top of page

മരച്ചുവട്ടില്‍ അവള്‍ കണ്ണാടി നോക്കുന്നു!

Aug 2, 2023

3 min read

George Valiapadath Capuchin
St. Clare of Assisi

ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം അസ്സീസിയിലെ ഫ്രാന്‍സിസിലും ബോനവെഞ്ചറിലും സ്കോട്ടസിലും മറ്റും ഒതുങ്ങുന്നതല്ല. അസ്സീസിയിലെ ക്ലാരയും അവളുടെ പിന്‍ഗാമികളും കൂടി ചേര്‍ത്തുവയ്ക്കുന്ന മിസ്റ്റിസിസത്തിന്‍റെ ഏടുകള്‍ തുല്യമായി വരുന്നുണ്ടതില്‍. മറ്റനേകം വിശുദ്ധരുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ ഫ്രാന്‍സിസ്. അതേസമയം, വെറും നാലഞ്ച് കത്തുകളും, തന്‍റെ സഹോദരി സംഘത്തിനായി എഴുതിയ നിയമാവലിയും പിന്നെ അവളുടെ മരണപത്രവും മാത്രമേ ക്ലാരയുടേതായി നമുക്ക് ലഭ്യമായിട്ടുള്ളൂ. ആവൃതികള്‍ക്കകത്ത് ജീവിച്ച ഒരു തപസ്വിനിയില്‍ നിന്ന് അത്രയെങ്കിലുമൊക്കെ നമുക്ക് ലഭിച്ചല്ലോ എന്നോര്‍ത്ത് ആശ്വസിക്കാം.


അസ്സീസി പട്ടണത്തിനു വെളിയില്‍, തകര്‍ന്നു പോകാന്‍മാത്രം പഴക്കമുള്ള ഒരു പള്ളിയിലും പഴയ വൈദിക ഭവനത്തിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ക്ലാര എന്ന പ്രഭുകുമാരിയുടെയും സഹോദരിമാരുടെയും ജീവിതം അക്കാലത്തുതന്നെ രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. ബൊഹീമിയന്‍ രാജാവിന്‍റെ രാജകുമാരിയായിരുന്നു ആഗ്നസ്. അതീവ സുന്ദരിയായിരുന്ന അവള്‍ക്ക് അനവധി പ്രമുഖരുടെ വിവാഹാലോചനകളാണ് വന്നത്. ഏതാണ്ട് യൂറോപ്പ് മുഴുവന്‍ ഭരിക്കുകയാണ് റോമാ ചക്രവര്‍ത്തി അന്ന്. റോമാ ചക്രവര്‍ത്തി ബൊഹീമിയയിലെ രാജകുമാരിയായ ആഗ്നസിന്‍റെ സൗന്ദര്യത്തെ ക്കുറിച്ച് കേട്ടറിഞ്ഞു. അദ്ദേഹം അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. എന്നാല്‍, ക്ലാരയെയും സഹോദരിമാരെയും അവര്‍ ഇറ്റലിയിലെ അസ്സീസി യില്‍ നയിച്ചുവരുന്ന താപസ ജീവിതത്തെയുംകുറിച്ച് കേട്ടറിഞ്ഞ ആഗ്നസിനും ക്ലാരയെപ്പോലെ ജീവിക്കണമെന്നതായി ആഗ്രഹം. അങ്ങനെ ചക്രവ ര്‍ത്തിയുടെ വിവാഹാഭ്യര്‍ത്ഥനയും ചക്രവര്‍ത്തിനി പട്ടവും വേണ്ടെന്നുവച്ചാണ് അവള്‍ കൊട്ടാരം വിട്ടിറങ്ങിയത്. കേട്ടറിഞ്ഞ അറിവുവച്ച് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ അവളും ക്ലാരയെപ്പോലെ ജീവിക്കാനാരംഭിച്ചു. തപസ്വിനിയായ ആഗ്നസിനോടൊപ്പം പലരും കൂടെച്ചേര്‍ന്ന് അവള്‍ക്കും സഹോദരിമാര്‍ ഉണ്ടായി. അക്കാലത്ത് ഇന്നത്തെ ചെക്ക് നാടും ആസ്ട്രിയയും ആല്‍പ്സ് പര്‍വ്വത നിരയും മുറിച്ചുകടന്ന് ഇറ്റലിയുടെ ഏതാണ്ട് മധ്യ ത്തിലുള്ള അസ്സീസിയില്‍ ഒരു കത്ത് നടന്നെ ത്തണമെങ്കില്‍ മാസങ്ങളെടുക്കുമായിരുന്നു. തപസ്വിനിയായി മാറിയ ആഗ്നസ്, അങ്ങനെ, ഉപദേശം യാചിച്ചുകൊണ്ട് ക്ലാരക്ക് കത്തെഴുതുന്നു. അതിന് മറുപടിയായാണ് ഒരമ്മയുടെ വാത്സല്യവും കരുതലും നിറച്ച് ക്ലാര ആഗ്നസിനെഴുതുന്നത്. അങ്ങനെ ക്ലാരയെഴുതിയ നാല് കത്തുകളാണ് നമുക്കിന്ന് ലഭ്യമായിട്ടുള്ളത്. നിയമാവലിയിലും മരണപത്രത്തിലും സാധ്യമായ ആത്മപ്രകാശനത്തിന് പരിമിതികളുണ്ട്. മറ്റൊരാള്‍ക്ക് എഴുതുന്ന വ്യക്തിപരമായ കത്തുകളില്‍ ആത്മപ്രകാശനത്തിന് അത്രതന്നെ പരിമിതികളുണ്ടാവില്ല. അങ്ങനെ നോക്കുമ്പോള്‍ ക്ലാര പ്രാഗിലെ ആഗ്നസിന് എഴുതിയ നാല് കത്തുകളിലൂടെയാണ് അവളുടെ മിസ്റ്റിസിസത്തിന്‍റെ ആഴങ്ങള്‍ നമുക്ക് വെളിപ്പെ ട്ടുകിട്ടുക.


ഇവയില്‍ ആദ്യത്തെ കത്ത് സാമാന്യം ഔപചാരികമാണ്. രണ്ടാമത്തെ കത്തിലാണ് "ഏറ്റവും കുലീനയായ രാജ്ഞീ, നീ ക്രൂശിതനായവനെ നോക്കിയിരിക്കുക (gaze upon) അവനെ പരിഗണിക്കുക (consider), അവനെ ആഴത്തില്‍ നോക്കുക(contemplate), അവനെ അനുഗമിക്കാനാഗ്രഹിക്കുക (desire to imitiate) എന്ന് ഫ്രാന്‍സിസ്കന്‍ രീതിയിലുള്ള ധ്യാനത്തിന്‍റെ നാല് പടവുകളെ അവളില്‍നിന്ന് നാം പരിചയപ്പെടുന്നത് (വാക്യം 20). ഒരു യുവതി തന്‍റെ മനസ്സിനിണങ്ങിയവനെ ശ്രദ്ധിക്കുന്നതും അവനെ പരിഗണിക്കാന്‍ തുടങ്ങുന്നതും കൂടുതല്‍ ആഴത്തില്‍ അവനിലെ നന്മകളെ കണ്ടെത്തുന്നതും അവനുമായി ഹൃദയൈക്യപ്പെടുന്നതുമായ സൂചനകളുണ്ട് ഇവിടെ. ആഴമാര്‍ന്ന ക്രൈസ്തവ ധ്യാനത്തിന്‍റെ അനുശീലനമാണ് ആഗ്നസിനായി ക്ലാര ഇവിടെ വരച്ചിടുന്നത്.


മൂന്നാമത്തെയും നാലാമത്തെയും കത്തുകളിലാണ് (പിന്നെ മരണപത്രത്തിലും) കണ്ണാടി എന്ന രൂപകം ക്ലാര പ്രാധാന്യത്തോടെ ഉപയോഗിക്കുന്നത്. ക്ലാര 'കണ്ണാടി' എന്ന് പറയുമ്പോള്‍, ഇന്ന് കാണുന്ന തരം നിലക്കണ്ണാടികളെ നാം നിരൂപിച്ചുകൂടാ. അക്കാലത്ത് നാം കാണുന്നതരം ചില്ലുകണ്ണാടികള്‍ ഉണ്ടായിട്ടില്ല. വൃത്താകൃതിയിലുള്ള ലോഹക്കണ്ണാടി കളേ അക്കാലത്തുള്ളൂ. അപ്പോഴും നമ്മുടെ ഇന്നത്തെ ആറന്മുളക്കണ്ണാടിയുടെ തെളിമയൊന്നും പ്രതീക്ഷിക്കരുത്. മധ്യഭാഗത്തു മാത്രം കുറേ യൊക്കെ വ്യക്തതയോടെ പ്രതിഛായ പ്രതിബിംബി പ്പിക്കാന്‍ പോന്ന, മധ്യം വിട്ട് അരികുകളിലേക്ക് നീങ്ങുമ്പോള്‍ അവ്യക്തമായ പ്രതിരൂപം മാത്രം പ്രദാനം ചെയ്യുന്നതരം ലോഹക്കണ്ണാടികളേ അന്നുണ്ടായിരുന്നുള്ളൂ. അതും, പ്രഭുകുടുംബങ്ങളിലും അന്തഃപുരങ്ങളിലും രാജമന്ദിരങ്ങളിലും മാത്രം!


ആഗ്നസിനുള്ള മൂന്നാമത്തെകത്തില്‍ ഏറ്റവും അവധാനതയോടെ എഴുതപ്പെട്ട ഈ ഭാഗം നാം കാണാതെ പോകില്ല:

'നിത്യതയുടെ കണ്ണാടിക്കുമുന്നിലായി നിന്‍റെ മനസ്സിനെ നീ പ്രതിഷ്ഠിക്കുക,

മഹത്ത്വത്തിന്‍റെ ഉജ്ജ്വലതക്കുമുന്നില്‍ നിന്‍റെ ആത്മാവിനെ നീ ഇരുത്തുക,

ദൈവിക സത്തയുടെ രൂപത്തില്‍ നിന്‍റെ ഹൃദയത്തെ നീ പ്രതിഷ്ഠിക്കുക,