top of page

എമ്പിടി മതി..

Aug 6, 2009

3 min read

ഫാ. ജോസ് വെട്ടിക്കാട്ട്

സ്വന്തം ഇടവകയുടെ മഹത്വത്തെപ്പറ്റി അയാളു പറഞ്ഞുതുടങ്ങിയപ്പോള്‍ ബ്രേക്കുപോയ വണ്ടി ഇറക്കം വിടുന്ന പോലെയായിരുന്നു. അയാളു തന്നെ നോക്കിയിട്ടും നിര്‍ത്താന്‍ പറ്റുന്നില്ല. ഞാന്‍ പല തടയിമിട്ടു നോക്കിയിട്ടും അതെല്ലാം ചാടിക്കടന്ന് അയാളുപോയപ്പം എവിടെയെങ്കിലും പോയി ഇടിച്ചു നില്ക്കട്ടെയെന്നു വച്ചു. ഇടവകയ്ക്ക് നൂറ്റാണ്ടുകളുടെ വമ്പന്‍ പാരമ്പര്യം, ഇടവകക്കാരു മുഴുവന്‍ തന്നെ പു.ക.കു. അച്ചന്മാരുടെ ഒരു പടതന്നെ ഇടവകയില്‍ നിന്നുമുണ്ട്. കന്യാസ്ത്രീകളുടെയാണെങ്കില്‍ എണ്ണം തന്നെ തിട്ടമില്ല. ഏതോ സഭയുടെ ഒരു സ്ഥാപകയും സ്ഥാപകനുമൊക്കെ ആ ഇടവകയുടെ സന്താനങ്ങളാണ്. പള്ളിക്കൂടോം കോളേജുമൊക്കെ സ്വന്തമായിട്ടുണ്ട്. സാമ്പത്തികമായിട്ടും മേല്ത്തട്ടുകാരാണധികവും...

അല്‍ഫോന്‍സാമ്മയുടെ നാമകരണ പരിപാടിക്ക് എത്തിയപ്പോള്‍ വണ്ടിയിടാന്‍ സൗകര്യം ചോദിച്ചുവന്ന ചില വണ്ടിയുടമകള്‍ക്ക് ഇരിക്കാനും വിശ്രമിക്കാനുംകൂടി സൗകര്യം ഉണ്ടാക്കിക്കൊടുത്തപ്പോള്‍ പല നാട്ടില്‍ നിന്നും വന്ന അവര്‍ പരിചയപ്പെട്ടപ്പോള്‍ ഞാനും കൂടി. അങ്ങനെ അവരുടെ സ്വന്തം നാടിനെയും ഇടവകയേയും പറ്റിയൊക്കെയുള്ള വര്‍ണ്ണനയാണു മുകളില്‍ പറഞ്ഞത്.

അതിനിടയില്‍ സഹായം ചോദിച്ച് ഒരാള്‍ എത്തി. പതിവായി വരാറുള്ളയാളാണ്. എന്നും കാണും എന്തെങ്കിലും കാരണം പറയാന്‍. കാലില്‍ വലിയൊരു കെട്ടും, നടക്കാന്‍ വയ്യാതെ കഷ്ടപ്പെട്ട് വടിയും കുത്തി പണ്ടൊരിക്കല്‍ അയാള്‍ വന്നു. അവശത കണ്ട് ഒരാഴ്ചത്തെ മരുന്നിനും ഒരാഴ്ചത്തെ വീട്ടു ചെലവിനുമുള്ള ചെലവ് കണക്കാക്കി അന്ന് 650 രൂപ കൊടുത്തുവിട്ടു. പിറ്റേ ദിവസം കെട്ടും വടിയുമില്ലാതെ രാത്രി എട്ടരമണിക്ക് പട്ടണത്തിലെ ബാര്‍ ഹോട്ടലില്‍ നിന്നും അയാള്‍ ഇറങ്ങി വരുന്നതു കണ്ടു വണ്ടി ചവിട്ടി നിര്‍ത്തി. എന്നെ കണ്ടിട്ടും കാണാത്ത മട്ടില്‍ അയാള്‍ വേഗം നടന്നുമാറി. പിറ്റേ മാസവും കൂസലില്ലാതെ വന്ന അയാളെ ചോദ്യം ചെയ്തപ്പോള്‍ ആ ഹോട്ടല്‍ അയാള്‍ കണ്ടിട്ടുപോലുമില്ലന്നാണയിട്ടു പറഞ്ഞു. അന്നും ദയതോന്നി ഭാര്യയെ ചികിത്സിക്കാന്‍ അത്യാവശ്യ തുകയും കൊടുത്തുവിട്ടു. പിന്നെയും വരാറുണ്ടായിരുന്നു. 100 രൂപായില്‍ കുറഞ്ഞ തുക ആള്‍ക്കുവേണ്ട. കഴിഞ്ഞ ഒന്നുരണ്ടു പ്രാവശ്യം കൊടുത്തതു കുറഞ്ഞുപോയതിന്‍റെ പേരില്‍ ചീത്തയും പറഞ്ഞു പോയതാണ്.

ആള്‍ക്കാരുണ്ടായിരുന്നതുകൊണ്ട് അയാള്‍ വന്നുചോദിക്കുന്നതിനു മുമ്പുതന്നെ ഞാന്‍ അങ്ങോട്ടുചെന്ന് പത്തുരൂപ എടുത്തു നീട്ടി. അയാള്‍ അതു വാങ്ങിയില്ല. ഞാന്‍ തിരിച്ചു പോന്നു. ആള്‍ക്കാരുടെ മുമ്പില്‍ വച്ചു എന്നെയൊന്നു കിള്ളാന്‍ വേണ്ടിയായിരിക്കും അയാള്‍ എന്തൊക്കെയൊ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. എഴുന്നേറ്റു ചെന്ന് മര്യാദയ്ക്കു പോകാന്‍ പറഞ്ഞിട്ടും അയാള്‍ ഒച്ച കൂട്ടി അച്ചന്‍മാരേയും കന്യാസ്ത്രീമാരെയും പറ്റി എന്തൊക്കയോ പറഞ്ഞു. ഞാന്‍ പോരാന്‍ തിരിഞ്ഞപ്പോള്‍ എന്‍റെ കൈയിലിരുന്ന പത്തുരൂപ ചൂണ്ടി അതെങ്കിലും തരാന്‍ പറഞ്ഞു. അതു കൊടുക്കാതെ ഞാന്‍ തിരിച്ചു കയറി കതകടയ്ക്കുമ്പോഴും അയാള്‍ ഉറക്കെ ശപിക്കുന്നുണ്ടായിരുന്നു.

അതോടെ ധര്‍മ്മം കൊടുക്കലും സഹായം കൊടുക്കലുമായി അവരുടെ സംസാരവിഷയം. മൂന്നാലുപേരു കൂടുമ്പോള്‍ എങ്ങനായാലും എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ വരേണ്ടതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായം. ഈ ധര്‍മ്മം കൊടുക്കലും ദാനം കൊടുക്കലും എല്ലാം അനാവശ്യമാണ്. പണിയെടുക്കാന്‍ മനസ്സുള്ളയാര്‍ക്കും ഇന്നു ജീവിക്കാന്‍ ബുദ്ധിമുട്ടില്ല. അറിയാതെ കടന്നുവന്ന വിഷയം. എല്ലാവരും മത്സരിച്ച് വാദിച്ചു, സഹായം ചോദിച്ചു വരുന്ന ആരെയും പരിഗണിക്കേണ്ടതില്ലായെന്നു പ്രതിപക്ഷമില്ലാതെ പാസ്സാക്കിയെടുക്കുമ്പോഴും അനുകൂലിച്ചും പ്രതികൂലിച്ചും ഒന്നും പറയാതെ ഞാന്‍ ഒഴിഞ്ഞുമാറി. അറിവുള്ളവരോടു പറഞ്ഞു കൊടുക്കുന്നത് അധികപ്രസംഗമാണല്ലോ.

പക്ഷേ വേറൊരു ചിത്രമെന്‍റെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു. ദിവസവും മാസവും നോക്കാതെ വല്ലപ്പോഴും വരുന്ന കാര്‍ത്ത്യാനിച്ചേടത്തി. ഒരു രൂപ കൊടുത്താലും പറയും 'എമ്പിടി മതി'. പത്തു രൂപ കൊടുത്താലും പറയും അതുതന്നെ. അച്ചനിന്നിവിടില്ല. വേറൊരു ദിവസം വാന്നു പറഞ്ഞാലും അവര്‍ പറയും 'എമ്പിടി മതി'. ഒരോണത്തിന് ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറഞ്ഞ് ആരോ തന്ന 500 ന്‍റെ നോട്ടു പോക്കറ്റില്‍ കിടക്കുമ്പോള്‍ കാര്‍ത്ത്യാനിച്ചേടത്തി വന്നു. ആ നോട്ടെടുത്ത് അതേപടി അവരുടെ കൈയില്‍ വച്ചു. ഒരു ഭാവവ്യത്യാസവുമില്ലാതെ അവര്‍ പറഞ്ഞു 'എമ്പിടി മതി'. ഞാന്‍ കൊടുത്തത് എത്രയാണെന്ന് നോക്കാന്‍ പറഞ്ഞു. നോക്കാതെ തന്നെ അവരു പറഞ്ഞു കണ്ടെന്ന്, അഞ്ഞൂറാണെന്ന്. 'എമ്പിടി മതി'.

അവര്‍ക്ക് ഒന്നും കൊടുക്കാത്തപ്പോഴും ഒത്തിരി കൊടുത്തപ്പോഴും എന്താ ഈ 'എമ്പിടി മതി' എന്നുപറയുന്നതെന്നു ഞാന്‍ അന്നു ചോദിച്ചു. അവരുടെ മറുപടി അവരുടെ സ്വന്തം തത്ത്വശാസ്ത്രമായിരുന്നിരിക്കണം.

'തരുന്നതൊക്കെ തമ്പുരാനല്ലെ അച്ചാ. ആരു തന്നാലും തരാതിരുന്നാലും ഭഗവാന്‍റെതല്ലേ. അച്ചനിച്ചിരെ തന്നാലും ഒത്തിരി തന്നാലും എനിക്ക് 'എമ്പിടി മതി'. അതുകൊണ്ടല്ലേ അച്ചാ ഞാന്‍ നന്ദി പറയാത്തത്. അച്ചന് തമ്പുരാന്‍ തരുന്നു. അച്ചനതെനിക്ക് തരുന്നു. അച്ചന്‍റെയല്ലല്ലോ. അതുകൊണ്ട് ഞാന്‍ നന്ദി പറയത്തില്ല. തമ്പുരാനോട് പറയും 'എമ്പിടി മതി'യെന്ന് എനിക്കൊരിക്കലും ഒന്നും തരാത്തവര്‍ക്കും തമ്പുരാന്‍ കൊടുക്കാത്തതുകൊണ്ടാ തരാത്തത്. അതുകൊണ്ട് തരാത്തപ്പോഴും ഞാന്‍ പറയും 'എമ്പിടി മതി' യെന്ന്'. ഞാന്‍ തമ്പുരാനോടാ പറയുന്നത് 'എമ്പിടി മതി'യെന്ന്!


അഞ്ചാറു കൊല്ലം പഠിച്ച ദൈവശാസ്ത്രോം തത്ത്വശാസ്ത്രോം ഒന്നും കാര്‍ത്ത്യാനിച്ചേടത്തിടെ ജീവിതശാസ്ത്രത്തോളമെത്തുമെന്നു തോന്നുന്നില്ല.


'അച്ചന്‍ ബോറടിച്ചെന്നു തോന്നുന്നു, ഒന്നും മിണ്ടാതിരിക്കുന്നത്?' അവരുടെ ചോദ്യം കേട്ടാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. വിഷയമൊന്നു മാറ്റാന്‍ വേണ്ടി ഞാന്‍ വല്യ വര്‍ത്തമാനക്കാരനോട് ചുമ്മാ ചോദിച്ചു.

'നിങ്ങടെ ഇടവകേടേം പള്ളിടേം ഏതാണ്ടു ജൂബിലിയൊക്കെ വരുന്നെന്നു കേട്ടല്ലോ.'


'അതിന്‍റെ ആലോചന തുടങ്ങിയപ്പോഴേ അച്ചനു ന്യൂസു കിട്ടിയോ? അച്ചന്‍ ചോദിച്ചതുകൊണ്ട് പറയുവാ, അതിന്‍റെ വല്ലോം ആവശ്യം ഉണ്ടോ, പണം പിരിക്കാനും ചിലര്‍ക്കൊക്കെ ആളാകാനും അച്ചന്മാര്‍ക്ക് പരിപാടി നടത്താനും കുറെ ഫോട്ടോ അനാച്ഛാദനോം സ്മാരക നിര്‍മ്മാണോം അവസാനം ഒരു സുവനീര്‍ പ്രകാശനോം. അതില്‍ നാട്ടിലെ കുറെ യോഗ്യന്മാരുടെ ഫോട്ടോയും. ഇതൊക്കെയല്ലേ ജൂബിലി എന്നു പറഞ്ഞാല്‍' ആള് ബി. എം. ഡബ്ള്യൂ. കാറുപോലെ പെട്ടെന്ന് നൂറ്റമ്പതിലോട്ടു പിക്കപ്പായി.


ഒന്നുരണ്ടു പേരതിനോടു യോജിച്ചില്ല. അവരും അഭിപ്രായം പറയാന്‍ തുടങ്ങി.

'ഇടവകയ്ക്കുവേണ്ടി കഷ്ടപ്പെട്ടവരേയൊക്കെ ഓര്‍ക്കാനും പൂര്‍വ്വികരെയൊക്കെ ആദരിക്കാനും ചില നല്ല കാര്യങ്ങളൊക്കെ ചെയ്യാന്‍ തുടക്കത്തിനുമൊക്കെ ജൂബിലി നല്ലതാണെന്നാ എനിക്ക് തോന്നുന്നത്' ഒരാളു പറഞ്ഞു.


'പൊന്നുങ്കൊടത്തിനെന്തിനാ പൊട്ട്. ഞങ്ങടെ പള്ളിയെപ്പറ്റി പടമടിച്ചൊന്നും പരസ്യം ചെയ്യേണ്ട കാര്യമില്ല. അത്ര ഫേമസാ. പരമാവധി സഹായം ചെയ്ത് ചോര നീരാക്കിയേച്ച് പേരുപോലും ആരും അറിയരുതെന്ന് പറഞ്ഞു മരിച്ചുപോയ കാരണവന്മാര്‍ക്കെന്തിനാ സ്മാരകം. കഷ്ടപ്പെട്ടു പള്ളി ഭരിച്ച അച്ചന്മാരുടെ കാലത്ത് കാലുവാരിയും പാരവച്ചും ഓടിച്ചേച്ച് ഇനിയിപ്പം എന്തിനാ അവരുടെ പേരില്‍ കെട്ടിടം' പിന്നേം ആളുടെ ബ്രേക്കു പൊട്ടാറായെന്നെനിക്കു മനസ്സിലായി.

ആളെന്തൊക്കെയോ ഉള്ളില്‍ വച്ചു കൊണ്ടാണ് കാച്ചുന്നതെന്നു വ്യക്തം. ആളിന്‍റെ സ്വരത്തിലെ പരിഹാസച്ചുവകൊണ്ടാകാം കൂടുതല്‍ പറയാന്‍ മറ്റുള്ളവരും മടിക്കുന്നതുപോലെ തോന്നി.

"വേറൊരു നാട്ടീന്നിവിടെ വന്നു നിങ്ങടെ നാട്ടിലെ നല്ല കാര്യങ്ങളും വല്യകാര്യങ്ങളും പറയുന്നിടത്തു ഞാന്‍ കേറിയഭിപ്രായം പറയുന്നതു ശരിയല്ലല്ലോന്നോര്‍ത്താ ഞാനൊന്നിനും പ്രതികരിക്കാതിരുന്നത്. ഇപ്പം ഇദ്ദേഹം പറഞ്ഞതിനെപ്പറ്റി വേറൊരു വശം എനിക്കു പറയാനുണ്ട്. നിങ്ങടെ വീട്ടീന്നിവിടെത്താന്‍ നിങ്ങളിന്ന് രണ്ടു മണിക്കൂറെടുത്തു കാണില്ല. സ്വന്തം വണ്ടിയുള്ളതിന്‍റെ ഗുണം. നിങ്ങള്‍ക്കൊരറുപതു വയസ്സു കാണുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങടെ ചെറുപ്പത്തില്‍ ഇങ്ങനൊരു കാറു നിങ്ങളു സ്വപ്നം കണ്ടിട്ടുണ്ടോ? നിലയില്ലാ വെള്ളത്തില്‍ നീന്തീം അരയോളം ചേറില്‍ ഇഴഞ്ഞുമൊക്കെ ജീവിക്കേണ്ടി വന്ന നിങ്ങളുടെ കുട്ടിക്കാലത്തെപ്പറ്റി പത്തു വയസ്സുള്ള നിങ്ങടെ കൊച്ചുമോനോടു പറഞ്ഞാല്‍ അവനിന്നതു വിശ്വസിക്കുമോ? മൂന്നൂറടി നടക്കാന്‍ അവനിന്ന് ഓട്ടോ വേണം. സ്വന്തം വീട്ടില്‍ പുഴുങ്ങിയുണങ്ങി സ്വന്തമുരലില്‍ കുത്തിയെടുത്ത അരി കൊണ്ടിന്ന് നിങ്ങള്‍ ചോറുണ്ണുമോ? നിങ്ങളും വാങ്ങുന്നത് പായ്ക്ക് ചെയ്ത അരിയല്ലേ?

പണ്ടങ്ങിനെയായിരുന്നോ? നിങ്ങടെ പൂര്‍വ്വികരും അവരുടെ വികാരിയച്ചന്മാരും പച്ചമണ്ണും കരിങ്കല്ലും ചുമന്നതൊന്നും ഇന്നത്തെ ജെ. സി. ബി., ഹൈടെക് തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും ആകുമോ? മൂലം പാടെ മറന്ന്, കഷ്ടപ്പെട്ട് അടിസ്ഥാനമിട്ടവരുടെ അദ്ധ്വാനത്തിന്‍റെ ഫലം മുഴുവനും അനുഭവിച്ച് സുഖസൗകര്യങ്ങളില്‍ മാത്രം ജീവിക്കാന്‍ ഇന്നത്തെ മക്കളെ പരിശീലിപ്പിക്കുന്ന നിങ്ങളെപ്പോലുള്ള കാരണവന്മാരും ഇതിലും മുന്തിയതിനെ സ്വപ്നം കണ്ട് കഴിയുന്ന ഈ കാലഘട്ടത്തിന്‍റെ സന്താനങ്ങള്‍ക്കും ചിലപ്പോഴെങ്കിലും ഒന്നു തിരിഞ്ഞു നോക്കാനും, മറിച്ചു ചിന്തിക്കാനും, അപ്രിയങ്ങളെങ്കിലും ചില പൂര്‍വ്വകാല സത്യങ്ങള്‍ ചികഞ്ഞു പെറുക്കിയത് അറിയാനുമൊക്കെ ജൂബിലി പോലെയുള്ള ആഘോഷങ്ങള്‍ നിമിത്തങ്ങളാകും എന്നെനിക്കു തോന്നുന്നു. വല്യകാര്‍ന്നോരു പണ്ടാനപ്പുറത്തു കയറിയതിന്‍റെ പൃഷ്ഠത്തിലെ തഴമ്പെപ്പോഴും പൊക്കിക്കാണിക്കുന്നത് സ്വന്തം കഴമ്പില്ലായ്മ കൊണ്ടാണെന്നൊരു ഗുണപാഠം കൂടി മനസ്സില്‍ വച്ചാല്‍ വമ്പു പറയുന്നതിന് ബെല്ലും ബ്രേക്കും കിട്ടും.

സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ പൊതു സംരംഭങ്ങളില്‍ വിഷയമാക്കിയാല്‍, കൂട്ടായ്മ വരട്ടായ്മകയാകും, സന്മനസ്സുള്ളവരുടെ പ്രസരിപ്പിലെ പ്രസ്സെല്ലാം പോയി 'അരിപ്പു' മാത്രമവശേഷിക്കും" വല്യവര്‍ത്തമാനക്കാരന്‍റെ മുഖം വല്ലാതെ ചുളിയുന്നതു കണ്ടപ്പം പറഞ്ഞുകൊണ്ടിരുന്നതു മുഴുവനാക്കാതെ പെട്ടെന്ന് ഞാന്‍ നിര്‍ത്തി. "അയ്യോ, വര്‍ത്തമാനം പറഞ്ഞിരുന്നു സമയം വൈകിയതറിഞ്ഞില്ല. നിങ്ങളു സൗകര്യം പോലെ വണ്ടിയെടുത്താല്‍ മതി, ഞാന്‍ പോട്ടെ' തിരിഞ്ഞുനോക്കാതെ ഞാനിറങ്ങി സ്ഥലം വിട്ടു. പറഞ്ഞത് 'എമ്പിടി മതി' എന്നു മനസ്സു മന്ത്രിച്ചു.

Featured Posts