

"യജമാനനെയോ ഭൃത്യനെയോ സേവിക്കുക നിനക്ക് കൂടുതല്‍ കരണീയം?"
"യജമാനനെ."
"എങ്കില്‍ യജമാനന്‍റെ സ്ഥാനത്ത് ഭൃത്യനെ പ്രതിഷ്ഠിക്കുന്നതെന്ത്?"(2 സെലാനോ 2)
മാനസാന്തരം പൊളിച്ചെഴുത്താണ്. പുതുക്കപ്പെട്ട ഉള്‍ക്കാഴ്ച. പുതിയ തിരിച്ചറിവുകള്‍. കീഴ്മേല്‍ മറിയുന്ന കാഴ്ചപ്പാടുകള്‍.
മറുപിറവി
രണ്ട് യുദ്ധങ്ങള്‍ക്കിടയിലായിരുന്നു അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ മാനസാന്തരം എന്നത് ശ്രദ്ധേയം. പുതുപ്പണക്കാരനായ പീറ്റര്‍ ബര്‍ണദോന്‍റെ പുത്രന് യുദ്ധം കീര്‍ത്തിയിലേക്കുള്ള താക്കോലായിരുന്നു. വീരത്വത്തെക്കുറിച്ചുള്ള വികല ധാരണകളാല്‍ നയിക്കപ്പെട്ട മധ്യകാല മൗഢ്യത്തില്‍ തികച്ചും സ്വാഭാവികമായ ഒന്ന്. നൂറ്റാണ്ടുകളായി യൂറോപ്പിനെ വാണിരുന്ന നാടുവാഴിത്തത്തിന് വെല്ലുവിളിയായി ഉയര്‍ന്നുവന്ന കച്ചവട-സമ്പന്ന സമൂഹത്തിന്‍റെ പ്രതിനിധിയായ പീറ്റര്‍ ബര്‍ണദോന് മാടമ്പിപദവി പ്രലോഭനവും വിദൂരസ്വപ്നവുമായിരുന്നു. മാടമ്പിയാകുന്നതിന് ഇറങ്ങിപ്പുറപ്പെട്ട ഫ്രാന്‍സിസ് പക്ഷേ, എല്ലാ പദവികളുടെയും തൂവലുകള്‍ കൊഴിച്ച് പച്ചമനുഷ്യനായി പുതുപ്പിറവിയെടുത്തത് നിയോഗങ്ങളുടെ കണിശതയിലാണ്. അത് ഹിംസയില്‍നിന്ന് അഹിംസയിലേക്കുള്ള മാനസാന്തരമായി. സംഘര്‍ഷത്തില്‍ നിന്ന് ശാന്തിയിലേക്കുള്ള തീര്‍ത്ഥാടനമായി. സമ്പത്തിനും യശസ്സിനും അന്തസ്സിനും അധികാരത്തിനും കൊതിക്കുന്ന ലൗകിക മനുഷ്യനില്‍ നിന്ന് ദൈവമനുഷ്യനിലേക്കുള്ള മറുപിറവിയായി.
ഫ്രാന്‍സിസിന്‍റെ മാനസാന്തരവഴിയില്‍ രണ്ടു ദര്‍ശനങ്ങള്‍ ജീവചരിത്രങ്ങള്‍ കുറിച്ചിടുന്നു. പെറൂജിയയുമായുള്ള പോരാട്ടത്തില്‍ അസ്സീസിക്കു വേണ്ടി യുദ്ധം ചെയ്ത്, പരാജയപ്പെട്ട്, തടവില്‍ കഴിഞ്ഞ് തിരിച്ചെത്തിയ ഫ്രാന്‍സിസ് ഒരിക്കല്‍ ഒരു മാളിക നിറയെ ആയുധങ്ങളും അതിസുന്ദരിയായ യുവതിയെയും സ്വപ്നം കാണുന്നു. കൂടുതല്‍ വലിയൊരു യുദ്ധത്തിന്, ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പക്കുവേണ്ടി ജര്‍മ്മനിയിലെ പ്രഭുക്കന്മാര്‍ക്കെതിരെ പോരാടുന്നതിന് അപ്പുലിയായിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു ഫ്രാന്‍സിസ്. ഇക്കാണുന്നതെല്ലാം നിനക്കാണെന്ന വാഗ്ദാനം അപ്പുലിയായിലേക്കുള്ള യാത്രക്ക് പ്രചോദനമായി. യാത്രാമദ്ധ്യേ സ്പെലാറ്റോയില്‍വച്ച് യജമാനനെയോ ഭൃത്യനെയോ സേവിക്കേണ്ടതെന്ന അന്തര്‍സംഘര്‍ഷം സ്വപ്നദര്‍ശനമായി. യജമാനനെ എന്ന് തീര്‍ച്ചപ്പെടുത്തി ഫ്രാന്‍സിസ് മടങ്ങി. വീണ്ടും പിറക്കാനുള്ള മടക്കം. ആത്മാവിലെ പുനര്‍ജനി, പുതുജീവിതത്തിന്‍റെ തുടക്കം.
യജമാനന്‍ മൗലികമായതിനെ കുറിക്കുന്നു. ഭൃത്യര്‍ മായക്കാഴ്ചകളെയും. മൗലികതയെ വെടിഞ്ഞ് മായക്കാഴ്ചകള്‍ക്ക് പിറകെ അലയരുതെന്നാണ് വേദങ്ങളുടെയൊക്കെയും സാരം. യുദ്ധങ്ങള്‍, അത് മാര്‍പാപ്പക്കു വേണ്ടിയായിരുന്നാല്‍ത്തന്നെയും വ്യര്‍ത്ഥവും അര്‍ത്ഥശൂന്യവുമെന്ന തിരിച്ചറിവിലേക്ക് ആയിരുന്നു ഫ്രാന്‍സിസിന്‍റെ മാനസാന്തരം. മാനസാന്തരം വ്യക്തിനിഷ്ഠം തന്നെ. അത് പക്ഷേ പ്രതിഫലിക്കുക സമൂഹമധ്യേയത്രേ. ശാന്തിയിലേക്ക് മാനസാന്തരപ്പെട്ട ഫ്രാന്‍സിസിന്‍റെ സമാധാനദൗത്യങ്ങള്‍ മാനസാന്തരത്തെ മതനിരപേക്ഷ പീഠികയില്‍ പ്രതിഷ്ഠിക്കുന്നു.
സമാധാനത്തിന്‍റെ സംസ്ഥാപകരെ ദൈവപുത്രരുടെ പദവിയിലേക്കുയര്‍ത്തിയവന്‍റെ പിന്‍ഗാമിക്ക് സമാധാനത്തിലേക്കേ മാനസാന്തരപ്പെടാനാവൂ. പ്രത്യേകിച്ച് അവന്‍റെ സഭാസമൂഹം തന്നെ സമാധാനലംഘകരായി മാറിയ കാലത്ത് അവന്‍റെ പള്ളിയെ പുനരുദ്ധരിക്കുകയെന്നത് സഭയെ സമാധാനപാതയിലെത്തിക്കുക എന്നതും കൂടിയാകുന്നു.
