top of page

പാറയും മണ്ണും

Feb 1, 2011

1 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Image : A farm field

നമ്മുടെ മുമ്പില്‍ നിത്യവും കാണുന്ന രണ്ടു വസ്തുക്കളാണ് പാറയും മണ്ണും. യേശു തന്‍റെ ഉപമകളില്‍ പാറയേയും മണ്ണിനേയും കുറിച്ചു സൂചിപ്പിക്കുന്നുമുണ്ട് (മത്താ. 13/1-8). മണ്ണില്‍ വീണ വിത്തിനെക്കുറിച്ചും പാറപ്പുറത്തു വീണ വിത്തിനെക്കുറിച്ചും വിശദമായി ക്രിസ്തു പഠിപ്പിക്കുന്നുണ്ട്. എന്താണു പാറയുടെ പ്രത്യേകതകള്‍? ഒരു നല്ല ആപ്പിളെടുത്ത് പാറയ്ക്കിട്ടെറിഞ്ഞാല്‍ പാറ ആ ആപ്പിളിനെ ഛിന്നഭിന്നമാക്കി നമുക്കിട്ട് തിരിച്ചെറിയും. എത്ര നല്ല പഴമെറിഞ്ഞാലും അതുപോലെ തിരിച്ചേറുണ്ടാകും. പാറയില്‍ ഒരു വിത്തു വീണാല്‍ അതു കരിഞ്ഞുപോകും. ഒരു കൂടംകൊണ്ട് എത്ര പ്രാവശ്യം അടിച്ചാലും പാറ പിളര്‍ക്കുവാന്‍ ബുദ്ധിമുട്ടാണ്. പാറയില്‍ തട്ടി വീണാല്‍ മാരകമായ അപകടം ഉറപ്പാണ്. നമ്മില്‍ ചിലരുടെയൊക്കെ ജീവിതം പാറപോലെയല്ലേ? ഒരു ചീത്തകേട്ടാല്‍ പത്തെണ്ണം തിരിച്ചുപറയുന്നവര്‍. ഇഷ്ടമില്ലാത്ത വാക്കുകേട്ടാല്‍ പൊട്ടിത്തെറിക്കുന്നവര്‍. മറ്റുള്ളവരെ വെറുതെ പ്രകോപിപ്പിക്കുന്നവര്‍. ഒരു ചീഞ്ഞ മുട്ടയെറിഞ്ഞാല്‍ പാറ മുട്ടയുടെ തോടും ദ്രാവകവും കൂടി തിരിച്ചെറിയും.

ചിലര്‍ക്കൊക്കെ നന്മ ചെയ്താലും തിന്മ ചെയ്താലും ഒരു ഫലവുമില്ല. തിരിച്ചെറിയുവാനും തിരിച്ചടിക്കുവാനും അവര്‍ക്കു യാതൊരു ബുദ്ധിമുട്ടുമില്ല. തിന്മയ്ക്കു പകരം തിന്മ ചെയ്യുന്നവരും നന്മയ്ക്കു പകരം പോലും തിന്മ ചെയ്യുന്നവരുമായ ഇവരെ 'പാറ' യെന്നു വിളിക്കാം. നമ്മുടെയൊക്കെ ജീവിതയാത്രയില്‍ പലപ്പോഴും നാം പാറപോലെ പെരുമാറില്ലേ? മറ്റുള്ളവരുടെ വേദനയുടെ മുമ്പില്‍ നിസ്സംഗത പാലിക്കുന്ന പാറകള്‍... എന്തിനും ഏതിനും തിരിച്ചടികൊടുക്കുവാനാഗ്രഹിക്കുന്ന പാറകള്‍... മറ്റുള്ളവരെ മുറിപ്പെടുത്തുന്നതില്‍ ഒരു കുറ്റബോധവും തോന്നാത്തവരും പാറകള്‍ തന്നെയാണ്.

എന്നാല്‍ മണ്ണിന്‍റെ പ്രത്യേകത എന്താണ്? കിളച്ചു മറിച്ചിട്ട മണ്ണിലേയ്ക്ക് ഒരു ആപ്പിളെറിഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കും. ഒരു ചീഞ്ഞമുട്ടയെറിഞ്ഞാലും മണ്ണു സന്തോഷത്തോടെ സ്വീകരിക്കും. ചീഞ്ഞതിനെ വളമാക്കി ആപ്പിളിനെ ഫലമാക്കി മണ്ണു നല്‍കും. "മനുഷ്യാ നീ മണ്ണാകുന്നു" എന്നു പറയുമ്പോള്‍ ഈ ഒരര്‍ത്ഥം നാം ധ്യാനിക്കണം. നമ്മള്‍ മണ്ണിന്‍റെ സ്വഭാവം കാണിക്കേണ്ടവരാണ്. മരണം വഴി മണ്ണിലേയ്ക്ക് മടങ്ങുന്നവരെന്നു മാത്രമല്ല ജീവിതകാലം മുഴുവന്‍ മണ്ണിന്‍റെ നന്മകള്‍ മനസ്സില്‍ വഹിക്കുന്നവരുമായിരിക്കണം. പ്രത്യക്ഷത്തില്‍ ക്രൂരമെന്നും അനീതിയെന്നും തോന്നുന്ന അനുഭവങ്ങളെയും ദൈവത്തിന് ഫലപ്രദമായി ഉപയോഗിക്കുവാന്‍ പറ്റുമെന്നു നാം മനസ്സിലാക്കണം. മുറിവുകളും മുറിപ്പെടുത്തുന്നവരുമെല്ലാം ദൈവകൃപയുടെ പ്രച്ഛന്ന വേഷങ്ങളായി കടന്നു വരുന്നതാണെന്ന ബോദ്ധ്യത്തില്‍ നാം ജീവിക്കുമ്പോള്‍ മണ്ണിന്‍റെ സ്വഭാവം നമ്മില്‍ വളരും. തിന്മയെ വളമാക്കി നന്മയെ ഫലമായി നല്‍കുന്ന ജീവിതങ്ങള്‍... ഒരു കരണത്തടിക്കുന്നവന് മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന ജീവിതം. എന്തിലും ഏതിലും ഒളിഞ്ഞുകിടക്കുന്ന ദൈവിക പദ്ധതികളെ കണ്ടെത്തുന്ന ജീവിതം.

ഇന്നലെകളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഞാനിതുവരെ പാറയായിരുന്നോ? മണ്ണായിരുന്നോ? പരുഷമായ ജീവിതശൈലികളെ വെടിയാം. മൃദുലമായ മണ്ണിന്‍റെ നൈര്‍മ്മല്യം വളര്‍ത്തിയെടുക്കാം. നീതിമാന്‍റെ മേലും നീതിരഹിതന്‍റെ മേലും തന്‍റെ സൂര്യനെ ഉദിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്യുന്ന ദൈവകാരുണ്യത്തെ സ്വന്തമാക്കാം. നമ്മുടെ കൊച്ചു ലോകത്തിലേയ്ക്ക് കടന്നുവരുന്നവര്‍ക്ക് മണ്ണിന്‍റെ ശുഭസ്വഭാവങ്ങള്‍ അനുഭവിക്കുവാന്‍ ഇടയാകട്ടെ.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

1

Featured Posts