ജോര്‍ജ് വലിയപാടത്ത്
Oct 4
തന്‍റെ കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത, അല്ലെങ്കില്‍ അതിന്‍റെ പ്രയോജനമില്ലായ്മയെക്കുറിച്ച് ബോധ്യമുള്ള, ഉത്തരവാദിത്തങ്ങളെ പേടിക്കുന്ന, അത്യന്തികമായ മനുഷ്യന്‍റെ വിധി പരാജയപ്പെടാനുള്ളതാണെന്ന ഉള്‍വിളിയുള്ള ഒരാള്‍ എന്തിലാണ് അഭയം പ്രാപിക്കുക? ഞാന്‍ അഭയം കണ്ടെത്തിയിരിക്കുന്നത് അലസതയിലാണ്. എങ്ങനെ അലസനായിരിക്കാം എന്നതാണ് എന്‍റെ അന്വേഷണം. മടിയന്മാരുടെ രാജ്യം വരണമേ എന്നതാണ് എന്‍റെ പ്രാര്‍ത്ഥന. വായനയും ചിന്തയും മാത്രം ക്രിയാത്മകമായിട്ടുള്ള ഒരു അലസസഞ്ചാരകനായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വല്ലാത്ത കാര്യപ്രാപ്തിയുള്ള മനുഷ്യരെ ഞാന്‍ ഭയപ്പെടുകയും അവരില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അവരെന്നെ നിസ്സാരനാക്കിക്കളയുന്നു.
മടിയന്മാര്‍ പൊതുവേ സ്വപ്നജീവികളാണ്. സൂര്യോദയത്തെക്കാള്‍ അവര്‍ സൂര്യാസ്തമയത്തെ ഇഷ്ടപ്പെടുന്നു. മഴക്കാലമാണ് അവരുടെ പ്രിയപ്പെട്ട സീസണ്‍. രക്ഷപ്പെടാനുള്ള ഒരു മാളം അവര്‍ എല്ലായിടത്തും അന്വേഷിക്കുന്നു. സ്വപ്നജീവിയില്‍ നിന്നു ബുദ്ധിജീവിയിലേക്കുള്ള ദൂരം വളരെ ചെറുതാണ്. മടിയന്‍റെ തലയില്‍ തേങ്ങാ വീഴാതെ സൂക്ഷിക്കുകയും ആപ്പിള്‍ വീഴാന്‍ അനുവദിക്കുകയും ചെയ്യുന്നിടത്തോളം കാലം ഇവിടെ ബുദ്ധിജീവികളുണ്ടായിരിക്കും. 1895ല്‍ ഇറ്റലിയിലെ ഒലിവ് തോട്ടത്തില്‍ അലസനായി ഇരുന്നു കണ്ട ദിവാസ്വപ്നത്തില്‍ നിന്നാണ് ഐന്‍സ്റ്റിന്‍ ആപേക്ഷിക സിദ്ധാന്തത്തിന്‍റെ ആദ്യത്തെ ശീലുകള്‍ മെനഞ്ഞത്. മനുഷ്യന്‍റെ എല്ലാ പുരോയാനത്തിന്‍റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് അവന്‍റെ കര്‍മ്മങ്ങളല്ല, അലസതയ്ക്കുള്ള അവന്‍റെ തയ്യാറെടുപ്പാണെന്ന് ജോര്‍ജ് സിമ്മല്‍ സമര്‍ത്ഥിക്കുന്നുണ്ട്.
മടിയന്മാര്‍ക്കുള്ള ഏറ്റവും വലിയ ധാര്‍മ്മികമായ മേന്മ അവര്‍ ചതിയന്മാര്‍ അല്ലെന്നുള്ളതാണ്. വഞ്ചനയ്ക്ക് ഒരു മിനിമം ഔത്സുക്യം ആവശ്യമാണ്. ചതിക്കപ്പെട്ടാലും ചതിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. അലസന്മാര്‍ വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്. വിവാഹത്തിന്‍റെ ബൂര്‍ഷ്വറ്റിക് ആഘോഷങ്ങളും പ്രായോഗിക വശങ്ങളും അലസന്മാര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. പ്രായോഗിക ബുദ്ധിക്കാര്‍ അറുബോറന്മാരാണെങ്കിലും, വിവാഹം അവര്‍ക്കാണ് ഏറ്റവും നന്നായിട്ട് ചേരുക.
ഉപയോഗപ്രദമായ കണ്ടുപിടിത്തങ്ങളെല്ലാം വലിയ തോതില്‍ വെയ്സ്റ്റ് സൃഷ്ടിക്കുന്നുണ്ട്. വെയ്സ്റ്റുകളൊന്നും അവശേഷിപ്പിക്കാതെ സ്വയം വെയ്സ്റ്റഡ് ആയി മാറുക എന്നതാണ് ഒരു മടിയന്‍റെ ലക്ഷ്യം. വയലുകളൊന്നിലും അവനു അഭയം കണ്ടെത്താനാവില്ല. പിതൃസ്വത്തെല്ലാം ധൂര്‍ത്തടിച്ച് അവന്‍ പന്നിക്കൂട്ടില്‍ അഭയം തേടുന്നു. ഒരു പന്നിക്കൂട്ടില്‍ വച്ച് ധുര്‍ത്ത പുത്രനുമാത്രം മനസ്സിലാക്കാനാവുന്ന ചില സത്യങ്ങള്‍ ഈ ലോകത്തിലുണ്ട്.
ഭൂമി, എന്തായാലും നിറഞ്ഞിരിക്കുകയാണ്, മനുഷ്യരെ കൊണ്ടും അവന്‍റെ വിജയങ്ങളെക്കൊണ്ടും ചരിത്രസ്മാരകങ്ങള്‍ കൊണ്ടും. എന്തിനേറെ, ബഹിരാകാശം പോലും അവന്‍ നിക്ഷേപിച്ച റോക്കറ്റുകള്‍ കുന്നുകൂടാന്‍ തുടങ്ങിയിരിക്കുന്നു. ഭൂമി മുഴുവന്‍ കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. മഞ്ഞുപാളികള്‍ ഉരുകി അപ്രത്യക്ഷമാകുന്നു. പുഴകളും വൃക്ഷങ്ങളും മലകളും താഴ്വാരങ്ങളും എല്ലാം മനുഷ്യന്‍റെ പടയോട്ടത്തില്‍ പെട്ട് ഞെരിഞ്ഞമരുന്നു. ഇനി ഭൂമിയുടെ പ്രതീക്ഷ അലസന്മാരിലാണ്, യാതൊരു പടയോട്ടത്തിലും താത്പര്യമില്ലാത്ത, ഒരു സ്മാരകത്തിലും കണ്ണു വയ്ക്കാത്ത, എപ്പോള്‍ വേണമെങ്കിലും തന്‍റെ ഇടം ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറുള്ള മടിയന്മാരിലാണ് ഭൂമിയുടെ മുഴുവന്‍ പ്രതീക്ഷയും. മടിയന്‍റെ മരണം തികച്ചും സ്വച്ഛന്ദമായിരിക്കും . അവനെ വിട്ടു പോകാന്‍ അനുവദിക്കാതെ പിന്നാലെ നിലവിളിച്ചു കൊണ്ടുവരാന്‍ ഒന്നുമില്ല. അവന്‍റെത് തികച്ചും ആശയ സമ്പുഷ്ടമായ മരണമായിരിക്കും. നീഷേയുടെ സരാതുഷ്ട്ര പറയുന്നു,"I shall show you the consummating death which shall be a spur and a promise to the living."
തൊഴിലിനെയും ഉത്പാദനത്തെയും വല്ലാതെ മാര്‍ക്സ് മഹത്ത്വവത്കരിച്ചു. എല്ലാ തൊഴിലുകളും അതേ അളവില്‍ തൊഴിലില്ലായ്മയെ സൃഷ്ടിക്കുന്നുണ്ട്. ഒരുവന്‍റെ കട മറ്റൊരുവന്‍റെ കടയുടെ അടച്ചു പൂട്ടലിനു കാരണമാകുന്നുണ്ട്. തൊഴിലാളികള്‍ പുതിയ ജന്മികളായി മാറുന്നത് മാര്‍ക്സ് മുന്‍കൂട്ടി കണ്ടില്ല. തൊഴിലാളികള്‍ തൊഴിലിന്‍റെ അടിമകളായി മാറുന്ന അവസ്ഥ ഇന്ന് സംജാതമായി. മനുഷ്യന്‍ ഒരു തൊഴില്‍ ജീവിയാണെന്ന് മാര്‍ക്സ് തെറ്റിദ്ധരിച്ചു. മനുഷ്യന്‍ തൊഴില്‍ ചെയ്യേണ്ടത് അവന്‍ അര്‍ഹിക്കുന്ന വിനോദത്തിനു വേണ്ടിയായിരിക്കണം. ചിന്തയെ ബലപ്പെടുത്താനുള്ള ഒരു ഘടകം മാത്രമായിരിക്കണം തൊഴില്‍. പണമാണ് മനുഷ്യന്‍ കണ്ടു പിടിച്ച ഏറ്റവും വലിയ കള്ളം. അലസതകൊണ്ട്, നിഷ്ക്രിയത്വം കൊണ്ട്, പണത്തെ ഇല്ലായ്മ ചെയ്യാന്‍ പറ്റിയാല്‍ അതായിരിക്കും ഏറ്റവും ഉന്നതമായ വിപ്ലവം. എല്ലാ സംസ്ക്കാരങ്ങളും പണിതുയര്‍ക്കപ്പെട്ടത് ചതിയുടെയും കൊലയുടേയും പിടിച്ചുപറിയുടേയും കുടിയൊഴിപ്പിക്കലിന്‍റെയും രക്തത്തില്‍ മുങ്ങിയ കൈകള്‍കൊണ്ടാണ്. അലസത കൊണ്ട്, നിഷ്ക്രിയത്വം കൊണ്ട്, നമുക്ക് പരിഹാരം ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍?
പ്രവൃത്തികള്‍ കുന്നുകൂടിയപ്പോള്‍ നമുക്ക് നഷ്ടമായത് ധ്യാനാത്മകതയുടെ ചാലക ശക്തിയാണ്. വേഗതയുടെ കാലഘട്ടം ധ്യാനാത്മകമല്ലെന്ന് മാര്‍സല്‍ പ്രുസ്ത് കുറ്റപ്പെടുത്തുന്നു. പോയ്പോയ കാലത്തിനു തിരിച്ചു വരവ് നല്‍കാന്‍ ആവശ്യമായ ധ്യാനാത്മകത നമ്മുടെ കാലത്തിന് നഷ്ടമായി എന്നദ്ദേഹം മനസ്സിലാക്കി. സൗന്ദര്യം പോലും ധ്യാനാത്മകമായ മനസ്സുകള്‍ക്കു മാത്രം വെളിപ്പെട്ടു കിട്ടുന്ന ഒന്നാണ്. മടിയന്‍ ലക്ഷ്യങ്ങളുടെ മായികതയില്‍പ്പെടുന്നില്ല. അവനറിയാം യാത്ര തന്നെയാണ് ലക്ഷ്യമെന്ന്. ലക്ഷ്യങ്ങളില്ലാതെയുള്ള അലച്ചിലിനും അര്‍ത്ഥമുണ്ട്. ലക്ഷ്യവും അര്‍ത്ഥവും അന്വേഷിക്കുന്നത് ജീവിതത്തില്‍ വല്ലാത്ത മുഷിപ്പ് അനുഭവിക്കുന്ന മനുഷ്യരാണ്. ഈ ജീവിതത്തെ ജീവിക്കാത്തവരാണ് വരാനിരിക്കുന്ന ജീവിതത്തെ ആശ്രയിക്കുന്നത്. ജീവിതം പട്ടികളുടെ മുന്‍പിലേക്ക് എറിയപ്പെട്ട എല്ലിന്‍കഷണകളാണ്. ചില പട്ടികള്‍ അതു കടിച്ചുകീറി തിന്നുമ്പോള്‍ മറ്റു ചില പട്ടികള്‍ അനേഷിക്കുന്നു, ഇതാരാണ് എന്‍റെ മുന്‍പിലേക്ക് എറിഞ്ഞിട്ടത്? അവരെ സംബന്ധിച്ച് ജീവിതം ആസ്വദിക്കാനുള്ളതല്ല, പീഡയുടേതാണെന്ന് കസന്‍ദ് സാക്കിസ് എഴുതുന്നു. മടിയന്മാര്‍ക്ക് ജീവിതം ജീവിക്കാനുള്ളതല്ല, പരീക്ഷിക്കാനുള്ളതാണ്.
പ്രവൃത്തി കൂടാതെയുള്ള വിശ്വാസം മരിച്ചതാണെന്ന് യാക്കോബ് ശ്ലീഹാ പറയുന്നു. വിശ്വാസം മാത്രം മതിയെന്നാണ് പോളിന്‍റെ വാദം. എന്തൊക്കെയായാലും ചിന്ത കൂടാതെയുള്ള പ്രവൃത്തിയാണ് ഏറ്റവും തൊന്തരവ്. ചിന്തയില്ലാത്ത മനുഷ്യര്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ പിന്നീട് വലിയ ദുരന്തങ്ങളായിത്തീരുന്നു. യാതൊരു കഥയുമില്ലാത്ത മനുഷ്യര്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങളാണ് ഭൂമിക്കുചുറ്റും കുന്നു കൂടി ശ്വാസം മുട്ടിക്കുന്നത്. നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കനുസൃതമായ ആത്മീയ ബലം നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന നന്മ പ്രവൃത്തികള്‍ പോലും തിന്മയായി മാറുമെന്ന് സിമോണ്‍ വെയില്‍ പറയുന്നു. നിങ്ങള്‍ ചെയ്യുന്ന നന്മ പ്രവൃത്തികള്‍ തന്നെ നിങ്ങളുടെയും ദൈവത്തിന്‍റെയും ഇടയില്‍ നിന്നു കൊണ്ട് ദൈവത്തിന്‍റെ മുഖം മറച്ചു കളയാന്‍ സാധ്യതയുണ്ട്. പ്രവൃത്തിയാണ് ഏറ്റവും വലിയ ഭൗതിക വസ്തു എന്ന വാദവും തെറ്റാണ്. ചിന്തയാണ് ഏറ്റവും ഭൗതികമായ കാര്യം. ഭൗതിക ലോകത്തിന്‍റെ ഗതി നിര്‍ണ്ണയിക്കുന്നതുതന്നെ മനുഷ്യന്‍ കണ്ടെത്തുന്ന പുതിയ ആശയങ്ങളാണ്. ഭൂമിയുടെ നെടുനാളത്തെ നിലനില്‍പ്പിന് കാരണമാകുന്ന ആശയങ്ങള്‍ സൃഷ്ടിക്കുന്ന മനുഷ്യരാണ് ഇന്നിന്‍റെ ആവശ്യം. അങ്ങനെയെങ്കില്‍ ചിന്തയാണ് ഏറ്റവും വലിയ പ്രവൃത്തി. സൈദ്ധാന്തികതയുടെ പിന്‍ബലമില്ലാത്ത ഏതു രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളും വിസ്മൃതിയുടെ ശ്മശാനങ്ങളില്‍ അടക്കം ചെയ്യപ്പെടുമെന്ന് മാര്‍ക്സ് തന്നെ മനസ്സിലാക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവകാരികളായി തെരുവോരങ്ങള്‍ കയ്യേറിയ പതിനായിരക്കണക്കിന് മനുഷ്യര്‍ ഇന്ന് ചരിത്രത്തില്‍ മുഖമില്ലാതെ നില്‍ക്കുന്നു. പക്ഷെ അതിന് ആശയബലം നല്‍കിയ ചിന്തകന്മാരായ റുസ്സോയ്ക്കും വോള്‍ട്ടയറിനും വ്യക്തമായ മുഖമുണ്ട്. ചരിത്രത്തിന് വൃക്തത നല്‍കുന്നത് അതിലെ പ്രവൃത്തികളല്ല, അതു കൈവരിച്ച ആശയങ്ങളാണ്.
എസ്കേപ്പിസവും എസ്കേപ്പും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചിന്തകനായ ആന്‍ഡ്രു കുള്‍പ്പ് പറയുന്നു, "Escapism is the great bterayer of escape. The former is simply "withdrawing from the social," whereas the latter learns to "eat away at [the social] and penterate it," everywhere setting up "charges that will explode what will explore, make fall what must fall, make escape what must escape" as a "revolutionary fore." ഒളിച്ചോടല്‍, രക്ഷപ്പെടല്‍, പലായനം ചെയ്യല്‍, അഞ്ജാതനായിരിക്കല്‍, ഇതൊക്കെയാണ് ഇന്ന് നമ്മുടെ മുന്‍പിലുള്ള ധാര്‍മ്മിക മൂല്യങ്ങള്‍. നമ്മുടെ കാല്‍പ്പാടുകളോ തെളിവുകളോ അവശേഷിപ്പിക്കുന്ന ഒന്നും ചെയ്യരുത്. ഇന്ന് നമ്മുടെ വിരലടയാളങ്ങള്‍ സ്വന്തമാക്കി നമ്മളെ മോണിട്ടര്‍ ചെയ്യുന്ന ഗവണ്‍മെന്‍റുകള്‍ നാളെ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും മോണിട്ടര്‍ ചെയ്ത് നമ്മളെ അടിമകളാക്കിവയ്ക്കും. ഒരിക്കലും ഒരു ഗവണ്‍മെന്‍റിന്‍റെയും പക്ഷത്തായിരിക്കരുത്. എപ്പോഴും പ്രതിപക്ഷത്തായിരിക്കുക. ഭരണപക്ഷത്തിനേക്കാള്‍ സത്യവും ധാര്‍മ്മികതയുമുള്ളത് പ്രതിപക്ഷത്തിനാണ്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ എതിര്‍ത്ത അഴിമതിയും സ്വജനപക്ഷപാതവും എല്ലാ പാര്‍ട്ടിക്കാരും ഭരണപക്ഷത്താവുമ്പോള്‍ ഒരു വിഷമവുമില്ലാതെ ചെയ്യാന്‍ തുടങ്ങും. ഏത് മഹത്തായ ആശയവും പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ വൃത്തികേടാകുന്നത് നമ്മള്‍ തുടര്‍ച്ചയായി അനുഭവിക്കുന്ന ഒരു ദുരന്തമാണ്. വലിയ പ്രണയിതാക്കള്‍ വിവാഹം കഴിക്കുന്നതോടു കൂടി അവരുടെ പ്രണയം വെറുപ്പായി രൂപാന്തരം പ്രാപിക്കുന്നതുപോലെയാണിത്. ഗവണ്‍മെന്‍റിന്‍റെ ആയുധ ഇടപാടുകളുടെ രഹസ്യങ്ങള്‍ ചോര്‍ത്തുക വളരെ നല്ല കാര്യമാണ്. ഇങ്ങനെയുള്ളവരെ ഭരണകൂടം ക്രിമിനലുകള്‍ എന്ന് മുദ്രകുത്തുകയാണെങ്കില്‍ നമുക്കിന്നാവശ്യം ഇത്തരം ക്രിമിനലുകളെയാണ്. ഒരിക്കലും പിടിക്കപ്പെടരുത്. എതിര്‍പ്പ് ഒരു വലിയ പുണ്യമാണ്. രക്ഷപ്പെടാനും, ഓടിക്കളയാനും അജ്ഞാതനായിരിക്കാനുമുള്ള വിരുതുണ്ടായിരിക്കണം. സര്‍ക്കാരിന്‍റെ ചാരന്മാരെ എപ്പോഴും സൂക്ഷിച്ചുകൊള്ളേണം.