

ചരാചരങ്ങളുടെ മാതാവ് - ഭൂമിദേവി. ഈ അമ്മയുടെ മടിയിലേക്ക് എത്രയെത്ര കുരുന്നുകള്‍ പിറന്നുവീണു. ഓരോ പിറവിയിലും കുളിരണിയാന്‍ കൊതിച്ച ഈ അമ്മയ്ക്ക് കുരുന്നുകളുടെ നേരെയുള്ള എന്തെല്ലാം ക്രൂരതകള്‍ക്കു മൂകസാക്ഷിയായി നില്‍ക്കേണ്ടിവന്നു. സന്തോഷത്തിന്‍റെയും നിര്‍വൃതിയുടെയും പിറവികള്‍ക്ക് ഈറ്റില്ലമൊരുക്കിയ ഈ ധാത്രിക്ക് അപമാനത്തിന്‍റെയും കീഴടക്കലിന്‍റെയും നിരാശയുടെയും പിറവികള്‍ക്കും ഈറ്റില്ലമൊരുക്കേണ്ടിവന്നതു ദൗര്‍ഭാഗ്യമെന്നുമാത്രം എഴുതിത്തള്ളാമോ? ഈറ്റുനോവറിയാത്തവളെങ്കിലും എത്രയോ ജന്മങ്ങള്‍ക്ക് ഈ അമ്മ തൊട്ടിലൊരുക്കി. എത്രയോ ഉണ്ണികളുടെ അമര്‍ത്തപ്പെട്ട പിടച്ചിലുകള്‍ കേട്ട് അരുതേയെന്ന് നിലവിളിച്ചിട്ടുണ്ടാകാം. ജന്മം നല്‍കിയവരാല്‍ത്തന്നെ തട്ടിയെറിയപ്പെട്ട ഉണ്ണികളുടെ നൊമ്പരപ്പാടുകള്‍ അറിയുന്നവള്‍ ആരോ, അവളാണ് അവന്‍റെ അമ്മ. ഉദരത്തില്‍ പേറാനും പ്രസവിക്കാനും ഏതൊരു സ്ത്രീക്കും ജീവശാസ്ത്രപരമായ കഴിവുണ്ട്. പക്ഷേ അവളൊരു അമ്മയാകണമെന്നില്ല. ബീജം നല്‍കുന്നതുകൊണ്ടു മാത്രം ഒരുവന്‍ പിതാവാകണമെന്നുമില്ല, പിതൃധര്‍മ്മം പാലിക്കണം.
ഉടലിന്‍റെ മോഹങ്ങളില്‍ പുരുഷനെ അറിയാതെ ഒരു കുഞ്ഞിനെ നൊന്തുപെറ്റ ഒരു അമ്മ 'അമ്മമാതൃക'യായി ചൂണ്ടിക്കാണിക്കപ്പടുന്നുണ്ട്. അവളുടെ പേര് മറിയം. ഏറെ അലച്ചിലിനൊടുവില്‍ കണ്ടെത്തിയ ഈറ്റില്ലത്തില്‍ അവള്‍ക്കൊരു കൈത്താങ്ങായി ഒപ്പംനിന്നത്, തന്‍റെ ബീജമല്ല അവളുടെ ഉദരത്തില്‍ വളരുന്നതെന്ന് അറിയുന്ന ഭര്‍ത്താവുതന്നെ. ഉണ്ണിയെ വയറ്റില്‍പേറിയതിനും പ്രസവിച്ച് പാലൂട്ടി വളര്‍ത്തിയതിനുമൊന്നും ആ മരപ്പണിക്കാരന്‍- ജോസഫ് - കലഹിച്ചില്ല. അവിടെ അവളെയും കുഞ്ഞിനെയും ഉപേക്ഷിച്ചുപോകാന്‍ എന്തെല്ലാം സാധ്യതകളുണ്ടായിട്ടും അയാള്‍ അങ്ങനെ ചെയ്തതുമില്ല.
ആസൂത്രിത പിറവികള്‍
പിറവി ഒരാനന്ദമാണെന്ന് പറയാനെനിക്കിന്നു ധൈര്യം പോരാ. എല്ലാ പിറവികള്‍ക്കും ഒരു പിറന്നാള്‍ ദിനമുണ്ടെന്നു പറയാനെനിക്ക് ആവതുമില്ലല്ലോ... ആസൂത്രിത പിറവികളെ കാണുമ്പോള്‍ എന്‍റെ നെഞ്ചില്‍ പൊടിയുന്നത് സഹതാപത്തിന്‍റെ ഉറവുകളാണ്. പ്രസവിക്കുന്നവളുടെയും പ്രസവമെടുക്കുന്നവരുടെയും പ്രസവം ഘോഷിക്കാനെത്തുന്നവരുടെയും സൗകര്യങ്ങള്‍ കണക്കിലെടുത്ത്, നക്ഷത്രങ്ങളുടെ സഞ്ചാരപഥവും ഗ്രഹനിലയും അവധിദിനങ്ങളും കണക്കുകൂട്ടി പിറവിമുഹൂര്‍ത്തം കുറിക്കപ്പെടുന്നു. ഈറ്റുനോവുപോലും ഇവിടെ നിയന്ത്രിക്കപ്പെടുന്നു. വാത്സല്യത്തൊട്ടിലുകള്‍ വേരറ്റുകൊണ്ടിരിക്കുന്നു. ചെഞ്ചുണ്ടുകളില്‍ ഇറ്റിക്കേണ്ട അമ്മിഞ്ഞപ്പാല്‍ എങ്ങനെയൊക്കെയോ വരണ്ടുപോകുന്നു. തന്‍റെ ദിനങ്ങളെ ചിട്ടപ്പെടുത്തുന്ന വെറും ടൈംടേബിള്‍ ചാര്‍ട്ടുകളുടെ ആള്‍രൂപങ്ങളാണ് അവന് അച്ഛനും അമ്മയും. കൊഞ്ചലിലും കൊഞ്ചിക്കലിലും അര്‍ത്ഥശൂന്യതമാത്രം കാണുന്നവര്‍. ജീവിതം അവര്‍ക്കെന്നുമൊരു 'കാല്‍ക്കുലേഷ'നാണ്. കണക്കുകള്‍ എവിടെയെങ്കിലും അല്പമൊന്ന് പിഴച്ചാല്‍ താളംതെറ്റാവുന്ന ജീവിതത്തിന്‍റെ വെളുമ്പിലൂടെയാണ് ഇവരുടെ യാത്രയെന്ന് തിരിച്ചറിയപ്പെടുമ്പോഴേക്കും ജീവിതംതന്നെ കൈമോശം വന്നിരിക്കും.
അരുതാകനി തീണ്ടുന്നവര്‍
'അരുതാകനി'കളുടെ വിത്തുകളുടെ കവചംപൊട്ടി വിത്ത് മണ്ണില്‍ വീണുകഴിയുമ്പോള്‍, അത് എവിടെയാണ് വീണതെന്ന് ഒന്നു തിരിഞ്ഞുനോക്കാന്‍പോലും ധൈര്യമില്ലാത്തവള്‍ക്കും അതിനെ ഞെരിച്ചമര്‍ത്തി തട്ടിക്കുടഞ്ഞു പോകുന്നവള്‍ക്കും പറയാന്‍ ന്യായങ്ങളേറെയുണ്ടായിരിക്കാം. കൃപയായി ലഭിച്ച വരദാനത്തിനു നേരെ മുഖംതിരിക്കുന്ന മനുഷ്യരെ അംഗീകരിക്കാനും സ്വീകരിക്കാനും കാത്തുനില്‍ക്കുന്ന ഒരു സ്വാര്‍ത്ഥസമൂഹം ഇവിടെ വളര്‍ന്നുവരുന്നുണ്ട്.
ജീവനുള്ള കുഞ്ഞുങ്ങളുടെ 'ജീവശവ'പറമ്പായി മാറുന്ന എന്‍റെ നിലവിളിക്കു കാതുചേര്‍ക്കാനിനിയും ആരും എത്താത്തതെന്തേ? അറുത്തുമാറ്റിയ പൊക്കിള്‍ത്തണ്ടില്‍ ഈച്ചയും ഉറുമ്പും അരിച്ചിറങ്ങുന്ന പ്രാണവേദനയില്‍, ചോരയില്‍ കുഴഞ്ഞ പിഞ്ചുടലുമായി ഒരിറ്റു ശ്വാസത്തിനുവേണ്ടി പിടയുന്ന പൈതലിനെ ഒന്നു തലോടാന്‍, തുടച്ചു വൃത്തിയാക്കാന്‍ ഈ അമ്മയ്ക്ക് കരങ്ങളില്ലാതെപോയല്ലോ! അമ്മമാറിന്‍റെ ചൂടറിയേണ്ടവര്‍ വെയില്‍നാമ്പുകളേറ്റ് വിണ്ടുകീറുന്നു. സ്ത്രീയുടെ ശരീരത്തില്‍ ഏറ്റവും സുരക്ഷിതമായി ഇഴചേര്‍ക്കപ്പെട്ട ഒരു 'പാത്രം.' പക്ഷേ പലപ്പോഴും അതു 'നിറഞ്ഞൊഴിയുമ്പോള്‍' പിറവിയെടുക്കുന്നത് കൈക്കുമ്പിള്‍ ഭിക്ഷാപാത്രമാക്കി, കണ്ണുകളില്‍ ദൈന്യത നിറച്ച് ജീവിതത്തിനു മുമ്പില്‍ പകച്ചുനില്‍ക്കുന്ന ജന്മങ്ങളാണ്. പങ്കില പിറവികളാകാന്‍ മാറ്റിനിര്‍ത്തപ്പെടുന്ന ഇവര്‍ക്കും ഒരു പിറന്നാള്‍ ദിനമുണ്ടെന്ന സത്യം സൗകര്യപൂര്‍വ്വം എല്ലാവരും മറക്കുന്നു.
അമ്മത്തൊട്ടില്‍
