

ഒരു എന്‍ സി സി ക്യാമ്പു കഴിഞ്ഞ് തിരിച്ചുവന്ന് ബസിറങ്ങുമ്പോള്‍ രാത്രിയായിരുന്നു. അപ്പോള്‍ നല്ല മഴയും. ബസിലിരുന്നുതന്നെ കണ്ടിരുന്നു കുടയുമായി നില്‍ക്കുന്ന അപ്പച്ചനെ... ചുണ്ടിനിടയില്‍ കടിച്ചുപിടിച്ച ബീഡിയുടെ അറ്റത്തെ ചുവന്ന കനലും...
അപ്പച്ചന്‍റെ കൂടെ ഒരു കുടക്കീഴില്‍, ബീഡിപ്പുകയുടെ മണത്തിനൊപ്പം വരുന്ന ചാരായത്തിന്‍റെ മണവുമറിഞ്ഞ് ബാഗും ചേര്‍ത്തുപിടിച്ച് വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സിലും പെയ്യുന്നുണ്ടായിരുന്നു ഒരു മഴ. ഇത്തിരി പൊടിമീശയൊക്കെയായതിനുശേഷം അപ്പച്ചനുമൊത്ത് ഇങ്ങനെയൊരു യാത്ര ആദ്യമായിട്ടാ. പണ്ട് നാലാം ക്ലാസില്‍ സ്കൂളില്‍വച്ച്, കാലുളുക്കിയപ് പോള്‍ സ്കൂള്‍ മുതല്‍ വീടുവരെ അപ്പച്ചന്‍റെ തോളില്‍ക്കയറിയിരുന്ന് വന്നതോര്‍ക്കുന്നു. അത്രയും ഉയരത്തിലിരുന്നു കാഴ്ചകള്‍ കണ്ടത് അന്നാദ്യമായിട്ടായിരുന്നു.
കുടയുടെ ഒരു കമ്പി ഇത്തിരി ഒടിഞ്ഞിരുന്നതിനാല്‍ കൊച്ചുമകന് നനയുന്നെന്ന് തോന്നിയ ആ നിമിഷം അപ്പച്ചന്‍ തോളില്‍ക്കൂടെ കൈയിട്ട് ചേര്‍ത്തുപിടിച്ചു. മഴയെ, നിനക്കു നന്ദി; നീ നിര്‍ത്താതെ പെയ്തതിന്. അല്ലായിരുന്നെങ്കില്‍ ഈ നിറഞ്ഞൊഴുകുന്ന കണ്ണ് അപ്പച്ചന്‍ കണ്ടേനെ... നീ പെയ്തില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു നിമിഷം ഉണ്ടാകില്ലായിരുന്നില്ലല്ലോ.
യുവത്വത്തെപ്പറ്റി എഴുതാനിരുന്നപ്പോള്‍ ഈ ഓര്‍മ്മ മനസ്സില േക്കു തള്ളിക്കയറിവന്നതെന്തിനെന്ന് മനസ്സിലായില്ല ആദ്യം. ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്: എഴുതേണ്ടത് യുവത്വം നനയുന്ന മഴയെയും അവനു കുടപിടിച്ചു നില്‍ക്കുന്ന നരയെയും അവന്‍റെ കണ്ണുനിറയ്ക്കുന്ന, മനസ്സില്‍ പെയ്തിറങ്ങുന്ന ചേര്‍ത്തുപിടിക്കലിനെയും കുറിച്ചാണെന്ന്.
Tabula Rasa - ക്ലിയര്‍ സ്ലേറ്റ്
