top of page
പള്ളികളില്‍ ഏറ്റവും മുന്‍പിലിരിക്കുന്ന കുട്ടികള്‍ക്കൊപ്പമിരുന്ന് കുര്‍ബാന കാണാന്‍ ഏറെ താല്‍പര്യം കാട്ടുന്നത് അപ്പാപ്പന്മാരും അമ്മാമ്മമാരുമാണ്. മരിക്കാന്‍ പ്രായമായിട്ടില്ലയെന്ന് സ്വയം വിശ്വസിപ്പിക്കാന്‍ അവരുപയോഗിക്കുന്ന ഒരു സൂത്രപ്പണിയാണിത്.
"അറുപത് വയസ്സിനുശേഷമുള്ള
ജീവിതം നീട്ടിവെയ്ക്കപ്പെട്ട
മരണഭയമാണ്" എന്ന് നിരീക്ഷിക്കുന്നത് കെ.പി. അപ്പന്‍ സാര്‍ ആണ്.
"ചുവപ്പുനാടയില്‍
കുടുങ്ങിപ്പോകുന്ന കടലാസ്സല്ല
മരണമെന്നറിവൂ ഞാന്‍" എന്നെഴുതിയത് എ. അയ്യപ്പന്‍ എന്ന കവിയാണ്.
മരണം ആര്‍ക്കൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെടുത്തുന്നുവെന്നാണ് നമ്മുടെ സങ്കടം. ഈ സങ്കടത്തെ മറികടക്കാനും ആശ്വാസം കണ്ടെത്താനുമാണ് നമ്മള്‍ പുനര്‍ജന്മത്തില്‍ വിശ്വസിച്ചുതുടങ്ങിയത്. "ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം" എന്ന് പാടി പ്രണയികള്‍ പരസ്പരം ആശ്വസിപ്പിക്കുന്നതും പുനര്‍ജന്മമുണ്ടെന്ന വിശ്വാസത്തിന്‍റെ ഉറപ്പിലാണ്.
ഒരുപാട് ഓര്‍മ്മകള്‍ അവശേഷിപ്പിച്ചിട്ടാണ് ഓരോരുത്തരും കടന്നുപോകുന്നത്. ലാസര്‍ എന്നൊരാള്‍ കടന്നുപോയപ്പോള്‍ അവന്‍റെ സഹോദരിമാര്‍ ക്രിസ്തുവിനോട് പറഞ്ഞത് "കര്‍ത്താവേ അങ്ങയുടെ സ്നേഹിതനായ ലാസറിന് രോഗമാണ്" എന്നാണ്. സൗഹൃദത്തിന്‍റെ വിശാലമായ ഓര്‍മ്മയുടെ പേരാണ് ലാസര്‍ എന്നത്.
ലാസറിന്‍റെ മരണവും സംസ്കാരവും കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രിസ്തു ആ വീട്ടിലേക്ക് കടന്ന് ചെല്ലുന്നത്. അപ്പോള്‍ ലാസറിന്‍റെ സഹോദരി മറിയം യേശുവിന്‍റെ കാല്‍ക്കല്‍ വീണ് പറഞ്ഞു: "നീ ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു".
ഈ വാചകത്തില്‍ വേദന മാത്രമല്ല, കുറ്റപ്പെടുത്തലുമുണ്ട്. കുടുംബത്തോട് വളരെ അടുത്ത ഒരു സുഹൃത്ത് കുടുംബത്തിന് ആപത്ത് വന്നപ്പോള്‍ തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന പരിഭവം. മാത്രവുമല്ല, സ്നേഹത്തിനും സ്നേഹിതനും ഒരുവനെ മരണത്തിന് വിട്ടു കൊടുക്കാതിരിക്കാന്‍ കഴിയും എന്ന വിശ്വാസമുണ്ടിവിടെ. മരണം കടന്നുവരാതെ നോക്കുന്നത് സ്നേഹമാണ്. ലാസറിന്‍റെ കല്ലറ സ്നേഹം പരീക്ഷിക്കുന്ന വേദിയായി. അതുകൊണ്ടു തന്നെ യേശു അവിടെ കരഞ്ഞു. മരണം അനുവദിക്കാത്ത സ്നേഹം മരണത്തില്‍ കരയുന്നു. അതിന്‍റെ ഫലമുണ്ടായി. അടച്ച കല്ലറയുടെ കല്ലുമാറ്റാന്‍ അവന്‍ ആജ്ഞാപിച്ചു. സ്നേഹത്തിന്‍റെ അപാര ദുഃഖത്തോടെ അവന്‍ പ്രാര്‍ത്ഥിച്ചു. അവന്‍ ഉച്ചത്തില്‍ വിളിച്ചു.
"ലാസറേ പുറത്തുവരിക".
കല്ലറയില്‍ അടച്ച് ബന്ധിതനായവന്‍ പുറത്തു വന്നു.
"അവന്‍റെ കെട്ടുകളഴിക്കുവിന്‍, അവന്‍ പോകട്ടെ" യേശു കല്‍പ്പിച്ചു.
മരിച്ചവന്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്നു.
പ്രേതങ്ങളെ ജീവിപ്പിക്കാനാണ് നമ്മോടിത് പറയുന്നത്. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന മട്ട് വെറും പ്രേതങ്ങളായി, പ്രേതാവസ്ഥയില്‍ ബന്ധിതരായി കഴിയുന്നവര്‍ നമ്മുടെ ഇടയിലില്ലേ? മനുഷ്യര്‍ ജീവനോടെ കുഴിച്ചു മൂടിയവര്‍, ഉയരാന്‍ അനുവാദം കിട്ടാത്തവര്‍, ഉയരാന്‍ അവസരങ്ങളില്ലാത്തവര്‍, പാതാളങ്ങളില്‍ പാര്‍പ്പിക്കപ്പെട്ടവര്‍, ജീവിതത്തിന്‍റെ ഇരുണ്ട ഇടനാഴികളിലേക്കും, ചേരികളിലേക്കും, തഴഞ്ഞും തള്ളിയും വെറുത്തും പുച്ഛിച്ചും, ചവിട്ടിതാഴ്ത്തപ്പെടും മറക്കപ്പെട്ട് കഴിയുന്നവര്‍. ശക്തന്മാര്‍ ഇവരെ നിരന്തരം അവഗണിച്ചും തഴഞ്ഞും പാതാളവാസത്തിന് പലരേയും ശപിച്ച് തള്ളുന്നു.
ഇങ്ങനെ മരിച്ചവരെ ഉയിര്‍പ്പിക്കാമെന്ന് വെച്ചാലോ? മരിച്ചവരെ ഉയിര്‍പ്പിക്കപ്പെടുന്നതിന് എത്രപേര്‍ക്ക് സന്തോഷമുണ്ടാകും? മറ്റുള്ളവരുടെ മരണത്തില്‍ ആശ്വാസവും സന്തോഷവും അനുഭവിക്കുന്നവരാണ് മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ സമ്മതിക്കാത്തവര്‍. പാതാളത്തിന്‍റെ ഗര്‍ത്തത്തിലുള്ളവര്‍ ഉയിര്‍ത്ത് വരുന്നത് പൊറുക്കാനാവാത്തവരില്ലേ? മരിച്ചവനെ ഉയിര്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അത് തടയാന്‍ എത്രയോ പേരുണ്ടാകും? മരണത്തില്‍ സമാധാനവും സന്തോഷവും കണ്ടെത്തുന്നവര്‍!
ഇങ്ങനെ മരണത്തില്‍ സന്തോഷിക്കുന്നവര്‍ ഉയിര്‍പ്പില്‍ ദുഃഖിക്കുന്നു. കാരണം അവര്‍ മറ്റുള്ളവരെ വെറുക്കുന്നു. വിദ്വേഷം പുലര്‍ത്തുന്നു. അസൂയയാല്‍ വെട്ടിവീഴ്ത്തുന്നു. വിദ്വേഷത്താല്‍ ചവിട്ടിത്താഴ്ത്തുന്നു. മത്സരത്തില്‍ മരിപ്പിക്കുന്നു. ഈ പ്രേതാലയങ്ങള്‍ തുറക്കണമെങ്കില്‍ സ്നേഹം ഉയിര്‍ക്കണം. നമ്മുടെ കമ്പോളസംസ്കാരം മത്സരത്തിന്‍റേയും തോല്‍പ്പിക്കലിന്‍റേയും ചവിട്ടി താഴ്ത്തലിന്‍റേയുമാണ്. ജീവിതങ്ങളെ നാം കബറടക്കുന്നു. ജീവിതങ്ങളെ നാം കുഴിച്ചുമൂടുന്നു. തോല്‍പ്പിക്കാനും ചവിട്ടിത്താഴ്ത്താനും നാം കുട്ടികളെ പഠിപ്പിക്കുന്നു. ജയിച്ച് മുന്നേറണമെങ്കില്‍ മറ്റുള്ളവരെ തോല്‍പ്പിക്കണമെന്നാണ് പഠിപ്പിക്കുന്നത്.
മതവും ധര്‍മ്മവും മനുഷ്യരെ ജയിപ്പിച്ചും ഉയിര്‍പ്പിച്ചും ജീവിക്കാന്‍പഠിപ്പിക്കുന്നു. ചേരികളില്‍, നിരാശയില്‍, സഹനങ്ങളില്‍ കഷ്ട നഷ്ടങ്ങളില്‍ അടക്കപ്പെട്ടവരോട് 'പുറത്തുവരിക' എന്ന് സ്നേഹത്തോടെ വിളിക്കാന്‍ നമുക്ക് കഴിയട്ടെ. യേശു പറഞ്ഞില്ലേ: "അവന്‍റെ കെട്ടുകള്‍ അഴിക്കുക അവന്‍ പോകട്ടെ" മനുഷ്യന്‍റെ കെട്ടുകള്‍ അഴിച്ച് അവനെ ജീവിതത്തിലേക്ക് ഉയിര്‍പ്പിച്ച് വിടുവാന്‍ നമുക്ക് കഴിയണം.
Featured Posts
bottom of page