top of page

സ്വയം വിമര്‍ശനത്തിന് സമയമായി

Mar 4, 2018

6 min read

ടോം മാത്യു

grace grows the church

മക്കബായ കലാപത്തിന്‍റെ ഫലമായി നിലവില്‍ വന്ന ഹാസ്മോണിയന്‍ മത-രാജ ഭരണത്തിന് അറുതി വരുത്തി ബി.സി. 63 ലെ വസന്തകാലത്ത് ജനറല്‍ പോംപെയുടെ നേതൃത്വത്തില്‍ റോമന്‍ സൈന്യം ജറൂസലേം കീഴടക്കിയതോടെ അതിവിശാലമായ റോമാസാമ്രാജ്യത്തിന് കീഴില്‍ സിറിയന്‍ പ്രവിശ്യയുടെ ഭാഗമായ പാലസ്തീനില്‍ അഗസ്റ്റസ് സീസറിന്‍റെ (27 ബി.സി.14 എ.ഡി.) സാമന്തനായി 'മഹാനായ ഹെറോദേസ്' (37 ബി.സി. 4 എ.ഡി.) ഭരണം നടത്തിയ കാലത്ത് ഗലീലിയിലെ* *നസ്രത്ത് എന്ന ചെറുപട്ടണത്തില്‍ തച്ചനായ ജോസഫിന്‍റെയും മറിയത്തിന്‍റെയും മകനായി നസ്രായനായ യേശു ജനിച്ചു. അഗസ്റ്റസ് സീസറും പിന്‍ഗാമി തിബേരിയൂസ് സീസറും റോമിലും അവരുടെ സാമന്തനായ ഹെറോദേസ് അന്തിപ്പാസ് (4 എ.ഡി.39 എ.ഡി.) ജോര്‍ദ്ദാന് കിഴക്ക് ഗലീലിയിലും പെരിയയിലും ഭരണം നടത്തവേ നസ്രത്തിലും പരിസരപ്രദേശങ്ങളിലും തച്ചപ്പണിയെടുത്തും, സ്നാപകയോഹന്നാനില്‍നിന്ന് സ്നാനമേറ്റശേഷം ഗലീലിയിലെ വിവിധഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സ്വര്‍ഗരാജ്യത്തിന്‍റെ സുവിശേഷം അറിയിച്ച് അലഞ്ഞും യേശു ജീവിച്ചു. ഹെറോദേസിന്‍റെ പുത്രന്‍ അര്‍ക്കലാവോസില്‍നിന്ന് യൂദയായുടെ ഭരണം റോം നേരിട്ട് ഏറ്റെടുത്തശേഷം ഗവര്‍ണറായി നിയമിതനായ പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് ജറുസലേമിനടുത്തുള്ള ഗാഗുല്‍ത്തായില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അവനെ കുരിശില്‍ തറച്ചു കൊന്നു.

ക്രൂരമായിരുന്നു യേശുവിന്‍റെ കാലം. കലാപകലുഷിതം. അതിക്രൂരരായിരുന്നു സീസര്‍മാരും ഹെറോദേസുമാരും. ബി.സി. 52 ല്‍ മഗ്ദലനയില്‍ റോമന്‍ സൈന്യാധിപന്‍ ജനറല്‍ കാഷ്യസ് മുപ്പതിനായിരം പേരെ അടിമകളാക്കിയതായി യഹൂദചരിത്രകാരന്‍ ഫ്ളാവിയസ് ജോസഫസ് (37/38 എ.ഡി.100 എ.ഡി.) രേഖപ്പെടുത്തുന്നു. ഹെറോദേസിന്‍റെ മരണശേഷമുണ്ടായ കലാപം (എ.ഡി.  4) അടിച്ചമര്‍ത്താന്‍ റോമന്‍ സൈന്യാധിപന്‍ ജനറല്‍ വാരുസ് ജറുസലേമില്‍ രണ്ടായിരത്തോളം പേരെ കുരിശില്‍ തറച്ചുകൊന്നുവെന്നും ജോസഫസ് പറയുന്നു. സെഫോറിസും സമീപഗ്രാമങ്ങളും ചുട്ടെരിച്ചു. എമ്മാവൂസിനെ പൂര്‍ണ്ണമായും നശിപ്പിച്ചു. ഒട്ടേറെപ്പേരെ അടിമകളാക്കി. ഏറെപ്പേരെ വധിച്ചു. എല്ലാറ്റിനും മകുടം ചാര്‍ത്തി എ.ഡി. 70 ഓഗസ്റ്റില്‍ ജനറല്‍ ടൈറ്റസ് ജറുസലേം നഗരത്തെ പൂര്‍ണമായി നശിപ്പിച്ചു. കൊന്നും അടിമകളാക്കിയും നഗരവാസികളെ മുഴുവന്‍ ഒഴിപ്പിച്ചു. നഗരത്തെ വിജനമായി വിട്ടു. 

തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന സംശയത്താല്‍ സഹോദരനെയും ഭാര്യയെയും ഭാര്യാസഹോദരനെയും അമ്മായിയമ്മയെയും കൊല്ലുകയും മക്കളെ കൊല്ലാന്‍ ഉത്തരവിടുകയും ചെയ്ത മഹാനായ ഹെറോദേസില്‍നിന്ന് പ്രജകള്‍ക്ക് അതില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുക വയ്യല്ലോ. ജറുസലേം ദേവാലയം നിര്‍മ്മിച്ച് യഹൂദരുടെ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിച്ച ഹെറോദേസ് ദേവാലയത്തിന്‍റെ മുഖപ്പില്‍ റോമാ സാമ്രാജ്യത്തിന്‍റെ ചിഹ്നമായ കഴുകന്‍റെ കൂറ്റന്‍ പ്രതിമ സ്ഥാപിച്ചതിനെ എതിര്‍ത്ത നൂറുകണക്കിന് യഹൂദരെ കൊന്നൊടുക്കി. സ്നാപകയോഹന്നാനെ കൊന്നുതള്ളിയ അന്തിപ്പാസ് ക്രൂരതയില്‍ അപ്പനേക്കാള്‍ ഒരുപടി മികച്ചുനിന്നു. ഇരട്ട ഏകാധിപത്യത്തില്‍ യഹൂദജനത ഞെരിഞ്ഞമര്‍ന്നു. 

ഫലഭൂയിഷ്ടമായ മണ്ണും അനുകൂലമായ കാലാവസ്ഥയും ഗലീലിയെ കൃഷിയില്‍ സമ്പന്നമാക്കിയിരുന്നു. കൃഷിയും ഗലീലിത്തടാകത്തില്‍ മത്സ്യബന്ധനവുമായിരുന്നു ജനങ്ങളുടെ തൊഴില്‍. പക്ഷേ തദ്ദേശവാസികള്‍ ഭരണവര്‍ഗത്തിന്‍റെ ചൂഷണത്താല്‍ കൊടുംദാരിദ്ര്യത്തിലായിരുന്നു. ഭൂമിയത്രയും റോമിന്‍റെയും അന്തിപ്പാസിന്‍റെയും അധീനതയില്‍. ഗലീലി നിവാസികള്‍ സ്വന്തം ഭൂമിയില്‍ കുടിയാന്മാരായി. തുണ്ടുഭൂമി കൈവശമുണ്ടായിരുന്നവര്‍ കൃഷി നടത്താനും കരമടയ്ക്കാനും ജന്മിമാരില്‍നിന്ന് കടംവാങ്ങി തിരിച്ചടക്കാനാവാതെ ഭൂമി അവര്‍ക്കുതന്നെ നല്‍കി കൂലിക്കാരായി. 

റോം ഈടാക്കിയിരുന്ന ചുങ്കം കടുത്തതായിരുന്നു. വരുമാനത്തിനു മാത്രമല്ല പ്രായപൂര്‍ത്തിയായ ഓരോ പൗരനും നികുതി നല്‍കേണ്ടിയിരുന്നു. ജറുസലേം ദേവാലയാധികാരികള്‍ ദേവാലയനികുതിയും ആദ്യഫലക്കാഴ്ചയും പിരിച്ചിരുന്നു. നിത്യവൃത്തിക്ക് വക കണ്ടെത്തുക അവര്‍ക്ക് ദുഷ്കരമായിരുന്നു. അടിമത്തത്തിന്‍റെയും പീഡനത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും ഈ ചരിത്രയാഥാര്‍ത്ഥ്യത്തിലേക്കാണ് യേശു സംഭവിച്ചത്.