ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
"അടുത്ത് വരരുത്. നിന്‍റെ ചെരുപ്പ് അഴിച്ചുമാറ്റുക, എന്തുകൊണ്ടെന്നാല്‍ നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്"(പുറ 3,5).
ദേവാലയത്തിന്‍റെ നാള്‍വഴികള്‍ തേടിയുള്ള ഈ പ്രയാണത്തിന്‍റെ അടുത്തഘട്ടം സീനായ് മലയിലാണ് തുടങ്ങുക. ദൈവത്തിന്‍റെ സാന്നിധ്യം പ്രത്യേകമാംവിധം അനുഭവവേദ്യമായ സ്ഥലങ്ങളില്‍ ഏറ്റം പ്രധാനപ്പെട്ട ഒന്നാണ് സീനായ് മല. അവിടെ വച്ചാണ് ദൈവം ആദ്യം മോശയ്ക്കും പിന്നീട് ഇസ്രായേല്‍ ജനത്തിനും സ്വയം വെളിപ്പെടുത്തിയത്. ദൈവികസാന്നിധ്യം ജനമധ്യത്തില്‍ നിരന്തരം അനുഭവവേദ്യമാക്കാന്‍ വേണ്ടി പേടകം, കൂടാരം എന്നീ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ദൈവം കല്പിച്ചതും മോശയുടെ നേതൃത്വത്തില്‍ ജനം കല്പന നിറവേറ്റിയതും സീനായ് മലയടിവാരത്തുവച്ചാണ്. ആ പേടകത്തിന്‍റെയും കൂടാരത്തിന്‍റെയും ഗതിവിഗതികളാണ് അടുത്തതായി നാം പഠനവിഷയമാക്കുന്നത്.
മോശയുടെ ദൈവാനുഭവം
അസ്വസ്ഥനായിരുന്നു അയാള്‍, ഒരുപക്ഷേ നിരാശനും. താന്‍ വിട്ടിട്ടു പോന്ന തന്‍റെ ജനത്തിന്‍റെ അടിമത്തവും അവര്‍ അനുഭവിക്കുന്ന കഠിനമായ ക്ലേശങ്ങളും അയാളുടെ മനസ്സില്‍ മായാതെ നിന്നു, രക്തമൊലിക്കുന്ന ഒരു മുറിവുപോലെ. അക്രമപ്രവര്‍ത്തനത്തിലൂടെ അക്രമത്തിനും അടിമത്തത്തിനും അറുതിവരുത്താം എന്ന ചിന്തയ്ക്കു പാളം തെറ്റി. മേലാളനായ ഈജിപ്തുകാരനെ കൊന്നത് ജനത്തിനു നീതി നടത്തികൊടുക്കാം എന്ന പ്രതീക്ഷയോടെ ആയിരുന്നു. പക്ഷേ അത് വിപരീതഫലമാണ് ഉളവാക്കിയത് എന്ന് ഉടനെ അറിഞ്ഞു. തന്നെ സ്വന്തം മകനെപ്പോലെ വളര്‍ത്തിക്കൊണ്ടുവന്ന രാജാവ് തന്നെ തനിക്കെതിരായി തിരിഞ്ഞിരിക്കുന്നു, തന്നെ വധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന തിരിച്ചറിവില്‍ ഭയചകിതനായി ഒളിച്ചോടി വന്നതാണ് മോശ.
മിദിയാനിലെ പുരോഹിതന്‍റെ വീട്ടില്‍ അഭയം ലഭിച്ചു, ആദ്യപുത്രിയായ സിപ്പോറായെ ഭാര്യയായി ലഭിച്ചു, ആടുമേയ്ക്കല്‍ തൊഴിലായും. പക്ഷേ അയാളുടെ അന്തരംഗം കലാപകലുഷിതമായിരുന്നു. സ്വന്തം ജനത്തെ മോചിപ്പിക്കാനുള്ള അദമ്യമായ ആഗ്രഹം ഉമിത്തീപോലെ ഉള്ളില്‍ നീറിപ്പുകഞ്ഞുകൊണ്ടിരുന്നു. അപ്പോഴാണ് അയാള്‍ അതുകണ്ടത് -കത്തിജ്വലിച്ചിട്ടും എരിഞ്ഞുചാമ്പലാകാത്ത മുള്‍പ്പടര്‍പ്പ്- മുള്‍പ്പടര്‍പ്പില്‍ നിന്നുയരുന്ന തീജ്വാലകള്‍(പുറ 3,3). തന്‍റെ ഉള്ളില്‍ എരിയുന്ന അഗ്നിയുടെ ബാഹ്യപ്രകടനമെന്നു തോന്നുമാറ് കത്തി ഉയരുന്ന തീജ്വാലകളുടെ ഉറവിടം കാണാന്‍ അടുത്തുവരുന്ന മോശ ഒരു സ്വരം കേട്ടു: "നീ നില്ക്കുന്ന സ്ഥലം പരിശുദ്ധമാണ്"(പുറ 3,5). തുടര്‍ന്നു വരുന്ന സംഭാഷണങ്ങള്‍ ആ സ്ഥലത്തിന്‍റെ പ്രത്യേകതയേക്കാള്‍ തന്‍റെ മുമ്പില്‍ നില്ക്കുന്ന ദൈവത്തിന്‍റെ സവിശേഷതകള്‍ വിശദമാക്കും.
"കര്‍ത്താവിന്‍റെ ദൂതന്‍"(പുറ 3,2) എന്നു പറഞ്ഞു തുടങ്ങിയെങ്കിലും കര്‍ത്താവു തന്നെയാണതെന്നു താമസിയാതെ വ്യക്തമായി. അബ്രാഹത്തെ വിളിച്ച, യാക്കോബിനെ സംരക്ഷിച്ച ദൈവം ഇപ്പോള്‍ ഈ മണലാരണ്യത്തിന്‍റെ നടുവില്‍, ഒരു മലയിലെ മുള്‍പ്പടര്‍പ്പില്‍ സന്നിഹിതനായിരിക്കുന്നു - അതു തന്നെ ദൈവത്തിന്‍റെ ഒരു സവിശേഷതയാണ്. യാക്കോബിനു സ്വയം വെളിപ്പെടുത്തിയ ദൈവം അയാളോടു കൂടെ ഈജിപ്തിലേക്കും പോകും, നിരന്തരം സംരക്ഷിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു(ഉല്‍പ 46, 3-4).
വലിയ ആദരവോടെ യാക്കോബിനെയും മക്കളെയും സ്വീകരിച്ച ഈജിപ്തുരാജാവും ജനങ്ങളും കാലക്രമത്തില്‍ കഠിനഹൃദയരായി, ഇസ്രായേല്‍ മക്കളെ അടിമകളാക്കി, ക്രൂരമായി പീഡിപ്പിച്ചു. ഇഷ്ടികക്കളങ്ങളില്‍ വിയര്‍ത്തൊലിച്ച് അധ്വാനിച്ച അവരുടെ മുതുകില്‍ മേല്‍നോട്ടക്കാരുടെ ചാട്ടവാര്‍ വീണു, രക്തവും വിയര്‍പ്പും ഇഷ്ടികയ്ക്കുണ്ടാക്കിയ ചെളിയില്‍ കലര്‍ന്നു. അവിടെ ദൈവം അവരുടെ നിലവിളി കേട്ടു, ഇറങ്ങിവന്നു, പരിഹാരമുണ്ടാക്കാന്‍. "അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി; ദൈവം അവരുടെ ദീനരോദനം ശ്രവിച്ചു.... ഉടമ്പടി ഓര്‍മ്മിച്ചു"(പുറ 24-25).
ദൈവികസാന്നിധ്യം എല്ലായിടത്തുമുണ്ട്. പ്രത്യേകമാം വിധം ആ സാന്നിധ്യം പ്രകടമാകുന്നത് അനീതിക്കെതിരായവരുടെ നിലവിളി ഉയരുന്നിടത്താണ്, ആബേലിന്‍റെ രക്തത്തിന്‍റെ നിലവിളിപോലെ. അനീതിക്കറുതി വരുത്തി, പീഡിതര്‍ക്കു മോചനം നല്കാന്‍ ഇറങ്ങിവരുന്നവനാണ് ദൈവം എന്ന് മോശ തിരിച്ചറിഞ്ഞു, അതോടൊപ്പം നീതിക്കുവേണ്ടി ദൈവത്തോടുകൂടെ നിന്ന് പോരാടാനുള്ള ദൗത്യവും. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ദൈവം തന്‍റെ മേല്‍ പിടിമുറുക്കിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ മോശ, ദൈവം കൊടുത്ത സഹപ്രവര്‍ത്തകനും സ്വന്തം ജ്യേഷ്ഠസഹോദരനുമായ അഹറോനുമൊത്ത് ഈജിപ്തിലെത്തി.
വാക്കു പാലിക്കുന്നവനാണ് ദൈവം എന്നു മോശ തിരിച്ചറിഞ്ഞു. ഒന്നിനു പിറകെ ഒന്നായി അരങ്ങേറിയ, കൂടുതല്‍ ശക്തമായ മഹാമാരികളിലൂടെ ഫറവോയും ജനവും ദൈവത്തിന്‍റെ സ്വഭാവവും സാന്നിധ്യവും തിരിച്ചറിഞ്ഞു, ജനത്തെ വിട്ടയച്ചു. പക്ഷേ അടിമകള്‍ സ്വതന്ത്രരായി നാടുവിടുന്നതുകണ്ടപ്പോള്‍ വീണ്ടുവിചാരമുണ്ടായി. അവരെ പിടിച്ചു തിരികെ കൊണ്ടുവന്ന് അടിമകളാക്കി നിലനിര്‍ത്താന്‍ തീരുമാനമായി. എന്നാല്‍ ജനത്തെ സമീപിക്കുക അസാധ്യമാക്കുമാറ് ഈജിപ്തുസൈന്യത്തിന്‍റെയും ഇസ്രായേല്‍ ജനത്തിന്‍റെയും ഇടയില്‍ ഒരു മേഘമായി ദൈവം നിലയുറപ്പിച്ചു(പുറ 14, 19-20). ഇസ്രായേല്‍ ജനത്തെ രാത്രി അഗ്നിസ്തംഭമായും പകല്‍ മേഘത്തൂണായും മരുഭൂമിയിലൂടെ കടല്‍ത്തീരത്തേക്കു വഴിനടത്തിയ ദൈവികസാന്നിധ്യമാണ് ഇപ്പോള്‍ ഇരുവര്‍ക്കും മധ്യേ നിലയുറപ്പിച്ചത് - ഈജിപ്തുകാര്‍ക്ക് അന്ധകാരമായും ഇസ്രായേല്‍ക്കാര്‍ക്ക് പ്രകാശമായും.
കടലിനു നടുവില്‍ ദൈവം തെളിച്ച വഴിയിലൂടെ രക്ഷപ്പെടുന്ന ഇസ്രായേല്‍ക്കാരെ പിടികൂടാനായി പിന്‍തുടര്‍ന്ന ഫറവോയും സൈന്യവും ദൈവത്തിന്‍റെ കരുത്തു കണ്ടു, സ്വഭാവം തിരിച്ചറിഞ്ഞു. ജലം അവരെ മൂടി(പുറ 14, 19-25). സീനായ് മലയില്‍ എത്തുന്നതുവരെ ദൈവം അവരുടെ മുമ്പേ പോയി, വഴികാട്ടി. വിശന്നപ്പോള്‍ മന്നാ നല്കി, പാറയില്‍ നിന്ന് കുടിനീര്‍ ഒഴുക്കി, ശത്രുക്കളില്‍നിന്ന് സംരക്ഷിച്ചു(പുറ 16-17). അവസാനം ദൈവം ആവശ്യപ്പെട്ടിരുന്നതുപോലെ അവര്‍ സീനായ് മലയുടെ അടിവാരത്തെത്തി. ഭയാനകമായ അസാധാരണപ്രതിഭാസങ്ങള്‍ ജനത്തിന് ദൈവികസാന്നിധ്യം അനുഭവവേദ്യമാക്കി(പുറ 19).
പേടകം
അത്ഭുതകരമായി രക്ഷപ്പെട്ട്, മരുഭൂമിയിലൂടെ വന്നത് ഒരാള്‍ക്കൂട്ടമായിരുന്നു. അവരെ ഒരു ജനം ആക്കിയത് ദൈവം മോശയിലൂടെ നല്കിയ നേതൃത്വവും അതിലുപരി ദൈവം ചെയ്ത ഉടമ്പടിയുമായിരുന്നു. "നിങ്ങള്‍ എന്‍റെ വാക്കുകേള്‍ക്കുകയും എന്‍റെ ഉടമ്പടി പാലിക്കുകയും ചെയ്താല്‍ നിങ്ങള്‍ എല്ലാ ജനങ്ങളിലും വച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്‍റെ സ്വന്തം ജനമായിരിക്കും. കാരണം, ഭൂമി മുഴുവന്‍ എന്‍റേതാണ്. നിങ്ങള്‍ എനിക്കു പുരോഹിതരാജ്യവും വിശുദ്ധ ജനവുമായിരിക്കും(പുറ 19, 5,6). മോശവഴി ദൈവം തന്‍റെ ഹിതം ജനത്തെ അറിയിച്ചു. അവര്‍ പൂര്‍ണമനസ്സോടെ സ്വീകരിച്ചു.
ഉടമ്പടിയുടെ നിബന്ധനകള്‍ പത്തുകല്പനകളായി രണ്ടു കല്പലകകളില്‍ ദൈവം തന്നെ എഴുതിക്കൊടുത്തു. ദൈവത്തിന്‍റെ തിരുഹിതം അറിയിക്കുന്ന പ്രമാണപ്പലകകള്‍ നിക്ഷേപിക്കാനായി, ദൈവം പറഞ്ഞതനുസരിച്ച് മോശ പേടകമുണ്ടാക്കി, പേടകം സൂക്ഷിക്കാന്‍ കൂടാരവും. എല്ലാം മലയില്‍ വച്ച് ദൈവം നിര്‍ദ്ദേശിച്ചതനുസരിച്ചാണ് നിര്‍മ്മിച്ചത് എന്നു പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഓരോന്നിന്‍റെയും വിശദാംശങ്ങള്‍ ദൈവം പറഞ്ഞുകൊടുക്കുന്നതിന്‍റെയും(പുറ 25-27) അതു കണിശമായി അനുസരിച്ച് നിര്‍മ്മിച്ചതിന്‍റെയും വിവരണങ്ങള്‍(പുറ 36-38) വിശദമായി നല്കുന്നതിലൂടെ ഇവയ്ക്കു ബൈബിള്‍ നല്കുന്ന പ്രാധാന്യം എത്രയെന്നു വ്യക്തമാകുന്നു. ഹെബ്രായ ലേഖനത്തില്‍ ഈ പ്രാധാന്യം എടുത്തു പറയുന്നുണ്ട് (ഹെബ്രാ 9, 1-10).
പേടകം എന്നാല്‍ പെട്ടി എന്നാണല്ലോ അര്‍ത്ഥം. അതിന്‍റെ വിശദാംശങ്ങളെല്ലാം പേടകത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. പേടകത്തിനു മുകളില്‍ കൃപാസനം, പേടകത്തിന്‍റെ ഇരുവശവുമായി, കൃപാസനത്തിനുമേല്‍ ചിറകുവിരിച്ചുനില്ക്കുന്ന കെരൂബുകള്‍, ഇവയെല്ലാം ഒരേ കേന്ദ്രത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു - ദൈവികസാന്നിധ്യം. പേടകത്തില്‍ നിക്ഷേപിച്ചിരിക്കുന്ന പ്രമാണപ്പലകകളില്‍ എഴുതിയിരിക്കുന്നത് ദൈവത്തിന്‍റെ വചനമാണ്. ആ വചനമാണ് ദൈവജനത്തിനു ജീവിതനിയമം.
വചനത്തിലൂടെ സ്വയം വെളിപ്പെടുത്തുന്ന, തിരുഹിതം അറിയിക്കുന്ന ദൈവത്തിന്‍റെ സാന്നിധ്യമാണ് പേടകം നല്കുന്ന സൂചന. മുകളിലെ കൃപാസനം ദൈവസിംഹാസനത്തിന്‍റെ പ്രതീകമായി നിലകൊള്ളുന്നു. പേടകത്തിനുള്ളില്‍ ഒരു പാത്രം മന്നായും (പുറ 16,35) അതോടൊപ്പം അഹറോന്‍റെ തളിര്‍ത്തവടിയും സൂക്ഷിച്ചുവച്ചിരുന്നു(സംഖ്യ 17, 1-11).ഈ മൂന്നുകാര്യങ്ങള്‍ പേടകത്തിന്‍റെ ലക്ഷ്യം, സ്വഭാവം എന്നിവ വ്യക്തമാക്കുന്നു. പ്രമാണപ്പലകകള്‍ ഉടമ്പടിയെയും അതിന്‍റെ നിബന്ധനകളെയും അനുസ്മരിപ്പിക്കുന്നു, എന്തു വിശ്വസിക്കണം, എപ്രകാരം ജീവിക്കണം എന്നും പഠിപ്പിക്കുന്നു. മന്നാ ദൈവിക പരിപാലനയുടെ ഓര്‍മ്മ പുതുക്കാന്‍ സഹായിക്കും. തളിര്‍ത്ത വടിയാകട്ടെ, ജനത്തിലെ അധികാരസംവിധാനം ദൈവനിശ്ചിതമാണെന്നും അത് ആരും സ്വന്തം താല്‍പര്യത്തിനനുസരിച്ച് ഏറ്റെടുക്കുന്നതോ നടപ്പിലാക്കുന്നതോ അല്ല എന്നും പഠിപ്പിക്കുന്നു. ഇതാണ് പേടകത്തിന്‍റെ പ്രാധാന്യം. ഈ മൂന്നു കാര്യങ്ങളിലൂടെയാണ് ദൈവം ജനമധ്യത്തില്‍ സന്നിഹിതനാവുക.
സമാഗമകൂടാരം
മനുഷ്യന്‍ ദൈവത്തെ കണ്ടുമുട്ടുന്ന ഇടം എന്ന അര്‍ത്ഥത്തില്‍ സമാഗമകൂടാരം എന്നും ദൈവം നല്കിയ ഉടമ്പടിയുടെ സാക്ഷിയായി നില്ക്കുന്ന പേടകം സൂക്ഷിക്കുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ സാക്ഷ്യകൂടാരം എന്നും വിശേഷിപ്പിക്കുന്നത് ഒരേ വസ്തുവിനെത്തന്നെയാണ്. ചുമന്നുകൊണ്ടു നടക്കാന്‍ പറ്റുന്ന ഒരു ചെറിയ ദൈവാലയം എന്ന രീതിയിലാണ് കൂടാരം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇതും ദൈവത്തിന്‍റെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ചു എന്ന് എടുത്തു പറയുന്നുണ്ട്.കൂടാരം രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു. ആദ്യഭാഗം അതിവിശുദ്ധസ്ഥലം അഥവാ ശ്രീകോവില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നു. അവിടെ ഉടമ്പടിയുടെ പേടകം മാത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. മറ്റൊന്നുമില്ല. ഈ അതിവിശുദ്ധസ്ഥലത്തെ കൂടാരത്തിന്‍റെ മറ്റു ഭാഗത്തില്‍നിന്ന് കനത്ത വിരിയിട്ട് വേര്‍തിരിച്ചിരിക്കുന്നു. വിശുദ്ധസ്ഥലം എന്നറിയപ്പെടുന്ന രണ്ടാം ഭാഗത്ത് മൂന്നു പ്രധാന വസ്തുക്കള്‍ ഉണ്ടായിരുന്നു. തിരുസാന്നിധ്യത്തിന്‍റെ അപ്പം വയ്ക്കുന്ന മേശ. ഇസ്രായേലിലെ 12 ഗോത്രങ്ങളെയും അനുസ്മരിപ്പിക്കാന്‍ 12 അപ്പം ഈ മേശയില്‍ വച്ചിരിക്കണം. സാബത്തു തോറും പഴയതു മാറ്റി പുതിയ അപ്പം കാഴ്ചവയ്ക്കണം. ഈ അപ്പം ഭക്ഷിക്കാന്‍ ദേവാലയ ശുശ്രൂഷികള്‍ക്കു മാത്രമായിരുന്നു അവകാശം(1സാമു 21, 4-6; മത്താ 12,3-4). ഏഴുതിരികള്‍ ഇട്ടുകത്തിക്കുന്ന, മനോറ എന്നറിയപ്പെടുന്ന ദീപപീഠവും സുഗന്ധദ്രവ്യം അര്‍പ്പിക്കുന്ന സുഗന്ധബലിപീഠവും ഈ കൂടാരഭാഗത്തു സൂക്ഷിച്ചിരുന്നു. പുരോഹിതര്‍ക്കുമാത്രമേ കൂടാരത്തില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ജനം കൂടാരാങ്കണത്തില്‍ വരും. തങ്ങളുടെ പ്രാര്‍ത്ഥനകളും കാണിക്കകളും സമര്‍പ്പിക്കും. ദൈവം പുരോഹിതനിലൂടെ അവ സ്വീകരിക്കും, അനുഗ്രഹിക്കും. അങ്ങനെ ദൈവവും ജനവും പരസ്പരം കണ്ടുമുട്ടുന്ന വേദിയായി സമാഗമകൂടാരം പരിഗണിക്കപ്പെട്ടു.
ദൈവം കല്പിച്ചതനുസരിച്ച് മോശ പണികള്‍ എല്ലാം നിര്‍വ്വഹിച്ചു. കൂടാരം പ്രതിഷ്ഠിച്ചു കഴിഞ്ഞപ്പോള്‍ 'ഒരു മേഘം സമാഗമകൂടാരത്തെ ആവരണം ചെയ്തു. കര്‍ത്താവിന്‍റെ മഹത്ത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു'(പുറ 40, 34). അങ്ങനെ കൂടാരം ജനമധ്യത്തിലുള്ള ദൈവികസാന്നിധ്യത്തിന്‍റെ ദൃശ്യമായ അടയാളമായി. ഇസ്രായേലിന്‍റെ ചരിത്രത്തിലും ദേവാലയത്തിന്‍റെ നാള്‍വഴികളിലും നിര്‍ണായകപ്രാധാന്യമുള്ള ഒരു സംഭവമായിരുന്നു ഇത്, ഇതുവരെ അദൃശ്യനായ ദൈവം ജനത്തെ നയിച്ചു. എന്നാല്‍ ഇപ്പോള്‍ ജനത്തിനു കാണാന്‍ പറ്റുന്ന ഒരു അടയാളമുണ്ടായി: പേടകവും കൂടാരവും. അവയിലൂടെ ദൈവം തന്‍റെ സാന്നിധ്യം ജനത്തിന് അനുഭവവേദ്യമാക്കി. ദൈവം കൂടാരത്തില്‍ വസിക്കുന്നു എന്നു പറയുന്നത് ദൈവത്തെ പരിമിതപ്പെടുത്തുന്നതിനായി തോന്നാം എന്നതിനാലാവാം ദൈവമഹത്ത്വം എന്നുപറയുന്നത്. 'കബോദ്' എന്ന ഹീബ്രു വാക്കാണ് മഹത്ത്വം എന്നു വിവര്‍ത്തനം ചെയ്യുന്നത്. ഇതു ദൈവത്തിന്‍റെ വിശുദ്ധവും ശക്തവുമായ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.