top of page
ഈ ലോകത്തിന് അനുരൂപരാകാതെ ജീവിക്കണമെന്നു നോമ്പുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആകര്‍ഷകമായ പലതും നമ്മെ മാടിവിളിക്കുമ്പോള്‍ അതിനപ്പുറത്തേക്കു വളരുവാനുള്ള വിളിയാണ് ക്രൈസ്തവജീവിതം. ഭക്ഷണപാനീയങ്ങള്‍ വെടിയുമ്പോള്‍ ഈ ലോകത്തിന്‍റെ സുഖാസക്തികളോടും നാം വിടപറയുന്നു. കൂടുതല്‍ സമയം പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ജീവിക്കുമ്പോള്‍ ലോകത്തിന്‍റെ പ്രലോഭനങ്ങളെ നാം വെടിയുന്നു. മനസ്സിന്‍റെ നവീകരണത്തിന് ഇവയെല്ലാം സഹായിക്കുന്നു. നല്ലതു കാണുവാനും കേള്‍ക്കുവാനും സംസാരിക്കുവാനും ഈ ത്യാഗപ്രവൃത്തി നമ്മെ ശക്തരാക്കും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു കാതുകൊടുക്കാതെ ചെവിയുടെ ഉപവാസത്തിനും തയ്യാറാകണം. വേണ്ടാത്തതൊന്നും കാണാതെ കണ്ണിന്‍റെ ഉപവാസത്തിനും നാം ഒരുങ്ങണം. അനാവശ്യസംസാരങ്ങള്‍ ഒഴിവാക്കി നാക്കിന്‍റെ ഉപവാസത്തിനും നാം പ്രാധാന്യം കൊടുക്കണം. ഇന്ദ്രിയങ്ങളുടെ മേല്‍ ബലപ്രയോഗം നടത്തി മനസ്സിനെ നവീകരിക്കണം. ആസക്തികളാല്‍ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റണം. ആന്തരികവിശുദ്ധിയിലേക്കു പ്രവേശിക്കാന്‍ നോമ്പുകാലം നമ്മെ ക്ഷണിക്കുന്നു.
ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്. തനിക്കെല്ലാം കഴിയുമെന്നും തന്നെക്കാള്‍ വലിയവരായി ആരുമില്ലെന്നുമുള്ള ഭാവം നാം ഉപേക്ഷിക്കണം. എത്രത്തോളം ഉന്നതരാണോ അത്രയും താഴാന്‍ ശ്രമിക്കണം. എല്ലാം ചെയ്തുകഴിഞ്ഞ് വിനീത ദാസരെപ്പോലെ നില്‍ക്കാന്‍ കഴിയുന്ന ഒരദ്ധ്യാത്മികത നാം വളര്‍ത്തണം. നമുക്കു ലഭിച്ച ദാനങ്ങളും വരങ്ങളുമെല്ലാം എളിമയോടെ സഭയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കണം. കാരുണ്യപ്രവൃത്തികള്‍ പ്രസന്നവദനരായി പൂര്‍ത്തിയാക്കണം. മൂടിക്കെട്ടിയ മുഖഭാവങ്ങള്‍ വെടിഞ്ഞ് ആനന്ദം നിറഞ്ഞൊഴുകുന്ന മുഖങ്ങളുമായി സമൂഹത്തിലേക്കു നാം ഇറങ്ങിച്ചെല്ലണം.
തിന്മയ്ക്കു പകരം നന്മ ചെയ്യുവാനുള്ള പരിശുദ്ധാത്മാവിന്‍റെ ശക്തി നമുക്കു ലഭിക്കട്ടെ. എന്തിനും ഏതിനും അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കാനുള്ള പ്രലോഭനം നമുക്കുണ്ട്. അടിക്കുവാന്‍ ശക്തിവേണം. തിരിച്ചടിക്കാന്‍ അതിലും ശക്തിവേണം. തിരിച്ചടിക്കാനുള്ള പ്രവണതയെ നിയന്ത്രിക്കാന്‍ ഉന്നതത്തില്‍നിന്നുള്ള ശക്തിവേണം. അതിനുള്ള ഒരുക്കമാണ് നോമ്പുകാലം. അനാവശ്യമായ വിമര്‍ശനങ്ങളും കുത്തുവാക്കുകളും നമുക്കെതിരെ ഉയരുമ്പോള്‍ അറിഞ്ഞും അറിയാതെയും വന്ന പാപങ്ങള്‍ക്കുള്ള പരിഹാരമായി അതിനെ കാണണം. നമ്മെ വിമര്‍ശിക്കുന്നവര്‍ ക്രിസ്തുവിലേക്കു നമ്മെ അടുപ്പിക്കുകയാണ്. ഗോതമ്പുമണികള്‍ പൊടിയുമ്പോള്‍ ഓസ്തിയാകുന്നതിനുള്ള പ്രക്രിയയിലൂടെ അതു കടന്നുപോകുന്നു. നമ്മെ പൊടിക്കുന്നവരും തകര്‍ക്കുന്നവരുമെല്ലാം കര്‍ത്താവിന്‍റെ അള്‍ത്താരയിലെ തിരുവോസ്തിയാകാന്‍ നമ്മെ സഹായിക്കുന്നവരാണ്.
നമ്മെ നയിക്കുന്നത് പ്രത്യാശയാകണം. ഇതിനപ്പുറം ഒരു ലോകമുണ്ടെന്ന പ്രത്യാശ. ഇഹത്തില്‍ നടത്തുന്ന ഓരോ ത്യാഗത്തിനും ദൈവം പ്രതിഫലം തരുമെന്നും നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും നമ്മെ കാണുന്നുണ്ടെന്നുമുള്ള പ്രത്യാശ നമ്മെ ബലപ്പെടുത്തണം. നിരാശയോടു നാം യുദ്ധം ചെയ്യണം. പ്രത്യാശ നമ്മെ അസാധ്യകാര്യങ്ങള്‍ ചെയ്യുന്നതില്‍ ശക്തരാക്കും. നെറ്റിയില്‍ ചാരംപൂശി ആരംഭിക്കുന്ന ജീവിതം ഒരു മരണത്തെ സൂചിപ്പിക്കുന്നു. അമ്പതുദിവസങ്ങളിലായ് മരിച്ച് അവസാനം കര്‍ത്താവിനോടുകൂടി ഉയിര്‍ക്കുമെന്നുള്ള പ്രത്യാശ നമ്മില്‍ നിറയ്ക്കപ്പെടും.. ജീവിതസഹനങ്ങളുടെ നാളുകളില്‍ പിടിച്ചുനില്‍ക്കാനുള്ള ശക്തി, പ്രത്യാശയാണ് നല്‍കുന്നത്. ഈറ്റക്കമ്പില്‍ വീഴുന്ന ദ്വാരങ്ങള്‍ ഓടക്കുഴലിലേക്കു നയിക്കും. സ്പോര്‍ട്സില്‍ നടത്തുന്ന സഹനപരിശീലനങ്ങള്‍ ഒളിമ്പിക്സ് മെഡലിലേക്കു നയിക്കും. പഠനകാലത്തിന്‍റെ വൈഷമ്യങ്ങള്‍ റാങ്കിലേക്കു നയിക്കും. ജീവിതത്തില്‍ ഇങ്ങനെയുള്ള പ്രത്യാശകള്‍ വ്യക്തികളെ നയിക്കുന്നു. ഈ ലോകത്തിലെ നോമ്പും പ്രാര്‍ത്ഥനയും ത്യാഗങ്ങളും വരാനുള്ള ലോകത്തിലെ നിത്യസമ്മാനത്തിനൊരുക്കുന്ന പടവുകളായി ക്രൈസ്തവര്‍ കാണണം. ഈ പ്രത്യാശ നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കും.
പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കാന്‍ വിശുദ്ധ പൗലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കൂടുതല്‍ പ്രാര്‍ത്ഥിക്കാനുള്ള സമയമായിരിക്കണം നോമ്പുകാലം. ഇടവിടാതെ നാം പ്രാര്‍ത്ഥിക്കണം. രാത്രിയുടെ താഴും പ്രഭാതത്തിന്‍റെ താക്കോലുമായി പ്രാര്‍ത്ഥന മാറണം. നിരന്തരമായി ദൈവതിരുമുമ്പാകെ മുട്ടിക്കൊണ്ടിരിക്കാന്‍ നമുക്കു കഴിയണം. പ്രാര്‍ത്ഥനാവിഷയത്തില്‍ മാറ്റങ്ങള്‍ വന്നില്ലെങ്കിലും പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മില്‍ മാറ്റങ്ങള്‍ സംഭവിക്കും.
സന്തോഷിക്കുന്നവരോടു കൂടി സന്തോഷിക്കാനും കരയുന്നവരോടുകൂടി കരയുവാനും നമുക്കു കഴിയട്ടെ. പ്രതികാരചിന്തകള്‍ ഉപേക്ഷിക്കാന്‍ നമുക്കു ശ്രദ്ധിക്കാം. പ്രതികാരം ദൈവത്തിനായി വിട്ടുകൊടുക്കുക. നമ്മുടെ നശ്വരത ഏറ്റുപറഞ്ഞ് അനശ്വരനായ ദൈവത്തിലേക്കു നമുക്കു തിരിയാം. തിരിയാനും തിരിച്ചുവരാനും ഈ അമ്പതുനോമ്പുകാലം നമ്മെ ശക്തിപ്പെടുത്തട്ടെ.