

MiND ( Mobility in Dystrophy) ട്രസ്റ്റിന്‍റെ ഏഴാം വാര്‍ഷികത്തിന് നമ്മളൊരു പാനല്‍ചര്‍ച്ച വച്ചിട്ടുണ്ട്, ടീച്ചര്‍ മോഡറേറ്റര്‍ ആവാമോ എന്ന കൃഷ്ണയുടെ ചോദ്യത്തിന്, വിഷയമെന്തെന്നു പോലും ചോദിക്കാതെയാണ് സമ്മതം പറഞ്ഞത്.
എന്താ കൃഷ്ണാ വിഷയം?
എല്ലാ കാര്യങ്ങളും എക്സിക്യൂട്ടീവ് മെമ്പര്‍ ആയ പൂനം നല്‍കും.
താമസിയാതെ വിവരങ്ങളൊക്കെ വ്യക്തമായും കൃത്യമായും പൂനം അറിയിച്ചു. People with Disabilities and Social Challenges.
വിഷയത്തെക്കുറിച്ച് പഠിക്കുന്തോറും എനിക്ക് എന്തെന്നില്ലാത്ത വിഷമം! ഇത്രയും ആഴവും വ്യാപ്തിയുമുള്ള കാര്യങ്ങള്‍! ഇന്നോളം ഞാനെത്ര മാത്രം ഇക്കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട് എന്ന ചിന്ത വല്ലാതെ അലട്ടി.
ഭിന്നശേഷി (Disability)യുമായി എന്‍റെ നേര്‍ക്കാഴ്ചയും അനുഭവവും പരിമിതമായിരുന്നു. മനസ്സില്‍ രണ്ടു മുഖങ്ങള്‍ തെളിഞ്ഞു; ആന്‍റിയുടെ മകന്‍ മാനുക്കുട്ടനും, B Ed ന് എന്‍റെ റൂംമേറ്റായിരുന്ന ഷില്ലിയും. മാനുക്കുട്ടന് സംസാരിക്കുവാനോ, ചലിക്കുവാനോ ഒന്നുമേ സാധിക്കില്ലായിരുന്നു. എന്നാല്‍ അവന്‍റെ മാ താപിതാക്കളും ചേച്ചിയും ഏറെ സ്നേഹത്തോടെ അവനെ പരിപാലിക്കുന്നതു കണ്ടു. ഇടയ്ക്കു ചെല്ലുമ്പോള്‍ ഞങ്ങള്‍ രണ്ടാളും മുഖം ചേര്‍ത്തു വച്ച് കുറേ വര്‍ത്തമാനം പറയും. കണ്ണുകളിലൂടെയും ചിരിയിലൂടെയും അവന്‍ പ്രതികരിച്ചു. ഷില്ലിക്ക് കാഴ്ച തീരെയില്ലായിരുന്നു. അതു മാത്രമേ ഒരു പരിമിതിയുള്ളൂ എന്നവള്‍ തെളിയിച്ചുകൊണ്ടേയിരുന്നു. അധ്യാപികയായി മുന്നേറുന്നു. ഇവരെയല്ലാതെ ആരേയും ശ്രദ്ധിച്ചിട്ടില്ലേ ഞാന്‍?
ശ്രദ്ധിച്ചിട്ടുണ്ടാവാം. കരുതിയിട്ടുണ്ടോ? കൂടെയായിരുന്നിട്ടുണ്ടോ? ആശ്വസിക്കുവാനുള്ള ഉത്തരം ഒന്നും കിട്ടിയില്ല.
സമ്മതം പറഞ്ഞ സ്ഥിതിക്ക് പിറകോട്ടു പോവേണ്ടതില്ല. മോഡറേറ്റര്‍ആവുക തന്നെ. കാഴ്ചയില്ലാത്ത അവസ്ഥയെ നേരിട്ട്, സമാനാവസ്ഥയില്‍ ഉള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ടിഫാനി ബ്രാര്‍, Muscular Dystrophy എന്ന പരിമിതി നേരിടുന്ന പ്രജിത്ത് പൂങ്കാവനം, ASD (Autistic Spectrum Diosrder) ത്തിലൂടെ കടന്നു പോകുന്ന ഒരു മകളുടെ പിതാവായ പ്രശാന്ത് നായര്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍.
