top of page

പ്രാര്‍ത്ഥിക്കാന്‍ ഇത്രയും കാര്യങ്ങള്‍

Sep 1, 2011

1 min read

ഡോ. റോസി തമ്പി
ree

കുളിച്ച്, മുക്കൂറ്റി ചാന്തുതൊട്ട്

പത്തിലക്കറി കൂട്ടി ഉലുവക്കഞ്ഞി കുടിച്ച്

ഏഴുതിരിയിട്ട നിലവിളക്കിനു മുന്നിലിരുന്ന്

പുണ്യമാസം നിവര്‍ത്തി വായിക്കുമ്പോള്‍

എനിക്കു പ്രാര്‍ത്ഥിക്കാന്‍ ഇത്രയും കാര്യങ്ങള്‍


ഒന്ന്

ദൈവമേ!

ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിവീട്ടില്‍

തിളയ്ക്കുന്ന കഞ്ഞിക്കലത്തിന്‍ അരികിലിരുന്ന്

നനഞ്ഞ വിറകിന്

കണ്ണീരുകൊണ്ട്

ചൂടു പകരുന്ന അമ്മയ്ക്ക്

നീ ഉണങ്ങിയ വിറകാകുക.


രണ്ട്

ദൈവമേ!

പാതിരാത്രിയിലെ

കോരിച്ചൊരിയുന്ന മഴയില്‍

വിശന്ന വയറിന്‍റെ ചൂടുപുതച്ച്

വഴിത്തിണ്ണയിലുറങ്ങുന്ന കുഞ്ഞിന്

നീ ഒരു കിണ്ണം ചൂടുചോറാകുക.


മൂന്ന്

ദൈവമേ!

കാറ്റിലടര്‍ന്ന

ഓലക്കീറുകള്‍ക്കിടയിലൂടെ

ആര്‍ത്തു പെയ്യുന്ന മഴ

മിന്നലില്‍ പ്രളയംപോലെ

വാ പിളര്‍ക്കുമ്പോള്‍

നെടുവീര്‍പ്പോടെ

ഉണങ്ങിയ വെറ്റിലത്തുണ്ടങ്ങള്‍ക്കിടയില്‍

ഒരു കഷണം പുകയില തെരയുന്ന

മുത്തശ്ശിയുടെ കൈകള്‍ക്കു

നീ ഒരു നിറഞ്ഞ മുറുക്കാന്‍ ചെല്ലമാകുക.


നാല്

ദൈവമേ!

വ്യസനമാസങ്ങളില്‍

കുതിര്‍ന്നടര്‍ന്ന

മണ്‍തിണ്ണയില്‍

തളര്‍ന്നു മയങ്ങുമ്പോള്‍

പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ക്ക്

നാളേയ്ക്കുള്ള അന്നം എവിടെയെന്നറിയാതെ

ഞെട്ടിയുണരുന്ന അച്ഛന്

നീ, ഒരു കീറാത്ത കമ്പിളിയാകുക.


അഞ്ച്

ദൈവമേ!

നിത്യവും കീറിമുറിക്കപ്പെടുന്ന

സ്ത്രീയുടെ മുറിവുകള്‍

മരപ്പൊത്തിലും തീവണ്ടിപ്പാളത്തിലും

വീട്ടകങ്ങളിലും

വിറങ്ങലിച്ചു കിടക്കുന്നതുകണ്ട

എന്‍റെ കണ്ണുകളില്‍

നീ തോരാത്ത മഴയാകുക.


ഞാന്‍ വലതുവശത്തേക്കു നോക്കി

ആരും എന്നെ ശ്രദ്ധിക്കുന്നില്ല.

ഞാന്‍ ഇടതുവശത്തേക്കു നോക്കി

ആരും എന്നെ പരിഗണിക്കുന്നില്ല.

മഴയില്‍ ഒഴിച്ചുകളഞ്ഞ ജലംപോലെ

എന്‍റെ നിലവിളികള്‍.

Sep 1, 2011

0

0

Recent Posts

bottom of page