

'ജീവിതം നമുക്ക് അവകാശപ്പെട്ട എന്തോ ഒന്നല്ല, പ്രത്യുത ഒരു ദാനമാണെന്നു മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.'
ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി
സകല പരേതരേയും അനുസ്മരിക്കുന്ന നവംബര്‍ മാസത്തില്‍ മരണം നമ്മുടെയും വിചിന്തന വിഷയമാകട്ടെ. സഹോദരീ മരണമേ സ്വാഗതം എന്നു പാടി മരണത്തെ വരവേറ്റ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ പിന്‍മുറക്കാരും സ്നേഹിതരുമായ നമുക്കും മരണത്തെ ഭയമില്ലാതെ സമീപിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ അല്ലേ?. പക്ഷേ ആര്‍ക്കാണ് അതിനു കഴിയുക.
വിചിന്തനം
കളിക്കളത്തില്‍ നിന്നും മടങ്ങുമ്പോള്‍ പേരില്‍ ആവശ്യത്തിനു റണ്‍സോ, വിക്കറ്റോ, ഗോളുകളോ ഒക്കെ പ്രതീക്ഷിച്ചതു പോലെ ഉണ്ടെങ്കില്‍ കളത്തിനു വെളിയില്‍ നില്‍ക്കുന്ന കോച്ചിന്‍റെ കണ്ണുകളില്‍ തിളക്കം, ഉള്ളില്‍ സംതൃപ്തി. ഭൂമിയില്‍ നിന്നും മടങ്ങുമ്പോള്‍ കാത്തിരിക്കുന്ന നാഥന്‍ എങ്ങനെയാവും നമ്മളെ സ്വീകരിക്കുക? ഒരു ജന്മദിനത്തില്‍ ലഭിച്ച ആശംസ ഇപ്രകാരമായിരുന്നു: 'നിന്നെ ഭൂമിയിലേക്ക് അയച്ചതിന്‍റെ പേരില്‍ ക്രിസ്തു സന്തോഷിക്കട്ടെ!' മരണ സമയത്ത് നമ്മളെ നോക്കി ആരെങ്കിലും ഇങ്ങനെ പറയുമോ ; നിന്‍റെ ജീവിതം ദൈവത്തിനു പ്രീതികരമായിരുന്നു എന്ന്.
ജീവിതം ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവമാണ്. സംഭവങ്ങള്‍ ആവര്‍ത്തനങ്ങളാണെങ്കിലും അനുഭവങ്ങള്‍, ആഴങ്ങള്‍, അവയോടുള്ള പ്രതികരണങ്ങള്‍ ഒക്കെ വ്യത്യസ്തമാണ്. മരണവും അങ്ങനെ തന്നെ. മരണത്തെപ്പറ്റി ഓരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ആയിരിക്കും ഉള്ളത്. ചിലര്‍ക്ക് മരണം ഒരു പൂര്‍ണവിരാമമാണ്. അവരെ സംബന്ധിച്ചിടത്തോളം മരണത്തില്‍ എല്ലാം അവസാനിക്കുന്നു. അവര്‍ക്കു ഭൗമീക ജീവിതത്തിലെ സുഖസന്തോഷങ്ങളില്‍ മാത്രമാണ് ശ്രദ്ധ. അതു നേടാനായി എല്ലാ മാര്‍ഗ്ഗങ്ങളെയും, ചുറ്റുമുള്ള മനുഷ്യരെയും ഉപയോഗിക്കുന്നു.
മറ്റു ചിലര്‍ക്ക് മരണം ഒരു അര്‍ദ്ധവിരാമം മാത്രമാണ്. മരണം കൊണ്ട് അവസാനിക്കുന്നതല്ല ഈ ജീവിതം എന്ന ് വിശ്വസിക്കുന്നവര്‍. ഈ രണ്ടാം കൂട്ടരില്‍ തന്നെ വിവിധ ചിന്താഗതിക്കാരുണ്ട്. ചിലര്‍ക്ക് സ്വര്‍ഗ്ഗം, ഭൂമിയിലെ സുഖങ്ങളുടെ കലര്‍പ്പില്ലാത്ത ഉയര്‍ന്ന ഗ്രേഡിലുള്ള പതിപ്പാണ്. മറ്റു ചിലര്‍ക്ക് അത് നിത്യമായ ആനന്ദം.
സമീപനം
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒരുവന്‍റെ ജീവിതം ഭൂമിയില്‍ അവസാനിക്കുന്നതല്ല. മരണമെന്ന കവാടത്തിനപ്പുറം എന്താണ് എന്ന് നിശ്ചയമില്ല എങ്കിലും അവിടെ താന്‍ തനിച്ചല്ല, കാത്തിരിക്കുന്ന ദൈവവും, തനിക്കു മുമ്പേ മരിച്ചവരും ഒക്കെയുണ്ട് എന്ന ഒരു സാധാരണ വിശ്വാസം പുലര്‍ത്തുന്നവരാണ് നാം.
മരിച്ച് ദൈവത്തോടുകൂടെ ആയിരിക്കാനാണ് ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് എന്ന് പൗലോസ് ശ്ലീഹാ പറയുന്നതില്‍ നിന്ന്, മരണശേഷം നാം ദൈവത്തോട് കൂടെ ആണ് എന്ന, അദ്ദേഹത്തിന്‍റെയും ആദിമ ക്രൈസ്തവരുടെയും വിശ്വാസത്തെയും നമുക്കു കാണാം. (ഇവ രണ്ടിനുമിടയില്‍ ഞാന്‍ ഞെരുങ്ങുന്നു. എങ്കിലും, എന്‍റെ ആഗ്രഹം, മരിച്ച് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ്. ഫിലിപ്പി 1 : 23)
മരണമെന്ന കവാടത്തിനപ്പുറം ദൈവത്തെ വ്യക്തമായി മുഖാഭിമുഖം കണ്ട്, പൂര്‍ണമായി അറിയാന്‍ കഴിയുമെന്ന പ്രത്യാശയാണ് കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ വി. പൗലോസ് ശ്ലീഹാ പങ്കുവയ്ക്കുന്നത്. 'ഇപ്പോള്‍ നമ്മള്‍ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു; അപ്പോഴാകട്ടെ മുഖാഭിമുഖം ദര്‍ശിക്കും. ഇപ്പോള്‍ ഞാന്‍ ഭാഗികമായി അറിയുന്നു; അപ്പോഴാകട്ടെ ദൈവം എന്നെ പൂര്‍ണമായി അറിയുന്നതുപോലെ ഞാനും പൂര്‍ണമായി അറിയും' (1 കോറിന്തോസ് 13 : 12). സ്നേഹത്തെക്കുറിച്ചുള്ള പാഠത്തിന്‍റെ അവസാനമാണ് അദ്ദേഹം ഇത് എഴുതുന്നത്. മരണത്തെ അതിജീവിക്കുന്ന സ്നേഹത്തെക്കുറിച്ചാണ് പൗലോസ് ശ്ലീഹ ഓര്‍മ്മിപ്പിക്കുന്നത്. നിലനില്ക്കുന്ന സ്നേഹത്തെ പൂര്‍ണമായും അനുഭവിച്ച്, അറിഞ്ഞ്, ഒന്നാകാമെന്നുള്ള പ്രത്യാശയാണ് മരണം ക്രൈസ്തവന് വച്ചുനീട്ടുന്നത്.
സഹോദരീ മരണമേ സ്വാഗതം എന്ന് പാടി കൊണ്ടാണ് അസ്സീസിയിലെ ഫ്രാന്‍സിസ് മരണത്തെ സ്വാഗതം ചെയ്തത്. തനിക്കൊപ്പം തന്നെ ജനിച്ച സാധ്യതയാണ് മരണം എന്നതിനാലും, തന്‍റെ പിതാവായ ദൈവത്തിന്‍റെ പക്കലേക്കു കൂട്ടി കൊണ്ടുപോകാനെത്തുന്നു എന്നതിനാലുമാണ് മരണത്തെ സോദരീ എന്ന് അദ്ദേഹം വിളിക്കുന്നത്. ജീവിതത്തിന്‍റെ ഏതോ ഒരു ദശാസന്ധിയില്‍ ഹൃദയത്തിന്‍റെ ഉള്ളില്‍ തുറന്നു കിട്ടിയ സ്നേഹത്തിന്‍റെ ഉറവ, തന്നെ പൊതിഞ്ഞു നില്ക്കുന്ന സ്നേഹപിതാവ്, തന്‍റെ സ്നേഹ മൂര്‍ത്തി. ആ പിതാവിലേക്കുള്ള യാത്ര, ആ പിതാവില്‍ ഒന്നാകാനുള്ള തീവ്രമായ അഭിലാഷം. അതായിരുന്നു ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം മരണം.
പ്രതിഫലനം
ഉറ്റവരുടെ മരണമാണ് മരണത്തിന്‍റെ ഭീകരതയും വേദനയും അതിന്‍റെ എല്ലാ മൂര്‍ത്തഭാവങ്ങളോടുംകൂടി നമുക്കു കൈമാറുന്നത്. ജനനമെന്ന പോലെ ജീവിതവും മരണവും ദൈവ നിശ്ചയമായി കാണാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ വേദനയെ കുറെയെങ്കിലും അതിജീവിക്കാന്‍ കഴിയുകയുള്ളു.
പതിനാലമത്തെ വയസ്സിലാണ് പപ്പ മരിക്കുന്നത്. ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും ഉലച്ച ഒരു സംഭവം. പപ്പയായിരുന്നു മുഴുവന്‍ ലോകവും. പെട്ടെന്നൊരു ദിവസം പ്രപഞ്ചത്തില്‍ ഒറ്റയ്ക്കു നില്ക്കുന്ന പോലെ, പെരുമഴയത്ത് ചൂടിയിരുന്ന കുട എടുത്തു മാറ്റണപോലെ... വാക്കുകള്‍ക്ക് അപ്പുറത്താണ് അത്തരമൊരു അനുഭവം. എങ്കിലും ആ ചെറിയ പ്രായത്തില്‍ ഉള്ളില്‍ തോന്നിയ പ്രത്യാശയും ഉറപ്പുമാണ് അതിജീവനത്തെ ബലപ്പെടുത്തിയത്. ഏതു പാതിരാത്രിയിലും, ടോര്‍ച്ച് വെളിച്ചത്തില്‍ പോലും മരം മുറിക്കുന്ന, എന്‍റെ അറിവിലും ലോകത്തിലും, ആ നാട്ടിലെ ഏറ്റവും മികച്ച തടിവെട്ടുകാരനായ പപ്പ, ചെറിയൊരു തെങ്ങിനു മുകളില്‍ നിന്നു വീണു മരിച്ചു എന്നത് ദൈവം അറിയാതെ സംഭവിക്കില്ല എന്ന ഒരു ഉറപ്പ്. ദൈവമറിയാതെ ഒന്നും സംഭവിക്കില്ല എന്ന് ഓരോ കാര്യത്തിലും ഇപ്പോഴും പ്രത്യാശ കണ്ടെത്തുന്നു. ദൈവമറിഞ്ഞാണ് സംഭവിക്കുന്നത് എങ്കില്‍ പിന്നെ എന്തിനാണ് ഈ സങ്കടം. എല്ലാ അനുഭവവും നന്മയാക്കി മാറ്റാന്‍ കഴിയുന്ന തമ്പുരാന്‍ ഇതും നന്മയാക്കി മാറ്റും. പപ്പ മരിച്ച ശേഷമാണ് അപ്പന്‍റെ വില മനസ്സിലാകുന്നത്. ദൈവം അപ്പനാണെന്ന ഫ്രാന്‍സിസിന്‍റെ പ്രഖ്യാപനം വളരെ വേഗം എനിക്കും പിടികിട്ടിയത് അതിനാലാവാം.
ഉറ്റവരുടെ വേര്‍പാട് നികത്താന്‍ ആവാത്ത ശൂന്യത ഉള്ളില്‍ ഉണ്ടാക്കും. എങ്കിലും അതിന്‍റെ പേരില്‍ തന്‍റെയും ചുറ്റുമുള്ളവരുടെയും ജീവിതം അവിടെ തന്നെ തളച്ചിട്ടു കൂടാ. അവിടെയാണ് ഉത്ഥിതനായ ക്രിസ്തു പ്രത്യാശയാകുന്നത്. അതേപോലെ, ഉറ്റവരുടെ മരണത്തില്‍ ഉലഞ്ഞു നില്ക്കുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് അവരോട് അടുപ്പമുള്ള ഒരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
ഈ ഭൂമിയില്‍ തീരുന്നതല്ല ജീവിതമെന്ന ഓര്‍മ്മ ഓരോ മരണവാര്‍ത്തയും നല്കിയിരുന്നെങ്കില്‍. സ്നേഹിച്ചും, സ്നേഹം സ്വീകരിച്ചും, സ്നേഹിക്കാന്‍ പഠിപ്പിച്ചും ഒപ്പം നടക്കുന്ന സ്നേഹം തന്നെയായ ദൈവത്തിലേക്കുള്ള കടന്ന ുപോകലാണ് മരണമെന്ന് വിശുദ്ധ ജീവിതങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. പരിപൂര്‍ണ ദാനമായ ജീവിതം സ്നേഹപൂര്‍ണ്ണതയ്ക്കുള്ള ഇത്തിരി നേരമാണ്. മരണം കൊണ്ട് ഒടുങ്ങുന്നതല്ല ജീവിതം; സ്നേഹം തന്നെയായ ദൈവത്തില്‍ തുടരുന്നതാണത്. നിത്യതയെ കുറിച്ചുള്ള ഇത്തിരി പ്രകാശം നിങ്ങളുടെ മുഴുവന്‍ ജീവിതത്തെയും പ്രകാശിപ്പിക്കും എന്ന ബോബി ജോസ് കട്ടിക്കാട് അച്ചന്‍റെ വാക്കുകള്‍ പ്രചോദനമാകട്ടെ!
നവംബര്‍ ഒന്ന്, സകലവിശുദ്ധരുടെയും തിരുനാള്‍. എല്ലാവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍! അന്ന് കണ്ണാടിയില്‍ നോക്കി അവനവനോട് തന്നെ ആശംസകള്‍ നേരണം. ദൈവം കനിഞ്ഞാല്‍ അടുത്ത തവണ കൂടുതല്‍ ആത്മവിശ്വാസത്തോടെ നോക്കുമെന്ന് നമ്മളോടു തന്നെ പറയാം.
സോദരി മരണം, എഡിറ്റോറിയൽ
റോണി കിഴക്കേടത്ത് കപ്പൂച്ചിൻ
അസ്സീസി മാസിക, നവംബർ 2025






















