top of page
ഒരു സിനിമ കാണുന്നതിനു മുമ്പ് അതെന്തായിരിക്കുമെന്ന ഒരു മുന്‍ധാരണ നമ്മുടെ മനസ്സില്‍ രൂപപ്പെടാറുണ്ട്. ചെറിയ കേട്ടറിവുകള്‍, പോസ്റ്റര്‍ കണ്ടുള്ള നിഗമനങ്ങള്‍, പ്രേക്ഷകന്‍റെ മനോനില, സമൂഹത്തിന്‍റെ പൊതുധാരണകള്‍ - ഇവയെല്ലാം ചേര്‍ന്ന് യഥാര്‍ത്ഥ സിനിമ കാണുന്നതിനു മുമ്പു തന്നെ പ്രേക്ഷകന്‍റെയുള്ളില്‍ ഒരു സാങ്കല്‍പിക സിനിമ സൃഷ്ടിക്കുന്നു. സങ്കല്‍പ്പത്തിലെ സിനിമയും യാഥാര്‍ത്ഥ്യത്തിലെ സിനിമയും അടുത്തു നില്‍ക്കുന്ന ചില അവസരങ്ങള്‍ നമുക്ക് സന്തോഷം നല്‍കിയേക്കാം. എന്നാല്‍, നമ്മുടെ മുന്‍വിധികളെ തീര്‍ത്തും അപ്രസക്തമാക്കുന്ന സിനിമകളാണ് പലപ്പോഴും മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കുന്നത്. പോള്‍ വെര്‍ഹോവന്‍ സംവിധാനം ചെയ്ത എല്‍ (Elle) എന്ന ഫ്രഞ്ച് സിനിമ അങ്ങനെയുള്ള ഒരു സൃഷ്ടിയാണ്. നമ്മുടെ വിചാരങ്ങളെ കീഴ്മേല്‍ മറിക്കുന്ന, ഞെട്ടലോടെയും അത്ഭുതത്തോടെയും മാത്രം കാണാന്‍ കഴിയുന്ന ഒരു സിനിമ.
ശക്തയായ ഒരു സ്ത്രീ, ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൂടുതല്‍ ശക്തയും സ്വതന്ത്രയുമായി മാറുന്നതിന്‍റെ അസ്വാഭാവികമായ ദൃശ്യാഖ്യാനമാണ് 'എല്‍'. ഒരു വീഡിയോ ഗെയിം കമ്പനിയുടെ മേധാവി ആയ മിഷേല്‍ സ്വന്തം വീട്ടില്‍ വെച്ച് ഒരു അജ്ഞാതനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു. മിഷേലിന് ഇരുണ്ട ഒരു ഭൂതകാലം ഉണ്ട്. ഒരു കൂട്ടക്കൊലയാളിയുടെ മകള്‍ എന്ന നിലയില്‍ മാധ്യമങ്ങള്‍ അവളെ വേട്ടയാടിയിട്ടുണ്ട്. വാര്‍ത്തയെ ഭയന്ന് അവള്‍ താന്‍ ആക്രമിക്കപ്പെട്ട വിവരം പോലീസില്‍ പറയുന്നില്ല. തന്‍റെ അടുത്ത സുഹൃത്തുക്കളോടാകട്ടെ ഒരു തരം ലാഘവത്വത്തോടെയാണ് അവള്‍ വിവരം പറയുന്നത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി ആരാണെന്നതിനെപ്പറ്റി അവള്‍ക്ക് ചില സംശയങ്ങളൊക്കെ ഉണ്ട്. അവള്‍ ഒറ്റയ്ക്ക് അയാളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ അന്വേഷണത്തിന്‍റെയും പ്രതികാരത്തിന്‍റെയും പ്രവചനീയമായ വഴികളിലൂടെയല്ല സിനിമ നീങ്ങുന്നത്. വാസ്തവത്തില്‍, ഇത് മിഷേലിനെപ്പറ്റി മാത്രമുള്ള ഒരു സിനിമയാണ്. ആദ്യത്തെ സീന്‍ മുതല്‍ അവസാനത്തേതു വരെ മിഷേല്‍ തന്നെയാണ് ശ്രദ്ധാകേന്ദ്രം. 'എല്‍' (മിഷേല്‍ എന്നതിന്‍റെ ചുരുക്കം) എന്ന പേരു തന്നെ ഇതു വെളിവാക്കുന്നതാണ്.
താന്‍ നിയന്ത്രിക്കുന്ന ലോകത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന, ശക്തയായ ഒരു സ്ത്രീയാണ് മിഷേല്‍. ബന്ധങ്ങളിലെല്ലാം സ്വന്തം മേധാവിത്വം സ്ഥാപിച്ചെടുക്കുന്ന ഒരു വ്യക്തിയാണ് അവള്‍. മിഷേലിന്‍റെ വ്യക്തിപ്രഭാവത്തിന് മുന്‍പില്‍ നിഷ്പ്രഭരായി പോകുന്ന, അശക്തമായ സാന്നിദ്ധ്യങ്ങള്‍ മാത്രമാണ് ഈ സിനിമയിലെ പുരുഷ കഥാപാത്രങ്ങള്‍. എഴുത്തില്‍ വിജയം കണ്ടെത്താന്‍ കഴയാത്ത മുന്‍ ഭര്‍ത്താവും, മാനസിക സ്ഥൈര്യമില്ലാത്ത കൂട്ടുകാരിയെ ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്ന മകനും, അവളുമായി അവിഹിത വേഴ്ചയില്‍ ഏര്‍പ്പെടുന്ന ഉറ്റകൂട്ടുകാരിയുടെ ഭര്‍ത്താവും എല്ലാം മാനസികമായി മിഷേലിനോട് വിധേയപ്പെട്ടവരാണ്. നില നില്‍ക്കുന്ന ലിംഗ-അധികാര വ്യവസ്ഥയുടെ ഈയൊരു കീഴ്മേല്‍ മറിച്ചിലിലൂടെ ആണ്‍കേന്ദ്രീകൃതമായ മുഖ്യധാരാ സിനിമകളുടെ ഒരു പാരഡിയായി 'എല്‍' മാറുന്നുണ്ട്.
ശ്രദ്ധയോടെ രൂപപ്പെടുത്തിയിരിക്കുന്ന മറ്റൊരു കഥാപാത്രമാണ് പാട്രിക്ക്. സിനിമയില്‍ അല്‍പമെങ്കിലും സ്വഭാവ പരിണാമം പ്രകടമാക്കുന്ന ഒരു പുരുഷ കഥാപാത്രവും അയാളാണ്. അനേകം വൈചിത്ര്യങ്ങള്‍ നിറഞ്ഞതാണ് മിഷേലും പാട്രിക്കും തമ്മിലുള്ള ബന്ധം. അയല്‍ക്കാരനായ പാട്രിക്കിനോട് മിഷേലിന് നേരത്തേ ലൈംഗിക താല്‍പ്പര്യം തോന്നുന്നുണ്ട്. പിന്നീട്, താന്‍ തിരയുന്ന അക്രമി അയാളാണെന്നറിഞ്ഞ ശേഷവും മിഷേല്‍ അയാളുമായി സൗഹൃദം തുടരുന്നത് കൗതുകകരമാണ്. സ്ത്രീയെ വേദനിപ്പിച്ചു കൊണ്ടുള്ള ലൈംഗിക കൃത്യ(sadomasochism)ത്താല്‍ മാത്രം സംതൃപ്തി ലഭിക്കുന്ന രതിവൈകൃതമാണ് പാട്രിക്കിന്‍റെ ബലാത്സംഗ ചോദനയുടെ ഉറവിടം. സിനിമയിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ഒരു രംഗത്തില്‍ ബലാത്സംഗത്തെ എതിര്‍ക്കുന്ന ഇരയായി roleplay ചെയ്ത് മിഷേല്‍ പാട്രിക്കിനെ തൃപ്തിപ്പെടുത്തുന്നത് കാണാം. ജീവിതത്തിലെ എല്ലാ മേഖലകളിലും മേധാവിത്വം പുലര്‍ത്തുന്ന മിഷേല്‍ പുരുഷ കാമനകള്‍ക്കായി വിധേയപ്പെടുന്ന ഐറണിയാണ് ഈ രംഗത്തെ പ്രത്യേകമാക്കുന്നത്. എന്നാല്‍ പുറമേയുള്ള ഒരു വിധേയത്വം മാത്രമായി അത് അവസാനിക്കുന്നു. മാനസികമായി അവള്‍ ഒരിക്കലും അയാള്‍ക്ക് അടിപ്പെടുന്നില്ല. ഒരുതരം അനായാസതോടെയാണ് അവള്‍ അയാളെ തന്‍റെ ജീവിതത്തില്‍ നിന്നും പറിച്ചുമാറ്റുന്നത്.
പ്രധാന കഥാപാത്രത്തിന്‍റെ സ്ത്രൈണതയെ ആഘോഷിക്കുന്ന ഒരു സിനിമ എന്ന നിലയില്‍ 'എല്‍' ഫെമിനിസത്തോടു സ്വീകരിക്കുന്ന സമീപനം പരിശോധിക്കുക കൗതുകകരം ആയിരിക്കും. ഫെമിനിസത്തിന്‍റെ ആദര്‍ശങ്ങളെയൊന്നും സിനിമ കൂട്ടുപിടിക്കുന്നില്ല. മാത്രമല്ല, ചിലയിടങ്ങളില്‍ ഫെമിനിസത്തിന്‍റെ പതിവു ധാരണകളെ അട്ടിമറിക്കുകയും പരോക്ഷമായി അവയെയൊക്കെ പരിഹസിക്കുകയും കൂടി ചെയ്യുന്നുണ്ട് 'എല്‍'. മിഷേലിന്‍റെ കമ്പനിയില്‍ നിര്‍മ്മിക്കുന്ന ഗെയിമുകള്‍ സ്ത്രീയെ വസ്തുവല്‍ക്കരിക്കുന്നതും ആണിന്‍റെ ഉപഭോഗ തൃഷ്ണകളെ ഉത്തേജിപ്പിക്കുന്നതും ആണ്. വീഡിയോ ഗെയിമില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്‍റെ രതികൂജനങ്ങള്‍ വേണ്ട അത്രയും തീവ്രമല്ല എന്നു പറഞ്ഞ് മിഷേല്‍ തന്‍റെ കീഴ്ജീവനക്കാരനെ ശാസിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങേയറ്റത്തെ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു സത്രീയാണ് മിഷേല്‍ എന്നതാണ് ഈ സന്ദര്‍ഭത്തെ അസ്വാഭാവികം ആക്കുന്നത്. സ്വന്തം അമ്മയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ അവജ്ഞയോടെ കാണുകയും മുന്‍ ഭര്‍ത്താവിന്‍റെ ചെറുപ്പക്കാരിയായ കൂട്ടുകാരിയെ അസൂയ കൊണ്ട് വെറുക്കുകയും, ആ ബന്ധം തകരുമ്പോള്‍ രഹസ്യമായി ആനന്ദിക്കുകയും ചെയ്യുന്ന ഒരു നായിക സാമ്പ്രദായിക ഫെമിനിസത്തിന്‍റെ പ്രതീകവും ആവുന്നില്ല. ഫെമിനിസത്തിന്‍റെ വികാസ പരിണാമങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ഫ്രാന്‍സാണ് സിനിമയുടെ ഇടമെന്നതും ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ നോക്കുമ്പോള്‍ ഫെമിനിസത്തെ ഉന്നം വെച്ചുകൊണ്ടുള്ള ഒരു മെശേൃല ന്‍റെ സ്വഭാവവും സിനിമ ആര്‍ജ്ജിക്കുന്നുണ്ടെന്നു പറയാം.
ഓരോ മനുഷ്യന്‍റെയും വ്യക്തിത്വത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് അയാളുടെ ലൈംഗികത. ഇണയോടുള്ള സ്നേഹത്തില്‍ മാത്രമല്ല, അമ്മയോടും അച്ഛനോടും സഹോദരങ്ങളോടും സഹോദരിയോടും മകനോടും മകളോടും എല്ലാം ഒരാള്‍ക്കുള്ള വിവിധ ബന്ധങ്ങളിലെല്ലാം ലൈംഗികത ചെലുത്തുന്ന സ്വാധീനങ്ങള്‍ പഠിക്കപ്പെട്ടിട്ടുള്ളതാണല്ലോ. 'എല്‍' എന്ന സിനിമയിലെ അമൂര്‍ത്തമായ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്‍കുന്നത് അവരുടെ ലൈംഗികതയെപ്പറ്റിയുള്ള ചെറിയ സൂചനകളാണ്. മിഷേലിന്‍റെ ലൈംഗിക സ്വാതന്ത്ര്യം വിമോചനത്തിന്‍റെ പ്രതീകാത്മകത വഹിക്കുന്നുവെങ്കിലും ചിലയിടങ്ങളില്‍ അത് കീഴടക്കപ്പെടാനുള്ള ആഗ്രഹമാകുന്നു. സ്വതവേ സൗമ്യനായ പാട്രിക്കിന്‍റെ കാര്യത്തില്‍ അക്രമ സ്വഭാവമുള്ള രതി അടക്കിവെച്ച വികാരങ്ങളുടെ പ്രകടനമാണ്. ക്രിസ്മസ് രാത്രിയില്‍ മിഷേലും സുഹൃത്തായ ആനും സഹശയനം നടത്തുന്ന രംഗം അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ തിരുത്തുന്നതാണ്. വ്യക്തിബന്ധങ്ങളില്‍ ലൈംഗികത ഉളവാക്കുന്ന സങ്കീര്‍ണ്ണ വികാരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇങ്ങനെ പലയിടത്തും സംവിധായകന്‍ ബോധപൂര്‍വ്വം നല്‍കുന്നുണ്ട്.
ഈ സിനിമ പകരുന്ന പ്രധാന വൈകാരികാനുഭവം നിഗൂഢതയുടേതാണ്. വിചിത്രമായ പ്രമേയവും അമൂര്‍ത്തമായ ഒരു കൂട്ടം കഥാപാത്രങ്ങളും വിശദീകരണത്തിനു വഴങ്ങാത്ത അവരുടെ പ്രവൃത്തികളും ചേര്‍ന്നുണ്ടാകുന്ന അര്‍ദ്ധസുതാര്യമായ ഒരു ലോകമാണ് 'എല്ലി'ല്‍ നമ്മള്‍ കാണുന്നത്. നേരിയ ഭയത്തിന്‍റെയും നിഗൂഢതയുടെയും അനുഭൂതി നിറഞ്ഞ പശ്ചാത്തലസംഗീതം സിനിമയുടെ ഈ മൂഢിനെ നന്നായി സംവേദനം ചെയ്യുന്നു. മിഷേലായി വേഷമിടുന്ന ഇസബെല്‍ ഹപ്പേര്‍ട്ടിന്‍റെ നിയന്ത്രിതമായ പ്രകടനമാണ് സിനിമയുടെ നട്ടെല്ല് എന്ന് അതിശയോക്തി കൂടാതെ പറയാം. ഓരോ നോട്ടത്തിലും ചലനങ്ങളിലും അവര്‍ പകരുന്ന സൂക്ഷ്മാംശങ്ങള്‍ കൂടി ചേര്‍ന്നാണ് മിഷേല്‍ എന്ന കഥാപാത്രം രൂപം കൊള്ളുന്നത്.
അണയുന്നതിനു മുമ്പ് ആളിക്കത്തുന്ന തന്‍റെ ലൈംഗികതയെയും പുരുഷന്മാരെയും എല്ലാം സ്വയം വിമോചിപ്പിക്കുവാനുള്ള സാധ്യതകളായി ഉപയോഗിക്കുന്ന ഒരു സ്ത്രീയെ പ്രമേയമാക്കുന്നതു കൊണ്ടു തന്നെ 'എല്‍' ഒരു സ്ത്രീപക്ഷ സിനിമ ആണെന്നു പറയാം. എന്നാല്‍, പൊതുവില്‍ അംഗീകരിക്കപ്പെടുന്ന സ്ത്രീപക്ഷതയുടെ ഒരു പൊളിച്ചെഴുത്ത് കൂടിയാണ് ഈ ചിത്രം. ബലാത്സംഗം വിഷയമാവുമ്പോള്‍ എല്ലാവരും പ്രതീക്ഷിക്കുന്ന ദുരന്താത്മകതയും ഗൗരവസ്വഭാവവും എല്ലാം സംവിധായകന്‍ മനഃപൂര്‍വ്വം ഒഴിവാക്കുന്നു. ബലാത്സംഗവും കൊലപാതകവും 'സാഡിസ'വുമെല്ലാം ഒരു തരം ലാഘവത്തോടെ അവതരിപ്പിക്കുന്നതിലെ കൗശലമാണ് 'എല്ലി'നെ മൗലികമായ ഒരു ദൃശ്യാനുഭവമാക്കുന്നത്.