top of page

വിവാഹാലോചന

Apr 24, 2019

2 min read

ടക
picture of marriage ceremony

"Grow old along with me,

The best is yet to be...”

Robert Browning

വിവാഹം സ്വര്‍ഗ്ഗത്തില്‍ വച്ചു നടക്കുന്നു എന്നൊരു ചൊല്ലുണ്ട്. കരയിലും കടലിലും ആകാശത്തും വച്ച് ഇന്ന് വിവാഹങ്ങള്‍ അരങ്ങേറുന്നത് പുതുമയല്ല. ആഘോഷങ്ങളുടെ അവസാനിക്കാത്ത രാവായിമാറുന്ന പഞ്ചനക്ഷത്രശോഭയുള്ള വിവാഹങ്ങള്‍ക്ക് ഇന്ന് കാഴ്ചക്കാരും ഏറെയാണ്. ഒരായുസ്സു മുഴുവന്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനമെടുക്കുന്ന രണ്ടുപേര്‍ ആ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രഖ്യാപനം വിവാഹം എന്ന ചടങ്ങിലൂടെ ആവിഷ്കരിക്കുമ്പോള്‍ അതി്ന് ഇത്രയധികം പ്രാധാന്യം എന്തുകൊണ്ട് ലഭിക്കുന്നു എന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ക്രിസ്ത്യന്‍ വിവാഹങ്ങളുടെ കൗദാശികമായ എല്ലാ  പ്രാധാന്യത്തോടെയും പറയട്ടെ ഇന്ന് വിവാഹം എന്ന ചടങ്ങിനോളം 'മാര്‍ക്കറ്റ്' ഉള്ള മറ്റു ചടങ്ങുകള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ നടക്കുന്നില്ല.

'വിവാഹ ആലോചന' എന്ന പേരില്‍ ആരംഭിക്കുന്ന ഈ 'വ്യവസായപ്രക്രിയ' വിവാഹം എന്ന ചടങ്ങിലാണ് പൂര്‍ത്തിയാകുക. പലപ്പോഴും ആലോചനയുടെ 'ആലോചന ഇല്ലായ്മകള്‍' മനുഷ്യനു മനസ്സിലാകാന്‍ കാലങ്ങള്‍ വേണ്ടിവരും. ചിലയിടങ്ങളില്‍ വളരെ പെട്ടെന്നും ഇത് തിരിച്ചറിയുന്നുണ്ട്. ഒരായുസ്സു മുഴുവന്‍ ഒന്നിച്ചു ജീവിക്കുന്നതിനെക്കാള്‍ ആശങ്ക പലപ്പോഴും ആ ദിനത്തില്‍ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്നുപോലുമല്ല, അതെങ്ങനെ ഒരു 'സംഭവ'മാക്കാം എന്നതിലാണ്. വര്‍ദ്ധിച്ചുവരുന്ന താന്‍പോരിമയും ഉപഭോഗസംസ്കാരവുമെല്ലാം നമ്മുടെ നിത്യ ജീവിതത്തില്‍ നിരന്തരം ഇടപെടുന്ന മേഖലകള്‍ ഇങ്ങനെ തിരിച്ചറിയപ്പെടാന്‍ വൈകുന്ന ഇടങ്ങളാണ്. വിവാഹങ്ങളുടെ ധൂര്‍ത്തിനെപ്പറ്റിയോ ക്രമാതീതമായ ചിലവുകളെപ്പറ്റിയൊക്കെ വ്യാകുലപ്പെടുമ്പോള്‍ ഇതെങ്ങനെ സംഭവിക്കുന്നു എന്ന മറുചോദ്യം തികച്ചും പ്രസക്തമാണ്.

നമ്മുടെ അടങ്ങാത്ത സ്വാര്‍ത്ഥതാല്പര്യങ്ങളും ഒന്നാമതാകാനും  വേറിട്ടുനില്‍ക്കാനുമുള്ള അതിയായ ആഗ്രങ്ങളും പലപ്പോഴും ഒരുവനെ കൊണ്ടെത്തിക്കുന്നതിപ്രകാരമുള്ള മാമാങ്കങ്ങളിലാണ്. ഏതുകടയിലെ സ്വര്‍ണ്ണം വേണമെന്നുള്ളത് അന്തരാഷ്ട്ര പ്രശ്നമാകുമ്പോള്‍ ജീവിത പങ്കാളിയുടെ സ്വപ്നം എന്താണെന്നുള്ളത് തിരക്കിനിടയില്‍ ബോധപൂര്‍വ്വം മറക്കുന്ന ഒരേടാവാം. അല്ലെങ്കില്‍ തന്നെ സ്വപ്നമെന്തിന് പൊന്നും പണവും ആവോളം ഉണ്ടല്ലോ എന്ന ലൈനാകാനും മതി!.

കച്ചവടവത്ക്കരിക്കപ്പെട്ട ആലോചനകളും ചടങ്ങുകളും അരങ്ങുകൊഴുക്കുന്നുണ്ടെന്നുള്ളത് പകല്‍പോലെ സത്യമാണ്. ആ യാഥാര്‍ത്ഥ്യത്തിനിടയിലും കൂടുതല്‍ ഭയാനകം ഈ കച്ചവടങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാനോ പ്രവൃത്തിക്കാനോ കഴിവില്ലാത്തവിധം ഹൃദയം ചുരുക്കിക്കളഞ്ഞ ഒരുപറ്റം മനുഷ്യരുണ്ടെന്നുള്ളതാണ്. ഇത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംകൊണ്ടോ മാതാപിതാക്കളുടെ നിര്‍ബന്ധംകൊണ്ടെന്നോ മാത്രം കുറ്റം പറയാവുന്ന ഒരു സാദ്ധ്യതയല്ല. കണ്ണുതുറന്നീ നാടിനെയും സാഹചര്യങ്ങളെയും വിലയിരുത്തുന്നതില്‍ വഴ്ചവന്ന ഒരു തലമുറയ്ക്കാണീ അബദ്ധം പിണയുക. അതുമല്ലെങ്കില്‍ ഇടംവലം നോക്കാനനുവദിക്കാതെ വിശാലമായ കാഴ്ചകളെ മൂടിക്കെട്ടി സങ്കുചിതമായി മാത്രം വളരാന്‍ വിധിക്കപ്പെട്ടവര്‍. രണ്ടിടത്തും ഈ പ്രതിസന്ധി വളരെ രൂക്ഷമാണിന്ന്. ഈ ലക്കം അസ്സീസി മാസികയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടിങ്ങനെ ഒരു സാഹചര്യം കേരളത്തില്‍ ശക്തിപൂര്‍വ്വം വേരുറപ്പിക്കുന്നു എന്നതാണ്.

കച്ചവട താത്പര്യങ്ങള്‍ക്കപ്പുറം മനുഷ്യന്‍റെ സാമൂഹിക സാംസ്കാരിക വിനിമയ മേഖലകളെ മതവും സമൂഹവും ഉപയോഗിക്കാതെ വരുമ്പോള്‍ സംഭവിക്കുന്ന അനിവാര്യമായ അപകടങ്ങളില്‍ ഒന്നു മാത്രമാണിത്.  രണ്ടു ദമ്പതികള്‍, മാത്യു കണമല & റീന ജെയിംസ്, ഹിത & ഐറിഷും അവരുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിവാഹാലോചനയുടെ ചില അസാംഗത്യങ്ങളെപറ്റി പറയുമ്പോള്‍ വിവിഷ് വി റോള്‍ഡന്‍റ് ശക്തമായി ഇതിലെ അടിയൊഴുക്കുകള്‍ പ്രതിപാദിക്കുന്നു.

സുശക്തവും സംഘടിതവുമായ സാമൂഹിക സംവിധാനങ്ങള്‍ നിലവിലുള്ള മതവ്യവസ്ഥിതിയിലും ഇത്രയധികം ജനമനസ്സുകളില്‍ ഇടംതേടിയ കത്തോലിക്കാ വിശ്വാസത്തിന്‍റെ കൗദാശിക മാനങ്ങളിലും നമുക്ക് നവീകരണത്തിന്‍റെ വിത്തുപാകാം. മുറതെറ്റാതെ നടക്കുന്ന പ്രീമാര്യേജ് കോഴ്സുകളും സംവിധാനങ്ങളും കാലഘട്ടത്തിനനുയോജ്യമാമെന്നവണ്ണം കൂടുതല്‍ നവീകരിക്കാനും അതുവഴി കൂടുതല്‍ നന്മയും നീതിയുമുളള ഒരു കുടുംബസംവിധാനം നിലവില്‍ വരാനും കാലം ഇനിയുമതിക്രമിച്ചുകൂടാ.


'സംശയിക്കുന്ന തോമാ'

ഏതാണ്ട് രണ്ടു ദശാബ്ദകാലത്തോളം അസ്സീസി മാസികയുടെ താളുകളില്‍ നിറഞ്ഞുനിന്നിരുന്ന ദൈവശാസ്ത്ര പംക്തിയായിരുന്നു ഡോ. സിപ്രിയന്‍ ഇല്ലിക്കമുറിയച്ചന്‍റെ 'സംശയിക്കുന്ന തോമ' എന്ന പംക്തി. കാലത്തിനുമുന്‍പേ പറന്ന പക്ഷിയെപ്പോലെ ചിന്തകള്‍കൊണ്ടും കാര്യകാരണത്തിനതീതമായ ഉത്തരങ്ങള്‍കൊണ്ടും സാധാരണ വിശ്വാസിയുടെ ദൈവോന്മുഖമായ അന്വേഷണങ്ങള്‍ക്ക് ഊടും പാവും നെയ്ത ഗുരുവായിരുന്നദ്ദേഹം. അദ്ദേഹത്തിന്‍റെ മരണത്തോടനുബന്ധിച്ച് അസ്സീസി മാസികയ്ക്കും വ്യക്തിപരമായും ലഭിച്ച പ്രതികരണങ്ങളും അനുശോചനങ്ങളും പ്രസിദ്ധീകരിച്ചാല്‍ ഒരു മാസിക മുഴുവന്‍ തികയാതെ പോകും. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ മുഖ്യദൈവശാസ്ത്ര ഉപദേഷ്ടാവായിരുന്ന വാള്‍ട്ടര്‍ കാസ്പറെന്ന ജര്‍മ്മന്‍ ഈശോസഭാ വൈദികന്‍റെ ശിഷ്യനായിരുന്നു സിപ്രിയനച്ചന്‍. അസ്സീസിയുടെ താളുകളിലൂടെ പങ്കുവച്ചതും തന്‍റെ ദൈവശാസ്ത്ര ക്ലാസ്സുകലില്‍ പഠിപ്പിച്ചതും ക്രിസ്തുവിന്‍റെ കലര്‍പ്പില്ലാത്ത സുവിശേഷവും യഥാര്‍ത്ഥ ദൈവരാജ്യത്തിന്‍റെ പ്രഘോഷണവുമായിരുന്നു. പ്രിയപ്പെട്ട സിപ്രിയനച്ചന് അസ്സീസി കുടുംബത്തിന്‍റെ ആദരാജ്ഞലികള്‍. അങ്ങയുടെ അക്ഷരങ്ങള്‍ പകര്‍ന്ന ചൈതന്യം അഭംഗുരം അസ്സീസി കാത്തുസൂക്ഷിക്കുമെന്ന ഉറപ്പാണ് ഞങ്ങളുടെ അശ്രുപൂജ.

വീണ്ടും ഒരു പീഢാനുഭവത്തിന്‍റെയും ഉയിര്‍പ്പിന്‍റെയും സാദ്ധ്യതകള്‍ നമ്മെത്തേടി ഇന്നെത്തുകയായി. ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളുടെ മറവില്‍ എന്‍റെ സ്വസ്ഥജീവിതത്തിന്‍റെ സുഖസൗകര്യങ്ങള്‍ ബലികഴിക്കാന്‍ ഞാന്‍ തയ്യാറാകുമ്പോള്‍ മാത്രമാണ് ഉയിര്‍പ്പിന്‍റെ സാധ്യത തെളിഞ്ഞുവരിക. ആ സാധ്യത ഒരു സ്വയംഹത്യയുടെ മൂര്‍ച്ച ഉള്‍ക്കൊണ്ടതാണ്. അനശ്വരതയുടെ ഊടും പാവും നെയ്യുന്ന ഒരു ഉയിര്‍പ്പു തിരുനാള്‍ ഏവര്‍ക്കും സാധ്യമാവട്ടെ.

ഉയിര്‍പ്പു തിരുനാളിന്‍റെ മംഗളങ്ങള്‍! 

 

ക്ഷമാപണം: ഫെബ്രുവരി ലക്കം അസ്സീസിയുടെ ചില മാസികകളില്‍, ആദ്യ താളുകള്‍ക്ക് പകരം മറ്റൊരു പ്രസിദ്ധീകരണത്തിന്‍റെ താളുകള്‍ കടന്നുവന്നത് ശ്രദ്ധയില്‍പ്പെട്ടു. മാസികയുടെ അച്ചടിശാലയില്‍ വന്ന ഈ പിശക്, മാസിക നിങ്ങളുടെ കൈകളില്‍ എത്തിക്കുന്നതിനുമുമ്പ് തിരിച്ചറിയാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. ഇത്തരം മാസിക ലഭിച്ച മാന്യ വായനക്കാരുടെ വികാരം ഞങ്ങള്‍ക്ക് മനസ്സിലാക്കാനാവുന്നുണ്ട്. അങ്ങനെയുള്ള എല്ലാവരോടും നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ഫെബ്രുവരിയിലെ കോപ്പികള്‍ വേണ്ടവര്‍ക്ക് അറിയിച്ചാല്‍ അയച്ചുതരുന്നതാണ്.


സ്നേഹത്തോടെ

ചീഫ് എഡിറ്റര്‍

ടക

0

0

Featured Posts