top of page

രണ്ട് അടിയുടെ കുറവ്...!

Apr 1, 2025

3 min read

ജോയി മാത്യു
A poster on 'Zero Tolerance'

പഴയ ഒരു സിനിമയില്‍ ശങ്കരാടി അവതരിപ്പിക്കുന്ന ഒരു വയസ്സന്‍ കഥാപാത്രമുണ്ട്. അയാളുടെ കയ്യില്‍ നീളന്‍ തടിപ്പെട്ടിയില്‍ പണിത ഒരു റേഡിയോയുമുണ്ട്. റേഡിയോ കേള്‍ക്കാതെ വരുമ്പോള്‍ അദ്ദേഹം രണ്ടടി കൊടുക്കുമ്പോള്‍ റേഡിയോ പാടിത്തുടങ്ങുന്നു. ശേഷം അദ്ദേഹം പറയുന്ന ഒരു ഡയലോഗുണ്ട് - 'ഇവിടെ എല്ലാര്‍ക്കും ഇതിന്‍റെയൊരു കുറവുണ്ട്'.

കേരളം കണികണ്ടുണരുന്ന ചിന്ത ഇതു തന്നെയാണോ എന്ന് ആശ്ചര്യം തോന്നും നാട്ടിലെ സംഭവവികാസങ്ങള്‍ കാണുമ്പോള്‍. താനൊഴിച്ച് നാട്ടില്‍ മറ്റെല്ലാവര്‍ക്കും രണ്ടടിയുടെ കുറവുണ്ട് എന്ന മട്ടിലായിട്ടുണ്ട് നമ്മുടെ പൊതു ബോധം.

ക്ലാസ് മുറിയില്‍ അധ്യാപകന്‍ കര്‍ക്കശക്കാരനായാല്‍, അയാള്‍ക്ക് രണ്ടു കൊടുക്കണം എന്ന് ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ കുറവല്ല. നിയമം പരിരക്ഷിക്കാനിറങ്ങുന്ന പോലീസിന് എങ്ങനെ രണ്ടു കൊടുക്കാം എന്നു ചിന്തിക്കുന്നവരും കുറവല്ല. ശാസിച്ച മേലധികാരിയുടെ മുഖത്തു നോക്കി 'രണ്ടു' പറയുന്നതാണ് മിടുക്ക് എന്നു കരുതുന്ന കീഴുദ്യോഗസ്ഥരുണ്ട്. ഖദറിട്ട പൊതു പ്രവര്‍ത്തകന് ഏത് ഓഫീസിലും കയറിച്ചെന്ന് യജമാനനെപ്പോലെ ഏതുദ്യോഗസ്ഥനോടും കയര്‍ക്കാമെന്നത് നാട്ടുനടപ്പായി മാറി. ക്രമസമാധാന പാലനത്തെക്കാള്‍ ഉപരി 'മെക്കിട്ടു കയറുന്ന' രീതിയായി പലപ്പോഴും പോലീസിംഗ്. ഇതിനൊക്കെ ചേര്‍ത്ത് ഏറ്റവും ലളിതമായി പറയുന്ന പേരാണ് അസഹിഷ്ണുത.

ടോക്കണ്‍ എടുത്തു ക്യൂവില്‍ നിന്ന് ഡോക്ടറെ കാണാന്‍ മടിയുള്ളവരാണ് പലരും. ക്യൂവിലുള്ള വരെ മറികടന്ന് പരിചയമുള്ള നഴ്സിനെ സ്വാധീനിച്ച് ഡോക്ടറെ ആദ്യം കാണാനൊക്കുമോ എന്ന് പരിശ്രമിക്കും. ട്രാഫിക് സിഗ്നലില്‍ കാത്തു കിടക്കാന്‍ ക്ഷമയില്ല. മുന്നില്‍ പോകുന്ന വാഹനം സ്പീഡ് കുറച്ചാല്‍ ക്ഷമയില്ല. ഒരാള്‍ ഓവര്‍ടേക്ക് ചെയ്താല്‍ ഒട്ടും സഹിക്കില്ല. കടയില്‍ സാധനം പൊതിഞ്ഞു തരാന്‍ വൈകിയാല്‍ 'തന്‍റെ സാധനം വേണ്ട' എന്ന് അട്ടഹസിക്കും. മുന്നില്‍ പോകുന്നവനും സഹയാത്രികനും, സഹപൗരനും എന്‍റെ പ്രശ്നമല്ല, എനിക്ക് എന്‍റെ കാര്യം മാത്രം നടക്കണമെന്ന ചിന്തയാണ് സ്വാര്‍ത്ഥത. അതു നടക്കാതെ വരുമ്പോള്‍ കാട്ടുന്ന വികാരമാണ് അസഹിഷ്ണുത.

സോഷ്യല്‍ മീഡിയയുടെ വരവോടെ അസഹിഷ്ണുതയുടെ വാക്‌രൂപങ്ങൾ കേട്ടാല്‍ അറയ്ക്കുന്ന രീതിയിലായി. തന്നെ നേരിട്ടു ബാധിക്കാത്ത ഏതു കാര്യത്തിനും കീഴെ പോയി വായിച്ചാലറയ്ക്കുന്ന 'രണ്ടു' വര്‍ത്തമാനം പറയാന്‍ മടിയില്ല എന്നായിട്ടുണ്ട്. സ്വന്തം ഐ.ഡി.യില്‍ നിന്നും അതു പറയാന്‍ പറ്റുന്നില്ലെങ്കില്‍ ഫേക്ക് ഐ.ഡി. ഉണ്ടാക്കിയിട്ടാണെങ്കിലും അതു പറഞ്ഞ് ഒരു തരം വിരേചന സുഖം അനുഭവിക്കുകയാണു പലരും.

സിനിമ കുടുംബമായി കാണുന്ന കലാരൂപമെന്ന നിലയില്‍ അതിലുപയോഗിക്കുന്ന ഡയലോഗുകള്‍ക്ക് ഒരു പൊതു മാന്യത ഉണ്ടായിരുന്നു. ആ മാന്യതയുടെ തോത് കുറഞ്ഞു കുറഞ്ഞ് 'ചുരുളി' എന്ന സിനിമയില്‍ അത് പൂര്‍ണമായും ഇല്ലാതായി. എട്ടും പൊട്ടും തിരിയാത്ത കുട്ടികള്‍ വരെ ആ സിനിമ കണ്ട് ശരീരത്തിലെ ഗോപ്യ ഭാഗങ്ങളുടെ പേരുകളാണ് പല തെറികളായും പരിണമിച്ചിരിക്കുന്നത് എന്നറിയാതെ സ്കൂള്‍ ബസ്സിലും ഇടനാഴികളിലും അതു പാടി നടന്നു. ചാറ്റുകളില്‍ എഴുതി നിറച്ചു. അതെല്ലാം ഓക്കേയാണ് എന്നാണ് കോടതിയില്‍ സമുന്നതരായ പോലീസുദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഫലത്തില്‍ അസഹിഷ്ണുതയുടെയും വെറുപ്പിന്‍റെയും തെറിവാക്കുകളുടെയും ദുര്‍ഗന്ധമാണ് അന്തരീക്ഷത്തിന്.

കാണെക്കാണെ ഇതൊരു പടി കൂടി മുന്നോട്ടു പോവുകയാണ്. കേരളത്തിലെ നിരത്തുകളില്‍ യാത്ര ചെയ്യാന്‍ ഭയപ്പെടണം, റസ്റ്ററന്‍റുകളില്‍ കയറാന്‍ ഭയപ്പെടണം, തിയറ്ററിലോ പാര്‍ക്കിലോ മറ്റു പൊതു ഇടങ്ങളിലോ കയറാന്‍ ഭയപ്പെടണം - അസഹിഷ്ണുത മൂത്ത ആരുടെ കയ്യേറ്റത്തിനാണ് നാം ഇരയാവുക എന്നു പറയുക വയ്യ. മേമ്പൊടിക്ക് ലഹരിയും കൂടി ഉണ്ടായാല്‍ പറയുകയും വേണ്ട.

പല കൊലപാതകങ്ങള്‍ക്കും പിന്നില്‍ വലിയ ഗൗരവമുള്ള കാരണങ്ങള്‍ ഒന്നുമില്ലെന്നതാണു സത്യം. നാടാകെ ചര്‍ച്ച ചെയ്ത 'പണി' എന്ന സിനിമയുടെ തീം എന്താണ്? തങ്ങള്‍ക്ക് കൗതുകം തോന്നിയ സ്ത്രീയുടെ മേനിയില്‍ തോണ്ടി നോക്കുന്ന കൗമാരക്കാരന്‍. ചോദ്യം ചെയ്യപ്പെട്ടതിന്‍റെ അസഹിഷ്ണുതയില്‍ നിന്നുളവാകുന്ന മാനഭംഗവും കൊലപാതക പരമ്പരകളും. ഈ സിനിമ രോഗാതുരമായ സമൂഹ മനസിനു നേരെ തിരിച്ചു വച്ച ക്യാമറയാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാകുമോ?

ഒരാള്‍ വന്നു പ്രണയം പറഞ്ഞാല്‍, പറ്റില്ല എന്നു നിഷേധിക്കാനാവാത്ത കാലമായി. ഉള്ള ബന്ധത്തില്‍ നിന്നും പിന്തിരിയാനുമാവില്ല. എങ്ങനായാലും മരണമുറപ്പെന്നു സാധൂകരിക്കുന്ന എത്ര വാര്‍ത്തകളാണ് ഈ കഴിഞ്ഞ നാലഞ്ചു വര്‍ഷത്തിനിടെ നമ്മെ കടന്നു പോയത്.

രാഷ്ട്രീയ നയവിശദീകരണ യോഗങ്ങള്‍ നടത്തിയിരുന്നു നാടാകെ എല്ലാ രാഷ്ട്രീയ കക്ഷികളും. ഇപ്പോള്‍ പലതിനും വിദ്വേഷ പ്രസംഗത്തിന്‍റെയും കൊലവിളി പ്രസംഗത്തിന്‍റെയും മണമുണ്ട്. നേതാക്കള്‍ അതു പറയണമെന്നത് നാട്ടുനടപ്പായി മാറുന്നു. നിയമനിര്‍മാണ സഭകള്‍ പോലും അതിന് അപവാദമല്ല. അവരെ അനുകരിച്ച് ആക്രോശവും കൊല വിളിയും നടത്തുന്നതിനും, കയ്യേറ്റങ്ങള്‍ നടത്തുന്നതിനും ഒരു പടി കൂടി മുന്നിലേക്ക് പോവുകയാണ് യുവജന - വിദ്യാര്‍ത്ഥി സംഘടനകള്‍.

സഭയിലെ ഓളങ്ങള്‍ കൂടി പറയാതെ പോകാനൊക്കുമോ? 'അനുരഞ്ജിതരായ് തീര്‍ന്നീടാം' എന്നു പറഞ്ഞ് ആരംഭിക്കുന്ന വി.ബലിയെ ചൊല്ലി ആരംഭിച്ച അസഹിഷ്ണുത, ബലിപീഠത്തെ തള്ളി മറിക്കുകയും, ബലിയര്‍പ്പകനെ കയ്യേറ്റം ചെയ്യുകയും വരെ ചെന്നെത്തുമ്പോള്‍, സമൂഹത്തിലെ നന്‍മയുടെ അവസാനത്തെ വെള്ളി വെളിച്ചവും അസ്തമിക്കുകയാണ്. ചങ്ങലയ്ക്കും കൂടി ഭ്രാന്തു പിടിച്ചാല്‍, മദം പൊട്ടി നില്‍ക്കുന്ന സമൂഹത്തിന്‍റെ അവസ്ഥയെന്താകും!

സ്കൂളിലെ ഫെയര്‍വെല്‍ പാര്‍ട്ടികള്‍ കൊലപാതകത്തില്‍ അവസാനിക്കുന്ന കെട്ട കാലത്തു നാമെത്തി നില്‍ക്കുന്നു. റാഗിങ്ങെന്ന പേരില്‍ ബീഭത്സമായ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നു. ഇവയെല്ലാം സിനിമ മാത്രമായി കൊണ്ടുവന്ന ദുരന്തങ്ങളാണോ? ഒരര്‍ത്ഥത്തില്‍, സിനിമ അതിനു വേണ്ടി വരുന്ന ആശയങ്ങളെ സമൂഹത്തില്‍ നിന്നും കടമെടുത്തതാണെങ്കിലോ?


അഞ്ചു കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാം.

ഒന്ന്, മാനസികാരോഗ്യമുള്ള ജീവിതമാതൃകകള്‍ നമ്മുടെ നാടിന് ആവശ്യമാണ്. മാനസികാരോഗ്യമുള്ള മാതാപിതാക്കള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, നിയമപാലകര്‍, പുരോഹിതര്‍, മതനേതാക്കള്‍ - എന്നിവര്‍ നാടിന്‍റെ അവകാശമാണ്. ഓരോരുത്തരും തങ്ങളുടെ പരിവൃത്തങ്ങളില്‍ മാനസികാരോഗ്യം കുറയുന്നതിന്‍റെ കാരണങ്ങള്‍ പരിശോധിക്കണം. അരുതാത്ത പെരുമാറ്റ രീതികളെ വിലക്കുകയും അപലപിക്കുകയും അവയില്‍ ഏര്‍പ്പെടാതെ സ്വയം വിലക്കുകയും വേണം.

രണ്ട്, ലഹരി ഉപയോഗം ശീലമായ ജനതയ്ക്ക് മാനസികാരോഗ്യം ഉണ്ടാകില്ല എന്നു തിരിച്ചറിയണം. പേഴ്സണല്‍ കുടിമുറിയുള്ള മാന്യനായ മദ്യപാനി മുതല്‍ പാന്‍പരാഗ് ചവയ്ക്കുന്നവന്‍ വരെ ഈ നിര്‍വചനത്തില്‍ പെടും. ലഭ്യത കുറയ്ക്കാതെ, കുപ്പിക്കു മുകളില്‍ എഴുതി വച്ചു മാത്രം ബോധവല്‍ക്കരിക്കാമെന്ന മിഥ്യാധാരണയില്‍ നിന്ന് പുറത്തുകടക്കണം. മദ്യപാനത്തിന്‍റെ സാമൂഹ്യ സ്വീകാര്യത (Social Acceptance) തിരസ്കരിക്കപ്പെടണം. രാസലഹരികളിലേക്കുള്ള വഴി മരുന്നു മാത്രമാണ് മദ്യം.

മൂന്ന്, വളരെ മികച്ച പോലീസിംഗ്, ഇന്‍റലിജന്‍സ് സംവിധാനമുള്ള നമ്മുടെ നാട്ടില്‍ ലഹരി കൊണ്ടുവരുന്നവരെയും വിപണനം ചെയ്യുന്നവരെയും കണ്ടെത്താന്‍ കഴിയാത്തതല്ല വ്യാപനം തടയാന്‍ കഴിയാത്തതിന്‍റെ കാരണം. അതു തടയുന്നതില്‍ നിന്ന് അവരെ തടയുന്നതാരാണ് എന്നതാണ് യഥാര്‍ത്ഥ ചോദ്യം.

നാല്, സമൂഹത്തില്‍ ധാര്‍മ്മികതയുടെ നാവായിരുന്നു എഴുത്തുകാരും, പ്രഭാഷകരും, പുരോഹിതരും മതനേതാക്കളുമൊക്കെ. ഇപ്പോള്‍ അവരെ ബാധിച്ചു വരുന്ന മൗനം തെറ്റായ സൂചനയാണ്. തങ്ങളെ നേരിട്ടു ബാധിക്കുന്ന കാര്യങ്ങളില്‍ മാത്രം പ്രതികരിക്കുകയും മറ്റിടങ്ങളില്‍ മൗനം പാലിക്കുകയും ചെയ്യുന്നത് തെറ്റായ രീതിയാണ്. തിന്‍മകള്‍ക്കെതിരെ ഉറച്ചു പറയുവാന്‍ ഒരു പൊതു മനസ് ഇല്ലാത്തിടത്തോളം തിന്‍മ ആര്‍ത്തു വളരുക തന്നെ ചെയ്യും. മൗനം തിന്മയോടുള്ള കൂട്ടുചേരലാണ്.

അഞ്ച്, നമ്മുടെ കുട്ടികളെ പുറത്തിറക്കി വിടണം. അഗതിമന്ദിരങ്ങളിലെ ജീവിതം, ജയിലഴിക്കുള്ളിലായവരുടെ ജീവിതം, നിത്യചിലവിനു തികയ്ക്കാന്‍ പാടുപെടുന്ന തൊഴിലാളികളുടെ ജീവിതമൊക്കെ പോയി കണ്ടു പഠിച്ച് ഡോക്യുമെന്‍ററികളാക്കാന്‍ അവര്‍ ചെറിയ പ്രായത്തില്‍ പഠിക്കട്ടെ. മനുഷ്യാധ്വാനത്തിന്‍റെ മൂല്യം, പണത്തിന്‍റെ മൂല്യം എന്നിവ കണ്ടു പഠിക്കട്ടെ. ട്രാഫിക് നിയന്ത്രണങ്ങളിലും മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണങ്ങളിലും വീടുവീടാന്തരം കയറിയിറങ്ങി ബ്രാന്‍ഡ് അംബാസിഡര്‍മാരാകട്ടെ. ഡീ അഡിക്ഷന്‍ സെന്‍ററുകളിലും, വാഹനാപകടത്തില്‍പ്പെട്ടവരുടെ ചികില്‍സാ കേന്ദ്രങ്ങളിലും വോളണ്ടിയര്‍മാരാകട്ടെ. തലച്ചോര്‍ വളരാനും ഗ്രേഡ് ഉല്‍പാദിപ്പിക്കാനും മാത്രം അവരെ പ്രാപ്തരാക്കിയാല്‍ മതിയോ? ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ കൊടിക്കീഴില്‍ കീ ജയ് വിളിക്കാന്‍ മാത്രം പഠിക്കുന്ന സാമൂഹിക പരിശീലനം മതിയോ?

മനുഷ്യരുണ്ടാവട്ടെ. നാടു നിറയെ.

Recent Posts

bottom of page