top of page
മിശിഹായുടെ വരവ് മഹത്വമുള്ളവനായ ഏശയ്യാ ഇങ്ങനെ പ്രവചിച്ചു: "ഇരുളില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു: അന്ധതമസിന്‍റെ ദേശത്ത് പാര്‍ത്തവരുടെ മേല്‍ പ്രകാശം ശോഭിച്ചു" മഹാപുരോഹിതനായ സഖറിയ കീര്‍ത്തനം ചൊല്ലി. "ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശമേകാനും സമാധാനമാര്‍ഗ്ഗത്തിലേയ്ക്ക് നമ്മുടെ പാദങ്ങളെ നയിക്കുന്നതിനും വേണ്ടി നമ്മുടെ ദൈവത്തിന്‍റെ കാരുണ്യാതിരേകത്താല്‍ ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു." ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നുവെന്നാണ് യോഹന്നാന്‍ കുറിച്ചത്. പ്രവാചകന്‍ മലാഖിയുടെ വാക്കുകളില്‍ വര്‍ണ്ണിക്കപ്പെടുന്നതത്രയും നീതിസൂര്യന്‍റെ ഉദയമാണ് ! കട്ടപിടിച്ച ഇരുട്ടിനെ നീക്കം ചെയ്തുകൊണ്ടാണ് ഈ മഹോദയം സംഭവിക്കുക.
മനുഷ്യചരിത്രത്തെ ഇരുള്‍ മൂടിയ ഘട്ടങ്ങള്‍ ഏറെയാണ്. നിസായിലെ വി. ഗ്രിഗറിയുടെ ഒരു കുറിപ്പുണ്ട്. വളരെ കൗതുകമുള്ള ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുക. സത്യത്തില്‍ വചനം ജഡമായി തീര്‍ന്ന് മനുഷ്യരുടെ ഇടയില്‍ പാര്‍ക്കാന്‍ ഇത്രമേല്‍ താമസിച്ചതെന്താണ്? ശരിക്കും മനുഷ്യാവതാരത്തിന് തക്കതായ എത്രയോ അവസരങ്ങള്‍ ചരിത്രത്തിലുണ്ടായിരുന്നു. ഭൂമിയിലെ സകലജനവും തങ്ങളുടെ വഴി വഷളാക്കിയ നോഹയുടെ കാലത്ത് എന്തുകൊണ്ടാണ് ദൈവം മനുഷ്യനാവാതിരുന്നത്? മനുഷ്യന്‍ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്ക്കുകയും നടുകയും പണിയുകയും അപമാനാനുരാഗങ്ങളില്‍ മുഴുകുകയും ചെയ്തിരുന്ന ലോത്തിന്‍റെ കാലത്തെ ഭോഗപാരമ്യത്തില്‍ എന്തേ ദൈവം മനുഷ്യനായി വരാതിരുന്നത്? മിസ്രയീമിലെ ദുരിതപര്‍വ്വങ്ങളില്‍ മനമുരുകി നിലവിളിച്ച ദൈവജനത്തിനിടയിലേയ്ക്ക് എന്തേ ദൈവം മനുഷ്യനായി പിറന്നില്ല? അസ്സീറിയന്‍, ബാബിലോണിയന്‍ പ്രവാസകാലങ്ങളില്‍ അവനെന്തുകൊണ്ട് മനുഷ്യാവതാരം പൂണ്ടില്ല? നീതിമാന്മാരേയും പ്രവാചകന്മാരേയും ജനം കൊല്ലുകയും പിന്നെ അവരുടെ കല്ലറകളെ പൂജിക്കുകയും ചെയ്തപ്പോള്‍ എന്തേ വന്നില്ല? ഒടുക്കം തിന്മയുടെ അന്ധതയും അന്ധകാരവും ദേവാലയത്തിനും വിശുദ്ധസ്ഥലത്തിനും മധ്യേ നീതിമാനായ പുരോഹിതന്‍റെ രക്തം വീഴ്ത്തുക വരെ ചെയ്യുന്നു. ശരിക്കും അനീതിയുടെ മൂര്‍ദ്ധന്യതയിലാണ് നീതിസൂര്യന്‍ അതിശോഭയോടെ ഉദയം ചെയ്യുക.
അധാര്‍മ്മികതയുടെ ഇരുള്‍ മൂടുന്ന നേരം വെളിച്ചത്തിന്‍റെ ഉദയകാലത്തെ നാം ശ്രദ്ധാപൂര്‍വ്വം അനുസ്മരിക്കണം. പെരുകുന്ന ചീത്തത്തരങ്ങള്‍ക്കും നിരാശയുടെ വര്‍ത്തമാനങ്ങള്‍ക്കുമിടയില്‍ ഈ മംഗള വാര്‍ത്തക്കാലം നമ്മെ നല്ല അറിയിപ്പുകള്‍ പങ്കുവെയ്ക്കാന്‍ പഠിപ്പിക്കണം. നമ്മുടെ മനുഷ്യാവതാര ലക്ഷ്യത്തിലും സുവിശേഷം ചമയ്ക്കല്‍ ഉള്‍പ്പെടുന്നുണ്ട്. സുവാര്‍ത്ത ചൊല്ലാനും സമാധാനപ്പിറവി സാധ്യമാക്കാനും നാം കരുത്ത് കാട്ടണം.
നല്ലത് പറയാനും നന്മകള്‍ പങ്കുവെയ്ക്കാനും കരുതലുണ്ടാവണം. അങ്ങനെയാണ് സ്നേഹിതാ, നാമായിരിക്കുന്ന ഇടങ്ങളില്‍ അതിദ്രുതം പടര്‍ന്ന് കയറുന്ന ഇരുളിനെ ഒരു ചെറുതിരിനാളമായെങ്കിലും നമുക്ക് പ്രതിരോധിക്കാനാവുക!