍ കര്‍മ്മോല്‍സുകരാകാന്‍ സ്വയം സജ്ജമാക്കുക എന്നാണര്‍ത്ഥം. സ്വയം പുതുക്കുക എന്ന നമ്മുടെ ആവശ്യം സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗമാണ് വിശ്രമം. മൈന്‍ഡ് സ്റ്റോര്‍ എന്ന പുസ്തകത്തില്‍ ജാണ് ബ്ലാക്ക് ഇതെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ശാന്തത സര്‍ഗാല്‍മകസമയമാണെന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ക്ക് ജിജ്ഞാസയുള്ള കാര്യങ്ങള്‍ പിന്തുടരാനും പുതിയ ചിലതു കണ്ടെത്താനുമുള്ള സമയം വിശ്രാന്തിക്കുള്ള മികച്ച മാര്‍ഗമാണ് ഹോബികള്‍ . മീന്‍ പിടുത്തമാകട്ടെ, തുന്നലാകട്ടെ ഹോബികള്‍ നമുക്ക് വ്യത്യസ്തമായൊരു ജീവിതവീക്ഷണം തരുന്നു. അതിലേറെ അത് ശാന്തതയിലേക്ക് പെട്ടെന്ന് തുറക്കുന്ന വാതിലുകളുമാണ്. അതും ശാന്തി നിങ്ങള്‍ക്ക് ഏറെ അനിവാര്യമായിരിക്കുമ്പോള്‍. പതിനാലാം ദിനത്തിന്‍റെ അഭ്യാസം കര്‍മ്മോല്‍സുകത (action) യില്‍ നിന്ന് ശാന്തത (calm) യിലേക്ക് നീങ്ങുന്നതിനുള്ള മാര്‍ഗങ്ങള്‍ പരീ ക്ഷിക്കുക. അവയുടെ ഫലം വിലയിരുത്തുന്നതിന് മനോനില ചിത്രണം (mood map) ഉപയോഗിക്കുക * ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്കെത്താന്‍ മൂന്നു വ്യത്യസ്ത വഴികള്‍ കണ്ടെത്തുക. ഏതു വഴിയിലൂടെയുള്ള മടക്കമാണ് നമ്മെ ഏറ്റവും ശാന്തരാക്കുക? തിരക്കുള്ള സമയത്ത് സ്വയം ഡ്രൈവ് ചെയ്യുന്നതിനേക്കാള്‍ ഉചിതമാവുക ചിലപ്പോള്‍ ട്രെയിനിലുള്ള യാത്രയാവും. * വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യുക എന്താണ്? മൊബൈല്‍ ഫോണില്‍ ജോലി സംബന്ധമായ മെസേജുകള്‍ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കുമോ ? അതോ ടിവിയില്‍ ശ്രദ്ധിക്കുമോ ? അതുമല്ല നിങ്ങളുടെ കൊച്ചു പൂന്തോട്ടത്തില്‍ പുതിയ പൂക്കളേതെങ്കിലും വിരിഞ്ഞുവോ എന്ന് നോക്കുമോ ? ഏതെങ്കിലും ചെടിക്ക് വാട്ടം ഉണ്ടോ, വെള്ളം ആവശ്യമുണ്ടോ? * വൈകുന്നേരം ഒരു മണിക്കൂര്‍ നിങ്ങള്‍ സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് നോക്കിയാലോ ? ഇഷ്ടമുള്ള വിഭവം പാചകം ചെയ്യുക, പൂന്തോട്ടം ഉണ്ടാക്കുക, ചിത്രം വരയ്ക്കുക അങ്ങനെ ഉല്ലാസം പകരുന്ന എന്തെങ്കിലും ഒന്ന്? കൊള്ളാം. മനോനില ചിത്രണത്തില്‍ ഇപ്പോള്‍ നാം യോഗ്യത നേടിയിരിക്കുന്നു. നമ്മുടെ മനോനില (mood ) അടയാളപ്പെടുത്താന്‍ മനസിലാക്കാന്‍ ഇപ്പോള്‍ പ്രാപ്തരാണ്. മനോനില മനസിലാക്കാന്‍ മനോനില ചിത്രണം എപ്രകാരം ഉപയോഗപ്രദമാക്കാമെന്ന് മറ്റുള്ളവരെ പഠിപ്പിക്കാനും നമുക്ക് കഴിയും. മനോനില ( mood ) നിയന്ത്രണത്തിലായാല്‍ ഏതു സാഹചര്യവും കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയും. ഓര്‍ക്കുക നമ്മുടെ മനോനില അല്ല നാം. നമ്മുടെ അനുഭവം മാത്രമാണ് നമ്മുടെ മനോനില. നാം നമ്മുടെ മനോനില അല്ലെന്ന് മനസിലാക്കുമ്പോള്‍ മനോനില എന്നത് നമ്മുടെ പരിചാരകനും മാധ്യമവും മാത്രമാണെന്ന് മനസിലാക്കുമ്പോള്‍ നമ്മുടെ സാഹചര്യങ്ങള്‍ക്കുമേല്‍ നമുക്ക് നിയന്ത്രണം സാധ്യമാകുന്നു. സ്വാസ്ഥ്യം നമുക്ക് സാധ്യമാകുന്നു. നമ്മുടെ മനോനില മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി മാര്‍ഗങ്ങളും അഭ്യാസങ്ങളുമുള്ള ഒരു നോട്ട്ബുക്ക് ഇപ്പോള്‍ നമ്മുടെ കൈവശമുണ്ട്. അത് മറ്റുള്ളവരുമായി നമുക്ക് പങ്കുവയ്ക്കാം. നിത്യ ജീവിതത്തില്‍ മനോനില ചിത്രണത്തിന്‍റെ നിരവധിയായ ഉപയോഗങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ജോലിയില്‍, ബന്ധങ്ങളില്‍, സ്വകാര്യ നിമിഷങ്ങളില്‍ ഒക്കെ മനോനില ചിത്രണം നമ്മെ മികവിലേക്ക് നയിക്കുന്നു. നിങ്ങളുടെ സ്വന്തം മനോനില മെച്ചപ്പെടുത്താന്‍, ഒരു യോഗത്തിന്‍റെ നിലവാരം മാറ്റാന്‍, കുട്ടികളില്‍ ആരോഗ്യകരവും സന്തോഷകരവുമായ പെരുമാറ്റം സാധ്യമാക്കാന്‍, നാം പഠിപ്പിക്കുന്ന കുട്ടികളെ നിയന്ത്രിക്കാന്‍ വരെ നമുക്ക് മനോനില ചിത്രണം ഉപയോഗപ്പെടുത്താം. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും നേടാന്‍ നമ്മെയും മറ്റുള്ളവരെയും പരുവപ്പെടുത്താന്‍ മനോനില ചിത്രണം ഉപയോഗപ്പെടുത്താം. ഇനി നാം മനോനില (mood) യുടെ സൂക്ഷ്മമായ വിശദാംശങ്ങളിലേക്ക് കടക്കുകയാണ്. ഒപ്പം മറ്റുള്ളവരുമായുള്ള ഇടപെടലിലും നമ്മുടെ നിത്യ ജീവിതത്തിലും മനോനില ചിത്രണം( mood mapping ) എങ്ങിനെ ഉപയോഗപ്പെടുത്താമെന്നും നാം പരിശോധിക്കും. വ്യക്തിത്വം എങ്ങിനെ മനോനിലയെ സ്വാധീനിക്കും എന്നും നാം വിശകലനം ചെയ്യും. നാം എന്തുകൊണ്ട് നാം ആയി എന്ന് നാം പഠിക്കും. മനോനിലയില്‍ വലിയ ക്രമക്കേടുകള്‍ അനുഭവിക്കുന്നുവെങ്കില്‍ അതും നാം ശ്രദ്ധിക്കും. ക്രമക്കേട് ക്രമമാകുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായും. മനോനില ചിത്രണം തികച്ചും പുതുതാണ്! പുതുതായെന്തെങ്കിലും പഠിക്കുക ആവേശകരമാണ്. പക്ഷ അതല്‍പ്പം കഠിനവുമാണ്. അതു നാം സാധിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍! പതിനാലാം ദിവസത്തെ എക്സര്‍സൈസോടെ മനോനില ചിത്രണത്തിന്‍റെ പരിശീലന പദ്ധതി പൂര്‍ത്തിയാവുന്നു. നമ്മുടെ വ്യക്തിത്വത്തെ നിശ്ചയിക്കുന്ന പ്രധാന ഘടകമായ മനോനില (mood) യെക്കുറിച്ചുള്ള വിശകലനം അടുത്ത ലക്കങ്ങളില്‍ തുടരും. മനോനില മാറ്റാന്‍ സ്വഭാവത്തെ മാറ്റാം ടോം മാത്യു അസ്സീസി മാസിക, ഫെബ്രവരി 2026

  • അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

    13 കമ്മ്യൂണിസ്റ്റ് സാഹസം ബ്രാഞ്ച് തലത്തിലുള്ള രഹസ്യ അപഗ്രഥന മീറ്റിങ്ങില്‍ തലയാഴം ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് ധാരാളം അനുഭാവികളുണ്ടെങ്കിലും അംഗങ്ങള്‍ക്ക് വേണ്ടത്ര വര്‍ഗ്ഗബോധമില്ലെന്നും വര്‍ഗ വൈരികളായ ജന്മികളെ ഒറ്റപ്പെടുത്തുന്നതിലും അവരുടെ തൊഴിലാളിവര്‍ഗ്ഗ ദ്രോഹ നടപടികളെ എടുത്തുകാട്ടി എതിര്‍ക്കുന്നതിലും പ്രാദേശിക നേതൃത്വം വിജയിച്ചിട്ടില്ലെന്നും വിമര്‍ശിക്കപ്പെട്ടു. സമൂഹത്തെ വര്‍ഗ്ഗ വല്‍ക്കരിക്കാനും യഥാര്‍ത്ഥ ചൂഷകരെ പുറത്തു കൊണ്ടുവരാനും സാമ്പത്തിക അസമത്വങ്ങളെ അടിസ്ഥാനമാക്കി എതിര്‍പ്പുകള്‍ ഉരുവാക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. ചൂഷിതരുടെയും ആക്രമിക്കപ്പെടുന്നവരുടെയും സംരക്ഷകരായി പാര്‍ട്ടി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അക്രമ മാര്‍ഗ്ഗത്തിലൂടെ പ്രചരിപ്പിക്കണമെന്നും തീരുമാനമുണ്ടായി. ലോക്കല്‍ കമ്മിറ്റിയുടെ നിരീക്ഷണത്തില്‍ ഒരു കര്‍ഷകനും അതിലുപരി വളര്‍ന്നുവരുന്ന ഒരു വ്യാപാരിയുമായ കൊച്ചുതോമായെ ശല്യം ചെയ്താല്‍ പാര്‍ട്ടിക്ക് ശക്തനായ ഒരു പ്രതിയോഗിയെ കിട്ടുമെന്ന് കരുതി. തുടര്‍ന്ന്, മുഖ്യ നേതാക്കള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ കൊച്ചുതോമയുടെ കൊപ്രാക്കളത്തിന് തീവയ്ക്കുവാന്‍ തീരുമാനമായി. വര്‍ഗ്ഗ വിധേയത്വം സംശയിക്കപ്പെട്ട പ്രസാദിനെ തന്നെ അതിനുള്ള പടയാളിയുമാക്കി. കൊച്ചുതോമായുടെ ഉരുളന്‍ തേങ്ങ വ്യാപാരം വീടിനോട് ചേര്‍ന്നുള്ള വിശാലമായ പറമ്പിലാണ് ചെയ്തിരുന്നത്. എന്നാല്‍, തിരുവ് തേങ്ങയും മറ്റു കിളിര്‍ത്ത് കിഴക്കന്‍ തേങ്ങായുമെല്ലാം ആറിന് അക്കരയുള്ള ചിറ നികത്തിയെടുത്ത കളത്തിലാണ് വെട്ടി ഉണക്കുന്നത്. വെയിലു കൊണ്ടാല്‍ മാത്രം തേങ്ങ ഉണങ്ങില്ല, പ്രത്യേകിച്ചും തടിയന്‍ തേങ്ങ. അതുകൊണ്ട് തട്ട് ഉള്ള ബോര്‍മ്മയുടെ (തീപ്പുര) മേല്‍തട്ടില്‍ ഉണങ്ങാത്ത തേങ്ങാമുറി ഇട്ട് അടി യില്‍ ചിരട്ട അടുക്കി തീയിട്ടു ചൂടു കൊള്ളിക്കും. നിലാവില്ലാത്ത ഒരുനാളാണ് പ്രസാദ് തന്‍റെ കടമ ചെയ്യുവാനായി തെരഞ്ഞെടുത്തത്. കൊച്ചുതോമായുടെ തേങ്ങാക്കളം വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപായിരുന്നു. അതിനാല്‍ നീന്തിയോ വള്ളത്തിലോ മാത്രമേ പോകുവാന്‍ സാധിക്കുമായിരുന്നുള്ളു. കടത്ത് കടവില്‍ കെട്ടിയിട്ടിരുന്ന കൊച്ചുവള്ളം തുഴഞ്ഞ് കളത്തില്‍ എത്തി. ബോര്‍മയ്ക്കുള്ളില്‍ നിന്ന് തീക്കനല്‍, ചിരട്ട കൊണ്ട് കോരിയെടുത്ത് ബോര്‍മ മേഞ്ഞിരുന്ന ഓലകള്‍ക്കിടയിലേക്ക് തിരികി വെച്ചു. വള്ളം തുഴഞ്ഞ് കടത്ത് കടവില്‍ എത്തുന്നതിനു മുന്‍പേ ബോര്‍മ്മയ്ക്ക് തീ പിടിച്ചു. ബോര്‍മ്മയ്ക്ക് മേല്‍ തീ പടരുന്നത് സേവ്യര്‍ ആണ് ആദ്യംകണ്ടത്. അവന്‍ അയ്യോ കൊട്ടി. അടുത്ത നിമിഷം കൊച്ചുതോമായും പരിവാരങ്ങളും വള്ളങ്ങളില്‍ പറന്നുചെന്ന് തീ കെടുത്തി. ബോര്‍മ്മ യുടെ ഒരു ചെറിയ ഭാഗം മാത്രമേ കത്തിയൊള്ളു. തേങ്ങ ഒന്നുംപോലും കരിയുകയുണ്ടായില്ല. തീ പിടിക്കുന്നതിന് അല്പം മുമ്പാണ് കൊച്ചു തോമ തേങ്ങാക്കളത്തിലേക്ക് എത്തിനോക്കിയത്. അപ്പോള്‍ ഒരു കൊച്ചു വള്ളം പുറത്തേക്ക് പോകുന്നത് അയാള്‍ കണ്ടിരുന്നു. എല്ലാവരും തീ കത്തിയതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനു മുമ്പെ കൊച്ചുതോമ പൊന്നനെ ശകാരിച്ചു, "ചിരട്ട അധികമായിവെച്ചതുകൊണ്ടാണ് തീ ആളിയത്. സൂക്ഷിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ സൂക്ഷിച്ചു തന്നെ ചെയ്യണം." തീ കത്തിയതില്‍ ചതി എന്തോ നടന്നതായി കൊച്ചുതോമായ്ക്ക് തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. പോലീസില്‍ പരാതിപ്പെട്ടാല്‍ ആരെല്ലാം തല്ലു കൊള്ളുമെന്ന് കൊച്ചുതോമായ്ക്ക് ഏകദേശ രൂപം ഉണ്ടായിരുന്നു. സംഭവം നടന്ന ഉടനെ പ്രസാദും മറ്റ് നേതാക്കളും ഒളിവില്‍ പോയി. നാട്ടില്‍ ഇതൊരു സംഭവമേ ആയില്ലെന്നറിഞ്ഞപ്പോഴാണ് അവരെല്ലാം വൈക്ലബ്യത്തോടെ പുറത്തുവന്നത്. ഒരു ചര്‍ച്ചാ വിഷയം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതില്‍ പ്രസാദിന്‍റെ തന്ത്രത്തെ അവര്‍ കുറ്റപ്പെടുത്തി. ചൂട്ടുകെട്ടോ തീപ്പന്തമോ ഉപയോഗിച്ചിരുന്നുവെങ്കില്‍ ശത്രുക്കളാണിത് ചെയ്തതെന്ന് വരുത്തി തീര്‍ക്കുവാന്‍ സാധിക്കുമായിരുന്നു. എല്ലാവരുടെയും കുറ്റപ്പെടുത്തലുകള്‍ പ്രസാദിനെ ദുഃഖിപ്പിച്ചില്ല, എന്നാല്‍ പരാജയപ്പെട്ടതില്‍ ദുഃഖം തോന്നി. പാര്‍ട്ടി കൊടുക്കുന്ന അടുത്ത അവസരത്തിനായി പ്രസാദ് കാത്തിരുന്നു. നാട്ടുരാജാവെന്ന് അംഗീകരിക്കപ്പെട്ടിരുന്ന മേക്കാട്ട് തിരുമേനിയുടെ കുട്ടിപ്പട്ടാളത്തലവന്‍ കരുണാകരന്‍ കൊല്ലപ്പെട്ടത് അതിന് അവസരമൊരുക്കി. നാട്ടിലെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിനും പാട്ട കുടിശ്ശിക പുതുക്കി നിശ്ചയിക്കുന്നതിനുമെല്ലാം അധികാരം മേക്കാട്ട് തമ്പുരാക്കന്മാര്‍ക്കായിരുന്നു. ഇപ്പോഴത്തെ തമ്പുരാന്‍ കാര്യ ഗൗരവം കൊണ്ടും പ്രായോഗിക ജ്ഞാനം കൊണ്ടും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. പൊതുജനങ്ങളെ കഷ്ടപ്പെടുത്തി സമ്പാദിക്കുന്നതിനേക്കാള്‍ പ്രോത്സാഹിപ്പിച്ച് ഉല്പാദനം കൂട്ടുന്നതിലായിരുന്നു തമ്പുരാന്‍റെ ശ്രദ്ധ. കാലത്തിനനുസരിച്ച് തമ്പുരാന്‍ മാറിയെങ്കിലും സേവകന്മാര്‍ മാറിയില്ല. അവര്‍ക്ക് തമ്പുരാന്‍ പിടിപ്പില്ലാത്തവനും പേടിത്തൊണ്ടനുമായിരുന്നു. എന്നാല്‍ കാര്യപ്രാപ്തിയുള്ള മുന്‍ഗാമികളെക്കാള്‍ പാട്ടവും മറ്റു വരുമാനങ്ങളും ഇപ്പോഴത്തെ തമ്പുരാന് കിട്ടിക്കൊണ്ടിരുന്നു. മാത്രമല്ല നാട്ടില്‍ സമാധാനവും നിലനിന്നു. പക്ഷേ നാട്ടില്‍ സമാധാനം നിലനിന്നാല്‍ നാട്ടുപ്രമാണിക്കെന്തു സ്ഥാനം. സേവകന്മാര്‍ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഊതിപെരുപ്പിച്ച് വലിയ വലിയ ശിക്ഷ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഭയമാണ് ബഹുമാനത്തിനടിസ്ഥാനം എന്ന് തമ്പുരാന് അറിയാമോ ഇല്ലയോ സേവകര്‍ക്ക് അറിയാമായിരുന്നു. ഒരു നാള്‍ കള്ളും കുടിച്ച് പാട്ടുംപാടി വീട്ടിലേക്കു പോവുകയായിരുന്നു കരുണാകരന്‍. വീടിനടുത്തുള്ള ഇടവഴിയില്‍ വെച്ച് അയാളെ ആരോ കുത്തിമലര്‍ത്തി. കരുണാകരന്‍ കൊല്ലപ്പെട്ട ഏകദേശം അതേ സമയത്ത് ഇടവഴിയില്‍ നിന്ന് പ്രസാദ് വരുന്നത് കണ്ട പലരും ഉണ്ടായിരുന്നു. മുമ്പ് കരുണാകരനുമായി കമ്മ്യൂണിസ്റ്റുകാര്‍ പലസമയത്തും പരസ്യമായി കോര്‍ത്തിട്ടുണ്ട്. അതിനാല്‍ ഇത് അവര്‍ തന്നെയാണ് ചെയ്തതെന്ന് നാട്ടുകാര്‍ വിധിയെഴുതി. പ്രസാദിന് ഒറ്റയ്ക്ക് കരുണാകരനെ വീഴ്ത്താനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് കൂട്ടത്തില്‍ ഉണ്ടായിരുന്നവരുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നു. ഓരോരുത്തരും അവരവര്‍ക്ക് വേണ്ടപ്പെട്ടവരെ ഒഴിവാക്കി പകരക്കാരെ ചേര്‍ത്ത് പട്ടിക തയ്യാറാക്കി. പ്രസാദും പാര്‍ട്ടി നേതൃത്വവും പ്രസാദിന്‍റെ കൂടെ സാധാരണ കാണാറുള്ള യുവ സഖാക്കളുമെല്ലാം ഒളിവില്‍ പോയി. പിടികൊടുക്കാന്‍ മടിയുള്ളതുകൊണ്ടോ പോലീസിന്‍റെ മര്‍ദ്ദനം ഭയക്കുന്നത് കൊണ്ടോ ഒന്നുമല്ല, മറിച്ച് പോലീസ് പ്രതികള്‍ക്കായി നാട്ടില്‍ കേറി ഇറങ്ങുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് സമൂഹത്തിന് മനസ്സിലാകും എന്ന് കരുതിയാണ്. ഈ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് പാര്‍ട്ടിക്കാര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുമേല്‍ അത് ആരോപിക്കപ്പെട്ടപ്പോള്‍ അതും പാര്‍ട്ടി പ്രചാരണത്തിനുള്ള ആയുധമാക്കി. കൊച്ചുത്രേസ്യാക്കുട്ടി അടുക്കളയിലെ പണിയെല്ലാം തീര്‍ത്ത് കിടക്കാനുള്ള പുറപ്പാടിലായിരുന്നു. ചട്ടിയില്‍ ചാരം വാരി പുറത്തേക്ക് വരുമ്പോഴാണ് "ചേടത്തീ" എന്ന പ്രസാദിന്‍റെ വിളി കേട്ടത്. കൊച്ചുത്രേസ്യാക്കുട്ടി ഭയന്ന് വിറച്ചു പോയി. 'പോലീസ് വരുന്നുണ്ടോ?" 'ഇല്ല. ഇവിടെ തട്ടും പുറത്ത് എവിടെയെങ്കിലും ഒളിച്ചോട്ടെ?" പ്രസാദ് കെഞ്ചി. "നേരെചൊവേ ആഹാരം കഴിക്കാതെ, കുളിയും തേവാരവും ഇല്ലാതെ, ഇതെന്തൊരു ജീവിതമാണ്?" കൊച്ചുത്രേസ്യകുട്ടി ഓര്‍ത്തു. വെള്ളത്തില്‍ നിന്ന് വാരിയ ചോറില്‍ ഉപ്പ് തെളിച്ച് മാങ്ങാ അച്ചാറും, അതില്‍ അന്ന് പറ്റിച്ച മീനിന്‍റെ രണ്ട് കഷണവും വെച്ച്, പ്രസാദിന്‍റെ കയ്യില്‍ കൊടുത്തു. പ്രസാദ് വലിച്ചുവാരി കഴിക്കുമ്പോള്‍, കൊച്ചുത്രേസ്യാക്കുട്ടി, അവന് ഒളിച്ചു താമസിക്കുവാന്‍ പറ്റിയ സ്ഥലത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു. 'പ്രസാദേ, അക്കരയ്ക്ക് നീന്തിക്കോ, നീ തീയിട്ട തീപ്പുരയുടെ ബാക്കി ഇപ്പോഴും അവിടെയുണ്ട്." പ്രസാദ് അമ്പരന്നു പോയി, 'ചേടത്തി ഇതെങ്ങനെ..?" "എന്‍റെ മടിയിലേക്കല്ലേ നാരായണി നിന്നെ പെറ്റിട്ടത്." ആറിനു കുറുകെ അഞ്ചു തവണ നിര്‍ത്താതെ നീന്തിയാലും പ്രസാദ് മടുക്കത്തില്ലെന്ന് കൊച്ചു ത്രേസ്യാക്കുട്ടിക്ക് അറിയാം. "രാത്രിയില്‍ ചോറും കറിയും വിറക് ചാപ്പറയില്‍ മടലിട്ടിരിക്കുന്നിടത്ത് വെച്ചേക്കാം. നല്ലപോലെ ഇരുട്ടിയിട്ടെ വരാവൂ". കൊച്ചുത്രേസ്യാക്കുട്ടി കതകടച്ചു കിടക്കാന്‍ പോയി. പ്രസാദ് വസ്ത്രം അഴിച്ച് മുണ്ടില്‍ പൊതിഞ്ഞ് തലയില്‍ കെട്ടി, ശബ്ദമുണ്ടാക്കാതെ നീന്തി. അത്താഴം മാത്രം സുഭിക്ഷമായി കഴിച്ച് കരിയാറിന് കുറുകെ നീന്തി മൂന്ന് നാള്‍ ഉപേക്ഷിക്കപ്പെട്ട തീപുരയില്‍ പ്രസാദ് ഒളിവില്‍ കഴിഞ്ഞു. മൂന്നാം നാള്‍ രാത്രി, വിറക് ചാപ്പറയില്‍ നിന്ന് ഒരു ആള്‍ രൂപം കടവിലേക്ക് ഇറങ്ങി നീന്തിപ്പോകുന്നത് പൈലി കണ്ടു. ഭയന്നുവിറച്ച് പൈലി അടുക്ക ളയിലേക്ക് ഓടിക്കയറി, "അറുകുല, അറുകുല." പൈലി ഉച്ചത്തില്‍ ഉഴറി. എല്ലാവരും ഓടി വന്നു. "അറുകുല ആറ്റിലേക്ക് ഇറങ്ങിപ്പോയി." കുട്ടികളെല്ലാം ഭയന്നു വിറച്ചു. യക്ഷിക്കഥകള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതു പോലെയാണ് എല്ലാവരും പറയാറ്. അങ്ങനെ ആരോ ഉണ്ടാക്കി പറഞ്ഞ കഥയിലെ നായകനാണ് അറുകുല. കൊച്ചുതോമയുടെ പുരയിടത്തിന്‍റെ തെക്കുപടിഞ്ഞാറെ മൂലയില്‍ നില്‍ക്കുന്ന പാല മരത്തില്‍ നാല് യക്ഷികളും ഒരു രക്തരക്ഷസും താമസം ഉണ്ട്. ഈ കഥയിലെ നായകന്‍, അറുകുല ചില വിശേഷനാളുകളില് അക്കരയില്‍നിന്ന് ആറു നീന്തി വന്ന്, പാലയില്‍ വസിക്കുന്ന യക്ഷികളെയും രക്തരക്ഷസിനേയും കണ്ടു മടങ്ങും. പൈലിക്ക്, അത് അറുകുല തന്നെയാണെന്നതില്‍ യാതൊരു സംശയവും ഇല്ലായിരുന്നു. പ്രസാദിന് ദൈവ ങ്ങളില്‍ മാത്രമല്ല, അറുകുലയിലും യക്ഷിയിലും ചെകുത്താന്‍മാരിലും ഒന്നും വിശ്വാസമില്ലാതിരു ന്നതുകൊണ്ട്, ഒന്നിനേയും ഭയന്നുമില്ല. പൈലിയെ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിച്ചെങ്കിലും പൈലിയുടെ പേടി അല്പം പോലും കുറഞ്ഞില്ല. അവസാനം ജോസഫിനെയും സേവ്യറിനെയും പൈലിയെ വീട്ടില്‍ കൊണ്ടാക്കാന്‍ നിര്‍ബന്ധിച്ചു. മൂന്നുപേര് ചേര്‍ന്നാണ് പോകുന്നതെങ്കിലും എല്ലാവര്‍ക്കും പേടിയുണ്ടായിരുന്നു. വീട് അടുത്താണെങ്കിലും ചൂട്ടു കത്തിച്ചു കൊണ്ടാണ് പോയത്. തീ കണ്ടാല്‍ പ്രേതപ്പിശാചുക്കള്‍ അടുക്കില്ല. പോരാത്തതിന് ഒരു കൊന്തയും കയ്യിലെടുത്തു. കൊച്ചുത്രേസ്യാക്കുട്ടി അതിരാവിലെ എഴുന്നേറ്റ്, കൊച്ചു വള്ളത്തില്‍ നേരെ അക്കരയ്ക്ക് വന്നു. വെളുക്കപ്പുറത്ത് കൊച്ചുത്രേസ്യാക്കുട്ടി വരുന്നത് കണ്ടപ്പോഴേ ഏതോ അപകടം ഉണ്ടെന്ന് പ്രസാദിന് മനസ്സിലായി. കൊച്ചുത്രേസ്യാക്കുട്ടി വള്ളമടുപ്പിച്ചതും പ്രസാദ് വള്ളത്തേല്‍ കയറിയതും ഒപ്പമായിരുന്നു. 'പൈലി നിന്നെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ നീ ഭയപ്പെടേണ്ട. അറുകുലയാണെന്നാണ് അവന്‍ വിചാരിച്ചിരിക്കുന്നത്. പോലീസ് അത് വിശ്വസിക്കത്തില്ല. അവരറിയാന് കുറച്ചു സമയമെടുക്കും." പ്രസാദ് അപ്പോള്‍ തന്നെ അവിടെ നിന്ന് കടന്നു. പൈലി പനിപിടിച്ച് കിടപ്പായി. പൈലി അറുകുലയെ കണ്ടത് നാട്ടില്‍ മുഴുവന്‍ പാട്ടായി. അറുകുലയുടെയും രക്തരക്ഷസിന്‍റെയും പുതിയ കഥകള്‍ പിറന്നു. അങ്ങനെ അവകളിലുള്ള വിശ്വാസം ദൈവവിശ്വാസത്തെക്കാള്‍ അധികമായി. കൊച്ചുത്രേസ്യാക്കുട്ടി മുന്‍കൂട്ടി കണ്ടതുപോലെ, അടുത്തനാള്‍ രാവിലെ പോലീസ് അക്കരക്കളം വളഞ്ഞു. അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു പ്രൊഫ. ജോര്‍ജ് ജോസഫ് എം അസ്സീസി മാസിക, ഫെബ്രുവരി 2026

  • Temple

    I had written here that God dissuaded David from building a permanent temple for God, and that God had said through the prophet Nathan that David’s son would build the temple for Him. Since he had said that David’s son according to the flesh, we know that his son Solomon built a magnificent temple for God. However, history tells us that the temple built by Solomon in 957 BCE only lasted 371 years, was destroyed by the Babylonian army in 586 BCE, and no one has seen the Ark of the Covenant since then. The later Biblical history states that the Jews who were taken as prisoners of war to Babylon lived there as exiles, and that the Persian king Cyrus the Great, who conquered Babylon in 536 BCE, sent the exiled Jews back to their homeland and granted their only wish by giving them the wealth to rebuild the destroyed temple. Thus, the modestly rebuilt temple was completed in 516 BCE. However, the second temple did not have the Ark of the Covenant, the original lampstand called the Minorah, the table of the showbread, or the altar of incense. About 500 years later, King Herod the Great renovated the temple extensively in 19 BCE. The temple, which Jesus visited many times during his life, was completely destroyed less than 90 years later by the Romans in the year 70 CE. In the books of Exodus and Leviticus, we see God giving detailed instructions on how to build the tabernacle that was only fifteen feet high, fifteen feet wide, and forty-five feet long. It was dismantable and movable. So much sadness, pain, and mystery are condensed together, all over the memory of the Jerusalem Temple that stood for almost a thousand years!

  • ദേവാലയം

    ദൈവത്തിനായ് സ്ഥിരമായ ഒരു ദേവാലയം നിർമ്മിക്കാൻ ഉദ്യമിച്ച ദാവീദിനെ ദൈവം അതിൽനിന്ന് പിന്തിരിപ്പിച്ചുവെന്നും ദാവീദിൻ്റെ പുത്രനായിരിക്കും തനിക്കായി ആലയം പണിയുക എന്ന് നാഥാൻ പ്രവാചകൻ വഴി ദൈവം അരുൾച്ചെയ്തു എന്നും ഇവിടെ കുറിച്ചിരുന്നു. ദാവീദിൻ്റെ ജഡപ്രകാരമുള്ള പുത്രൻ എന്നു പറഞ്ഞതിനാൽ അദ്ദേഹത്തിൻ്റെ പുത്രനായ സോളമൻ ദൈവത്തിനായി ബൃഹത്തായ ദേവാലയം നിർമ്മിച്ചു എന്നും നമുക്കറിയാം. എന്നാൽ, 957 BCE -ൽ സോളമൻ നിർമ്മിച്ച ദേവാലയം 371 വർഷമേ നിലകൊണ്ടുള്ളൂവെന്നും 586 BCE ൽ ബാബിലോണിയൻ സൈന്യം അത് നശിപ്പിച്ചു എന്നും അതിനുശേഷം വാഗ്ദാന പേടകം ഇന്നോളം ആരും കണ്ടിട്ടില്ല എന്നുമാണ് ചരിത്രം പറയുന്നത്. യുദ്ധത്തടവുകാരായി ബാബിലോണിലേക്ക് കൊണ്ടുപോകപ്പെട്ട യഹൂദർ അവിടെ പ്രവാസികളായി കഴിഞ്ഞുവെന്നും 536 BCE -ൽ ബാബിലോണിയ പിടിച്ചടക്കിയ പേർഷ്യൻ രാജാവ് സൈറസ് പ്രവാസികളായിരുന്ന യഹൂദരെ സ്വന്തം നാട്ടിലേക്ക് തിരികെ അയച്ചുവെന്നും അവരുടെ ഒരേയൊരു ആഗ്രഹം നിവർത്തിച്ചു കൊണ്ട് തകർക്കപ്പെട്ട ദേവാലയം പണിയാനുള്ള സമ്പത്ത് നല്കിയെന്നുമാണ് ബൈബിളിലെ പില്ക്കാല ചരിത്രം. അങ്ങനെ എളിയ തോതിൽ പുനർനിർമ്മിച്ച ദേവാലയം പണി 516 BCE-ൽ പൂർത്തിയായി. പക്ഷേ, പ്രസ്തുത രണ്ടാം ദേവാലയത്തിൽ തിരുസാന്നിധ്യത്തിൻ്റെ വാഗ്ദാനപേടകവും വിളക്കുകാലും തിരുസാന്നിധ്യ അപ്പത്തിൻ്റെ മേശയും ധൂപപീഠവും ഉണ്ടായിരുന്നില്ല. പിന്നീട്, ഏതാണ്ട് 500 വർഷങ്ങൾക്കു ശേഷം ഹേറോദ് മഹാരാജാവാണ് 19 BCE-ൽ ദേവാലയം വിപുലമായ രീതിയിൽ പുതുക്കിപ്പണിയുന്നത്. യേശു പല തവണ കയറിയിറങ്ങിയ പ്രസ്തുത ദേവാലയം 90 വർഷം പൂർത്തിയാകും മുമ്പ് CE 70-ൽ റോമാക്കാർ ഏതാണ്ട് സമ്പൂർണ്ണമായി തകർത്തുകളഞ്ഞു. പുറപ്പാട് പുസ്തകത്തിലും ലേവ്യ ഗ്രന്ഥത്തിലും ദൈവം വിശദാംശങ്ങൾ നല്കിക്കൊണ്ട് നിർമ്മിക്കാൻ പറയുന്നത് പതിനഞ്ചടി ഉയരവും പതിനഞ്ചടി വീതിയും നാല്പത്തഞ്ചടി നീളവുമുള്ള സമാഗമകൂടാരത്തെക്കുറിച്ചാണ്. ഒത്തിരി ദുഃഖവും വേദനയും രഹസ്യാത്മകതയും സമ്മിശ്രമായി ഘനീഭവിച്ചുകിടക്കുകയാണ്, ഏതാണ്ട് ആയിരത്താണ്ടുകൾ നിലനിന്ന ജറൂസലേം ദേവാലയം എന്ന സ്മരണക്കു മുകളിലായ്!

  • തുണിക്കൂടാരം

    'പന്ത്രണ്ട് ഗോത്രങ്ങൾ' എന്ന് പറയാറുണ്ടെങ്കിലും പന്ത്രണ്ട് താവഴികൾ - ക്ലാനുകൾ ചേർന്നതായിരുന്നു ഇസ്രയേൽ ജനത. യാക്കോബിന്റെ പന്ത്രണ്ട് മക്കളുടെ പിൻമുറക്കാർ. യാക്കോബിന്റെ അപ്പൂപ്പൻ ആയിരുന്ന അബ്രഹാമിനോട് ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ, അവരെ സംരക്ഷിച്ച് വളർത്തിക്കൊണ്ടുവന്നത് ദൈവമായിരുന്നു. "ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എൻ്റെ ജനവും" എന്നതായിരുന്നു ദൈവം ഇസ്രായേൽ ജനതയുമായി സീനായ് മലയിൽ വച്ചു നടത്തിയ ഉടമ്പടിയുടെ കാതൽ. എന്നാൽ, അവർ വളർന്നുവലുതായപ്പോൾ ചുറ്റുമുള്ള രാജ്യങ്ങളെ നോക്കാനും അവരെ പോലെ ആകാനും ഉള്ളതായി അവരുടെ ശ്രമം. ചുറ്റുമുള്ള രാജ്യങ്ങൾക്ക് രാജാവുണ്ട്, അയാൾക്ക് ചുറ്റും സൈനിക നിരയുണ്ട്. തങ്ങൾക്കും അതുപോലെ ഒരു രാജാവിനെ വേണം എന്ന് യഹൂദജനം വാശിപിടിച്ചു. അവരുടെ താൽപര്യമതാണെങ്കിൽ അവർക്ക് ഒരു രാജാവിനെ നൽകാൻ ദൈവംതന്നെ സാമുവേൽ പ്രവാചകന് നിർദ്ദേശം നൽകി. അങ്ങനെ അവർക്ക് ലഭിച്ച ആദ്യത്തെ രാജാവായിരുന്നു സാവൂൾ. സാമുവേൽ പ്രവാചകൻ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ, വിനയം ഇല്ലാത്തിടത്തെ അധികാരത്തിന്റെ കേന്ദ്രീകരണം വലിയ പ്രശ്നങ്ങൾക്ക് വഴിവച്ചു. സാവൂളിനുശേഷം രാജാവായത് ദാവീദ് ആയിരുന്നു. അധികാരത്തിന്റെ കേന്ദ്രീകരണം ദാവീദിൽ വളരെ കൂടുതലായി നടന്നു. ദാവീദ് പക്ഷേ വിനയാന്വിതനായ മനുഷ്യനായിരുന്നു. അതുകൊണ്ടുതന്നെ ഒത്തിരി വലിയ പ്രശ്നങ്ങളൊന്നും ദാവീദിന്റെ കാലത്ത് ഉണ്ടായില്ല. തന്റെ ആഴമുള്ള ദൈവ ഭക്തിയിൽ നിന്നാണ് ദൈവത്തിനായി ഒരു ആലയം നിർമ്മിക്കണമെന്ന് ദാവീദിന് തോന്നുന്നത്. ചുറ്റുപാടുമുള്ള രാജ്യങ്ങൾക്കെല്ലാം അവരവരുടെ ദൈവങ്ങളും ദൈവങ്ങളെ കുടിയിരുത്തിയിട്ടുള്ള കൂറ്റൻ ക്ഷേത്രങ്ങളും ഉള്ളതായി ദാവീദ് കണ്ടിരുന്നു. ചുരുക്കത്തിൽ, ചുറ്റുമുള്ള രാജ്യങ്ങളെ പോലെതന്നെ സ്വന്തമായി ഒരു ദൈവവും ദൈവത്തെ കുടിയിരുത്തിയിട്ടുള്ള കേന്ദ്രീകൃതമായ ഒരു ദൈവാരാധനയും വേണം എന്ന ആഗ്രഹം കൂടിയാവാം ദാവീദിനെ ക്ഷേത്രനിർമ്മാണത്തിലേക്ക് പ്രോത്സാഹിപ്പിച്ചത്. എന്നാൽ, ദൈവം തന്റെ പ്രവാചകനായ നാഥാനിലൂടെ ദാവീദിനെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. 'ആടുമേയ്ച്ചു നടന്ന നിന്നെ അവിടെ നിന്ന് പൊക്കിയെടുത്ത് ഇവിടെവരെ എത്തിച്ചത് ഞാനാണ്. ശത്രുക്കളുടെ മേൽ നിനക്ക് വിജയം നൽകിയതും ഞാനാണ്. ഇക്കാലമത്രയും എൻ്റെ ജനത്തോടൊപ്പം അവരുടെ നടുവിൽ തുണിവലിച്ചുകെട്ടിയ കൂടാരത്തിലാണ് ഞാൻ കഴിഞ്ഞിട്ടുള്ളത്. ദേവതാരു കൊണ്ട് എനിക്കായി ഒരാലയം പണിതുതരൂ എന്ന് ഞാൻ നിന്നോട് പറഞ്ഞിട്ടില്ലല്ലോ. ഞാനാണ് നിനക്ക് ഒരാലയം പണിയാൻ പോകുന്നത്. നീയല്ല, നിൻ്റെതന്നെ സന്തതിയായിരിക്കും എനിക്കായി ഒരാലയം പണിയുക' എന്നാണ് ദൈവം ദാവീദിനോട് പറയുന്നത്. ദൈവത്തെ ഭൂമിയിൽ ഒറ്റ ഒരു ഇടത്തിലേക്ക് ഒതുക്കുക എന്നാൽ, അധികാരത്തിൻ്റെ ഏറ്റവും വലിയ കേന്ദ്രീകരണമാണ് അവിടെ നടക്കുക. (യാഹ്‌വേ എന്ന നാമത്തിന് 'അവിടവിടെ ആയിരിക്കുന്നവൻ' എന്നുകൂടി അർത്ഥമുള്ളതാണ്). അങ്ങനെ ചെയ്താൽ രാജാവ് തന്നെയാവും തന്ത്രിയും. രാജാവ് ദൈവത്തെ ഉപയോഗിക്കും. ദൈവം രാജാവിനു കീഴിൽ അവൻ്റെ ദാസനാകും. നാഥാൻ പറഞ്ഞ വാക്കുകളിൽ പതർച്ചയുണ്ടായിരുന്നു. നാഥാൻ്റെ തെളിമക്കുറവുകൊണ്ടാണ് ദാവീദിൻ്റെ മകൻ സോളമൻ രാജാവായപ്പോൾ, ദൈവത്തിനായി അയാൾ ജറൂസലേം ദേവാലയം പണിയുന്നത്. അന്നു മുതൽ ആരംഭിക്കുന്നൂ ജറൂസലേമിൻ്റെ പ്രശ്നങ്ങളും! നിൻ്റെ പുത്രനായിരിക്കും എനിക്കായി ആലയം നിർമ്മിക്കുക എന്ന വചനം സത്യത്തിൽ തന്നെക്കുറിച്ചുതന്നെയായിരുന്നു എന്നതായിരുന്നു യേശുവിൻ്റെ അവബോധം. ആരാധനയുടെ കേന്ദ്രീകരണത്തെ ആദ്യം മുതൽ അവൻ എതിർക്കുന്നത് കാണാം. സമറിയാക്കാരി സ്ത്രീയോടുള്ള അവൻ്റെ സംഭാഷണത്തിലും ശിഷ്യരോടുള്ള സംഭാഷണത്തിലും അത് കാണാം. ദേവാലയ ശുദ്ധീകരണം എന്ന നിലയിൽ ആചാരനിബദ്ധമായ ബലികളെ അവൻ തുടച്ചുനീക്കുന്നതും, "നിങ്ങൾ ഈ ആലയം നശിപ്പിക്കൂ, മൂന്നു ദിവസത്തിനകം ഞാനത് പുനരുദ്ധരിക്കാം" എന്നവൻ യഹൂദ നേതൃത്വത്തോട് പറയുന്നതും ഇവിടെ സ്മരണീയമാണ്. അവനതു പറഞ്ഞിട്ട് കൃത്യം നാല്പതാം വർഷം പ്രസ്തുത ദേവാലയം നശിപ്പിക്കപ്പെടുകയും ചെയ്തു. അതിനും മുമ്പ് ഏതാണ്ട് അറുന്നൂറു വർഷം മുന്നേതന്നെ ദേവാലയത്തിൻ്റെ കേന്ദ്രമായിരുന്ന, ദൈവികസാന്നിധ്യത്തിൻ്റെ അച്ചാരമായിരുന്ന വാഗ്ദാനപേടകം നഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം. ചരിത്രപരമാേ കലാപരമോ ആയ ചില പ്രാധാന്യങ്ങൾ ഉണ്ടാകാമെന്നതല്ലാതെ, പവിത്രതയുടെ കാര്യത്തിൽ ലോകത്തിൽ ഒരു ദേവാലയവും മറ്റൊന്നിനെക്കാൾ ശ്രേഷ്ഠമായിരുന്നു കൂടാ. അങ്ങനെ ആരെങ്കിലും കരുതിയാൽ അവിടെത്തന്നെ ദൈവേച്ഛയുടെ ലംഘനം സംഭവിക്കുന്നുണ്ട്. അതോടെ അവിടം സവിശേഷമാം വിധം സംരക്ഷിക്കേണ്ടുന്ന ചുമതല രാജാവിൻ്റെതും വിശ്വാസികളുടേതുമായി മാറും. അതോടെ അവിടെ അഹന്ത, മദം, മാത്സര്യം, ക്രോധം, പകകളെല്ലാം സ്വയംഭൂവാകും.

  • consequence

    How good it would have been if the fathers were a little more better? Of course. Talking about whom? Yeah, about ourselves. On the one hand, the Gen-Z is said to be more honest, straightforward, and empathetic- all over the world. On the other hand, democratic systems are facing collapse all over the world and authoritarian and dictatorial leaders are being elected in. There is an accusation that Gen-Z does not show such distinction in the electoral processes. How do these two realities fit together? Unlike in algebra, equations do not work so well in social realities. Social observers confirm both of the above realities. But the explanations given about how they go together are generally not how we would think usually. First, let's take the statement that Gen-Z is more empathetic. The empathy of the new generation is more on a social thing rather than an individual empathy. Why are so many people suffering from poverty?; Why are so many people homeless?; Why are there so much discrimination exclusion in society?; Why there is no adequate action against climate change?: These are the type of questions that worry them. They grew up hearing that the previous government was corrupt; they did nothing; they were with the bigwigs: all the stories of the failure of democratic system. In general, they grew up hearing rhetoric that criticized religion and spirituality. The new generation tend to show greater spiritual quotients. And they are not interested in complex and detailed philosophical analyses of the situation. Born and raised in the era of peaking of technology, they are used to doing things the easy way. If democracy has failed so far, then democratic institutions and courts should be done away with or al least sidelined. Since all of that exists, they think that it is only necessary to elect strong leaders who have the will to challenge or sideline the system in order to make effective changes in society. Naturally, in these times of peaking of population, they are electing strong and authoritarian leaders who the younger generation believes are capable of bringing about rapid change. All this is because the fathers were not good enough! It is a natural consequence of what we have all done!

  • തിരിച്ചറിവു നേടാം തിരിഞ്ഞു നടക്കാം

    Key Takeaways: Explore the challenges of young generation in this new era of technology and how they impact family and cultural values. Learn how to address the challenges of young generation. കാലത്തിന്‍റെ കുത്തൊഴുക്കില്‍ വിജ്ഞാന വാതിലുകള്‍ അതിര്‍ത്തികളില്ലാതെ വിശാലമാകുമ്പോള്‍ വിസ്മയങ്ങള്‍ അപ്രത്യക്ഷമാകുന്ന യുഗത്തിലാണ് നമ്മുടെ ചുവടുവയ്പ്പും ജീവിതവും. സ്മാര്‍ട്ടായി നിന്ന് സ്റ്റാര്‍ട്ടപ്പിന് പരിശ്രമിക്കുന്ന ജീവിതശൈലി സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ അചിന്തനീയമാണ്. ആത്മീയ, ഭൗതിക, സാമൂഹിക, വൈജ്ഞാനിക മേഖലകളിലെ പുരോഗതിക്കും മാറ്റങ്ങള്‍ക്കും വേണ്ടിയുള്ള കാത്തിരിപ്പിന് മുന്‍കാലങ്ങളില്‍ തലമുറകളുടെ തന്നെ അന്തരം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവയുടെ പ്രയാണത്തിന് അതീവ വേഗത കൈവന്നിരിക്കുന്നു. ഇപ്രകാരമുള്ള മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കുടുംബങ്ങളും സമൂഹങ്ങളും സാമൂഹിക ധാര്‍മിക പരിസരങ്ങളും തയ്യാറാകാതെ വരുന്നത് പാരമ്പര്യത്തെയും സംസ്കാരിക മൂല്യങ്ങളെയും പ്രാധാന്യത്തോടെ പരിഗണിക്കുന്ന മുതിര്‍ന്ന തലമുറക്കും സ്ക്രീന്‍ സംസ്കാരവും വെര്‍ച്വല്‍ ലോകവും പ്രധാനമായി പരിഗണിക്കുന്ന ക്ലിക് തലമുറ അഥവാ നെറ്റ് തലമുറയ്ക്കും തമ്മില്‍ സംഘര്‍ഷത്തിന്‍റെ വലിയ സാധ്യത സൃഷ്ടിക്കുന്നുണ്ട്. പാരമ്പര്യവാദിയെന്ന വിളിപ്പേര് ലഭിച്ചേക്കുമോ എന്ന ചിന്തയാല്‍ മക്കളോടൊപ്പമാകാന്‍ അപ്പനും അമ്മയും പരക്കംപായുമ്പോള്‍ കൈമോശം വന്നു പോയേക്കാവുന്ന മൂല്യങ്ങളെ കൂടി പരിഗണിക്കേണ്ടതില്ലേ. ചിന്തയെ കര്‍മ്മമാക്കുന്നതിനുള്ള തങ്ങളുടെ മക്കളുടെ പ്രയാണം ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിനൊപ്പം ആണ്. അവിടേക്ക് ഓടിയെത്തുവാന്‍ ശ്രമിക്കുന്ന പ്രിയ മാതാപിതാക്കളെ അറിയേണ്ടത് അറിയണം, തിരുത്തേണ്ടത് തിരുത്തണം, അറിയിക്കേണ്ടത് അറിയിക്കണം, വിട്ടുകളയേണ്ടത് കളയണം. അങ്ങനെ മൂല്യബോധമുള്ള സംസ്കാരത്തെ നമുക്കിടയില്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കണം. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ അനന്തസാധ്യതകള്‍ അതിര്‍ത്തി ഭേദിച്ച് വീട്ടകങ്ങളിലേയ്ക്ക് ചേക്കേറുമ്പോള്‍ മാതാപിതാക്കള്‍ക്ക് മക്കളുടെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നുണ്ടോ. അങ്ങനെയെങ്കില്‍ ഒരു മാറിചിന്തയ്ക്ക് തയ്യാറാവേണ്ടതാണ്. കാരണം കുഞ്ഞുങ്ങള്‍ അനന്തസാധ്യതകളുടെ നിക്ഷേപമാണ്. ആ സാധ്യതകളെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിനാണ് കുടുംബത്തിന്‍റെ സാന്നിധ്യം അനിവാര്യമായി മാറുന്നത്. ഈ കാലഘട്ടത്തില്‍ വല്ലപ്പോഴും കണ്ടുമുട്ടുന്ന, ചെറുപ്പക്കാരുടെ മാതാപിതാക്കളോട് മക്കളെപ്പറ്റി സംസാരിക്കുമ്പോള്‍ പലപ്പോഴും കിട്ടുന്ന മറുപടി: 'അവര്‍ മിടുക്കാരാണ്', 'ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്'. ഇതു പറയുമ്പോള്‍ ആ മാതാപിതാക്കളുടെ മുഖം വളരെ പ്രകാശപൂര്‍ണമാണ്. അത്ര സന്തോഷത്തോടെയാണ് മക്കളെപ്പറ്റി അവര്‍ സംസാരിക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ മക്കളെ തിരുത്തേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകേണ്ടി വരുമ്പോള്‍ മനസ്സ് അറിയാതെ ചോദിച്ചുപോയിട്ടുണ്ട് ഈ മക്കളുടെ സുഹൃത്തായ മാതാപിതാക്കള്‍ക്ക് ആണോ തെറ്റിപ്പോകുന്നതെന്ന്. അനന്തസാധ്യതകളുടെ നിക്ഷേപമായ കുട്ടികളെ തിരുത്തേണ്ടത് തിരുത്തി പരസ്പര ആദരിവിന്‍റെ സംസ്കാരം വളര്‍ത്താനും ശീലിപ്പിക്കുക. വേഷത്തിലോ ഭാവത്തിലോ സംസാരത്തിലോ പെരുമാറ്റത്തിലോ അല്ല മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സുഹൃത്താവേണ്ടത്. പിന്നെയോ പൈതൃകത്തിന്‍റെ വിശുദ്ധിയും മൂല്യബോധത്തിന്‍റെ അടിത്തറയും ധാര്‍മികതയുടെ ആവരണവും വിശ്വാസത്തിന്‍റെ ആഴവും പതറുന്നിടത്ത് താങ്ങും ഇടറുന്നിടത്ത് കവചവുമായി നിലനില്‍ക്കുന്നതും പകര്‍ന്നു കൊടുക്കുന്നതുമായ സൗഹൃദമാവണമത്. ലിംഗ വിഭിന്നതയ്ക്ക് അതീതമായ ആദരവിന്‍റെ അഭാവം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ അനുദിനം പത്രത്താളുകളില്‍ നിറയുമ്പോള്‍ മൂകസാക്ഷികളായി നിലകൊള്ളേണ്ടവരല്ല നമ്മള്‍. കുടുംബത്തിന്‍റെ സുരക്ഷിതത്വമാണ് വ്യക്തിവൈകല്യങ്ങളുടെ വീഴ്ചകളില്‍ നിന്ന് സംരക്ഷണമായി ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തു ന്നത്. എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ഓടിവന്ന് കയറാനുള്ള ഇടമായി നമ്മുടെ വീട്ടകങ്ങള്‍ ഒരുവനെ സുരക്ഷിതമാക്കുന്നുണ്ടോ? അതോ അവിടം ഭയത്തിന്‍റെയും അരക്ഷിതാവസ്ഥകളുടേയും ശൂന്യത സൃഷ്ടിക്കുന്ന ഇടങ്ങളായി മാറുന്നുണ്ടോ? ഏറ്റവും സുരക്ഷിതമായ അമ്മയുടെ ഗര്‍ഭപാത്രവും അവളുടെ കരതലവും കൊലക്കളത്തിനവസരമാകുന്നുണ്ടോ? ഒരു തരത്തില്‍ ഈ തലമുറ നേരിടുന്ന പ്രതിസന്ധികള്‍ എത്രത്തോളമാണ്? മാധ്യമങ്ങളുടെ വിസ്മയ ലോകം സൃഷ്ടിക്കുന്ന യാന്ത്രികതയെ പിന്തുടരുന്നവരായി മാത്രം ഈ കാലത്തെ മാറ്റിനിര്‍ത്തുമ്പോള്‍ നാം കടന്നുവന്ന സുരക്ഷിതത്വ വഴിയെക്കുറിച്ച് കൂടി ബോധ്യമുണ്ടാകുന്നത് നല്ലതാണ്. ഒരുപക്ഷേ ഇത്രയും വിശാലമായ സാധ്യത മുന്‍ തലമുറയ്ക്ക് പരിചിതമായിരുന്നുവെങ്കില്‍ എന്താകുമായിരുന്നോ എന്തോ? കായികാധ്വാനത്തിലും ബൗദ്ധിക മേഖലകളിലും നിര്‍മ്മിതബുദ്ധി സൃഷ്ടിക്കാന്‍ ഇടയുള്ള തൊഴില്‍ പ്രതിസന്ധികള്‍, വിദ്യാഭ്യാസ മേഖലകളില്‍ നൈപുണ്യത്തിന് പ്രാധാന്യം നല്‍കുന്ന നവീന പ്രവണതകള്‍, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലമായ ദുരന്തസാധ്യ തകള്‍, ഡിജിറ്റല്‍ലോകം സൃഷ്ടിക്കുന്ന മാനസിക വൈകല്യങ്ങള്‍, തൊഴിലിടങ്ങളിലെ സമ്മര്‍ദ്ദങ്ങള്‍, വെര്‍ച്വല്‍ ലോകത്തിന്‍റെ സാധ്യതകള്‍ ഒരുക്കുന്ന മരണക്കെണികള്‍, അനിയന്ത്രിതമായ വികാരപ്രകടനങ്ങള്‍ ഇങ്ങനെ ഒരു മനുഷ്യജീവിതത്തിന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ സമസ്ഥമേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്ന പ്രതിസന്ധികളെക്കുറിച്ച് കൂടി നാം ബോധ്യമുള്ളവരാകേണ്ടതുണ്ട്. നിസ്സാരം എന്ന് കരുതുന്ന പല കാര്യങ്ങളുടെ പേരിലും ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന കുട്ടികളും യുവാക്കളും ഇന്ന് ഏറെയാണ്. ആത്മഹത്യാ നിരക്കില്‍ പ്രായം പരിഗണിക്കുമ്പോള്‍ വളരെ വേഗത്തില്‍ അതിന്‍റെ എണ്ണം വര്‍ദ്ധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളുടെ സ്വാധീനത്തെ പരാതി പറഞ്ഞിട്ട് കാര്യമില്ല. ഡിജിറ്റല്‍ ലോകത്ത് ജീവിക്കുന്ന കുഞ്ഞുങ്ങളുടെയും യുവതലമുറയുടെയും മുന്‍പില്‍ അതീവ നൂതനമായ ഒട്ടേറെ സാധ്യതകള്‍ തുറന്നുവന്നു. എന്നാല്‍ അതിനേക്കാള്‍ അമൂല്യമായ മറ്റു പലതും ഇതുവഴി അവര്‍ക്ക് അന്യമായി. വഴിക്കണ്ണുമായി കാത്തിരിക്കുന്ന മുത്തച്ഛന്മാരും മുത്തശ്ശിമാരും കുടുംബങ്ങളിലുള്ള ഒത്തുകൂടലുകളും അതുവഴി കൈവന്നിരുന്ന ഊഷ്മളമായ കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പലപ്പോഴും ഡിജിറ്റല്‍ ലോകത്ത് നഷ്ടപ്പെട്ടു പോകുന്നു. പ്രവാസലോകം സൃഷ്ടിക്കുന്ന സാധ്യതകളുടെ പ്രലോഭനങ്ങളും അവയില്‍ അഭിരമിക്കുന്ന യുവതലമുറയും തത്ഫലമായി അവശേഷിക്കപ്പെടുന്ന വൃദ്ധകൂടാരങ്ങളും ഊഷ്മ ളവും പവിത്രവുമായ കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നു. പലപ്പോഴും സൈബര്‍ ധ്യാനത്തില്‍ മുഴുകുവാന്‍ ഈ തലമുറ നിര്‍ബന്ധിക്കപ്പെടുന്നു. അവിടുന്നുള്ള വിമുക്തിക്കും വിരസതകളകറ്റാനും ധനലാഭത്തിനുമായി ലഹരിയുടെ കെണികളില്‍ നിപതിക്കുന്നു. കാഴ്ചയ്ക്ക് കൗതുകം പകരുന്ന നയാഗ്ര വെള്ളച്ചാട്ടം പോലെയുള്ള വിസ്മയങ്ങളെല്ലാം പോയി സന്ദര്‍ശിക്കുക എന്നത് ഒരുകാലത്ത് എല്ലാവരുടെയും സ്വപ്നമായിരുന്നു. എന്നാല്‍ വേര്‍ച്വല്‍ ലോകം സൃഷ്ടിക്കുന്ന സാധ്യതകള്‍ ഇപ്രകാരമുള്ള വിസ്മയങ്ങളെ പോലും വ്യക്തികളില്‍ നിന്ന് അകറ്റുന്നതിന് അവസരമായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൗഹൃദത്തിന്‍റെ ആഴം കുറഞ്ഞു, സ്വാര്‍ഥലാഭത്തിനായി സുഹൃത്തു ക്കളെ വിറ്റഴിക്കുന്നു, പ്രണയത്തിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ പെരുകുന്നു, തന്‍റെ വളര്‍ച്ചയ്ക്ക് തടസ്സം ആകുന്നവരെല്ലാം ഇല്ലാതാകേണ്ടതാണ് എന്ന ദുഷ്ടചിന്ത, ഇപ്രകാരം മനുഷ്യവ്യക്തിക്കും വ്യക്തിത്വത്തിനും ആദരവ് നല്‍കാത്ത ജീവിത ശൈലി ഇവയൊക്കെ ഈ കാലഘട്ടത്തില്‍ പ്രകടമായി കാണുന്നു. ജീവന് വില നല്‍കാത്ത മരണ സംസ്കാരം ഇന്നിന്‍റെ ശാപമായി മാറിത്തുടങ്ങി. വീട്ടകങ്ങളില്‍ സൗകര്യങ്ങളുടെ പട്ടുമെത്തയില്‍ സ്വസ്ഥമായി നീങ്ങുന്നവര്‍ക്ക് വ്യക്തിബന്ധങ്ങളുടെ ദൃഢതയും വിള്ളലും വിവേചിച്ചറിയുവാന്‍ കഴിയുന്നില്ല. കളിക്കളങ്ങളിലെ ആരവങ്ങളും ആര്‍പ്പുവിളികളും അയല്‍വക്കങ്ങളിലെ സൗഹൃദ വിരുന്നുമേശകളും വഴിയോരങ്ങളിലെ തണല്‍മരച്ചുവടുകളും ആപ്പുകളും ഷോര്‍ട്ട്സുകളും കൈയ്യടക്കി തുടങ്ങിയപ്പോള്‍ ജീവിതശൈലി രോഗങ്ങള്‍ ചെറുപ്പക്കാരെയും ആക്രമിച്ചു തുടങ്ങി. കാലഘട്ടം ക്ഷണിച്ചു വരുത്തുന്ന മറ്റൊരു വലിയ വെല്ലുവിളിയാണ് ചിട്ടയില്ലാത്ത ചില ശീലങ്ങള്‍, പോഷകാഹാരക്കുറവ്, വിളര്‍ച്ച, ശ്രദ്ധയില്ലായ്മ, ഉണര്‍ച്ചയില്ലായ്മ. ഇവയൊക്കെയും ചിട്ടയല്ലാത്ത ശീലത്തിന്‍റെ ഫലമാണ്. അതുപോലെ അന്ധമായ അനുകരണ ഭ്രമം അപകടപ്പെടുത്തിയ അനേകര്‍ നമ്മുടെ ചുറ്റുമുണ്ട്. ആഘോഷങ്ങള്‍ക്ക് അതിരു വിടുമ്പോള്‍ ശരീരത്തെയും മനസ്സിനെയും കാര്‍ന്നു തിന്നുന്ന വിപത്തുകളെക്കുറിച്ച് ബോധ്യമില്ലാത്തവരായി മാറുന്നു. ചിട്ടയായ ശീലങ്ങളാണ് ഒരുവന്‍റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. അതിരാവിലെ ഉണര്‍ന്ന് പ്രാര്‍ഥനാപൂര്‍വമായ പഠനവും അധ്വാനവും നേരത്തെ ഉറങ്ങുന്ന ശീലവും കൃത്യമായ ആഹാരക്രമവും ആര്‍ഷഭാരത സംസ്കാരത്തിന്‍റെ പൈതൃക ധനമാണ്. ഇവിടെയുള്ള താളം തെറ്റലുകള്‍ നമ്മുടെ കുടുംബങ്ങളെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്‍റെ പിടിയിലാക്കി കഴിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ആഗ്രഹിക്കുന്ന ഭക്ഷണം ആഗ്രഹിക്കുന്ന വിധത്തില്‍ ലഭ്യമാകുന്നതും അവ വാങ്ങിനല്‍കി ശീലിപ്പിക്കുന്ന മാതാപിതാക്കളും കുട്ടികളെ തുരുത്തുകളിലേക്ക് മാറ്റുന്നതിന് ഇടയാക്കി. മാത്രമല്ല കരുതിവയ്ക്കുന്നതും കാത്തിരിക്കുന്നതും പങ്കുവയ്ക്കുന്നതുമായ ഭക്ഷണ സംസ്കാരത്തിലും ഇത് വിള്ളലുകള്‍ സൃഷ്ടിച്ചു. ആരോഗ്യവും അനിവാര്യതയും മറന്ന് താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണക്രമം കൊണ്ടുവന്നപ്പോള്‍ നമ്മുടെ ഭക്ഷണവിഭവങ്ങളിലും പൊളിച്ചടുതലുകള്‍ അനിവാര്യമാക്കി. ഒട്ടേറെ പ്രതിബന്ധങ്ങള്‍ നമുക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും പ്രതീക്ഷകള്‍ക്കുണര്‍വ്വ് നല്‍കുന്ന ഒരു യുവതലമുറയെയും നമുക്ക് കാണാം. കലാലയ പഠനവഴികളിലേക്ക് തിരിയുമ്പോള്‍ കുടുംബസ്വത്തിന്‍റെ പരിഗണനകൂടാതെ തന്നെ സമ്പത്തുള്ളവനും ഇല്ലാത്തവനും ഒരു പോലെ മാതാപിതാക്കളുടെ പണം കൊണ്ട് ഫുഡാന്‍ ഇഷ്ടപ്പെടാതെ സ്വന്തമായി അധ്വാനിക്കുവാന്‍ തയ്യാറാകുന്നു. ഒപ്പം അതിലെ ഒരു പങ്ക് കുടുംബത്തിനായി മാറ്റിവയ്ക്കുകയും ചെയ്യുന്ന ധാരാളം ചെറുപ്പക്കാരുമുണ്ട്. പരാതി പറഞ്ഞു തീര്‍ക്കാവുന്ന ജീവിതസാഹചര്യത്തിലും നിശബ്ദമായി ജീവിതം കോര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നവരേയും കണ്ടുമുട്ടാറുണ്ട്. എന്തിനേറെ പ്രകൃതിദുരന്തത്തിന്‍റെ നാളുകളിലൊക്കെ കൈയ്യും മെയ്യും മറന്ന് ചേര്‍ത്ത് പിടിക്കുകയും സ്വന്തം ചുമല് ചവിട്ടുപടിയായി നില്‍ക്കുകയും ചെയ്യുന്ന നെറ്റ് തലമുറയുടെ നാടാണിത്. വിനാശകരവും സങ്കടപ്പെടുത്തുന്നതുമായ ഒട്ടേറെ വാര്‍ത്തകള്‍ക്കും കാഴ്ചകള്‍ക്കും ഇടയിലും പ്രത്യാശ പകരുന്ന നുറുങ്ങുവെട്ടം നല്‍കുന്ന വിസ്മയങ്ങള്‍ കണ്‍തുറന്നു കാണാന്‍ ഭാഗ്യമുണ്ടാകുന്നുവെന്നത് ആനന്ദകരമാണ്. ചരിത്രം എഴുതി ചേര്‍ക്കപ്പെടുന്നത് അസാധാരണമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചവരിലൂടെയാണ്. അത് ധനം കൊടുത്തുകൊണ്ട് നേടിയെടുക്കേണ്ടതല്ല. ജീവിതവും കര്‍മ്മനിരതമായ പെരുമാറ്റവും കൊണ്ട് ആര്‍ജിക്കേണ്ടതാണ്. അപരനെ പരിഗണിക്കുവാന്‍, ആവശ്യവും അനാവശ്യവും അവിഭാജ്യവും തിരിച്ചറിയുവാന്‍ കരുത്തുള്ള തലമുറ നമ്മുടെയിടയില്‍നിന്ന് കൈകോര്‍ത്തുയരട്ടെ. ലഹരിയുടെ പിടിയില്‍ നിന്നകന്ന് നമ്മുടെ കളിക്കളങ്ങള്‍ സജീവമാകട്ടെ. ഞാറ്റുപാട്ടുകളുടെയും തോറ്റംപാട്ടിന്‍റെയും ഈണവും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും തിണവൈരുദ്ധ്യങ്ങളും സൃഷ്ടിക്കുന്ന താളലയം ജീവിതയാത്രയെ ശോഭിതമാകട്ടെ. തിരിച്ചറിവു നേടാം തിരിഞ്ഞു നടക്കാം ഡോ. സി. മരിയ ഏഴാച്ചേരി SABS അസ്സീസി മാസിക, ജനുവരി 2026

  • മീൻപിടുത്തക്കാർ

    യഹൂദ ജനതയുടെ പ്രതീകസങ്കല്പങ്ങളിൽ മത്സ്യത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഒരു അമ്മമത്സ്യത്തിന് പിന്നാലെ നൂറുകണക്കിന് കുഞ്ഞുങ്ങൾ സഞ്ചരിക്കുന്നത് കണ്ടിട്ടാവാം മത്സ്യത്തെ ഉർവ്വരതയുടെ പ്രതീകമായാണ് അവർ സങ്കല്പിച്ചിരുന്നത്. "ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലിൽ പറ്റം ചേർന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടന്ന് കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു. സമൃദ്ധമായി പെരുകി കടലിൽ നിറയുവിൻ..." ഇങ്ങനെയാണ് സൃഷ്ടിയുടെ അഞ്ചാം ദിവസത്തെ ബൈബിൾ വരച്ചിടുന്നത്. അവിടെത്തന്നെ "പെരുകുവിൻ" എന്ന ആശീർവ്വാദവചനത്തിൽ ഉർവ്വരതയുടെ ധ്വനി നിലകൊള്ളുന്നതായി പില്ക്കാല യഹൂദർ തിരിച്ചറിഞ്ഞിരുന്നു. (ഷബാത്ത് ദിവസത്തെ അവരുടെ ഭക്ഷണം മിക്കവാറും അപ്പവും മാംസവുമായിരുന്നില്ല, പകരം അപ്പവും മീനുമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.) ജലം ജീവൻ്റെ ആധാരമാണ്. ജലസ്രോതസ്സുകളിൽ സ്വാഭാവികമായും മീനുണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മത്സ്യത്തെ ജീവനുമായി ബന്ധിപ്പിച്ച് കാണാൻ അവർക്ക് എളുപ്പമായിരുന്നു. ജലത്തിൽ മനുഷ്യർക്ക് ജീവിക്കാനാവില്ല. എന്നാൽ മത്സ്യങ്ങൾ ജീവിക്കുന്നത് പൂർണ്ണമായും ജലത്തിലാണ്. അതുകൊണ്ടുതന്നെ മീനിനോട് അവർക്ക് ഒരു "അന്യത്വം" (otherness) - തോന്നി. നാം കരയിൽ നിന്ന് നോക്കുമ്പോൾ വെള്ളത്തിലെ മീനിനെ കാണാതിരിക്കുകയും വെള്ളത്തിൽ കിടക്കുന്ന മീനിന് കരയിലെ നമ്മെ കാണാൻ കഴിയുകയും ചെയ്യുന്നതിനാൽ മീനിനെ ദൈവത്തിൻ്റെ ഒരു പ്രായോഗിക രൂപകമായി അവർ കണക്കാക്കി. മാത്രമല്ല, സദാ തുറന്ന കണ്ണുകൾ മത്സ്യത്തിനുള്ളതിനാൽ പ്രത്യേകിച്ചും, ഉറങ്ങുകയോ മയങ്ങുകയോ ഇല്ലാത്ത, ഇമപൂട്ടാത്ത - ദൈവത്തിൻ്റെ ഒരു സാംസ്കാരിക പ്രതീകമായി മത്സ്യത്തെ അവർ കണക്കാക്കി. അത്തരം ഒരു സാംസ്കാരിക പശ്ചാത്തലത്തിലാണ് മത്സ്യം പിടിച്ചുവിറ്റ് കാലയാപനം ചെയ്തു പോന്ന പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ എന്നീ നാലുപേരുടെ ജീവിതത്തിലേക്ക് യേശു കടന്നുവരുന്നത്. "എന്റെ പിന്നാലെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്ന മുക്കുവരാക്കാം" എന്നാണ് അവൻ പറയുന്നത്. "ഹലെയിസ്" എന്ന ഗ്രീക്ക് വാക്കിന് കടലിൽ പോകുന്നവർ, മത്സ്യബന്ധകർ എന്നൊക്കെയാണ് അർത്ഥം. കടലിലെ മുക്കുവരോട് നിങ്ങളെ കരയിലെ മുക്കുവരാക്കാം എന്ന് പറയുന്നതുപോലെ. ഈയിടെ രസമുള്ള ഒരു റീൽ കണ്ടു. മൂന്നു നാല് ചെറിയ കുട്ടികൾ ഒരു കലുങ്കിൻ്റെയോ മറ്റോ അടുത്തുനിന്ന് മീൻ പിടിക്കാനെന്നപോലെ ചൂണ്ടയിടുന്നു. പ്രായപൂർത്തിയായ ഒരാൾ അങ്ങോട്ട് വരുന്നു. "നിങ്ങൾ എന്തു ചെയ്യുകയാണ് " എന്ന് കൗതുകത്തോടെ ചോദിക്കുന്നു. "മീൻ പിടിക്കുകയാണ് " എന്ന് കുട്ടികൾ. ആഗതൻ കലുങ്കിന് താഴേക്ക് എത്തി നോക്കുമ്പോൾ അവിടം ഉണങ്ങിക്കിടക്കുന്നു. "അതിന്, വെള്ളമില്ലല്ലോ", എന്ന് ആഗതൻ. ഒരു കുട്ടി പറയുന്നു: " അതിന്, ഞങ്ങൾ ഉണക്കമീനാ പിടിക്കുന്നത് " !

  • അനന്തരഫലം

    അപ്പന്മാർ നന്നായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ അല്ലേ? തീർച്ചയായും. ആരെക്കുറിച്ചാണ്? നമ്മളെക്കുറിച്ചു തന്നെയാണ് പറയുന്നത്. ഒരു വശത്ത് ലോകമെമ്പാടും ജെൻ-z തലമുറ കൂടുതൽ സത്യസന്ധരും ഋജുമാനസരും സഹാനുഭൂതിയുള്ളവരുമാണ് എന്ന് പറയപ്പെടുന്നു. മറുഭാഗത്ത് ലോകമെമ്പാടും ജനാധിപത്യ സംവിധാനങ്ങൾ തകർച്ചയെ നേരിടുന്നതും പകരം ഏകാധിപതികളും സ്വേച്ഛാധിപതികളും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. ഇപ്പറഞ്ഞ തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ജെൻ-z ഇത്തരം വകതിരിവ് കാണിക്കാതിരിക്കുന്നു എന്ന കുറ്റപ്പെടുത്തൽ. ഈ രണ്ട് യാഥാർത്ഥ്യങ്ങളും എങ്ങനെയാണ് ഒത്തുപോവുക? ആൾജിബ്രയിലെ പോലെയല്ല, സാമൂഹിക യാഥാർത്ഥ്യങ്ങളിൽ സമവാക്യങ്ങൾ അത്രകണ്ട് ഫലവത്താകാറില്ല. മേല്പറഞ്ഞ രണ്ട് യാഥാർത്ഥ്യങ്ങളെയും സാമൂഹിക നിരീക്ഷകർ ശരിവക്കുന്നുന്നുണ്ട്. എന്നാൽ അവയെങ്ങനെ ഒരുമിച്ചു പോകും എന്നതിനെക്കുറിച്ച് പറയപ്പെടുന്ന വിശദീകരണങ്ങൾ പൊതുവേ നാമുദ്ദേശിക്കുന്നതുപോലെ അല്ലന്നുമാത്രം. ഒന്നാമതായി, ജെൻ-z തലമുറ കൂടുതൽ സഹാനുഭൂതിയുള്ളവരാണ് എന്ന പ്രസ്താവന തന്നെയെടുക്കാം. പുതിയ തലമുറയുടെ സഹാനുഭൂതി വ്യക്തിഗതമായ സഹാനുഭൂതി എന്നതിനെക്കാൾ സാമൂഹികമായ ഒന്താണ്. എന്തുകൊണ്ട് ഇത്രയേറെ മനുഷ്യർ ദാരിദ്യമനുഭവിക്കുന്നു? എന്തുകൊണ്ട് ഇത്രയേറെ മനുഷ്യർ ഭവനരഹിതരായിരിക്കുന്നു? എന്തുകൊണ്ട് ഇത്രയേറെ മാറ്റി നിർത്തലുകൾ സമൂഹത്തിൽ ഉണ്ടായിരിക്കുന്നു? എന്തുകൊണ്ട് പ്രകൃതി ഇത്രയേറെ ചൂഷണം ചെയ്യപ്പെടുന്നു? എന്നതെല്ലാമാണ് അവരെ ആകുലപ്പെടുത്തുന്ന ചോദ്യങ്ങൾ. അവർ കേട്ടുവളർന്നതാവട്ടെ, കഴിഞ്ഞ സർക്കാർ അഴിമതി കാണിച്ചു; അവർ ഒന്നും ചെയ്തില്ല; അവർ വൻകിടക്കാരോടൊപ്പമായിരുന്നു; എന്നെല്ലാമുള്ള ജനാധിപത്യത്തിൻ്റെ പരാജയങ്ങളും. പൊതുവേ മതത്തെയും ആത്മീയതയെയും പഴിപറയുന്ന വാങ് മയങ്ങളുമാണ് അവർ കേട്ടുവളർന്നത്. ആത്മീയ ബുദ്ധി കൂടുതൽ പ്രകടിപ്പിക്കുന്നവരുമാണ് പുതിയ തലമുറ. ഇഴകീറിപ്പിരിച്ചുള്ള താത്ത്വിക അവലോകനങ്ങളോന്നും അവർക്ക് പഥ്യമല്ല. സാങ്കേതികവിദ്യ പീക്ക് ചെയ്ത കാലത്ത് ജനിച്ചുവളർന്ന അവർ എളുപ്പവഴിയിൽ ക്രിയചെയ്യാനേ ശീലിച്ചിട്ടുള്ളൂ. ഇന്നുവരെയുള്ള ജനാധിപത്യം പരാജയമായിരുന്നെങ്കിൽ, ജനാധിപത്യ സംവിധാനങ്ങളെയും കോടതികളെയും ഒഴിവാക്കുകയാണ് വേണ്ടത്. അതൊക്കെ അവിടെ നിലനില്ക്കുന്നതിനാൽ, അതിനെയെല്ലാം വെല്ലുവിളിച്ച് മുന്നോട്ടു പോകാനും സമൂഹത്തിൽ ഫലവത്തായ മാറ്റങ്ങൾ വരുത്താനും തണ്ടും തൻ്റേടവുള്ള കരുത്തരായ നേതാക്കളെ തെരഞ്ഞെടുത്തിട്ടേ കാര്യമുള്ളൂ എന്ന രീതിയിലാണ് അവർ ചിന്തിക്കുന്നത്. സ്വാഭാവികമായും, ജനസംഖ്യ അതിൻ്റെ ശൃംഗത്തിലേക്കെത്തുന്ന ഈ നാളുകളിൽ, പെട്ടന്ന് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിവുള്ളവരെന്ന് യുവതലമുറ കരുതുന്ന പ്രബലരായ നേതാക്കന്മാരെ വാഴിക്കുകയാണവർ. അപ്പന്മാർ ശരിയല്ലാതിരുന്നതാണ് ഇതിനെല്ലാം കാരണം! നമ്മളൊക്കെക്കൂടി ചെയ്തുവച്ചതിൻ്റെയൊക്കെ സ്വാഭാവികമായ അനന്തരഫലം!

bottom of page