ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
സ്നേഹത്തിന്‍റെ പുതിയ നിയമം പ്രഖ്യാപിക്കുക. പഴയ നിയമങ്ങള്‍ കാറ്റില്‍ പറത്തിയവനുള്ള ഏറ്റവും നല്ല ശിക്ഷ കുരിശുമരണം തന്നെ. പുതിയ നിയമം പ്രഖ്യാപിച്ചവന്‍ രാജാവായിരിക്കുമല്ലോ? മരണത്തിനുമുമ്പ് അവന് കിരീടം സമ്മാനിക്കേണ്ടത് സാമാന്യനീതി.
ഭയത്തോടുകൂടി കുറേ പേര്‍ ഞങ്ങളുടെ സമീപത്തെത്തി. ഞങ്ങളെ സ്പര്‍ശിക്കുവാന്‍ അവര്‍ക്ക് ധൈര്യമില്ലായിരുന്നു. പട്ടാളക്കാരാണെങ്കിലും അവര്‍ക്കും ജീവനില്‍ കൊതിയുണ്ടായിരുന്നു. മൂര്‍ച്ചയുള്ള കത്തി അവര്‍ കൂടെ കൊണ്ടുവന്നിരുന്ന അടിമയെ ഏല്പ്പിച്ചു ഞങ്ങളെ വെട്ടിയെടുക്കാന്‍ ആജ്ഞാപിച്ചു. ഉള്‍ഭയത്തോടെ അവന്‍ ഞങ്ങളെ സമീപിച്ചു. എല്ലാം അറിഞ്ഞിരുന്ന ഞങ്ങള്‍ അവനു യാതൊരു പരിക്കും പറ്റാതെ അവന്‍റെ കൃത്യം നിര്‍വ്വഹിക്കുവാന്‍ അവനോടു സഹകരിച്ചു.
അടിമയെ കൊണ്ടുതന്നെ ഏതാനും വള്ളികള്‍ ഉപയോഗിച്ച് ഒരു കിരീടം ഉണ്ടാക്കുവാന്‍ കല്പിച്ചു. അവനുണ്ടാക്കിയ മുള്‍വളയത്തില്‍ ഞാനും ഒരു ഭാഗമായി.
വരുവാന്‍ പോകുന്ന കാര്യങ്ങള്‍ ഓര്‍ത്ത് ഞങ്ങള്‍ അസ്വസ്ഥരായി. പീലാത്തോസിന്‍റെ അരമനയിലേക്ക് മുള്‍ക്കീരിടം അവര്‍ കൊണ്ടുപോയി. പ്രത്തോറിയത്തില്‍ ക്ഷീണിതനായ ആ മനുഷ്യന്‍റെ തലയില്‍ ഞാനുള്‍പ്പെടുന്ന മുള്‍വളയം വച്ചമര്‍ത്തി.
ആ മനുഷ്യനെ വേദനിപ്പിക്കാതിരിക്കാന്‍ ഞങ്ങള്‍ ആകുന്നിടത്തോളം ഞങ്ങളുടെ മുള്ളുകളെ ഒതുക്കി നിര്‍ത്തി. എങ്കിലും ചുടുനിണം അവന്‍റെ ശിരസ്സില്‍ നിന്നും ധാരധാരയായൊഴുകി മുഖത്തുകൂടി താഴേക്കു പതിച്ചുകൊണ്ടിരുന്നു. വിഷം കലര്‍ന്ന ഒരു മുള്ളുപോലും തലയോട് പിളര്‍ന്ന് ഉള്ളില്‍ കടന്നിരുന്നുവെങ്കില്‍ അപ്പോള്‍തന്നെ അവന്‍ മരിക്കുമായിരുന്നു.
ഞങ്ങള്‍മൂലം അവന്‍ മരിക്കരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. ദുഷ്ടരായ ജനം അവനോടു ചെയ്യുന്ന ദ്രോഹം കണ്ടിട്ട് ഞങ്ങള്‍ ഏക സ്വരത്തില്‍ വിലപിച്ചു. പക്ഷേ ഞങ്ങള്‍ നിസ്സഹായരായിരുന്നു.
അവനെ എത്രയോ മുമ്പ് ഞങ്ങള്‍ കണ്ടിരുന്നതാണെന്നറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. പക്ഷേ സ്രഷ്ടാവിനെ അറിയുന്ന സൃഷ്ടിയായിരുന്നു ഞങ്ങള്‍. അവന്‍റെ മരണത്തിന് സാക്ഷിയാകുന്നതിന് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍.
ജറുസലെമിന്‍റെ പ്രാന്തത്തില്‍, ഗാഗുല്‍ത്തായുടെ പാര്‍ശ്വത്തില്‍ ഒരു ചെറിയ പ്രദേശത്തുമാത്രം നൂറ്റാണ്ടുകളായി ഞങ്ങളുടെ ദൗത്യനിര്‍വ്വഹണവും പ്രതീക്ഷിച്ച് വളരുകയായിരുന്നു. ഇന്ന് ആ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുകയാണ്.
ഞങ്ങളുടെ പൂര്‍വ്വീകര്‍ മറ്റെങ്ങും പോയില്ല. അവനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു, ഇന്നുവരെ.
ഞങ്ങള്‍ പാര്‍ത്തിരുന്നിടത്ത് ഭയം മൂലം മൃഗങ്ങളോ പക്ഷികളോ ശലഭങ്ങള്‍ പോലുമോ വരില്ലായിരുന്നു.
വളരെ അപൂര്‍വ്വമായി ആ വഴി കടന്നുപോയ മനുഷ്യര്‍, അടക്കിപ്പിടിച്ച ശബ്ദത്തില്‍ ഞങ്ങളെ നോക്കി ഭയത്തോടെ സംസാരിക്കുന്നത്, ഞങ്ങള്‍ക്ക് കാണാമായിരുന്നു.
ഞങ്ങള്‍ കൊടിയ വിഷം ഉള്‍ക്കൊള്ളുന്ന മുള്ളുകളോടുകൂടിയ ചെടികളാണെന്നും ഞങ്ങളെ സ്പര്‍ശിച്ചാല്‍ പോലും മാരകമാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നു.
എല്ലാം ക്ഷമയോടെ സഹിക്കുക മാത്രമേ ഞങ്ങള്‍ക്ക് കരണീയമായിട്ടുള്ളൂ.
ഒരിക്കല്‍ കൂട്ടംതെററിവന്ന ഒരു കുഞ്ഞാട് ഞങ്ങള്‍ക്കിടയില്‍ വന്നുപെട്ടു. അതിനു യാതൊരു പരിക്കും പറ്റാതിരിക്കുവാന്‍ ഞങ്ങള്‍ വളരെ ശ്രദ്ധിച്ചു.
അപ്പോഴായിരുന്നു നസ്രായനായ ഈ മനുഷ്യന്‍ ആ വഴി വന്നത്.
ഞങ്ങള്‍ക്കിടയില്‍ അകപ്പെട്ട കുഞ്ഞാടിനെ അവന്‍ കണ്ടു. അതിനെ രക്ഷിക്കുവാന്‍ അവന്‍ പുറപ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ അവനോട് വിളിച്ചുപറഞ്ഞു: "ഗുരോ അവിടേക്കു പോകരുത്. ഒരാട്ടിന്‍കുട്ടിക്കുവേണ്ടി അങ്ങ് അവിടെ പോയാല്‍ ആ വിഷമുള്ളുകള്‍ അങ്ങേക്കും അപകടം വരുത്തും."
അവരുടെ വാക്കുകള്‍ക്കവന്‍ തെല്ലും വില കല്പിച്ചില്ല. അവന്‍ ഞങ്ങളെ സമീപിച്ചു. ആട്ടിന്‍കുട്ടിയെ സുരക്ഷിതമായി ഞങ്ങള്‍ സൂക്ഷിച്ചിരിക്കുന്നുവെന്ന് അവന്‍ കണ്ടു. അവന്‍ ചെറുതായി പുഞ്ചിരിച്ചു. ലോകത്തില്‍ ആരില്‍നിന്നും കാണുവാന്‍ പറ്റാത്ത മന്ദഹാസം.
ശ്രദ്ധയോടുകൂടി ആട്ടിന്‍കുഞ്ഞിനെ അവന്‍ കരങ്ങളില്‍ എടുത്തു. വരുവാനിരിക്കുന്ന എല്ലാ സംഭവങ്ങളും അവന്‍റെ മുഖത്ത് ദൃശ്യമായിരുന്നു.
അവന്‍ ഞങ്ങളെ സ്പര്‍ശിച്ച് അനുഗ്രഹിച്ചു. കുഞ്ഞാടിനെ അവന്‍ അതിന്‍റെ ഉടമസ്ഥന് മടക്കി നല്കി.
ഇതാ ഇപ്പോള്‍ ഈ നിമിഷം അവന്‍റെ തലയില്‍ ഒരു കിരീടമായി ഞാനിരിക്കുന്നു. അവന്‍റെ ഈ ലോകജീവിതാന്ത്യത്തിനു സാക്ഷിയാകാന്‍ വേണ്ടി.
പ്രത്തോറിയത്തിനു പുറത്തുകൊണ്ടുവന്ന് അവന്‍റെ തോളില്‍ കുരിശു വയ്ക്കുന്നു. ചാട്ടവാറകൊണ്ടടിക്കുന്നു. മുഖത്തു കാര്‍ക്കിച്ചു തുപ്പുന്നു.
എല്ലാ വേദനയും ഉള്ളില്‍ ഒതുക്കി അവന്‍ തോളില്‍ കുരിശുമായി നടക്കുന്നു. കുരിശിന്‍റെ ഭാരം താങ്ങുവാന്‍ സാധിക്കാതെ വീഴുന്നു. അവര്‍ അവനെ ബലമായെഴുന്നേല്പിച്ചു നടത്തുന്നു.
വഴിയില്‍ അവനെ സ്നേഹിച്ചിരുന്ന കുറെ സ്ത്രീകള്‍ അവനെ കണ്ടു വിലപിക്കുന്നു. വെറോനിക്ക എന്നൊരു സ്ത്രീ അവന്‍റെ മുഖം ഒരു ശീലകൊണ്ടു തുടയ്ക്കുന്നു. അത്ഭുതം അവന്‍റെ മുഖം ആ ശീലയില്‍ പതിഞ്ഞിരിക്കുന്നു.
മുമ്പോട്ടുള്ള നടത്തത്തില്‍ അവന്‍ വീണ്ടും വീണപ്പോള്‍ ശിമയോന്‍ എന്ന കര്‍ഷകന്‍ കുരിശുചുമക്കാന്‍ അവനെ സഹായിക്കുന്നു. വഴിയില്‍ അവന്‍റെ അമ്മ നില്ക്കുന്നതവന്‍ കാണുന്നു. അമ്മ കണ്ണു പൊത്തുന്നു.
അവന്‍റെ ശരീരത്തിന്‍റെ വേദനയും മനസ്സിന്‍റെ ചൂടും ഞങ്ങളിലേക്കും പടരുന്നു.
ഇതാ യാത്ര ഗാഗുൽത്തായിലെത്തിയിരിക്കുന്നു. അവന്‍റെ വസ്ത്രങ്ങള്‍ അവര്‍ അഴിച്ചു നീക്കുന്നു. അവന്‍ ചുമന്നുകൊണ്ടുവന്ന കുരിശ് നിലത്തിട്ടു. അവനെ അതില്‍ മലര്‍ത്തി കിടത്തി. ചിലര്‍ അവന്‍റെ കൈകള്‍ വലിച്ചു പിടിക്കുന്നു. നീളമുള്ളതും കൂര്‍ത്തതുമായ ആണികള്‍ അവന്‍റെ കൈവെളളയില്‍ അടിച്ചിറക്കുന്നു. കാഴ്ച കണ്ടുനിന്ന സ്ത്രീകള്‍ പൊട്ടിക്കരയുന്നതെനിക്കു കേള്‍ക്കാം. മറ്റു ചിലര്‍ പിടയുന്ന അവന്‍റെ രണ്ടു കാലുകളും കൂട്ടികെട്ടി ഒന്നിനു മുകളില്‍ ഒന്നായിവെച്ച് വളരെ നീളമുള്ള ആണി അടിച്ചുകയറ്റിക്കഴിഞ്ഞു. എല്ലാവരും കൂടി ബദ്ധപ്പെട്ട് തയ്യാറാക്കിയിരിക്കുന്ന കുഴിയിലേക്ക് അവന്‍ കിടക്കുന്ന കുരിശ് നിവര്‍ത്തി നിര്‍ത്തുന്നു.
മൂന്നാണികളില്‍ തൂങ്ങി നീതിമാനായ അവന്‍ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ നിലയുറപ്പിച്ചിരിക്കുന്നു. എല്ലാറ്റിനും നിശ്ശബ്ദം സാക്ഷിയായി ഞാന്‍ അവന്‍റെ ശിരസ്സില്‍. അവന്‍റെ ഇരുവശങ്ങളിലുമായി അവര്‍ രണ്ടു കള്ളന്മാരെയും തൂക്കിലേറ്റിയിരിക്കുന്നു.
നേരം കടന്നപ്പോള്‍ ആകാശം ഇരുളുന്നതെനിക്കു കാണാം. ഇടിമിന്നലും അസാധാരണ പ്രകാശവും കാണുന്നു. അവനിപ്പോള്‍ നിശ്ചലനാണ്. ചില പട്ടാളക്കാര്‍ പറഞ്ഞു അവന്‍ മരിച്ചെന്ന്. ഒരുവന്‍ സംശയം തീര്‍ക്കുവാനായി കുന്തം അവന്‍റെ നെഞ്ചില്‍ കുത്തിയിറക്കി. അവന്‍ അനങ്ങിയില്ല. അവന്‍ മരിച്ചതായി അവര്‍ പ്രഖ്യാപിച്ചു. അവന്‍റെ മൃതദേഹം കുരിശില്‍നിന്നും മാറ്റുന്നതിനായി അവര്‍ വീണ്ടും കുരിശ് താഴെ ഇറക്കി.
ഒരു പട്ടാളക്കാരന്‍ അവന്‍റെ കുന്തം എടുത്ത് ഭയത്തോടുകൂടി ഞാനടങ്ങിയ മുള്‍മുടി അവന്‍റെ തലയില്‍നിന്നും അടര്‍ത്തി എടുത്ത് ഗാഗുല്‍ത്തായുടെ താഴ്‌വാരത്തിലേക്ക് ആഞ്ഞെറിഞ്ഞു. ആ ഏറില്‍ മുള്‍കിരീടം ഉരുണ്ടുതെറിച്ച് വീണ്ടും ഞങ്ങള്‍ വളര്‍ന്നു വന്ന മലഞ്ചെരുവില്‍ എത്തിനിന്നു.
അവന്‍റെ പീഡാനുഭവത്തിന്‍റെ ഭാഗമാകുന്നതിനും അവന്‍റെ ശിരസ്സില്‍ മുള്‍കിരീടം വെച്ചതു മുതല്‍ കുന്തം കൊണ്ടെടുത്തുമാറ്റിയ കഴിഞ്ഞ നിമിഷങ്ങള്‍ വരെ സാക്ഷിയാകുന്നതിനും വിധിക്കപ്പെട്ട ഞാന്‍ ഉള്‍കൊള്ളുന്ന മുള്‍കുടുംബം ഞങ്ങളുടെ ദൗത്യനിര്‍വ്വഹണശേഷം ഇതാ അവന്‍റെ കരുണയാല്‍ അപ്രത്യക്ഷമാകുന്നു.