top of page

സിനിമയുടെ റിപ്പബ്ലിക്കില്‍ പൗരന്മാരെ അഭയാര്‍ത്ഥികളാക്കുന്നതെന്തിന്?

Feb 4, 2020

3 min read

പഗ

movie poster

സിനിമ മലയാളിക്ക് സമ്മാനിച്ചത് മലയാളി സിനിമയ്ക്ക് തിരിച്ചുകൊടുക്കുന്ന കാലമാണിത്. ഫിലിംസൊസൈറ്റികളും ഫിലിംസൊസൈറ്റികള്‍ ഉഴുത മണ്ണില്‍ വിത്തിട്ടുവളര്‍ന്ന ഐ.എഫ്. എഫ്.കെയും മലയാളികളുടെ സിനിമാസ്വാദനത്തില്‍ രൂപപ്പെടുത്തിയ ഭാവുകത്വം പലരീതിയില്‍ സിനിമയോടുള്ള കടപ്പാട് നിറവേറ്റുന്ന തലമുറകാ ലമാണിത്. ആസ്വാദനം പ്രേക്ഷകരില്‍ ഉണ്ടാക്കിയ ഭാവുകത്വം പലവിധത്തില്‍ സിനിമ എന്ന കലയെ പുഷ്ടിപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്രോത്സവങ്ങളിലൂടെ രൂപപ്പെട്ട മലയാളികളിലെ ചലച്ചിത്രസാക്ഷരത പ്രേക്ഷകരെ ഭാവുകത്വപരമായി മാറ്റിപണിതിട്ടുണ്ട്. സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, കലാസംവി ധാനം, ശബ്ദസന്നിവേശം, എഡിറ്റിംഗ്, നിരൂപണം എന്നിങ്ങനെ സിനിമയുടെ നിര്‍മ്മിതിയിലും ആസ്വാദനത്തിലും ഈ സാക്ഷരത പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നതിന്‍റെ തെളിവാണ് അടുത്തകാലത്തായി മലയാളത്തില്‍ ഉണ്ടായ സ്വതന്ത്ര സിനിമകള്‍. നിര്‍മ്മാണത്തിലും വിതരണത്തിലും ആസ്വാദനത്തിലും ഒരുപോലെ സിനിമ എന്ന കലയുടെ സ്വതന്ത്രനിലപാടുകള്‍ വളര്‍ത്തിയെടു ക്കുന്നതില്‍ സ്വതന്ത്രസിനിമകള്‍ ചൊലുത്തുന്ന സ്വാധീനം സവിശേഷമാണ്. ബദല്‍ സിനിമ എന്ന പുതിയ സിനിമയെ ഉത്സാഹിപ്പിക്കുന്നുണ്ട് സ്വതന്ത്രസിനിമ.

ബദല്‍നിര്‍മ്മാണവിതരണരീതിയില്‍ മലയാളത്തില്‍  രൂപപ്പെട്ടുവന്ന  സ്വതന്ത്രസിനിമയെ ചലച്ചിത്രഅക്കാദമി പ്രോത്സാഹിപ്പിക്കുന്നില്ല എന്നതിന്‍റെ സാക്ഷ്യപത്രമാണ് അത്തരം സിനിമക ള്‍ക്ക് ഐഎഫ്എഫ്കെയില്‍ ഇടം വിസമ്മതിക്കുന്ന പ്രവണത. പുതിയ സിനിമക്കെതിരെ പഴയസിനിമ പെരുന്തച്ചന്‍ കോംപ്ലക്സ് നിലനിര്‍ത്തുന്നു എന്ന് ന്യായമായും സംശയിക്കാവുന്ന രീതിയിലാണ് ഈ കണ്ടില്ലെന്നു നടിക്കല്‍. സിനിമയിലെ ജ്ഞാനവരേ ണ്യതയും മൂലധനവരേണ്യ തയും ഇതിനു കാരണമായിരിക്കാം. ഇതുമൂലം നഷ്ടം സിനിമ എന്ന കലയ്ക്കുതന്നെ.

അക്കാദമികള്‍ വിരിയിച്ചെടുത്തവരല്ല ഈ പുതിയ സിനിമക്കാര്‍. അക്കാദമികജ്ഞാനവരേണ്യതയുടെ കര്‍തൃത്വം മലയാളത്തിലെ പുതിയ പരീക്ഷണ സ്വതന്ത്രസിനിമകള്‍ അവകാശപ്പെടുന്നില്ലെന്നു മാത്രമല്ല, അവയ്ക്കെതിരെയുള്ള സിനിമയുടെ തന്നെ ജാഗ്രതയാണ് പുതിയസിനിമകള്‍. ആശയത്തിലും ആവിഷ്കാരത്തിലും പുതിയ കാലത്തിന്‍റെ ആലോചനകള്‍ ഏറ്റുപിടിക്കുന്നുണ്ട.് പുതിയസിനിമ കള്‍ പുതിയ സെന്‍സിബിലിറ്റിയെ പിന്തുടരുന്നു. സിനിമകള്‍ നിരന്തരം കണ്ടുപഠിച്ചാണ് പുതിയതലമുറ സിനിമ എന്ന കലയെക്കുറിച്ചുള്ള സ്വന്തം സെന്‍സിബിലിറ്റി രൂപപ്പെടുത്തിയതും. ചലച്ചിത്രോ ത്സവങ്ങളായിരുന്നു പുതിയ സിനിമയുടെ അക്കാദമികള്‍.

ഡിജിറ്റല്‍ വിപ്ലവത്തിന്‍റെ കാലത്ത്  സിനിമക്കാരും പ്രേക്ഷകരും ഒരുപോലെ മാറുകയാണ്. ആര്‍ക്കും ഏതു സിനിമയും ഏതു സമയത്തും സ്വന്തം ഹിതവും സൗകര്യവുമനുസരിച്ച് തിരഞ്ഞെടുത്ത് കാണാവുന്ന നിലവന്നു. സിനിമാപ്രദര്‍ശനങ്ങളിലെ പഴയകാലരീതി യാഥാസ്ഥിതികമാവുകയും അട്ടിമറിക്കപ്പെട്ടുകയും ചെയ്തു. ചരിത്രത്തിന്‍റെ വിധിയാണിത്. സിനിമ കാണലിലെ സാമൂഹികതയെക്കുറിച്ച്  സൂസന്‍ സൊണ്ടാഗ് ചൂണ്ടിക്കാട്ടിയ ശ്രദ്ധേയമായ നിരീക്ഷണമുണ്ട്. പ്രേക്ഷകര്‍ ആള്‍ക്കൂട്ടമായി തിരശീലയ്ക്കുമുന്നിലിരുന്ന് സിനിമ ആസ്വദിക്കു മ്പോള്‍ ഓരോരുത്തരുടെയും മുന്നില്‍ പ്രത്യക്ഷമാ വുന്ന തന്നെക്കാള്‍ വലിയ രൂപങ്ങളിലൂടെ പുതിയ അനുഭവലോകം തേടിപ്പിടിക്കുന്നു. ആ വഴിയില്‍ പ്രേക്ഷകര്‍ വ്യക്തി എന്ന നിലയില്‍ ഓരോരുത്തരാ വുന്നു, സമൂഹം എന്ന നിലയില്‍ പലവംശങ്ങളാവുന്നു, ചിലപ്പോള്‍ സമൂഹം എന്ന നിലയില്‍ ഒറ്റവംശം തന്നെയാവുന്നു. സിനിമ കാണുന്നതിനിടെ അതുവരെ തൊട്ടടുത്തിരിക്കുന്നവര്‍ ആരാണെന്നുപോലും അറിയാത്ത പ്രേക്ഷകരില്‍ അവര്‍പോലും മനസ്സില്‍ നിനയ്ക്കാത്ത തികച്ചും അവര്‍ക്കന്യമായ സംക്രമണം സംഭവിക്കുന്നു.

ആസ്വാദനത്തിന്‍റെ പലഘട്ടങ്ങളില്‍ വ്യക്തി എന്ന നിലവിട്ട് സമൂഹമായും നേരെതിരിച്ചും സംക്രമിക്കുന്നു.

ഇതാണ് സിനിമ, പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന സൂസന്‍സോണ്ടാഗ് ചൂണ്ടിക്കാട്ടുന്ന സാമൂഹികത. ഇന്‍റര്‍നെറ്റിന്‍റെ വരവോടെ സംഭവിച്ച ഡിജിറ്റല്‍ വിപ്ലവത്തിന്‍റെ കാലത്ത് സിനിമയുടെ പ്രദര്‍ശനശാ ലകള്‍ നേരത്തെ നിര്‍മ്മിച്ചിരുന്ന സാമൂഹികതാ സങ്കല്പം യാഥാസ്ഥിതികമായി പോവുന്നു. പ്രേക്ഷകര്‍ ആള്‍ക്കൂട്ടമായി സിനിമ കാണുന്ന രീതിയും അങ്ങനെ യാഥാസ്ഥിതികമാവുന്നു. ആള്‍ക്കൂട്ടം, സമൂഹം എന്നീ കര്‍തൃത്വപരമായ ബാധ്യതകളില്‍നിന്ന് ചലച്ചിത്രപ്രേക്ഷകര്‍ പിന്‍വാങ്ങുന്ന കാലത്തിപ്പോള്‍ യാഥാസ്ഥിതികവും ആധുനികവുമായ വൈരുദ്ധ്യാത്മകരീതികളെ ഒരേസമയം സിനിമ ഇപ്പോള്‍ പിന്തുടരുന്നുണ്ട് എന്നത് വസ്തുതയാണ്.

ഇതൊരു ട്രാന്‍സിഷന്‍പിരീഡാണ്, പഴയതിനും പുതിയതിനും ഇടയില്‍ ഇടവേള മാഞ്ഞുപോവുന്ന കാലം. ഇവയിലേതു രീതി  ഒടുവില്‍ അതിജീവിക്കും എന്ന് ഇപ്പോള്‍  പറയാനാവില്ല, യാഥാസ്ഥിതികമായ കാണല്‍രീതിയെ ഇപ്പോഴും പിന്തുടരുന്ന ഒരു പ്രേക്ഷകനെ സംബന്ധിച്ച്.

ഐഎഫ്എഫ്കെയിലെ പതിവുകാരന്‍  എന്ന നിലയില്‍ ഐഎഫ്എഫ്കെയിലെ ഇപ്പോഴത്തെ യൗവനത്തിന്‍റെ സാന്നിധ്യം നോക്കുമ്പോള്‍ തലമുറകെണി(generation trap) പിടികൂടിയോ എന്ന സംശയമുണ്ട്. യൗവനം എത്തുന്നേയില്ല എന്നല്ല ചൂണ്ടിക്കാട്ടുന്നത്, യൗവനത്തിന്‍റെ പ്രാതിനിധ്യം താരതമ്യേന കുറയുന്നു എന്ന യാഥാര്‍ത്ഥ്യം വസ്തുതാപരമാണ്. 24വര്‍ഷം പിന്നിടുന്ന ഐഎഫ്എഫ്കെയ്ക്ക,് ഐഎഫ്എഫ്കെ ജനിച്ച കാലത്തെ യൗവനമാണ് കൂട്ടിനിപ്പോഴും പ്രേക്ഷകരിലേറെ എന്നുവരുമ്പോള്‍ ഐഎഫ്എ ഫ്കെ കേവലം നൊസ്റ്റാള്‍ജിയക്കപ്പുറം പുതിയ തലമുറയില്‍ സാക്ഷാത്കരിക്കപ്പെടുന്നില്ലെന്ന് സാരം. വിദ്യാര്‍ത്ഥികള്‍ക്ക് ഡെലിഗേറ്റ് ഫീസിനത്തില്‍ നല്‍കിവരുന്ന ഇളവ് കൂടിയില്ലായിരുന്നു. എത്രത്തോളം വരും പുതിയ യൗവനത്തിന്‍റെ പ്രാതിനിധ്യം എന്ന് ആലോചിക്കാവുന്നതാണ്. ഐഎഫ്എഫ്കെയില്‍ നിന്ന് അകലം പാലിക്കുന്ന പുതിയ യൗവനം ലോകത്തിറങ്ങുന്ന പുതിയ സിനിമകള്‍ കാണുന്നില്ലെന്നോ പുതിയ സിനിമകളിലെ പ്രവണതകള്‍ പിന്തുടരുന്നില്ലെന്നോ അല്ല അര്‍ത്ഥമാക്കുന്നത്. ഫിലിംഫെസ്റ്റിവലില്‍ സാന്നിധ്യ മാവാത്ത പുതിയ യൗവനം പുതിയ സിനിമകളെ കൃത്യമായി പിന്തുടരുന്നുണ്ട്. അതിനവര്‍ക്ക് ഐഎഫ്എഫ്കെ പോലുള്ള വലിയ വേദികള്‍ വേണമെന്നില്ല. ഇവിടെയാണ് സാങ്കേതികവിദ്യയുടെ തുറസുകള്‍ അവരുടെ മുന്നില്‍ വലിയ സാധ്യതകളാവുന്നത്.

ക്യാമറ പേനയാവുന്ന കാലം സംഭവിക്കുന്ന തിനെക്കുറിച്ച് പ്രവചനാത്മകമായ അവാന്ത്ഗാദ് നിരീക്ഷണം കഴിഞ്ഞനൂറ്റാണ്ടിന്‍റെ ഇരുപതുകളില്‍ അലക്സാണ്ടര്‍ ആസ്ട്രൂക്ക് നടത്തിയിട്ടുണ്ട്. ഈ നൂറ്റാണ്ടിന്‍റെ ആദ്യദശകത്തില്‍ തന്നെ അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. കവിതയും കഥയും പ്രബന്ധവും എഴുതുന്നത് പോലെ സിനിമയെടുക്കാവുന്ന കാലം വരുമെന്നാണ് ആസ്ട്രൂക്ക് അന്നു പ്രവചിച്ചത്. സിനിമ ഭാഷയും ക്യാമറ പേനയും ആവുന്ന കാലമാണത്! ആ കാലം സംഭവിച്ചുകഴിഞ്ഞു. വിഷ്വല്‍കള്‍ച്ചറുള്ള ആര്‍ക്കും ചലച്ചിത്രകാരനാവാം, പ്രതിഭയുണ്ടെങ്കില്‍ ആര്‍ക്കും ചലച്ചിത്രകാരന്‍ എന്ന നിലയില്‍ പിടിച്ചു നില്‍ക്കാമെന്ന സ്ഥിതിയും വന്നു. സാങ്കേതിക വിദ്യയില്‍ വിപ്ലവങ്ങള്‍ സംഭവിച്ചതോടെ  നിര്‍മ്മാണ വും വിതരണവും ജനകീയമായി. കവിതയും കഥയും പ്രബന്ധവും എഴുതുന്നതുപോലെ സിനിമ ആവിഷ്കരിക്കാനും സാധിക്കുന്ന കാലത്ത് കവിതയും കഥയും പ്രബന്ധവും ആസ്വദിക്കാവുന്നതുപോലെ സിനിമയും ആസ്വദിക്കാമെങ്കില്‍ പിന്നെയെന്തിനാണ്  സിനിമയ്ക്ക് ആള്‍ക്കൂട്ടങ്ങളുടെ ഉത്സവങ്ങള്‍.സാങ്കേതികവിദ്യ  പുരോഗമിച്ചതിന്‍റെ ഫലമായി ദേശങ്ങള്‍ക്കിടയില്‍, വംശങ്ങള്‍ക്കിടയില്‍ അകലങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് ചലച്ചിത്രോത്സവ ങ്ങളെന്തിനിങ്ങനെ നഗരകേന്ദ്രീകൃത കൊട്ടകസ്വഭാവം നിലനിര്‍ത്തുന്നത് എന്ന പ്രശ്നം അതുകൊണ്ടുതന്നെ സംവാദാത്മകമാണ്.

ആ പ്രശ്നത്തിന്മേല്‍ സംവാദത്തെ അഭിമുഖീകരി ക്കുന്നുണ്ടോ ഇല്ലയോ എന്ന യാഥാര്‍ത്ഥ്യം മറ്റൊന്നാണെങ്കിലും. കൂടുതല്‍ വികേന്ദ്രീകൃത മാവണം ചലച്ചിത്രോത്സവങ്ങള്‍ നെറ്റ്ഫ്ലിക്സ് കാലത്ത്. നിര്‍മ്മാണത്തിന്‍റെ തലത്തില്‍ സിനിമ മാറിയെങ്കില്‍ വിതരണത്തിന്‍റെ മേഖലയിലും മാറ്റം നിര്‍ബന്ധമാണ്. കാരണം സാമ്പ്രദായിക ബാധ്യതകളില്‍നിന്ന് വിമോചിതരായ പ്രേക്ഷകരാണ് സിനിമാറിപ്പബ്ലിക്കിലെ  പുതിയ പൗരര്‍. അവര്‍ പഴയ കാഴ്ചയുടെയും കാഴ്ചപ്പാടിന്‍ന്‍റെയും ആരാധക രേയല്ല. പുതിയകാലത്തെ കാഴ്ചക്കാരെയും കാഴ്ചപ്പാടിനെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നവീകരണം ചലച്ചിത്രോത്സവങ്ങള്‍ ആവശ്യപ്പെടു ന്നുണ്ട്. തിക്കിലും തിരക്കിലും പെട്ടുഴലുന്ന പ്രേക്ഷകര്‍ മോക്ഷം പ്രതീക്ഷിച്ച് ബലിയാവാന്‍ മോഹിക്കുന്ന ഭക്തരേയല്ല, സ്വയം ബോധ്യമുള്ള പ്രേക്ഷകരാണ് സിനിമാറിപ്പബ്ലിക്കിലെ പൗരര്‍.


Featured Posts