top of page
വീണ്ടുമൊരു തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പുകൂടി നടക്കാന്‍പോകുന്നു. ഭരണകൂടവും രാഷ്ട്രീയകക്ഷികളും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ നാം കക്ഷിരാഷ്ട്രീയത്തില്‍ കാണുന്ന പൊറാട്ടുനാടകങ്ങളുടെയെല്ലാം ലക്ഷ്യം ഈ തെരഞ്ഞെടുപ്പാണ്. തന്നെയുമല്ല എട്ടൊന്‍പതു മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പുകളുടെ റിഹേഴ്സലുകളുമാണിത്. 1995 ല്‍ ഇന്ത്യയൊട്ടാകെ നടപ്പിലാക്കിയ പഞ്ചായത്ത്രാജ്-നഗരപാലിക നിയമഭേദഗതിയും (73/74) തുടര്‍ന്ന് സംസ്ഥാനങ്ങള്‍ തയ്യാറാക്കി നടപ്പിലാക്കിയ നിയമവുമാണ് ഇപ്പോള്‍ തദ്ദേശഭരണസ്ഥാപനങ്ങളെ ശക്തമായ അധികാരകേന്ദ്രങ്ങളാക്കിയത്. സാധാരണ മനുഷ്യരുടെ നിത്യജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഒട്ടുമിക്ക വകുപ്പുകളിലേയും അധികാരങ്ങളുടെ വലിയൊരു പങ്ക് തദ്ദേശസ്ഥാപനങ്ങള്‍ക്കു കൈമാറി. കേരളം ഒരുപടികൂടിക്കടന്ന് സംസ്ഥാനസര്‍ക്കാരിന്‍റെ പദ്ധതിവിഹിതത്തിന്‍റെ നല്ലൊരുഭാഗം (40 ശതമാനമെന്നൊക്കെ തുടക്കത്തില്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഈ വര്‍ഷം അത് കേവലം 21 ശതമാനം മാത്രമെന്നത് മറ്റൊരു കാര്യം) തദ്ദേശസ്ഥാപനങ്ങള്‍ക്കു നല്‍കി. ഗാന്ധിജി തുടങ്ങി ഒട്ടനവധിമഹാത്മാക്കള്‍ സ്വപ്നംകണ്ട ഗ്രാമസ്വരാജും അധികാര വികേന്ദ്രീകരണവും നടപ്പിലായെന്നു പലരും വിശ്വസിച്ചു. വിഭവങ്ങള്‍ക്കുമേല്‍ പ്രാദേശികസമൂഹങ്ങള്‍ക്കധികാരം, വികസനതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും പദ്ധതികള്‍ നടപ്പിലാക്കുന്നതിലും ജനങ്ങള്‍ക്കിടപെടാനുള്ള സാധ്യത, അഴിമതിതടയാനും സുതാര്യത ഉറപ്പാക്കാനും ശക്തമായ സംവിധാനങ്ങള്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ സാധ്യമാകുമെന്നു സ്വപ്നംകണ്ടു.
പക്ഷേ കഴിഞ്ഞ മൂന്നു പഞ്ചവത്സരപദ്ധതികള്‍ അധികാര വികേന്ദ്രീകരണം വഴി നടപ്പിലാക്കിയ അനുഭവം വച്ചുകൊണ്ട് മേല്‍പ്പറഞ്ഞ ലക്ഷ്യങ്ങളില്‍ ഏതെങ്കിലുമൊന്ന് ഭാഗികമായെങ്കിലും സാധ്യമായി എന്ന് ആരെങ്കിലും പറയുമോ? നിയമപ്രകാരം ഉണ്ടാകേണ്ട ജനപങ്കാളിത്തംപോലും ഇല്ലാതായി. ഗ്രാമസഭകളും വാര്‍ഡുസഭകളും നോക്കുകുത്തികളായി. വ്യക്തിഗതഗുണഭോക്താക്കളാകാന്‍ സാധ്യതയില്ലാത്തവര്‍ അത്തരം സഭകളില്‍ പോകാറേയില്ല. സുതാര്യതയെന്നത് തമാശവാക്കായി. അഴിമതിയുടെ നിലവാരം ഏറെയുയര്‍ന്നു. മുന്‍കാലങ്ങളില്‍ പഞ്ചായത്തുകള്‍ക്കു കൈകാര്യം ചെയ്യാന്‍ ഇന്നത്തേതിന്‍റെ നാലിലൊന്നു പണംപോലും കിട്ടിയിരുന്നില്ല. പദ്ധതി നിര്‍വ്വഹണത്തിലെ അഴിമതി ഒഴിവാക്കാന്‍വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട ഗുണഭോക്തൃസമിതികള്‍ ഏറ്റവും വലിയ അഴിമതി സാധ്യതയായി. സര്‍ക്കാര്‍ ആഡിറ്റുകള്‍ക്കുപുറമെ സാമൂഹ്യ (ജനകീയ) ആഡിറ്റിങ്ങും ഉണ്ടാകുമെന്ന അവകാശവാദം പൊള്ളയായി. വര്‍ഷാന്ത്യ കണക്കുകള്‍പോലും കൃത്യമായി സൂക്ഷിക്കാത്തവരും കൃത്യമായി ആഡിറ്റിങ്ങ് നടത്താത്തവരുമാണ് മിക്ക തദ്ദേശസ്ഥാപനങ്ങളും. പക്ഷപാതരഹിതമായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുകയെന്നതു മാറി, കക്ഷിരാഷ്ട്രീയമനുസരിച്ചു തെരഞ്ഞെടുക്കുകയെന്നായി. നാടിന്‍റെ വികസനാവശ്യമല്ല, ഭരിക്കുന്ന കക്ഷികളുടെ താത്പര്യങ്ങളും വീതംവയ്പ്പും നിയമമായിമാറി. അഴിമതിയുടെ വികേന്ദ്രീകരണമാണ് നടക്കുന്നതെന്ന ആക്ഷേപം ഇന്നാരും നിഷേധിക്കാറില്ല.
എന്തുകൊണ്ടിങ്ങനെയെല്ലാം സംഭവിക്കുന്നു? കക്ഷിരാഷ്ട്രീയത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍ കൈകാര്യംചെയ്യേണ്ട ഒന്നല്ല തദ്ദേശഭരണം. അവര്‍ക്ക് അധികാരവും അഴിമതിയും പങ്കുവയ്ക്കാനുള്ള ഉപാധിയല്ല അത്. ജനങ്ങള്‍ക്കു നേരിട്ടുചെന്നു ഭരണത്തില്‍ ഇടപെടാനുള്ള അവസരമാണിത്. ഇതിനു കക്ഷികളുടെ ഇടനില ആവശ്യമില്ല. ജനങ്ങള്‍ക്കു നേരിട്ട് അധികാരം കയ്യാളാനുള്ള അപൂര്‍വ്വാവസരമാണ് ഈ നിയമത്തിലൂടെ ലഭ്യമാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട സഭകളേക്കാള്‍ ഗ്രാമസഭകളെന്ന (വാര്‍ഡ് സഭകള്‍ നഗരപ്രദേശത്തും) ജനസഭകള്‍ക്ക് അധികാരമുണ്ട്. ഒരു ജനസഭയെടുക്കുന്ന തീരുമാനം അട്ടിമറിക്കാന്‍ തദ്ദേശഭരണസമിതിക്കധികാരമില്ല. ഓരോ പ്രദേശത്തിന്‍റെയും വികസനപ്രശ്നങ്ങള്‍ നേരിട്ടറിയുന്നതും അനുഭവിക്കുന്നതും അന്നാട്ടിലെ ജനങ്ങളാണ്. അവരാണ് വികസനപദ്ധതികള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത്.
ഉദാഹരണത്തിന് ഒരു വാര്‍ഡില്‍ എത്രറോഡ് നിര്‍മ്മിക്കണം, ഏതുറോഡ് ടാര്‍ ചെയ്യണം, എവിടെയെല്ലാം തെരുവുവിളക്കുകള്‍ വേണം, അഴുക്കുചാലുകള്‍ വേണം, ഏതുവിധത്തില്‍ പ്രാഥമികാരോഗ്യസംവിധാനങ്ങള്‍ രൂപപ്പെടുത്തണം, അംഗന്‍വാടികളും പ്രാഥമിക വിദ്യാലയങ്ങളും എങ്ങനെ വികസിപ്പിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഇവിടെയാണ് തീരുമാനിക്കപ്പെടേണ്ടത്. ഒരു പദ്ധതി നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ട് നിര്‍വഹണഘട്ടത്തിലെത്തുമ്പോള്‍ ആ ചുമതല ഒരു കരാറുകാരനു നല്‍കാതെ അതിന്‍റെ ഗുണഭോക്താക്കളായ ജനങ്ങള്‍ നേരിട്ട് ഏറ്റെടുത്തു നിര്‍വ്വഹിക്കണം. ഇതുവഴി അഴിമതിയും നിലവാരക്കുറവും കാലതാമസവും ഒഴിവാക്കാം. അനിവാര്യഘട്ടത്തില്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് പണം തികയാതെ വന്നാല്‍ വിഭവസമാഹരണം നടത്താനും ഗുണഭോക്തൃസമിതികള്‍ക്കു കഴിയും. നിരവധി പദ്ധതികള്‍ക്കു വ്യക്തിഗതഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരവും ജനസഭകള്‍ക്കാണ്. ഏറ്റവും യോഗ്യരായവരെ കണ്ടെത്തി സുതാര്യമായി പ്രഖ്യാപിക്കാന്‍ ഇവര്‍ക്കേ കഴിയൂ.
വികസനമെന്നാല്‍ അഴിമതിക്കുള്ള ഒരു സാധ്യതയെന്ന രീതിയിലാണ് രാഷ്ട്രീയകക്ഷികളുടെ എല്ലാ തലത്തിലുമുള്ള നേതൃത്വം കരുതുന്നത്. അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം വിളിച്ചുപറയുമ്പോഴും 'ജനങ്ങള്‍' എന്നാല്‍ തങ്ങള്‍ക്കുകീഴില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന ഒരു കൂട്ടമാണെന്ന് ഇവര്‍ കരുതുന്നു. ജനങ്ങള്‍ക്ക് 'കാര്യങ്ങള്‍ നടത്തിക്കൊടുക്കുന്നവര്‍' തങ്ങളാണെന്ന ഒരുതരം രക്ഷാകര്‍തൃഭാവമാണ് കക്ഷികള്‍ക്കുള്ളത്. അവരുടെ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് 'ഞങ്ങള്‍' തീരുമാനിക്കും. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയപ്രതിനിധികള്‍ തീരുമാനമെടുക്കുന്ന 'പ്രാതിനിധ്യ' ജനാധിപത്യ രീതിയാണിവര്‍ക്കു പഥ്യം. തങ്ങള്‍ക്കു താഴേക്ക് അധികാരം നല്‍കുകയെന്നത് അവര്‍ക്കു ചിന്തിക്കാനേ കഴിയുകയില്ല.
ഇതുകൊണ്ടുതന്നെയാണ് അധികാരവികേന്ദ്രീകരണമെന്ന മഹത്തായ സങ്കല്പം തകര്‍ന്നതും. ഗ്രാമ/വാര്‍ഡ് സഭകള്‍ ഫലത്തില്‍ യാതൊരധികാരവുമില്ലാത്തവയായി. വാര്‍ഡിന്‍റെ പ്രതിനിധി -രാഷ്ട്രീയനേതാവ്- അല്ലെങ്കില്‍ അയാളുടെ കക്ഷിയാണ് കാര്യങ്ങള്‍ തീരുമാനിക്കുക. അയാളെ തെരഞ്ഞെടുപ്പിനുനിര്‍ത്തി വിജയിപ്പിച്ചിരിക്കുന്നത് കക്ഷിയായതിനാല്‍ ആ പ്രതിനിധിയുടെ പ്രാഥമികമായ ബാധ്യത തന്‍റെ കക്ഷിയോടാണ്, ജനങ്ങളോടല്ല. വികസനപദ്ധതികള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതുമെല്ലാം കക്ഷി പറയുന്നതനുസരിച്ചായിരിക്കണം. ജനങ്ങള്‍ക്കു മറിച്ചൊരഭിപ്രായമുണ്ടായാലും ഫലമില്ല. ഇതു തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇത്തരം സഭകളില്‍ പങ്കെടുക്കുന്നത് അനാവശ്യമാണെന്നു തീരുമാനിക്കുകയായിരുന്നു. കക്ഷിനേതൃത്വങ്ങളെ സ്വാധീനിച്ചാലേ വ്യക്തിഗത ഗുണഭോക്താവാകാന്‍ കഴിയൂ. അതുകൊണ്ടുതന്നെ നേതാക്കളെ ഏതളവുവരെയും ആശ്രയിക്കാന്‍ 'ജനങ്ങള്‍' തയ്യാറാകും. അഴിമതി ഇന്ന് പരസ്പര സഹായസംഘ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു. ബാക്കി ഏതു വിഷയത്തില്‍ തര്‍ക്കിച്ചാലും അഴിമതി നടത്തുന്നതിലും അതിന്‍റെ ഫലം പങ്കുവയ്ക്കുന്നതിലും ഇവര്‍ക്കു യാതൊരുവിധ അഭിപ്രായഭിന്നതയുമില്ല. അധികാരവികേന്ദ്രീകരണമെന്നത് അഴിമതിയുടെ വികേന്ദ്രീകരണം തന്നെയായിരിക്കുന്നുവെന്നര്‍ത്ഥം.
മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി താഴേത്തട്ടിലുള്ള നേതൃത്വങ്ങളും വന്‍തുകകള്‍ കൈകാര്യം ചെയ്യുന്നു. അതുകൊണ്ടുതന്നെ അഴിമതിയുടെ തോതും കാര്യമായി ഉയര്‍ന്നിരിക്കുന്നു. ഫലത്തില്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ 'മൂല്യം' ഉയര്‍ന്നിരിക്കുന്നു. അത്തരത്തിലുള്ള അഴിമതിക്ക് അവസരം ലഭിക്കുന്നതിന് ഏറ്റവും അനിവാര്യമായി വേണ്ടത് പാര്‍ട്ടിനേതൃത്വത്തിന്‍റെ പിന്തുണയാണ്. എങ്കില്‍ മാത്രമേ മത്സരിക്കാന്‍ സീറ്റുകിട്ടൂ. ഈ ഒരൊറ്റ ചരടിലൂടെ ഏറ്റവും താഴേത്തട്ടിലുള്ള അണികളെവരെ നിയന്ത്രിക്കാന്‍ മുകളിലുള്ളവര്‍ക്കു കഴിയുന്നു. ഇന്നു മിക്കരാഷ്ട്രീയകക്ഷികള്‍ക്കും ഏതെങ്കിലും പ്രത്യയശാസ്ത്രത്തോട് (ഗാന്ധിസം, കമ്യൂണിസം, സോഷ്യലിസം, ജനാധിപത്യം മുതലായവയോട്) യാതൊരുവിധ ബാധ്യതയുമുള്ളതായിക്കരുതാനാവില്ല. ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ പശകൊണ്ടാണ് മുന്‍കാലങ്ങളില്‍ പാര്‍ട്ടികള്‍ ജനങ്ങളെയും അനുയായികളെയും കൂടെനിര്‍ത്തിയിരുന്നത്. അത്തരത്തിലുള്ള പ്രത്യയശാസ്ത്രവിശ്വാസങ്ങള്‍ നഷ്ടപ്പെട്ട കാലത്ത് അണികളെ ചേര്‍ത്തുനിര്‍ത്താന്‍ അഴിമതിയുടെയും അധികാരത്തിന്‍റെയും ഫെവിക്കോള്‍തന്നെ വേണ്ടിവരുന്നു. പഞ്ചായത്തുകള്‍ക്ക് അധികാരവും പണവും നല്‍കുകവഴി ഈ ധര്‍മ്മം വളരെ എളുപ്പത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നു. മുകളിലിരിക്കുന്നവരുടെ അഴിമതിയെ ന്യായീകരിക്കാന്‍ താഴെയുള്ളവര്‍ തയ്യാറാകുന്നു. ഇതിനുപകരമായി താഴെയുള്ളവര്‍ക്ക് അഴിമതി നടത്താന്‍ അവസരമൊരുക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുകയെന്നതു മുകളിലിരിക്കുന്നരുടെ ബാധ്യതയുമാകുന്നു. ഈ പരസ്പരാശ്രിതത്വം ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നു. പാര്‍ട്ടികള്‍ക്കകത്ത് നേതൃത്വങ്ങള്‍ തമ്മിലുള്ള ചേരിപ്പോരില്‍ താഴേത്തലംവരെയുള്ളവര്‍ പങ്കുചേരുന്നു. മുമ്പ് കോണ്‍ഗ്രസ്പോലുള്ള വലതുപക്ഷകക്ഷികളില്‍ മാത്രം കണ്ടിരുന്ന ഈ പ്രവണത ഇന്ന് ഇടതുവലതു വ്യത്യാസമില്ലാതെ എല്ലാവരിലും പ്രകടമാകുന്നു.
നമ്മുടെ രാഷ്ട്രീയകക്ഷികളുടെയെല്ലാം ഘടന അധികാരകേന്ദ്രീകരണത്തിന്‍റേതാണ്. മുകളിലേക്കു പോകുന്തോറും അധികാരം ഏറിവരുന്നു. സംസ്ഥാനനേതൃത്വം ജില്ലകളേയും ജില്ലാനേതൃത്വം പഞ്ചായത്തുതലം വരെയുള്ളവരേയും നിയന്ത്രിക്കുന്ന ഘടനയാണിത്. കേന്ദ്രീകൃത ജനാധിപത്യം കമ്യൂണിസ്റ്റ് ഇടതുപക്ഷകക്ഷികളുടെ പൊതുസ്വഭാവമാണ്. മറ്റു കക്ഷികളില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും നേതാക്കളെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്. അതായത് അന്തിമാധികാരം ഏറ്റവും മുകളിലാണ്. എന്നാല്‍ ഇതല്ല പഞ്ചായത്ത്രാജിന്‍റെ സങ്കല്പം. ഒരു പഞ്ചായത്തിന്‍റെ പരിധിയിലുള്ള കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ 'മേല്‍ക്കമ്മിറ്റി' നിലപാട് പ്രസക്തമാകേണ്ടതില്ല. എന്നാല്‍ കക്ഷികള്‍ക്കിതു സ്വീകാര്യമല്ല. 'മേല്‍ക്കമ്മിറ്റി' തീരുമാനിച്ചാല്‍ താഴെയുള്ളവര്‍ക്ക് അതനുസരിക്കേണ്ടിവരുന്നു. ഇതോടെ അധികാരവികേന്ദ്രീകരണം അപ്രസക്തമാകുന്നു.
എന്നാല്‍ കേരളത്തിലെ സാമൂഹികഘടനയില്‍ ചില മാറ്റങ്ങള്‍ ഇപ്പോള്‍ പ്രകടമാണ്. ഭരണപ്രതിപക്ഷങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ഒരു തീരുമാനമെടുത്താലും ജനങ്ങള്‍ അതംഗീകരിക്കണമെന്നില്ല. എന്നുതന്നെയുമല്ല കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനിടയില്‍ ജനങ്ങള്‍ നേരിട്ടുനടത്തിയ നിരവധി സമരങ്ങള്‍ മുഖ്യധാരാകക്ഷികളുടെ നിലപാടുകള്‍ മാറ്റിയിട്ടുണ്ടെന്നു കാണാം. പ്ലാച്ചിമടയില്‍ കോളക്കമ്പനി സ്ഥാപിച്ചതിനെ ഒരു രാഷ്ട്രീയകക്ഷിയും എതിര്‍ത്തില്ല. എന്നല്ല അവരെല്ലാം സ്വാഗതംചെയ്തു. അവിടെ കുടിവെള്ളം മുട്ടിയ ജനങ്ങള്‍ സമര രംഗത്തു വന്നപ്പോള്‍ മിക്കകക്ഷികളും സമരത്തെ എതിര്‍ത്തു. എന്നാല്‍ സമരം ശക്തിപ്പെട്ടപ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ നിലപാടുമാറ്റി. പ്ലാച്ചിമടക്കമ്പനിയുടെ കാര്യത്തില്‍ മാത്രമല്ല, എക്സ്പ്രസ് ഹൈവേ, കരിമണല്‍ ഖനനം, ആതിരപ്പള്ളി ജലവൈദ്യുതപദ്ധതി, വളന്തകാട്, കിനാലൂര്‍, പറശ്ശിനിക്കടവ് കണ്ടല്‍പാര്‍ക്ക് തുടങ്ങി ഒട്ടനവധി പദ്ധതികളില്‍നിന്നും ഭരണകൂടങ്ങള്‍ക്കു പിന്നോട്ടുപോകേണ്ടി വന്നതു ജനകീയ ഇടപെടല്‍ വഴിയാണ്. അധികാരം വികേന്ദ്രീകരിക്കപ്പെട്ടില്ലെങ്കിലും സമരശക്തികള്‍ വികേന്ദ്രീകൃതമായി എന്നു കാണാം. ഏറ്റവുമൊടുവില്‍ ദേശീയപാതകള്‍ സ്വകാര്യവല്‍ക്കരിക്കുക എന്ന പദ്ധതി (45 മീറ്റര്‍ -30 മീറ്റര്‍ വിവാദമല്ല പ്രധാനം) സര്‍വ്വകക്ഷി സമവായത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കാര്യമറിയും.
ചുരുക്കത്തില്‍ ഇന്നത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍. കക്ഷിരാഷ്ട്രീയത്തിന് സ്വീകരിക്കാന്‍ കഴിയാത്തതാണ് അധികാരവികേന്ദ്രീകരണത്തിന്‍റെ രാഷ്ട്രീയം. എന്നാല്‍ ഇന്നു സമൂഹത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണത്. സര്‍ക്കാര്‍ ചെലവഴിക്കുന്ന പണം അര്‍ഹമായ പദ്ധതികള്‍ക്കും അര്‍ഹരായ വ്യക്തികള്‍ക്കും ലഭിക്കുന്നുവെന്നും അത് ഏറ്റവും ശരിയായ രീതിയില്‍ ചെലവഴിക്കുന്നുവെന്നും ഉറപ്പുവരുത്താന്‍ കിട്ടിയ അവസരം ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ കക്ഷിരാഷ്ട്രീയ നുകത്തിനു കീഴില്‍നിന്നും അവര്‍ മോചിപ്പിക്കപ്പെടണം. യോഗ്യമായവരെ പ്രാദേശികമായി കണ്ടെത്തി തെരഞ്ഞെടുപ്പില്‍ നിര്‍ത്തി വിജയിപ്പിക്കാന്‍ കഴിയുമോ? ഇതാണ് ഈ തെരഞ്ഞെടുപ്പില്‍ ഉയരുന്ന പ്രധാനചോദ്യം.