top of page
ഭൂമിയിലെ ക്ഷണികവും ലളിതവുമായ പ്രാര്‍ത്ഥനാധ്യാനമാണ് ആമ്മേന്‍. പ്രപഞ്ചത്തിലെ വിശുദ്ധമായതെല്ലാം ആ ഒരൊറ്റ പദത്തിലുണ്ട്. അതു നമ്മുടെ കാഴ്ചയിലും കേള്‍വിയിലും ക്ഷണികമെങ്കിലും അതൊരു സമുദ്രമാണ്. അനന്തമായ ആത്മാവാണ് ദൈവം എന്നുപറയുംപോലെ ഈ പ്രാര്‍ത്ഥനാധ്യാനവും ഒരു സമുദ്രത്തെ ഓര്‍മ്മിപ്പിക്കുന്നു. ഭൂമിയുടെ തേങ്ങല്‍ മുഴുവന്‍ ഞാനീ പ്രാര്‍ത്ഥനയില്‍ കേള്‍ക്കുന്നുണ്ട്. അതെന്‍റെ നിശ്വാസമാണ്. തോമസ് അക്വിനാസ് പറയുംപോലെ സ്വയം നിശ്ചലനായി നിന്നുകൊണ്ട് സകലതിനെയും ചലിപ്പിക്കുന്ന ഒരനുഭവം.
സഹനാനുഭവങ്ങളില്‍നിന്നു വിടര്‍ന്ന സ്നേഹസുഗന്ധമായി ഞാനതിനെ ആസ്വദിക്കുന്നു. നമുക്കതിനെ അമ്മ എന്നുകൂടി വിളിക്കാമെന്നുതോന്നിപ്പോകുന്നു. അമ്മ എന്ന പദം പ്രപഞ്ചത്തിലെ സ്നേഹസുഗന്ധിയായൊരു പൂവാണ്. അഗ്നി വിശുദ്ധിപോലെ അതിന്‍റെ മന്ത്രദളങ്ങള്‍ ത്രികാലങ്ങളിലേക്ക് മിഴികള്‍ കൂര്‍പ്പിക്കുന്നു. അമ്മയുടെ ഹൃദയം പ്രപഞ്ചഹൃദയത്തിലെന്നപോലെ ധ്യാനസംഗീതം നിറഞ്ഞിരിക്കുന്നു. അമ്മ പാടുമ്പോള്‍ നാം ധ്യാനത്തിലേക്ക് ഒഴുകിപ്പോകുന്നത് അതുകൊണ്ടാണ്. അമ്മയുടെ ചിരിയില്‍ ധ്യാനത്തിന്‍റെ ഒരു വസന്തകാലാനുഭവമുണ്ട്. ജിദ്ദു പറയുന്നു 'അനുഭവങ്ങളുടെ ചുമടെടുക്കുമ്പോഴും അവളുടെ ചുണ്ടിലൊരു മന്ദഹാസം കാണും. അതാണവളുടെ ധ്യാനം.' പരിശുദ്ധമറിയത്തിന് ഇത്തരമൊരു സുഗന്ധാനുഭവമുണ്ട്. സഹനങ്ങളില്‍ നിന്ന് സ്നേഹത്തിലേക്കൊഴുകിയ ഒരു പരിമള പ്രവാഹമായിരുന്നു അത്. ഋതുക്കളില്‍ രാജ്ഞിയായിരുന്നു പരിശുദ്ധമറിയം. വിശുദ്ധഗര്‍ഭത്തിനും ദിവ്യപ്രസവത്തിനുമിടയില്‍ അവള്‍ നടന്ന ദൂരങ്ങള്‍ അളന്നെടുക്കാനാവില്ല. അത് സ്വര്‍ഗ്ഗത്തിലെ രാപ്പകലുകളായിരുന്നു.
യേശുക്രിസ്തു ലോകത്തിനു നല്‍കിയ ഏറ്റവും വിലപിടിപ്പേറിയ പാരിതോഷികമാണ് പരിശുദ്ധമറിയം. സുവിശേഷങ്ങളില്‍ മറിയം എന്നുവിളിക്കപ്പെടുന്നവര്‍ അഞ്ചുപേരുണ്ടെന്ന് വായിച്ചിട്ടുണ്ട്. കണ്ണീരുകൊണ്ട് യേശുവിന്‍റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്ത പാപിനിയായ സ്ത്രീയും (ലൂക്കാ: 36-38) ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളും മഗ്ദലേനമറിയം എന്നു വിളിക്കപ്പെടുന്നവളുമായ മറിയവും (ലൂക്കാ: 8-1-3) ഒരാള്‍ തന്നെയോ എന്ന് ഞാനൊരിക്കലും സന്ദേഹിച്ചിട്ടില്ല. എല്ലാ മേരിമാരും എനിക്ക് നസ്രേത്തിലെ കന്യകയായ മറിയത്തെപ്പോലെ വിശുദ്ധരാണ്. ഒരേ നദിയുടെ വിവിധ സ്നാനഘട്ടങ്ങള്‍ പോലെ അവര്‍ വ്യത്യസ്ത അനുഭവങ്ങളിലൂടെ ഒഴുകിയെത്തുന്നുവെന്നു മാത്രം.
നസ്രേത്തിലെ കന്യകയായ മറിയം ജന്മപാപങ്ങള്‍ക്കതീതയാണ്. അവള്‍ കൃതജ്ഞതയുടെ ധ്യാനപുസ്തകമാണ്. കൃപയും നന്മയും സ്നേഹവും നിറഞ്ഞ മറിയം കുരിശിനുചുവട്ടില്‍ ദൈവപുത്രന് സാന്ത്വനം നല്‍കുന്ന കാഴ്ച പോള്‍ഗോഗിന്‍റെ ചിത്രത്തില്‍ കണ്ടിട്ടുണ്ട്. ആ കാഴ്ചയില്‍ നിന്നാണ് ഞാന്‍ ദൈവപുത്രനിലേക്ക് നടന്നത്. അവനോടുള്ള കൃതജ്ഞതയാല്‍ എന്‍റെ ഹൃദയം ഏറെ ചൂടുപിടിച്ചിരുന്നു. യേശുവിന്‍റെ ധ്യാനോപമകള്‍ എന്‍റെ നാവിനെ സ്തുതിക്കാന്‍ പഠിപ്പിച്ചിരുന്നു. ശിഷ്യന്മാര്‍ക്കുവേണ്ടി അവന്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ വെയില്‍നാളങ്ങളെ ആട്ടിയോടിച്ചുകൊണ്ടിരുന്നു. എന്‍റെ മുന്തിരിത്തോപ്പില്‍ കായ്ക്കാതെ നിന്ന അത്തിമരത്തിന് അവന്‍ തടംതുറന്ന് വളമിടുന്നു. വെള്ളിമേഘങ്ങള്‍ക്കൊപ്പം പറന്നുപോയ കൊറ്റികള്‍ എന്നെ നോക്കി പാട്ടുപാടുന്നത് ഞാന്‍ ശരിക്കും കേട്ടതാണ്. അതോടെ എന്‍റെ പ്രലോഭനങ്ങള്‍ക്കുള്ളില്‍ ഞാന്‍ തികച്ചും ഒറ്റപ്പെട്ടു. എന്‍റെ ശിഥില ധ്യാനങ്ങള്‍ക്ക് ലഭിച്ച ആദ്യശിക്ഷയായിരുന്നു അത്.
പരിശുദ്ധമറിയത്തെക്കുറിച്ച് എഴുതുമ്പോള്‍ ഞാനെന്തിനാണ് ക്രിസ്തുവിലേക്ക് നടന്നത്. ഞാനെന്തിനാണ് ഇടുങ്ങിയ വാതിലിലൂടെ ക്രിസ്തുവിലേക്ക് പ്രവേശിച്ചത്. അതെനിക്കു ലഭിച്ച ആനന്ദാതിരേകമായിരുന്നു. അതെന്‍റെ അഭിജാതമായൊരു ധ്യാനമാര്‍ഗ്ഗമായിരുന്നു. ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുംപോലെ ജ്ഞാനത്തിലും ആനന്ദത്തിലും കൃശഗാത്രനായ എന്‍റെ ഉള്ളില്‍നിന്നും അത്തരമൊരു ശബ്ദമുയര്‍ന്നു. കാറ്റിന്‍റെ ചിറകുകളില്‍ ഭൂമിയൊരു മഞ്ഞുതുള്ളിപോലെ തുളുമ്പി നിന്നത് ഞാനനുഭവിച്ചു. അഭയശിലയില്‍ കൊത്തിവച്ച അവന്‍റെ പേര് ധ്യാനാധരങ്ങള്‍ ഒന്നൊന്നായി വന്ന് ചുംബിച്ചെടുത്തു. അവന്‍റെ ധ്യാനായനങ്ങള്‍ ബലിയുടെ സ്തോത്രവീചികളാല്‍ ഒരുക്കപ്പെടുന്നത് ഞാന്‍ കണ്ടുകൊണ്ടേയിരുന്നു. 'എന്‍റെ ദൈവമേ, എന്‍റെ ദൈവമേ' എന്നവന്‍ കേണപേക്ഷിക്കുമ്പോള്‍ ധ്യാനത്തിന്‍റെ ചിറകുകള്‍ ഒന്നൊന്നായി ഭൂമിയിലേക്ക് പെയ്തിറങ്ങുന്നത് ഞാന്‍ ശരിക്കും അനുഭവിക്കുകയായിരുന്നു.
പീഡിതരുടെയും നിന്ദിതരുടെയും അനാഥരുടെയും നിലവിളികള്‍ക്കുള്ളില്‍ ക്രിസ്തു എത്ര സമാധാനത്തോടെയാണ് ധ്യാനിക്കുന്നത്. 'കര്‍ത്താവേ, എന്‍റെ ന്യായം കേള്‍ക്കേണമേ, എന്‍റെ നിലവിളി ശ്രദ്ധിക്കേണമേ' എന്നവന്‍ മന്ത്രിക്കുമ്പോള്‍ വിമോചനത്തിന്‍റെ ധ്യാനവഴികള്‍ മെല്ലെ തുറക്കുകയായി. അധരങ്ങളിലെ വചനങ്ങളും ഹൃദയത്തിലെ വിചാരങ്ങളും ഉന്നതഗിരികളില്‍നിന്ന് ഭൂമിയിലേക്ക് ചിറകുവയ്ക്കുന്നു. ഹൃദയവ്യഥകള്‍ അവന്‍ ധ്യാനതൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു. ദയയുടെ വെളുത്ത തൂവാലകള്‍കൊണ്ട് അതവന്‍ തുടച്ചെടുക്കുന്നു. സമുദ്രത്തില്‍നിന്ന് ഒരു കുമ്പിള്‍ ജലംകോരിയെക്കുംപോലെ അതവന്‍ കളങ്കമറ്റ കൈകള്‍കൊണ്ട് ഹൃദയത്തിലേക്ക് ചേര്‍ത്തുവയ്ക്കുന്നു. ജലവിശുദ്ധിയ്ക്കുമീതേ അവന്‍റെ ധ്യാനപാദങ്ങള്‍ മെല്ലെ നീങ്ങുന്നു. ലെബനോണിലെ ദേവദാരുക്കളില്‍ അവന്‍ ധ്യാനപുഷ്പങ്ങളായി വിരിയുന്നു. ജീവന്‍റെ ഉറവയില്‍നിന്ന് ആനന്ദധാരപോലെ അവന്‍റെ ധ്യാനം തളിര്‍ത്തുനിറയുന്നു. അവന്‍റെ ആയുസ്സില്‍നിന്ന് ധ്യാനത്തെ അളന്നെടുക്കുവാനാകില്ല. ദൈവമേ, എന്‍റെ ഹൃദയം അങ്ങയെ തേടുന്നു എന്നു മന്ത്രിക്കുമ്പോള്‍ അവന്‍റെ ധ്യാനമഹത്വം നാം അനുഭവിക്കുന്നുണ്ട്.
ഒരുവന്‍ അവനോടുതന്നെ നടത്തുന്ന പ്രാര്‍ത്ഥനയാണ് ധ്യാനം. 'പ്രത്യാശയില്‍നിന്ന് സ്ഫുടം ചെയ്തെടുത്ത വെളിച്ചത്തെ കോരിക്കുടിക്കൂ' എന്ന് ജിബ്രാന്‍ പറയുന്നുണ്ട്. പ്രത്യാശയില്‍ നിന്ന് സ്ഫുടം ചെയ്തെടുത്ത വെളിച്ചമാണ് ധ്യാനം. അത് അവന്‍ അവനോടുതന്നെ നടത്തുന്ന പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ്. പ്രാര്‍ത്ഥിക്കുമ്പോള്‍ അകത്തും പുറത്തും നില്‍ക്കുന്ന അവന്‍ ഏകസ്വരൂപത്തിലെത്തുന്നു. ധ്യാനത്തിന്‍റെ ഏകാത്മകദര്‍ശനമാണത്. ഭിന്നവിചാരവികാരങ്ങളുടെ സംഗമസുകൃതമാണ് ഇവിടെ ധ്യാനം. ധ്യാനത്തിന്‍റെ കുസൃതികളിലൊന്നാണിത്. ക്രിസ്തുവിന്‍റെ ധ്യാനത്തില്‍ ഈ കുസൃതി കാണാം. ഗിരിപ്രഭാഷണവേളയില്‍ അവനിതു ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. ധ്യാനത്തിന്‍റെ ജ്ഞാനഗിരിയിലിരുന്നുകൊണ്ടാണ് ദൈവവചനത്തിന്‍റെ നദികളെ അവന്‍ ഭൂമിയിലേക്ക് ഒഴുക്കിവിടുന്നത്. സുരഭിലമായ അങ്കി ഇളംകാറ്റില്‍ ഉലയുമ്പോഴും ഒരു പര്‍വ്വതശൃംഗം സമുദ്രഗര്‍ഭത്തിലേക്ക് ഇളകിവീഴുമ്പോഴും ഒരില ഭൂമിയ്ക്ക് കുറുകെ മേഘങ്ങള്‍ക്കൊപ്പം ഒഴുകുമ്പോഴും അവന്‍റെ ധ്യാനത്തിന് ഒന്നും സംഭവിക്കുന്നില്ല. ധ്യാനത്തിന്‍റെ സ്വാതന്ത്ര്യം അവന്‍ ആസ്വദിക്കുന്നത് അങ്ങനെയാണ്.
പരിശുദ്ധ മറിയത്തെപ്പോലെ ക്രിസ്തുവും മഹത്തായ ഒരു ധ്യാനകവിതയാണെന്ന് ഓഷോ പറയുന്നു. പ്രപഞ്ചത്തിലെ എല്ലാറ്റിലും കവിത കാണുന്ന ഓഷോ ഇതുപറഞ്ഞ രാവ് എന്‍റെ വായനയിലിപ്പോഴുമുണ്ട്. ഓഷോ പറയുന്നു 'കവിത ധ്യാനമാണ്. ധ്യാനത്തിന്‍റെ പ്രഭവകേന്ദ്രമാണ് പരിശുദ്ധമറിയം. ക്രിസ്തു അവിടെ നിന്നൊഴുകിയ പുഴയും.' ധ്യാനത്തെ പ്രണയിക്കേണ്ടതെങ്ങനെയെന്ന ചോദ്യത്തിനുനേരെ ഓഷോ എത്ര മധുരമായാണ് പുഞ്ചിരിച്ചത്. ആ പുഞ്ചിരിയായിരുന്നു അതിനുത്തരം. കുഞ്ഞുങ്ങളെ നോക്കി ഓഷോ പറഞ്ഞു 'തളിരിലകളോട് ഇളംകാറ്റിന് വല്ലാത്തൊരിഷ്ടമുണ്ട്. അതുപോലൊരിഷ്ടം ദൈവത്തിനു നിങ്ങളോടുമുണ്ട്. പക്ഷേ, ഇഷ്ടപ്പെടാന്‍ തക്കതായി നിങ്ങളിലൊന്നുമില്ലല്ലോ. നിങ്ങള്‍ ധ്യാനം ശീലിക്കുക. എല്ലാ ഇഷ്ടങ്ങളുടെയും സുഗന്ധം ധ്യാനത്തില്‍ വിലയംകൊണ്ടിരിക്കുന്നു.' ഇതുകേട്ടതോടെ കുഞ്ഞുങ്ങള്‍ ഓഷോയ്ക്ക് ചുറ്റും കൂടി. അവര്‍ ഓഷോയ്ക്കു ചുറ്റും നൃത്തംചവുട്ടി. ഓഷോ അവരുടെ കുഞ്ഞപാദങ്ങള്‍ക്കൊപ്പം ചുവടുവച്ചു. ഓഷോ അവരുടെ പ്രായത്തിലേക്കും ആനന്ദത്തിലേക്കും ഇറങ്ങിവന്നു. കുഞ്ഞുങ്ങള്‍ക്കിടയില്‍നിന്ന് ഓഷോയെ തിരിച്ചറിയാന്‍ പ്രയാസമായി. ഓഷോയ്ക്കപ്പോള്‍ ഉണ്ണിയേശുവിന്‍റെ മുഖമായിരുന്നു. പ്രപഞ്ചത്തിലെ സ്നേഹം മുഴുവന്‍ ആ മുഖത്ത് തളിര്‍ത്തുകിടന്നിരുന്നു.
ധ്യാനത്തിന്‍റെ ലളിതസുന്ദരമായൊരു പരിണാമമാണത്. ഒരേ കാലം ജരാനര ബാധിച്ച വൃദ്ധനായും ചന്ദനസുഗന്ധം പേറുന്നൊരു കുഞ്ഞായും മാറുവാനുള്ള കഴിവ്. ഇതില്‍ അത്ഭുതങ്ങളുടെ ഇടപെടലുകളില്ല. സാധനയുടെ സുകൃതമാണത്. ധ്യാനത്തിന്‍റെ ആയുസ്സിനു ഇത്തരമൊരു ദൃശ്യാനുഭവമുണ്ട്. അതു നാം നോക്കിനില്‍ക്കേ പൂവായും പുഴുവായും മാറും. അതു നമ്മുടെ മിഴികള്‍ക്ക് ലഭിക്കുന്ന വിരുന്നാണ്. കന്മദഗന്ധമിയന്ന രാപ്പകലുകളിലൂടെ ഒഴുകിപ്പരക്കുന്ന ധ്യാനലഹരിയാണത്. ഓഷോ അത് കോരിക്കുടിച്ച അപൂര്‍വ്വം മനസ്സുകളില്‍ ഒരാളാണ്.
ക്രിസ്തുവിന്‍റെ ധ്യാനമാര്‍ഗ്ഗങ്ങള്‍ നിറയെ കവിതകളായിരുന്നു. മത്തായിയുടെ സുവിശേഷവാക്യം ഓര്‍മ്മ വരുന്നു. 'ആകാശവും ഭൂമിയും കടന്നുപോകും. എന്നാല്‍ എന്‍റെ വചനങ്ങള്‍ കടന്നുപോവുകയില്ല.' (മത്തായി: 24:35). ഇത് ഒരേകാലം മഹത്തായ കവിതയും മഹത്തായ ധ്യാനവുമാണ്. ആകാശവും ഭൂമിയും രണ്ടനുഭവങ്ങളുടെ ശരീരങ്ങള്‍ മാത്രം. എന്നാല്‍ അതിനുള്ളില്‍ തുടിക്കുന്ന വചനങ്ങളുടേതായ പ്രാണന്‍. ധ്യാനത്തിന്‍റെ പരമപദമാണത്. എല്ലാം കടന്നുപോകുമ്പോഴും ധ്യാനം കടന്നുപോകുന്നില്ല. ധ്യാനം സ്വാതന്ത്ര്യത്തിന്‍റെ കവാടത്തിനുനേരെ നീങ്ങുന്നു. ധ്യാനമനസ്സ് ഒരു സംഗീതോപകരണത്തിന്‍റെ രൂപത്തിലേക്ക് പുനര്‍നിര്‍മ്മിക്കപ്പെടുന്നു. ദൈവത്തിന്‍റെ കാരുണ്യത്തില്‍നിന്ന് ധ്യാനം തെറ്റിപ്പിരിയുന്നത് അവിടെവെച്ചാണ്.
'ഞാനും എന്‍റെ പിതാവും ഒന്നാകുന്നു' എന്ന് ക്രിസ്തു പറയുമ്പോള്‍ ധ്യാനം ഹൃദയത്തിലേക്ക് ചേര്‍ന്നുനില്‍ക്കുന്നത് കാണാം. ധ്യാനത്തിന്‍റെ ശ്രവണവിശുദ്ധിയാണത്. 'ദൈവം സ്നേഹമാണെ'ന്ന് യോഹന്നാന്‍ പറയുമ്പോള്‍ മനുഷ്യരുടെ ഇടയില്‍ ക്രിസ്തു ധ്യാനമായി വെളിപ്പെടുന്നത് കാണാം. 'ദൈവസ്നേഹം നമ്മുടെ ഇടയില്‍ വെളിപ്പെട്ടിരിക്കുന്നു.' എന്ന് യോഹന്നാന്‍ നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ധ്യാനത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍പോലും ധ്യാനമാണെന്ന് റിച്ചാര്‍ഡ് സാസണ്‍ പറയുന്നു. ഒരേ കാലം വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഒഴുകിയെത്തുന്ന ധ്യാനത്തിന്‍റെ ഉണര്‍ച്ചയാണത്.
ധ്യാനസമര്‍പ്പണങ്ങളില്‍ നിന്നാണ് ക്രിസ്തു എന്ന പദം വരുന്നത്. ക്രിസ്തു ജ്ഞാനമാണ്. ജ്ഞാനത്തില്‍ നിന്നാണ് വഴിയും വെളിച്ചവും സമാരംഭിക്കുന്നത്. ആത്മജ്ഞാനത്തിന്‍റെ ധ്യാനബോധോദയമാണത്. 'ബുദ്ധന്‍' എന്നുപറയുമ്പോഴും ധ്യാനാനന്ദത്തില്‍ വിരിഞ്ഞ ജ്ഞാനം തന്നെയാണ് പ്രകാശമാനമാകുന്നത്. മരണാസന്നനായ ബുദ്ധന്‍റെ വചനം നമുക്കിവിടെ ഓര്‍മ്മിക്കാവുന്നതാണ്. 'ഞാന്‍ (ഗൗതമന്‍) മരിക്കുന്നു. ബുദ്ധന്‍ ജീവിക്കും.' ഇവിടെ ബുദ്ധന്‍ സത്യവും ജ്ഞാനവുമാണ്. സത്യജ്ഞാനത്തിന്‍റെ അകംപൊരുളില്‍ നിന്നാണ് ധ്യാനബുദ്ധന്‍ ഭൂമിയിലേക്ക് വീണ്ടും പ്രവേശിക്കുന്നത്. ആനന്ദന്‍റെ ചോദ്യത്തിനു മറുപടിയായി ബുദ്ധന്‍ പറയുന്നു 'എനിക്ക് ശേഷം വരുന്ന ബുദ്ധന്‍ 'മൈത്രേയന്‍' എന്നറയിപ്പെടും; അതായത് അവന്‍റെ പേര് 'സ്നേഹം' എന്നായിരിക്കും.' ഇവിടെ ദൈവസ്നേഹത്തില്‍ വിരിഞ്ഞ ഒരു പൂവ് ഭൂമിയെ നോക്കി പുഞ്ചിരിക്കുന്ന കാഴ്ച നമുക്ക് അനുഭവിക്കാനാകും. ധ്യാനം ദൈവവചനത്തിലേക്ക് കടക്കുന്ന ഒരു നിമിഷമാണ്. ഇന്ദ്രിയങ്ങളിലേക്കെത്തുന്ന ധ്യാനസാഗരമാണത്.
(ലേഖകന്‍റെ ധ്യാനദിഗംബരം: പ്രണയം, ഭക്തി, രതി എന്ന പുസ്തകത്തില്‍നിന്ന്)