

ആരെയും ചെറുതാക്കാനല്ല, കുറ്റപ്പെടുത്താനുമല്ല. എൻ്റെ വ്യക്തിപരമായ അഭിപ്രായം എഴുതുന്നു മാത്രം. ഒരു പെയിൻറിംഗ് കേരളത്തിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. പ്രസ്തുത പെയിൻ്റിങ് ആവിഷ്കരിച്ച കലാകാരനെ എനിക്കറിയില്ല. കുറെപ്പേർ പ്രസ്തുത കലാ ആവിഷ്കാരത്തിൽ പ്രകോപിതരായിട്ടുണ്ട് എന്നാണ് കാണുന്നത്. കല എപ്പോഴും കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ച് കാണാനും ആസ്വദിക്കാനും കഴിയുന്ന ഒന്നായിരിക്കണം എന്നില്ല. കലയിൽ നഗ്നത ഉണ്ടാകാം. നഗ്നത ഉണ്ടെന്നു കരുതി കല കലയല്ലാതാകുന്നില്ല. കലക്കി വിവിധ ധർമ്മങ്ങൾ ഉണ്ട്. അത് ആവിഷ്കരിക്കപ്പെടുന്ന കാലഘട്ടത്തോട് സംവദിക്കുന്നതാവണം കല എന്ന് കരുതുന്നയാളാണ് ഞാൻ. കല ദ്യോതിപ്പിക്കാം, ചിന്തിപ്പിക്കാം, ക്ഷോഭിപ്പിക്കാം, ഞെട്ടിക്കാം. അപ്പോഴെല്ലാം കല അതിൻ്റെ ധർമ്മം അനുഷ്ഠിക്കുന്നുണ്ട്. പ്രവാചകന്മാരുടെ എല്ലാവരുടെയും തന്നെ പ്രഭാഷണങ്ങൾ പ്രകോപനപരമായിരുന്നു. യേശുവിൻ്റെ വചനങ്ങൾ ഒത്തിരി പ്രകോപനപരമായിരുന്നു. ലൈംഗികമായ ആവിഷ്ക്കാരങ്ങളും ബൈബിളിൽ ഉണ്ട് എന്ന് നമുക്കറിയാം.
ഞാൻ ഒരു കലാകാരനൊന്നുമല്ല. കലാസ്വാദകനാണ്. മേല്പറഞ്ഞ (മേൽക്കൊടുത്ത) ചിത്രം എന്നിൽ ഒത്തിരി പ്രകോപനമോ ഞെട്ടലോ ഉണ്ടാക്കാൻ പര്യാപ്തമായില്ല എന്നതാണ് സത്യം. കലാകാരനെ കേൾക്കേണ്ടതുണ്ട്. അദ്ദേഹം എന്താണ് ആവിഷ്ക്കരിക്കാൻ ഉദ്ദേശിച്ചത് എന്നും നാം കേൾക്കണം. (ഞാൻ ഒറിജിനൽ കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട ഇത്തരം ഫോട്ടോകളേ കണ്ടിട്ടുള്ളൂ. അതിൽ നിന്ന് വിശദാംശങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട്). ആപ്പിളും അപ്പവും വെള്ളവും മാത്രമേ മേശമേൽ ഉള്ളൂ. യേശുവിൻ്റെ സ്ഥാനത്ത് ഒരു സ്ത്രീരൂപം. അവളുടെ മാറിടം വിവൃതം. പന്ത്രണ്ട് സന്ന്യാസിനിമാർ ശിഷ്യകളുടെ സ്ഥാനത്ത്. പലരിലും അത്ഭുതം, ആകാംക്ഷ, സംശയം. അവയെല്ലാം അന്ത്യ അത്താഴ ചിത്രങ്ങളിലേതു പോലെ തന്നെ. പ്രകോപനപരം എന്ന് തോന്നാവുന്നത് രണ്ട് പുരുഷ രൂപങ്ങൾ പിൻവാതിലിലൂടെ ആയുധങ്ങളുമായി അകത്തേക്ക് കടന്നുവരുന്നു എന്നതാണ്.
ഒരു ആസ്വാദകൻ എന്ന നിലയിൽ ചിത്രത്തിൽ നിന്നുള്ള എൻ്റെ ടേക്ക് ഇതാണ്. യേശുവിൻ്റെ സ്ഥാനത്തും ശിഷ്യന്മാരുടെ സ്ഥാനത്തും സ്ത്രീ രൂപങ്ങൾ ആണ് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ചിത്രം ഒരു സ്ത്രീപക്ഷ വായന ആവശ്യപ്പെടുന്നുണ്ട്. പുരുഷാധിപത്യക്രമത്തിന് ഒരു വെല്ലുവിളി ചിത്രം ഉയർത്തുന്നുണ്ട്. ആദിപാപത്തിൻ്റെ സൂചന ഉണർത്താം ആപ്പിളുകൾ. പക്ഷേ, അപ്പവും ആപ്പിളും ഒരുപോലെ ധ്യാനവിഷയമാക്കുന്നതിനാൽ ഫലവും ധാന്യവും എന്ന രീതിയിലേ അതിനെ കാണാൻ കഴിയൂ. (മുത്തിരി വീഞ്ഞും ഗോതമ്പപ്പവും പോലെ). ഹവ്വയുടെ പിൻമുറ എന്ന നിലയിലും ചിത്രത്തിലെ ആപ്പിളുകൾക്ക് സാംഗത്യമുണ്ടാവാം. വാത്സല്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ആവിഷ്ക്കാരമായി കാണാം തുറന്ന വക്ഷസ്സ്. പരസ്പരം സ്നേഹിക്കുന്ന, കരുതലുള്ള രൂപങ്ങൾ തന്നെയാണ് ചിത്രത്തിൽ. അന്ത്യഅത്താഴ മേശയിലെ സുപ്രധാന പ്രമേയം ശുശ്രൂഷയും സ്നേഹവും വാത്സല്യവും കരുതലും ആയിരുന്നു. അതേ കാര്യങ്ങൾ തന്നെയാണെന്നു തോന്നുന്നു, കൊച്ചിയിലെ ചിത്രത്തിലും ആവിഷ്കൃതമാകുന്നത്. സഭയിലെയും സമൂഹത്തിലെയും ലോകത്തിലെയും പുരുഷാധിപത്യക്രമത്തെ തീർച്ചയായും ചിത്രം ചോദ്യം ചെയ്യുന്നുണ്ട്. അത് പക്ഷേ, ക്രിസ്തുവിരുദ്ധത ആവുകയില്ലല്ലോ.
ചിത്രത്തിൽ യൂദാസ് -സ്ഥാനീയയായ ഒരു രൂപം ഇല്ല എന്നത് എടുത്തുപറയേണ്ടതാണ്. എന്നെ സംബന്ധിച്ച് പറഞ്ഞാൽ, സഭയെയോ വിശ്വാസത്തെയോ അധിക്ഷേപിക്കണം എന്ന ഉദ്ദേശ്യം ചിത്രകാരനുണ്ടെന്ന് തോന്നുന്നില്ല. സമൃദ്ധമായ വീഞ്ഞു ചഷകങ്ങൾ സന്ന്യാസിനിമാരുടെ കൈകളിൽ ഉണ്ടായിരുന്നെങ്കിൽ; ഡാവിഞ്ചിയുടെ അന്ത്യഅത്താഴത്തിൽ യൂദാസിൻ്റെ കൈതട്ടി ഉപ്പുകുപ്പി മറിഞ്ഞ് ഉപ്പ് തൂവിക്കിടക്കുന്നതിനു പകരം വെള്ളം വച്ച ഗ്ലാസ്സ് തട്ടി മറിഞ്ഞ് കിടന്നിരുന്നെങ്കിൽ, "കക്കുകളി" നാടകത്തിലെപ്പോലെ ആഭാസകരമായി സ്വീകരിക്കപ്പെടാവുന്ന ആവിഷ്ക്കാരങ്ങൾ ഉണ്ടായിരുന്നെങ്കിൽ, സുവിശേഷമൂല്യങ്ങൾക്ക് എതിരായുള്ള ഹിംസയുടെയോ ലൈംഗിക അരാജകത്വത്തിൻ്റെയോ ആവിഷ്ക്കാരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ചിത്രം ദുരുദ്ദേശ്യപരം എന്ന് ഞാനും പറയുമായിരുന്നു. ഇൻ്റർനെറ്റിലൊക്കെ അത്തരം ആവിഷ്ക്കാരങ്ങൾ നിരവധി ഉണ്ടുതാനും!
മറ്റ് മതങ്ങളിലെ ചില വിഭാഗങ്ങൾ തീരെ ചെറിയ കാര്യങ്ങൾക്കുപോലും പ്രകോപിതരാകുന്നുണ്ട് എന്നു കരുതി ക്രൈസ്തവരും അതേ ശീല് ഏറ്റുപാടണം എന്നില്ല എന്നാണ് എൻ്റെ പക്ഷം.
രണ്ടാമതായി, ക്രൈസ്തവ സഭ സാർവ്വത്രികമാണ്. വൈവിധ്യമാർന്ന സംസ്കാരങ്ങളെ പൂകിയും പുല്കിയും ക്രിസ്തുസഭക്ക് വലിയ സാംസ്കാരിക ഗരിമ അവകാശപ്പെടാനുണ്ടാവണം. ലോകമെമ്പാടും ദേവാലയങ്ങളിൽപ്പോലും നഗ്നമായ ചിത്രീകരണങ്ങളും കലാവിഷ്ക്കാരങ്ങളും ഉള്ളതുമാണല്ലോ. അതുകൊണ്ടുതന്നെ, മറ്റെല്ലാവരെയുംകാൾ സഹിഷണുതയും വീക്ഷണവിശാലതയും ക്രൈസ്തവർക്ക് ഉണ്ടാകേണ്ടതാണ്.
മൂന്നാമതായി, കൊച്ചു കൊച്ചു കാര്യങ്ങളെച്ചൊല്ലി വ്യക്തികളുടെയോ ചെറു പ്രസ്ഥാനങ്ങളുടെയോ പിന്നാലെ പോയാൽ, സാരവത്തായ കാര്യങ്ങളെച്ചൊല്ലി സർക്കാരുകളുടെയോ സംവിധാനങ്ങളുടെയോ പിന്നാലെ പോകാനുള്ള കരുത്ത് പൊയ്പ്പോകും.
നാലാമതായി, പഴയ സാരോപദേശ കഥയിലെ ഇടയ ബാലനെപ്പോലെ "ചെന്നായ് വരുന്നേ, ചെന്നായ് വരുന്നേ" എന്ന് എപ്പോഴും വിളിച്ചു കൂവിയാൽ, ഒരുനാൾ യഥാർത്ഥത്തിൽ ചെന്നായ് വരും. അപ്പോൾ വലിയ ദുരന്തമാവും ഫലം.





















