top of page
വിദ്യാഭ്യാസം ചര്‍ച്ച ചെയ്യപ്പെടുമ്പോഴെല്ലാം കേരളസമൂഹത്തിന്‍റെ സംവേദനമണ്ഡലങ്ങള്‍ ചുട്ടുപൊള്ളുന്നതും മാധ്യമങ്ങളില്‍ ചൂടും പുകയുമുയരുന്നതും പതിവു കാഴ്ച. അത് അങ്ങനെതന്നെ ആവുകയും വേണം. ഒരു ജനസമൂഹത്തിന്‍റെ ഭാവിയിലേക്കുള്ള കരുതിവയ്പ്പുകള്‍ എന്തൊക്കെയാവണമെന്ന തിരഞ്ഞെടുപ്പിനു പിന്നില്‍ നിശിതമായ ചില തീര്‍പ്പുകളുണ്ടാകേണ്ടതുണ്ട്. പരിഷ്കൃതിയിലേക്ക് വളരുന്ന ഏതൊരു ജനസമൂഹത്തിലുമെന്നപോലെ അറിവിന്‍റെ സൃഷ്ടിക്കും വിതരണത്തിനും സഹായകമാകുന്ന ഒരന്തരീക്ഷം കേരളസമൂഹത്തില്‍ എന്നുമുണ്ടായിരുന്നു. അതുകൊണ്ടാണ് കുടിപ്പള്ളിക്കൂടങ്ങള്‍ക്കും ആശാന്‍ പള്ളിക്കൂടങ്ങള്‍ക്കുമൊപ്പം വിദേശ വിദ്യാഭ്യാസ പ്രവര്‍ത്തകരും മിഷണറിമാരും മതപാഠശാലകളും ഇവിടെ വലിയ അളവില്‍ സ്വീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഏറെ ആഘോഷിക്കപ്പെട്ടതും അതിലേറെ ആക്രമിക്കപ്പെട്ടതുമായ 'കേരളാമോഡലി'ന്‍റെ നെടുംതൂണുകളിലൊന്നും വിദ്യാഭ്യാസരംഗത്തെ പരിഷ്ക്കാരങ്ങളായിരുന്നു. ഭാവിചരിത്രത്തിന്‍റെ നിശിതവായനകള്‍ക്കും വിധിതീര്‍പ്പുകള്‍ക്കും വിധേയമാകേണ്ട ഒട്ടേറെ സംഭവങ്ങള്‍ക്കും സാമൂഹ്യധ്രുവീകരണങ്ങള്‍ക്കും അത് വഴിവച്ചുവെന്നതിനും ചരിത്രംതന്നെ സാക്ഷി.
ആറു പതിറ്റാണ്ടുകളായി നാം തുടരുന്ന ഈ സംവാദങ്ങളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി വിദ്യാഭ്യാസസ്ഥാപനങ്ങളെന്നാല്‍, അവയുടെ നിര്‍മ്മാണം, ധനാഗമമാര്‍ഗ്ഗങ്ങള്‍, നിയന്ത്രണാധികാരത്തിന്‍റെ പങ്കുവയ്പ്പ്, നിയമനാധികാരം നിര്‍ണ്ണയിക്കുന്നതിനുള്ള സൂത്രവാക്യങ്ങള്‍, ഫീസ് ഘടന, അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍. ഈ ചര്‍ച്ചകളില്‍ ഏറ്റവും കുറച്ചുമാത്രം ചര്‍ച്ചചെയ്യപ്പെട്ടത് 'വിദ്യാഭ്യാസവും' ഏറ്റവുമൊടുവില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടത് വിദ്യാര്‍ത്ഥികളുമാണെങ്കില്‍, ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടാതെ പോയത് അധ്യാപകനെന്ന ആ ധൈഷണിക സാന്നിദ്ധ്യമാണ്. അധ്യാപകനും വിദ്യാര്‍ത്ഥിയും അവര്‍ക്കിടയില്‍ രൂപംകൊള്ളേണ്ട വിജ്ഞാനത്തിന്‍റെ പുത്തന്‍ ഭൂമികകളും സാമ്പ്രദായിക 'വിദ്യാഭ്യാസ' ചര്‍ച്ചകളുടെ 'ചായ' വേളകളില്‍നിന്നുപോലും പടിയിറക്കപ്പെട്ടതിന്, ഭരണകൂടങ്ങളും വിദ്യാഭ്യാസം വിതച്ച് കറന്‍സി കൊയ്യാമെന്ന് കണ്ടെത്തിയ 'വിദ്യാഭ്യാസ വിചക്ഷണന്‍'മാരും മാത്രമല്ല ചരിത്രത്തിന്‍റെ പുതിയ ദശാസന്ധിയില്‍ സ്വന്തം ഇടം കണ്ടെത്താന്‍ കഴിയാതെ പോയ വിദ്യാര്‍ത്ഥികളും അധ്യാപകരുംകൂടി കുറ്റക്കാരാണ്. അല്ല, അവര്‍തന്നെയാണ് ഏറ്റവും വലിയ കുറ്റക്കാര്‍.
അറിവ് ആയുധമാണെന്ന അറിവാണ് മര്‍ദ്ദകരെ മര്‍ദ്ദകരാക്കിയതും അധിനിവേശശക്തികളുടെ ആവനാഴികളില്‍ ആയുധങ്ങള്‍ തിരുകിവച്ചുകൊടുത്തതും. അറിവെന്ന ആയുധമുപയോഗിച്ച്, അറിവില്‍നിന്നകറ്റി നിര്‍ത്തി, അവര്‍ മനുഷ്യരെയും ജനസമൂഹങ്ങളെയും രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെത്തന്നെയും അടക്കിവാണു. സ്വന്തം അറിവിന്‍റെ മൂര്‍ച്ചയറിയാതെ പോയവര്‍ കൊട്ടാരങ്ങളുടെ വിദൂഷകപ്പുരകളില്‍ അടിമത്തത്തിന്‍റെ പട്ടും വളയുമണിഞ്ഞ് അധമരായി ജീവിച്ചു മരിച്ചു, ഇന്നും ജീവിച്ചു മരിക്കുന്നു. അറിവിന്‍റെ മൂര്‍ച്ചകാട്ടി ജനസമൂഹങ്ങളെ അടിമത്തത്തിന്‍റെ നുകത്തില്‍ കെട്ടി, ഒടുവില്‍ അധികാരത്തിന്‍റെ വളക്കൂറുകളിലേക്ക് ഉഴുതുചേര്‍ത്തവരില്‍ ഏകാധിപതികളായ ചക്രവര്‍ത്തിമാരുണ്ട്, ലോകമാദരിക്കുന്ന ആചാര്യന്മാരുണ്ട്, കിരീടവും ചെങ്കോലും കയ്യേറ്റ മതനേതാക്കന്മാരുമുണ്ട്.
വിജ്ഞാനത്തിന്‍റെ വിശേഷണങ്ങള്‍ പുതിയ കാലത്തിനു യോജിക്കുംവിധം ഇന്നു മാറിക്കഴിഞ്ഞിട്ടുണ്ട്. അറിവ് പാണ്ടികശാലകളില്‍ നല്ല വിലയ്ക്ക് വിറ്റുപോകുന്നൊരു ചരക്കാണെന്ന് കമ്പോളത്തിന്‍റെ ചലനനിയമങ്ങളറിയുന്നവര്‍ വളരെ മുമ്പേ മനസ്സിലാക്കിക്കഴിഞ്ഞു. കേരളത്തിലിന്നും കുറച്ചു വര്‍ഷങ്ങളായും നടക്കുന്ന എല്ലാ 'വിദ്യാഭ്യാസ' ചര്‍ച്ചകളെയും കമ്പോളത്തിന്‍റെ രീതിശാസ്ത്രങ്ങള്‍ക്കിണങ്ങുംവിധം രൂപപ്പെടുത്തിയെടുക്കുന്നതും വിപണിയുടെ മര്‍ദ്ദമറിയുന്ന ഈ മാനേജ്മെന്‍റ് വിദഗ്ദ്ധരാണ്. ചരക്കും അത് കൈവശമുള്ളയാളും വിപണിയുടെ സ്പന്ദനങ്ങള്‍ നിയന്ത്രിക്കും. വാങ്ങുന്നവന്‍ വിപണിയുടെ രാജാവാണെന്ന് വാണിജ്യശാസ്ത്ര ക്ലാസ്സുകളില്‍ ഒരു ക്ലീഷേപോലെ ആവര്‍ത്തിക്കുമെങ്കിലും വാങ്ങുന്നവന് ഈ കച്ചവടത്തില്‍ പലപ്പോഴും ഇരയുടെ റോളാണ് നല്‍കപ്പെടുന്നത്. ദാതാവിന്‍റെ 'സ്വന്തമായ' ഉല്‍പ്പന്നം ഉപഭോക്താവിന് എടുത്തുകൊടുക്കുന്ന ഒരു 'വെറും' എടുത്തു കൊടുപ്പുകാരന് എന്തു മേന്മയേറിയ റോളാണ് ഇവിടെ അഭിനയിച്ചു തീര്‍ക്കാനുള്ളത്?
അതുകൊണ്ടുതന്നെ അധ്യാപകന്‍ ചിത്രത്തിലെവിടെയും വരേണ്ടതില്ല. മസില്‍ പവറും മണിപവറും മാന്‍പവറുംകൊണ്ട് ഭരണകൂടങ്ങള്‍ക്ക് മൂക്കുകയറിടുന്ന മത-സാമുദായിക-രാഷ്ട്രീയ കൊടുക്കല്‍- വാങ്ങല്‍ കൂട്ടുകെട്ടിലെ കിങ്മേക്കര്‍മാരുടെ ഫ്ളൈറ്റ് സമയം നോക്കി, അവരുടെ നിബന്ധനകള്‍ക്കനുസരിച്ച് ചര്‍ച്ച ചെയ്ത് നാം വിദ്യാഭ്യാസത്തെ നവീകരിക്കും. ഇവിടെയെവിടെയും അധ്യാപകനും വിദ്യാര്‍ത്ഥിയുമില്ല, വിദ്യയും അതിന്‍റെ അഭ്യസനവുമില്ല. ഉള്ളത് കുറേ ലാഭനഷ്ട കണക്കുകള്‍മാത്രം. തര്‍ക്കങ്ങളെല്ലാം അക്കങ്ങളെ ചൊല്ലിമാത്രം, അവസാനത്തെ നാണയത്തുട്ടുകള്‍ പങ്കിട്ടെടുക്കേണ്ടത് ആരെന്നതിനെ ചൊല്ലി മാത്രം.
ഇന്നിന്‍റെ അധ്യാപകന് എന്തു സംഭവിച്ചു?
വാണിജ്യശക്തികള്‍ വിദ്യാഭ്യാസരംഗത്ത് ഭൂതാവേശം നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വഴിപാടുപോലെ പ്രതികരിച്ചു. നെഹ്റുവിയന്‍ ഇന്ത്യയുടെ പരിമിത സോഷ്യലിസം ഉറപ്പുനല്‍കുന്ന വിദ്യാഭ്യാസ അവകാശങ്ങള്‍പോലും പിടിച്ചെടുക്കപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്ന അവര്‍, അധഃസ്ഥിത വര്‍ഗ്ഗത്തിന്‍റെ സംവരണപ്പാത്രത്തില്‍നിന്ന് കയ്യിട്ടുവാരാനാണ് സമീപകാല ഇന്ത്യ കണ്ട ഏറ്റവും തീവ്രമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചതെന്നതിനും ചരിത്രം സാക്ഷി. അംബാനി-ബിര്‍ളമാരുടെ വിദ്യാഭ്യാസ കമ്മീഷന്‍പോലും അവരെ ഒട്ടുമേ അലട്ടിയില്ല. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ യഥാര്‍ത്ഥ നിലപാടുതറ കണ്ടെത്തിക്കഴിഞ്ഞുവെന്നും അവര്‍ കൂടുതല്‍ 'ഡിസിപ്ലിന്‍ഡ്' ആയി എന്നും നമുക്കാശ്വസിക്കാം. എങ്കില്‍, ഇന്നിന്‍റെ അധ്യാപകനെന്തു സംഭവിച്ചു?
കച്ചവടമെന്നാല്‍ കച്ചവടം മാത്രമെന്നാണ് അര്‍ത്ഥമെന്നും ലാഭമാണ് അതിന്‍റെ അവസാനസൂചകമെന്നും നന്നായി കച്ചവടം ചെയ്ത് ലാഭമുണ്ടാക്കി യജമാനനെ സേവിക്കുകയാണ് തങ്ങളുടെ കടമയെന്നും അവരും മനസ്സിലാക്കിക്കഴിഞ്ഞു എന്നാണോ? പക്ഷെ, നമ്മുടെ ഗുരുസങ്കല്‍പ്പം ഇതല്ലല്ലോ, ഇന്നലെകളിലെ നമ്മുടെ അധ്യാപകര്‍ ഇങ്ങനെയായിരുന്നില്ലല്ലോ. ഫ്യൂഡലിസത്തിനും മുതലാളിത്തത്തിനും ഇംപീരിയലിസത്തിനും വിടുപണി ചെയ്തിട്ടുണ്ടെങ്കിലും സ്വന്തം ഗര്‍ഭത്തിനുള്ളില്‍ത്തന്നെ ഫ്യൂഡലിസത്തിന്‍റെ വിത്തുകളെ പേറുന്നുണ്ടെങ്കിലും നന്മയിലേക്ക് തുറന്നുവച്ച സൂര്യനയനങ്ങള്‍ എന്നും നമ്മുടെ വിദ്യാഭ്യാസരംഗത്തിന് സ്വന്തമായിരുന്നു.
അറിവിനെ രാജ്യാധികാരം നല്കുന്ന പട്ടും വളയും മൂക്കുമുട്ടെ മൂന്നുനേരം ഭക്ഷണമെന്നും നിര്‍വ്വചിച്ച ആചാര്യന്മാരുണ്ടാകാം, അധികാരത്തിന്‍റെ ചുവപ്പുപരവതാനിയില്‍ തറച്ച കുശപ്പുല്ല് എടുത്തുമാറ്റാന്‍ അറിവിനോട് കലഹിച്ച അധഃസ്ഥിതന്‍റെ പെരുവിരല്‍ ആയുധമാക്കിയ മഹാഗുരുക്കന്മാരുണ്ടാകാം - അല്ല, ഉണ്ടായിരുന്നു, ഇന്നുമുണ്ട്, എന്നുമുണ്ടാകും. പക്ഷെ, അവര്‍ മാത്രമല്ലല്ലോ; ആയിരം തലമുറകളുടെ കണ്ണുകളില്‍ നന്മയുടെ നാളമാകാന്‍ സ്വയമെരിഞ്ഞു കത്തിയവരില്ലേ, തലമുറകള്‍ക്കുവേണ്ടിയുള്ള വിശുദ്ധ ധ്യാനത്തില്‍ പുറ്റും പൂഴിയുമായവരില്ലേ, അധികാരത്തോട് കലഹിച്ച് വെള്ളിത്താലത്തില്‍ ചോരയിറ്റുവീഴുന്ന ശിരസ്സുമാത്രമായി മാറിയവരില്ലേ, ഇരുമ്പഴികള്‍ക്കുള്ളില്‍ ധ്യാനാക്ഷരങ്ങളായി ഒഴുകിപ്പരന്നവരില്ലേ, ആല്‍ത്തറകളില്‍ സൂര്യമുഖമായി തെളിഞ്ഞവരില്ലേ, അഗ്നികൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ചിരിച്ചവരില്ലേ? ഉണ്ട്, ഉണ്ടായിരുന്നു, എന്നുമുണ്ടാകും.
ഇതാണ് നാം നെഞ്ചേറ്റുന്ന ഗുരുസങ്കല്പം. ഈ ഗുരുവിന് എന്തുപറ്റി ഈശ്വരാ എന്നാണ് നാം അമ്പരക്കേണ്ടത്. ആഗോളവല്‍ക്കരണം അതിന്‍റെ തേരോട്ടം ആരംഭിക്കുന്നതിനും മുമ്പ് ഡങ്കല്‍ കരടുകളില്‍ത്തന്നെ അറിവിന്‍റെ കുത്തകവല്‍ക്കരണം വ്യക്തമാക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസമേഖലയില്‍ സര്‍വ്വതലസ്പര്‍ശിയായി വ്യാപിച്ച ഈ കുത്തകവല്‍ക്കരണം വിജ്ഞാനത്തിന്‍റെ സമസ്തമേഖലകളെയും സാങ്കേതികവിദ്യാശാഖകളെയും അതിന്‍റെ പ്രയോഗങ്ങളെയും ലേബലൊട്ടിച്ച് ബാര്‍ കോഡ് ചെയ്ത പായ്ക്കറ്റുകളിലാക്കി വിജ്ഞാന ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍, വില്‍പ്പനയ്ക്കു വച്ചപ്പോള്‍ 'ഗുരു', സെയില്‍സ്മാന്‍ എന്ന 'ലഘു'വായി മാറി. ഈ ഷോക്കേസ് പരകായപ്രവേശത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മൂന്നാംലോക ഗുരുവിന് ഒട്ടുമായില്ല. പ്രതികരിക്കാതെയും പ്രതിരോധിക്കാതെയും വിപണിക്ക് കീഴടങ്ങിയവരുടെ മുന്‍നിരയില്‍ അധ്യാപകനുമുണ്ടായി.
അധ്യാപകന്‍ നേരിടുന്ന പ്രതിസന്ധികള്‍
അധ്യാപകനും വിദ്യാര്‍ത്ഥിക്കുമിടയില്‍ വിപണിയുടെ കാലിഡോസ്കോപ്പുകള്‍ മായാദര്‍ശനങ്ങള്‍ കാട്ടിത്തുടങ്ങും മുമ്പേ അധ്യാപകന്‍ മറ്റു ചില പ്രതിസന്ധികളിലകപ്പെട്ടിരുന്നു എന്നുവേണം കരുതാന്‍. സാങ്കേതിക വിദ്യാരംഗത്ത് പൊതുവെയും വിവര-വാര്‍ത്താ വിനിമയ സാങ്കേതികവിദ്യാരംഗത്ത് പ്രത്യേകിച്ചും ഉണ്ടായ വിപ്ലവകരമായ പുരോഗതി ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തെ അടിമുടി ഗ്രസിച്ചപ്പോള്‍ ആ മാറ്റത്തെ ഏറ്റവും വേഗത്തിലും ഏറ്റവും തീവ്രമായും സ്വീകരിച്ചത് വിദ്യാര്‍ത്ഥികളായിരുന്നു. സാങ്കേതികവിദ്യയുടെ കീബോര്‍ഡില്‍ തൊടാന്‍ പേടിച്ച് അധ്യാപകന്‍ പരുങ്ങി നിന്നപ്പോള്‍ അയാളുടെ മുന്നിലിരുന്ന് വിദ്യാര്‍ത്ഥി സൈബര്‍ ലോകത്തെ ഇടനാഴികളും ഊടുവഴികളും 'ജനാലകളും' പിന്നിട്ട് കറുപ്പും വെളുപ്പും നിറഞ്ഞ സൈബര്‍ ആകാശങ്ങളിലൂടെ അന്തമില്ലാത്ത യാത്രകള്‍ നടത്തി. സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിലും പ്രയോഗിക്കുന്നതിലും ഇന്ത്യയിലെയും കേരളത്തിലെയും പൊതുവിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസരംഗത്തും പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ വിദ്യാര്‍ത്ഥിക്ക് പിന്നിലായിപ്പോയി. 'ചോക്ക് ആന്‍റ് ടോക്ക്' 'ടെക്നോളജി'യുടെ മേന്മയെപ്പറ്റി മേനി പറഞ്ഞതുകൊണ്ടൊന്നും അധ്യാപകന് ഈ പ്രതിന്ധിയെ മറികടക്കാനാവില്ല. വിജ്ഞാനരംഗത്ത് ഭൂതകാലത്തില്‍നിന്ന് നിരന്തരം പഠിക്കേണ്ടതുണ്ടെങ്കിലും, ഭൂതകാലത്തില്‍ അഭിരമിച്ച് അതിന്‍റെ തടവുകാരാകുന്നത് തിന്മയോളം വലിയ ഉദാസീനതയാണ്. ആഗോളവല്‍ക്കരണം അധ്യാപകനെ കരാര്‍ജോലിക്കാരനും വിദ്യാഭ്യാസചന്തയിലെ എടുത്തുകൊടുപ്പുകാരനുമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അറിവിന്‍റെ സൂര്യമുഖങ്ങള്‍ ജ്വലിപ്പിച്ചുനിര്‍ത്തുകയേ അധ്യാപകനുമുമ്പില്‍ വഴിയുള്ളു. അതിനായി ശ്രമിക്കുമ്പോള്‍ ഇതും കൂടി തിരിച്ചറിയണം, വിദ്യാര്‍ത്ഥിയുടെ സൈബര്‍ യാത്രകള്‍ 'Virtual Classroom' കളില്‍ എത്തിനില്‍ക്കുന്നു. സാങ്കേതിക വിദ്യയുടെ അന്തമില്ലാത്ത പോക്കിനെ മഹത്ത്വവല്‍ക്കരിക്കേണ്ടതില്ല. പക്ഷെ, ലോകത്തിന്‍റെ ഹൃദയസ്പന്ദനങ്ങള്‍ തീവ്രമാകുന്നത് തിരിച്ചറിയേണ്ടതുണ്ട് ഇന്നിന്‍റെ അധ്യാപകന്‍.
ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ സവിശേഷമായും വിദ്യാഭ്യാസരംഗം സമീപകാലത്ത് തരംഗങ്ങളുടെ പിടിയിലാണ്. ഒട്ടും പ്രൊഫഷണലല്ലാത്ത 'പ്രൊഫഷണല്‍' കോഴ്സുകള്‍ വിദേശ സര്‍വ്വകലാശാലകളുടെ ചവറ്റുകൊട്ടകളില്‍നിന്ന് തപ്പിയെടുത്ത് മള്‍ട്ടികളര്‍ ബ്രോഷറുകളിലാക്കി, പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും വലിയ പരസ്യങ്ങള്‍ നല്‍കി വിദ്യാഭ്യാസ ചന്തയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു. 'പഠിക്കാന്‍ എളുപ്പം, ജോലി ലഭിക്കാന്‍ അതിലേറെ എളുപ്പം' എന്നതാണ് കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശരാശരി കേരളീയന്‍റെ മനസ്സിലിരുപ്പ്. ഒന്നുമൊന്നും പഠിക്കാതെ ഒട്ടും ദുരിതപ്പെടാതെ കിട്ടുന്ന വലിയ ശമ്പളങ്ങള്‍ നമ്മെ വല്ലാതെ മോഹിപ്പിക്കുന്നു. നാടിനും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നും നല്‍കാത്ത ഒരുപാട് പുതുതലമുറ കോഴ്സുകള്‍ കള്ളനാണയങ്ങളായി വിപണിയിലെത്തുന്നു.
നമുക്ക് അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും എന്തൊക്കെ വേണം, ഏതൊക്കെ രംഗത്ത് എത്രമാത്രം വിദഗ്ദ്ധരുണ്ടാവണം, ഇപ്പോള്‍ നമ്മുടെ നാട്ടില്‍ എന്തുമാത്രം വിഭവങ്ങളുണ്ട്, നമ്മുടെ ആവശ്യമെന്ത്, തുടങ്ങി ഒരു കണക്കും നമ്മുടെ സര്‍ക്കാരിന്‍റെ കൈയിലില്ല. ഇത്തരത്തിലുള്ള ഒരു വിഭവ സര്‍വ്വേയും നാം നടത്തിയിട്ടില്ല. കൊക്കോയും വാനിലയും മാഞ്ചിയവും പനയും നട്ടതുപോലെ, ആടുവളര്‍ത്തിയതുപോലെ പഠിക്കാനേറെ എളുപ്പമുള്ള കോഴ്സുകള്‍ക്കായി ബാങ്കില്‍നിന്നും ബ്ലേഡില്‍നിന്നും ലോണെടുത്ത പണവും മടിയില്‍ തിരുകി നാം വിദ്യാഭ്യാസ സ്റ്റാളുകള്‍ക്കു മുന്നില്‍ ക്യൂവിലാണ്.
സ്വന്തം പ്രതിഭയും താല്‍പ്പര്യവുമെന്തെന്നറിയാതെ ഒഴുക്കിലെ ഊത്തപോലെ എത്തുന്ന വിദ്യാര്‍ത്ഥികള്‍, മൂന്നും നാലും ഘട്ടങ്ങളിലെ അരിക്കലുകള്‍ കഴിഞ്ഞ് പൊതുധാരാ വിദ്യാഭ്യാസരംഗത്തേക്ക് അര്‍ദ്ധബോധാവസ്ഥയില്‍ എത്തുന്ന മറ്റൊരു കൂട്ടം വിദ്യാര്‍ത്ഥികള്‍. താന്‍ എന്തിനു വന്നുവെന്നറിയാതെ തനിക്ക് വേണ്ടതെന്തെന്നറിയാതെ മുന്നില്‍ വന്നിരിക്കുന്ന വിദ്യാര്‍ത്ഥിയെ പഠിപ്പിക്കേണ്ടിവരുന്ന അധ്യാപകന്‍, തനിക്ക് താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ പഠിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥി. 'എനിക്കും നിനക്കും തമ്മിലെന്ത്' എന്ന് അമ്പരന്നുനില്‍ക്കുന്ന അധ്യാപകനും വിദ്യാര്‍ത്ഥിക്കുമിടയില്‍ വിജ്ഞാനത്തിന്‍റെ ഏതൊക്കെ പുതിയ ഭൂമികകളാണ് പിറവികൊള്ളുക? ഈ വിദ്യാര്‍ത്ഥിയും നാളെ അധ്യാപകനാകും. തന്‍റെ മുമ്പില്‍ ഇരിക്കുന്ന മറ്റൊരു തലമുറയെ അവന്‍ 'പഠിപ്പിക്കും'. അവര്‍ക്ക് വിജ്ഞാനതൃഷ്ണകൊണ്ട് മൂര്‍ച്ചയേറിയ പഞ്ചേന്ദ്രിയങ്ങളുണ്ടാവാം, തരംഗങ്ങളിലൂടെ എടുത്തെറിയപ്പെട്ട് അര്‍ദ്ധബോധാവസ്ഥയില്‍ എത്തിയവരുമാകാം. അവരോട് നാളത്തെ ഈ അധ്യാപകന്‍ ഏത് പ്രൊമിത്യൂസിന്‍റെ കഥ പറയും.....?
ആരാണ് അധ്യാപകന്‍?
മനുഷ്യചരിത്രത്തിന്‍റെ വികാസപരിണാമ ഘട്ടങ്ങളിലെല്ലാം അധ്യാപകന് സമൂഹത്തില്‍ സവിശേഷമായൊരു സ്ഥാനം ലഭിച്ചിരുന്നു. സമൂഹം അറിഞ്ഞാദരിച്ചുകൊടുത്തതാകാം, അറിവിന്‍റെ കൈമാറ്റക്കാരനെന്ന നിലയില്‍ അധ്യാപകന്‍ കുറേയൊക്കെ സ്വയം കൈയേറ്റതുമാകാം. മഹത്തായ എല്ലാ സംസ്കാരങ്ങളിലും രാജാധികാരത്തോട് ചേര്‍ന്നോ അതിനും മുകളിലായോ ആചാര്യകേന്ദ്രീകൃതമായ ഒരു അധികാരസ്ഥാനമുണ്ടായിരുന്നു. ലോകത്തിലുണ്ടായിട്ടുള്ള വലിയ ശാസ്ത്ര-സാമൂഹ്യ-സാംസ്കാരിക മാറ്റങ്ങളിലെല്ലാം ഗുരുസ്പര്‍ശത്തിന്‍റെ നിറവുണ്ടായിരുന്നു. ഭാവിയിലേക്കു തുറന്നുവച്ചിരിക്കുന്ന കാലത്തിന്‍റെ കണ്ണുകളാണ് അധ്യാപകരെന്ന് സമൂഹം കരുതുന്നു. വിജ്ഞാനത്തെ വിലകെടുത്തുന്ന എന്തിനെയും പ്രതിരോധിച്ചും ആ ശക്തികളോട് പ്രതികരിച്ചും പ്രതിഷേധിച്ചും മാത്രമേ ഇന്നത്തെ അധ്യാപകന് മുമ്പോട്ടു പോകനാവൂ. പ്രവാചകതുല്യമായ തീക്ഷ്ണതയോടെ പ്രതികരിച്ചില്ലെങ്കില്‍ കാലത്തിന്‍റെ കണക്കെടുപ്പില്‍ അധ്യാപകന്‍റെ പേരു വെട്ടപ്പെടുമെന്നു തീര്‍ച്ച.
മാറ്റങ്ങളുടെ കുഴലൂത്തുകാരല്ല അധ്യാപകര്‍. പക്ഷെ, അതിവേഗം മാറുന്ന ഒരു ലോകത്ത് കാലത്തിന്‍റെ അടയാളങ്ങള്‍ കണ്ടറിയുന്ന ഒരു മൂന്നാംകണ്ണ് അധ്യാപകനുണ്ടാവണം. ഇന്നില്‍ ജീവിക്കുമ്പോഴും നാളേക്കുമപ്പുറത്തേക്കു നീളുന്ന ഒരു കണ്ണ്. അധ്യാപകന്‍റെ കണ്ണിലൂടെയാണ് വിദ്യാര്‍ത്ഥി തന്‍റെ നിയോഗങ്ങള്‍ കുറിച്ചുവച്ച കാലത്തിന്‍റെ അടയാളങ്ങള്‍ കണ്ടറിയുന്നത്. അതുകൊണ്ടുതന്നെ, പുറത്തേക്കുന്തിനില്‍ക്കുമ്പോഴും ഇത്തിരിവട്ടം മാത്രം കാണുന്ന പൊട്ടക്കുളത്തിലെ തവളയുടെ കണ്ണാവരുത്, പ്രപഞ്ചത്തിന്‍റെ അനന്തസ്ഥലികളില്‍ കാലത്തിന്‍റെ കാലാതീത രൂപങ്ങളുടെ അടയാളങ്ങള്‍ കണ്ടെടുക്കുന്ന സൂര്യനയനങ്ങളാവണമത്.
നമ്മുടെ അധ്യാപകരെ ഒട്ടുമിക്കവരെയും നാമോര്‍ക്കുന്നു. അക്ഷരം പഠിപ്പിച്ചവര്‍ മുതല്‍ ആ നിര തുടങ്ങുകയായി. പാഠങ്ങളും, പുസ്തകങ്ങള്‍തന്നെയും അരച്ചുകലക്കി വെള്ളംപോലെ നമ്മിലേക്കു പകര്‍ന്നവര്‍, അക്കങ്ങളുടെ മായാലോകത്ത് നമ്മെ അമ്പരപ്പിച്ചവര്‍, സാഹിത്യത്തിലൂടെ നമ്മെ കണ്ണു നനയിപ്പിച്ചു നടത്തിയവര്‍, സിദ്ധാന്തങ്ങളുടെ കൂടംകൊണ്ട് നമ്മെ തലയ്ക്കടിച്ചു ബോധം കെടുത്തിയവര്‍, അങ്ങനെ ഒരുപാടുപേര്‍. അവരൊക്കെ നമ്മുടെ അധ്യാപകരായിരുന്നു. നമ്മെ നാമാക്കി മാറ്റിയെടുത്തവര്‍. പക്ഷെ, ആരാണ് നിന്‍റെ അധ്യാപകന്‍ എന്ന ഒറ്റവാക്കു ചോദ്യമുയരുമ്പോള്‍ മിന്നല്‍പ്പിണരുകള്‍പോലെ നമ്മുടെ മനസ്സില്‍ തെളിയുന്ന നക്ഷത്രപ്രകാശങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടുപോകുമായിരുന്ന നമ്മെ കണ്ടെത്തിയെടുത്ത ഒരു നോട്ടം, തകര്‍ന്നു പോകുമായിരുന്ന നമ്മെ ചേര്‍ത്തുനിര്‍ത്തിയ ഒരു സ്നേഹസ്പര്‍ശം, തിളച്ചുതൂവുമായിരുന്ന നമ്മിലേക്ക് ഒഴുകിയെത്തിയ ഒരു സ്വാസ്ഥ്യം, കരഞ്ഞുപോവുമായിരുന്ന നമ്മെ അറിയാതെ തൊട്ട ഒരു സാന്ത്വനം, വീണുപോവുമായിരുന്ന നമ്മിലേക്ക് നീണ്ടുവന്ന ഒരു വിരല്‍ത്തുമ്പ്. ഇതൊക്കെയല്ലാതെ മറ്റെന്താണ് നമുക്ക് ഒരധ്യാപകന്‍? നമ്മുടെ മുമ്പേ നടന്നുപോയ ഒട്ടനവധി ഗുരുക്കന്മാരുണ്ടാകാം, നാമെത്തുംമുമ്പേ അവര്‍ നടന്നുപോയല്ലോ. നമ്മിലേക്കെത്താതെ നമ്മുടെ പിന്നില്‍ നടന്നവരുണ്ടാകാം, അവരെ നാമറിഞ്ഞില്ലല്ലോ. പക്ഷെ, നമ്മോട് ചേര്‍ന്ന്, നമ്മുടെ വിരല്‍ത്തുമ്പുപിടിച്ച്, വീണുപോകാതെ, തളര്‍ന്നുപോകാതെ നമ്മെ നടത്തിക്കൊണ്ടുപോയ ചിലര്‍, ചിലര്‍മാത്രം. ആ ചിലരല്ലാതെ മറ്റാരാണ് നമ്മുടെ ഗുരുക്കന്മാര്‍?
കര്‍മ്മംകൊണ്ട് അധ്യാപകനല്ലാതിരുന്നിട്ടും അനാഥമാക്കപ്പെട്ടുപോവുമായിരുന്ന ഒരുപാട് കുരുന്നുജീവിതങ്ങളെ അക്ഷരങ്ങളിലൂടെ കൈപിടിച്ചുനടത്തിയ, ഒരു സന്ന്യാസസഭയുടെ അനാകര്‍ഷകമായ ജീവിതം സ്വയം തിരഞ്ഞെടുത്ത ഒരു മനുഷ്യനെ ഓര്‍ക്കുന്നു. വിശുദ്ധ പദവി മരണശേഷം കൊണ്ടാടപ്പെടേണ്ടതുമാത്രമല്ല, ജീവിതംകൊണ്ട് അനുഷ്ഠാനമാക്കേണ്ടതാണെന്ന് കരുതുന്ന അവധൂതനെപ്പോലൊരു മനുഷ്യന്‍. പനിച്ചുപൊള്ളിക്കിടന്ന ഒരു ഞായറാഴ്ച മതപഠനക്ലാസ്സില്‍ ചെല്ലാതിരുന്നതിന് പറഞ്ഞ ന്യായം മനസ്സിലാവാതെ കൈവെള്ളയില്‍ ആഞ്ഞടിച്ച് കള്ളംപറയുന്നു എന്നു കുറ്റപ്പെടുത്തിയ മതപഠന ക്ലാസ്സിലെ അധ്യാപകനായ വൈദികനെ ഓര്‍ക്കുന്നു. (പനി ഉറഞ്ഞ കണ്ണുകളില്‍ നിന്നടര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളിയെ ഓര്‍ക്കുന്നു.) ക്ലാസ്സിലിരുന്നു ചിരിച്ചതിന് ഒരു സഹപാഠിയെ കഴുത്തില്‍ പിടിച്ചു ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി അലറിയ, നന്നായി ശാസ്ത്രപാഠങ്ങള്‍ പറഞ്ഞുതരുമായിരുന്ന ഒരധ്യാപകനെ പേടിയോടെ ഓര്‍ക്കുന്നു. ഒരധ്യാപകസംഘടനയുടെ വലിയ നേതാവായിരുന്നു അദ്ദേഹം. മുഖത്ത് വലിയ ഗൗരവം ചാലിച്ചുവച്ച് മനസ്സുനിറയെ ആര്‍ദ്രതയും കണ്ണുകളില്‍ സ്നേഹവുമായി ആത്മാവില്‍തൊട്ടു പാഠങ്ങള്‍ പറഞ്ഞുതരുമായിരുന്ന, കലാലയത്തിലെ സര്‍ഗ്ഗന്ധ്യകള്‍ക്ക് സ്നേഹംകൊണ്ട് പാഠഭേദമെഴുതിയ പ്രിയ അധ്യാപകനെ ഓര്‍ക്കുന്നു. രണ്ടുപേരുടെ അനാകര്‍ഷകമായ ഉച്ചഭക്ഷണം മൂന്നാമതൊരാള്‍ക്കുകൂടി തികയുമെന്നറിഞ്ഞ് ദരിദ്രനായ സ്നേഹിതനെ ഊട്ടിയിരുന്ന ഇരുവര്‍ സംഘത്തിന്‍റെ 'കള്ളത്തരം' കണ്ടുപിടിച്ചപ്പോള്‍ അവരുടെ നെറുകയില്‍ കൈചേര്‍ത്ത് കണ്ണുനിറച്ചുനിന്ന ഒരധ്യാപികയുടെ സ്നേഹസ്പര്‍ശം ഓര്‍ക്കുന്നു. ഇങ്ങനെയുള്ള ഓര്‍മ്മകളിലൂടെയാണ് നമ്മള്‍ ഗുരുചരണങ്ങളിലെത്തുന്നത്, ഗുരുസ്പര്‍ശമറിയുന്നതും. ഈ ഓര്‍മ്മകള്‍ക്കപ്പുറം നിര്‍വ്വചിക്കപ്പെടേണ്ടതായ ഒരു ഗുരുശിഷ്യബന്ധമില്ല, ഉണ്ടാവുകയുമില്ല.