top of page
സീറോമലബാര്‍ സഭ ഈ വര്‍ഷം പ്രേഷിതവര്‍ഷമായി ആഘോഷിക്കയാണല്ലോ. ലോകത്തിന്‍റെ മുഴുവന്‍ സുവിശേഷവത്ക്കരണമാണ് പ്രേഷിതവര്‍ഷം ലക്ഷ്യമിടുന്നത്. ആഗോളസഭയിലും 2012 ഒക്ടോബര്‍ 7 മുതല്‍ 12 വരെ നടക്കുവാന്‍ പോകുന്ന അടുത്ത മെത്രാന്‍ സിനഡിന്‍റെ ചര്‍ച്ചാവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് നവസുവിശേഷവത്ക്കരണമാണ്. യേശു പ്രഘോഷിച്ച സുവിശേഷം അഥവാ സദ്വാര്‍ത്ത എല്ലാവരും അറിയുകയും സ്വീകരിക്കുകയും അതനുസരിച്ച് തങ്ങളുടെ ജീവിതം ക്രമീകരിക്കുകയും ചെയ്യുന്നതാണ് സുവിശേഷവത്ക്കരണമെന്നു പൊതുവേ പറയാം. സുവിശേഷവത്ക്കരണത്തിന്‍റെ ആദ്യപടി ഈ സുവിശേഷം എന്താണെന്നു ശരിയായി അറിയുകയാണ്. ഈ അറിവ് ക്രൈസ്തവരെ സംബന്ധിച്ചുപോലും പലപ്പോഴും വളരെ ഭാഗികവും അപൂര്‍ണ്ണവുമാണെന്നു പറയേണ്ടിയിരിക്കുന്നു.
യേശു നടത്തിയ സുവിശേഷവത്ക്കരണം
എന്തായിരുന്നു യേശുവിന്‍റെ സുവിശേഷം? ദൈവം മനുഷ്യരെ - ഓരോ മനുഷ്യനെയും എല്ലാ മനുഷ്യരെയും - വ്യവസ്ഥയില്ലാതെ സ്നേഹിക്കുകയും അവരുടെ പാപങ്ങളും തെറ്റുകളുമെല്ലാം നിരുപാധികം ക്ഷമിക്കുകയും ചെയ്യുന്ന പിതാവും, മനുഷ്യരെല്ലാവരും അവിടുത്തെ മക്കളും പരസ്പരം സഹോദരങ്ങളുമാണ്. അവരുടെ സമഗ്രമായ മോചനവും സമ്പൂര്‍ണ്ണമായ രക്ഷയും ദൈവം ആഗ്രഹിക്കുന്നു. അതിനാല്‍ അവര്‍ തങ്ങളുടെ സ്വാര്‍ത്ഥത കേന്ദ്രീകരിച്ച ജീവിതമാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച്, ദൈവേഷ്ടമനുസരിച്ചുള്ള ഒരു പുതിയ ജീവിതം ആരംഭിക്കണം. ദൈവത്തിന്‍റെ ഇഷ്ടമാകട്ടെ മനുഷ്യരുടെ - ഓരോ മനുഷ്യരുടെ - ഓരോ മനുഷ്യന്‍റെയും എല്ലാ മനുഷ്യരുടെയും- സമഗ്രമായ മോചനവും സമ്പൂര്‍ണ്ണമായ രക്ഷയുമായതിനാല്‍ അതിനുവേണ്ടി വേണം ഓരോരുത്തരും ജീവിക്കുവാന്‍. ഇതായിരുന്നു യേശു പ്രഘോഷിച്ച സുവിശേഷത്തിന്‍റെ രത്നച്ചുരുക്കമെന്നു പറയാം.
തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ത്തന്നെ ഈ സദ്വാര്‍ത്ത പ്രഘോഷിച്ചുകൊണ്ട്, യേശു പറഞ്ഞു: "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മര്‍ക്കോ 1:15). ദൈവരാജ്യം (മാലക്കൂത്ത് യാഹ്വേ) എന്ന പ്രയോഗംകൊണ്ട് യേശു ഉദ്ദേശിച്ചത് പ്രഥമവും പ്രധാനവുമായി ദൈവം ഭരിക്കുന്ന അവസ്ഥയാണ്. ഈ അവസ്ഥ സമാഗതമാകുന്നതിനുവേണ്ടിയാണ് ഇസ്രായേലിലെ പൂര്‍വ്വപിതാക്കന്മാരും പ്രവാചകന്മാരും സന്മനസ്സുള്ള സകലരും കാത്തിരുന്നത്. ഈ കാത്തിരിപ്പിന്‍റെ സമയമാണ് പൂര്‍ത്തിയായതായി യേശു പറയുന്നത്. ദൈവം ഭരിക്കുന്നത് ഒന്നാമതായി, മനുഷ്യന്‍റെ സമഗ്രമായ മോചനത്തിനുവേണ്ടിയാണ്. എല്ലാവിധത്തിലുമുള്ള അടിമത്തങ്ങളിലും ചങ്ങലകളിലും ക്ലേശങ്ങളിലും ദുരിതങ്ങളിലുംനിന്നു മനുഷ്യന്‍ മോചിതനാകണമെന്നു ദൈവം ആഗ്രഹിക്കുന്നു. അതിനുവേണ്ടി ദൈവത്തിന്‍റെ മക്കളായ എല്ലാമനുഷ്യരും പ്രയത്നിക്കണമെന്നത് ദൈവത്തിന്‍റെ തിരുമനസ്സാണ്. രണ്ടാമതായി, ദൈവം ഭരിക്കുന്നത് മനുഷ്യന്‍റെ സമ്പൂര്‍ണ്ണമായ രക്ഷയ്ക്കുവേണ്ടിയാണ്. യേശു ഇവിടെ അര്‍ത്ഥമാക്കുന്നത് മുഴുമനുഷ്യന്‍റെയും എല്ലാത്തരത്തിലുമുള്ള രക്ഷയാണ്, അല്ലാതെ ആത്മാവിന്‍റെ രക്ഷമാത്രമല്ല, മനുഷ്യന്‍ ആത്മാവും ശരീരവും കൂടിയ ഒരു ദ്വിത്വമല്ല, പ്രത്യുത മുഴുമനുഷ്യനാണ്, ഒന്നാണ്. ഈ മുഴുമനുഷ്യന് എല്ലാവിധത്തിലുമുള്ള രക്ഷ, അതായത്, ശരീരത്തിന്‍റെയും ആത്മാവിന്‍റെയും രക്ഷ, ഇഹത്തിലും പരത്തിലുമുള്ള രക്ഷ, അനുഭവവേദ്യമാകണം. അതിനുവേണ്ടി എല്ലാമനുഷ്യരും ജീവിക്കയും പ്രവര്‍ത്തിക്കയും വേണമെന്നത് ദൈവത്തിന്‍റെ തിരുമനസ്സാണ്. അങ്ങനെ മനുഷ്യര്‍ ദൈവത്തിന്‍റെ ഭരണത്തിന്‍കീഴില്‍ രോഗങ്ങളിലും വേദനകളിലുംനിന്ന്, വിശപ്പിലും പട്ടിണിയിലുംനിന്ന് സര്‍വ്വേപരി തിന്മയുടെയും പാപത്തിന്‍റെയും ബന്ധനങ്ങളില്‍ നിന്ന്, മോചിതരായി, ഏകോദരസഹോദരങ്ങളെന്ന ബോധ്യത്തോടെ സ്വാതന്ത്ര്യത്തിലും സമത്വത്തിലും സ്നേഹത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കുന്ന അവസ്ഥയാണ് യേശു വിഭാവനചെയ്തതും സമീപസ്ഥമായിരിക്കുന്നുവെന്നു പ്രഖ്യാപിച്ചതുമായ ദൈവരാജ്യം. ഈ ദൈവരാജ്യത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു യേശു പ്രഘോഷിച്ച സുവിശേഷം അഥവാ സദ്വാര്‍ത്ത. അവിടുന്നു പ്രഘോഷിച്ചതും ജീവിച്ചതും പ്രവര്‍ത്തിച്ചതും സഹിച്ചതും മരിച്ചതുമെല്ലാം ഈ ദൈവരാജ്യത്തിന്‍റെ സാക്ഷാത്ക്കാരത്തിനു വേണ്ടിയായിരുന്നു. ഇതു തന്നെയാണ് അവിടുന്നു നടത്തിയ സുവിശേഷവത്ക്കരണം. യേശു പ്രസംഗിച്ചതും ചെയ്തതുമായ മറ്റുകാര്യങ്ങളെല്ലാം ഈ സുവിശേഷവത്ക്കരണത്തിന്‍റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വ്യവസ്ഥകളും വിശദാംശങ്ങളും പരിണതഫലങ്ങളുമായിരുന്നുവെന്നു പറയാം.
വ്യാഖ്യാനങ്ങളും പ്രകാശന രീതികളും ആപേക്ഷികം
വ്യാഖ്യാനങ്ങളും പ്രകാശരീതികളും മറ്റും മാറിമാറി വരാം. അവ മാറിവരുന്ന കാലദേശ സാഹചര്യങ്ങളെയെല്ലാം ആശ്രയിച്ചിരിക്കും. എന്നാല്‍, ദൈവരാജ്യത്തെപ്പറ്റിയുള്ള സുവിശേഷത്തിന്‍റെ അന്തഃസത്തയ്ക്ക് ഒരിക്കലും മാറ്റമില്ല. ഈ അന്തഃസത്ത അഭംഗുരം പാലിക്കാന്‍വേണ്ടി അതിന്‍റെ വ്യവസ്ഥകളും പ്രകാശനരീതികളും മാറ്റേണ്ടിവരും. വിവിധ രാജ്യങ്ങളിലും വിവിധ സംസ്കാരങ്ങളിലും വിവിധ കാലഘട്ടങ്ങളിലും വ്യത്യസ്തങ്ങളായ രീതികളിലായിരിക്കും ദൈവരാജ്യത്തിന്‍റെ സുവിശേഷം അവതരിക്കപ്പെടുക. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, സുവിശേഷവത്ക്കരണത്തിനു രണ്ടുകാര്യങ്ങളാണുള്ളത്. ഒന്ന് അതിന്‍റെ അന്തഃസത്ത; രണ്ട്, കാലദേശ സാഹചര്യങ്ങളനുസരിച്ചുള്ള അതിന്‍റെ പ്രകാശനരീതികളും മാര്‍ഗ്ഗങ്ങളും മറ്റും. ഒന്ന് പ്രഥമവും പ്രധാനവുമായ കാര്യം; മറ്റേത്, ദ്വിതീയമായ, ആപേക്ഷികമായ കാര്യങ്ങള്‍. ദ്വിതീയകാര്യങ്ങളില്ലാതെ പ്രഥമവും പ്രധാനവുമായ കാര്യം സാക്ഷാത്ക്കരിക്കാനാവില്ല എന്നതു ശരിതന്നെ. എന്നാല്‍, ദ്വിതീയമായ കാര്യങ്ങള്‍ മാറ്റത്തിനും അനുരൂപണത്തിനുമെല്ലാം അധീനമാണ്. പ്രധാനമായ കാര്യത്തിന് ഒരിക്കലും മാറ്റമില്ല.
സുവിശേഷത്തില്‍ യേശുതന്നെ ഈ വ്യത്യാസം കാണിച്ചുതരുന്നുണ്ട്, ഉദാഹരണമായി, സമരിയാക്കാരി സ്ത്രീയോട് അവിടുന്നു പറഞ്ഞു: "സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജറുസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു... യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്" (യോഹ 4:21.23). അതായത്, ആരാധനയുടെ സ്ഥലവും രീതിയുമല്ല പ്രധാനം. അതെല്ലാം ദ്വിതീയമാണ്, ആപേക്ഷികമാണ്. പ്രധാനമായത്, ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണ്. അതുപോലെതന്നെ യേശു പറയുന്നുണ്ട്: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ" (മത്താ 23:23). ഈ മറ്റുള്ളവ ദ്വിതീയവും ആപേക്ഷികവുമാണെന്നും അവയ്ക്കു മാറ്റങ്ങള്‍വരാമെന്നും, എന്നാല്‍ നീതി, കാരുണ്യം, വിശ്വസ്തത തുടങ്ങിയവ സുവിശേഷത്തിന്‍റെ മാറ്റമില്ലാത്ത അടിസ്ഥാനസത്യങ്ങളാണെന്നും വ്യക്തമാണല്ലോ. അങ്ങനെ ആത്മാവിലും സത്യത്തിലുമുള്ള യഥാര്‍ത്ഥമായ ആരാധന ദൈവത്തിനു നല്കുകയും, സുവിശേഷത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളനുസരിച്ചു ജീവിക്കയും ചെയ്യുമ്പോളാണ് ഒരുവന്‍ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നത്, സുവിശേഷവത്ക്കരണം നടത്തുന്നത്. ദ്വിതീയവും ആപേക്ഷികവുമായ കാര്യങ്ങള്‍ക്ക് അമിതമായ ഊന്നല്‍ നല്കുകയും അടിസ്ഥാനപരമായ കാര്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിനെയാണ് യേശു ഇവിടെ വിമര്‍ശിക്കുന്നത്.
ആപേക്ഷിക ഘടകങ്ങളിലൂന്നിയ സുവിശേഷവത്ക്കരണം
കഴിഞ്ഞ നൂറ്റാണ്ടുകളിലെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സുവിശേഷവത്ക്കരണത്തിന്‍റെ ദ്വിതീയവും ആപേക്ഷികവുമായ കാര്യങ്ങള്‍ക്കു വളരെയധികം പ്രാധാന്യം നല്കി. 17-ാം നൂറ്റാണ്ടുമുതല്‍ നടന്ന കൊളോണിയലൈസേഷന്‍റെ കാലത്താണ് ഈ പ്രവണത സഭയില്‍ കൂടുതല്‍ പ്രകടമായതെന്നു പറയാം. ഇന്ന് അതു വളരെയധികം ശക്തിപ്പെട്ടിരിക്കയുമാണ്. ആരാധനാനുഷ്ഠാനക്രമങ്ങള്‍, പെരുന്നാളുകള്‍, പ്രദക്ഷിണങ്ങള്‍, തീര്‍ത്ഥാടനങ്ങള്‍, നൊവേനകള്‍, വിശ്വാസപ്രഖ്യാപനറാലികള്‍,വചന വിളംബരജാഥകള്‍, ബൈബിള്‍ റാലികള്‍, തിരുശേഷിപ്പു പേടകറാലികള്‍ തുടങ്ങിയവയാണ് ക്രൈസ്തവജീവിതത്തിന്‍റെ ജീവനാഡിയായി കരുതപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും. ഇവയെല്ലാം ആഘോഷിക്കുന്നതോടൊപ്പം അഥവാ അതിനെക്കാള്‍ ജീവോര്‍ജ്ജം ചെലവഴിച്ചും ധനസമാഹരണശേഷി വ്യയം ചെയ്തും പേര്‍സണേലിനെ വിന്യസിച്ചും സഭ നടത്തുന്ന ഭീമമായ സംരംഭങ്ങളാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍, ഇംഗ്ലീഷ്മീഡിയം സ്കൂളുകള്‍, ആര്‍ട്സ് കോളേജുകള്‍, എന്‍ജിനീയറിംഗ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, മറ്റു തൊഴില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയവ. ഇവയെല്ലാം യഥാര്‍ത്ഥമായ സുവിശേഷവത്ക്കരണത്തെ എത്രമാത്രം സഹായിക്കുന്നുണ്ടെന്ന് ചിന്തിച്ചുനോക്കേണ്ട കാര്യമാണ്. ചിലപ്പോള്‍ ഇവ സുവിശേഷത്തിന് എതിര്‍സാക്ഷ്യമായിത്തീരുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ട്. പൗരന്മാരുടെ വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ആരോഗ്യപരിപാലനവുമെല്ലാം സര്‍ക്കാരിന്‍റെ കടമകളാണ്. സര്‍ക്കാര്‍ പണ്ടൊക്കെ അതു ചെയ്യാത്തപ്പോള്‍, അതു ചെയ്യുവാന്‍ സഭ മുമ്പോട്ടുവന്നത് സുവിശേഷവത്ക്കരണമായിരുന്നു, പ്രേഷിതപ്രവര്‍ത്തനമായിരുന്നു. എന്നാല്‍ ഇന്ന് സര്‍ക്കാരിനോടും മറ്റ് ഏജന്‍സികളോടും മത്സരിച്ച് സഭ ഇതു ചെയ്യേണ്ടതുണ്ടോ, ചെയ്താല്‍ അതു സുവിശേഷത്ക്കരണമാകുമോ എന്നതാണ് ചിന്താവിഷയമാക്കേണ്ടത്. സഭയുടെ അസ്തിത്വത്തിന്‍റെ ലക്ഷ്യംതന്നെ സുവിശേഷവത്ക്കരണമാണെന്ന സത്യം മറന്നുകൂടല്ലോ. പ്രതിഫലേച്ഛയില്ലാതെ സഭ നടത്തുന്ന ആകാശപ്പറവ സങ്കേതങ്ങളും എയ്ഡ്സ് രോഗീശുശ്രൂഷാകേന്ദ്രങ്ങളും അനാഥാലയങ്ങളും വൃദ്ധമന്ദിരങ്ങളും ശിശുഭവനങ്ങളുമൊക്കെ സുവിശേഷവത്ക്കരണത്തിന്‍റെ ഉദാത്ത മാതൃകകളും സാക്ഷ്യങ്ങളുമാണെന്നതില്‍ സംശയമില്ല. കാരണം, സുവിശേഷവത്ക്കരണത്തിന്‍റെ പ്രഥമവും അടിസ്ഥാനപരവുമായ കാര്യങ്ങളിലേക്കാണ് ഇവിടെ സഭയുടെ ശ്രദ്ധ പതിയുന്നത്.
നവസുവിശേഷവത്ക്കരണം ശ്രദ്ധ ചെലുത്തേണ്ടതും ഊന്നല്‍ നല്കേണ്ടതും ഇങ്ങനെയുള്ള പ്രഥമവും അടിസ്ഥാനപരവുമായ കാര്യങ്ങളിലേക്കാണെന്നാണ് എനിക്കു തോന്നുന്നത്. പ്രഥമവും മൗലികവുമായ കാര്യങ്ങളെ മറന്ന് ദ്വിതീയവും ആപേക്ഷികവുമായ കാര്യങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്കിയതുകൊണ്ടാണ് കഴിഞ്ഞ കാലങ്ങളിലെ സുവിശേഷവത്ക്കരണം പലടത്തും പരാജയപ്പെട്ടതെന്നു പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ ആപേക്ഷികവും അപ്രധാനവുമായ കാര്യങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്കിയതിന്‍റെ ഫലമാണ് ഇന്നു സഭയിലുണ്ടായിരിക്കുന്ന റീത്തുവഴക്കുകളും റീത്താഭ്യന്തര വഴക്കുകളും കോലഞ്ചേരി താലോര്‍ പ്രശ്നങ്ങളും വിവിധ സെക്ടുകളുടെ ഉദയവും വളര്‍ച്ചയുമെല്ലാം. ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിയാലും നാം കാണുന്നത്, സഭയിലുണ്ടായിട്ടുള്ള ഭിന്നിപ്പുകള്‍ക്കെല്ലാം കാരണം പ്രഥമവും അടിസ്ഥാനപരവുമായ കാര്യങ്ങളിലുള്ള വിയോജിപ്പല്ല, പ്രത്യുത ദ്വിതീയവും ആപേക്ഷികവുമായ കാര്യങ്ങളിലുള്ള പിടിവാശിയും അസഹിഷ്ണുതയും അനുരൂപണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കുമെതിരെയുള്ള അന്ധമായ നിലപാടുകളുമെല്ലാമാണെന്നാണ്.
അന്തഃസത്തയ്ക്കു സാര്‍വ്വത്രിക സ്വീകാര്യത
യേശു പ്രഘോഷിച്ച സുവിശേഷത്തിന്‍റെ അന്തഃസത്തയുടെ കാര്യത്തില്‍ ക്രൈസ്തവര്‍ക്കു മാത്രമല്ല, അക്രൈസ്തവര്‍ക്കുപോലും യോജിപ്പാണുള്ളത്. ഈ അന്തഃസത്ത യഥാര്‍ത്ഥത്തില്‍ നാം ജീവിക്കുമ്പോളാണ് മുഖ്യമായും അതു നാം പ്രഘോഷിക്കുന്നത്. അതു നാം ജീവിക്കുന്നതിനു മറ്റാര്‍ക്കും എതിര്‍പ്പുണ്ടാകയില്ല. അങ്ങനെ ക്രൈസ്തവരായ നാം യേശു പ്രഘോഷിച്ച സുവിശേഷത്തിന്‍റെ അന്തഃസത്ത ജീവിക്കുമ്പോള്‍, അതു മറ്റുള്ളവരുടെ മുമ്പിലുള്ള ഒരു സുവിശേഷപ്രഘോഷണമായിരിക്കും. മറ്റുള്ളവരെയും ഈ അന്തഃസത്തയിലേക്ക് ആകര്‍ഷിക്കുകയായിരിക്കും അപ്പോള്‍ നാം ചെയ്യുക. അതുതന്നെയാണ് യഥാര്‍ത്ഥമായ സുവിശേഷവത്ക്കരണം. ഈ സുവിശേഷവത്ക്കരണം നടക്കേണ്ടത് ആദ്യമായും മുഖ്യമായും ക്രൈസ്തവര്‍ക്കിടയില്‍ തന്നെയാണ്. യേശുവിന്‍റെ സുവിശേഷത്തിന്‍റെ ഈ അന്തഃസത്ത നാം ജീവിക്കാന്‍ തുടങ്ങുമ്പോള്‍, ദ്വിതീയവും ആപേക്ഷികവുമായ കാര്യങ്ങള്‍ തന്നെ വന്നുകൊള്ളും. അവയെപ്പറ്റി മല്ലടിക്കയോ സ്ഥലകാല വ്യത്യാസങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ക്കെതിരേ പ്രതിഷേധിക്കയോ ഒന്നും ചെയ്യേണ്ടയാവശ്യമില്ല. അന്തഃസത്തതന്നെ അതെല്ലാം നിര്‍ണ്ണയിച്ചുകൊള്ളും.
ദ്വിതീയവും ആപേക്ഷികമായ കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുത്തുകൊണ്ടുള്ളതായിരുന്നു ഇതുവരെയുള്ള നമ്മുടെ സുവിശേഷവത്ക്കരണ പരിശ്രമങ്ങള്‍. പകരം, അന്തഃസത്തയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ട് സുവിശേഷവത്ക്കരണത്തിനു നാം ശ്രമിക്കയാണെങ്കില്‍, അതുതന്നെയായിരിക്കും നവസുവിശേഷവത്ക്കരണം. സീറോമലബാര്‍ സഭയുടെ പ്രേഷിതവര്‍ഷാചരണവും ആഗോളസഭയുടെ നവസുവിശേഷവത്ക്കരണ ശ്രമങ്ങളും ഈ ദിശയിലേക്കു നീങ്ങുമെന്നു പ്രത്യാശിക്കയും, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കുവാന്‍ പരിശ്രമിക്കുകയും ചെയ്യാം.