top of page

കര്‍ത്താവിന്‍റെ വചനം

Jun 1, 2025

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
A Person reading The Holy Bible
A Person reading The Holy Bible

ഹെബ്രായക്കാര്‍ക്കുള്ള ലേഖനം നാലാം അധ്യായത്തില്‍ 12 മുതലുള്ള തിരുവചനത്തില്‍ ദൈവവചനം ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണെന്ന് എഴുതിയിരിക്കുന്നു. ഇരുതലവാളിന്‍റെ 2 വശത്തും മൂര്‍ച്ചയുണ്ട്. പ്രഘോഷകനെയും ശ്രോതാവിനെയും ഒരുപോലെ അതു മുറിപ്പെടുത്തും. ആദ്യം വെട്ടുന്നയാളിന്‍റെ കൈ മുറിയും. രണ്ടാമത് കൊള്ളുന്ന ആളിന്‍റെ ദേഹവും മുറിയും. പത്രോസു സ്വയം മുറിഞ്ഞ് വചനം പറഞ്ഞപ്പോള്‍ മൂവായിരം ഹൃദയങ്ങള്‍ മുറിഞ്ഞു. നമ്മുടെയുള്ളിലുള്ള തിന്മകളെ മുറിച്ചു കളഞ്ഞതിനുശേഷം വചനം പറയുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. മ്യൂസിയത്തില്‍ സൂക്ഷിക്കുന്ന വാളുപോലെ ബൈബിള്‍ അലമാരിയില്‍ വെച്ചാല്‍ പോരാ. അനുദിനമെടുത്ത് വായിച്ചു ധ്യാനിക്കണം. അതിനുശേഷം പ്രഘോഷിക്കണം. അവിശ്വസനീയമായ അത്ഭുതങ്ങള്‍ക്ക് നാം സാക്ഷ്യം വഹിക്കും.


തേനിനേയും തേന്‍കട്ടയേയുംകാള്‍ മധുരമുള്ളതാണ് ദൈവവചനം. വചനവുമായി നിരന്തരം ബന്ധം സ്ഥാപിക്കുന്നവരുടെ സംസാരത്തില്‍ മധുരമുണ്ടാവും. ബന്ധങ്ങളില്‍ മധുരമുണ്ടാവും. ഹൃദയത്തിന്‍റെ നിറവില്‍ നിന്നും അധരം സംസാരിക്കും. മറ്റുള്ളവരുമായുള്ള ബന്ധങ്ങളിലും സംസാരത്തിലും മധുരം അനുഭവിക്കും. ക്ഷിപ്രകോപവും പരുക്കന്‍ സംസാരവും അപ്രത്യക്ഷമാവും. ഗൗരവമായ കാര്യങ്ങളേ ശാന്തമായി നേരിടുവാനുള്ള കൃപ ലഭിക്കും. വചനത്തിന്‍റെ മാധുര്യം ഹൃദയത്തില്‍ നിറയുമ്പോള്‍ നമ്മള്‍ പുതിയ സൃഷ്ടികളായി രൂപാന്തരപ്പെടും.


119-ാം സങ്കീര്‍ത്തനത്തില്‍ പറയുന്നതിപ്രകാരമാണ്; "കര്‍ത്താവിന്‍റെ വചനം എന്‍റെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമാണ്". അന്ധകാരം നിറഞ്ഞ ജീവിതയാത്രയില്‍ ദിശാബോധം നല്‍കുന്നത് ദൈവത്തിന്‍റെ വചനമാണ്. ഏശയ്യാ പ്രവചനത്തില്‍ പറയുന്നതുപോലെ എങ്ങോട്ടു തിരിയണമെന്നറിയാതെ നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നൊരു സ്വരം കേള്‍ക്കും: 'ഇതാണ് വഴി ഇതിലെ പോവുക.' കൃത്യമായ തീരുമാനമെടുക്കുവാന്‍ ദൈവവചനം നമ്മെ ശക്തിപ്പെടുത്തും. ഇരുള്‍ നിറഞ്ഞ വഴിയില്‍ ഒരു ചെറിയ വെളിച്ചം നമ്മെ വഴി നടത്തും. ദൈവവചനം എന്നും വെളിച്ചമാണ്.


ദൈവത്തിന്‍റെ വചനം എന്‍റെ ആത്മാവിന്‍റെ ഭക്ഷണമാണ്. ഭൗതികമായ ആഹാരം ദേഹത്തിന്‍റെ ആരോഗ്യം നിലനിറുത്തും. വചനമെന്ന ആഹാരം ആത്മാവിന്‍റെ ബലം പിടിച്ചു നിറുത്തും. അനേകനാളുകളില്‍ ആഹാരം കഴിക്കാത്ത മനുഷ്യര്‍ മരിക്കും. ആ ശരീരം അഴുകും. അതില്‍നിന്നും ദുര്‍ഗന്ധം ഉയരും. വചനവായനയും ധ്യാനവുമില്ലാത്ത ഒരു വ്യക്തിയുടെ ആന്തരിക ജീവന്‍ മരിക്കും. സംസാരത്തിലും നോട്ടത്തിലും ഇടപെടലിലും ദുര്‍ഗന്ധം ഉയരും. തിരുവചനം സാത്താനെതിരെയുള്ള ആയുധമാണ്. മത്തായിയുടെ സുവിശേഷം 4-ാമധ്യായത്തില്‍ യേശുവിനെ സാത്താന്‍ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുന്നതായി കാണാം. ദൈവവചനം പറഞ്ഞുകൊണ്ട് യേശു സാത്താനെ പരാജയപ്പെടുത്തി. ക്രിക്കറ്റിലെ വിക്കറ്റ് കീപ്പറെപ്പോലെ സാത്താന്‍ നമ്മുടെ പിന്നില്‍ നില്‍ക്കും. ഒരു നിമിഷത്തിന്‍റെ അശ്രദ്ധയില്‍ അവന്‍ നമ്മെ നശിപ്പിക്കും. വചനം വായിച്ചു നിതാന്ത ജാഗ്രതയില്‍ കഴിയുന്നവരെ സാത്താന് പരാജയപ്പെടുത്താനാവില്ല.


ശക്തമായ മാനസാന്തരത്തിലേക്ക് തിരുവചനം നമ്മെ നയിക്കും. പാപത്തിന്‍റെ പഴയ വഴികളെ ഉപേക്ഷിച്ചു വിശുദ്ധിയുടെ നല്‍വഴികള്‍ തിരഞ്ഞെടുക്കുവാന്‍ വചനം ഒരു വ്യക്തിയെ പ്രേരിപ്പിക്കും. സെന്‍റ് അഗസ്റ്റിനെപ്പോലുള്ള വ്യക്തികളിൽ വചനം സൃഷ്ടിച്ച ചലനങ്ങള്‍ എത്ര വലുതായിരുന്നു. കൂടംകൊണ്ട് പാറയിലടിക്കുമ്പോള്‍ പാറ പിളരുന്നതുപോലെ വചനം ഹൃദയത്തെ പിളര്‍ക്കും. എസക്കിയേല്‍ പ്രവാചകന്‍ പറയുന്നതുപോലെ നിന്‍റെ ശിലാഹൃദയം പിളര്‍ന്ന് മാംസളമായ ഹൃദയം നല്‍കും. നമ്മള്‍ വചനം വായിക്കുംതോറും വചനം നമ്മെ വിഴുങ്ങും. നടന്ന വഴികളിലെ കുറവുകളെല്ലാം വചനം കാണിച്ചു തരും. എവിടെയാണ് തകര്‍ച്ച വന്നതെന്ന് വ്യക്തിമാക്കി തരും. ഒരു കണ്ണാടിയില്‍ നാം മുഖം കാണുന്നതുപോലെ തന്‍റെ യഥാര്‍ത്ഥ അവസ്ഥ തിരുവചനം കാണിച്ചുതരും.


വിശുദ്ധ മത്തായിയുടെ സുവിശേഷം 8-ാമധ്യായത്തില്‍ 16-ാം വാക്യത്തില്‍ പറയുന്നു "അവന്‍ തന്‍റെയടുക്കല്‍ വന്ന എല്ലാ പിശാചുബാധിതരെയും രോഗികളെയും വചനത്താല്‍ സൗഖ്യപ്പെടുത്തി" വചനം പ്രഘോഷണം നടത്തുന്നിടത്തെല്ലാം രോഗശാന്തി ശുശ്രൂഷകളും നടത്തപ്പെടുന്നു. രോഗം ബാധിച്ച ജീവകോശങ്ങളെ സൗഖ്യപ്പെടുത്തുവാനുള്ള ശക്തി ദൈവവചനത്തിനുണ്ട്. എന്നിലുള്ള നെഗറ്റീവ് കോശങ്ങളെ ദൈവവചനം പോസിറ്റീവ്  ആക്കി മാറ്റും. അത്ഭുതകരമായ രോഗശാന്തി സംഭവിക്കും. ദൈവവചനം ആവര്‍ത്തിച്ച് പറഞ്ഞ് രോഗത്തെ സമര്‍പ്പിക്കുക. ശക്തമായ വിടുതലിലേക്ക് വ്യക്തികള്‍ പ്രവേശിക്കുന്നതായി കാണും. വചനം വായിക്കാം, ധ്യാനിക്കാം, ജീവിക്കാം. 

ധ്യാനം, കര്‍ത്താവിന്‍റെ വചനം,

ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ

അസ്സീസി മാസിക ജൂണ്‍ 2025


Jun 1, 2025

1

104

Recent Posts

bottom of page