ജോര്ജ് വലിയപാടത്ത്
Oct 25
രാധ, പാര്‍വ്വതി, മറിയം എന്നിവര്‍ പുണ്യവതികളാണ്. ശ്രീകൃഷ്ണന്‍റെ നിത്യകാമുകിയാണ് രാധ. പരമശിവന്‍റെ പിരിയാത്ത പാതിയാണ് പാര്‍വ്വതി. മനുഷ്യപുത്രന്‍റെ അമ്മയാണ് മറിയം. ഇവര്‍ യഥാക്രമം കാമുകി, ഭാര്യ, അമ്മ എന്നീ ഭാവങ്ങളുടെ ഉദാത്ത രൂപങ്ങളാണ്. ഈ മൂന്നു വ്യത്യസ്ത സ്നേഹഭാവങ്ങള്‍ എല്ലാവരിലും ഏറിയും കുറഞ്ഞുമുണ്ട്. ഇതില്‍ മറിയത്തില്‍ മാംസം ധരിച്ച മാതൃഭാവത്തിന്‍റെ ഉദാത്തത മാത്രമാണ് ഈ ചെറുലേഖനത്തിന്‍റെ പഠനവിഷയം.
ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതുകൊണ്ടുമാത്രം ആരും പൂര്‍ണമായ അര്‍ത്ഥത്തില്‍ അമ്മയാകുന്നില്ല. ഇപ്രകാരം അമ്മയാകുക എന്നതു വലിയ ബുദ്ധിമുട്ടുമുള്ള കാര്യവുമല്ല. അമ്മയായി(motherhood) തുടരുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് ഏറെ പ്രയാസപ്പെട്ട കാര്യവുമാണ്. മറിയം അമ്മയാകുന്നത് ഈശോയെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതുകൊണ്ടു മാത്രമല്ല. മംഗളവാര്‍ത്ത മുതല്‍ കുരിശുമരണം വരെ ഒരമ്മയായി മകനെ പിന്‍തുടര്‍ന്നുകൊണ്ടാണ് 'ഇതാ നിന്‍റെ അമ്മ' എന്ന വലിയ ബഹുമതി മറിയത്തിനു ലഭിച്ചത്. മറിയം, അമ്മയാകാനുള്ള വഴികള്‍ സൂചിപ്പിക്കുന്ന ചിഹ്നമായി അങ്ങനെ മാറുകയും ചെയ്യുന്നു.
ഗര്‍ഭം, ഒഴിവാക്കാന്‍ വയ്യാത്ത അനാവശ്യവും നാണക്കേടിന്‍റെ ചിഹ്നവും ഒളിച്ചുവയ്ക്കേണ്ട ഒന്നുമായി മാറിയ ഇന്നിന്‍റെ സംസ്കാരത്തില്‍ ഗര്‍ഭിണിയായ മറിയം ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അവള്‍ സന്തോഷത്തോടെ ഗര്‍ഭം ധരിക്കുകയും ഗര്‍ഭിണിയായിരിക്കുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. "എന്‍റെ ചിത്തം ദൈവത്തിലാനന്ദിക്കുന്നു. ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തു തന്നിരിക്കുന്നു. എല്ലാ തലമുറയും എന്നെ ഭാഗ്യവതി എന്നു വിളിക്കും" എന്നൊക്കെയാണ് ഈ അവസരത്തില്‍ മറിയം വിളംബരം ചെയ്യുന്നത്. ദൈവം ചെയ്തുതരുന്ന ഏറ്റം ആശ്ചര്യകരമായതും ഭാഗ്യപൂര്‍ണവുമായ ഒന്നാണ് മാതൃത്വം. ഈ സന്തോഷത്തിലാണ് ക്രിസ്തീയ വീക്ഷണത്തില്‍ മാതൃത്വത്തിന്‍റെ തുടക്കം.
ദൈവം തരുന്ന മക്കളെ ദൈവത്തോടു ബന്ധിപ്പിച്ചു വളര്‍ത്തുകയെന്നത് അമ്മയുടെ ദ്വിതീയചുമതലയാണ്. ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുകയും തിരുനാള്‍ കൂടാന്‍ കൊണ്ടുപോകുകയും പന്ത്രണ്ടുവയസ്സായപ്പോഴേയ്ക്കും ദൈവികജ്ഞാനത്തില്‍ നിറയ്ക്കുകയും ചെയ്ത മറിയം ഈ ചുമതല വിശ്വസ്തതയോടെ നിര്‍വ്വഹിച്ചിരുന്നു. മറിയം ഈശോയെ വളര്‍ത്തിയത് ഏതു പ്രതികൂല സാഹചര്യത്തിലും ദൈവത്തെ വിട്ടുപോകാത്ത ദൈവപുത്രനായിട്ടാണ്. അമ്മിഞ്ഞപ്പാലിനൊപ്പം ദൈവത്തെക്കൂടി കുഞ്ഞിനു കൊടുക്കാനുള്ള ചുമതല അമ്മയ്ക്കുണ്ട്. പിടിച്ചുപറിച്ചോ, അപഹരിച്ചോ നാലു കാശുണ്ടാക്കുന്ന ഒരു ബറാബാസിനെയല്ല ദൈവത്തിന്‍റെ ഇഷ്ടം സദാ അന്വേഷിക്കുന്ന ഈശോയെ ആണ് അമ്മമാര്‍ തന്‍റെ കുഞ്ഞുങ്ങളില്‍ ജനിപ്പിക്കേണ്ടത്. ഇവിടം മുതല്‍ മാതൃത്വം ആത്മീയശുശ്രൂഷയായി മാറും.
മക്കളെ വളര്‍ത്തി വലുതാക്കാനുള്ള നൊമ്പരങ്ങള്‍ ഏറ്റെടുക്കുക എന്നത് മാതൃത്വത്തിന്‍റെ അനിവാര്യതയാണ്. ചങ്കു തകരുന്ന വേദനകള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും മറിയം തന്‍റെ മകനെ ഉപേക്ഷിക്കുന്നില്ല. കുഞ്ഞിനെയും കൊണ്ട് രാത്രിയില്‍ ഈജിപ്തിലേക്ക് ഒളിച്ചോടുകയും അവിടെ അഭയാര്‍ത്ഥിയായി ജീവിക്കുകയും ചെയ്ത മറിയം ഉണ്ണീശോയെ വളര്‍ത്തി വലുതാക്കാന്‍ ഏറ്റെടുത്ത ക്ലേശങ്ങള്‍ സുവിശേഷത്തില്‍ പറയുന്നില്ല. നാലുനേരം ഭക്ഷണമൊപ്പിക്കാന്‍ ആ അമ്മ നിശ്ചയമായും ക്ലേശിച്ചിട്ടുണ്ട്. വിശക്കുന്ന കുഞ്ഞിന് അപ്പമായും ദാഹിക്കുമ്പോള്‍ പാലായും തണുക്കുമ്പോള്‍ പുതപ്പായും ചൂടുള്ളപ്പോള്‍ കുളിര്‍തെന്നലായും അമ്മ മാറുന്നു. കുഞ്ഞിന്‍റെ മനസ്സ് ഒരു താമരപ്പൂവാണെങ്കില്‍ അതിന്‍റെ ഇതളുകളെ അമ്മ തൊട്ടുതൊട്ടുവിടര്‍ത്തുന്നു. അമ്മയാവുക എന്നു പറഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്കായി അലിഞ്ഞുതീരുക എന്നുതന്നെയാണ് അര്‍ത്ഥം. അങ്ങനെ അമ്മയ്ക്കാ ജീവിതം ബോധപൂര്‍വ്വകമായ ഒരു ആരാധനയായി മാറുന്നു.
മക്കളെ അന്വേഷിച്ചിറങ്ങുക, തിരുത്തി വളര്‍ത്തുക എന്നത് അമ്മമാരുടെ രണ്ടു പ്രധാനപ്പെട്ട ചുമതലകളാണ്. മറിയം അതു നിര്‍വ്വഹിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ അന്വേഷിച്ചു പള്ളിയിലേക്കു മാത്രമല്ല, സ്കൂളുകളിലേക്കും കോളേജുകളിലേക്കും അമ്മമാര്‍ ചെല്ലേണ്ടിയിരിക്കുന്നു. കയറുന്ന ബസിലും സഞ്ചരിക്കുന്ന വഴികളിലും പഠിക്കുന്ന ക്ലാസുമുറിയിലും കുട്ടികള്‍ക്കു വഴിതെറ്റാനുള്ള സാഹചര്യം ഇന്നു കൂടുതല്‍ ഉണ്ട്. കുഞ്ഞുങ്ങളെ നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കുക എന്നത് അമ്മയുടെ ചുമതലയാണ്. അമ്മയെന്ന നിലയില്‍ മറിയത്തിന്‍റെ ഗൗരവം ഏറ്റവും പ്രകടമാകുന്നത് പുരോഹിതന്മാരുടെ ഇടയില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ബാലനായ ഈശോയെ വീട്ടിലേയ്ക്കു കൂട്ടിക്കൊണ്ടുപോകുന്ന സന്ദര്‍ഭത്തിലാണ്. മാതൃത്വം പ്രവാചകധര്‍മ്മമായി മാറുന്നത് ഈ ഘട്ടത്തിലാണ്. കുഞ്ഞുങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്തുവാന്‍ ഇന്നു പലരും ധൈര്യപ്പെടുന്നില്ല.
സമയമായപ്പോള്‍ ഈശോയെ പരസ്യജീവിതത്തിന്‍റെ അങ്കണത്തിലേയ്ക്ക് കൈപിടിച്ചിറക്കിയത് മറിയമായിരുന്നു - കാനായിലെ കല്യാണവിരുന്നില്‍. അതോടെ അമ്മയ്ക്ക് മകന്‍ നഷ്ടപ്പെട്ടു. മക്കളുടെ ദൈവവിളി കണ്ടറിഞ്ഞ് അതിനായി ഒരുക്കി വേണ്ടസമയത്തുതന്നെ അവരെ ആ ദൈവവിളിയിലേയ്ക്കു പ്രവേശിപ്പിക്കുക മാതാപിതാക്കളുടെ ചുമതലയാണ്. പ്രായമായ മക്കളെ കുടുംബജീവിതത്തിലേയ്ക്കോ സമര്‍പ്പിതജീവിതത്തിലേയ്ക്കോ കൈപിടിച്ചുയര്‍ത്തുകയും തുടര്‍ന്ന് അവര്‍ക്കു സ്വാതന്ത്ര്യം നല്കി വിട്ടുനില്ക്കുകയും ചെയ്യാന്‍ ഇന്നും പല മാതാപിതാക്കളും ശ്രദ്ധിക്കുന്നില്ല.
വരാന്‍പോകുന്ന പീഡകളെ ഓര്‍ത്ത് പൂങ്കാവനത്തില്‍ മുട്ടുകുത്തി ചോരവിയര്‍ത്തു പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവപുത്രനെ ദൈവം ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മനുഷ്യപുത്രന് അമ്മയുടെ ആശ്വാസവും പ്രോത്സാഹനവും കൂടി വേണം കാല്‍വരി കയറുവാനും കുരിശു ചുമക്കുവാനും ബലിയായി മരിക്കാനും. വേദനയുടെ വഴിയില്‍ മക്കള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അമ്മമാരുടെ തിളക്കമുള്ള കണ്ണുകള്‍ അവര്‍ക്കു പ്രോത്സാഹനവും ശക്തിയും ആശ്വാസവും പകരണം. മക്കളുടെ ക്ലേശങ്ങളിലും വേദനകളിലും ആശ്വാസത്തിന്‍റെ തണ്ണീര്‍പ്പന്തല്‍ അമ്മയാണ്.
സ്ത്രീകളുടെ നാലു ഭാഗ്യങ്ങളില്‍ മഹത്തായത് രക്തസാക്ഷിയുടെ അമ്മയാകുക എന്നതാണെന്ന് ഹെര്‍മ്മന്‍ ഹെസ്സ് അഭിപ്രായപ്പെട്ടിട്ടുണ്ട്. കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്ന മറിയത്തിനു ലഭിച്ചത് ഈ ഭാഗ്യമാണ്. എല്ലാ തലമുറയും മറിയത്തെ അനുഗൃഹീത എന്നു വിളിക്കുന്നതും അതുകൊണ്ടാണ്. ലോകത്തെ രക്ഷിക്കാന്‍ ഒരു മകനെ നല്‍കി മറിയം വിശ്വമാതാവായി മാറുന്നു. അഴിമതിയിലും സ്വജനപക്ഷപാതത്തിലും കാപട്യത്തിലും നമ്മുടെ നാടു മുടിയുമ്പോള്‍ നാടിനെ രക്ഷിക്കാനുള്ള മക്കളെ നല്കുക എന്നത് അമ്മമാരുടെ ചുമതലയാണ്. ഇതു മാതൃത്വത്തിന്‍റെ ഉന്നതമായ ഭാഗമാണ്.
കാനായിലെ കല്യാണവീട്ടില്‍ വീഞ്ഞു തീര്‍ന്നുപോയത് നല്ല അടുക്കളക്കാരി കൂടിയായ മറിയം പെട്ടെന്ന് അറിഞ്ഞു. അവരുടെ കാര്യം ഈശോയുടെ അടുക്കല്‍ ഉണര്‍ത്തിക്കുകയും ചെയ്തു. ഇല്ലാത്തവരെയും കുറവുള്ളവരെയും വേദനിക്കുന്നവരെയും കാണുമ്പോള്‍ ആരുടെ മനസ്സാണോ മറിയത്തെപ്പോലെ അലിയുകയും എന്‍റെ ഈശോ എന്നു വിളിച്ച് അവരെ നമ്മുടെയൊപ്പമെങ്കിലും ആക്കിത്തീര്‍ക്കാന്‍ പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്നത് അവരൊക്കെ വിശാലമായ അര്‍ത്ഥത്തില്‍ അമ്മയാകുകയാണ് അഥവാ മറിയമാകുകയാണ്. പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങള്‍, അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികള്‍, മൃഗതുല്യരായി ജീവിക്കേണ്ടി വരുന്ന താഴ്ന്ന വര്‍ഗ്ഗക്കാര്‍, തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാര്‍, ഉപേക്ഷിക്കപ്പെടുന്ന പ്രായം ചെന്നവര്‍, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ എന്നിങ്ങനെ ഉള്ളു വേദനിക്കുന്നവര്‍ക്ക് മറിയമായി മാറുകയാണ്, അമ്മയായിത്തീരുകയാണ് നമ്മുടെ ദൗത്യം.