top of page

അബലര്‍ക്ക് അഭയമൊരുക്കി സഭ

Mar 8, 2019

3 min read

ടോം മാത്യു

pope francis

കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവെന്ന് ആഗോളമാധ്യമങ്ങള്‍ വിശേഷിപ്പിച്ച സഭയിലെ കുട്ടികളുടെ സുരക്ഷക്കായുള്ള സമ്മേളനം (Meeting of  Protecton of Minors in the Church-)  കുട്ടികളെ പുരോഹിതരുടെ ലൈംഗിക ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുന്നതിന് വ്യക്തമായ മൂന്ന് നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഒന്ന്, വത്തിക്കാന്‍ നഗരരാഷ്ട്രത്തിലെ കുട്ടികളുടെയും ദുര്‍ബലരായ മുതിര്‍ന്നവരുടെയും സംരക്ഷണത്തിനായുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും മാര്‍പ്പാപ്പ ഉടന്‍തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. രണ്ട്, കുട്ടികളുടെ സംരക്ഷണത്തില്‍ മെത്രാന്‍മാരുടെ കടമകളും ഉത്തരവാദിത്തങ്ങളും വിവരിക്കുന്ന ചട്ടപുസ്തകം  (Rule book)  കത്തോലിക്കാസഭക്കു കീഴിലുള്ള ലോകത്തെ മുഴുവന്‍ മെത്രാന്‍മാര്‍ക്കും വിതരണംചെയ്യും. മൂന്ന്, കുട്ടികളെ സംരക്ഷിക്കുന്നതിനും പീഡനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മെത്രാന്‍സമിതികളെ സഹായിക്കുന്നതിന് വിദഗ്ധര്‍ ഉള്‍പ്പെട്ട ദൗത്യസേന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. 

വത്തിക്കാന്‍ ഭരണകൂടത്തിലെ -(Vatican Curia) വിവിധ വിഭാഗങ്ങളുടെ തലവന്‍മാരുമായി സമ്മേളനത്തിന്‍റെ സംഘാടകസമിതി തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യുമെന്നും സമ്മേളനനടപടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച സമ്മേളനത്തിന്‍റെ മോഡറേറ്റര്‍ ഫാ. ഫ്രെഡറിക്കോ ലൊംബാര്‍ഡി എസ്ജെ അറിയിച്ചു. 

ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ പ്രത്യേക നിര്‍ദേശപ്രകാരം റോമില്‍ ഫെബ്രുവരി 21 മുതല്‍ 24 വരെ ചേര്‍ന്ന മെത്രാന്‍സമിതി അധ്യക്ഷന്‍മാരുടെ അസാധാരണ ഉച്ചകോടി സഭയില്‍ കുട്ടികളുടെ സുരക്ഷ എന്ന അതിപ്രധാന വിഷയത്തിന്‍റെ വിവിധവശങ്ങള്‍ ചര്‍ച്ചചെയ്തു. ഫെബ്രുവരി 21ന് പരിശുദ്ധ പിതാവിന്‍റെ ആമുഖത്തോടെ തുടങ്ങിയ ഉച്ചകോടി ആദ്യദിനത്തില്‍ ഉത്തരവാദിത്തം (Responsibility) എന്ന വിഷയം ചര്‍ച്ച ചെയ്തു. കര്‍ദിനാള്‍ ലൂയി അന്‍റോണിയോ ടാഗ്ളേ, ആര്‍ച്ച്ബിഷപ്പ് ചാള്‍സ് സിക്ലൂന, കര്‍ദിനാള്‍ റൂബെന്‍ സലാസര്‍ ഗോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. രണ്ടാം ദിവസം പ്രതിബദ്ധത (Accountability) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ കര്‍ദിനാള്‍ഡ് ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കര്‍ദിനാള്‍ ബ്ലേയ്സ് ക്യുപിക്, ഡോ. ലിന്‍ഡ ഗിസോണി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂന്നാം ദിനം സുതാര്യത (Transparency) എന്ന വിഷയത്തില്‍ സിസ്റ്റര്‍ വെറോണിക്ക ഓപ്പെനിബോ, കര്‍ദിനാള്‍ റെയ്ന്‍ഹാര്‍ഡ് മാര്‍ക്സ്, ഡോ. വലന്‍റീന അലസ്റാക്കി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അവസാനദിവസമായ 24ന് വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തിമസന്ദേശം നല്‍കി. 

 

ഇത് പൈശാചികതയുടെ സമകാലപ്രത്യക്ഷം: മാര്‍പ്പാപ്പ

കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണം എന്ന കൊടിയ തിന്മ തുടച്ചുനീക്കുന്നതിന് ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയം ആഗതമായെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ സഭയിലെ കുട്ടികളുടെ സംരക്ഷണത്തിനായുള്ള സമ്മേളനത്തിന്‍റെ സമാപനം കുറിച്ചു നടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം നല്‍കിയ സന്ദേശത്തില്‍ പ്രഖ്യാപിച്ചു. സഭ അതിന്‍റെ എല്ലാ മൂല്യങ്ങളും സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ട കാലമായിരിക്കുന്നു. പഴയകാല തെറ്റുകളുടെ കുറ്റബോധത്താലും മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്താലും കടുത്ത നിയമനടപടികളിലേക്കാ മറുവശത്ത് ഈ കഠിനമായ കുറ്റകൃത്യത്തിന്‍റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും അവഗണിക്കുന്നവിധം പ്രതിരോധത്തിലേക്കോ പോകാതെ സഭക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കേണ്ടതുണ്ട്.

ചൂഷണം ചെയ്യപ്പെട്ട, പീഡിപ്പിക്കപ്പെട്ട, അവഗണിക്കപ്പെട്ട കുട്ടികളെ കേള്‍ക്കുകയും പരിഗണിക്കുകയും സംരക്ഷിക്കുകയുമാണ് സഭയുടെ ലക്ഷ്യം. അതിന് ആശയപരമായ കടുംപിടുത്തങ്ങള്‍ക്കും നിഷ്കളങ്കബാല്യങ്ങള്‍ നേരിട്ട ദുരന്തങ്ങളെ വിവിധ കാരണങ്ങളാല്‍ വീണ്ടും ചൂഷണത്തിന് വിധേയമാക്കുന്ന മാധ്യമതന്ത്രങ്ങള്‍ക്കും മീതെ സഭ ഉയരേണ്ടതുണ്ട്. 

കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികചൂഷണങ്ങളെ ആഗോള പശ്ചാത്തലത്തില്‍ വിശകലനം ചെയ്തുകൊണ്ടാണ് മാര്‍പ്പാപ്പ തന്‍റെ പ്രസംഗം ആരംഭിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികചൂഷണത്തിന്‍റെ വ്യാപ്തി എല്ലാ സമൂഹങ്ങളിലും സംസ്കാരങ്ങളിലും ഗുരുതരമാണെന്ന സത്യം സമ്മേളനം ഒരിക്കല്‍കൂടി നമ്മെ ബോധ്യപ്പെടുത്തി.  ഈ പ്രതിഭാസത്തിന്‍റെ യഥാര്‍ഥചിത്രം ഇന്നും നമുക്ക് ലഭിച്ചിട്ടില്ല. കാരണം പലപ്പോഴും ലൈംഗികപീഡനങ്ങള്‍ മൂടിവയ്ക്കപ്പെടുന്നു എന്നതുതന്നെ. പീഡനങ്ങളിലേറെയും കുടുംബങ്ങളില്‍തന്നെ നടക്കുന്നു. അതിനാല്‍തന്നെ അവയില്‍ പലതും പുറത്തുവരുന്നില്ല. ശാരീരികമോ ലൈംഗികമോ വൈകാരികമോ ആയ പീഡനങ്ങളുടെ പ്രഥമ ഉത്തരവാദികള്‍ മാതാപിതാക്കളോ ബന്ധുക്കളോ ബാലികകളായ വധുക്കളുടെ ഭര്‍ത്താക്കന്മാരോ അധ്യാപകരോ പരിശീലകരോ ആണെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. അതിനാല്‍ ഒരു ആഗോളപ്രശ്നത്തെയാണ് നാം നേരിടുന്നത്. അത് എല്ലായിടത്തുമുണ്ട്. എല്ലാവരെയും ബാധിക്കുന്നതുമാണ്. ആഗോളവ്യാപകമായ ഈ ക്രൂരത സഭയില്‍ കൂടുതല്‍ രൂക്ഷവും വിവാദങ്ങള്‍ക്കു കാരണവുമായിരിക്കുന്നു. അത് സഭയുടെ സദാചാരനിഷ്ഠക്കും ധാര്‍മ്മികമായ വിശ്വാസ്യതക്കും കനത്ത ആഘാതമേല്‍പ്പിച്ചിരിക്കുന്നു. കുഞ്ഞുങ്ങളോട് സുവിശേഷം പ്രസംഗിച്ച, അവരെ ചെന്നായ്ക്കളില്‍നിന്ന് കാത്ത സഭയുടെ ദൗത്യത്തിന്‍റെ മര്‍മ്മം തന്നെ തകര്‍ത്ത ഈ കൊടിയ തിന്മക്കെതിരെ പോരാടേണ്ട സമയം ആയിരിക്കുന്നു. സഭക്കുള്ളില്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന ഓരോ സംഭവത്തെയും അത്യന്തം ഗൗരവത്തോടെ നേരിടുമെന്നും മാര്‍പ്പാപ്പ ഉറപ്പുനല്‍കി.

കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണങ്ങളെ അധികാരത്തോട് ചേര്‍ത്തുവായിക്കേണ്ടതുണ്ടെന്ന് മാര്‍പ്പാപ്പ പറഞ്ഞു. കുട്ടിപ്പട്ടാളം, ബാലവേശ്യകള്‍, കുട്ടികടത്തുകള്‍, യുദ്ധത്തിന് ഇരയാവുന്ന കുട്ടികള്‍, പട്ടിണിക്കാരായ കുട്ടികള്‍, അഭയാര്‍ഥികളായ കുട്ടികള്‍ എന്നിവരെപ്പോലെതന്നെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കുട്ടികളും അധികാരത്തിന്‍റെ തെറ്റായ പ്രയോഗത്തിന്‍റെ ഇരകളാണ്. അധികാരത്തിന്‍റെയും പണത്തിന്‍റെയും അഹങ്കാരത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ദേവതക്കു മുന്നില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ബാല്യങ്ങള്‍ക്ക് വിശദീകരണംകൊണ്ട് മറുപടി നല്‍കാനാവില്ലെന്ന് മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. അത് പൈശാചികതയുടെ സമകാല പ്രത്യക്ഷമാണ്. അത് കണക്കിലെടുത്തില്ലെങ്കില്‍ നാം സത്യത്തിനുനേരെ മുഖം തിരിക്കുകയും അതുവഴി യഥാര്‍ഥ പരിഹാരം കാണുന്നതില്‍ പരാജയപ്പെടുകയും ചെയ്യും.

  സാമാന്യബുദ്ധിയും ശാസ്ത്രവും സമൂഹവും നമ്മെ പഠിപ്പിച്ച പ്രായോഗികമായ എല്ലാ നടപടികളും നാം കൈക്കൊള്ളണം. അതോടൊപ്പം ദൈവം നമ്മെ പഠിപ്പിച്ച ആത്മീയമാര്‍ഗങ്ങളും നാം സ്വീകരിക്കേണ്ടതുണ്ട്. എളിമയും ആത്മപരിശോധനയും പ്രാര്‍ഥനയും പ്രായശ്ചിത്തവും മാത്രമാണ് തിന്മയുടെ ആത്മാവിനെ അതിജീവിക്കാനുള്ള മാര്‍ഗമെന്ന് മാര്‍പ്പാപ്പ ഉദ്ബോധിപ്പിച്ചു.

  ശുദ്ധീകരണത്തിനുള്ള അവസരമായി ഈ തിന്മയെ കാണണം. പീഡനങ്ങളുടെ ഇരകള്‍ക്കും സഭാമാതാവിന്‍റെ തനയര്‍ക്കും ലോകത്തിനും നല്‍കാവുന്ന മികച്ച നഷ്ടപരിഹാരം വ്യക്തിപരവും കൂട്ടായതുമായ മാനസാന്തരമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. കുട്ടികള്‍ക്കുനേരെ അധികാരികളില്‍നിന്നും വ്യക്തികളില്‍നിന്നുമുണ്ടാകുന്ന എല്ലാവിധ അതിക്രമങ്ങള്‍ക്കുമെതിരെ തുറന്ന പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചത്. 

 

സഭ സുരക്ഷിത സ്ഥാനമാകണം

സഭ ഏവര്‍ക്കും സുരക്ഷിത സ്ഥാനമാകണമെന്ന് സമ്മേളനത്തിന്‍റെ സമാപനം കുറിച്ചു നടന്ന വിശുദ്ധ കുര്‍ബാനക്കു മധ്യേ നല്‍കിയ സന്ദേശത്തില്‍ ഓസ്ട്രേലിയന്‍ മെത്രാന്‍സമിതി അധ്യക്ഷനും ബ്രിസ്ബെയിനിലെ ആര്‍ച്ച്ബിഷപ്പുമായ മാര്‍ക്ക് കോള്‍റിഡ്ജ് ആഹ്വാനംചെയ്തു. പുരോഹിതരുടെ ലൈംഗിക ചൂഷണത്തിലേക്കു നയിച്ച തിന്മയെക്കുറിച്ചു പരാമര്‍ശിച്ച ആര്‍ച്ച്ബിഷപ്പ് മാനസാന്തരത്തിനും ഭൂതകാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാത്ത ദൗത്യത്തിന്‍റെ പുതിയ കാലഘട്ടത്തിനും ആഹ്വാനംനല്‍കി. ഒരൊറ്റ ശബ്ദം, യേശുവിന്‍റെ ശബ്ദം മാത്രം മുഴങ്ങുന്ന സുവിശേഷം പ്രഘോഷിക്കപ്പെടണം. സഭക്കു നല്‍കപ്പെട്ടിരിക്കുന്ന അധികാരം സേവനത്തിനുള്ള അധികാരമാണെന്ന് മറക്കരുതെന്നും അദ്ദേഹം അനുസ്മരിപ്പിച്ചു. 

 

യേശു ക്രിസ്തുവിന്‍റെ സഭയാകുക

പുരോഹിതരുടെ ലൈംഗികചൂഷണം സൃഷ്ടിച്ച തീവ്രവേദനയും അഭിമാനക്ഷതവും ശിഷ്യരുടെ സഭയിലേക്ക് നമ്മെ നയിക്കണമെന്ന് മനില ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ലുയി അന്‍റോണിയോ ടഗ്ളെ പറഞ്ഞു. ഈ മഹാക്രൂരതക്കു മുന്നില്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രതികരിക്കണം, ക്രിസ്തുവിന്‍റെ സഭയായി പ്രതികരിക്കണം. ഇരകളുടെ വേദനയും രോദനവും വിളികളോട് വിശ്വസ്തരായിരിക്കുവാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.

 

സഭയുടെ പ്രധാന പരിഗണന

കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച സമ്മേളനം കാലികവും പ്രയോജനപ്രദവും അവശ്യവുമായിരുന്നെന്ന് മുംബൈ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.  കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണം സഭയുടെ പ്രധാന പരിഗണന ആവണമെന്ന അവബോധത്തോടെയാണ് താനും മറ്റ് മെത്രാന്മാരും സമ്മേളനത്തിന് എത്തിയത്. സമ്മേളനത്തില്‍ സംസാരിച്ച സ്ത്രീകള്‍, സ്ത്രീസഹജമായ ഉള്‍ക്കാഴ്ചയോടെയും വീക്ഷണത്തോടെയും പ്രശ്നത്തെ അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  

പരിശുദ്ധ പിതാവിന്‍റെ സമാപനപ്രസംഗം അതിന്‍റെ വ്യക്തതയാലും സൂക്ഷ്മതയാലും തന്നെ സ്പര്‍ശിച്ചുവെന്ന് മാള്‍ട്ട ആര്‍ച്ച്ബിഷപ്പ് ചാള്‍സ് സിക്ലൂണ പറഞ്ഞു. പീഡനവും അത് മൂടിവയ്ക്കാനുള്ള ശ്രമവും ഒരുപോലെ കുറ്റകരമാണെന്ന മാര്‍പ്പാപ്പയുടെ നിലപാട് ഏറെ പ്രസക്തമാണ്. ഹൃദയ പരിവര്‍ത്തനമാണ് ഏറ്റവും അത്യാവശ്യം. അതിന് പ്രചോദനം അത്യാവശ്യമാണ്. പ്രചോദനത്തിന് വ്യത്യസ്ത സ്വരങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെ, ശ്രവിക്കാന്‍ സന്മനസ്സുണ്ടാകണം. സ്ത്രീകളുടെ അഭിപ്രായങ്ങള്‍ സമ്മേളനത്തിന് പുതുശ്വാസം പകര്‍ന്നുവെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.

 

സ്ത്രീ സഭാമാതാവിന്‍റെ പ്രതിച്ഛായ

  സ്ത്രീ സഭയുടെ പ്രതിച്ഛായയാണെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പരാമര്‍ശം സമ്മേളനത്തില്‍ ശ്രദ്ധേയമായി. സമ്മേളനത്തിന്‍റെ രണ്ടാം ദിനം ഡോ. ലിന്‍ഡ ഗിസോനിയുടെ പ്രഭാഷണത്തിന് തൊട്ടുപിന്നാലെ അപ്രതീക്ഷിതമായി ഇടപെട്ടുകൊണ്ടായിരുന്നു മാര്‍പ്പാപ്പയുടെ ഈ പരാമര്‍ശം. ഡോ. ഗിസോനിയെ കേള്‍ക്കുമ്പോള്‍ സഭ സ്വയം അവളെക്കുറിച്ച് സംസാരിക്കുന്നതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. സഭയുടെ മുറിവുകളെക്കുറിച്ചു സംസാരിക്കുവാന്‍ ഒരു സ്ത്രീയെ ക്ഷണിക്കുക എന്നതിന്‍റെ അര്‍ഥം സഭയെ അവളെക്കുറിച്ച്, അവള്‍ക്കേറ്റ മുറിവുകളെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിക്കുക എന്നുതന്നെയാണ്. ഇതൊരു ശൈലീമാറ്റത്തിന്‍റെയോ സഭയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന്‍റെയോ പ്രശ്നമല്ല. അവ അപ്രധാനമാണ് എന്നല്ല. എന്നാല്‍ സഭയെ സ്ത്രീത്വവുമായി സംയോജിപ്പിക്കുക എന്നതാണ് എല്ലാറ്റിലും ഏറെ പ്രധാനം. സ്ത്രീയുടെ കാഴ്ചപ്പാടില്‍ സഭയെ വീക്ഷിക്കുക എന്നതും- മാര്‍പ്പാപ്പ പറഞ്ഞു.


Featured Posts