top of page

ആ ജീവിതം ഒരു അത്ഭുതമായിരുന്നു

May 1, 2015

2 min read

Franciscan image.

ആ ജീവിതം ഒരു അത്ഭുതമായിരുന്നു. അടുത്തുനിന്ന് കണ്ടുപഠിക്കേണ്ട, ഓര്‍ക്കുമ്പോള്‍ അറിയാതെ കൈകൂപ്പി പോകുന്ന ജീവിതം. മൈനര്‍ സെമിനാരികാലത്തുതന്നെ ജ്യേഷ്ഠസഹോദരന്മാര്‍ പലയാവര്‍ത്തി പറഞ്ഞുകേട്ട് ഉള്ളില്‍ ഒരു രൂപം മെനഞ്ഞെടുത്തിരുന്നു. നേരില്‍ കാണുന്നത് തിയോളജി പഠനകാലത്താണ്. നവതിയുടെ നിറവില്‍ എത്തിയിരുന്നു അപ്പോള്‍. അസ്സീസിയിലെ നിസ്സ്വന്‍റെ വിശുദ്ധജീവിതത്തില്‍ നിമഗ്നമാക്കപ്പെട്ട ഒരാള്‍. വെയില്‍ വീണ് വിളറി മാഞ്ഞ സന്ന്യാസവസ്ത്രത്തിനുള്ളില്‍ മെലിഞ്ഞ് നീണ്ട ഒരു ശരീരം. വെളുപ്പിന് 3.30 ന് ദേവാലയവിശുദ്ധിയുടെ നിശ്ശബ്ദതയില്‍ ആരംഭിച്ച് പകലിന്‍റെ അദ്ധ്വാനവഴികളിലൂടെ സഞ്ചരിച്ച് രാവിന്‍റെ ശാന്തതയില്‍ ദേവാലയ നിശബ്ദതയില്‍ അവസാനിക്കുന്ന കര്‍മ്മസാധന. സന്ന്യാസസാഹോദര്യത്തിന്‍റെ തുടക്കക്കാര്‍ക്ക് മുന്‍പില്‍ തുറന്നുവച്ച ഒരു പാഠപുസ്തകംപോലെ... അസാധ്യതയുടെ വിയര്‍പ്പ് വീണ് നനഞ്ഞ നിലങ്ങളില്‍ ചേനയും പയറും പച്ചമുളകും വെണ്ടയും ചീനിയും മഞ്ഞളും സമൃദ്ധമായി വിളവ് നല്‍കി.


മഴ പെയ്ത് തോരാത്ത ഒരു പ്രഭാതത്തില്‍ പച്ചക്കറി ശേഖരിക്കാന്‍ എന്നെ വിളിച്ചു.


"ബ്രദര്‍ജി മഴയാ.... കുടയെടുത്തുകൊണ്ട് വരാം."


"മഴയൊന്നും സാരമില്ല. ബ്രദര്‍ വാ പച്ചക്കറി അരിയാന്‍ ബ്രദേഴ്സ് വരുന്നതിനു മുന്‍പ് തിരിച്ചെത്തണം..."


ആള് മഴയിലേക്ക് ഇറങ്ങിക്കഴിഞ്ഞു...!

തൊണ്ണൂറ്റിനാലു വയസ്സിന്‍റെ ഊര്‍ജ്ജസ്വലതകണ്ട് ആത്മനിന്ദ തോന്നി. ഒരു സായാഹ്നത്തിലെ കുറുമ്പ് ചോദ്യങ്ങള്‍ക്ക് ഇടയില്‍ ചോദിച്ചു; "ബ്രദറിനെ സഭയിലേയ്ക്ക് കൊണ്ടുവന്നത് ആരാ?" ആവേശത്തോടെ ആ കഥ പറഞ്ഞു. സന്ന്യാസജീവിതം ആഗ്രഹിച്ച് വീട്ടില്‍ നില്‍ക്കുന്ന കാലം. ഏതോ ആവശ്യത്തിന് അക്കാലത്തെ പേരുകേട്ട ധ്യാനഗുരുവായ ലിയോ അച്ചന്‍ സൈക്കിളില്‍ ഇടവകയില്‍ വന്നു. തിരിച്ചുപോയി കുറച്ച് കഴിഞ്ഞപ്പോള്‍ ആണ് ബ്രദര്‍ അത് അറിഞ്ഞത്. ഉടനെ ഇറങ്ങിയോടി കുറുക്കുവഴിചാടി പിറകേ ഓടുമ്പോള്‍ നീണ്ട നടപ്പാതയുടെ അറ്റത്ത് ലിയോ അച്ചനെ കണ്ടു. പക്ഷേ കാലുകള്‍ മടുത്ത് തുടങ്ങിയിരുന്നു. അകലം കൂടിക്കൂടി വന്നതിനാല്‍ കാണാന്‍ പറ്റും എന്ന പ്രതീക്ഷ മങ്ങിത്തുടങ്ങിയിരുന്നു. അപ്പോള്‍ അതാ ലിയോ അച്ചന്‍ സൈക്കിള്‍ നിറുത്തിയിറങ്ങുന്നു. അവിടെ പാതയ്ക്ക് കുറുകെ ഒരു മരം മറിഞ്ഞ് കിടന്നിരുന്നു. സൈക്കിള്‍ എടുത്തുയര്‍ത്തി ലിയോ അച്ചന്‍ അപ്പുറം കടന്നപ്പോഴേയ്ക്കും ബ്രദര്‍ ഓടി അടുത്തെത്തി കിതച്ചുകൊണ്ട് പറഞ്ഞു, എനിക്ക് കപ്പൂച്ചിന്‍ സഭയില്‍ ചേരാന്‍ ആഗ്രഹം ഉണ്ട്. ലിയോ അച്ചന്‍ ഗൗരവത്തോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അങ്ങനെ ഒറ്റയടി പാതയില്‍ ലിയോ അച്ചന്‍റെ വഴിമുടക്കിയ മരം ഏജുഡിയൂസ് ബ്രദറിന്‍റെ ജീവിതത്തില്‍ കപ്പൂച്ചിന്‍ സഭയിലേയ്ക്ക് ഉള്ള വഴി തുറന്നു. തീരെ വയ്യാത്തപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ശ്രമിക്കുമായിരുന്നു ബ്രദര്‍. പ്രായത്തിന്‍റെ അവശതകള്‍ ഓര്‍മ്മയെ ബാധിച്ച് തുടങ്ങിയപ്പോള്‍ ഒരു ദിവസംതന്നെ പലയാവര്‍ത്തി ചോദിക്കുമായിരുന്നു; "കുര്‍ബാനയ്ക്ക് സമയം ആയോ." മറ്റുള്ളവരുടെ ആവശ്യങ്ങളെ മാതാവിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നത് പതിവായിരുന്നു. ഓര്‍മ്മക്കുറവുകൊണ്ട് ജപമാല എവിടെയെങ്കിലും വച്ച് മറന്നു പോയാല്‍ കിട്ടുന്നതുവരെ അസ്വസ്ഥനായിരിക്കും. അള്‍ത്താരബാലന്മാരില്‍ ഒരാള്‍ ക്യാന്‍സര്‍ ബാധിതനായപ്പോള്‍ ഇരുപത്തഞ്ചോളം വരുന്ന കുട്ടികള്‍ക്ക് കൊന്ത കൊടുത്തുകൊണ്ട് ബ്രദര്‍ പറഞ്ഞു; "മുട്ടുകുത്തി, പറ്റുമെങ്കില്‍ കൈവിരിച്ച് പിടിച്ച് പ്രാര്‍ത്ഥിച്ചോ. മാതാവ് കൈവിടില്ല, അമ്മ കാത്തുകൊള്ളും." ആ സാക്ഷ്യം സത്യമായി. ആ മകന്‍ ഇന്നും മിടുക്കനായി ജീവിക്കുന്നു. അവസാനമായി കണ്ടത് നവാഭിഷിക്തരുടെ കുര്‍ബാനയ്ക്കായി ഭരണങ്ങാനത്ത് എത്തിയപ്പോഴാണ്. "ഓര്‍മ്മ കുറവാണ്" എന്ന് സേവ്യറച്ചന്‍ പറഞ്ഞിരുന്നു. എങ്കിലും ചെന്നു വിളിച്ചപ്പോള്‍ തിരിച്ചറിഞ്ഞതുപോലെ കണ്ണുകള്‍ തുറന്നു. എന്നിട്ട് പറഞ്ഞു; "എവിടെയായിരുന്നു ഇതുവരെ ഞാന്‍ കുറേ അന്വേഷിച്ചു. കുറച്ചുകഴിയുമ്പോള്‍ ഒന്ന് വരണം." ഓര്‍മ്മിക്കുന്നതായി തോന്നിപ്പോയി അപ്പോള്‍. പിന്നീട് ഇങ്ങനെ പറഞ്ഞു: "ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു. അത് ഇങ്ങനെ ആയിരുന്നു. You will be raised into heaven.'' പിന്നീട് സേവ്യറച്ചന്‍ പറഞ്ഞു; ബ്രദറിന്‍റെ എല്ലാ സ്വപ്നത്തിലും ഇപ്പോള്‍ സ്വര്‍ഗവും മാലാഖമാരുമേ ഉള്ളൂ. അതേ, 97 വര്‍ഷം നീണ്ട ഒരു കര്‍മ്മസാധനയ്ക്ക്, വിശുദ്ധ ജീവിതത്തിന് ദൈവം കൊടുത്ത അനുഗ്രഹമായിരുന്നു അത് എന്നു ഞാന്‍ കരുതുന്നു. സ്വര്‍ഗത്തെയും മാലാഖമാരെയും സ്വപ്നം കണ്ട് ഒരു മരണം. കപ്പൂച്ചിന്‍ ആശ്രമത്തിന്‍റെ നീളന്‍ വരാന്തയിലൂടെ ഊന്നുവടിയില്‍ താങ്ങി ജപമാല ഉരുട്ടി നടന്ന ആ ഒരു കാഴ്ച ഇനിയില്ല. പക്ഷേ ജ്യേഷ്ഠസഹോദരന്‍ അന്ന് ജീവിച്ച് കാണിച്ച സന്ന്യാസസാഹോദര്യവും ജീവിതലാളിത്യവും പ്രാര്‍ത്ഥനാജീവിതവും ഞങ്ങളെ ഇന്നും നയിക്കുന്നു. അന്യം നിന്നു പോകുന്നു എന്ന ആകുലതകള്‍ക്കിടയിലും അസ്സീസിയിലെ എളിയ വിശുദ്ധന്‍റെ ജീവിതത്തിന് ചില നേര്‍കാഴ്ചകള്‍ ഇന്നും ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലിന് ഒരുപാട് നന്ദി.

Featured Posts

bottom of page