top of page
എന്‍റെയൊരു സുഹൃത്ത്, നേതൃത്വപാടവത്തില്‍ സമപ്രായക്കാരില്‍ ഒരതിശയമായിരുന്ന പാലാക്കാരി ജിനുറാണി ജോര്‍ജ്ജ്, നിര്‍ത്താതെ വര്‍ത്തമാനം പറയും. കോട്ടയം ബിസിഎം കോളേജിലും പിന്നീട് കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലും വിദ്യാര്‍ത്ഥി നേതാവായിരുന്ന ജിനു ഭംഗിയായി പ്രസംഗിക്കും. സംഭാഷണവും പ്രസംഗവും ഒരാളിലും മുഷിച്ചിലുണ്ടാക്കാറില്ല. കേള്‍ക്കുന്നതും മൗനം പാലിക്കുന്നതും എപ്പോഴും മറ്റുള്ളവരായതുകൊണ്ട് ജിനുവിന് ചിലപ്പോള്‍ ശബ്ദത്തകരാറു വരും. ഒച്ചയില്ലാതാകും. ഉള്ള ശബ്ദത്തില്‍ ആംഗ്യവിക്ഷേപങ്ങളോടെ ജിനു അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും. വൈദ്യന്മാര്‍ വിധി കല്‍പ്പിക്കുന്നു: 'ഒരേ ഒരു പരിഹാരം, കുറച്ചുനാള്‍ മിണ്ടാതിരിക്കുക. വോയ്സ് റെസ്റ്റ്'
ജിനുവിന്‍റെ മറുപടി: "മിണ്ടാതിരിക്കുവതെങ്ങനെ? മറ്റെന്തു പറഞ്ഞാലും അത് ചെയ്യാം."
ഇതു മറ്റുപലരും പറയുന്നതാണ്. അവര്‍ക്കു മിണ്ടാതിരിക്കുകയെന്നത് അസാദ്ധ്യം. മൗനം പാലിക്കുമ്പോള്‍ അചേതന വസ്തുവായി മാറുമോ എന്നവള്‍ ഭയപ്പെടുന്നു. ചിലര്‍ സംസാരിക്കാതാവുമ്പോള്‍, നിരാശരും നിസ്സഹായരുമായി മാറുന്നു. എന്നാല്‍ മൗനം പ്രവൃത്തിക്കോ വര്‍ത്തമാനം പറച്ചിലിനുതന്നെയുമോ എതിരല്ല എന്നതാണ് വസ്തുത. നിശ്ശബ്ദരായിരിക്കാനോ മൗനത്തെ ഒരു സാര്‍ത്ഥകമായ പ്രവൃത്തിയാക്കാനോ പലര്‍ക്കുമറിയില്ല. അതിന് ഉചിതമായ പരിശീലനം ലഭിച്ചിട്ടുമില്ല.
ഒരിക്കല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കുള്ള ഒരു ശില്പശാലയില്‍വെച്ച് ഞാന്‍ ഒരു ചോദ്യമുന്നയിച്ചു: 'ഫലപ്രദമായി വര്‍ത്തമാനം പറയാനും പ്രസംഗിക്കാനും പരിശീലനം കിട്ടിയവരാരൊക്കെയാണീ കൂട്ടത്തില്‍?'
അവരില്‍ ഭൂരിഭാഗം പേരും കയ്യുയര്‍ത്തി. അവര്‍ക്ക് സംസാരിക്കുന്നതിന്, ആശയവിനിമയം നടത്തുന്നതിന്, ഏതെങ്കിലും തരത്തിലുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. അവരുടെ അദ്ധ്യാപകരോ രക്ഷിതാക്കളോ ഭംഗിയായി സംസാരിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്. ഫലവത്തായ ആശയവിനിമയം ലക്ഷ്യമാക്കി നടത്തിയ ശില്പശാലയില്‍ പങ്കെടുത്തവരുമുണ്ട് അക്കൂട്ടത്തില്‍. ഉചിതമായ വാക്കുകളുടെ തിരഞ്ഞെടുപ്പ്, പ്രയോഗം, ഉച്ചാരണം എന്നിവയില്‍ പരിശീലനം കിട്ടിയവരാണ് ചിലര്‍.
ഞാനടുത്ത അന്വേഷണം നടത്തി: 'നിങ്ങളില്‍ എത്രപേര്‍ക്ക് മൗനികളായിരിക്കാന്‍, ഒന്നും മിണ്ടാതെ മറ്റുള്ളവരെ ശ്രദ്ധയോടെ കേട്ടിരിക്കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്?'
അമ്പതിലധികം പേരില്‍ രണ്ടാളുകള്‍ മാത്രമാണ് കൈയുയര്‍ത്തിയത്. ഒരാള്‍ യോഗപരിശീലനത്തില്‍നിന്ന് അത് മനസ്സിലാക്കി എന്നുപറഞ്ഞു. മറ്റൊരാള്‍ ധ്യാന കേന്ദ്രത്തില്‍വെച്ച് മൗനത്തിന്‍റെ മാധുര്യമറിഞ്ഞു എന്നറിയിച്ചു.
പൊതുവെ കുട്ടികളായിരിക്കുമ്പോഴോ, വലിയവരായിരിക്കുമ്പോഴോ നമുക്ക് മൗനത്തിന്‍റെ മനോഹാരിതയും ധന്യതയുമറിയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ല. മറ്റുള്ളവരെ ശ്രദ്ധയോടെ കേള്‍ക്കാന്‍ പരിശീലനം കിട്ടിയവരല്ല നമ്മള്‍. അതിനുള്ള നിര്‍ദ്ദേശംപോലും ലഭിച്ചിട്ടുണ്ടാവില്ല. സംസാരിക്കുവാനല്ലാതെ മറ്റുള്ളവര്‍ക്കു ചെവി കൊടുക്കാനോ, ശബ്ദംവെച്ചുകൊണ്ടിരിക്കാനല്ലാതെ മൗനികളായിരിക്കാനോ നമ്മള്‍ വഴിനോക്കാറില്ല. കുട്ടികളെപ്പോലും സ്കൂളിലോ മതപഠനശാലകളിലോ വെച്ച് പഠിപ്പിക്കുകയോ പരിശീലനം നല്കുകയോ ചെയ്യാറില്ല.
ഒരദ്ധ്യാപകനെന്ന നിലയില്‍ ചില അവസരങ്ങളില്‍ ഞാന്‍ എന്‍റെ വിദ്യാര്‍ത്ഥികളോട് കണ്ണടച്ചിരുന്ന് മൗനത്തിന്‍റെ പ്രകാശപാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഞാന്‍ പറയും: 'ചെരുപ്പുകളില്‍നിന്ന് കാലുകളെടുത്തുമാറ്റി നിലം ചവിട്ടിയിരിക്കുക. മെല്ലെ കണ്ണടയ്ക്കുക. സാവധാനം ശ്വാസം പുറത്തേക്കുവിടുക. സാവധാനം ശ്വാസം അകത്തേക്ക് എടുക്കുക. മനസ്സിന്‍റെ അകത്തളങ്ങളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ദൃശ്യം ഒരുക്കുക. ഒരു പ്രകൃതി ദൃശ്യമാകാം. ഒരു സന്ദര്‍ഭമാവാം. നിശ്ശബ്ദം അതിന്‍റെ സൗന്ദര്യമറിയുക. ആകാശത്തിന്‍റെ, മലനിരകളുടെ, മരങ്ങളുടെ, ഇലകളുടെ, പുല്‍ച്ചെടിയുടെ, നീരൊഴുക്കിന്‍റെ, പറവകളുടെ, പൂമ്പാറ്റകളുടെ, മണ്‍തരികളുടെ, വായുവിന്‍റെ വശ്യതയറിയുക. നിങ്ങള്‍ക്ക് പ്രിയപ്പെട്ട സന്ദര്‍ഭത്തിന്‍റെ ആഹ്ലാദമറിയുക. സൂക്ഷ്മാംശങ്ങളിലൂടെ മൗനസഞ്ചാരം നടത്തുക. സ്വപ്നയാത്ര നടത്തുക.'
അത്ഭുതകരമാണ് ഫലം. ആത്മാര്‍ത്ഥതയോടെ അതു ചെയ്യുന്നവര്‍, കണ്ണുകള്‍ മെല്ലെതുറക്കുന്നു. അയവും വിശ്രാന്തിയുമറിഞ്ഞ്, ശ്വാസഗതിയതിന്‍റെ സ്വാഭാവികമായ ഗതിവിഗതിയില്‍ തടസ്സരഹിതമായ പ്രവാഹമായി മാറുമ്പോള്‍, അവര്‍ അനുഭവിച്ചതെന്തോ അതു വിവരിക്കുന്നു. സാധാരണ ക്ലാസ്സില്‍ വലിയ 'അറിവു'കള്‍ അവതരിപ്പിക്കാത്തവര്‍പ്പോലും, മനസ്സുതുറന്ന് സ്വാനുഭവത്തിന്‍റെ ലഹരി മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നു.
ഒരവസരത്തില്‍, വിദ്യാര്‍ത്ഥികളിലൊരാള്‍ എന്നോടു ചോദിച്ചു: 'സാര്‍, ഏകാഗ്രതയാണോ മൗനം?'
ഏകാഗ്രത മൗനമോ ധ്യാനമോ അല്ലെന്ന് ഓഷോ പറഞ്ഞതു ഞാനോര്‍ത്തു. ഏകാഗ്രതയ്ക്കു പ്രയോജനമേറെയുണ്ട്. അതു മൗനമോ ധ്യാനമോ അല്ലെന്നാണ് ഓഷോ പറഞ്ഞത്. ഞാന്‍ പറഞ്ഞു: 'മൗനം ഏകാഗ്രതയാണെന്ന് തോന്നുന്നില്ല. ഏകാഗ്ര മനസ്സ് പലതും മറന്നേക്കും. എന്നാല്‍ മൗനമോ ധ്യാനമോ മറവിയല്ല. ഓര്‍മ്മയാണ്.'
വിദ്യാര്‍ത്ഥിക്ക് മനസ്സിലായോ എന്നറിയില്ല. പക്ഷേ ഒന്നറിയാം, മൗനത്തിലിരിക്കാന്‍ ക്യാമ്പുകളിലോ ശില്പശാലകളിലോ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുമ്പോള്‍ അവര്‍ മനസ്സിലാക്കുന്നുണ്ട്: മൗനം മനസ്സിനെ ഒരു ലാടത്തില്‍ കെട്ടിയിടലല്ല.
മൗനം എനിക്ക് ഒരാത്മ പരിശോധനയല്ല. ചിന്തിക്കലല്ല. വിശകലനം ചെയ്യലല്ല. മനസ്സിനെ കാണുകയോ കേള്‍ക്കുകയോ ചെയ്യലല്ലാതെ മറ്റൊന്നും ചെയ്യേണ്ടതുമില്ല. കണ്ണുതുറന്നു മൗനത്തിന്‍റെ മഹാവഴികളിലൂടെ സഞ്ചരിക്കാം. പറവകളുടെ കളകൂജനം, വൃക്ഷത്തലപ്പുകള്‍ക്കിടയിലൂടെ കാറ്റ് ആനന്ദനടനമാടുന്നത്, പൂക്കള്‍ ചിതറിവീണ് മുറ്റത്ത് പരവതാനിയൊരുക്കുന്നത്, പൂമ്പാറ്റകള്‍ ഇളംവെയിലില്‍ നൃത്തമാടുന്നത് കാണുക; കേള്‍ക്കുക. അത് നഗരദൃശ്യവുമാകാം. വാഹനങ്ങള്‍ അണിവെച്ച് നീങ്ങുന്നത്, ആളുകള്‍ കൂട്ടത്തോടെ നീങ്ങുന്നത്, തീവണ്ടിചക്രങ്ങള്‍ പാളത്തില്‍ താളമിട്ടുപായുന്നത്, വിമാനം ആകാശത്തു പറക്കുന്നത് സൂക്ഷ്മാംശങ്ങളോടെ മനസ്സിലെ തിരശ്ശീലയില്‍ കാണാം. ചുറ്റുപാട് ഏതെന്നതല്ല പ്രധാനം. എങ്ങിനെ അറിയുന്നു എന്നതാണ്. അപ്പോള്‍ മഹത്തായ നിശ്ശബ്ദത മന്ദം മന്ദം അകത്തേറുന്നു. അതാണ് മൗനാനുഭവം.
മൗനം ഒരു പ്രവൃത്തിയാണ്. അതൊരു വര്‍ത്തമാനം പറച്ചിലോ പൊട്ടിച്ചിരിയോ ആകാം. അതൊരുതരത്തില്‍ ആന്തരികയാത്രയാണ്. ഒരു സാഹസികയാത്ര. നമുക്കുപോലും തിരിച്ചറിയാനാവാത്ത ഏതോ അജ്ഞാത ദ്വീപുകളിലേക്കുള്ള അനന്തയാത്ര. അത് മനുഷ്യമനസ്സിന് സാദ്ധ്യമായ ഏറ്റവുമേറെ സൗന്ദര്യംനിറഞ്ഞ സഞ്ചാരമാണ്. അതുല്യമായ ആഹ്ലാദമാണ്. അത് മറ്റൊരാളില്‍നിന്ന് കണ്ടെത്തുന്ന ആനന്ദലബ്ധിയല്ല. ഒരാള്‍ ഒരാളില്‍നിന്നുതന്നെ ഖനനം ചെയ്തെടുക്കുന്ന ശുദ്ധമായ ആനന്ദമാണ് മൗനം.
മൗനം ധ്യാനത്തിലൂടെയാകാം. ധ്യാനം മൗനത്തിലൂടെയും നേടാം. വര്‍ത്തമാനം പറഞ്ഞും അതു നേടാം. ഓഷോ ധ്യാനത്തെക്കുറിച്ച് പറയുമ്പോള്‍ വ്യക്തമാക്കുന്നതിങ്ങനെ: 'ഞാന്‍ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ എന്‍റെ ധ്യാനത്തിനു ഭംഗം നേരിടുന്നില്ല. എനിക്ക് സംസാരിച്ചുകൊണ്ടേയിരിക്കാം. പക്ഷേ എന്‍റെ സത്തയുടെ കേന്ദ്രത്തില്‍ ഒരു ചലനവുമില്ല. അത് നിശ്ശബ്ദമാണ്, തീര്‍ത്തും മൂകമാണ്.'
മൗനം അന്നേരം വെറും മിണ്ടാതിരിക്കലല്ല. ജീവിതത്തില്‍നിന്ന് ഓടിയകലലുമല്ല. അത് ഒരു പുതിയ ജീവിതശൈലി കണ്ടുപിടിക്കലാണ്. എന്നാല്‍ മൗനം നിഷേധാത്മകമായ ഒരു കാര്യമായിട്ടാണ് പലരും കാണുന്നത്. ചിലര്‍ ശൂന്യമായ ഒരവസ്ഥയായി വിചാരിക്കുന്നു. മൗനിയായിരിക്കുമ്പോള്‍ അക്കൂട്ടരറിയുന്നത് ശബ്ദരഹിതമായ ഒരവസ്ഥയാണ്. ശബ്ദരാഹിത്യത്തില്‍നിന്ന് മനോഹരമായ ശബ്ദലോകത്തേക്ക് യാത്രചെയ്യലാണ് മൗനം. ചലനാത്മകവും ഗുണാത്മകവുമായ അനുഭവമാക്കി മാറ്റാന്‍ സാധിക്കുന്നവര്‍ക്കാണ് മൗനം സമ്പാദ്യമാകുന്നത്.
ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥി എന്നോട് ചോദിച്ചു: 'വര്‍ത്തമാനം പറയുന്ന, അദ്ധ്യാപനം നടത്തുന്ന സാര്‍, സ്വസ്ഥതയുടെ ലബ്ധിയറിയുന്ന ഒരു നിമിഷത്തെക്കുറിച്ച് പറയാമോ?'
ഞാന്‍ പറഞ്ഞു: 'ഞാന്‍ ആത്മീയഗുരുവല്ല. ഞാന്‍ മതനേതാവല്ല. ഞാന്‍ സാധാരണ മനുഷ്യന്‍ മാത്രം. അങ്ങിനെയുള്ള ഞാന്‍ പലവട്ടം ആവര്‍ത്തിച്ച് നേടിയിട്ടുള്ള സ്വസ്ഥനിമിഷങ്ങള്‍ എന്നിലുണ്ട്.'
ഞാനതു വിവരിച്ചു: കൗമാരകാലത്തും, യൗവനാരംഭത്തിലും സ്വസ്ഥനിമിഷങ്ങളെനിക്ക് കണ്ടെത്താനായ നേരമാണത്. ഇപ്പോഴും ഞാന്‍ അതറിഞ്ഞിട്ടുണ്ട്. മനസ്സ് ചഞ്ചലമാകുമ്പോള്‍ അസ്വസ്ഥമാകുമ്പോള്‍ ഞാന്‍ കടപ്പുറത്തു പോയി മലര്‍ന്നുകിടക്കുന്നു. പൂഴിമണല്‍ എന്‍റെ മേലോടമരുന്നു. ഞാന്‍ കണ്ണടയ്ക്കുന്നു. കടപ്പുറത്ത് ഉല്ലസിക്കാനെത്തിയവരോ കച്ചവടക്കാരോ നിരത്തിലൂടെ ഓടുന്ന വാഹനങ്ങളോ എന്‍റെ മനസ്സിലേക്ക് ഇറങ്ങുന്നില്ല. കടലിന്‍റെ ആരവം എന്നിലേക്ക് പടരുന്നു. സാഗരഗര്‍ജ്ജനം എന്‍റെ മനസ്സില്‍ ഒരു സംഗീതമായിമാറുന്നു. കടല്‍മാത്രം. തിരമാലകളുടെ താളവും ജലകണികകളുടെ നടനവും എന്‍റെ അസ്വസ്ഥതകള്‍ക്ക് വിരാമമിടുന്ന ശക്തിയായി മാറുന്നു. മൗനത്തിന്‍റെ തിരപ്പുറങ്ങളില്‍ ഞാന്‍ അമ്മാനമാടുന്നു. മൗനത്തിന്‍റെ മഹാശിഖരം പൂകുന്നു.
മൗനത്തിന്‍റെ സാദ്ധ്യതകളറിയാന്‍ ഓരോരുത്തര്‍ക്കും അവര്‍ക്കിണങ്ങുന്ന മാര്‍ഗ്ഗം കണ്ടെത്താനാവുമെന്നതാണ് എന്‍റെ അനുഭവം. അതു തന്നെയല്ലേ സത്യവും?