top of page
വിശുദ്ധ കുര്‍ബാനയാചരണം ക്രൈസ്തവജീവിതത്തിന്‍റെയും ക്രിസ്തീയാദ്ധ്യാത്മികതയുടെയും കേന്ദ്രബിന്ദുവാണെന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഏറെ ഊന്നല്‍ കൊടുത്തു പറയുന്ന കാര്യമാണ്: "കര്‍ത്താവും മനുഷ്യനും തമ്മിലുള്ള ഉടമ്പടിയുടെ വിശുദ്ധ കുര്‍ബാനയിലുള്ള നവീകരണം, വിശ്വാസികളെ അവിടുത്തെ നേരെയുള്ള ഗാഢസ്നേഹത്തിലേക്കാകര്‍ഷിക്കുകയും ഉജ്ജ്വലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആകയാല്‍, ആരാധനക്രമത്തില്‍നിന്ന്, വിശിഷ്യ വിശുദ്ധ കുര്‍ബാനയില്‍നിന്ന്, ഒരു ഉറവയില്‍നിന്നെന്നപോലെ പ്രസാദവരം നമ്മിലേക്കു പ്രവഹിക്കുന്നു. അങ്ങനെ ദൈവമഹത്വീകരണവും ക്രിസ്തുവിലുള്ള മനുഷ്യവിശുദ്ധീകരണവും ഏറ്റവും ഫലവത്തായി നിര്‍വ്വഹിക്കപ്പെടുന്നു" (ആരാധനക്രമം നമ്പര്‍ 10; കൂടാതെ കാണുക : നമ്പര്‍ 2; വൈദികര്‍ നമ്പര്‍ 5). ഇത്രയേറെ പ്രാധാന്യമാണ് വിശുദ്ധ കുര്‍ബാനയ്ക്കുള്ളതെങ്കിലും, സാധാരണ വിശ്വാസികള്‍ക്കു മാത്രമല്ല, അജപാലകര്‍ക്കുപോലും പലപ്പോഴും വിശുദ്ധ കുര്‍ബാനയുടെ യഥാര്‍ത്ഥ സ്വഭാവവും അര്‍ത്ഥവും വ്യക്തമായി അറിഞ്ഞുകൂടായെന്നതാണു വാസ്തവം.
വിശുദ്ധ കുര്‍ബാന ഒരു ബലിയാണെന്ന് കത്തോലിക്കരായ വിശ്വാസികള്‍ എല്ലാവരും ഏറ്റുപറയുന്നുണ്ടെങ്കിലും, എന്താണ് ഈ ബലിയെന്നു ചോദിച്ചാല്‍ പലരും കൈമലര്‍ത്തും. കൂടുതല്‍ പഠിപ്പുള്ളവര്‍ പറയും, അത് യേശുവിന്‍റെ ബലി അള്‍ത്താരയില്‍ ആവര്‍ത്തിക്കപ്പെടുന്നതാണെന്ന്. എന്താണ് യേശുവിന്‍റെ ബലി എന്നു ചോദിച്ചാല്‍ മറുപടി ഇതായിരിക്കും: യേശു കുരിശില്‍ മരിക്കുമ്പോള്‍ തന്‍റെ ശരീരവും രക്തവും പിതാവിനു കാഴ്ചയായി സമര്‍പ്പിച്ചെന്നും, ഈ സമര്‍പ്പണത്തില്‍ സംപ്രീതനായിട്ടാണ് പിതാവ് മനുഷ്യരുടെ പാപങ്ങള്‍ മോചിച്ച് അവര്‍ക്ക് രക്ഷ വാഗ്ദാനം ചെയ്യുന്നതെന്നും. ഈ ധാരണയുടെ തുടര്‍ച്ചയായി അവര്‍ പറയും, വിശുദ്ധ കുര്‍ബാനയെന്ന ബലി, യേശുവിന്‍റെ ശരീരവും രക്തവുമായി മാറിയ അപ്പവും വീഞ്ഞും വൈദികന്‍ യേശുവിന്‍റെ പ്രതിനിധിയെന്ന നിലയില്‍ പിതാവിനു കാഴ്ച സമര്‍പ്പിക്കുന്നതാണെന്ന്. ഇതെല്ലാം പിതാവായ ദൈവത്തെപ്പറ്റിയും യേശുവിന്‍റെ മരണത്തെപ്പറ്റിയും വിശുദ്ധ കുര്‍ബാനയേപ്പറ്റിയുമുള്ള ഗൗരവമേറിയ തെറ്റിദ്ധാരണകളാണ്. വിജാതീയരുടെയും യഹൂദരുടെയും അനുഷ്ഠാനബലിയുടെ രീതിയിലാണ് അവര്‍ യേശുവിന്‍റെ ബലിയെയും വിശുദ്ധ കുര്‍ബാനയെയും കാണുന്നത്.
സാധാരണ നാം മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ യേശു ഒരു പുരോഹിതനായിരുന്നില്ല, ഒരു അനുഷ്ഠാനബലിയും അര്‍പ്പിച്ചിട്ടുമില്ല. പുതിയനിയമത്തില്‍ ഹെബ്രായക്കാര്‍ക്കുള്ള ലേഖനത്തിന്‍റെ കര്‍ത്താവ് ഒഴിച്ച് മറ്റാരും പറയുന്നില്ല യേശു ബലി അര്‍പ്പിച്ചുവെന്ന്. ഹെബ്രായക്കാര്‍ക്കുള്ള ലേഖനമെഴുതിയത് ക്രൈസ്തവനായ ഒരു യഹൂദനാണ്. രക്തം ചിന്തിയുള്ള ബലിയിലൂടെയല്ലാതെ പാപമോചനത്തെപ്പറ്റി ചിന്തിക്കാന്‍ യഹൂദര്‍ക്കു കഴിഞ്ഞിരുന്നില്ല. അതിനാല്‍ യഹൂദര്‍ക്കു മനസ്സിലാകുന്ന ബലിയുടെ ഭാഷയില്‍ യേശുവിന്‍റെ മരണത്തെ വ്യാഖ്യാനിക്കയാണ് ഈ ലേഖനകര്‍ത്താവു ചെയ്യുന്നത്. എന്നാല്‍ അദ്ദേഹംപോലും പറയുന്നത്, മരണത്തിനുശേഷം യേശു തന്‍റെ രക്തവുമായി സ്വര്‍ഗ്ഗീയശ്രീകോവിലില്‍ പ്രവേശിച്ച് ദൈവത്തിനു ബലിയര്‍പ്പിച്ചു എന്നാണ്. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ യേശു ഒരു അനുഷ്ഠാനബലിയും അര്‍പ്പിച്ചില്ല എന്നു വ്യക്തമാണ്.
"സാധാരണ നാം മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ യേശു ഒരു പുരോഹിതനായിരുന്നില്ല, ഒരു അനുഷ്ഠാനബലിയും അര്‍പ്പിച്ചിട്ടുമില്ല. പുതിയനിയമത്തില്‍ ഹെബ്രായക്കാര്‍ക്കുള്ള ലേഖനത്തിന്‍റെ കര്‍ത്താവ് ഒഴിച്ച് മറ്റാരും പറയുന്നില്ല യേശു ബലി അര്‍പ്പിച്ചുവെന്ന്, ഹെബ്രായക്കാര്‍ക്കുള്ള ലേഖനമെഴുതിയത് ക്രൈസ്തവനായ ഒരു യഹൂദനാണ്. "
അനുഷ്ഠാനബലികള്‍ പലപ്പോഴും അര്‍ത്ഥശൂന്യമായ ആചാരങ്ങളും പൊള്ളയായ ആരാധനക്രമവുമായിത്തീരുകയും പ്രവാചകന്മാര്‍ അവയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതു പഴയനിയമത്തില്‍ നാം കാണുന്നുണ്ട് (ഉദാ. 1 സാമു. 15:22; ഏശ. 1:11-18; ജെറെ. 6:20چ; ഹോസി 6:6, 8:13; ആമോ 5:21-23 തുടങ്ങിയവ). യേശുവും പ്രവാചകന്മാരോടു ചേര്‍ന്നുകൊണ്ട് അനുഷ്ഠാനബലികളെ വിമര്‍ശനബുദ്ധിയോടെയാണ് കാണുന്നത്(മത്താ. 9:13, 12:7; മര്‍ക്കോ. 12:33). എങ്കിലും, രണ്ടാം നൂറ്റാണ്ടിനുശേഷമുള്ള സഭാപിതാക്കന്മാരും സഭയുടെ ഔദ്യോഗികവക്താക്കളും ദൈവശാസ്ത്രജ്ഞന്മാരും യേശുവിന്‍റെ ബലിയെപ്പറ്റി പറയുന്നുണ്ട്. അനുഷ്ഠാനബലികളുടെ അര്‍ത്ഥത്തിലല്ല, രൂപകാര്‍ത്ഥത്തിലാണ് യേശുവിന്‍റെ ഈ ബലിയെ നാം മനസ്സിലാക്കേണ്ടത്. ഗര്‍ഭാവസ്ഥയിലുള്ള തന്‍റെ കുഞ്ഞിനെ രക്ഷിക്കാന്‍വേണ്ടി അതിന്‍റെ അമ്മ ചിലപ്പോള്‍ മരണം തിരഞ്ഞെടുക്കാറുണ്ട്. അതുപോലെ മുങ്ങിമരിക്കുന്ന ഒരാളെ രക്ഷിക്കാന്‍വേണ്ടി സ്വന്തം ജീവന്‍തന്നെ പണയപ്പെടുത്തുന്നവരുണ്ട്. മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇവര്‍ തങ്ങളുടെ ജീവന്‍ ബലികഴിച്ചുവെന്നു നാം പറയും. യേശുവിന്‍റെ ബലിയെയും ഏറെക്കുറെ ഈ രീതിയില്‍ വേണം മനസ്സിലാക്കുവാന്‍.
ദൈവം വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന നമ്മുടെ പിതാവും മനുഷ്യരെല്ലാവരും അവിടുത്തെ മക്കളും നാമെല്ലാവരും പരസ്പരം സഹോദരങ്ങളുമാണെന്ന് യേശു പഠിപ്പിച്ചു. ദൈവം മനുഷ്യനെ - ഓരോ മനുഷ്യനെയും എല്ലാ മനുഷ്യരെയും - സ്നേഹിക്കുന്നുവെന്നും അവരുടെ സൗഭാഗ്യം, സുസ്ഥിതി, രക്ഷ ആഗ്രഹിക്കുന്നുവെന്നുമുള്ളതായിരുന്നു യേശുവിന്‍റെ സുവിശേഷം - സദ്വാര്‍ത്ത. ദൈവം അനന്തസ്നേഹവും അനന്തകാരുണ്യവുമായതുകൊണ്ട് നമ്മുടെ പാപങ്ങളും തെറ്റുകളുമെല്ലാം ക്ഷമിക്കാന്‍ അവിടുന്നു എപ്പോഴും സന്നദ്ധനാണ്. നാം അങ്ങേക്കു നമ്മെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ കാര്യങ്ങളെല്ലാം അവിടുത്തെ കൈകളില്‍ ഭദ്രമാണ്. ഇനി നാം അവിടുത്തെ ഇഷ്ടമായ മനുഷ്യരുടെ - ഓരോ മനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും - സംപൂര്‍ണ്ണമായ സൗഭാഗ്യത്തിനും രക്ഷയ്ക്കും വേണ്ടി ജീവിക്കണം, പ്രവര്‍ത്തിക്കണം, സ്വയം ചെലവഴിക്കണം. അതാണ് പിതാവിന്‍റെ ഇഷ്ടമെന്നു പഠിപ്പിച്ച യേശു പിതാവിനു തന്നെത്തന്നെ സംപൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് സ്വന്തം ജീവിതം മുഴുവന്‍ ചെലവഴിച്ചത് മനുഷ്യന്‍റെ സൗഭാഗ്യത്തിനും രക്ഷയ്ക്കും വേണ്ടിയായിരുന്നു. ഇതുമാത്രമായിരുന്നു അവിടുത്തെ ജീവിതത്തിന്‍റെ ഒരേയൊരു ലക്ഷ്യം.
പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍തന്നെ നസറത്തിലെ സിനഗോഗില്‍വെച്ച് യേശു പ്രഖ്യാപിച്ചു: "കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രനു സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു" (ലൂക്കാ. 4:18-19). ഇത് അവിടുത്തെ ജീവിതത്തിന്‍റെ മാനിഫെസ്റ്റോ അഥവാ നയപ്രഖ്യാപനമായിരുന്നു. തുടര്‍ന്നുള്ള ജീവിതം മുഴുവന്‍ ഈ ലക്ഷ്യം നിറവേറ്റാനാണ് അവിടുന്നു വിനിയോഗിച്ചത്. രോഗികളെ സുഖപ്പെടുത്തിയും പിശാചുബാധിതരെ സ്വതന്ത്രരാക്കിയും മനുഷ്യന്‍റെ എല്ലാ തരത്തിലുള്ള ആധികളെയും വ്യാധികളെയും അകറ്റിനിര്‍ത്തിയും ചെല്ലുന്നിടത്തെല്ലാം നന്മചെയ്തുകൊണ്ട് കടന്നുപോകുന്ന ഒരു ജീവിതമായിരുന്നു അവിടുത്തേത്. സമൂഹവും മതവും ഭ്രഷ്ടുകല്പിച്ചു പുറത്താക്കിയവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും മനുഷ്യമഹത്വതത്തിന്‍റെ അവബോധത്തിലേക്കും നഷ്ടപ്പെട്ട അവരുടെ സ്വത്വബോധത്തിലേക്കും അവരെ വീണ്ടും ഉയര്‍ത്തുന്നതിനും അവിടുന്നു കിണഞ്ഞു പരിശ്രമിച്ചു. കുഷ്ഠരോഗികള്‍, അപസ്മാരരോഗികള്‍, രക്തസ്രാവമുള്ളവര്‍, താഴ്ന്നതരം ജോലി ചെയ്തിരുന്നവര്‍, വിവിധതരം അവശതകളാല്‍ പീഡിതര്‍, റോമാക്കാര്‍ക്കുവേണ്ടി കരം പിരിച്ചിരുന്ന ചുങ്കക്കാര്‍, എല്ലാം അശുദ്ധരും അകലം പാലിക്കേണ്ടവരുമായിരുന്നു. ഫരിസേയര്‍ക്കും മതനേതാക്കള്‍ക്കും, രോഗങ്ങളും പീഡകളും പാപത്തിന്‍റെ ഫലവും, പാപികളെല്ലാം ദൈവത്തിന്‍റെ ശത്രുക്കളും വെറുക്കപ്പെടേണ്ടവരുമായിരുന്നു. അവരുമായി ഒരു സമ്പര്‍ക്കവും പാടില്ലായിരുന്നു ഭക്തരായ യഹൂദര്‍ക്ക് യേശുവാകട്ടെ അവരുമായി സഹവസിക്കയും ഭക്ഷണമേശ പങ്കിടുകയും ചെയ്തു. അതുവഴി "ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍" എന്ന "ചീത്തപ്പേരും" അവിടുത്തേക്കു ലഭിച്ചു.
"ദൈവം വ്യവസ്ഥയില്ലാതെ സ്നേഹിക്കുന്ന നമ്മുടെ പിതാവും മനുഷ്യരെല്ലാവരും അവിടുത്തെ മക്കളും നാമെല്ലാവരും പരസ്പരം സഹോദരങ്ങളുമാണെന്ന് യേശു പഠിപ്പിച്ചു. ദൈവം മനുഷ്യനെ - ഓരോ മനുഷ്യനെയും എല്ലാ മനുഷ്യരെയും - സ്നേഹിക്കുന്നുവെന്നും അവരുടെ സൗഭാഗ്യം, സുസ്ഥിതി, രക്ഷ ആഗ്രഹിക്കുന്നുവെന്നുമുള്ളതായിരുന്നു യേശുവിന്‍റെ സുവിശേഷം - സദ്വാര്‍ത്ത. ദൈവം അനന്തസ്നേഹവും അനന്തകാരുണ്യവുമായതുകൊണ്ട് നമ്മുടെ പാപങ്ങളും തെറ്റുകളുമെല്ലാം ക്ഷമിക്കാന്‍ അവിടുന്നു എപ്പോഴും സന്നദ്ധനാണ്."
മനുഷ്യനെ അസ്വതന്ത്രനാക്കിയ ഭക്ഷണത്തിന്‍റെ ശുദ്ധാശുദ്ധ വിവേചനം യേശു നീക്കിക്കളഞ്ഞു. ദൈവതിരുമനസ്സിന് അനുസൃതമല്ലെന്നു കണ്ട മോശയുടെ പല നിബന്ധനകളെയും അവിടുന്നു കീഴ്മേല്‍ മറിച്ചു. (ഉദാ. മത്താ. 21:30). സ്ത്രീകളെ അനീതികരമായി ബാധിച്ച മോശയുടെ വിവാഹമോചനനിയമത്തെ അവിടുന്ന് അസാധുവാക്കി. പാവപ്പെട്ടവരുടെയും പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെയുമെല്ലാം പക്ഷം ചേര്‍ന്ന യേശു മനുഷ്യരെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും നിശിതമായി വിമര്‍ശിച്ചു. അവരുടെ കപടഭക്തിയെയും ധനാസക്തിയെയുമെല്ലാം അവിടുന്നു തുറന്നുകാട്ടി. വെള്ളപൂശിയ കുഴിമാടങ്ങള്‍ എന്നാണ് ഇക്കൂട്ടരെ അവിടുന്നു വിശേഷിപ്പിച്ചത്. ദൂരത്തുനിന്നു വന്ന പാവപ്പെട്ട തീര്‍ത്ഥാടകരെ ചൂഷണം ചെയ്തുകൊണ്ട് ഫരിസേയരുടെയും ജനപ്രമാണികളുടെയും ഏജന്‍റുമാര്‍ ദേവാലയത്തില്‍ നടത്തിയ കൊള്ളക്കച്ചവടം അവസാനിപ്പിച്ചുകൊണ്ട് കച്ചവടക്കാരെയും നാണയമാറ്റക്കാരെയും അവിടുന്നു ചാട്ടവാറെടുത്തു പുറത്താക്കി.
മനുഷ്യരുടെ സൗഭാഗ്യത്തിനും വിമോചനത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള യേശുവിന്‍റെ ഈ നിലപാട് അപകടം നിറഞ്ഞതായിരുന്നു. ആരംഭം മുതല്‍ തന്നെ അവിടുത്തെ ഇല്ലാതാക്കുവാന്‍ ഫരിസേയരും മതനേതാക്കളും പരിശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും യേശു മനുഷ്യന്‍റെ സ്വാതന്ത്ര്യവും രക്ഷയുമെന്ന തന്‍റെ ലക്ഷ്യത്തില്‍ ഉറച്ചുനിന്നു, അതു പിതാവിന്‍റെ ഇഷ്ടമാണെന്ന പരിപൂര്‍ണബോധ്യത്തോടെ. യേശുവിന്‍റെ ഈ നിലപാടാണ് അവിടുത്തെ അറസ്റ്റിലേക്കും വിസ്താരത്തിലേക്കും കുരിശുമരണത്തിലേക്കും നയിച്ചത്. അങ്ങനെ അവസാനം വരെ പിതാവിന്‍റെ ഇഷ്ടമായ മനുഷ്യന്‍റെ രക്ഷയ്ക്കുവേണ്ടി ജീവിക്കുകയും അതിന്‍റെ ഫലമായി കുരിശില്‍ തറയ്ക്കപ്പെട്ടു മരിക്കുകയും ചെയ്ത യേശുവിനെ പിതാവ് ഉയിര്‍പ്പിച്ച് മനുഷ്യകുലത്തിന്‍റെ മുഴുവന്‍ നാഥനും രക്ഷകനുമാക്കി. പിതാവിന്‍റെ ഇഷ്ടമായ മനുഷ്യന്‍റെ സൗഭാഗ്യത്തിനും രക്ഷയ്ക്കും വേണ്ടി സമര്‍പ്പിച്ച യേശുവിന്‍റെ ജീവിതവും അതിന്‍റെ പരിണിതഫലമായ മരണവുമാണ് യേശുവിന്‍റെ ബലി - ജീവിതബലി. ഈ ബലിയെ യേശുവിന്‍റെ കുരിശിലെ ബലി എന്നു പറയുന്നത് അത്ര ശരിയല്ല. കുരിശുമരണത്തില്‍ സമാപിച്ച ജീവിതബലി എന്നു വേണം പറയുവാന്‍.
മരണത്തിന്‍റെ തലേരാത്രിയില്‍ ശിഷ്യന്മാരോടൊരുമിച്ചു നടത്തിയ അന്ത്യഅത്താഴത്തില്‍വെച്ച് യേശു അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവര്‍ക്കു നല്കികൊണ്ട് അരുളിച്ചെയ്തു: "ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരമാണ്... എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍." അപ്രകാരം തന്നെ അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു; "ഇത് എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്, നിങ്ങള്‍ ഇതു പാനം ചെയ്യുമ്പോഴെല്ലാം എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍" (cf. Cor 11: 23-26) "ഓര്‍മ്മയ്ക്കായി" ചെയ്യുവിന്‍ എന്നതിന് പ്രത്യേക അര്‍ത്ഥമാണുള്ളത്. യഹൂദര്‍ പെസഹാവിരുന്നാചരിച്ചിരുന്നത് അവരുടെ രക്ഷാകരചരിത്രത്തിലെ പ്രധാന സംഭവങ്ങളായ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന്‍റെയും സീനായ് മലയില്‍വച്ച് ദൈവം അവരുമായി നടത്തിയ ഉടമ്പടിയുടെയുമെല്ലാം ഓര്‍മ്മയാചരണമായിട്ടായിരുന്നു. അങ്ങനെ അവര്‍ ചെയ്തപ്പോള്‍ ഈ പഴയ രക്ഷാകരസംഭവങ്ങള്‍ അവിടെ സന്നിഹിതമാകുന്നുവെന്നും അവര്‍ക്കും തങ്ങളുടെ പിതാക്കന്മാരോടുകൂടെ ഈ സംഭവത്തില്‍ പങ്കുചേരാനും രക്ഷ കൈവരിക്കാനും സാധിക്കുമെന്നും അവര്‍ കരുതിയിരുന്നു. ഈ അര്‍ത്ഥത്തില്‍ തന്നെയാണ് യേശുവും 'എന്‍റെ ഓര്‍മ്മയ്ക്കായ്' ചെയ്യുവിന്‍ എന്നു പറഞ്ഞത്. എന്നാല്‍ യേശുവിന്‍റെ കല്പന അനുസരിച്ച ശിഷ്യന്മാര്‍ അവിടുത്തെ 'ഓര്‍മ്മയ്ക്കായി' ഇതു ചെയ്യുമ്പോള്‍ അവിടെ സന്നിഹിതമാകുന്നത് പഴയനിയമത്തിലെ രക്ഷാകരസംഭവങ്ങളല്ല, പിന്നെയോ പുതിയ നിയമത്തിലെ രക്ഷാകരസംഭവങ്ങളായ യേശുവിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും പ്രഖ്യാപനങ്ങളും പീഡാസഹനവും മരണവുമാണ്, മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ അവിടുത്തെ ജീവിതബലിയാണ്. യേശു മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പിതാവിനോടുകൂടിയായിരിക്കുന്നത് അവിടുത്തെ ജീവിതബലിയോടു കൂടിയാണ്. ശിഷ്യന്മാരുടെ ഈ ഓര്‍മ്മയാചരണത്തിലും ഉയിര്‍ത്തെഴുന്നേറ്റ യേശു അവിടുത്തെ ജീവിതബലിയോടുകൂടിയാണ് സന്നിഹിതനാകുന്നത്. അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ സ്വയം അവര്‍ക്കു നല്കുന്നതും തുടര്‍ന്നുള്ള ഓരോ വിശുദ്ധ കുര്‍ബാനയാചരണത്തിലും യേശു അവിടുത്തെ ജീവിതബലിയോടുകൂടി സന്നിഹിതനാകുകയും അപ്പത്തിലും വീഞ്ഞിലും കൂടി സ്വയം നമുക്ക് നല്കുകയും ചെയ്യുന്നു.
വിശുദ്ധ കുര്‍ബാനയാചരണത്തില്‍ യേശു അവിടുത്തെ ജീവിതബലിയോടുകൂടി സന്നിഹിതനാകുന്നതും അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും സാദൃശ്യങ്ങളില്‍ സ്വയം നമുക്കു നല്കുന്നതും നമുക്കും യേശുവിനെപ്പോലെ നമ്മെത്തന്നെ പിതാവിനു സമര്‍പ്പിച്ചുകൊണ്ട് പിതാവിന്‍റെ ഇഷ്ടമായ നമ്മുടെ സഹോദരിസഹോദരന്മാരുടെ സൗഭാഗ്യത്തിനും രക്ഷയ്ക്കുംവേണ്ടി പ്രതിബദ്ധരാകുന്നതിനുവേണ്ടിയാണ്. അതിനാല്‍ വിശുദ്ധ കുര്‍ബാനയാചരണം ദേവാലയത്തില്‍ തന്നെ അവസാനിക്കുന്ന വെറുമൊരു അനുഷ്ഠാനമല്ല. അതു നമ്മുടെ അനുദിനജീവിതത്തിലേക്കും തുടരണം. യേശുവിന്‍റെ ആദര്‍ശങ്ങളും അഭിലാഷങ്ങളും മൂല്യങ്ങളും നിലപാടുകളുമെല്ലാം നമ്മുടെ ജീവിതത്തിലേക്കും പകര്‍ത്തണം. സഹോദരങ്ങളുടെ നേര്‍ക്കുള്ള നമ്മുടെ സമീപനം നീതിയിലും സ്നേഹത്തിലും അടിയുറച്ചതാകണം. വിശിഷ്യ പാവപ്പെട്ടവരെ, രോഗികളെ, അവശതയനുഭവിക്കുന്നവരെ യേശു സ്നേഹിച്ചതുപോലെ നാം സ്നേഹിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ വിശുദ്ധകുര്‍ബാനയാചരണം അര്‍ത്ഥവത്തായിരിക്കുകയുള്ളൂ. ഇതെല്ലാം മറന്നിട്ട് നമ്മുടെ വിശുദ്ധ കുര്‍ബാനയാചരണം പള്ളിയില്‍ ഒതുങ്ങി നില്ക്കുന്ന ഒരു അനുഷ്ഠാനമാക്കിയാല്‍, അതെത്രമാത്രം ആഘോഷത്തോടുകൂടി ആചരിച്ചാലും അര്‍ത്ഥമില്ലാത്ത ഒരു ചടങ്ങുമാത്രമായിരിക്കും. ഇത് ഇന്നു വളരെയേറെ വ്യാപകമായിത്തീര്‍ന്നിരിക്കുന്ന ഒരു അപകടമല്ലേ എന്നു നാം ചിന്തിക്കുന്നതു നന്നായിരിക്കും.