ആംവേ (അഥവാ അമേരിക്കന്‍ വേ) എന്ന ബഹുരാഷ്ട്ര വില്പനശൃംഖലാകമ്പനിയുടെ ഇന്ത്യയിലെ തലവന്‍ വില്യം സ്കോട്ട് പിന്‍കെനിയേയും കൂട്ടാളികളായ അന്‍തു ബുദ്ധരാജാ നന്ദന്‍, സഞ്ജയ്മന്‍ ഹോകു എന്നിവരേയും ഇക്കഴിഞ്ഞ മെയ് 27ന് കോഴിക്കോട് ജില്ലാ സൂപ്രണ്ടിന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് അറസ്റ്റുചെയ്തത് കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ചകളുയര്‍ത്തി. അറസ്റ്റിനെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് കേന്ദ്രത്തിലെ യുദ്ധ കോര്‍പറേറ്റ് വകുപ്പുമന്ത്രി സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. സംസ്ഥാനസര്‍ക്കാരിനെ പരസ്യമായി ശാസിച്ചു. അല്പം വിരണ്ടുപോയ സംസ്ഥാന ആഭ്യന്തരമന്ത്രി തന്നെ ഈ അറസ്റ്റ് സംബന്ധിച്ച് എന്തെങ്കിലും തെറ്റായ നടപടികളുണ്ടായോ എന്നന്വേഷിക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തി. പിറ്റേന്നുതന്നെ അവര്‍ക്കു ജാമ്യം നല്‍കുകയും ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലെ നിരവധി ഉപഭോക്താക്കളും വിതരണക്കാരും നല്‍കിയ 'വഞ്ചനാക്കുറ്റം' വച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവിലുള്ള 'പ്രൈസ് ചിറ്റ്സ് ആന്‍റ് മണി സര്‍ക്കുലേഷന്‍' (നിരോധന) നിയമം 1978 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. ക്രമാതീതമായ 'ലാഭം' വാഗ്ദാനം ചെയ്യുന്ന പദ്ധതികളെ ഇത്തരം നിയമത്തിനു കീഴിലാണ് കൊണ്ടുവന്നിരിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിച്ചതും ഇതേ വ്യവസ്ഥ വെച്ചാണ്.
ആംവേയെന്ന ഈ ബഹുതല വ്യാപാരശൃംഖലയുടെ വക്താക്കളും അതിനെ പിന്താങ്ങുന്നവരും ഉന്നയിക്കുന്ന ഒരു പ്രധാന വാദം, ഈ നിയമം ഇന്നത്തെ കാലത്തിനു യോജിച്ചതല്ല എന്നാണ്. എന്താണിന്നത്തെ പുതിയകാലം? ആഗോള കമ്പോളമൂലധന വ്യാപാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഊഹക്കച്ചവടം. ഓഹരിയുടേതുമുതല്‍ അവശ്യ ഉത്പന്നങ്ങളുടേതുവരെ കമ്പോളങ്ങളെ 'ഊഹക്കമ്പോള'ങ്ങളാക്കുകയാണവര്‍. സ്വാഭാവികമായി വ്യാപാരം നടത്തുമ്പോള്‍ കിട്ടുന്നതിന്‍റെ പലമടങ്ങ് ലാഭം ഇവിടെ 'വാഗ്ദാനം' ചെയ്യപ്പെടുന്നു. ഇത്തരമൊരു ശൈലിയിലുള്ള വ്യാപാരത്തിന് ചേര്‍ന്നതല്ല ഈ നിയമമെന്നതാണിവരുടെ വാദം. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം. തെറ്റായാലും ശരിയായാലും ഇന്നു നിലവിലുള്ള നിയമത്തിനെതിരായ പ്രവൃത്തിയാണിവര്‍ ചെയ്യുന്നതെന്നതാണത്. 'നിയമം ശരിയല്ല' എന്ന കാരണം പറഞ്ഞ് ഒരാള്‍ക്കതു ലംഘിക്കാനാകുമോ?
ഈ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്നും ഇവര്‍ വാദിക്കുന്നു. ഉണ്ടാകാം. ഊഹമൂലധനത്തിനും അവര്‍ നടത്തുന്ന 'നിക്ഷേപ'ങ്ങള്‍ക്കും അനുകൂലമായി ഏതു നിയമവും മാറ്റാന്‍ തയ്യാറാകുന്നതാണ് ആഗോളീകരണ അധിനിവേശ കാലത്തെ സര്‍ക്കാരുകളുടെ സമീപനം. ഇതിനെയാണ് 'നിക്ഷേപസൗഹൃദം' എന്നു വിളിക്കുന്നത്. ഇന്ത്യയില്‍ ഒട്ടനവധി ജനവിരുദ്ധ നിയമങ്ങളുണ്ട്. 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചാണ് ഇപ്പോഴും ലക്ഷക്കണക്കിനു മനുഷ്യരെ സ്വന്തം വീടുകളില്‍നിന്നു കുടിയിറക്കുന്നത്. അതു ഭേദഗതി ചെയ്യാന്‍ രാജ്യമാകെ നിരവധി സമ്മര്‍ദ്ദങ്ങളുണ്ടായി. കരട് നിയമം പാര്‍ലമെന്‍റിന്‍റെ മുന്നിലെത്തിയിട്ട് വര്‍ഷങ്ങളായി. ഏതു നിലക്കു നോക്കിയാലും ജനങ്ങളെ ഏറ്റവും ദ്രോഹകരമായി ബാധിക്കുന്ന ഈ പുതിയനിയമം പാസാക്കിയശേഷം മതി ഭൂമി ഏറ്റെടുക്കല്‍ എന്ന വാദം സര്‍ക്കാരോ ഈ 'നിക്ഷേപ സൗഹൃദ രാഷ്ട്രീയ നേതാക്കളോ' അംഗീകരിക്കുമോ? ഇല്ലായെന്നു മാത്രമല്ല, കഴിയുന്നത്രവേഗം പരമാവധി ജനങ്ങളെ കുടിയിറക്കി 'വികസനത്തിനു ദാഹിക്കുന്ന നിക്ഷേപകര്‍ക്കു നല്‍കണം' എന്നാകും ഇവരെല്ലാം പറയുക. ലളിതമായി പറഞ്ഞാല്‍ ജനങ്ങള്‍ക്കു ഗുണകരമാകുന്ന വിഷയങ്ങളില്‍ 'നിയമത്തിലെ തിരുത്തല്‍' ഇവര്‍ ആവശ്യപ്പെട്ടില്ല. സ്ത്രീകളുടെ സംവരണം സംബന്ധിച്ച നിയമം എത്രകാലമായി ലോകസഭയില്‍ 'ശാപമോക്ഷം' കാത്തുകിടക്കുന്നു? ചുരുക്കിപ്പറഞ്ഞാല്‍, നിലവിലുള്ള നിയമത്തിനു വിരുദ്ധമായാണ് ആംവേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ ഇവര്‍ക്കെതിരെ നടപടിയെടുത്തതില്‍ ഒരു തെറ്റുമില്ല.
വിഷയം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം ഇതുതന്നെയാണ്. 2007 ജൂലൈയില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ ഇതു സംബന്ധിച്ച വിധി ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. റദ്ദാക്കിയിട്ടുമില്ല. ആംവേയുടെ പ്രവര്‍ത്തനം തീര്‍ത്തും നിയമവിരുദ്ധമാണെന്നും അവരുടെ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് ആ വിധി. കേരളത്തില്‍ത്തന്നെ ഇതിനു മുമ്പും ചില കേസുകളില്‍ ആംവേ ഉന്നതര്‍ തടവിലായിട്ടുണ്ട്. വന്‍തുകകള്‍ക്കുള്ള ഉല്പന്നങ്ങള്‍ വാങ്ങാന്‍ തങ്ങളെ കമ്പനി നിര്‍ബന്ധിക്കുന്നുവെന്ന് വിതരണക്കാരും ഉപഭോക്താക്കളും പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേറ്റ് മാനേജര്‍ രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരു ഡസനോളം ഗോഡൗണുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഇതിനെതിരെ ഒന്നും ചെയ്യാന്‍ കമ്പനിക്കായില്ല. ചുരുക്കത്തില്‍ നിയമപരമായി നിലനില്‍പ്പില്ലാത്ത ഒരിടപാടാണ് ആംവേ.
ഇതിന്‍റെ പ്രശ്നം നിയമം മാത്രമല്ല. അടിസ്ഥാനപരമായി ഒരു വില്പന ശൃംഖലയെന്ന രീതിയിലല്ല ഇതു നിലനില്‍ക്കുന്നത്. മറിച്ച് വന്‍ലാഭം കൊയ്യാന്‍ കഴിയുന്ന ഒരു 'മണി ചെയിന്‍' എന്ന രൂപത്തില്‍ തന്നെയാണ്. നല്ല വരുമാനം മറ്റു രീതിയില്‍ ലഭിക്കുന്ന ഡോക്ടര്‍മാരും വക്കീലന്മാരും വരെ ഈ 'ചില്ലറ വില്പന' രംഗത്തിറങ്ങുന്നത് കേവലം 'സാമൂഹ്യ സേവനം' ലക്ഷ്യമാക്കിയല്ലെന്നു തീര്‍ച്ച. തങ്ങള്‍ മണിചെയിന്‍ അല്ലായെന്നു സ്ഥാപിക്കാന്‍ ചില സൂത്രപ്പണികള്‍ ആംവേ ചെയ്യുന്നുണ്ട്. സാധാരണ മണിചെയിന്‍ പരിപാടിയില്‍ ജ്യാമിതീയ പ്രോഗ്രഷനില്‍ (ഒന്ന് -മൂന്ന്-ഒമ്പത്- 27 എന്നിങ്ങനെ കൂടുന്നത്) ആണ് ആളെ ചേര്‍ക്കേണ്ടത്. ഒന്നാമനില്‍ നിന്ന് മൂന്നുപേര്‍. ആ മൂന്നുപേരും മൂന്നുപേരെ വീതം ചേര്‍ത്താല്‍ ആദ്യത്തെയാള്‍ക്കു മുടക്കുമുതല്‍ തിരികെക്കിട്ടും. പിന്നീടുതാഴെ ഇതേ ക്രമത്തില്‍ ചേര്‍ക്കുന്നതനുസരിച്ച് മുകളിലത്തെയാള്‍ക്ക് 'വിഹിതം' കിട്ടും. ആംവേ ഇതല്പം മാറ്റി. ഒന്നില്‍ നിന്ന്, മൂന്ന്, ഒമ്പത് എന്നു പോകാതെ ഒരാള്‍ തന്നെ ഒമ്പതു പേരെ ചേര്‍ത്താലും മതി. ഫലം ഒന്നു തന്നെ. ഒമ്പതു പേരുടെ വരുമാനം കമ്പനിക്കു കിട്ടുമ്പോഴാണ് ഒരാള്‍ക്കു മുടക്കുമുതല്‍ കിട്ടുക. ബാക്കി എട്ടുപേര്‍ക്കു പണം കിട്ടാന്‍ അവര്‍ ഓരോരുത്തരും 9 പേരെ ചേര്‍ക്കണം. ഫലം 72 പേര്‍ ശൃംഖലയില്‍ ചേര്‍ന്നാല്‍ 8 പേര്‍ക്ക് പണം കിട്ടും. ബാക്കി 64 പേരുടെ പണം കമ്പനിയുടെ കയ്യില്‍. ലാഭത്തിനുവേണ്ടി അവരും ഇതുപോലെ താഴേക്കു ചേര്‍ത്തുപോകുന്നുവെന്നു കരുതുക. 201-ാമത്തെ 'പടി' എത്തുമ്പോള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും അതില്‍ അംഗങ്ങളാകണം. അത്രയും പേര്‍ക്കു പണം തിരിച്ചു കിട്ടാന്‍, അതിന്‍റെ 9 മടങ്ങ് (ഒരുപക്ഷേ ദക്ഷിണേന്ത്യക്കാര്‍) പേര്‍ ചേര്‍ന്നാല്‍ അവര്‍ക്ക് എല്ലാവര്‍ക്കും കമ്പനിയില്‍നിന്നു മുടക്കുമുതല്‍ കിട്ടാന്‍ ഇന്ത്യാക്കാര്‍ മുഴുവന്‍ ചേരണം. ഇതിലെവിടെയെങ്കിലും വെച്ച് ശൃംഖല മുറിഞ്ഞാല്‍ അതിനുമുകളിലേക്കടക്കമുള്ളവര്‍ അടച്ചപണം കമ്പനിക്ക്.
ഇവിടെ 'പണം' കൊണ്ടല്ല ചെയിന്‍ ഉണ്ടാക്കുന്നത്. മറിച്ച് ഉത്പന്നങ്ങള്‍ കൊണ്ടാണ്. യഥാര്‍ത്ഥ വിലയുടെ 10-20-50 വരെ മടങ്ങ് വിലയാണ് പല ഉത്പന്നങ്ങള്‍ക്കും ഏറ്റവും കൂടിയ ചില്ലറ വില്പന വില (എം.ആര്‍.പി) ആയി ഇവരിടുന്നത്. സാധാരണഗതിയില്‍ സ്വന്തം ഉപയോഗത്തിന് ഇത്ര ഉയര്‍ന്ന വില നല്‍കി ഒരു ഉപഭോക്താവും ഇതു വാങ്ങില്ല (അതിസമ്പന്നരൊഴിച്ച്). ഏതാണ്ടെല്ലാവരും ഈ 'കൂടിയ വില' നല്‍കുന്നത്, ഇതിലെ 'മണി ചെയിന്‍' ഘടകം മൂലമാണ്. എന്‍റെ നിരക്കില്‍ മറ്റ് ഒമ്പതുപേരെക്കൊണ്ട് ഈ ഉത്പന്നം എടുപ്പിച്ചാല്‍ എന്‍റെ 'മുതല്‍' തിരിച്ചുകിട്ടും. പിന്നെ താഴെയാരെങ്കിലുമെടുത്താല്‍ വന്‍ലാഭം. (ഇവിടെ ഒമ്പത് എന്ന ഗുണനഘടകം ഒരു ഉദാഹരണം മാത്രം. ഏതു സംഖ്യയുമാകാം.) ഈ മണി ചെയിന്‍ ഘടകം ഇല്ലാതിരിന്നുവെങ്കില്‍, പൊതു കമ്പോളത്തില്‍ വച്ചാല്‍ ഒരാള്‍ പോലും നേരിട്ടു വാങ്ങാത്ത ഒന്നാണ് ഈ ഉത്പന്നങ്ങള്‍.
ഇതിന്‍റെ വില്പന 'ഡയറക്ട് മാര്‍ക്കറ്റിങ്ങ്' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നിര്‍ബന്ധിത വില്പന വഴി തന്നെയാണ്. വാങ്ങുന്നവരില്‍ വലിയൊരു 'ലാഭ' സാദ്ധ്യതയുടെ മോഹം സൃഷ്ടിച്ചാണ് വ്യാപാരമെന്നര്‍ത്ഥം. ലോട്ടറി ടിക്കറ്റില്‍ നിന്നും അത്ര വ്യത്യസ്തമല്ല ഇത്. താഴെ ആളുകളെ ചേര്‍ക്കാനായില്ലെങ്കില്‍ നഷ്ടമെന്നു മനസ്സിലാക്കുന്ന ഇവര്‍, ഏതു വിധേനയും മറ്റുള്ളവരെ ഇതില്‍ ചേര്‍ക്കാന്‍ പാടുപെടുന്നതില്‍ അത്ഭുതമില്ല. തനിക്ക് 'ഏറ്റവും അടുപ്പമുള്ളവരെ' യാണ് ആദ്യം 'ചങ്ങലയില്‍ കുരുക്കുക'. വളരെ ഗംഭീരമായ 'വ്യാപാര ധാര്‍മികത'യെപ്പറ്റി വാചാലമാകുന്ന ആംവേ എന്ന ബഹുരാഷ്ട്ര ഭീമന്‍റെ വക്താക്കള്‍ ചെയ്യുന്നത് നമ്മെ ഏറ്റവുമധികം വിശ്വസിക്കുന്നവരെ കുരുക്കുകയെന്നതാണ്. ഇത്തരത്തില്‍ 'വീഴാന്‍' ഒരാള്‍ തയ്യാറല്ലെങ്കില്‍, പിന്നീട് ആ മനുഷ്യനുമായി യാതൊരു ബന്ധവും വേണ്ടതില്ലെന്നതാണിവരുടെ 'ധാര്‍മികത'. നമ്മുടെ നാട്ടില്‍ കുടുംബശ്രീയടക്കമുള്ള ചെറിയ ഉത്പാദകര്‍ വീടുതോറും കൊണ്ടുനടന്ന് ഉത്പന്നങ്ങള്‍ വിറ്റ് ഉപജീവനം കഴിക്കുന്ന പോലൊരിടപാടാണിതെന്ന രീതിയില്‍ ചിലരെങ്കിലും പ്രചരണം നടത്തുന്നുണ്ട്. ഇതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ 'തൊഴിലാളികള്‍' എന്ന രീതിയില്‍ കണ്ട് സംഘടിപ്പിച്ച ചില നേതാക്കള്‍ ഇതിനുവേണ്ടി വാദിക്കുന്നതു കാണുന്നുണ്ട്.
ഇക്കൂട്ടരുടെ കൂടി ശ്രദ്ധക്കായി ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. കേവലം കമ്മീഷന്‍, ലാഭം തുടങ്ങിയ പരമ്പരാഗത ശൈലിയില്‍ വരുമാനം നേടുന്ന ഒന്നല്ല ഈ ആംവേ പോലുള്ളവ എന്നതാണ് ഒന്നാമത്തെ കാര്യം. അങ്ങനെയായിരുന്നെങ്കില്‍ 'നേരിട്ടു വില്പന നടത്തുന്ന' കുടുംബശ്രീയടക്കമുള്ളവരും മറ്റു നിരവധി പരമ്പരാഗത വില്പനക്കാരും ഇതില്‍പ്പെടുമായിരുന്നു. എന്താണ് കുടുംബശ്രീ പോലുള്ളവരും ഇവരും തമ്മിലുള്ള വ്യത്യാസം? അത് 'ചൂതാട്ട' ത്തിന്‍റേതാണ്. കൊള്ളയുടേതാണ്, അതിമോഹത്തിന്‍റേതാണ്. ഇവയെല്ലാം കൊണ്ടു നടത്തുന്ന ചതിയുടെയും വഞ്ചനയുടെയും വ്യാപാരമാണിത്. അതുകൊണ്ടുതന്നെ ഇതിനെ 'തൊഴില്‍' ആയി അംഗീകരിക്കാനാവില്ല. അങ്ങനെ കാണുകയായണെങ്കില്‍ 'അന്യസംസ്ഥാന ലോട്ടറി'