top of page
ദളിതര്‍ ഏറെ അധിവസിക്കുന്ന കേരളത്തിലെ അതിമനോഹരമായ പ്രപഞ്ചസൗന്ദര്യത്തിന്‍റെ നാടാണ് കുട്ടനാട്. ചരിത്രപരമായി ചേരരാജാവായിരുന്ന ചേരന്‍ ചെക്കുട്ടവന്‍റെ നാട്. കായലുകളും, പുഴകളും, വിസ്തൃതമായ നെല്‍പ്പാടങ്ങളും, കേരവൃക്ഷങ്ങളും നിറഞ്ഞ ഭൂപ്രദേശം. കുട്ടനാട്ടിലെ കാറ്റിനുപോലും മണ്ണിന്‍റെ ഗന്ധം ഉണ്ട്. അദ്ധ്വാനിക്കുന്ന മനുഷ്യരുടെ വിയര്‍പ്പിന്‍റെ മണമുണ്ട്.
അരനൂറ്റാണ്ടുമുന്‍പ് കുട്ടനാട്ടിലെ പ്രധാനഗ്രാമങ്ങളിലും, കരികളിലും, പുതുവല്‍, തുരുത്ത് തുടങ്ങി വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടന്ന സ്ഥലങ്ങളിലുമെല്ലാം കുടില്‍കെട്ടി താമസിച്ച് കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു ദളിതരിലെ പ്രമുഖ വിഭാഗമായ പുലയര്‍.രാമങ്കരി, മിത്രക്കരി, പുതുക്കരി, മാമ്പുഴക്കരി, ചതുര്‍ത്യാകരി, കുന്നംങ്കരി, കൊടുപ്പുന്ന, ഊരുക്കരി, തായങ്കരി, കണ്ടംങ്കരി, കാവാലം, കൈനകരി, നെടുമുടി, ചമ്പക്കുളം, വൈശുംഭാഗം, പള്ളാത്തുരുത്തി, കുട്ടമംഗലം, ചെറുകര, കായിപ്പുറം, കോതകരി, തിരുവായ്ക്കരി, പച്ച, ചെക്കിടിക്കാട്, കേളമംഗലം, മങ്കോട്ടച്ചിറ, കരുമാടി, കോമന്‍കരി ചിറ, വെട്ടിത്തുരുത്ത്, മുക്കട തുരുത്ത്, കൂടാതെ ചെറുതും വലുതുമായ നിരവധി പുതുവലുകളിലും തുരുത്തുകളിലും, സമാധാനത്തോടെയും ഐക്യബോധത്തോടെയും സംഘടിതമായും ജീവിച്ചിരുന്ന വലിയ ജനവിഭാഗമായിരുന്നു കുട്ടനാട്ടിലെ പുലയര്‍. കൂടാതെ നാമമാത്രമായ പറയരും മണ്ണാന്‍ വിഭാഗങ്ങളും.
ഇവിടുത്തെ ഓരോ ഗ്രാമത്തിനും കേരള ചരിത്രത്തില്‍ ഇഴപിരിയാത്ത സ്ഥാനമാണ് ഉളളത്. കുട്ടനാടിന്‍റെ നേരവകാശികളായിരുന്ന ഈ ജനതയുടെ ജീവിതാനുഭവം കേരളത്തിലെ മുഴുവന്‍ ദളിത്വിഭാഗങ്ങളുടെയും ജീവിതാനുഭവം കൂടിയാണ്.
കുട്ടനാട്ടിലെ അടിസ്ഥാന ജനതയുടെ ജീവിതവും ചരിത്രവും സംസ്കാരവും എന്തായിരുന്നു എന്നതു ചരിത്രകാരന്മാര്‍ ചരിത്രരചനയില്‍ അവര്‍ക്കിഷ്ടമുള്ളതുപോലെ രേഖപ്പെടുത്തി. പക്ഷേ, കുട്ടനാടിന്‍റെ ഒരു നൂറുവര്‍ഷത്തെ അനുഭവം സാക്ഷ്യപ്പെടുത്തുന്നത് എണ്‍പതും തൊണ്ണൂറും വയസ്സായ ജീവിക്കുന്ന ചരിത്രപുസ്തകങ്ങള്‍ ആണ്.
നൈല്‍ നദീതടസംസ്കാരം, സിന്ധു നദീതടസംസ്കാരം എന്നിവയെപ്പോലെ കുട്ടനാട് നദീതടസംസ്കാരവും ലോകചരിത്രത്തില്‍ ചേര്‍ക്കപ്പെടേണ്ടതാണ്. ഏതൊരു നദീതട സംസ്കാരവുംപോലെ ഇവിടെയും മികച്ച സംസ്കാരം നിലനിന്നിരുന്നു എന്ന സത്യം തകഴിക്കു സമീപം കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പകുതി തകര്‍ക്കപ്പെട്ട കരുമാടികുട്ടന്‍ എന്ന ബുദ്ധ വിഗ്രഹം സാക്ഷ്യപ്പെടുത്തുന്നു. അതായതു കുട്ടനാടിനും ബൗദ്ധസംസ്കാരത്തോളം പാരമ്പര്യം ഉണ്ടെന്ന ചരിത്ര സത്യം. ഇന്ത്യയില്‍ ബൗദ്ധസംസ്കാരം നശിപ്പിച്ച് ബ്രാഹ്മണ്യ പൗരോഹിത്യ ആധിപത്യം സ്ഥാപിച്ചതുപോലെതന്നെ, കുട്ടനാട്ടിലെ മഹത്തായ സംസ്കാരത്തേയും ഇവിടുത്തെ തദ്ദേശിയ ജനതയേയും നശിപ്പിച്ച്, നിരായുധരായ മഹാഭൂരിപക്ഷത്തെ ആയുധമുപയോഗിച്ച് കീഴ്പ്പെടുത്തിയും ഭയപ്പെടുത്തിയും അവരെ അടിമകളാക്കിയും ഇരുകാലിമൃഗതുല്യ ജീവിതത്തിലേക്കു തളച്ചിടുകയും ചെയ്തു. സ്വന്തം മണ്ണില്‍ കണ്ണീരുകുടിച്ചും വേദന തിന്നും സമൃദ്ധിയുടെ നടുക്ക് പട്ടിണികിടന്ന കുട്ടനാടന്‍ മക്കളുടെ കുടിലുകള്‍ ക്യാമറയില്‍ പകര്‍ത്തിയ വിദേശ ക്രൈസ്തവ പൗരോഹിത്യം പുതിയ ഒരു മദ്ധ്യവര്‍ഗ്ഗത്തെ കുട്ടനാട്ടില്‍ വളര്‍ത്തിയെടുത്തു. ഇവിടെ ഹൈന്ദവ-ക്രിസ്ത്യന്‍ ഗൂഢാലോചനയുടെ ഫലമായി കുട്ടനാട് നാമമാത്രമായ വരേണ്യവര്‍ഗ്ഗ ജനങ്ങളുടെ കൈകളില്‍ ആകുകയും അവര്‍ കുട്ടനാടിനെയും ജനതയെയും നാം ഇന്നു കാണുന്ന ജീവിതാനുഭവത്തിലേക്ക് എത്തിക്കുകയും ചെയ്ത നെറികേടിന്‍റെ ഒരു രാഷ്ട്രീയം കൂടിയാണ് കുട്ടനാടന്‍ ജീവിതാനുഭവം.
ജീവിക്കുന്ന ചരിത്ര പുസ്തകങ്ങള്‍ പറയുന്നതിങ്ങനെ... തകഴി കോന്തന്‍കരി, കണ്ടേത്തറയില്‍ തൊണ്ണൂറു വയസ്സിനു മുകളില്‍ പ്രായമുളള ഓമന എന്ന മുത്തശ്ശിയുടെ ഓര്‍മ്മയില്‍ അവര്‍ പറയുന്നു: "എന്‍റെ പേര് ഓമന. ചമ്പക്കുളം കരീകൊട്ടാരത്തില്‍ നാല്‍പ്പതാംകളം അനന്തന്‍റെ ഒരേയൊരു മോളാണ് ഞാന്‍. ഏഴ് ആങ്ങളമാര്‍ക്ക് ഒരു പെങ്ങള്‍. എന്‍റെ അച്ഛന്‍ തൊണ്ണൂറ്റൊന്നിലെ വെളളപ്പൊക്കത്തില്‍ വലിയ വള്ളത്തില്‍ കട്ടകുത്തികൊണ്ടുവന്നു പൊക്കിയെടുത്ത തൊണ്ണൂറു സെന്‍റ് സ്ഥലത്താണ് ഞങ്ങള്‍ വളര്‍ന്നത്. അച്ഛനെപ്പോലെ തന്നെയായിരുന്നു അച്ഛന്‍റെ ചങ്ങാതിമാരും. കൊയ്ത്തുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തേയ്ക്കുളള നെല്ല് പത്തായത്തില്‍چനിറച്ചുവയ്ക്കും. പിന്നെ എല്ലാ ദിവസവും അന്നന്നത്തേയ്ക്കുളള നെല്ല് വറുത്ത് കുത്തി ചോറുവയ്ക്കും. കൂടാതെ എല്ലാ ദിവസവും പുഴയില്‍ കൂടിട്ട് കുറുവ, കാരി, ആരകന്‍, കരിമീന്‍ തുടങ്ങിയ മീനുകളെ പിടിച്ച് കറിവയ്ക്കും. ബാക്കിയുളളതു മറ്റുളളവര്‍ക്ക് കൊടുക്കും. എന്‍റെ ചെറുപ്പത്തില്‍ ചമ്പക്കുളത്തുനിന്നും കുട്ടനാട്ടിലെ എല്ലാ സ്ഥലങ്ങളിലേക്കും വളളത്തിലേ പോകാന്‍ പറ്റൂ. ആള്‍ക്കാരെല്ലാം പരസ്പരം സഹകരിച്ചാണ് കഴിഞ്ഞത്. അന്ന് പളളിയും, അമ്പലോം ഒന്നും അധികമില്ല. റോഡും വണ്ടിയും ഇല്ല.
പക്ഷേ എന്നെ കെട്ടിച്ചുവിട്ടത് തകഴിയിലെ അറിയപ്പെടുന്ന കണ്ടേത്ര കുടുംബത്തിലെ പാവന്‍റെ മകന്‍ കുഞ്ഞുപണിക്കന്‍റെ കൂടെയാണ്. ആറു പെങ്ങന്മാരുടെ ഒരേ ഒരു ആങ്ങളയായിരുന്നു എന്‍റെ ഭര്‍ത്താവ്. തകഴിയിലെ അമ്പലത്തിലെ പോറ്റിമാരുടെ വേലപ്പണിയായിരുന്നു അവരുടെ ജോലി. അവരും മുന്‍ഗാമികളും കട്ടകുത്തി പറമ്പുണ്ടാക്കി മാവും തെങ്ങും വാഴയും വച്ചുപിടിപ്പിച്ച് താമസമാകുമ്പോള്‍ പോറ്റിമാര്‍ അവിടുന്ന് മാറ്റി താമസിപ്പിക്കും. കഷ്ടപ്പെട്ട് നേടിയ പറമ്പ് അവര്‍ സ്വന്തം ആക്കും. ഇങ്ങനെ കുത്തിപൊക്കിയ പതിനൊന്നാമത്തേ സ്ഥലത്താണ് ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ ഞാനും മക്കളും ഭര്‍ത്താവിന്‍റെ ആറു പെങ്ങന്മാരും അവരുടെ കുടുംബവും ഒന്നിച്ചാണ് ജീവിച്ചത്. ഇന്നെല്ലാവരും പല സ്ഥലങ്ങളില്‍ പല കോളനികളില്‍ താമസിക്കുന്നു. പലരും പുറമ്പോക്കില്‍ കുടിലുകെട്ടിയാണ് താമസിക്കുന്നത്. അന്നും ദാരിദ്ര്യം ഇന്നും ദാരിദ്ര്യം.
ജീവിക്കുന്ന ചരിത്രപുസ്തകമായ ഓമന എന്ന അമ്മയുടെ ജീവിതാനുഭവം കുട്ടനാട്ടിലെ അക്കാലത്തെ ദളിതരുടെ ജീവിതത്തിന്‍റെ നേര്‍കാഴ്ചയാണ്. ഇതില്‍ നിന്നും വ്യത്യസ്തമാണ് മറ്റൊരു മുത്തശ്ശിയുടെ അനുഭവം. 96 വയസ്സുളള ഇവര്‍ സഹോദരന്‍റെ സംരക്ഷണത്തില്‍ കോന്തന്‍കരി പാടത്തിന്‍റെ പുറം ബണ്ടില്‍ മോട്ടോര്‍തറയ്ക്കു സമീപം കുടില്‍കെട്ടി ഇപ്പോഴും താമസിക്കുന്നു. തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട കണ്ണിലെ ഇരുട്ടിലൂടെ പഴയകാലത്തേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ... 'കിഴക്ക് സൂര്യന്‍ ഉദിക്കുംമുമ്പ്, നാല്‍ക്കാലി ഉണരും മുമ്പ് ജന്മികളുടെ പാടത്ത് പണിക്കു ചെല്ലണമായിരുന്നു. അന്ന് നാട്ടിലെ ഭൂരിഭാഗം വയലുകളും നമ്പൂതിരി കുടുംബങ്ങളുടേയും ക്രിസ്ത്യാനികളുടേയും നമ്പൂതിരി സേവകരായ നായന്മാരുടേയും കൈകളില്‍ ആയിരുന്നു. മക്കളേ.... മാടുകളോടൊപ്പം നിലമുഴുതും നിലാവെട്ടത്ത് പണിയെടുത്തുമാണ് അടിമകളെപ്പോലെ ജീവിച്ചത്. മഴയെന്നോ, വെയിലെന്നോ ഇല്ലാതെ അടിമകളായി ജോലി ചെയ്തു. ഓര്‍ക്കുമ്പോള്‍ കണ്ണു നിറയും. നമ്മുടെ നാട്ടില്‍ കുടിയേറി പാര്‍ത്ത കുന്നുമ്മ പുലിമുഖത്തേ ക്രിസ്ത്യന്‍ കുടുംബത്തിലെ മാടമ്പികള്‍ ഞാന്‍ ബ്ലൗസിട്ട് പാടത്തു പണിക്കുചെന്നതിന് എന്‍റെ അച്ഛനെ തെങ്ങേ കെട്ടിയിട്ട് അടിച്ചു. ഇവനൊന്നും ഗുണംപിടിക്കില്ല നശിച്ചുപോകത്തേയുളളൂ. അന്നു സങ്കടം വന്നപ്പോള്‍ പ്രാകിയതാണ്. എനിക്ക് ഇപ്പോള്‍ തൊണ്ണൂറ്റി ആറ് വയസ്സാണ്. അവനെല്ലാം നശിച്ചു. അത്രയ്ക്കു കഷ്ടപ്പെടുത്തി. ഇപ്പോള്‍ കൃഷിയും പോയി വയലും നശിച്ചു." അവര്‍ പറഞ്ഞു നിര്‍ത്തി.
കുട്ടനാട്ടിലെ കാണായപാടമെല്ലാം പുലയര്‍ കട്ടകുത്തി പുറംബണ്ട് പിടിച്ച് 24 ഇല ചക്രം വച്ച് ചവിട്ടി വെളളം വറ്റിച്ചു കൃഷിനിലങ്ങളാക്കിയതാണ്. റാണി, ചിത്തിര, മാര്‍ത്താണ്ഢം, ഇരുപത്തിനാലായിരം, ജഡ്ഢജി ആറായിരം മുതലായ കായല്‍നിലങ്ങള്‍ പുലയര്‍ വെറും അറുകൂലിയാന്‍ നെല്ലിന്‍റെچകൂലിക്ക് കട്ടകുത്തി ബണ്ട് പിടിച്ച് കൃഷിനിലങ്ങളാക്കിയതാണ്. ഇതെല്ലാം ഏതാനും ജന്മികള്‍ സ്വന്തമാക്കി. പുലയരെ അടിമകളുമാക്കി. പുലയന്‍റെ രക്തവും വിയര്‍പ്പുമാണ് കുട്ടനാടിന്‍റെ സമ്പത്ത്.
കുടിയേറിപാര്‍ത്ത നമ്പൂതിരിമാരും ക്രിസ്ത്യാനികളും നായന്മാരും കുട്ടനാട്ടിലെ അടിസ്ഥാന ജനതയുടെ സംഘടിതശക്തിയെ കൗടല്യശാസ്ത്രം ഉപയോഗിച്ച് തകര്‍ത്ത് തമ്മില്‍ തല്ലിച്ചു. ഉദാഹരണത്തിന്, കൊടുപ്പുന്ന പഴുതിക്കളം.ڈഇവിടെ നൂറുവര്‍ഷം മുമ്പുവരെ കവണയേറ് എന്ന ഒരുതരം മൃഗീയ മത്സരം ഉണ്ടായിരുന്നു. കവണയേറില്‍ ഇരുപക്ഷത്തും കരുത്തരായ കറുത്ത ചെറുപ്പക്കാര്‍ അണിനിരന്ന് കവണയെറിഞ്ഞൂ. ആട്ടിന്‍കൂട്ടങ്ങളെ തമ്മില്‍ അടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായ്ക്കളെപോലെ കാഴ്ചക്കാരായി ഒരു പക്ഷത്ത് നായന്മാരും, മറുപക്ഷത്ത് ക്രിസ്ത്യാനികളും. മത്സരം തീരുന്നത് ക്രിസ്ത്യന്‍ കാഴ്ചക്കാരുടെ ഭാഗത്തുനിന്ന് വെളളതുണി വീശി കാണിക്കുമ്പോഴാണ്. ഓരോ മത്സരം കഴിയുമ്പോഴും ദളിതരിലെ നൂറുകണക്കിന് കരുത്തര്‍ മരിച്ചിട്ടുണ്ടാകും. രാമങ്കരിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ തെക്കു മാറി പഴുതിക്കളത്തിന്‍റെ ഓര്‍മ്മ നിലനില്‍ക്കുന്നു.
ഇങ്ങനെ കുട്ടനാട്ടിലെ പഴയകാലാനുഭവങ്ങള്‍ എഴുതപ്പെടാത്ത ചരിത്രത്തിലേക്കു നമ്മേ നയിക്കുന്നു. ജന്മികളില്‍നിന്നും ദളിതര്‍ക്കു മോചനം ലഭിക്കുന്നതു തെക്കന്‍ തിരുവിതാംകൂറിലെ വെങ്ങാനൂരില്‍നിന്നും ലോക തൊഴിലാളിവര്‍ഗ്ഗ നേതാവ്, അടിയാളരുടെ രക്ഷകന്‍ മഹാത്മ അയ്യന്‍കാളിയുടെ വരവോടെയാണ്. കുട്ടനാട്ടിലെ ദളിതര്‍ക്ക് ഭയത്തില്‍നിന്നും മോചനം പകര്‍ന്നത് അയ്യന്‍കാളിയും അദ്ദേഹം രൂപംനല്കിയ സാധുജനപരിപാലന സംഘവും ആയിരുന്നു. സംഘത്തിന്‍റെ കുട്ടനാട്ടിലെ നായകന്‍ കെ.സി. ശീതങ്കന്‍ ആയിരുന്നു. ആ കാലയളവില്‍ കേരളമെമ്പാടും ദളിതര്‍ അടിമത്വത്തിനെതിരെയും ജാതിവ്യവസ്ഥയ്ക്കെതിരേയും അയ്യന്‍ങ്കാളിയുടെ നേതൃത്വത്തില്‍ പോരാടി ജയിച്ചതിന്‍റെ ഭാഗമായി കുട്ടനാട്ടിലും ദളിതര്‍ സംഘടിതശക്തിയായി ജന്മിത്തത്തിനെതിരേ പ്രക്ഷോഭം ആരംഭിച്ചു. ഇത് കമ്മ്യൂണിസ്റ്റുകള്‍ കുട്ടനാട്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും മുമ്പാണ്.
ശീതങ്കന്‍റെ നേതൃത്വത്തില്‍ നടന്ന 'പുഴുവടിക്കല്‍ സമരം അഥവാ ഉപ്പിനും കാരത്തിനും'چവേണ്ടിയുളള സമരമായിരുന്നു ആദ്യത്തേത്. തുടര്‍ന്നും അയ്യന്‍ങ്കാളിയുടെ നിര്‍ദ്ദേശാനുസരണം സാധുജന പരിപാലന സംഘത്തിന്‍റെ നേതൃത്വത്തില്‍ പളളിക്കൂട പ്രവേശനത്തിന്, ആറുമണിക്കൂര്‍ ജോലി, ഏഴിലൊന്ന് പതം, കൃഷിഭൂമിക്കു വേണ്ടിയുളള സമരം, ശമ്ശാനത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങി ഒട്ടേറെ ധീരോജ്ജ്വലമായ സമരങ്ങള്‍ ശീതങ്കനും സംഘവും ചെയ്തു വിജയിച്ചു. ഇതിന്‍റെ ഫലമായി സംഘത്തിന്‍റെ കീഴില്‍ കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളികളായ ദളിതര്‍ സംഘടിച്ചു. അയ്യന്‍ങ്കാളിയുടെ ഇടപെടലിലൂടെ ഭൂരഹിതരായ ദളിതര്‍ക്ക് ഇരുപത് സെന്‍റ് കൃഷിഭൂമി വീതം കുട്ടനാട്ടിലും വിവിധ പ്രദേശങ്ങളിലും പതിച്ചു നല്കി. നൂറ്റാണ്ടുകള്‍ക്കു ശേഷം ഏതാനും ദളിതര്‍ ആദ്യമായി ഭൂവുടമകളായി.
സ്കൂള്‍ പ്രവേശനത്തിനായി അയ്യന്‍ങ്കാളി വെങ്ങാനൂര്‍ ആരംഭിച്ച സമരത്തിന്‍റെ ഫലമായി ദളിതരിലെ ആദ്യത്തെ ബി.എ.ക്കാരന്‍ തിരുവനന്തപുരം സ്വദേശി റ്റി. കെ. നാരായണന്‍ ആണെങ്കില്‍ ആദ്യത്തെ വില്ലേജ് ഓഫീസര്‍ കുട്ടനാട്ടിലെ തകഴി കുന്നുമ്മ സ്വദേശി ശ്രീ കൊച്ചു ചെറുക്കന്‍ ആണ് എന്നതു കുട്ടനാടിന്‍റെ അഭിമാനമാണ്. അയ്യന്‍ങ്കാളിയും അദ്ദേഹത്തിന്‍റെ സമരസംഘടനയും, ഡോ. അംബേദ്ക്കറും ഇന്ത്യന്‍ ഭരണഘടനയും അതില്‍ നിര്‍വചിച്ച സംവരണവും ഉണ്ടായിരുന്നതുകൊണ്ടു മാത്രം കൊച്ചുചെറുക്കന്‍ ആദ്യ ദളിത് വില്ലേജ് ഓഫീസറായി. റ്റി. കെ. നാരായണന്‍ ആദ്യ ബി.എ. ക്കാരനായി എന്നതുപോലെ ഏതാനും പേര്‍ ഉന്നത വിദ്യാഭ്യാസം നേടി സംവരണത്തിലൂടെ ഉദ്യോഗസ്ഥരായി. തന്മൂലം ഏതാനുംപേര്‍ ജീവിത പുരോഗതി നേടി ഇടത്തട്ടുകാരായി. നാമമാത്രമായ ദളിതര്‍ വിദേശത്തുപോയി എന്നതൊഴിച്ചാല്‍ കുട്ടനാട്ടിലെ ദളിതര്‍ ഇന്നു ജീവിക്കാന്‍വേണ്ടിയുളള സമരത്തിലാണ്. സംവരണത്തിലൂടെ ദളിതര്‍ എല്ലാം നേടിയെന്ന പുതിയ അവകാശവാദം എത്യോപ്യയില്‍ എതാനും പേര്‍ സമ്പന്നരായി എന്നു പറയുന്നതിനു സമാനമാണ്.
കഴിഞ്ഞ മുപ്പതു വര്‍ഷമായി ദളിത് കലകളെയും സംസ്കാരത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന ആധുനിക കാലത്തെ ഗവേഷക വിദ്യാര്‍ത്ഥി അഭിപ്രായപ്പെടുന്നത് കുട്ടനാട് അനുഷ്ഠാന കലകളുടെ പാരമ്പര്യം നിലനിര്‍ത്തുന്ന നാടാണെന്നാണ്. അക്ഷരം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ ചരിത്രം അവര്‍ പാടിയ പാട്ടുകളിലൂടെയും വാമൊഴികളിലൂടെയും ഇന്നും ജീവിക്കുന്നു. ചക്രം ചവിട്ടി പാടം വറ്റിക്കുമ്പോള്‍ പാടുന്ന ചക്രപാട്ട്, കൊയ്ത്തുപാട്ട്, നടീല്‍പാട്ട്, ഉഴവുപാട്ട്, പൊലിയളവ് പാട്ട് കൂടാതെ വൈദ്യശാസ്ത്രം എത്തിപ്പെടാതിരുന്ന കാലത്ത് ചികിത്സയ്ക്കായും, മാനസിക വൈകല്യമുളളവരേയും, മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി കാണിക്കുന്നവരേയും ചികിത്സിക്കുന്നതിനായും ചാറ്റും, മന്ത്രവാദവും ഇന്നും ഈ വിഭാഗത്തില്‍ അനുഷ്ഠാനമായി തുടരുന്നുണ്ട്.
സംവാദകലകളായ ചവിട്ടുനാടകവും, ശീതങ്കന്‍ തുള്ളലും, പറയന്‍ തുള്ളലും, കോല്‍കളിയും കൂടാതെ മുടിയാട്ടവും എല്ലാം കുട്ടനാടിന്‍റെ ദളിത്കലകളുടെ പ്രതീകങ്ങളാണ്. ഇവരുടെ സംഘബോധത്തിന്‍റെയും സാംസ്കാരിക കൂട്ടായ്മകളുടേയും സംസ്കാരത്തെ നിലനിര്‍ത്തിയതിന്‍റെ ഉദാഹരണങ്ങളുമാണ്.
കേരള കലയെന്നാല്‍ കഥകളിയെന്ന് ആധുനിക സാംസ്കാരിക കേരളം പരിചയപ്പെടുത്തുമ്പോള്‍ വെറും ആസ്വാദനകലയായ കഥകളിക്കും അപ്പുറം ദളിതരുടെ സംവാദ കലയായ ശീതങ്കന്‍ തുള്ളലും പറയന്‍ തുള്ളലും അപഹരിച്ച് കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍ തുള്ളല്‍ എന്ന പുതിയൊരു സംവാദ കലയ്ക്കു രൂപംനല്കി ദളിത് സംവാദ കലകളെ പിന്നോട്ടടിപ്പിച്ചു. പഴയകാലത്ത് ഒട്ടേറെ ജനകീയ കലാരൂപങ്ങള്‍ ആശയവിനിമയത്തിനും സംവാദത്തിനും ദളിതര്‍ ഉപയോഗിച്ചിരുന്നു. ചുരുക്കത്തില്‍ കുട്ടനാട്ടിലെ ദളിതര്‍ ഒരു ചരിത്രവും ഒരു സംസ്കാരവും ഒരു സ്വത്വവും ആണ് കാത്തുസൂക്ഷിക്കുന്നത്.
എന്നാല്‍ ദളിതരുടെ ഈ സംഘബോധത്തേയും അവരുടെ സാംസ്കാരിക തനിമയേയും എല്ലാം ജന്മിത്തകാലം തച്ചുടച്ചു. സര്‍ സി.പി.യുടെ പട്ടാളത്തിന്‍റെ സഹായത്താല്‍ മങ്കൊപ്പ് പട്ടരും, മുരിക്കനും, നിരണം പടയും, വിവിധ പ്രദേശങ്ങളിലെ നായര്‍, ക്രൈസ്തവ, സവര്‍ണ ജന്മികളും കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ അടിച്ചമര്‍ത്തി. വരേണ്യവര്‍ഗ്ഗ താല്പര്യം സംരക്ഷിക്കുവാന്‍ ജാതിക്കെതിരേയുളള ദളിതരുടെ പോരാട്ടത്തെ ജന്മിക്കെതിരെയുളള പോരാട്ടമായി വ്യാഖ്യാനിച്ച് കുട്ടനാട്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ അയ്യന്‍ങ്കാളിയന്‍ കാലഘട്ടത്തിനുശേഷം ശീതങ്കനെ ഉപയോഗിച്ച് തൊഴിലാളികള്‍ക്കിടയില്‍ കമ്മ്യൂണിസം പ്രചരിപ്പിച്ചു. വളരെ വേഗം തൊഴിലാളികള്‍ പാര്‍ട്ടിയുടെ സഖാക്കള്‍ ആയി. പിന്നീട് സാധുജന പരിപാലന സംഘം കുട്ടനാട്ടില്‍ ഇല്ലാതാകുന്നു; പാര്‍ട്ടി വളരുകയും ചെയ്യുന്നു. ശീതങ്കന്‍ പാര്‍ട്ടി വിട്ടെങ്കിലും കമ്മ്യൂണിസ്റ്റുകളുടെ കപടമുദ്രാവാക്യങ്ങളില്‍ വിശ്വസിച്ച് ദളിതര്‍ പാര്‍ട്ടിയുടെ ഭാഗമായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.വി പത്രോസും കര്‍ഷകതൊഴിലാളി യൂണിയന്‍റെ സ്ഥാപക നേതാവായ ശീതങ്കനും ഇടതുപക്ഷ ചരിത്രത്തില്‍ ഇല്ല എന്നതു സവര്‍ണ്ണ കമ്മ്യൂണിസ്റ്റുകള്‍ ദളിതരെ വഞ്ചിച്ചതിന്‍റെ ചരിത്രപരമായ തെളിവാണ്. ദളിതരുടെ സംരക്ഷകരായി ചമഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ 1957-ല്‍ ആദ്യമായി അധികാരത്തില്‍ വന്നതിനുശേഷം ദളിതരെ മൂന്ന് സെന്‍റില്‍ തളച്ചതും, കുട്ടനാടിനെ ഭൂപരിഷ്കരണ നിയമത്തില്‍ നിന്നും ഒഴിവാക്കിയതും കര്‍ഷകത്തൊഴിലാളികളായ ദളിതരോട് ഇവര്‍ ചെയ്ത വഞ്ചനയാണ്.
ജന്മികള്‍ക്കെതിരെയുളള പോരാട്ടത്തില്‍ ജന്മികളും അവരുടെ പ്രതിനിധികളും നയിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളും, ഹൈന്ദവ താല്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസ്സും ദളിതരെ ചട്ടുകങ്ങളാക്കി വീതംവച്ച് ഭരിക്കുന്നു. ഭരണഘടനാപരമായ സംരക്ഷണം അല്ലാതെ കഴിഞ്ഞ അറുപതാണ്ടു കഴിഞ്ഞിട്ടും ദളിതര്‍ക്ക് യാതൊരു പുരോഗതിയും നേടാന്‍ കഴിഞ്ഞിട്ടില്ല. വര്‍ത്തമാനകാലത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കുട്ടനാട് പാക്കേജിലും കര്‍ഷക തൊഴിലാളിക്കും ദളിതര്‍ക്കും യാതൊരു പങ്കാളിത്തവും നല്കുന്നില്ല. പണിയെടുത്ത് അരിവാള്‍ രൂപത്തിലായ ദളിത് തൊഴിലാളികള്‍ക്കു മതിയായ സംരക്ഷണം പാക്കേജ് ഉറപ്പുനല്കുന്നില്ല എന്നതു മാത്രമല്ല സവര്‍ണ്ണ, സമ്പന്ന, കര്‍ഷകരെ, ജന്മികളെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. കോണ്‍ഗ്രസ്സ് ഭരണകാലത്ത് ഇടതുപക്ഷ കര്‍ഷകതൊഴിലാളികളെ ജന്മിക്കെതിരെയുള്ള പോരാട്ടത്തില്‍നിന്നും പിന്‍തിരിപ്പിക്കുവാന്‍ പോലീസിനെയും നിരണം പടപോലെയുളള ഗുണ്ടകളെയും ഉപയോഗിച്ചിരുന്നു. തൊഴിലാളികള്‍ക്കു തോക്കിനു മുമ്പില്‍ പണിയെടുക്കേണ്ടി വന്നു. ഇതിന് ഇവിടെ ജീവിക്കുന്ന 50 വയസ്സിനു മുകളിലുളള ദളിത് കര്‍ഷക തൊഴിലാളികള്‍ സാക്ഷികളായി ജീവിക്കുന്നു. പമ്പയില്‍ എത്തുന്ന കഴുതകള്‍ക്ക് ഉടമയെ അറിയില്ല, ആരു വടിയെടുത്തു തെളിക്കുന്നുവോ അങ്ങോട്ടു പോകുന്നു. ദളിതര്‍ സംഘമായി താമസിച്ചിരുന്നിടങ്ങളില്‍നിന്നും കുടിയൊഴിക്കപ്പെടുന്നു. പുറംപോക്കു ജീവികളായി മാറുന്നു, കോളനിവാസികള്‍ ആവുന്നു.
പ്രസ്തുത സാഹചര്യത്തിലാണ് ദളിതരില്‍നിന്നും മതപരിവര്‍ത്തനം നടത്തിയ പുതുക്രിസ്ത്യാനികളുടെ അഥവാ പരിവര്‍ത്തന ക്രൈസ്തവരുടെ ജീവിതാനുഭവത്തിന്‍റെ പ്രസക്തി. ഭരണഘടനാപരമായ സംവരണം ഇവര്‍ക്കു ലഭ്യമല്ല എന്നതിനാല്‍ ദളിതര്‍ക്കു തുല്യമാണ് ഇവരുടേയും ജീവിതം. ദളിതരും ദളിത് ക്രൈസ്തവരും ഒരപ്പന്‍റേയും ഒരമ്മയുടേയും മക്കളാണ്. അവര്‍ ഒരു രക്തവും ഒരു മാംസവുമാണ്. ദളിത് സ്വത്വബോധം ഇവര്‍ വച്ചുപുലര്‍ത്തുന്നു. പരസ്പരം വിവാഹം, ആഘോഷങ്ങള്‍ എന്നിവയില്‍ എല്ലാം ഇവര്‍ പരസ്പരം പങ്കെടുക്കുന്നു, പങ്കുവയ്ക്കുന്നു. ദളിതരും ദളിത് ക്രൈസ്തവരും സവര്‍ണ്ണഹിന്ദുക്കളില്‍നിന്നും സവര്‍ണ്ണ ബോധം വച്ചുപുലര്‍ത്തുന്ന ക്രിസ്ത്യാനികളില്‍നിന്നും ഒരുപോലെ വിവേചനം നേരിടുന്നവരാണ്. നൂറു വര്‍ഷം പഴക്കമുളള കരുമാടിയിലെ സി.എസ്.ഐ. പളളിയില്‍ ദളിത് ക്രൈസ്തവര്‍ മാത്രമാണ് ആരാധന നടത്തുന്നത് എന്നത് ഇതിനു തെളിവാണ്. സുറിയാനി, റോമന്‍, യാക്കോബ, കാത്തലിക് സഭകളില്‍ ഇവര്‍ ഇപ്പോഴും പുറംജാതികളാണ്. ദലിത് ക്രൈസ്തവര്‍ മതം മാറിയതുകൊണ്ട് പുതുതായി ഒന്നും നേടിയില്ല. അവര്‍ ഇപ്പോഴും രക്ഷാമാര്‍ഗ്ഗം തേടുകയാണ്. മതം മാറിയ ചാത്തന്‍ പുലയന്‍, മത്തായി പുലയനായി എന്നതൊഴിച്ചാല്‍ മറ്റൊന്നും നേടാനായില്ല.
സമീപകാല സെന്‍സക്സ് പ്രകാരം 12% ദളിതരും 8% ദളിത് ക്രൈസ്തവരുമാണ് കേരളത്തിലുളളത്. എന്നാല്‍ ഈ കണക്ക് യഥാര്‍ത്ഥത്തില്‍ 14% ദളിതരും 8% ദളിത് ക്രൈസ്തവരുമാണ്. പഴയകാല ദളിതാനുഭവം ആധുനിക കാലത്ത് ആവശ്യപ്പെടുന്നത് 22% വരുന്ന ദളിത്ക്രൈസ്തവ ഐക്യപ്പെടലാണ്. ദളിതരുടെ മിശിഹാ ഡോ. അംബേദ്ക്കര്‍ ആഹ്വാനം ചെയ്തതുപോലെ രാഷ്ട്രീയാധികാരം എന്ന മുഖ്യതാക്കോല്‍ ദളിതരും ദളിത് ക്രെസ്തവരും സംഘടിത ശക്തിയായി ഒന്നിച്ചു നേടി, ഒന്നിച്ചു ഭരണത്തില്‍ പങ്കാളികളായി, ഒരു സമുദായം ആയി, ഒരു സ്വത്വം ആയി വരുംതലമുറയെ വിമോചിപ്പിക്കുക എന്നതാണ് ആധുനിക ദളിത് ക്രൈസ്തവ ജനത ആവശ്യപ്പെടുന്നത്. വിശുദ്ധ ബൈബിള്‍ സദൃശ്യവാക്യങ്ങള്‍ ഇങ്ങനെ പറയുന്നു: നിന്‍റെ കണ്ണിന് ഉറക്കവും നിന്‍റെ കണ്ണിമയ്ക്ക് നിദ്രയും കൊടുക്കരുത്. മാന്‍ നായാട്ടുകാരന്‍റെ കൈയില്‍നിന്നും, പക്ഷി വേട്ടക്കാരന്‍റെ കൈയില്‍നിന്നും എന്നപോലെ നീ നിന്നെ തന്നെ വിടുവിക്കുക.