top of page

മോളിക്യൂള്‍സ് സ്പീക്കിംഗ്

Dec 12, 2018

2 min read

ഫസ

christmas

"കപ്പലിലുറങ്ങുന്ന യോനായെപ്പോലുള്ളോരേ..." പിള്ളാരു പാടിയപ്പോഴേ യോനാച്ചായന്‍ വരാന്തയിലെഴുന്നേറ്റു നിന്നു. വന്ദ്യവയോധികനായ തനിക്കിട്ട്  കരോളുകാരു പണിതതു മനസ്സിലാക്കി യോനാച്ചായന്‍ ഷേക്കുഹാന്‍ഡു തരാന്‍ വന്ന ക്രിസ്തുമസ് ഫാദറിനോടു ചോദിച്ചു: 

"യൂ ചൈന?"

ഫാദര്‍ പറഞ്ഞു: "നോ, ഐ ഇന്ത്യ." മുഖംമൂടി മാറ്റി ക്രിസ്റ്റിയെന്ന ക്രിസ്മസ് ഫാദര്‍ ചിരിച്ചു: "അപ്പച്ചോ, നമ്മളു കൊണ്ടുനടന്നുനടന്ന് ക്രിസ്മസ് ഫാദറിന്‍റെ മുഖം കളഞ്ഞുപോയി. ക്രിസ്മസ് ഫാദറിനൊരു മുഖം വേണമല്ലോയെന്നു കരുതി ചൈനാക്കാരൊരു മുഖം തന്നു." മുഖംമൂടി തിരികെവച്ച് ക്രിസ്റ്റി പറഞ്ഞു: "ഐ ആം എ ക്രിസ്മസ് ഫാദര്‍. മെയ്ഡ് ഇന്‍ ചൈന." യോനാച്ചായന്‍ ചിരിച്ചു. "മൂക്കിന്‍റെ നീളം കുറഞ്ഞുതുടങ്ങിയപ്പോഴേ ചിന്തിക്കണമായിരുന്നു. ഇനിയുമെന്നാ മൂക്കില്ലാതായിതീരുന്നതെന്നാര്‍ക്കറിയാം. ആകട്ടെ ക്രിസ്മസ് ഫാദറെന്താ ചിരിക്കാത്തത്? ചൈനേലൊക്കെ ചിരിക്കരുതെന്നു പറഞ്ഞിട്ടുണ്ടോ?" ക്രിസ്റ്റി മുഖംമൂടി മാറ്റി. "ഞാന്‍ സത്യക്രിസ്ത്യാനിയല്ല്യോ. എന്‍റെ മുഖത്തിരിക്കുന്നത് അതിയാനു ചമ്മലല്ല്യോ. അതുകൊണ്ടാ, ചിരിക്കാത്തതല്ല, ചമ്മലാ." യോനാച്ചായന്‍ തല കുലുക്കി. "സത്യക്രിസ്ത്യാനിയാണെന്നു മണമടിച്ചപ്പോഴേ അതിയാനു മനസ്സിലായിട്ടുണ്ടാവും. ഇതു ചമ്മലല്ല, പേടിയാ. നീ തീപ്പെട്ടിക്കൊള്ളി വായുടെ അടുത്ത് കൊണ്ടുചെല്ലരുത്. ചൈനേം കത്തും, ആഫ്രിക്കേം കത്തും. നിന്‍റെ അന്തര്‍വാഹിനികള്‍ മുഴുവന്‍ ഭസ്മമാകും." ആ വര്‍ത്തമാനം അത്ര പിടിക്കാത്തതുകൊണ്ട് മുഖംമൂടിയുടെ പുനഃപ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ച് ക്രിസ്റ്റി പാടി: "സന്തോഷസൂചകമായ് തന്നതും സ്വീകരിച്ച് ഞങ്ങളിതാ പോകുന്നു..." 

കൊച്ചുമക്കള്‍ വന്ന് യോനാച്ചായനെ കൈക്കുപിടിച്ച് പുല്‍ക്കൂട് കാണിക്കാന്‍ കൊണ്ടുപോയി. കൊച്ചുമകന്‍ മോളിക്യൂള്‍സ് പറഞ്ഞു, "അപ്പച്ചാ, ഇത് എയ്റോപ്ലെയിന്‍, ഇത് റോക്കറ്റ്, ഇത് എ. കെ. 47. ഇതു കുറെ ബുദ്ധിജീവികള്‍." കൊച്ചുമകള്‍ സാറാ പറഞ്ഞു: "അപ്പച്ചാ, ഈ ബുദ്ധിജീവികളെ നോക്കിയേ, കുരങ്ങ്, അണ്ണാന്‍, കരടി...' യോനാച്ചായന്‍ നെറ്റിചുളിച്ചു. "എന്നതാടാ കൂവേ ഇത്?"

"പുല്‍ക്കൂട്"

"പുല്‍ക്കൂടാണെങ്കീ, ഉണ്ണിയേശു വേണം. യൗസേപ്പിതാവു വേണം. കന്യകാമാതാവു വേണം. ആട്ടിടയരുവേണം. രാജാക്കന്മാരു വേണം, കന്നുകാലികളും വേണം."

മോളിക്യൂള്‍ വില്ല്യംസ് മൊബൈലില്‍ വെറ്റിലയില്‍ ചുണ്ണാമ്പുതേക്കുന്നതുപോലെ തടവി. "അപ്പച്ചാ, ഇതിലൊന്നും അപ്പച്ചന്‍ പറയുന്നതൊന്നുമില്ലല്ലോ." യോനാച്ചായന്‍ ചിരിച്ചു. "ഉണ്ണിയേശുവിനെ കണ്ടവരെ ലോകത്തിനുവേണ്ട. കര്‍ത്താവിനെ ആദ്യം കണ്ടതു കന്നുകാലികളാ. അതിനെ ആദ്യം തട്ടും. പിന്നെ അതിനെപ്പറ്റി പറയുന്നവരെ തട്ടും. ചാനലുകളില്‍ ക്രിസ്തുമസ് കേക്കുണ്ടാക്കുന്നവരെപറ്റി പറയും. യേശുക്രിസ്തു ജനിച്ചുവെന്നു പറയില്ല. ക്രിസ്തുമസ് കാര്‍ഡുകളില്‍ ജ്ഞാനികള്‍ക്ക് വഴികാട്ടിയ നക്ഷത്രങ്ങള്‍ മറഞ്ഞു. നക്ഷത്രങ്ങള്‍ മറഞ്ഞിടത്ത് ഭൂമിയിലെ കരിഞ്ഞ നക്ഷത്രങ്ങള്‍ കയറി."

സാറ പറഞ്ഞു: "നക്ഷത്രങ്ങള്‍ കരിഞ്ഞാല്‍ തമോഗര്‍ത്തങ്ങളാകും. അതുവഴി പോകുന്ന എല്ലാ പ്രകാശങ്ങളെയും അത് ആകര്‍ഷിച്ച് അതിലേക്കിടും. അതും കരിയും. അപ്പച്ചനിത് അറിയാമോ? ഐ മീന്‍ ഡാര്‍ക്ക് ഹോള്‍സ്..."

യോനാച്ചായന്‍ ആകാശത്തേക്കു നോക്കി ചിരിച്ചു. "അവന്‍ വരും. വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കാണില്ല. കേള്‍വിക്കിമ്പമുള്ളതിന്‍റെ പിന്നാലെ ജനം പോകും." അപ്പച്ചന്‍ പൊട്ടിച്ചിരിച്ചു. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നതു കേട്ടു ചിരിച്ചു. 

മൂക്കു ചുരുങ്ങുന്നതു ചാവാനാ... വിശ്വാസം ചുരുങ്ങി ശ്വാസം കിട്ടാതാകും. ഇനിയുമൊരു കാലത്ത് ക്രിസ്തുമസ് ഹേറോദേസിന്‍റെ പിറന്നാളാണെന്നു കേട്ടാലും നെറ്റിചുളിയരുത്. നക്ഷത്രങ്ങള്‍ മാനത്തുനിന്ന് കണ്ണുചിമ്മി.

കുഴഞ്ഞ നാവോടെ ക്രിസ്റ്റി പറയുന്ന സ്വരം കാറ്റുകൊണ്ടുവന്നു. "ഞാനൊരു സത്യക്രിസ്ത്യാനിയാ..." ഇരുട്ട് കനത്തുകൊണ്ടിരുന്നു. നിലാവു മറയ്ക്കുന്ന ഇരുട്ട്. 


ഫസ

0

0

Featured Posts