

നമ്മുടെ ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പലരില്‍ നിന്നും പലതും പഠിക്കേണ്ടതായുണ്ട്. ജീവിതത്തിന്‍റെ കാല്‍ ഭാഗം പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. അവരുടെ ജീവിതശൈലികള്‍, ഇടപെടലുകള്‍ എന്നിവയൊക്കെ നമ്മെ സ്വാധീനിക്കുന്നു. രണ്ടാമത്തെ കാല്‍ ഗുരുക്കന്മാരില്‍ നിന്നും സ്വന്തമാക്കുന്നതാണ്. അടുത്ത ഭാഗം സുഹൃത്തുക്കളില്‍ നിന്നും നേടുന്നതാണ്. അവസാനഭാഗം ജീവിതാനുഭവങ്ങള്‍ നമുക്കു നല്‍കുന്നതാണ്. ഇവയില്‍ നിന്നെല്ലാം പാഠങ്ങള്‍ പഠിച്ച് മനുഷ്യന്‍ വളരണം. വ്യത്യസ്തമായ ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിച്ച് ജീവിതത്തില്‍ നാം ബലം നേടണം.
ജീവിതത്തില്‍ സൗഹൃദങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളുണ്ട്. ജീവിതാനുഭവങ്ങള്‍ നമുക്കു ചില പാഠങ്ങള്‍ പകര്‍ന്നു തരും. തേളിന് വാലില്‍ വിഷമുണ്ട്, ആ ഭാഗം നമ്മെ സ്പര്‍ശിക്കാതെ നോക്കണം. ഈച്ചയ്ക്ക് ശിരസ്സില്‍ വിഷമുണ്ട്. അതിന്‍റെ ശിരസ്സ് ദേഹത്തു സ്പര്‍ശിച്ചാല്‍ നാം വിഷബാധയേല്‍ക്കും. പാമ്പിന്‍റെ വിഷം അതിന്‍റെ പല്ലിലാണ്. പാമ്പുകടിയേറ്റാല്‍ ജീവിതം അപകടത്തിലാവും. ഇതിലുമൊക്കെ വിഷം നിറഞ്ഞതാണ് ദുഷിച്ച മനുഷ്യര്‍. നമ്മുടെ സൗഹൃദങ്ങളെ നാം സൂക്ഷിക്കണം. മോശമായ സ്വഭാവമുള്ളവരുമായി അടുത്തു ജീവിച്ചാല്‍ നമ്മളും മോശക്കാരാവും. അഴുകിത്തുടങ്ങിയ തക്കാളിപ്പഴത്തിനു ചുറ്റും നല്ല നാലു തക്കാളിപ്പഴങ്ങള്‍ വച്ചാല്‍ അവയെല്ലാം അഴുക്കും. നല്ല നാലു തക്കാളിപ്പഴങ്ങള്‍ക്ക് അഴുകിയ തക്കാളിപ്പഴത്തെ നല്ലതാക്കാന്‍ കഴിയില്ല. നല്ല സുഹൃത്തുക്കളെ ജീവിതയാത്രയില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ ഭാഗ്യം.
ജീവിതയാത്രയില്‍ രണ്ടാമതു ശ്രദ്ധിക്കേണ്ടത് നമ്മള്‍ കണ്ടെത്തുന്ന അഭയസ്ഥാനങ്ങളാണ്. ഓരോ ജീവിക്കും ആശ്രയിക്കാന്‍ പറ്റുന്ന അഭയസ്ഥാനങ്ങളുണ്ട്. പറന്നു പോകുന്ന പക്ഷികള്‍ക്ക് ആകാശം ഒരു ബലമാണ്. അതിന്‍റെ കീഴില്‍ ബലം കണ്ടെത്തി പക്ഷികള്‍ പറക്കുന്നു. മത്സ്യത്തിന്‍റെ ബലം ജലമാണ്. അതിലാണ് അതിന്‍റെ അഭയം. ജലമില്ലാതെ മത്സ്യത്തിനു ജീവിക്കാനാവില്ല. വൃക്ഷങ്ങള്‍ക്കു മണ്ണാണ് ബലം. മണ്ണില്ലാതെ വൃക്ഷങ്ങള്‍ക്ക് വളരാനാവില്ലല്ലോ. ദുര്‍ബലരായ മനുഷ്യര്‍ക്ക് ഭരണാധികാരികളാണ് ബലം. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് കരച്ചിലാണ് ബലം. യഥാര്‍ത്ഥബലം ദൈവത്തില്‍ കണ്ടെത്തുന്നവരാണ് ശരിക്കും ബലമുള്ളവര്‍. "കര്‍ത്താവാണ് എന്‍റെ ഓഹരി. എനിക്കൊന്നിനും കുറവുണ്ടാകില്ല" എന്ന ബൈബിളിലെ 23-ാം സങ്കീര്‍ത്തനം നമുക്കു ബലമായി നില്‍ക്കുന്നു.
ആത്മീയമനുഷ്യര്‍ ചിലതില്‍ നിന്നും ചിലരില്‍ നിന്നും അകന്നുനില്‍ക്കണം. നമ്മെ കീഴ്പ്പെടുത്തുന്ന ഏതു വ്യക്തിയില്‍ നിന്നും വസ്തുക്കളില്‍ നിന്നും അകലം പാലിക്കണം. ചില അടുപ്പങ്ങള്‍ നമ്മെ സാമ്പത്തികമായി തകര്‍ത്താം. മറ്റു ചില അടുപ്പങ്ങള്‍ നമ്മെ ആത്മീയതയില്‍ നിന്നും അകറ്റാം. ഓടിപ്പോകുന്ന വാഹനങ്ങളില്‍ നിന്നും അഞ്ചു കോല്‍ ദൂരം അകലം പാലിച്ചിരിക്കണം. കുതിരയില്‍ നിന്നും പത്തു കോല്‍ അകലം സൂക്ഷിക്കണം. ആനയില്‍ നിന്നും 100 കോല്‍ അകന്നു നില്‍ക്കണമെന്നാണ് ബുദ്ധിയുള്ളവര്‍ പറയുന്നത്. ദുര്‍ജ്ജനങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്‍ക്കണം. ബൈബിളില്‍ സാംസണ്‍ എന്ന ശക്തനായ മനുഷ്യനെ തകര്‍ത്തത് ദലീമ എന്ന സ്ത്രീയുമായുള്ള അടുപ്പമാണ്. മഹാനായ ദാവീദു രാജാവിനെ തകര്‍ത്തത് ജഡമോഹങ്ങളുമായുള്ള അടുപ്പമാണ്. യൂദാസിനെ വീഴ്ത്തിയത് പണത്തോടുള്ള അടുപ്പമാണ്. പീലാത്തോസിനെ വീഴ്ത്തിയത് അധികാരക്കസേരയോടുള്ള ആര്‍ത്തിയാണ്. എന്‍റെ ആത്മീയജീവിതത്തില്‍ എന്നെ വീഴിക്കുന്ന വ്യക്തികളോ ശക്തികളോ, തഴക്കദോഷങ്ങളുമുണ്ടോ എന്ന് ഞാന്‍ ആത്മശോധന ചെയ്യണം. പാലിക്കേണ്ട കാര്യങ്ങള്‍ പാലിച്ച് ജീവിതയാത്ര തുടരുക.
ചില മൂല്യങ്ങള്‍ നാം മുറുകെപ്പിടിക്കുമ്പോള്‍ തിളങ്ങുന്ന മാണിക്യം പോലെ ഞാന്‍ ശോഭിക്കും. സത്യം എന്ന മൂല്യം എന്‍റെ മാതാവാണ്. മാതാവിനെ മറന്നു ജീവിക്കുന്നവര്‍ തകരും. സംസാരത്തിലും പെരുമാറ്റത്തിലും ഞാന്‍ സത്യത്തെ മുറുകെപ്പിടിക്കണം. യോഹന്നാന്‍റെ സുവിശേഷം എട്ടാമധ്യായത്തില്‍ പറയുന്നു, "സത്യം നിങ്ങളെ സ്വതന്ത്രരാക്കും". ജ്ഞാനത്തെ പിതാവായി ബഹുമാനിക്കണം. യഥാര്‍ത്ഥ ജ്ഞാനത്തിന്‍റെ ആരംഭം ദൈവഭയമാണ്. ജ്ഞാനിയായ മനുഷ്യനായി വളരുകയെന്നത് മഹാഭാഗ്യമാണ്. ധര്‍മ്മം എന്‍റെ സഹോദരനാണ്. ഒരു മനുഷ്യന്‍ ധാര്‍മ്മികനായി അറിയപ്പെടുന്നത് ഭാഗ്യമാണ്. ധര്‍മ്മിഷ്ടരെ ലോകം ആദരിക്കും. ധാര്‍മ്മികന്‍റെ വഴികളില്‍ നിന്ന് തിന്മയുടെ ശക്തികള്‍ ഓടിയൊളിക്കും. എന്‍റെ ഏറ്റവും വലിയ സുഹൃത്ത് ദയയായിരിക്കണം. ദയയുള്ള മനുഷ്യന്‍ ലോകത്തെ കാണിക്കുന്നത് ദൈവത്തിന്‍റെ മുഖമാണ്. നിസ്സഹായരെ കാണുമ്പോള്‍ മനസ്സിലുണ്ടാകുന്ന ഒരു കരുണയെ 'ദയ' എന്നു വിളിക്കാം. ശാന്തി ഒരുവന്‍റെ ഭാഗ്യമാണ്. ശാന്തിയുള്ള ഒരു സ്ത്രീയെ കിട്ടുന്നവന്‍ ജീവിതത്തില്‍ വിജയിക്കും. ദൈവത്തിന്‍റെ ശാന്തശീലം നമ്മെ നയിക്കട്ടെ. ക്ഷമ എന്‍റെ പുത്രനാണ്. മക്കളെ ജനിപ്പിക്കുന്നതു പോലെ എന്നില്‍ നിന്നും ക്ഷമ പുറപ്പെടണം. അപ്പോള്‍ നമ്മള്‍ അനുഗ്രഹീതരാകും.
ജീവിത ചിന്തകള്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍






















