ജോര്‍ജ് വലിയപാടത്ത്
Oct 4
ഒരു സ്വകാര്യാനുഭവമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സെമിനാരിയിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വല്യച്ചന്മാര്‍ മാത്രം പാര്‍ക്കുന്ന ഞങ്ങളുടെ ഒരാശ്രമത്തില്‍ പാതിരാനേരത്തു ചെന്നു. വെറുതെ മണിയടിച്ച് അവരെ ശല്യപ്പെടുത്തേണ്ട എന്നോര്‍ത്തിട്ട് പുറത്ത് കൂനിപ്പിടിച്ചിരുന്ന് ഉറക്കം തൂങ്ങി. ഒന്നു രണ്ടുപേര്‍ മുന്‍പില്‍ വന്നു നില്‍ക്കുമ്പോഴാണ് സ്ഥലകാലബോധമൊക്കെ വരുന്നത്. നൈറ്റ് പട്രോളിംഗിനു വരുന്ന പോലീസാണ്. അവര്‍ ചോദ്യംചെയ്തു തുടങ്ങി.
'നീയന്താ ഇവിടെ?'
'ഞാനീ ആശ്രമത്തിലെയാ'
'ആശ്രമത്തിലുള്ള എല്ലാവരും അകത്താണ്. നീ പുറത്താണല്ലോ, വിളിക്ക് ആരെങ്കിലും വരട്ടെ.' അതില്‍ വലിയൊരപകടമുണ്ട്. സ്വന്തം പേരുപോലും മറന്നു തുടങ്ങിയിരിക്കുന്ന ഒരു വല്യച്ചനുണ്ടിവിടെ. ഉറക്കമില്ലാത്ത ഒരാള്‍ അദ്ദേഹമാണ്. ആരു മണിയടിച്ചാലും ആദ്യം ഓടിയെത്തുക അദ്ദേഹമായിരിക്കും. ആ വല്യച്ചനാണ് വരുന്നതെങ്കില്‍ പിന്നെ എന്‍റെ കാര്യം അത്ര ഭംഗിയുള്ളതാവില്ല. ആകപ്പാടെ പ്രാര്‍ത്ഥിച്ചത,് ആരും വന്നില്ലെങ്കിലും അദ്ദേഹം വരല്ലേ എന്നാണ്. എന്നാല്‍ അതിനേക്കാള്‍ മുന്‍പെ മറ്റൊരു വല്യച്ചന്‍ വന്നു. പുറത്തേക്കു വന്നിട്ട് എന്താണ് സംഭവിച്ചതെന്നുപോലും ചോദിക്കുന്നില്ല. എന്തോ ഒരു പന്തികേടില്‍ നമ്മള്‍ പെട്ടെന്നു മാത്രം മനസ്സിലാക്കുന്നു. കുതിച്ചു മുന്‍പോട്ടു വന്നിട്ട് അക്ഷരാര്‍ത്ഥത്തില്‍ ആ പോലീസുകാരുടെ കയ്യില്‍നിന്ന് എന്നെ തട്ടിയെടുത്തു. എന്നിട്ട് ചേര്‍ത്തുപിടിച്ചുകൊണ്ടു പറഞ്ഞു. "ഞങ്ങളുടെ കൊച്ചാണ,് എന്തുവേണം?" ജീവിതത്തില്‍ വല്ലാതെ അപമാനകരമായ നിമിഷങ്ങളില്‍ ആഗ്രഹിക്കുന്ന ഒരു വാക്കാണിത്. 'ഞങ്ങളുടേത്' 'എന്‍റേത്'. ലേകത്തിലേറ്റവും ഭംഗിയുള്ള പദങ്ങളില്‍ ചിലതാണിത്. എന്‍റെ കുഞ്ഞ്, എന്‍റെ പുരുഷന്‍, എന്‍റെ സ്ത്രീ, എന്‍റെ ഭൂമി, ഞങ്ങളുടെ അപ്പം, ഞങ്ങളുടെ പിതാവ്... ഒരു ചെറിയ പദത്തിന് ഇത്രയേറെ ഊര്‍ജ്ജം പകരാനാവുമെന്ന് നിരന്തരം നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന എത്ര അനുഭവങ്ങളുണ്ട്!
യേശുവും ആ വാക്കിന്‍റെ ബലത്തില്‍ ജീവിച്ചൊരാളാണ്. പുഴയില്‍ മുങ്ങാന്‍ ഊഴം കാത്തുനില്‍ക്കുകയാണ്. സ്നാപക യോഹന്നാന്‍ യേശുവിനെ തിരിച്ചറിയുന്നതുപോലെയൊക്കെ സംഭവിക്കട്ടെ എന്നു പറഞ്ഞ് സാധാരണക്കാരില്‍ നിന്നു വഴിമാറി നടക്കാതെ പുഴയില്‍ മുങ്ങിപ്പൊങ്ങുന്നു. പെട്ടെന്ന് ആകാശം അവന്‍റെ മീതേ ഇങ്ങനെയാണല്ലോ പറഞ്ഞത്, 'ഇവന്‍ എന്‍റെ പ്രിയപ്പെട്ടവന്‍.'
You are my beloved... B Hcp prefix കൊടുക്കുന്ന ബലം 'എന്‍റെ' എന്ന ബോധം അവസാനത്തോളം യേശു കൂടെക്കൊണ്ടുനടന്നു. കുരിശില്‍ മുങ്ങിത്താഴുമ്പോള്‍ അതേ ശബ്ദമാണ് യേശു വീണ്ടുമുയര്‍ത്തുന്നത് 'എന്‍റെ ദൈവമേ! എന്‍റെ ദൈവമേ!...' ജീവിതം കൈവിട്ടു പോകുമ്പോഴും ആ വാക്കിന്‍റെ മൂല്യത്തെക്കുറിച്ച് യേശു ബോധവാനായിരുന്നു.
ഒരിക്കല്‍ എന്നോട് ആകാശം പറഞ്ഞിട്ടുണ്ട്. നീ എനിക്ക് പ്രിയപ്പെട്ടവനാണ്...
സുവിശേഷം തുടങ്ങുമ്പോള്‍ ആദ്യം ഉപയോഗിക്കുന്ന വാക്ക് 'റാബി' എന്നാണ്. 'ഗുരു' എന്നു മാത്രമേ അര്‍ത്ഥമുള്ളൂ. എന്നാല്‍ സുവിശേഷം തീരുമ്പോള്‍ ഇങ്ങനെ വായിച്ചു കേള്‍ക്കുന്നു. 'റബ്ബോനി.' ഒരു സ്ത്രീ പ്രണയത്താല്‍ ഇങ്ങനെ അവനോട് കുരുക്കുകയാണ് 'റബ്ബോനി' 'എന്‍റെ ഗുരു'. പെട്ടെന്ന് ആ പദത്തിന് എത്ര ഗുരുത്വമുണ്ടാകുന്നു! സ്ത്രീകളെ Represent ചെയ്ത് മറിയം അതു പറയുമ്പോള്‍ പുരുഷന്മാരെ പ്രതിനിധാനം ചെയ്തുകൊണ്ട് തോമസും അതുതന്നെ പറയുന്നുണ്ട്. 'എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!'
മഹാഭാരതം കിളിപ്പാട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമാണല്ലോ എഴുത്തച്ഛന്‍റെ പാര്‍ത്ഥസാരഥി വര്‍ണ്ണന... നിരന്ന പീലികള്‍ നിരക്കവെ... എന്നാരംഭിക്കുന്ന ആ സ്തുതിയുടെ വശ്യത അതിന്‍റെ താളമോ, പദവിന്യാസമോ അലങ്കാരമോ മാത്രമാണെന്നു കരുതുന്നില്ല. കാഴ്ചയുടെ ഒരു അലൗകിക വിസ്മയം അതിലുണ്ട്.
'പദസരോരുഹയുഗവുമെന്നുടെ ഹൃദയം
തന്നിലങ്ങിരിക്കും പോലെയാ മണിരഥം
തന്നിലകം കുളിര്‍ക്കെ മണിവര്‍ണ്ണന്‍
തന്നെത്തെളിഞ്ഞു കണ്ടു ഞാന്‍'
ഹൃദയത്തില്‍ന്നും പുറപ്പെടാത്ത വാക്കുകള്‍ നിര്‍ജ്ജീവങ്ങളായി മാറുമെന്ന ഷേക്സ്പിയറിന്‍റെ ഉദ്ധരണിയുടെ പൊരുളിതാകാം. എന്‍റേതായി തിരിച്ചറിയുന്നതിലെ ആത്മീയത. ചുരുക്കത്തില്‍ എന്താണ് ഈ ആത്മീയത എന്നു പറയുന്നതെന്ന ചോദ്യം ഈ വാക്കുകള്‍ അവശേഷിപ്പിക്കുന്നുണ്ട്. It’s an art of relative. നിങ്ങള്‍ പാര്‍ക്കുന്ന ലോകത്തോട് ബന്ധപ്പെട്ടു ജീവിക്കാന്‍ നടത്തുന്ന വളരെ പ്രകാശമുള്ള ഒരു ശ്രമത്തിന്‍റെ പേരാണ് ആത്മീയത. ആ പദം ഒഴിവാക്കാനാവില്ല. ഓരോ ദിവസവും കഴിയുന്തോറും അതിന്‍റെ ആഴം വെളിപ്പെട്ടു കിട്ടുന്നുണ്ട്. ലോകത്തോട് ബന്ധപ്പെട്ടു ജീവിക്കാന്‍ പരിശീലിച്ച ഗുരുക്കന്മാരെല്ലാം മനോഹരങ്ങളായ പദങ്ങളും രൂപകങ്ങളും സമ്മാനിച്ചുകൊണ്ട് നമ്മുടെ ഭാഷയെ അകപ്പൊരുളിന്‍റെ മിന്നല്‍പ്പിണരുകളായി മാറ്റി...
വേദപുസ്തകത്തില്‍ യേശു തരുന്ന അഞ്ചു സൂചനകളുണ്ട്. ഒന്ന്, വിളക്കു കൊളുത്തി നില്‍ക്കുകയാണ്. രാത്രിയുടെ ഏതു യാമത്തിലും എത്തിച്ചേരാവുന്ന യജമാനനുവേണ്ടി വിളക്കുകൊളുത്തി കാത്തിരിക്കുന്ന മനുഷ്യര്‍. ലോകത്തെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്ന മിഴിവിളക്കുകള്‍. 'വിളക്കേന്തിയ വനിത' എന്നൊക്കെയുള്ള വിശേഷണങ്ങള്‍ ഉണ്ടല്ലോ. ആരുടെ കയ്യിലാണ് വിളക്കില്ലാത്തത്? ഒരിക്കല്‍ വായിച്ചറിഞ്ഞ ഒരു കാര്യമാണ്. വിദേശത്ത് ഒരു ഗ്യാസ് സ്റ്റേഷനില്‍ ഇരുന്ന് ഒരാളിങ്ങനെ എല്ലാ വാഹനങ്ങളിലും വരുന്ന മനുഷ്യരെ ഉറ്റു നോക്കിയിരിക്കുന്നു. വയോധികനാണ്. നല്ല മഞ്ഞുപെയ്യുന്ന രാവ്. ഒടുവില്‍ ഒരു ചെറുപ്പക്കാരന്‍റെ അടുത്തു ചെന്നിട്ടു ചോദിച്ചു: 'എന്നെക്കൂടി കൂട്ടാമോ'? പോകുന്ന വഴിക്കു ചെറുപ്പക്കാരന്‍ ചോദിക്കുന്നുണ്ട്. 'എന്തു മാത്രം മനുഷ്യര്‍ ഈ വഴിക്കു പോയതാണ്! എന്തിനാണ് ഇത്രയും കാത്തു നിന്നത്?' 'ഇവിടെ വന്ന ഓരോ മനുഷ്യന്‍റെയും കണ്ണുകളിലേയ്ക്ക് ഞാന്‍ പാളിനോക്കുമായിരുന്നു. അവരിലാരിലും ഇങ്ങനെ സ്വാഗതം ചെയ്യുന്ന ഭാഷ ഇല്ലായിരുന്നു. അവരുടെ മിഴികള്‍ അടച്ചു തഴുതിട്ടിരുന്നു. നിന്‍റെ മിഴികളില്‍ എന്തോ ഒന്നു കത്തുന്നത് ഞാന്‍ കണ്ടു!' അയാള്‍ മറുപടി പറഞ്ഞു.
രണ്ട്, അരമുറുക്കി സേവനസന്നദ്ധരാകുക എന്നതാണ് സംലഭ്യമായിരിക്കുക. നമുക്ക് ചിലരെ സമീപിക്കാന്‍ പേടിയുണ്ടാകും. അവരുടെ ശരീരഭാഷയില്‍ വല്ലാത്തൊരു തിടുക്കം അനുഭവപ്പെടുന്നതിനാല്‍... മാര്‍പ്പാപ്പ വൈദികര്‍ക്കു നല്‍കിയ സന്ദേശത്തില്‍ സൂചിപ്പിക്കുന്ന ഒരു വൈദികനുണ്ട്. അദ്ദേഹം ഒരു പള്ളിയിലെ കുമ്പസാരക്കാരനാണ്. കുമ്പസാരക്കൂടൊഴിയുന്ന സമയത്ത് ഇദ്ദേഹം പുറത്തേയ്ക്കു വന്ന് കുട്ടികളുടെ ഫുട്ബോളിന്‍റെ പാര്‍ട്സ് ഒട്ടിച്ചുകൊടുക്കുക, റിപ്പെയര്‍ ചെയ്യുക... അതുപോലെ വലിയ ഒരു ചൈനീസ് ഡിക്ഷണറിയുണ്ട്. അതിന്‍റെ താളുകള്‍ മറിച്ച് പുതിയ പദങ്ങള്‍ പഠിക്കുക ഇതൊക്കെയാണ് ചെയ്തുകൊണ്ടിരു ന്നത്. ഒരു strange experience എന്തുകൊണ്ട്? എന്നതിനുള്ള വിശദീകരണം ഇതായി രുന്നു. ചൈനീസ് നിഘണ്ടു മറിച്ചുകൊണ്ടിരുന്ന എന്നെ കാണുമ്പോള്‍ മനുഷ്യര്‍ക്കു തോന്നും ഞാന്‍ ഫ്രീ ആയ ഒരാളാണ്. ചില കാര്യങ്ങള്‍ പോയി സംസാരിക്കാമെന്ന്... അവര്‍ക്കു തിരക്കുകളില്ലാതെയല്ല... ലോകത്തോട് സംവദിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യര്‍. ദരിദ്രനായ മനുഷ്യനാണ് സംലഭ്യനായ മനുഷന്‍.
മൂന്ന്, ആഴങ്ങളിലേയ്ക്കുപോയി വലയെറിയുക എന്നു പറയുംപോലെ കൂടുതല്‍ അഗാധമായ ജീവിതാനുഭവങ്ങ ളിലേക്കുള്ള ക്ഷണമാണ്. വീരാന്‍ കുട്ടിയുടെ ഒരു കവിത കണക്കാണ്: ഭൂമിക്കടിയില്‍ വേരുകള്‍കൊണ്ട് കെട്ടിപ്പിടിക്കുന്നു,
ഇലകള്‍ തമ്മില്‍ തൊടുമെന്നു പേടിച്ച് നാം അകറ്റി നട്ട മരങ്ങള്‍; പരസ്പരം തൊടാതിരിക്കാനായി അകറ്റി നട്ട മരങ്ങള്‍ ആഴങ്ങളില്‍ പുണര്‍ന്നും പുല്‍കിയും നില്‍ക്കുന്ന പ്രകൃതിതത്വം പോലെയുള്ള മനുഷ്യജീവിതം.
നാല്, കടപ്പുറത്തു മുഴങ്ങുന്ന ഏറ്റവും ഭംഗിയുള്ള കവിത ഇതാണെന്നു തോന്നുന്നു 'മീന്‍ പിടിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെ നോക്കി, നീ മനുഷ്യരെ പിടിക്കുന്നവരാകുക.' മനുഷ്യനാണ് അടിസ്ഥാന ഏകകം. ഇതു മനസ്സിലാക്കി യാല്‍ കൃഷിക്കാര്‍ക്കെങ്ങനെ വിഷം പ്രയോഗിക്കാനാകും? കച്ചവടക്കാര്‍ക്കെ ങ്ങനെ ഭക്ഷണത്തില്‍ മായം ചേര്‍ക്കാ നാകും? Toxology വിഷവിജ്ഞാനീയമാണ്. അതില്‍ ഒട്ടുംതന്നെ കവിതയില്ല. വളരെ ഉപരിതലസ്പര്‍ശിയായി പറഞ്ഞു പോകുന്ന ആ Textല്‍ ഇങ്ങനെ കാണുന്നുണ്ട്: "ലോകത്തിലേറ്റവും ഹീനമായ കാര്യം വിഷം കൊടുത്തു കൊല്ലുകയാണ്. അതു കുടിക്കുമ്പോഴും അതു കൊടുക്കുന്നവനെക്കുറിച്ച് നല്ല വിശ്വാസമാണ്."
ആഴവും ഭംഗിയുമുള്ള മനുഷ്യബോധം ലോകത്തെ പുതുക്കിപ്പണിയുവാന്‍ അനിവാര്യമാണ്. ഒറ്റയ്ക്ക് ഒരു കുടുസ്സുമുറിയില്‍ ഇരുന്നു എഴുതുന്നവരും ധ്യാനിക്കുന്നവരും ലോകത്തിലേയ്ക്ക് വികസ്വരമാകുവാനാണ് ശ്രമിക്കുക. ഒരു വ്യക്തിയുടെയോ ദേശത്തിന്‍റെയോ വംശത്തിന്‍റെയോ ഐഡന്‍റിറ്റിയുടെ സൂചകമായി മാറാന്‍ പര്യാപ്തമായ വാക്കുകള്‍... എന്‍റെ, ഞങ്ങളുടെ... എന്നാല്‍ വാക്കുകള്‍ സഞ്ചരിച്ചെത്തുന്ന ഇടങ്ങളില്‍ ഈ പദങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഞെരുങ്ങുന്നുണ്ടോ? ഉണ്ടെങ്കില്‍ മനുഷ്യന്‍ എന്ന വിശാലസങ്കല്പത്തിലേയ്ക്ക് എത്തിച്ചേരുവാന്‍ ആ പദങ്ങള്‍ക്കു വഴി തെളിക്കുക. മിഴികളില്‍ വിളക്കുള്ള മനുഷ്യരെ വഴിയിലുടനീളം നിങ്ങള്‍ കാണും. അവരില്‍ നിന്ന് അവകാശവാദങ്ങളെല്ലാം ഒഴിഞ്ഞുപോയിരിക്കും. പകല്‍ മുഴുവന്‍ പാടത്തു പണി ചെയ്ത് അന്തിയില്‍ എത്തുന്ന യജമാനനുവേണ്ടി വിളക്കുകൊളുത്തി കാത്തിരുന്ന, ഒടുവില്‍ അവന്‍റെ മേശയ്ക്കു വിളമ്പിയിട്ട,് ഭൃത്യര്‍ക്കു വിളമ്പിയിട്ട് പിന്നെ അവന്‍റെ മേശയ്ക്കും വിളമ്പിയിട്ട് സ്വയം പറയണം 'ഇതാ അയോഗ്യനായ ദാസന്‍'. ഞാനെന്‍റെ കടമ മാത്രമേ ചെയ്തിട്ടുള്ളു. നിങ്ങളുടെ നമസ്കാരംപോലും ഞാനര്‍ഹിക്കുന്നില്ല.