Delicia Devassy
Oct 21
പഠിച്ചുവന്ന സെമിനാരിയുടെ ജൂബിലിയാഘോഷങ്ങളായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍. അതിന്‍റെ മേല്‍ത്തളത്തില്‍ ആകാശം നോക്കി വെറുതെ കിടക്കുമ്പോള്‍ ഓര്‍ത്തു: ജീവിതത്തിലെ ഏറ്റവും ദീപ്തവും തീക്ഷ്ണവും ആര്‍ജ്ജവവുമുള്ള ഒരു കാലം ചെലവഴിച്ചത് ഇവിടെയായിരുന്നു. നാല്പതുകളുടെ ആരംഭത്തില്‍തന്നെ എത്ര മെഴുകുതിരികളാണ് ഉള്ളില്‍ അണഞ്ഞുപോയത്. വെളിപാടുപുസ്തകത്തിലെ ആരോപണത്തെ ശരിവയ്ക്കുന്നതുപോലെ, ചൂടോ തണുപ്പോ ഇല്ലാത്ത ഒരുതരം ജീവിതം. ആവശ്യത്തിലേറെ ഒത്തുതീര്‍പ്പുകള്‍. നാല്പതുകഴിഞ്ഞവരുടെ ചിന്തകളെ മാത്രമല്ല, അവരെതന്നെയും കൊന്നുകളയണമെന്ന് ഒരു കവിയെഴുതിയിരുന്നു പണ്ട്. നാല്പതിലെത്തിയ അയാള്‍ അത് തിരുത്തി - എന്നെ ജീവിക്കാന്‍ അനുവദിക്കണമെ. എങ്ങനെ ജീവിക്കരുതെന്നതിന്‍റെ പാഠമായിട്ടെങ്കിലും ഞാനങ്ങു ജീവിച്ചോട്ടെ. താഴെ നിന്ന് പുതുമുറക്കാരുടെ ആഹ്ലാദാരവങ്ങള്‍. തീരെയില്ലെന്ന് കരുതിയ ഒരു വികാരം മറനീക്കി പുറത്തു വന്നു, അസൂയ! യൗവനമേ എന്‍റെ കൈവിട്ട യൗവനമേ, ഉള്ളിലെ യയാതി വിവശനാകുന്നു.
നേരിയ ഒരു കുറ്റബോധവും ബാക്കിയുണ്ട്. നിങ്ങള്‍ എഴുതിയ കഥയ്ക്കും എഴുതാമായിരുന്ന കഥയ്ക്കുമിടയിലെ തപ്തനിശ്വാസത്തിന്‍റെ പേരാണ് ജീവിതമെന്ന് ആരാണ് പറഞ്ഞത്. യൗവനത്തിന്‍റെ കാര്യത്തിലെങ്കിലും അത് അച്ചട്ടാണ്. ഏറ്റവും ചെറിയ ഉദാഹരണത്തിന് ഈ കോവണി ചവിട്ടി താഴോട്ടുചെല്ലുമ്പോള്‍ വലിയ ഒരു ഗ്രന്ഥപുരയുണ്ട്. കുറെക്കൂടി പുസ്തകങ്ങളെ ഭക്ഷിക്കാമായിരുന്നു. വശങ്ങളിലുള്ള മുറികളില്‍ പുഞ്ചിരിയോടെ മാത്രമെന്നും നിങ്ങളെ അഭിമുഖീകരിക്കുന്ന ജ്ഞാനികളായ ഗുരുജനങ്ങള്‍ ഉണ്ടായിരുന്നു. അവരെ കുറെക്കൂടി ശ്രദ്ധിക്കാമായിരുന്നു. കെ. ലൂക്ക് എന്ന ആചാര്യനെ പ്രത്യേകമായി ഓര്‍ക്കുന്നു. നാല്പതിലേറെ ഭാഷകള്‍ അറിയാമായിരുന്നു, എന്നിട്ടും തോളിനുമീതെ ശിരസ്സേയില്ലെന്ന മട്ടില്‍ ജീവിച്ചു കടന്നുപോയയാള്‍. ക്ലാസ്സ് മുറിയിലെന്നതിനെക്കാള്‍ ജീവിതം കൊണ്ട് വാഴ്വിന്‍റെ അഗാധരഹസ്യങ്ങള്‍ പറഞ്ഞുതരാന്‍ മാത്രം പ്രഭയുള്ളവര്‍. ഇല്ല, കാര്യമായി അവരെയും പ്രയോജനപ്പെടുത്തിയില്ല. കുറെക്കൂടി വിശ്വസ്തത പലതിനോടും പലരോടും പുലര്‍ത്താമായിരുന്നു. ഹാ, ഖേദത്തിനും ഹര്‍ഷത്തിനും സമാസമം കാര്യങ്ങളുമായി യൗവനം എന്നൊരു കാലം.
ഭാരപ്പെടാന്‍ എന്തെങ്കിലും ഒരു കാരണമില്ലാതെ ആരുടെയെങ്കിലും യൗവനം കടന്നുപോയിട്ടുണ്ടോയെന്ന് നിശ്ചയമില്ല. അതുകൊണ്ടുതന്നെയാവണം ഓരോ കാലത്തിലും യൗവനത്തെ എല്ലാവരും കൂടിയിങ്ങനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. കുറ്റാരോപണങ്ങള്‍ യൗവനത്തെ സഹായിക്കില്ല. കാരണം എന്തിനോടും കലഹിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു റിബല്‍ അവരുടെ ആഴങ്ങളില്‍ ഉണ്ട്. എന്നാല്‍ വിശ്വാസ്യത ഉണര്‍ത്തുന്ന ചില മനുഷ്യരുടെ സൗമ്യമായ ഇടപെടലുകള്‍ അവരെ സഹായിച്ചേക്കും. നീര്‍പ്രവാഹത്തിലെ ഒരിലയെ മറ്റൊരിലതൊട്ട് അതിന്‍റെ ദിശ തിരിച്ചുവിടുന്നതുപോലെ. വയോധികനായ ഒരു ബുദ്ധഗുരു ചെയ്തത് അതാണ്. ആവശ്യത്തിലേറെ പാളുന്ന തന്‍റെ ശേഷക്കാരനെക്കുറിച്ച് പെങ്ങളുടെ നിരന്തരമായ പരാതികേട്ട് അവനെ നേരില്‍ കാണാന്‍ തീരുമാനിച്ചതാണ് അയാള്‍. ഒരു പകലും രാത്രിയും ഒന്നുമുരിയാടാതെ അവനോടൊപ്പം ചെലവഴിച്ചു. പിന്നെ മടങ്ങിപ്പോകുമ്പോള്‍ തന്‍റെ ചെരുപ്പിന്‍റെ നാടകള്‍ കെട്ടാന്‍ ആ ചെറുപ്പക്കാരന്‍റെ സഹായം തിരഞ്ഞു. പിന്നെ നന്ദിസൂചകമായി അവനെനോക്കി പറഞ്ഞു: "നോക്കൂ, സ്വന്തം ചെരുപ്പിന്‍റെ നാട കെട്ടാന്‍ പോലും ആകാതെ കുഴങ്ങുന്ന ഒരു കാലം വരും. അതുകൊണ്ടുതന്നെ നമുക്ക് നമ്മുടെമേല്‍ എല്ലാ അര്‍ത്ഥത്തിലും അധികാരമുള്ള കാലത്തുതന്നെ കുറെക്കൂടി ചിലകാര്യങ്ങള്‍ കണ്ടെത്താനും പ്രകാശിക്കാനും ശ്രദ്ധിച്ചാല്‍ നല്ലതായിരിക്കും." ചെറുപ്പക്കാരന്‍റെ മിഴികള്‍ സങ്കടമൊഴികെ മറ്റേതോ കാരണത്താല്‍ നിറഞ്ഞൊഴുകി. ശിഷ്ടകാലത്തെ മുഴുവന്‍ ചായ്വുകളെയും നിര്‍ണ്ണയിക്കാന്‍ പോകുന്നത് യൗവനത്തിലെ ചില നിലപാടുകളാണെന്ന് ആര്‍ക്കാണറിയാത്തത്. വൃക്ഷം എങ്ങോട്ടു ചാഞ്ഞിരിക്കുന്നവോ അവിടേക്കായിരിക്കും അതിന്‍റെ വീഴ്ച.
ക്രിസ്തുവിനോളം യൗവനത്തെ ഇത്രമേല്‍ ദീപ്തമാക്കിയ അധികം പേരൊന്നും ഉണ്ടാവില്ല. ഞാന്‍ ഉയര്‍ത്തപ്പെടുമ്പോള്‍ ഭൂമിയെ എന്നിലേക്ക് ആകര്‍ഷിക്കുമെന്ന് ഒരു ക്രിസ്തുമൊഴിയുണ്ട്. ശരിയാണ് കവിയെയും പോരാളിയെയും പ്രണയിയെയും ഇടറിയവരെയും ഇയാള്‍ ആകര്‍ഷിച്ചതു കണക്ക് മറ്റാരും ആകര്‍ഷിച്ചിട്ടുണ്ടാവില്ല. അത്തരം ഒരു ആകര്‍ഷണത്തിന്‍റെ പല കാരണങ്ങളില്‍ അയാളുടെ പ്രായം ഒരു പ്രധാനപ്പെട്ട ഘടകമാണെന്നു തോന്നുന്നു. മുപ്പത്തിമൂന്നു വയസ്സിനുപകരം തൊണ്ണൂറ്റിയൊമ്പതു വയസ്സുള്ള ക്രിസ്തുവിനെ സങ്കല്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന വിചാരമെന്താണ്? ഇത്രയും നേരോടെ ജീവിക്കാന്‍ അയാളെ സഹായിച്ചത് ആ പ്രായത്തിന്‍റെ പ്രത്യേകതയാണ്. പാഠങ്ങളില്‍ വെള്ളം ചേര്‍ക്കാതെ കടന്നുപോകാനായതും ചെറുപ്പത്തിന്‍റെ ഭാഗ്യം തന്നെ. ഒന്നോര്‍ത്താല്‍ ജീവിച്ച് കൊതി തീരാത്ത ഒരായുസ്സാണത്. എന്നിട്ടും എല്ലാം പൂര്‍ത്തിയായെന്നാണ് അയാളുടെ അന്ത്യമൊഴി. വ്യക്തിപരമായി ക്രിസ്തുവിനെ ഗൗരവമായിട്ടെടുക്കാന്‍ ഒരിക്കല്‍ എന്നെയും പ്രേരിപ്പിച്ചത് ക്രിസ്തു ചെറുപ്പമാണെന്ന ഒരു വിചാരമായിരുന്നു. എല്ലാം പൂര്‍ത്തിയായെന്ന് പറഞ്ഞ് അവിടുന്ന് കടന്നുപോയ പ്രായത്തിലെത്തുമ്പോള്‍ കുറഞ്ഞപക്ഷം നമ്മള്‍ ആരംഭിക്കുകയെങ്കിലും വേണ്ടെ?
ഒന്നോര്‍ത്താല്‍ നമ്മുടെ യൗവനം കിനാവുകാണുന്ന ഒന്നും അയാളുടെ പൊക്കണത്തില്‍ ഇല്ലായിരുന്നു - നേട്ടമോ, ജയമോ, ധനമോ, സ്വസ്ഥമായൊരു ഗാര്‍ഹികജീവിതം പോലും. ഇത്തരം കാര്യങ്ങളോട് ചേര്‍ത്തുനിര്‍ത്തിയാണ് യൗവനത്തിന്‍റെ ജയപരാജയങ്ങളെ പലരും നിര്‍ണ്ണയിക്കുന്നത്. ആ യൗവന വൃക്ഷത്തിന്‍റെ ഫലങ്ങളെക്കുറിച്ച് നമുക്കൊക്കെ ധാരണയുണ്ട്. എന്നാല്‍ അയാള്‍ ഊര്‍ജ്ജം സ്വീകരിച്ച വേരുകളെ വേദം പരമാവധി ചുരുക്കിയെഴുതും. എന്നിട്ടും അതില്‍ ഒരു യൗവനക്കാരന്‍റെ സമഗ്രവികാസവുമായി ബന്ധപ്പെട്ട് മുഴുവന്‍ സൂചനകളുമുണ്ട്.
പന്ത്രണ്ടുവയസ്സുതൊട്ട് മുപ്പതുവയസ്സുവരെ അയാള്‍ സ്വീകരിച്ച പ്രകാശത്തിന്‍റെ ഒറ്റവരി സാക്ഷ്യം ഇതാണ്: ബാലന്‍ പ്രായത്തിലും ജ്ഞാനത്തിലും ദൈവഭയത്തിലും മനുഷ്യപ്രീതിയിലും വളര്‍ന്നു. ഏതെങ്കിലും തരത്തില്‍ കൗമാരയൗവനക്കാരെ സര്‍ഗ്ഗാത്മകമായി സഹായിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അതിനെ ആധാരവചനമാക്കാവുന്നതേയുളളു. നാല് പ്രതലങ്ങളിലായി നമ്മുടെ ചെറുപ്പക്കാര്‍ക്ക് കിട്ടേണ്ട പ്രകാശം നമ്മള്‍ ഉറപ്പുവരുത്തുന്നുണ്ടോയെന്ന ആത്മശോധനയ്ക്കും അത് നല്ലതാണ്.
ആദ്യത്തേത് സ്റ്റെയ്ച്ച്യുര്‍ എന്ന വാക്കുകൊണ്ട് കൂടുതല്‍ മനസ്സിലാകും. പ്രായമെന്നതിനെക്കാള്‍ ശരീരത്തിന്‍റെ വളര്‍ച്ച, ആരോഗ്യം എന്നൊക്കെയാണതിന്‍റെ ഭേദപ്പെട്ട സൂചനകള്‍. ശരീരം പ്രധാനമായെണ്ണാന്‍ മക്കളെ പഠിപ്പിക്കണം. അതിന്‍റെ ഒരു കാര്യവും അത്ര ലഘുവായി എണ്ണരുത്. ഒരു ചെറിയ ഉദാഹരണത്തിന്, എനിക്കെല്ലാം കഴിക്കാനാവുമെന്ന ഒരു സാധാരണ വര്‍ത്തമാനംപോലും അത്ര ലളിതമായ അനുഗ്രഹമല്ല. അലര്‍ജിയെന്നു പറയുന്നതെന്താണ്? നിങ്ങള്‍ക്ക് പോഷകമായിത്തീരുന്ന ഒരു കാര്യം മറ്റൊരാള്‍ക്ക് അപകടകരമായിത്തീരുന്നു. അതിനെ ദഹിപ്പിക്കുന്ന ഏതോ ഒരു എന്‍സൈമിന്‍റെ അഭാവത്തില്‍ ആ ഭക്ഷണം നിങ്ങള്‍ക്ക് വിഷംപോലെയായിത്തീരുന്നു. ശരീരത്തെ വിസ്മയത്തോടെ കാണാന്‍, ആരോഗ്യത്തെ നിലനിര്‍ത്തുന്ന വ്യായാമങ്ങളിലും ശീലങ്ങളിലും ഏര്‍പ്പെടാനുമൊക്കെയുള്ള നിരന്തരപ്രേരണയുണ്ടാവണം. വൃത്തിയുള്ള അടിവസ്ത്ര ങ്ങളുള്‍പ്പെടെ ആരോഗ്യകര മായ വസ്ത്രരീതിയുണ്ടാവണം.
ആത്മാവിനെക്കുറിച്ച് ഒക്കെ പറയാന്‍ വരട്ടെ. അതൊരു രണ്ടാംഘട്ടമാണ്. ആദ്യം പ്രകാശം നിറഞ്ഞ ഒരു ശരീര അവബോധമുണ്ടാവുകയാണ് പ്രധാനം. വസ്ത്രം-ശരീരം-ആത്മാവ് എന്നിങ്ങനെയാണ് ക്രിസ്തുവിന്‍റെ പാഠങ്ങള്‍ പരിണാമം പ്രാപിക്കുന്നത്. വസ്ത്രത്തേക്കാള്‍ എത്രയോ മടങ്ങ് പ്രധാനമാണ് ശരീരമെന്ന ക്രിസ്തുമൊഴികളെ ധ്യാനിക്കണം. വസ്ത്രത്തിനും ആത്മാവിനുമിടയിലെ ഇടനാഴിയാണ് ശരീരം. അതുകൊണ്ട് തന്നെയാവണം ഏതൊരു ധ്യാനത്തിന്‍റെയും പ്രാഥമികപാഠങ്ങള്‍ ശരീരാവബോധവുമായി ബന്ധപ്പെട്ടതാവുന്നത്. ആയോധനകലകളും യോഗയുമുള്‍പ്പെടെയുള്ള രീതികളും ആത്മീയതയുടെ കളരിയില്‍ രൂപപ്പെട്ടതാണെന്നോര്‍ക്കുക. സെന്‍ പാരമ്പര്യത്തിന്‍റെ ആചാര്യന്‍ ബോധിധര്‍മ്മന്‍ കളരിപ്പയറ്റുള്‍പ്പെടെയുള്ള കായിക കലയിലേക്കാണ് ബുദ്ധഭിക്ഷുക്കളെ ആദ്യം നയിച്ചത്, പിന്നെയാണ് ധ്യാനം. കരാട്ടെ, കുങ്ഫു, തായ്ക്വെണ്ട തുടങ്ങിയ കായിക കലകളൊക്കെ രൂപപ്പെട്ടത് ആത്മീയതയുടെ കൂടാരത്തിനു താഴെയാണ്.
ജ്ഞാനത്തില്‍ പ്രകാശിപ്പിക്കുക എന്നുള്ളതാണ് രണ്ടാമത്തെ പരിഗണന. ക്ലാസ്സ്മുറികള്‍ വച്ചുനീട്ടുന്ന അറിവുകള്‍ അവര്‍ക്ക് മതിയാവില്ലെന്ന് ഇനിയാര്‍ക്കാണ് അറിയാത്തത്. ഒരു മുകുന്ദന്‍ കഥയിലെന്നപോലെ ഏതോ ഒരു കാര്യസ്ഥന്‍ നമ്മളെ തീവണ്ടിയാപ്പീസ്സില്‍ വച്ച് കണ്ടെത്തുന്നു. പിന്നെ കുതിരവണ്ടിയില്‍ ഇരുത്തി വഴിയോരത്തു കാണുന്ന എല്ലാത്തിനെയും പരിചയപ്പെടുത്തി ഉച്ചയാകുമ്പോള്‍ ഒരു തറവാട്ടില്‍ എത്തിക്കുന്നു. പിന്നെ അച്ഛനെയും അമ്മയെയും എന്തിന് ഭാര്യയെ വരെ കാണിച്ചുതരുന്നു. അതുകഴിഞ്ഞ് അയാള്‍ മടങ്ങിപ്പോകും. അപ്പോഴാണ് ഗൗരവമായ ഒരു ചോദ്യം ബാക്കിയാവുന്നത്. എന്നാല്‍ അയാളെ കാണാനേയില്ല. എട്ടുദിക്കുകളുമലറുമാറ് ഇനി നിങ്ങള്‍ ഇങ്ങനെ നിലവിളിക്കും: എല്ലാം പറഞ്ഞുതന്നവനെ ഞാനാരാണെന്ന് മാത്രം നിങ്ങള്‍ പറഞ്ഞു തന്നില്ലല്ലോ. ആദ്യത്തേതിനെ അറിവെന്നും രണ്ടാമത്തേതിനെ ജ്ഞാനമെന്നും വിളിക്കും. ജ്ഞാനത്തിനുവേണ്ടിയാണ് അവര്‍ ഇനി അകത്തും പുറത്തുമൊക്കെ യാത്രചെയ്യേണ്ടത്. ഷേബായിലെ രാജ്ഞി ഒക്കെ വേദഗ്രന്ഥത്തിന് പ്രിയപ്പെട്ടവരാകുന്നതിങ്ങനെയാണ്. ഒരാളുടെ അഴകിനെപ്പോലും നിശ്ചയിക്കുന്നത് അയാളുടെ ഉള്ളിലെ ജ്ഞാനത്തിന്‍റെ പ്രഭയാണ്. ഹൈപ്പേഷ്യാ എന്നൊരു സ്ത്രീ ഒരു കാലത്ത് മുഴുവന്‍ ലോകത്തെയും തന്നിലേക്ക് ആകര്‍ഷിച്ചുനിര്‍ത്തി. നമ്മുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അവര്‍ വിരൂപയായ സ്ത്രീയായിരുന്നു പോലും. എന്നാല്‍ ജ്ഞാനത്തിന്‍റെ ഒരു കനല്‍ അവളുടെ ഉടലിന് കത്തുന്ന ചന്തം നല്കി. അന്നന്നു വേണ്ടുന്ന ആഹാരം തരണമെന്ന് ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ അപ്പത്തിന് അവിടുന്ന് ഉപയോഗിച്ച പദത്തിന് ജ്ഞാനമെന്നും അര്‍ത്ഥമുണ്ടെന്ന് വായിച്ചു.
ദൈവാന്വേഷണത്തിന് അവനെ പ്രചോദിപ്പിക്കുകയാണ് അടുത്ത ചുവട്. ക്രിസ്തുവിനോട് ഒരേയൊരു കാര്യം മാത്രമേ അവന്‍റെ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടിട്ടുള്ളു-പ്രാര്‍ത്ഥിക്കുവാന്‍. നമ്മുടെ കാര്യത്തിലാവട്ടെ അതൊഴിച്ച് ബാക്കിയുള്ളയെല്ലാ കാര്യങ്ങളിലും അവര്‍ സഹായം തേടുന്നു. ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥന അവിടുത്തെ രൂപാന്തരീകരിച്ചതു പോലെ നമ്മുടെ പ്രാര്‍ത്ഥനകള്‍ നമ്മളെ കാര്യമായി മാറ്റാത്തതു കൊണ്ടാണോ ഇത്. നമ്മുടെ നടപ്പുരീതികള്‍ അവന്‍റെ പ്രായത്തെ സഹായിക്കുകയില്ല. നമ്മുടെ ജപങ്ങള്‍ അവനെ മടുപ്പിക്കും. കുറെക്കൂടി മുമ്പോട്ടുപോകാനുള്ള പ്രേരണയാണ് സംഭവിക്കേണ്ടത്. ഒരു കുട്ടി കൈക്കുമ്പിളിലെ ജലത്തില്‍ കണ്ട പക്ഷിയുടെ നിഴലിനെക്കുറിച്ച് റിബറ്റന്‍ കഥയുണ്ട്. അങ്ങനെയൊരു കിളിയില്ലെന്നാണ് എല്ലാവരും അവനോട് പറയുന്നത്. ചിലരാവട്ടെ അവനെ പരിഹസിക്കാനുള്ള ധാര്‍ഷ്ട്യം പോലും കാട്ടി. ഒരേയൊരാള്‍ മാത്രം അവനെ വിശ്വസിച്ചു. അവന്‍റെ യാത്രയെ തടസ്സപ്പെടുത്തിയില്ല. വടക്കന്‍മലകളിലെവിടെയോ അങ്ങനൊരു കിളിയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും പറഞ്ഞു. ഒരു വയോധികനായിരുന്നു അത്. അലഞ്ഞലഞ്ഞ് കുട്ടി ഒരിടത്ത് തളര്‍ന്നുവീഴുന്നു. അവന്‍റെ വിരിച്ചുവച്ച കൈവെള്ളയില്‍ അപ്പോള്‍ ആ അസാധാരണപക്ഷിയുടെ വര്‍ണ്ണത്തൂവല്‍ വന്നു വീണു. ചെറുപ്പക്കാര്‍ കുറച്ചുകൂടി മുന്നോട്ടു പോകട്ടെ.
അത്തരം ചില അന്വേഷണങ്ങള്‍ അവന്‍റെ വേരുകളെ കുറെക്കൂടി അഗാധമാക്കും. അലച്ചിലുകളിലേക്ക് വഴുതിപ്പോകാവുന്ന യൗവനത്തെ വല്ല്യ ഒരളവില്‍ പ്രതിരോധിക്കുന്നത് ഈ അന്വേഷണമാണ്. ദിശാ ബോധമില്ലാത്ത യാത്രകളാണ് അലച്ചിലുകള്‍. ദൈവത്തെ തേടുന്നവനെ വൈകാതെ ദൈവവും കണ്ടെത്തിക്കൊള്ളും. അതുകൊണ്ടാണ് അന്വേഷിക്കുക, നിങ്ങള്‍ കണ്ടെത്തുമെന്ന് നസ്രത്തിലെ യേശു വിളിച്ചുപറയുന്നത്. ചില ഗുരു പ്രസാദങ്ങള്‍ ഈ കാലത്ത് പ്രധാനമാണ്. ദൈവമെന്ന അദൃശ്യപ്രവാഹം നമുക്കു തൊടാവുന്ന നീര്‍പ്രവാഹങ്ങളായി മാറുന്നത് അവരിലൂടെയാണല്ലോ. മുതിര്‍ന്നവര്‍ എന്നനിലയില്‍ അവര്‍ക്കു കൊടുക്കാവുന്ന ഏറ്റവും നല്ലകരുതല്‍ അതാണ് -പ്രകാശമുള്ള ചില മനുഷ്യരുമായി അവരെ പരിചയപ്പെടുത്തുക. അബ്രഹാത്തോടെന്ന പോലെ ദൈവം ഓരോകാലത്തിലും ആ ക്ഷണം ആവര്‍ത്തിക്കുന്നുണ്ട്: വരിക, കൂടാരത്തിന്‍റെ വെളിയിലേക്ക്. ആകാശത്തിലെ നക്ഷത്രങ്ങളെ കാണുക.
ഒടുവില്‍ മനുഷ്യപ്രീതിയിലും അവര്‍ വലംവയ്ക്കട്ടെ. ഇത്രയും പ്രകാശമുള്ള മക്കളെ കാണുമ്പോള്‍ ആര്‍ക്കാണവരെ വാഴ്ത്താതിരിക്കാനാവുക. നസ്രത്തിലെ യേശുവിനെ വാഴ്ത്തുന്നതുപോലെ അവരെ കണ്ടുമുട്ടുന്നവരൊക്കെ ഇങ്ങനെ നിശ്ശബ്ദമായി പറയും: ഇവരെ മുലയൂട്ടിയ മാറും, ഇവരെ വഹിച്ച ഉദരവും എത്ര അനുഗൃഹീതം. മാതാപിതാക്കന്മാര്‍ക്കു വേണ്ടി ചെറുപ്പക്കാര്‍ക്കു കരുതിവയ്ക്കാവുന്ന ഏറ്റവും വലിയ സമ്മാനം അതാണ്. ആഗ്രഹിച്ചതുപോലെ ചില ഭൗതിക സാഹചര്യങ്ങളെങ്കിലും അവര്‍ക്കായി നല്കാന്‍ കെല്പില്ലാത്തവരാണു നമ്മള്‍. ഇനി അവര്‍ക്ക് അതിന്‍റെ ആവശ്യവുമില്ലെന്ന് തോന്നുന്നു. പ്രിയപ്പെട്ട സുഭാഷ്ചന്ദ്രന്‍ എഴുതുന്നപോലെ കാര്‍ വാങ്ങുമ്പോള്‍ അച്ഛനെയിരുത്തി കുറെയേറെ സവാരി ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ അത്തരം ഫലിതങ്ങള്‍ക്ക് നിന്നു കൊടുക്കാതെ അച്ഛന്‍ മരിച്ചു. അച്ഛന്‍റെ ചിതാഭസ്മവുമായി കോഴിക്കോട്ടെക്ക് പോകുമ്പോള്‍ അതാണ് അയാളെ ഭാരപ്പെടുത്തുന്നത്- അച്ഛനു കൊടുക്കാതെപോയ സൗഭാഗ്യങ്ങള്‍. അതു വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തു. സുഭാഷിനെക്കണക്ക് ഒരു മകന്‍ ഉണ്ടായിരിക്കുന്നതു തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. ഇത് സുഭാഷിന്‍റെ മാത്രം കാര്യമല്ല. അത്രയൊന്നും പേരോ സ്വീകാര്യതയോ ഇല്ലാത്ത നാട്ടിന്‍പുറത്തെ ചില പാവം ചെറുപ്പക്കാരെ നോക്കി അമ്മമാര്‍ നെടുവീര്‍പ്പിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്: ഞങ്ങള്‍ക്കു പിറന്നില്ലല്ലോ ഇങ്ങനെയൊരാള്‍.
യൗവനം കുറെക്കൂടി പ്രസാദപൂര്‍ണ്ണമാകട്ടെ. ഒരോ ചെറുപ്പക്കാരന്‍റെയും കാതുകളില്‍ ആരോ മന്ത്രിക്കുന്നുണ്ട്: നീ ഒരേ സമയത്ത് മുന്തിരിയും വീഞ്ഞുമാണ്. അത് തിരിച്ചറിഞ്ഞവര്‍ ഭാഗ്യവാന്മാര്‍.