top of page

വഴിമാറി നടന്ന മാര്‍ത്തോമ്മ

Jul 3

1 min read

ഫാ. ഷാജി സി എം ഐ

"യേശു പറഞ്ഞു: ദൈവരാജ്യം നൂറ് ആടുകളുള്ള ഒരാട്ടിടയനെപ്പോലെയാകുന്നു. അവയില്‍ ഏറ്റവും വലുതായ ഒന്ന് കൂട്ടംവിട്ടു പോയി. ഇടയന്‍ തൊണ്ണൂറ്റൊന്‍പതാടുകളെയും വിട്ടിട്ട്, അതിനെ അന്വേഷിച്ചു കണ്ടെത്തി. അത്രയും ബുദ്ധിമുട്ടിയതിനുശേഷം അവന്‍ ആ ആടിനോട് 'നിന്നെ എനിക്ക് തൊണ്ണൂറ്റൊന്‍പതാടുകളേക്കാളും കാര്യമാണ്' എന്നു പറഞ്ഞു." (തോമായുടെ സുവിശേഷം, വാക്യം 107).

ചില സാന്ദ്രമൗനങ്ങളില്‍ അലയുന്ന നേരങ്ങളിലാണ് നഷ്ടദുഃഖങ്ങളുടെ പെരുമഴകള്‍ പെയ്യുന്നത്. നേടിയതിനേക്കാള്‍ നഷ്ടപ്പെടുത്തിയതിനാണ് പെരുപ്പം കൂടുതലെന്ന തിരിച്ചറിവ് തോമസിനെ പൊള്ളിച്ചു. അത്തരമൊരു സങ്കടത്തിന്‍റെ ആഴിയിലാണയാള്‍ അലഞ്ഞത്. അലച്ചിലില്‍ താനണിയുന്ന അങ്കിക്ക് നിറം മങ്ങിത്തുടങ്ങിയെന്ന് അവന് തോന്നിത്തുടങ്ങി. അത് അവനെ പിന്നെയും അസ്വസ്ഥനാക്കി. തോമസ് എന്നും വഴിമാറി നടക്കാന്‍ മനസ്സു കാണിച്ച ശിഷ്യനാണ്. വഴിമാറി നടക്കുമ്പോഴും അവനുറപ്പുണ്ടായിരുന്നു നഷ്ടപ്പെട്ട ആടിന്‍റെ കഥ പറഞ്ഞവന്‍ തന്നെ തേടിവരുമെന്ന്. ബഥാനിയായിലേക്ക് യേശു പോകുമ്പോള്‍ ഈശോയെ കാത്തിരിക്കുന്നത് കല്ലേറും മരണവുമാണെന്ന് അറിഞ്ഞ് പിന്‍വലിയുന്ന ശിഷ്യരോട് 'എങ്കില്‍ നമുക്കും അവനോടൊപ്പം പോകാം' എന്ന ചങ്കുറപ്പുള്ള പ്രസ്താവനയില്‍ തെളിയുന്നത് വഴിമാറി നടക്കാനുള്ള അവന്‍റെ ചങ്കൂറ്റമാണ്.  

ഇതേ ചങ്കൂറ്റമായിരിക്കണം യേശുവിന്‍റെ മരണശേഷവും ശിഷ്യന്മാരുടെ കൂട്ടത്തില്‍നിന്ന് പുറത്തിറങ്ങി നടക്കാന്‍ തോമസിനെ പ്രേരിപ്പിച്ചത്. പന്തിരുവരും ഒരുമിച്ചിരിക്കുമ്പോള്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് തന്‍റെ സമാധാനാശംസയും, മുറിവുകള്‍ കാണിച്ച് തൊട്ടുവിശ്വസിക്കാനുള്ള ക്ഷണം തോമസിനും നല്‍കുന്നുണ്ട്. ക്രിസ്തു പ്രത്യക്ഷനാകുന്നത് തോമസിനെ മുറിവിന്‍റെ സുവിശേഷം പഠിപ്പിക്കാനാണ്. ആഴമേറിയ മുറിവനുഭവങ്ങളിലൂടെ, തിരസ്കരണങ്ങളിലൂടെ, ദുഃഖങ്ങളിലൂടെയൊക്കെ കടന്നുപോകുന്നവര്‍ ക്രിസ്തുവിന്‍റെ മുദ്ര പേറുന്നവരാണ്. മുറിവിന്‍റെ സുവിശേഷം ക്രിസ്തുവിന്‍റെ മുറിവില്‍ നിന്ന് പഠിച്ചെടുത്ത തോമസ് വീണ്ടും വഴിമാറി നടക്കുകയാണ്.

തനിക്ക് അപരിചിതമായ ഒരു ദേശത്തേക്ക് യാത്ര ചെയ്യുക, അതും കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു നാട്ടിലേക്ക്, വിദൂരത്തുള്ള ഒരു നാട്ടിലേക്ക്... 'നമുക്കും അവനോടുകൂടി പോകാം' എന്ന വാക്കുകളുടെ ഇന്‍ഡ്യന്‍ എഡിഷനാണ് 'നമുക്കും അവനുവേണ്ടി പോകാം' എന്നത്. അതിന്‍റെ ധൈര്യത്തിലാണ് തോമാശ്ലീഹാ ഭാരതത്തിലേക്ക് യാത്രയാകുന്നത്.

ഒരാള്‍ എന്തുകൊണ്ട് ഒറ്റയ്ക്കു നടക്കുന്നു? പല കാരണങ്ങളുണ്ടാകാം. ഭീരുവല്ല എന്നതാണ് ഒരു കാരണം. ഭീരുവല്ലാത്തതുകൊണ്ട് ഒരന്വേഷിയുടെ ജന്മമാകാം അദ്ദേഹത്തിന്‍റെ. എല്ലാവരും അടച്ചിട്ട മുറിയില്‍ ഇരുന്നപ്പോള്‍ തോമസ് ഒറ്റയ്ക്ക് തെരുവിലൂടെ നടന്നു. ഒറ്റക്ക് നടക്കുന്നവര്‍ക്ക് ചില വെളിപാടിന്‍റെ മിന്നലുകള്‍ കിട്ടുന്നുണ്ട്. എന്നാല്‍ സമൂഹവുമായി ബന്ധപ്പെട്ട ചില ദര്‍ശനങ്ങള്‍ അയാള്‍ക്കു നിഷേധിക്കപ്പെടുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും പ്രത്യക്ഷപ്പെട്ട ക്രിസ്തു തനിക്ക് കാണപ്പെട്ടില്ല എന്ന ചിന്ത തോമസിനെ ഭാരപ്പെടുത്തിയത്. അയാള്‍ സ്നേഹശാഠ്യം പറയുന്നു: എനിക്ക് കാണണം, മുറിവുകളെ തൊടണം. ക്രിസ്തു തോറ്റുകൊടുക്കുന്നു. പിന്നെ അയാള്‍ക്ക് താങ്ങാനായില്ല. ഒരു നിലവിളി മാത്രം: എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!



Featured Posts