top of page

ആ ബലാത്കാരം ക്ഷതപ്പെടുത്തിയത് ശരീരത്തെയാണ് അഭിമാനത്തെയല്ല

Oct 1, 2013

2 min read

സഅ
Harassment against women.

അന്നുരാത്രി ഞാന്‍ ജീവനുവേണ്ടി മല്ലിട്ടപ്പോള്‍ എന്തിനുവേണ്ടിയാവാം അതു ചെയ്യുന്നതെന്ന് എനിക്ക് ഒട്ടുംതന്നെ അവബോധമുണ്ടായിരുന്നില്ല. അന്ന് ഞാനും എന്‍റെ പുരുഷസുഹൃത്തും കൂടി വീടിനു സമീപത്തുള്ള ഒരു പുല്‍മേട്ടിലേയ്ക്ക് നടക്കാനിറങ്ങിയതാണ്. ആയുധധാരികളായ നാലു പുരുഷന്മാര്‍ ഞങ്ങളെ പിടികൂടുകയും ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി മണിക്കൂറുകള്‍ എന്നെ ബലാത്സംഗം ചെയ്യുകയും ഞങ്ങളെ മര്‍ദ്ദിച്ചവശരാക്കുകയും ചെയ്തു. ഞങ്ങളെ കൊന്നുകളയണമോ വേണ്ടയോ എന്ന് അവര്‍ ഏറെ നേരം തര്‍ക്കിച്ചു. അവസാനം ഞങ്ങളെ ഉപേക്ഷിച്ചുപോയി.


പതിനേഴു വയസു മാത്രമുള്ള ഒരു പെണ്‍കുട്ടിയായിരുന്നു ഞാനന്ന്. ശേഷമുള്ള അതിജീവനത്തിന് ജീവിതമെന്നോട് ഏറെ ഔദാര്യം കാട്ടിയെന്നു പറയാം. പരിക്കേറ്റ ശരീരത്തോടെയും സംഭ്രാന്തി നിറഞ്ഞ മനസ്സോടെയും വീടണഞ്ഞ എനിക്ക് എന്നും കരുത്തേകാന്‍ വീടിന്‍റെ കരുതലുണ്ടായിരുന്നു. എന്‍റെ വീടിന്‍റെ പിന്‍തുണയില്‍ ഏറെദൂരം ഞാന്‍ മുന്നോട്ടു പോയി. യഥാര്‍ത്ഥ സ്നേഹം രുചിച്ചറിഞ്ഞു. വനമേടുകളില്‍ നടക്കാനിറങ്ങി; പുസ്തകങ്ങള്‍ രചിച്ചു; ബസുകളില്‍ യാത്ര ചെയ്തു. എനിക്ക് ശോഭയുള്ള ഒരു കുഞ്ഞുണ്ടായി. ഇപ്പോള്‍ കാലമേറെ പിന്നിട്ടു. എന്‍റെ തലയില്‍ ആദ്യത്തെ നരച്ചമുടി പ്രത്യക്ഷമായിരിക്കുന്നു.


ബലാത്സംഗം തികച്ചും ഹീനമായൊരു കാര്യമാണ്. എന്നാല്‍ അതിനെക്കുറിച്ചുള്ള ചിന്തകളോ ഓര്‍മ്മകളോ അവളുടെ തലയ്ക്കുള്ളിലേയ്ക്ക് നുഴഞ്ഞു കയറേണ്ട ഒന്നല്ലതാനും. അത് ഭീതികരമാണ്, കാരണം നിങ്ങള്‍ക്കുമേല്‍ ഒരു അതിക്രമം നടക്കുന്നുണ്ട്. നിങ്ങള്‍ വല്ലാതെ ഭയന്നുപോകുന്നുണ്ട്, അന്യനായൊരാള്‍ നിങ്ങളുടെ ശരീരത്തിനുമേല്‍ നിയന്ത്രണം ചെലുത്തുന്നുണ്ട്, ഒപ്പം നിങ്ങളുടെ ലൈംഗികതയുടെ ഉള്ളിലേയ്ക്ക് കടന്നു നിങ്ങളെ മുറിവേല്‍പ്പിക്കുന്നുണ്ട്, സമൂഹമധ്യേ നിങ്ങളുടെ സല്‍പ്പേരിന് കളങ്കം വരുന്നുമുണ്ട്. എന്നാല്‍ മറ്റൊരു തലത്തില്‍ അത് ഒട്ടും നമ്മെ അലോസരപ്പെടുത്തേണ്ടതില്ല. തന്‍റെ പിതാവിനോ സഹോദരനോ മാനക്കേട് വരും എന്നോര്‍ത്ത് ആകുലപ്പെടേണ്ടതുമില്ല. എന്‍റെ യോഗ്യത കുടികൊള്ളുന്നത് എന്‍റെ യോനിയിലാണെന്ന ധാരണയെ ഞാന്‍ നിരാകരിക്കുന്നു. പുരുഷന്‍റെ തലച്ചോറ് അവന്‍റെ ജനനേന്ദ്രിയത്തിലാണെന്ന സങ്കല്പത്തെ ഞാന്‍ തള്ളിക്കളഞ്ഞതുപോലെ തന്നെ.


അകൃത്യത്തിനിരയായ പെണ്‍കുട്ടിക്ക് അവളുടെ ആത്മശക്തി കൈമോശം വരാതിരിക്കാനെന്താണോ ആവശ്യമായത് അത് നല്‍കപ്പെടേണ്ടതുണ്ട്. പുറംതള്ളലിന്‍റെ ഭാരമേല്‍പ്പിക്കാതെ, കുറ്റബോധമോ ലജ്ജയോ തോന്നിപ്പിക്കാതെ, ഈ ഭയാനകമായ അവസ്ഥയില്‍ അവളോട് സഹാനുഭൂതി കാണിക്കേണ്ടതുണ്ട്.


ഞാന്‍ ആക്രമിക്കപ്പെട്ട് ഏകദേശം ഒരാഴ്ചയ്ക്കുശേഷം മറ്റൊരു സ്ത്രീയുടെ കഥ ഞാന്‍ കേട്ടു. തൊട്ടടുത്തു തന്നെയുള്ള ഒരു സ്ഥലത്തുവച്ചാണ് അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടത്. ആ സംഭവത്തിനുശേഷം വീട്ടില്‍ മടങ്ങിയെത്തിയ അവള്‍ അടുക്കളയില്‍ക്കയറി സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തുവത്രേ! ഈ സംഭവം എന്നോട് വിവരിച്ചയാള്‍ ആ സ്ത്രീ തന്‍റെ ഭര്‍ത്താവിന്‍റെ അഭിമാനം സംരക്ഷിക്കുവാന്‍ നടത്തിയ നിസ്വാര്‍ത്ഥ യജ്ഞമെന്ന മട്ടില്‍ ഏറെ അഭിമാനത്തോടെയാണ് ആത്മഹത്യയെക്കുറിച്ച് സംസാരിച്ചത്. ഇക്കാര്യം മഹത്തരമായി എനിക്ക് അപ്പോള്‍ തോന്നിയതേയില്ല. അതിന് ഞാന്‍ എന്‍റെ മാതാപിതാക്കള്‍ക്കു നന്ദിപറയുന്നു.


ബലാത്സംഗം ചെയ്യുന്നയാള്‍ അതിനു തക്ക പ്രായശ്ചിത്തം ചെയ്യേണ്ടിവരുകയും ഇരകളായവര്‍ക്ക് മാനസികവും ശാരീരികവുമായ പരിരക്ഷണം ഉറപ്പാക്കുകയും ചെയ്യേണ്ടുന്ന നിയമസംവിധാനമാണ് ഉണ്ടാവേണ്ടത്. എന്നിരുന്നാലും സഹാനുഭൂതിയും പിന്‍തുണയും ഇവര്‍ക്ക് നിര്‍ല്ലോഭം നല്‍കാനാവുക കുടുംബത്തിനും സമൂഹത്തിനുമൊക്കെയാണ്. റേപ്പിസ്റ്റിനെതിരെ നിയമനടപടികള്‍ തുടരാനും കുടുംബത്തിന്‍റെ ശക്തമായ പിന്‍ബലം ആവശ്യമുണ്ട്. ഭാര്യയോടുള്ള അതിക്രമം അവള്‍ക്കുണ്ടാക്കിയ മുറിവിനേക്കാളേറെ തന്‍റെ അഭിമാനക്ഷതമായിക്കരുതുന്ന ഒരു ഭര്‍ത്താവിന് എങ്ങനെയാണ് അവളെ ആക്രമിച്ചവനെതിരെ കുറ്റാരോപണം നടത്തി ശിക്ഷവാങ്ങി നല്‍കാന്‍ അവളെ സഹായിക്കാനാവുക? എന്‍റെ പതിനേഴാം വയസില്‍ എനിക്കു തോന്നിയത് അന്നു നടന്ന ഭയാനകമായ ആ സംഭവത്തോടെ എന്‍റെ ജീവിതം മുറിവേല്‍പ്പിക്കപ്പെട്ടെന്നും എന്‍റെ ശിരസ് കുനിയപ്പെടേണ്ടവിധം അപമാനം ഉണ്ടായിരിക്കുന്നു എന്നുമായിരുന്നു. എന്നാല്‍ ഈ നാല്‍പ്പത്തിയൊന്‍പതാം വയസ്സില്‍ അന്നത്തെ ആ ചിന്ത തെറ്റായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ ആകുലചിത്തയാകുന്നത് പതിനൊന്നു വയസ്സുള്ള എന്‍റെ കുഞ്ഞ് ഇവ്വിധം മുറിവേല്‍പ്പിക്കപ്പെടുകയും ലജ്ജാഭാരം ചുമക്കേണ്ടിവരികയും ചെയ്താലുണ്ടാകുന്ന അവസ്ഥയെപ്പറ്റിയുള്ള ചിന്തയിലാണ്. അത് എന്‍റെ കുടുംബത്തിന്‍റെ മാനം പോകുമെന്നോര്‍ത്തല്ല; മറിച്ച്, എന്‍റെ കുഞ്ഞ് ഈ ലോകത്തെ അത്രയേറെ നിഷ്ക്കളങ്കതയോടെ വിശ്വസിക്കുന്നു എന്നതിനാലാണ്. ആ വിശ്വാസം ഒരു നിമിഷാര്‍ദ്ധത്തിനുള്ളില്‍ കൈമോശം വരുന്ന അവസ്ഥ പറഞ്ഞറിയിക്കാനാവാത്ത വണ്ണം വേദനാകരമായിരിക്കും. പിന്നെയവള്‍ എവിടേയ്ക്കാണ് പ്രത്യാശയ്ക്കായി ഉറ്റുനോക്കേണ്ടത്? ഇപ്പോള്‍ എനിക്കു മനസിലാകുന്നത് പതിനേഴുകാരിയായ എന്നെക്കാളേറെ ആശ്വസിപ്പിക്കപ്പെടേണ്ടിയിരുന്നത് ഉലഞ്ഞുപോയ എന്‍റെ മാതാപിതാക്കളെയായിരുന്നു എന്നാണ്. അവരാണല്ലോ ഉടഞ്ഞുപോയ ഒരു ജീവിതത്തെ വീണ്ടും വിളക്കിച്ചേര്‍ക്കേണ്ടിവന്നവര്‍...


ഇവിടെയാണ് നമ്മുടെ ഉത്തരവാദിത്വം തിരിച്ചറിയേണ്ടത്. ഭാവിതലമുറയെ പടുത്തുയര്‍ത്തേണ്ടവര്‍ക്കൊപ്പം നാം നില്‍ക്കേണ്ടതുണ്ട്. നമ്മുടെ പുത്രീപുത്രന്മാരെ സ്വതന്ത്രരും ആദരണീയരുമായ 'മുതിര്‍ന്നവ'രാക്കിത്തീര്‍ക്കേണ്ട ഉത്തരവാദിത്വമാണ് നാം ഏറ്റെടുക്കേണ്ടത്. സ്ത്രീകളെ വെറും ചരക്കുകളായിക്കാണുന്ന പുരുഷന്മാര്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവില്‍ വളരാന്‍ അവരെ സഹായിക്കുക.


ഞാന്‍ പതിനേഴുകാരിയായിരുന്നപ്പോള്‍ എനിക്കു സങ്കല്പിക്കാന്‍പോലും കഴിയുമായിരുന്നില്ല, ആയിരങ്ങള്‍ ബലാത്സംഗം എന്ന ദുഷ്ക്കര്‍മ്മത്തിനെതിരെ ഇന്നത്തെപ്പോലെ സംഘടിതരായി മുന്നേറുന്നതിനെപ്പറ്റി. എന്നാലും ഇനിയും ഏറെ ജോലികള്‍ ചെയ്യാനുണ്ട്. പുരുഷമേധാവിത്വവും ജാതിവ്യവസ്ഥയും സാമൂഹിക ലൈംഗിക അസമത്വവുമൊക്കെ തഴച്ചുവളരുകയും ബലമുള്ളവര്‍ അതു ദുര്‍വിനിയോഗം നടത്തുകയും ചെയ്യുന്ന ഒരു സംവിധാനത്തിലാണ് ഈ തലമുറ വളര്‍ന്നു വരുന്നത്. ഋതുക്കള്‍ മാറുന്നതുപോലെ അനിവാര്യമായ ഒന്നല്ല ബലാത്സംഗം. നിഷ്ഫലമായ ജല്പനങ്ങളെ മാറ്റിവെച്ച്, ഓരോ അകൃത്യത്തിന്‍റെയും ഉത്തരവാദിത്വം അത് ചുമക്കേണ്ടവരില്‍ത്തന്നെ വച്ചുകൊടുക്കുക. സ്ത്രീയോട് അതിക്രമം കാട്ടുന്ന പുരുഷനാണ്, അയാള്‍ മാത്രമാണ് അതിന്‍റെ ശിക്ഷാവിധിയും വഹിക്കേണ്ടത്. അല്ലാതെ അതിക്രമത്തിനിരയായ സ്ത്രീയ്ക്കുനേരെ നാം വിരല്‍ ചൂണ്ടുന്നതിനിടയില്‍ അയാള്‍ക്കു രക്ഷപ്പെടാന്‍ ഇടം കൊടുത്തുകൂടാ.


(പരിഭാഷ: മറിയം ജോര്‍ജ്)

Featured Posts