

പൗരസ്ത്യദേശത്തുനിന്ന് ജ്ഞാനികൾ ദൈവപൈതലിനെ അന്വേഷിച്ച് ജറൂസലേമിൽ എത്തിയെന്നും അവൻ്റെ ജനന വാർത്ത കേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി: അയാളോടൊപ്പം ജറൂസലം മഴുവനും - എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. അവൻ്റേത് എന്നവർ വിശ്വസിച്ച ഒരു നക്ഷത്രത്തെ അനുധാവനം ചെയ്താണ് അവർ അത്രദൂരം എത്തിയത്. പിന്നീടും അവരെ അതേ നക്ഷത്രം തന്നെ നയിച്ച് ബേത്‌ലഹേമിൽ അവൻ്റെ ജന്മസ്ഥലം വരെ എത്തിച്ചു എന്നാണ് മത്തായി രേഖപ്പെടുത്തുന്നത്.
അവർ കൊണ്ടുവന്നതായി പറയുന്ന മൂന്ന് സമ്മാനങ്ങൾ -സ്വർണ്ണം, കുന്തുരുക്കം, മീറാ - വിലപിടിച്ചവ ആയതിനാലാവ ണം "മൂന്നു രാജാക്കൾ" എന്ന് പിന്നീടവർ അറിയപ്പെട്ടത്. കാസ്പർ, മെൽക്കിയോർ, ബൽത്താസർ എന്നായിരുന്നു അവരുടെ പേരുകൾ എന്നും പാരമ്പര്യ വിശ്വാസം.
ഏതായാലും ജനുവരി 6 ന് പാശ്ചാത്യസഭയിൽ മൂന്ന് ജ്ഞാനികളുടെ സന്ദർശനമാണ് ആഘോഷിക്കപ്പെടുന്നത്. പൗരസ്ത്യ സഭകളിൽ യേശുവിൻ്റെ മാമ്മോദീസക്കാണ് പ്രാമുഖ്യം. ഏതായാലും എപ്പിഫനി എന്നറിയപ്പെടുന്ന പ്രസ്തുത തിരുന്നാളിൽ വീടുകളുടെ ഉമ്മറ വാതിലിൽ അഥവാ ഉമ്മറ വാതിലിൻ്റെ കട്ടിളപ്പടിയിൽ ചോക്കുകൊണ്ട് ഒരു കോഡ് എഴുതുന്ന പാരമ്പര്യം പാശ്ചാത്യ സഭയിൽ ഉണ്ടെന്ന് ഞാൻ കേട്ടിട്ട് ഏറെ വർഷമായില്ല. കുടുംബനാഥൻ/നാഥ ചോക്കുകൊണ്ട് എഴുതുന്നത് C+M+B എന്നാണ്. കാസ്പർ, മെൽക്കിയോർ, ബൽത്താസർ എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങളാണ്. ജ്ഞാനികളായ അവർ ഇവിടം സന്ദർശിച്ചു എന്നാണ് സൂചന. ഈ വർഷം സന്ദർശിച്ചു എന്ന് കാണിക്കാൻ വർഷം രണ്ടാക്കി പിരിച്ച് C+M+B ക്ക് ഇരുപുറവുമായി എഴുതുകയാണ് ചെയ്യുക. അതായത് 2026 എന്നതിന് 20-C+M+B-26. (ചിലപ്പോൾ റോമൻ അക്കങ്ങളിൽ MM-C+M+B-XXVI ).
"ക്രിസ്തുവിൻ്റെ ആശീർവാദം ഈ ഭവനത്തിൻ്റെമേൽ ഉണ്ടാകട്ടെ" എന്ന ആശീർവ്വാദ പ്രാർത്ഥനയോടെയാണ് എഴുതുന്നയാൾ അതെഴുതുന്നത് എന്നും, CMB എന്നതിന് ലത്തീനിൽ "Christus Mansionem Benedicat" എന്നൊരു ആരോപിതാർത്ഥം ("ക്രിസ്തു ഈ ഭവനത്തെ ആശീർവ്വദിക്കട്ടെ") കൂടിയുണ്ടെന്നും സത്യത്തിൽ ഈയ്യിടെയാണ് അറിഞ്ഞത്.
നക്ഷത്രം - ഇരുളിൽ പ്രത്യാശ നൽകുന്ന വെളിച്ചത്തിൻ്റെ ബിന്ദു - ക്രിസ്തുവിലേക്ക് അഥവാ ദൈവത്തിലേക്ക് വിരൽചൂണ്ടുന്നു എന്ന വിജാതീയ ദർശനം (ജ്ഞാനികൾ വിജാതീയരായിരുന്നു) കുറച്ചുകൂടി വിസ്തരിച്ചാൽ ഓരോ സൃഷ്ടിയും - പ്രപഞ്ചത്തിലെ ഓരോ തരിയും സ്രഷ്ടാവിലേക്ക് വിരൽചൂണ്ടുന്നു എന്ന ഫ്രാൻസിസ്കൻ ദർശനമാവും.





















