top of page

അടിയാളപ്രേതവും അമ്മക്കല്ലും

Jan 22, 2020

4 min read

ഡോ. റോയി തോമസ്
a novel

കീഴാളരുടെ ചരിത്രം

നോവലുകള്‍ ചരിത്രം പറയുന്നുവെന്നെഴുതിയത് തുര്‍ക്കി നോവലിസ്റ്റ് ഓര്‍ഹന്‍ പാമുക്കാണ്. മനുഷ്യവര്‍ഗ്ഗത്തിന്‍റെ വൈകാരിക ചരിത്രരേഖയാണ് നോവല്‍ എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ചരിത്രഗ്രന്ഥങ്ങളില്‍ കാണാത്ത മറ്റൊരു ചരിത്രമാണ് നോവലുകള്‍ പറയുന്നത്. ലോകം തന്നെ ഒരു കഥയുടെ ഭാഗമാണെന്നതാണ് നോവല്‍ അവതരിപ്പിക്കുന്ന സത്യം. പി.എഫ്. മാത്യൂസിന്‍റെ പുതിയ നോവല്‍ 'അടിയാളപ്രേതം' നമ്മുടെ ചരിത്രത്തിലെ ചില അധ്യായങ്ങളാണ് ആവിഷ്കരിക്കുന്നത്. 'അടിയാളരുടെ ചരിത്രം' പറയുന്ന നോവലാണിത്. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും അടിയാളന്‍റെ സ്വത്വം എപ്രകാരമാണ് നിലനില്‍ക്കുന്നതെന്ന് നോവലിസ്റ്റ് ആരായുന്നു. കീഴാളരുടെ ഭാഗത്തുനിന്നു ചരിത്രം രേഖപ്പെടുത്തിയാല്‍ നമ്മുടെ ചരിത്രം മാറിമറിയുന്നു. 'സബാള്‍ട്ടേണ്‍' ആയ ചരിത്രദര്‍ശനമാണ് 'അടിയാളപ്രേത'ത്തില്‍ കാണുന്നത്. 'ചരിത്രത്തിന്‍റെ അനീതികളെയും ആവര്‍ത്തനങ്ങളെയും നിശിതമായി ഓര്‍മ്മപ്പെടുത്തലുകൊണ്ടാണ്" ഈ നോവല്‍ വ്യത്യസ്തമാകുന്നതെന്ന് എസ്.ഹരീഷ് എടുത്തു പറയുന്നു.

ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ കൊല്ലപ്പെട്ട കുഞ്ഞുമാക്കോതയുടെ കുടുംബത്തിന്‍റെയും ആയിരത്തി അറുനൂറ്റി അറുപത്തി മൂന്നില്‍ കൊല്ലപ്പെട്ട പേരില്ലാത്ത കാപ്പിരിയുടെയും കഥയാണ് ഈ നോവല്‍. രണ്ടും നടന്നത് കച്ചവടത്തിനും വെട്ടിപ്പിടുത്തങ്ങളുമായി എല്ലാ ഭാഷക്കാരും മതക്കാരും രാജ്യക്കാരും വന്നടിഞ്ഞ കൊച്ചിയിലാണ്. നൂറ്റാണ്ടുകളുടെ ഇടവേളകളില്‍ കൊല്ലപ്പെട്ടത് അടിയാളരാണ്. നാം ഒരു കാലത്ത് നിലനിര്‍ത്തിയ ജാതിവ്യവസ്ഥയുടെ അടവുകളാണ് നോവലിസ്റ്റ് തുറന്നിടുന്നത്. ഇനി ഒരിക്കല്‍ക്കൂടി പഴയകാലത്തേക്ക് തിരിച്ചുപോകുമോ എന്ന ഭയം നമ്മെ ചൂഴ്ന്നുനില്‍ക്കുമ്പോള്‍ ഈ നോവല്‍ അവതരിപ്പിക്കുന്ന ചരിത്രം ഏറെ പ്രസക്തി കൈവരിക്കുന്നു.

'യാഥാര്‍ത്ഥ്യവും ഭാവനയും അതിര്‍വരമ്പുകളില്ലാതെ പരസ്പരം ലയിച്ചു' കിടക്കുന്ന നോവലാണ് 'അടിയാളപ്രേതം'. ചരിത്രത്തിന്‍റെ സഞ്ചാരവഴികളിലെല്ലാം വീണുകിടക്കുന്ന കീഴാളച്ചോരയുടെ ചിത്രമാണ് നോവലിസ്റ്റ് വരച്ചിടുന്നത്. 'ഒരാള്‍ അടിയാളായി മാറുന്നതിന്‍റെ പിന്നില്‍ മുന്നേ കടന്നുപോയ നിരവധി മനുഷ്യരുടെ ജീവിതം കൂടിയുണ്ട്. മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്നവര്‍ക്കിടയിലെ ഒരു കണ്ണിയാണ് കഥയെഴുതുന്നവര്‍' എന്ന് എഴുത്തുകാരന്‍ സൂചിപ്പിക്കുന്നുണ്ട്.

കുഞ്ഞുമാക്കോത അടിയാളരുടെ പുരോഹിതനാണ്. 'ഉഗ്രപ്രതാപിയായ മാടമ്പള്ളി കണ്ടച്ചനാശാന്‍റെ മുഖത്തുനിന്നു സിദ്ധരൂപവും അമരകോശവും മന്ത്രതന്ത്രാദികളും പഠിച്ച് ജാതിയില്‍ താഴ്ന്ന ആത്മാക്കളുടെ പുരോഹിതനാകാന്‍ നിലമിറങ്ങിയ'വനാണ് അയാള്‍. അയാളുടെ ചരിത്രം നമ്മുടെ ചരിത്രവഴികളിലൂടെ മുന്നേറുമ്പോള്‍ അടിയാളജീവിതത്തിന്‍റെ പിന്നാമ്പുറങ്ങള്‍ തെളിഞ്ഞു വരുന്നു. ഇരുട്ടുനിറഞ്ഞ ചരിത്രത്തിലേക്ക് എഴുത്തുകാരന്‍ വെളിച്ചം കാണിക്കുന്നു. 'പറയാതെ വിട്ട കഥകളുടെ ഇടുങ്ങിയ മൂലകളിലെ ഇരുട്ടിലായിരുന്നു അവയുടെ മര്‍മ്മം. പുതിയ കഥകളുടെ പിന്നാലെ പോകുമ്പോള്‍ അതൊക്കെ അറിയാതെയും പോകും' എന്നതാണ് ഈ കഥയുടെ യാഥാര്‍ത്ഥ്യം. കറുപ്പന്‍ എന്ന കഥാപാത്രം പറയുന്നു 'അതുമൊത്തം നാറിയ ജാതിവ്യവസ്ഥയില്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നില്ലേ... യുക്തി വേണ്ട ശാസ്ത്രം വേണ്ട, ഭാവന മതി. ജാതി പ്രമാണമാക്കിയ പുരാണം മതി. അറിവ് താഴെയ്ക്ക് ഒഴുകാനെ പാടില്ല'. ഈ വ്യവസ്ഥയുടെ നുകത്തിനു കീഴില്‍ ചതഞ്ഞരഞ്ഞവരുടെ ജീവിതമാണ് നോവലില്‍ വിവരിക്കുന്നത്. 'അറിവാണ് ബലം, അറിവാണ് സൗന്ദര്യം, അറിവാണായുധം' എന്ന് കുഞ്ഞുമാക്കോതയിലൂടെ നാം തിരിച്ചറിയുന്നു.

'ഓടിയ വഴികളിലൂടെയും പാരമ്പര്യങ്ങളിലൂടെയും അന്ധമായി ഓടുന്നവര്‍ മാത്രമാണ് തങ്ങളെന്ന്' ബെഞ്ചമിനെപ്പോലുള്ള കഥാപാത്രങ്ങള്‍ എത്തിച്ചേരുന്നു. നാം മുറുക്കിപ്പിടിച്ചിരിക്കുന്ന പാരമ്പര്യവും വഴികളും അന്ധത നിറയുന്നവയാണ് എന്നതാണ് വസ്തുത. ഇവിടെയാണ് പുതിയ വെളിവും കടന്നുവരേണ്ടത്. യുക്തിയുടെ സ്പര്‍ശമില്ലാത്ത സ്വപ്നത്തിന്‍റെ മഞ്ഞുമൂടിയ ഭൂതലത്തിലേക്ക് ആണു മുങ്ങുന്നവര്‍ പലതും തിരിച്ചറിയുന്നില്ല.

'മതവികാരം എല്ലാ കാലാവസ്ഥയിലും നീറിപ്പിടിക്കുന്ന വെടിമരുന്നാണ്' എന്ന നോവലിസ്റ്റ് നിരീക്ഷിക്കുന്നുണ്ട്. വികാരവും ഉന്മാദവുമായി മാറിയ മതവിശ്വാസത്തിന്‍റെ പേക്കൂത്തുകളാണ് നാമെവിടെയും കാണുന്നത്. അശാന്തിയുടെ വിത്തുകള്‍ വിതച്ച് അശാന്തികൊയ്യുന്ന കാലത്ത് നാം ഇതെല്ലാം മനസ്സിലാക്കണം. മനുഷ്യനെ ചുരുക്കിക്കളയുന്ന അതിരുകള്‍ കടന്നാക്രമണമായി വളരുന്നു. ഇത് കാലത്തെ പിന്നിലേക്ക് നയിക്കുന്നു'. 'വെറുതെ ജീവിച്ചു മരിച്ചുപോകുന്ന തന്നെപ്പോലുള്ളവര്‍ക്ക് കണ്ടെത്താനാവാത്ത ദുരൂഹതയുടെ കൂരിരുട്ട്, ചരിത്രാതീതകാലം മുതല്‍ തുടരുന്ന ആര്‍ത്തിയുടെയും പകയുടെയും ഹിംസയുടെയും കഥകള്‍, ഭ്രാന്ത്, മതിഭ്രമം, വിഭ്രാന്തി എന്നിങ്ങനെ വലിയ പായല്‍ മറകള്‍ക്കുള്ളിലൊതുക്കപ്പെട്ട വിസ്തൃതമായ, മനുഷ്യമനസ്സുകളുടെ പാതാളക്കുളം. അതിന്‍റെ ആഴവും പരപ്പും ഇനിയും അജ്ഞാതം" എന്ന് ഒരു കഥാപാത്രം വിചാരിക്കുന്നു'.

'ജീവിതം കലയെ അനുകരിച്ചിരുന്നെങ്കില്‍, ഒരു കഥപോലെ പരിണമിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'വെന്ന് ഒരു കഥാപാത്രം ആഗ്രഹിക്കുന്നുണ്ട്. എങ്കില്‍ 'ജീവിതത്തിലെ വ്യക്തമല്ലാത്തതും അമൂര്‍ത്തവുമായ കാര്യങ്ങളെ തൊട്ടറിയാനും ബുദ്ധികൊണ്ട് വിവരിക്കാനും തിരിച്ചറിയാനും തന്നെപ്പോലുള്ള സാധാരണ മനുഷ്യര്‍ക്ക് എളുപ്പമായേനെ' എന്നാണയാള്‍ കരുതുന്നത്. ഇത് ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്നതാണ്. നിര്‍വചിക്കാനാവാത്തതിന് മൂര്‍ത്തരൂപം നല്‍കാനാണ് നാം ശ്രമിക്കുന്നത്. നമുക്കു പിടിതരാതെ എത്രയോ രഹസ്യങ്ങള്‍ക്കു പിന്നാലെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്! "ജീവിതം നമ്മള്‍ കാണുന്നതിനപ്പുറം കെട്ടുപിണഞ്ഞ ഊടുവഴികള്‍ നിറഞ്ഞ സങ്കീര്‍ണ്ണതകളുടെ കോട്ടയാണ്" എന്ന് തിരിച്ചറിയുന്ന കഥാപാത്രമായി നാം മാറുന്നു.

'അടിയാളപ്രേതം' മിത്തും ചരിത്രവും ഒരുമിക്കുന്ന ആഖ്യാനമാണ് നിര്‍വഹിക്കുന്നത്. ജാതിവ്യവസ്ഥയുടെ സങ്കീര്‍ണ്ണമായ അതിരുകളാണ് എഴുത്തുകാരന്‍ തുറന്നിടുന്നത്. ദേശത്തിന്‍റെ ഓര്‍മ്മയായി ചരിത്രം പരിണമിക്കുന്നു. കഥകളും ചരിത്രവും ചുഴിപോലെ ചുറ്റും കിടന്ന് വട്ടം കറങ്ങുന്നത് നാം കാണുന്നു. കീഴാളജീവിതത്തിന്‍റെ അടിത്തട്ടില്‍ എന്തെല്ലാമാണ് ഊറിക്കൂടിയിരിക്കുന്നത് എന്നാണ് എഴുത്തുകാരന്‍ ആന്വേഷിക്കുന്നത്.

(അടിയാളപ്രേതം - പി.എഫ്. മാത്യൂസ് - ഗ്രീന്‍ ബുക്സ്)

 

അമ്മക്കല്ല്

നിരൂപകയും സാമൂഹിക പ്രവര്‍ത്തകയുമായ പി. ഗീതയുടെ ആദ്യനോവലാണ് 'അമ്മക്കല്ല്'. മഹാഭാരതത്തിലെ ഗാന്ധാരിയെ കേന്ദ്രകഥാപാത്രമാക്കി സ്ത്രീജീവിതത്തിന്‍റെ അകത്തളങ്ങളിലേക്ക് കടക്കാനാണ് എഴുത്തുകാരി ശ്രമിക്കുന്നത്. സ്ത്രീപക്ഷ ചിന്തകളാല്‍ മഹാഭാരത കഥയിലെ ചില അധ്യായങ്ങളെ ഗീത അപനിര്‍മ്മിക്കുന്നു. എല്ലാം പുരുഷന്‍ നിശ്ചയിക്കുന്ന കഥാഗതികളില്‍ സ്ത്രീകള്‍ പലപ്പോഴും സാക്ഷികളും മൂകരുമായിപ്പോകുന്നു. നിശ്ശബ്ദമാക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങളുടെ ജീവിതത്തിലേക്കാണ് നോവലിസ്റ്റ് ഉറ്റുനോക്കുന്നത്. അപ്പോള്‍ കാണുന്നത് ചില പുതിയ കാഴ്ചകളാണ്. ഈ കാഴ്ചകളില്‍ നിന്നാണ് നൂതനമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുന്നത്. ഇതിഹാസ കഥയില്‍ അരികിലേക്കു വകഞ്ഞുമാറ്റപ്പെട്ട ചില സത്യങ്ങളെ മുന്നില്‍ നിര്‍ത്താനാണ് ഗീത ശ്രമിക്കുന്നത്. മഹാഭാരതത്തിലെ ചില സന്ദര്‍ഭങ്ങളുടെ സമകാലികമായ സ്ത്രീപക്ഷ വായനയാണ് അവര്‍ നടത്തുന്നത്. ഓരോ വായനയും ഒരു നിലപാടുകൂടിയായി മാറുന്നത് നാം കാണുന്നു. നൂറ്റാണ്ടുകളായി പുരുഷാധിപത്യം നിറഞ്ഞു നില്‍ക്കുന്ന ഒരു സംസ്കാരത്തിന്‍റെ ഉള്ളറകളില്‍ തിങ്ങിനിറഞ്ഞ ഇരുട്ട് കാണിച്ചു തരാനും കൂടി നോവലിസ്റ്റ് തയ്യാറാകുന്നു.


മറ്റെഴുത്തുകാര്‍ കാണാതിരുന്ന മഹാഭാരതത്തിലെ പെണ്‍ജീവിതങ്ങളെ അടയാളപ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് ഗീത എടുത്തുന്നു പറയുന്നുണ്ട്. 'ജഗത്തില്‍ ശിലാരൂപിണികളായി നിശ്ശബ്ദകളായി അമ്മക്കല്ലായ ഭൂമിയെപ്പോലെ വാണുപോന്ന എല്ലാ അമ്മമാര്‍ക്കുമുള്ള അഴിയാത്ത അലിഞ്ഞൊടുങ്ങിപ്പോകാത്ത ശിലാസ്മാരകം ഗീത മനുഷ്യഹൃദയക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരുന്നു' എന്നാണ് ഡോ. എം. ലീലാവതി പ്രസ്താവിക്കുന്നത്. ചരിത്രത്തെ, സംസ്കാരത്തെ, ജീവിതത്തെ, ഇതിഹാസത്തെ സ്ത്രീപക്ഷത്തുനിന്നു കാണുകകയാണ് ഗീത.

എല്ലാ മക്കളും മരണത്തിലേക്ക് വീണുപോയതിനുശേഷം ഗാന്ധാരിയും ധൃതരാഷ്ട്രരും നില്‍ക്കുന്ന സന്ദര്‍ഭം സുപ്രധാനമാണ്. "എല്ലാം നഷ്ടപ്പെട്ട രണ്ടുപേര്‍, അനാഥരായ രണ്ടുപേര്‍' എന്നാണ് അവരെ നോവലിസ്റ്റ് വിശേഷിപ്പിക്കുന്നത്. 'വംശമൊടുങ്ങി. എങ്കിലും ഈ അവസാനം! തീര്‍ച്ചയായുമതേ. ഇത് പുതിയ അനുഭവമാണ്. പ്രണയത്തില്‍ മാത്രമല്ല ദുരിതത്തിലും മനുഷ്യര്‍ക്ക് കൈകോര്‍ത്ത് നടക്കാം. പ്രണയത്തിനു നല്‍കാനാവാത്ത സഹഭാവം ചിലപ്പോള്‍ ദുരന്തത്തിനു നല്‍കാനാവും' എന്ന് ഗാന്ധാരി തിരിച്ചറിയുന്നു. 'അവര്‍ക്കിടയില്‍ രാജ്യമില്ല, വംശമില്ല കുടുംബന്ധങ്ങളില്ല. അശരണരായ വെറും മനുഷ്യര്‍. പരാജിതരായ വെറും മനുഷ്യര്‍. നിസ്വരായവര്‍. നിസ്സാരര്‍'. പൂര്‍വഭാരങ്ങളില്ലാതെ അവര്‍ നടന്നു നീങ്ങുന്നു. എല്ലാമെല്ലാം ഒലിച്ചുപോയതിനുശേഷമുള്ളത് ജീവിതമല്ല. ഇതിനെ ജീവിതമെന്നു വിളിക്കാനാവില്ല. ശാന്തിയും സമാധാനവുമാണ് ജീവിതം. അതു നഷ്ടമായാല്‍ ജീവിതമില്ല എന്നാണ് നാം മനസ്സിലാക്കുന്നത്. ഗാന്ധാരിയോടൊപ്പം കുന്തിയും കടന്നുവരുന്നു. അവര്‍ക്കുമാത്രം മനസ്സിലാകുന്നതാണ് ചില അനുഭവങ്ങള്‍. 'പുറത്തേക്കു വന്നിട്ടില്ലാത്ത എത്രയോ താരാട്ടുകള്‍ അവര്‍ക്കുള്ളില്‍ ചിറകടിക്കുന്നുണ്ടായിരുന്നു' എന്നെഴുതുമ്പോള്‍ അതിന്‍റെ മുഴക്കം ഏറെയാണ്. പാഞ്ചാലി കടന്നുവരുമ്പോള്‍ മറ്റൊരു തലത്തിലേക്ക് സ്ത്രൈണാനുഭവം വികസിക്കുന്നു.

'രാജ്യകാര്യങ്ങള്‍ അമ്മമാര്‍ക്കുള്ളതായിരുന്നില്ല, എന്നും' എന്നതായിരുന്നു യാഥാര്‍ത്ഥ്യം. അമ്മമാരറിയാതെയാണ് പലതും തീരുമാനിക്കപ്പെടുന്നത്. അമ്മമാരില്ലാത്തതിന്‍റെ ദുരന്തമാണ് ലോകം എന്നും ഏറ്റുവാങ്ങുന്നത്. അമ്മമാരിലൂടെ കാണാന്‍ കഴിയുമ്പോള്‍ ഒരുപക്ഷേ ലോകത്തിന് കുറച്ചുകൂടി നീതിബോധമുണ്ടായേക്കാം എന്ന സൂചനയാണ് നോവലിസ്റ്റ് നല്‍കുന്നത്.

വ്യാസനെന്ന കഥാപാത്രത്തെയും ഗീത വിമര്‍ശവിധേയമാക്കുന്നു. 'എന്തൊരധികാരമാണ് വ്യാസന്‍റെ ശബ്ദത്തിന്. അനധികൃതമായ പലതും ആധികാരികമായി മാറുന്നതിങ്ങനെയാണ്' എന്ന് ഗാന്ധാരി മനസ്സിലാക്കുന്നു. ആരും സ്ത്രീയുടെ മനസ്സ് കാണുന്നില്ല; ഭീഷ്മരും വ്യാസനുമൊന്നും. അവര്‍ക്ക് വെറും പാവകണക്കെ നിന്നുകൊടുക്കേണ്ടിവരുന്നു. അതുകൊണ്ടാണ് മരണത്തിന്‍റെ വഴികള്‍ പുരുഷന്മാര്‍ തിരഞ്ഞെടുക്കുമ്പോഴും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നത്. തന്‍റെ ജീവതാളമായിരുന്ന കവിതകള്‍ പാടിക്കൊണ്ടിരുന്ന കാലത്തില്‍ നിന്ന് അവര്‍ വന്നു വീഴുന്നത് മരണത്തിന്‍റെ താഴ്വരയിലാണ്. മക്കളുടെയും ബന്ധുമിത്രാദികളുടെയും നിലവിളികള്‍ നിറയുന്ന കാതുകളാണ് ഈ അമ്മമാരുടേത്.  ആരും ഇവരെ അറിയുന്നില്ല. യുദ്ധങ്ങളും കലാപങ്ങളും കൂട്ടക്കുരുതികളും എല്ലാം അമ്മമാരുടെ ഹൃദയത്തിലാണ് വേദന നിറയുന്നത്. അവരുടെ കരിച്ചിലും കണ്ണീരും നിലവിളികളും ചരിത്രത്തില്‍ രേഖപ്പെടുത്താറില്ല. വ്യാസനും ഭീഷ്മര്‍ക്കുമൊന്നും മനസ്സിലാകാത്തത് ഗാന്ധാരിക്കു മനസ്സിലാകും. കാരണം ഗാന്ധാരി ഒരമ്മയാണ്.

ഭരണമെന്നാല്‍ യുദ്ധമെന്നാണോ അര്‍ത്ഥമെന്ന് ഗാന്ധാരി ചോദിക്കുന്നുണ്ട്. 'ധര്‍മ്മം, നീതി ഇതൊക്കെ മഹാരാജാക്കന്മാര്‍ക്കു വെറും വാക്കുകളാണോ' എന്നും അവര്‍ ആരായുന്നുണ്ട്. അധികാരത്തിനു മുന്നില്‍ ധര്‍മ്മവും നീതിയുമില്ല. അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യാം. പിന്നെ ധര്‍മ്മശാസ്ത്രങ്ങള്‍ എഴുതിച്ചേര്‍ത്താല്‍ മതിയല്ലോ. ഇതൊക്കെയാണല്ലേ നാം ഇപ്പോഴും കാണുന്നത്.

'തന്നിലിണങ്ങിയ മണ്ണും പുഴയും കാടും കാറ്റും ഊരിയെറിഞ്ഞാണ്' ഗാന്ധാരി ഹസ്തിനപുരത്തേക്കു പോന്നത്. പിന്നീട് ജീവിതം മറ്റൊരു ചാലിലൂടെയാണ് ഒഴുകിയത്. 'അഹല്യകള്‍ എത്രയെത്ര പേരാണ്  ഇരുണ്ട് കറുത്ത് കല്ലിച്ചു കിടക്കുന്നത്' എന്ന് ഗാന്ധാരി അറിയുന്നു, ഓരോ അമ്മയും ബാക്കിയാക്കിയ ജീവിതമാണ് അടുത്ത തലമുറയിലെ അമ്മമാര്‍ ജീവിക്കുന്നത്. 'വഞ്ചനകളുടെ നാടും രാജാവും പിതാമഹനും. ആര്‍ത്തികൊണ്ട് കണ്ണില്ലാതായവരും. അധികാരത്തിന്‍റെ മാംസപിണ്ഡങ്ങളെ ഇനി നോക്കരുത്' എന്നാണ് ഗാന്ധാരി പറയുന്നത്. ഇതൊരമ്മയുടെ ചിന്തയാണ്. 'മഹാവഞ്ചനയുടെ രാജമുഖങ്ങള്‍ അവള്‍ക്കിനി കാണുകയേ വേണ്ട... അതിമോഹത്തിന്‍റെ ഗര്‍വ്വിന്‍റെയും അധികാരമുഖങ്ങള്‍ ഇനി കാണുകയേ വേണ്ട' എന്ന് ഈ അമ്മ തീരുമാനിക്കുന്നു.

'വല്ലാത്തൊരു ജീവിതമാണ് നമ്മളൊക്കെ ജീവിച്ചത്' എന്ന് കുന്തി ഗാന്ധാരിയോടു പറയുന്നുണ്ട്. ഏതമ്മയും സ്ത്രീയും പറയുന്നതാണി വാക്കുകള്‍. അധര്‍മ്മവംശം മുടിയുമ്പോഴാണ് ധര്‍മ്മം ജയിക്കുക. അതിര്‍ത്തികളില്‍ നിന്ന് രക്ഷപെടാനാണ് അമ്മമാര്‍ ആഗ്രഹിക്കുന്നത്. 'ഗാന്ധാരിക്കു വംശമില്ല, പേരുമില്ല, ഒരമ്മയ്ക്കും വംശമില്ല, പേരും' എന്ന് എഴുത്തുകാരി പറയുന്നത്.

(അമ്മക്കല്ല് - ഗീത - ഐ ബുക്സ്)

ഡോ. റോയി തോമസ്

0

0

Featured Posts