
പ്രതികരണം
ക്രിസ്തുവിനേയും ക്രിസ്തു മതത്തേയും അവഹേളിക്കാനായി മാനിക്കയൻ മതസ്ഥർ 3-ാം നൂററാണ്ടിൽ ഉപയോഗിക്കാൻ തുടങ്ങിയ കുരിശിൻ്റെ മാതൃകയിൽ ഉള്ളതാണ് "മാർതോമാ കുരിശു". കേരളത്തിലെത്തിയ മാനിക്കയൻ മതസ്‌ഥർ ക്രൈസ്തവരായി മാർഗം കൂടിയശേഷം ആ കുരിശു അവഗണിച്ചിടുകയോ വലിച്ചെറിയുകയോ ചെയ്തിട്ടുണ്ടാവണം. ആ കുരിശിൽ മാനിക്കയൻ മതസ്ഥർ കല്‌പിച്ചിരുന്ന പ്രതീകങ്ങൾ ക്രൈസ്തവ ലോകത്തിനു അപമാനകരമാണ്. ഈ കുരിശിന്റെ മാതൃകകൾ ഉണ്ടാക്കി അവയെ "മാർതോമാകുരിശെന്നു" പേരു വിളിച്ചതുകൊണ്ട് അപമാനിതനായിരിക്കുന്നതു നമ്മുടെ ഗുരുവായ മാർതോമാ ശ്ലീഹായും, നമ്മുടെ രക്ഷകനായി പിറന്ന പുത്രൻ തമ്പുരാനു മാണ്.

"മാർതോമാ സ്ലീവാ മാർതോമാ നസ്രാണികളുടെ പൈതൃകം" എന്ന തലവാചകത്തിൽ എന്നെ വിമർശിച്ചുകൊണ്ടുള്ള അസ്സീസിയിലെ ലേഖനം (സെപ്റ്റംബർ, 91) വായിച്ചു. 'ആർക്കിയോളജി ഓഫ് മാർ സ്ലീവ' എന്നൊരു ഗവേഷണഗ്രന്ഥം ഡോക്ടറേറ്റിനുവേണ്ടി എഴുതി 1988-ൽ ജറുസലേമിലെ ബിബ്ലിക്കൽ ഫാക്കൽറ്റിയിൽ സമർപ്പിച്ചിട്ടുള്ള ആളാണ് ഈ ലേഖനകർത്താവ്. വിശുദ്ധ ഗ്രന്ഥപഠനത്തിനു വിശ്വോത്തരമാണ് ആ ഫാക്കൽറ്റിയെന്നു ബഹു. യൗ. കത്തനാർ പറയുന്ന ഭാഗം ശരിയായിരിക്കാം. എന്നിരുന്നാൽ തന്നെയും അദ്ദേഹം സമർപ്പിച്ചിട്ടുള്ള ഗവേഷണ പ്രബന്ധം ആധികാരികം ആയിരിക്കണമെന്നില്ലല്ലോ. നിലവിലുള്ള എല്ലാ ചരിത്രഗ്രന്ഥങ്ങളും ഗവേഷണപ്രബന്‌ധങ്ങളും ഗവേഷണകർത്താവു പരാമർശന വിധേയമാക്കിയിരിക്കണം എന്നുള്ളതു ഒരു ഗവേഷണ പ്രബ ന്ധത്തിനു ആവശ്യം വേണ്ട ഘടകമാണ്.
തെക്കേ ഇൻഡ്യയിൽ പഹ്‌ലവി ഭാഷാ ലിഖിതങ്ങളോടുകൂടി കാണപ്പെട്ട ഏതാനും പേർഷ്യൻ കുരിശുകൾ 1873 മുതൽ ആർക്കിയോളജിക്കൽ ഗവേഷകരുടെ സത്വരശ്രദ്ധ പിടിച്ചുപറ്റുകയും ഒട്ടനവധി ഗവേഷണപ്രബന്ധങ്ങൾ ഈ ഇൻഡ്യയിൽതന്നെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ ഏറ്റവും ഒടുവിലായി പ്രസിദ്ധപ്പെടുത്തിയ ഒരു ചരിത്രഗ്രന്ഥം മാത്രമാണ് ശ്രീ. പി വി. മാത്യുവിൻറ 'സുഗന്ധനാടു നസ്രാണി ചരിത്രം', ഇവകളെ ഒന്നും കാണുകയോ പരാമർശിക്കുകയോ ചെയ്യാതെ 1988-ൽ ഇങ്ങനെയൊരു ഗവേഷണ ഗ്രന്ഥമെഴുതി 1990-ൽ പ്രസിദ്ധീകരിച്ചപ്പോൾ അതു വിമർശന വിധേയമാകുമെന്നതു സ്വാഭാവികമാണ്. ബ. യൗസേപ്പു കത്തനാർ തൻ്റെ ഗവേഷണഗ്രന്ഥം തയ്യാറാക്കാൻ ആകെ വായിച്ചിട്ടുള്ള പ്രബന്ധമെന്നു ഞാൻ മനസിലാക്കുന്നത് സി. പി. റ്റി. വിൻക് വർത്തിൻ്റെ, A New Interpretation of the pahalavi cross Inscription of South India in J.P.T.S. 12 (1929) 235-249 മാത്രമാണ്. (ഇംഗ്ളീഷിലല്ലാത്തതും ഇൻഡ്യൻ പശ്ചാത്തലത്തിലല്ലാത്തതുമായ ചിലതു കൂടി വായിച്ചിട്ടുണ്ടെന്നു തോന്നുന്നു) ആർക്കിയോളജി സംബന്‌ധമായ ഗവേഷണപ്രബന്ധമെന്ന പേരു കൊടുത്തശേഷം പ്രതീകങ്ങളെ തേടി പരക്കെ തെരച്ചിൽ നടത്തിയിട്ടുണ്ട് എന്ന വസ്തുതയും സമ്മതിക്കുന്നു. ആർക്കിയോളജിയും പ്രതീകങ്ങളുമായി എന്തു ബന്ധമാണുള്ളത് എന്നു മനസിലാകുന്നില്ല. പ്രതീകങ്ങളുടെ ദൈവശാസ്ത്രം എന്തെന്നു എനിക്കറിവില്ല. റൂഹാദക്കുദിശാ തമ്പുരാൻ പ്രാവിൻ്റെ രൂപത്തിൽ വന്നുവെന്നു ബൈബിളിലുണ്ട്. വെറും കുരിശിൽ ക്രിസ്തുവിനെ തൂക്കി കൊന്നെന്നും അതിലുണ്ട്. കഴുത്തിൽ സ്വർണകുരിശുമാല അണിഞ്ഞും ഇടതുചൂണ്ടാണി വിരലിൽ പ്രാവിനെ ഇരുത്തിയും പോസ് ചെയ്ത ഒരു സിനിമാ താരത്തിൻ്റെ ചിത്രത്തിൽ പ്രതീകങ്ങൾ കണ്ടെത്തി അതിനെ വിശുദ്ധ വസ്തുവായി പ്രഖ്യാപിക്കാമോ?
മാർതോമാ ശ്ലീഹായുടെ കബറിടം സ്ഥിതിചെയ്യുന്ന മൈലാപ്പുരിനടത്തുള്ള പെരിയമലയിൽ മണ്ണിനടിയിൽനിന്നു കണ്ടെടുക്കപ്പെട്ട കുരിശിൽ പ്രതീകങ്ങൾ ഉണ്ട് എന്ന ഏക കാരണം പറഞ്ഞു അതിനെ ക്രൈസ്‌തവരുടെ പ്രതീകമാണ്; വിശുദ്ധ വസ്തുവാണ് എന്നു പ്രഖ്യാപിക്കണമോ? ഗ്രീക്കുകാരുടെ അപ്പോളോ ദേവൻ്റെ ചെങ്കോലിൻ്റെ അറ്റത്തും കുരിശുണ്ടല്ലോ. ചുരുക്കത്തിൽ, ബന്ധപ്പെട്ട വിഷയത്തിൽ നിലവിലുള്ള ആധികാരിക ഗ്രന്ഥങ്ങളോ, ഗവേഷണ പ്രബന്ധങ്ങളോ കാണാൻ മിനക്കെടാതെയാണ് ബ. യൗസേപ്പു കത്തനാരുടെ ഗവേഷണ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് ബ. യൗ. കത്തനാരുടെ പ്രബന്ധത്തെ വിമർശനവിധേയമാക്കാൻ സാധിച്ചിട്ടുള്ളതും. പ്രതികരിക്കുന്നവരുടെ നേരെ അസഹിഷ്ണുത കാട്ടിയിട്ടു കാര്യമില്ല. പ്രതികരണത്തെ സൂക്ഷമായി പരിശോധിക്കുകയാണു വേണ്ടത്. ബിരുദം നൽകേണ്ട ഒരു ഗവേഷണ പ്രബന്ധമാണത് എന്നാണല്ലോ വയ്പ്.
അവ്യക്‌തതയിൽ നിമഗ്നമാക്കിയ ആവിഷ്കരണ തന്ത്രം
കാര്യങ്ങൾ വ്യക്‌തമായും അർത്ഥശങ്കക്കിടയില്ലാത്ത വിധവും അവതരിപ്പിക്കാതെ പുകമറ സൃഷ്ടിച്ചു വിശ്വാസികളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രമാണ് ബ. യൗ. കത്തനാർ വിമർശന ലേഖനത്തിലും ഗവേഷണഗ്രന്ഥത്തിലും സ്വീകരിച്ചിരിക്കുന്നത്, "ആ മാവിൽ നിറയെ കായ്ച്ചു കിടക്കുന്നത് തേങ്ങയാണ്. തേങ്ങ കായ്ക്കുന്ന വൃക്ഷം കേരളീയർക്കെന്നും കല്പവൃക്ഷമാണ്", ഈ രീതിയിലുള്ള വാദഗതിയാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
നമ്മുടെ നാട്ടിൽ പണ്ടു മുതൽക്കേ പേർഷ്യൻ കുരിശുകളെന്നറിയപ്പെടുന്ന കുരിശിനെ എന്തുകൊണ്ടു മാർതോമാകുരിശാക്കി എന്ന ചോദ്യത്തിനു ബ. യൗ. കത്തനാർക്കു ഉത്തരമില്ല. മൈലാപ്പൂർ ഭാഗത്തുനിന്നു കണ്ടെടുക്കപ്പെട്ട പുരാണ വസ്തുക്കൾക്കെല്ലാം മാർതോമായുമായി ബന്ധപ്പെട്ട പേരു കൊടുക്കണമെന്നാണോ അദ്ദേഹത്തിൻ്റെ സിദ്ധാന്തം? "ഈ കുരിശു മാർതോമാ ക്രിസ്‌ത്യാനികളുടെ അനിതരമായ ദൈവശാസ്ത്രത്തിന്റെ, വിശ്വാസത്തിന്റെ, ആരാധനാ ക്രമത്തിൻ്റെ, സഭയുടെ പ്രതീകമാണ്" എന്ന് തന്റെ സ്വന്തം ഗവേഷണഗ്രന്ഥം ഉദ്ധരിച്ചു പ്രഖ്യാപിക്കാനുള്ള അവകാശം അദ്ദേഹത്തിനു മാർ തോമാ നസ്രാണികൾ നൽകിയിട്ടുണ്ടോ? ഈ കുരിശു മാർതോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തിൽ പെട്ടിരുന്നുവെങ്കിൽ എന്തുകൊണ്ടു ഈ കരിശുകളിൽ ഒരെണ്ണം മൈലാപ്പൂരിനടുത്തുള്ള പെരിയമലയിലെ മണ്ണിനടിയിൽപെട്ടു: കേരളത്തിൽ തന്നെ അവകളുടെ എണ്ണം ഇത്ര പരിമിതപ്പെട്ടു പോയി?
യൗസേപ്പു കത്തനാരുടെ ഗവേഷണഗ്രന്ഥത്തിൽ പറയുന്നതുപോലെ,ആലങ്ങാട്ടു കുരിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ വഴിവക്കിൽ കിടക്കാൻ കാരണമെന്ത്? ഇക്കാര്യത്തിൽ പോർട്ടഗീസുകാരെ പഴിച്ചിട്ടു കാര്യമില്ല. അവരാണല്ലോ മൈലാപ്പൂർ കുരിശിനെ പൊക്കിയെടുത്തു അത്ഭുത കുരിശാക്കിയത്. ഇത് അത്ഭുത കുരിശാക്കിയശേഷം മൂന്നുവർഷം കഴിഞ്ഞ് 1550 ൽ കോട്ടയം വലിയ പള്ളിയിൽ അതേ ആകൃതിയിലും ലിഖിതത്തോടും കൂടിയതുമായ കുരിശു പ്രതിഷ്‌ഠിക്കപ്പെട്ടിട്ടുപോലും അതേ ആകൃതിയിലുള്ള കുരിശുകൾ ഉണ്ടാക്കി മാർതോമാ ക്രിസ്ത്യാനികളുടെ മറ്റു പള്ളികളിൽ പ്രതിഷ്‌ഠിക്കാതിരുന്നത് എന്തുകൊണ്ട്? മുട്ടുചിറ, കടമറ്റം പള്ളികളിൽ പുരാതന വസ്തുവെന്ന നിലയിൽ ഈ കരിശുകൾ സംരക്ഷിച്ചതല്ലാതെ അവകളുടെ മാതൃകകൾ ഉണ്ടാക്കി പണ്ടെങ്ങും ഔദ്യോഗികമായി പ്രതിഷ്ഠിച്ചതായി രേഖകളില്ല. ഇതൊക്കെ കാണിക്കുന്നത് ഈ കുരിശ് ക്രൈസ്‌തവരുടെ കുരിശായിരുന്നില്ല, മാനിക്കയൻ മതസ്ഥരുടെ കുരിശായിരുന്നു എന്നാണ്. മാനിക്കയൻ മതസ്ഥർ ക്രിസ്‌ത്യാനികളായിത്തീർന്ന ശേഷം മാനിക്കയൻ കുരിശുകളുടെ മാതൃകകൾ ഉണ്ടാക്കി തങ്ങളുടെ പള്ളികളിൽ വയ്ക്കാൻ തയ്യാറായില്ല. പഴയ കുരിശുകൾ ചില ദേവാലയങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്നിരുന്നു. ആലങ്ങാട്ടെ കുരിശെടുത്തു ദൂരെ കളഞ്ഞതു അവിടെക്കിടന്നു. ഒരിക്കലും മാർതോമാ നസ്രാണികൾ ഈ കുരിശു അവരുടെ അനിതരമായ ദൈവശാസ്ത്രത്തിൻ്റെ പ്രതീകമായി അംഗീകരിച്ചിട്ടില്ല. ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കണമെന്നു ക്രിസ്തു പറയുന്നതിന്റെ അർത്ഥം ദൈവശാസ്ത്രത്തെ അവ്യക്‌തതയുടേയും അസത്യത്തിൻറയും ആഴക്കടലിൽ മുക്കി അശുദ്ധമാക്കണമെന്നാണോ?
കല്പന നൽകിയാൽ പൈതൃകമാകുമോ?
ഈ അടുത്ത കാലത്തു ചിലർ ഈ കുരിശിനെ മാർതോമാ ക്രിസ്ത്യാനികളുടെ പൈതൃകം ആക്കിയിട്ടുണ്ട് എന്ന വസ്തുത മറക്കുന്നില്ല. നമ്മുടെ ദേവാലയങ്ങളിൽ അൾത്താരകളിൽ വർഷങ്ങളായി നിലനിൽക്കുന്ന ക്രൂശിതന്റെ തിരുസ്വരൂപങ്ങൾ നീക്കം ചെയ്തു തൽസ്ഥാനത്തു മാർതോമാ കുരിശു പ്രതിഷ്ഠിക്കുവാൻ പരമാവധി പരിശ്രമിച്ചിട്ടും ഇന്നു വിശ്വാസികളുടെ എതിർപ്പുമൂലം അതു നടപ്പിലാക്കാൻ വിഷമിക്കുകയാണ്. ഒന്നോ രണ്ടോ ദേവാലയങ്ങളിൽ മാറ്റി പ്രതിഷ്‌ഠിക്കൽ കർമ്മം പരമ രഹസ്യമായി നടത്തിയതിനെതിരെ വിശ്വാസികൾ പ്രക്ഷോഭ പരിപാടികൾ ആവിഷ്ക്കരിക്കുകയാണ്. ഇടവക ധനം ധൂർത്തടിച്ചു ബോധവൽക്കരണ സെമിനാറുകൾ നടത്തിനോക്കിയിട്ടും വിപരീതഫലങ്ങളല്ലേ ലഭിച്ചുകൊണ്ടിരിക്കുന്നത്? ഇതിനെയെല്ലാം അവഗണിച്ചുകളയാമെന്നോ? കമ്പോളപരസ്യത്തിന്റെ ചുവടുപിടിച്ചു ദൈവശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന ബ യൗ. കത്തനാരേപ്പോലുള്ളവർ സഭക്കു വരുത്തിവയ്ക്കുന്ന ദുരന്തം ചില്ലറയൊന്നുമല്ല.
സുവിശേഷപാരായണം നിരോധിക്കാനാണോ ഭാവം
വിശ്വാസികൾ വിശുദ്‌ധഗ്രന്ഥം വായിച്ചു ഗ്രഹിക്കേണ്ടതു ബ. യൗ. കത്തനാർ വിശദീകരിക്കുന്നതുപോലെ ആയിക്കൊള്ളണം എന്ന പ്രഖ്യാപനമാണ് അദ്ദേഹത്തിൻ്റെ വിമർശന ലേഖനത്തിലെ അടുത്ത ഇനം. വി. ഗ്രന്ഥം വ്യാഖ്യാനിക്കേണ്ടതു സഭാപിതാക്കന്മാരും പണ്ഡിതരും ദൈവശാസ്ത്രജ്ഞരുമാണെന്ന് അദ്ദേഹം ദുഖറാന 1991 ജൂലൈ ലക്കത്തിൽ ആധികാരികമായി ആവശ്യപ്പെടുന്നു. ബൈബിൾ വായിക്കാനും മനസിലാക്കാനും ഒരു വ്യാഖ്യാതാവിൻ്റെയും സഹായം ആവശ്യമില്ല. ആശയങ്ങൾ വ്യക്തമായും വളച്ചൊടിക്കാതെയും ആണ് ക്രിസ്തു ആവിഷ്ക്കരിച്ചിട്ടുള്ളത്. അത് അന്നത്തേയും ഇന്നത്തേയും വേദശാസ്ത്രിമാരുടെ മർമ്മത്തുതന്നെ കൊള്ളുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. ഭീതിജനകമായ രഹസ്യങ്ങളോ നിഗൂഢ സത്യങ്ങളൊ ക്രിസ്തു അവതരിപ്പിച്ചിട്ടില്ല. ദൈവകല്പനകളുടെ അന്തഃസത്തയെ അവഗണിച്ചുകൊണ്ടു വിശ്വാസികളെ വലയ്ക്കുന്ന തരത്തിൽ വ്യാഖ്യാനിക്കുന്ന പ്രീശന്മാരും വേദശാസ്ത്രിമാരുമായവരുടെ പൊയ്മുഖം അനാവരണം ചെയ്തുകൊണ്ടുള്ള ക്രിസ്തുവിൻ്റെ രൂക്ഷമായ വിമർശനം രേഖപ്പെടുത്തുന്നുവാൻ വി. മത്തായി ഒരധ്യായം (23) തന്നെ നീക്കിവച്ചിട്ടുണ്ട്. ഈ വാക്യങ്ങൾ കൂടി വായിക്കുന്നത് നല്ലതാണ്. "ബലിയല്ല: കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർത്ഥം നിങ്ങൾ പോയി പഠിക്കുക". (മത്തായി 9:13 >
"നിയമജ്ഞരേ നിങ്ങൾക്കു ദുരിതം! നിങ്ങൾ വിജ്ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാൻ വന്നവരെ തടസപ്പെടുത്തുകയും ചെയ്തു" (ലൂക്കാ 11:52)
ആധികാരികത ഇല്ലാത്തത് ആരുടെ പ്രബന്‌ധത്തിന്?
“മാർതോമാ കുരിശു മാനിക്കയൻ കുരിശോ" എന്ന എൻ്റെ ലേഖനത്തിനു ഗവേഷണത്തിൻ്റെയോ ചരിത്രപണ്ഡിതന്മാരുടേയോ ചരിത്ര ഗ്രന്ഥങ്ങളുടെയോ പിൻബലം ഇല്ലെന്നു ബ. യൗ. കത്തനാരുടെ വിമർശനലേഖനത്തിൽ പറയുന്നു. ഇതിൻ്റെ വാസ്തവികത എൻ്റെ ലേഖനം വായിക്കുന്ന നിഷ്‌പക്ഷമതികൾ വേർതിരിച്ചറിയുമെന്നാണ് എൻ്റെ വിശ്വാസം. മാർതോമാ കുരിശു മാനിക്കയൻ കുരിശു തന്നെയാണ് എന്ന നിഗമനത്തിലെത്താൻ വേണ്ടത്ര ഗവേഷണ പ്രബന്ധങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും കണ്ടെത്താൻ എന്നെ സഹായിച്ച "സുഗന്ധനാടു നസ്രാണി ചരിത്രം" എന്ന ചരിത്ര ഗ്രന്ഥത്തിൻറ കർത്താവായ ശ്രീ പി. വി. മാത്യുവിൻ്റെ നിഗമനത്തിനും യാതൊരു ഉറവിടവും ഇല്ലെന്നു ബ. യൗ. കത്തനാർ പറയുന്നു. ശ്രീ. പി. വി. മാത്യു പ്രസ്തുത ഗ്രന്ഥരചനയ്ക്ക് ആശ്രയിച്ച റഫറൻസ് ഗ്രന്ഥങ്ങളിൽ ഒന്നുപോലും വായിക്കാതെയാണ് അദ്ദേഹം മേൽഗ്രന്ഥത്തിന്റെ വെറും ഗുമസ്ഥനായി ചിത്രീകരിക്കുന്നത്. 1984 ൽ ശ്രീ. പി. വി. മാത്യു പ്രസിദ്ധീകരിച്ച മേൽഗ്രന്ഥം - വായിച്ച ശേഷമായിരിക്കേണ്ടതായിരുന്നു ബ. യൗ. കത്തനാർ തൻ്റെ ആർക്കിയോളജി ഓഫ് മാർസ്സീവാ എന്ന പ്രബന്ധം 1988-ൽ തയ്യാറാക്കേണ്ടിയിരുന്നത്. അതിൻ്റെ കാരണം മുമ്പു വ്യക്തമാക്കിയിട്ടുണ്ടല്ലോ? ആർക്കിയോളജി സംബന്ധമായ ഒരു ഗവേഷണപ്രബന്ധം വിശുദ്ധഗ്രന്ഥങ്ങളുടെ മാത്രം സഹായത്താൽ നടത്തി എന്നു പറഞ്ഞാൽ അത് ഈ കാലഘട്ടത്തിലെ വലിയൊരു തമാശയായി പരിഗണിക്കേണ്ടതാണ്.
ശ്രീ. പി. വി. മാത്യു തന്റെ ഔദ്യോഗിക ജീവിതം ചെലവഴിച്ചത് പേർഷ്യയിലാണ്. ചരിത്ര ഗവേഷണമായിരുന്നു അദ്ദേഹത്തിൻ്റെ ഹോബി. വിശ്രമജീവിതം ചരിത്ര ഗ്രന്ഥരചനയ്ക്കുവേണ്ടി മാറ്റി വച്ചിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ, "സുഗന്‌ധനാടു നസ്രാണി ചരിത്രം" എന്ന ഗ്രന്ഥത്തിൽ ഒന്നിലേറെ അധ്യായങ്ങൾ മാനിക്കയൻ മതത്തെപ്പററിയും മാനിക്കയൻ മതസ്ഥരുടെ ദക്ഷിണേന്ത്യയിലേക്കുള്ള കുടിയേറ്റത്തെപ്പറ്റിയും വിവരിക്കുന്നതിനായി മാറ്റിവച്ചിട്ടുണ്ട്. J. R, ഓർട്ടിന്റെ "മാനി". A. V. W. ജാഗ്‌സൺ ന്റെ "ഏ റിസേർച്ച് ഇൻ മാനിക്കയിനിസം" എന്നീ ഗ്രന്ഥങ്ങളെയാണ് പ്രധാനമായും അദ്ദേഹം ഈ വിഷയത്തിൽ ആശ്രയിച്ചിരിക്കുന്നത്.
ബ. യൗസേപ്പു കത്തനാരുടെ ഗവേഷണഗ്രന്ഥത്തിൽ റഫർ ചെയ്തിരിക്കുന്ന C. P. T. വിങ്കവർത്തിന്റെ ലഘു പ്രബന്ധത്തിൽ പരാമർശനവിധേയമായ E. W. വെസ്റ്റ്, A. മോഡി തുടങ്ങിയ കുറേ ഗവേഷണ പ്രബന്ധകർത്താക്കളുടെ പേരുകൾ ശേഖരിച്ച് എടുത്ത് എഴുതിയ ശേഷം അദ്ദേഹം പറയുകയാണ് "ഇവരുടെ പഠനങ്ങളിൽ മാർസ്ലീവാ ഒരു മാനിക്കയൻ കുരിശാണെന്നതിന് ഒരു സൂചനപോലും ഇല്ല എന്ന്. ഇവരുടെ പഠനങ്ങൾ പരിശോധിച്ചശേഷമാണോ ബ. യൗ. കത്തനാർ മേൽ പ്രസ്താവന ചെയ്തത് എന്നുകൂടി വ്യക്തമാക്കേണ്ടതായിരുന്നു. ബ. യൗ. കത്തനാരുടെ ഗവേഷണപ്രബന്ധത്തിൽ പോലും ഇതു മാനിക്കയൻ കുരിശാണു എന്നതിൻ്റെ സൂചന ഉണ്ട് എന്ന എന്റെ അവകാശവാദത്തെപ്പറ്റി എന്തുകൊണ്ടദ്ദേഹം മൗനം പാലിച്ചു?"
തെക്കേ ഇൻഡ്യയിൽ കാണപ്പെട്ട പേർഷ്യൻ കുരിശുകളിൽ മൈലാപ്പൂർ കുരിശും, കോട്ടയം വലിയപള്ളിയിലെ അൾത്താരകളിൽ വലതുവശത്തു സ്ഥാപിതമായ കുരിശും മാത്രമേ മാനിക്കയൻ കുരിശുകളുടെ ഗണത്തിൽ പെടുന്നുള്ളു എന്നാണ് എന്റെ നിഗമനം. മറ്റു പേർഷ്യൻ കുരിശുകൾ നെസ്തോരിയൻ കുരിശുകളാവാം. ആകൃതിയിലും ആവൃതിയിലും അവയ്ക്കു വ്യത്യാസങ്ങൾ ഉണ്ട്. മേൽ രണ്ടുകുരിശുകളും മാനിക്കയൻ കുരിശെന്നു കണ്ടെത്താൻ എന്നെ സഹായിച്ച ഒരു പ്രബന്ധം. ശ്രീ അങ്കലക്സ ആര്യായുടെ "The Pahalavi Inscription on the crosses in south India" ആണ്. സുപ്രസിദ്ധം പഹ്‌ലവി ഭാഷാ പണ്ഡിതനും, സൊറാസ്ട്രിയൻ മതസ്ഥരുടെ വിശുദ്‌ധഗ്രന്ഥങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ആളുമാണ് ശ്രീ. അങ്കലക്‌സ ആര്യം. ഈ പ്രബന്ധത്തിലെ റഫറൻസുകൾ നോക്കി കുറെ എറെ പ്രബന്‌ധങ്ങളുടെ പേര് എഴുതിയുണ്ടാക്കിയ ശേഷം എനിക്കും ബ. യൗസേപ്പു കത്തനാരു പറഞ്ഞപോലെ അവകാശപ്പെടാം, അവകളിലെല്ലാം ഇതു മാനിക്കയൻ കുരിശാണന്നു സൂചനകളുണ്ടെന്ന്. അതു മാന്യതയല്ലെന്നു തോന്നിയതിനാൽ വേണ്ടെന്നു വയ്ക്കുന്നു.
മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവർ കുരിശിനെ വണങ്ങിയിരുന്നുവോ?
"നാലാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ക്രൈസ്തവർ കുരിശിനെ വണങ്ങാൻ തുടങ്ങിയത് എന്ന മാത്യുവിന്റെ പ്രസ്താവന ശരിയല്ല; കാരണം ആദ്യ നൂറ്റാണ്ടുകളിൽ അടയാള പ്രതീകങ്ങളിലൂടെയാണ് സ്ലീവാ പ്രചാരത്തിൽ വന്നത്" എന്ന ബ. യൗ. കത്തനാരുടെ പ്രസ്താവന തീർത്തും തരം താഴ്ന്നുപോയി. ഞാൻ എൻ്റെ ലേഖനം കൊണ്ട് ഉദ്ദേശിച്ചത് കുരിശിൻ്റെ പ്രതീകമല്ല കുരിശെന്ന ഉപകരണത്തെ തന്നെയെന്നു ബ. യൗ. കത്തനാർക്കു മനസിലാകാഞ്ഞിട്ടല്ല. ഉരുണ്ടുകളിയാണ് അദ്ദേഹത്തിന്റെ ശൈലിയെന്നതിന് ഇത് ആക്കം കൂട്ടുന്നു.
സിലോണിൽ അനുരാധപുരത്തു നിന്നു കണ്ടെത്തിയ കുരിശും (ഇതും മാനിക്കയൻ കുരിശു തന്നെയെന്നു ചിത്രം കണ്ടിട്ടു തോന്നു) മൂന്നാം നൂറ്റാണ്ടിലേതെന്ന വിദഗ്ദാഭിപ്രായത്തെ ബ. യൗ. കത്തനാർ ഖണ്ഡിക്കുന്നത് ഇങ്ങനെയാണ്. "It is dated back to 8th Centurary A. D. some others date it to 3rd Century A. D. But it is not possibile because during that period only signs and symbols of Crosses existed", (ഗവേഷണ ഗ്രന്ഥം. p. 21-22) മൂന്നാം നൂറ്റാണ്ടിൽ കുരിശെന്ന ഉപകരണം ഉണ്ടായിരിക്കുക അസാധ്യമെന്ന് അഭിപ്രായപ്പെട്ട ബ. യൗ. കത്തനാർ തന്നെയാണ് നാലാം നൂറ്റാണ്ടിൻറ മധ്യത്തോടെയാണ് ക്രൈസ്തവർ കുരിശിനെ വണങ്ങാൻ തുടങ്ങിയത് (എന്നുവച്ചാൽ 3-ാം നൂററാണ്ടിൽ കുരിശുകളേ ഇല്ലായിരുന്നു) എന്ന എന്റെ പ്രസ്താവനയെ നിഷേധിച്ചത്. ഈ നിഷേധം വായനക്കാരെ തെറ്റു ധരിപ്പിക്കാൻവേണ്ടി മാത്രം ചെയ്തിട്ടുള്ളതാണ്.
കുരിശു രക്ഷാകര ദൗത്യത്തിൻ്റെ പ്രതീകമായും സഭയുടെ അടയാളമായും സ്വീകരിക്കണമെന്നു ശ്ലീഹന്മാർക്ക് അഭിപ്രായം ഉള്ളതായി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ലേഖനത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്. ഇതു വിശ്വാസികൾക്കു വികല്പത്തിനു കാരണമെന്നു അവർ തന്നെ സമ്മതിച്ചുകൊണ്ട് ആ ഉദ്യമത്തിൽ നിന്നു പിന്തിരിഞ്ഞു എന്നു കണക്കാക്കേണ്ടിയിരിക്കുന്നു. ക്രൂശു മരണം റോമാ സാമ്രാജ്യത്തിൽ അടിമകളെ വധിക്കാൻ മാത്രം ഉള്ള ഒരു രീതിയായിരുന്നു. പിന്നീടതു യഹൂദന്മാരായവരയും ക്രൈസ്തവരേയും വധിക്കാനുള്ള കുഴവുമരമായി നിയമ ഭേദഗതിയുണ്ടായി. തൻ നിമിത്തമാണ് കുരിശു ക്രൈസ്തവർക്ക് എതിർപ്പുള്ള വസ്തുവായി തീർന്നത്. അതുകൊണ്ട് സഭയുടെ ഔദ്യോഗിക പ്രതികമായി 'മീൻ' അംഗീകരിക്കപ്പെടേണ്ടിവന്നത്. Jesus Christ God's Son Our Savior എന്ന വാക്കുകളുടെ ആദ്യാക്ഷരങ്ങൾ കൂട്ടി വായിച്ചപ്പോഴാണ് മീൻ (fish) എന്ന വാക്കായി തീർന്നത്. ബ. യൗ. കത്തനാർ പറയുന്നതുപോലെ മീൻ കുരിശിന്റെ പ്രതീകമല്ല. സുറിയാനിയിൽ ഇങ്ങനെയെന്നു പറഞ്ഞാൽ വിശ്വാസികൾ കണ്ണുമിഴിച്ചിരുന്നുകൊള്ളും എന്നുള്ളതാണ് അദ്ദേഹത്തെ പോലുള്ളവരുടെ നിഗമനം. ഈ തന്ത്രം ഉപയോഗിച്ച് വിശ്വാസികളെ വിരട്ടാൻ വേണ്ടിമാത്രമാണ് സറിയാനി എന്ന മൃതഭാഷയെ പുനർജീവിപ്പിക്കാൻ ഇക്കൂട്ടർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ബ. യൗസേപ്പു കത്തനാരുടെ മുമ്പു പറഞ്ഞ തരത്തിലുള്ള വാദഗതിയുടെ മറ്റൊരു ഉദാഹരണം കൂടി പറഞ്ഞുകൊള്ളട്ടെ. കുരിശിലെ ലിഖിതങ്ങൾ പഹ്‌ലവി ഭാഷയിലുള്ളതാണ്. മതപരമായ ആവശ്യത്തിനു ക്രൈസ്തവർ ഈ ഭാഷ ഉപയോഗിച്ചിട്ടില്ല എന്ന് എന്റെ ലേഖനത്തിൽ ഉണ്ട്. ബ. യൗസേപ്പു കത്തനാരുടെ ഉത്തരമിതാണ് "പി. കെ. മാത്യു പറയുന്നു ഈ ഭാഷ ആരും ഉപയോഗിച്ചിട്ടില്ല എന്ന്. ചരിത്രത്തെപ്പറ്റിയും ഭാഷകളെപ്പറ്റിയുമുള്ള അദ്ദേഹത്തിൻ്റെ തികഞ്ഞ അജ്ഞതയാണിവിടെ കാണുന്നത്. AD 224 മുതൽ 642വരെ പേർഷ്യയിൽ പഹ്‌ലവി ഭാഷ ഔദ്യോഗിക ഭാഷയായിരുന്നു." ഞാൻ പറഞ്ഞത്; "മതപരമായ ആവശ്യത്തിനു ക്രൈസ്തവർ ഉപയോഗിച്ചിരുന്നില്ല" എന്ന്. ബ. യൗസേപ്പു കത്തനാർക്കു കാര്യം വായിച്ച ഗ്രഹിക്കാനുള്ള കഴിവും ഇല്ലെന്നോ? ഖണ്‌ഡിക്കാനാവുന്നില്ലെങ്കിൽ മൗനമല്ലായിരുന്നുവോ ഭേദം. പേർഷ്യയിൽ സസ്സാനിയൻ രാജാക്കൻമാരുടെ കാലത്തെ ഔദ്യോഗിക ഭാഷ പഹ്‌ലവി ഭാഷയായിരുന്നു. ഒപ്പം അവരുടെ ഔദ്യോഗിക മതമായ സൊറാഷ്ട്രിയൻ മതത്തിന്റെ വിശുദ്ധഭാഷയും. അതു ക്രൈസ്തവരുടെ വിശുദ്ധ വസ്തുക്കളിൽ കാണുക അസാധ്യമെന്നേ ഞാൻ പറഞ്ഞിട്ടുള്ളു.
ഈ പേർഷ്യൻ കുരിശു മൂന്നാം നൂറ്റാണ്ടിലേതാണ്.
മൂന്നാം നൂറ്റാണ്ടിൽ കുരിശെന്ന ഉപകരണം ക്രൈസ്തവർക്ക് വണക്കുവസ്തുവായി ഉണ്ടായിരിക്കുക എന്നതു അസാധ്യമെന്നു ബ. യൗ. കത്തനാർ സമ്മതിക്കുന്ന സ്ഥിതിക്കു ഈ കുരിശു മൂന്നാം നൂറ്റാണ്ടിലെതാണെന്നതിനു തെളിവു തന്നാൽ അതു അക്രൈസ്തവരുടെ കുരിശായിരുന്നു എന്നു സമ്മതിക്കുമല്ലോ? 'മാർതോമാ കുരിശാ'ക്കിയ മൈലാപ്പൂർ കുരിശു 3-ാം നൂറ്റാണ്ടിലേതെന്നു അതിലെ പഹ്‌ലവി ലിഖിതങ്ങളുടെ ഓർത്തോഗ്രാഫി (orthography) പഠിച്ചശേഷം ശ്രീ അങ്കലക്സ ആര്യാ അഭിപ്രായപ്പെടുന്നു. അദ്ദേഹം ഒരു ഉല്ലേഖന പഹ്‌ലവി ഭാഷാ പഠിതാവു കൂടിയാണ് (Student of the lapidary alphabet of the sansanion inscription).
A D. 226 മുതൽ പേർഷ്യൻ സാമ്രാജ്യം ഭരിച്ചു വന്നിരുന്ന സസ്സാനിയൻ രാജാക്കന്മാരെല്ലാവരും പഹ്‌ലവി ഭാഷ ലിഖിത ങ്ങളോടു കൂടിയ നാണയങ്ങൾ ആണ്ട്, മാസം, തീയതി എന്നിവ വച്ചു ഇറക്കിയിട്ടുള്ളതിന്റെ ശേഖരങ്ങൾ ധരാളമുണ്ട്. ഈ നാണയങ്ങളിലെ ലിഖിതങ്ങളും മൈലാപ്പൂർ കുരിശിലെ ലിഖിതങ്ങളുടെ ഓർത്തോഗ്രാഫിയുമായി ഒത്തുനോക്കിയതിൽ മൈലപ്പൂർ കുരിശു 3-ാം നൂറ്റാണ്ടിലേതെന്നു അസന്നിഗ്ദ്‌ധമായി തെളിയുന്നു എന്നു തന്നെയാണ് ശ്രീ അങ്കലക്സാ ആര്യാ അഭിപ്രായപ്പെടുന്നത്. 3-ാംനൂറ്റാണ്ടിൽ പേർഷ്യയിൽ നിലവിൽ വന്ന മാനിക്കയൻ മതത്തിൽ വിശ്വസിച്ചിരുന്നവർ കുരിശെന്ന ഉപകരണം വണക്കവസ്തുവായി ഉപയോഗിച്ചിരുന്നു. മതമർദ്ദനം ഭയന്നു മാനിക്കയൻ മതസ്ഥർ കുറെപ്പേർ കേരളത്തിൽ അഭയം തേടിയിട്ടുണ്ട്. അതുകൊണ്ട് പേർഷ്യൻ മാതൃകയിലുള്ള കുരിശുകൾ കരിങ്കല്ലിൽ കൊത്തി ഇവിടെ അവർക്കുവേണ്ടി സ്ഥാപിതമായ പള്ളികളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതാണ് 'മാർതോമാക്കുരിശാ'ക്കിയ പേർഷ്യൻ കുരിശ്.
കുരിശിലെ ലിഖിതങ്ങൾ മാനിക്കയൻ മതസ്‌ഥരുടെ ദൈവശാസ്ത്രം തന്നെ.
ക്രിസ്തു കുരിശിലേറ്റപ്പെട്ടെങ്കിലും മരണം അഭിനയിച്ചു ക്രൂശുപേക്ഷിച്ചു ഉത്ഥിതനായിപ്പോയി എന്നും കുരിശിലെ കഷ്ടതകൾ അനുഭവിച്ചു രക്ഷാകര ദൗത്യം പൂർത്തികരിച്ചു സത്യമതം സ്‌ഥാപിച്ചതു "മാനി' ആയി പിറന്ന റൂഹാദക്കുദിശാ തമ്പുരാൻ ആണെന്നുമാണ് മനിക്കയൻ മതസ്ഥരുടെ ദൈവശാസ്ത്രം. കുരിശിൽ പുത്രൻ തമ്പുരാനു സ്ഥാനം പാടില്ല, റൂഹാദക്കുദിശാ തമ്പുരാനു മാത്രമേ സ്ഥാനം കൊടുക്കുവാൻ പാടുള്ളൂ എന്നതാണ് റൂഹാദക്കുദിശാ തമ്പുരാൻ്റെ പക്ഷക്കാരായ മായിക്കയൻ മതസ്ഥർ വാദിച്ചുകൊണ്ടിരിക്കുന്നത്. മനിക്കയൻമതസ്ഥരുടെ മേൽ പറഞ്ഞ വിശ്വാസം പ്രതിഫലിക്കുന്ന ലിഖിതങ്ങളാണ് ഈ മാർതോമാ കുരിശിലുള്ള പഹ്‌ലവി ഭാഷാ ലിഖിതങ്ങളുടെ ആധികാരിക തർജ്ജിമകളിൽ കണ്ടെത്തുന്നത്.
എന്റെ ലേഖനത്തിൽ ഡോ. ബർണ്ണദിൻ്റെ പരിഭാഷയെ ആശ്രയിച്ചതു തകരാറായിപ്പോയെന്നു ബ. യൗ. കത്തനാർ പറയുന്നു. എന്നാൽ ബ. യൗ. കത്തനാർ ആശ്രയിച്ച തർജ്ജമ തന്നെ എടുക്കാം. അദ്ദേഹത്തിന്റെ ഗവേണ ഗ്രന്ഥത്തിൽ തന്നെയുള്ള ആധികാരിക തർജ്ജമകളിൽ ഒന്നിതാണ്. "He who believes in the Messiah and in God on high and also in the Holy Ghost is in the grace of him who bore the pain of the cross (P. 10) ഇതിൻ പ്രകാരം നോക്കിയാലും ക്രൂശിലെ പീഡകൾ സഹിച്ചതു റൂഹാദക്കുരിശാ തമ്പുരാനെന്ന മിശിഹാ (രക്ഷകൻ) ആണ്.

ചവിട്ടാൻ ഉയർത്തിയ കാല് ...
ക്രിസ്തുവിനേയും ക്രിസ്തു മതത്തേയും അവഹേളിക്കാനായി മാനിക്കയൻ മതസ്ഥർ 3-ാം നൂററാണ്ടിൽ ഉപയോഗിക്കാൻ തുടങ്ങിയ കുരിശിൻ്റെ മാതൃകയിൽ ഉള്ളതാണ് "മാർതോമാ കുരിശു". കേരളത്തിലെത്തിയ മാനിക്കയൻ മതസ്‌ഥർ ക്രൈസ്തവരായി മാർഗം കൂടിയശേഷം ആ കുരിശു അവഗണിച്ചിടുകയോ വലിച്ചെറിയുകയോ ചെയ്തിട്ടുണ്ടാവണം. ആ കുരിശിൽ മാനിക്കയൻ മതസ്ഥർ കല്‌പിച്ചിരുന്ന പ്രതീകങ്ങൾ ക്രൈസ്തവ ലോകത്തിനു അപമാനകരമാണ്. ഈ കുരിശിന്റെ മാതൃകകൾ ഉണ്ടാക്കി അവയെ "മാർതോമാകുരിശെന്നു" പേരു വിളിച്ചതുകൊണ്ട് അപമാനിതനായിരിക്കുന്നതു നമ്മുടെ ഗുരുവായ മാർതോമാ ശ്ലീഹായും, നമ്മുടെ രക്ഷകനായി പിറന്ന പുത്രൻ തമ്പുരാനുമാണ്. മാർതോമാ ക്രൈസ്തവർ ഒരു കാലത്തും ഈ കുരിശിനെ "ഈശോയിലേക്കു എത്തിക്കുന്ന അവരുടെ അനിതരമായ ദൈവശാസ്ത്രത്തിന്റെ പ്രതീകമായി" സ്വീകരിച്ചിട്ടില്ല. ഇനി അപ്രകാരം സ്വീകരിക്കുവാൻ തയ്യാറാവുമോ ആവോ?
മാർതോമാ ക്രൈസ്തവരുടെ പഴയ പള്ളികൾ നിറയെ കുരിശുകൾ ഉണ്ടായിരുന്നു എന്നു ബ. യൗ. കത്തനാർ പറയുന്നതിനെ അംഗീകരിക്കുന്നു. പക്ഷേ അതൊക്കെ "മാർതോമാ കുരിശു"കളായിരുന്നില്ല വെറും കുരിശുകളായിരുന്നു. അത്ഭുതങ്ങൾ കെട്ടിച്ചമയ്ക്കുന്നതിനും അതിശയോക്‌തികൾ യാഥാർത്ഥ്യങ്ങൾപോല രേഖപ്പെടുത്തുന്നതിനും പോർട്ടുഗീസുകാർക്കുള്ള കഴിവ് പണ്ടേ പ്രസിദ്ധമാണ്. നമ്മുടെ വണക്കമാസപുസ്തകത്തിൽ കാണുന്ന "ഇസ്‌പാനിയ കഥകൾ" പോർട്ടുഗീസകാരുടേതാണ്. മൈലാപ്പൂർ കുരിശിനെ "മാർ തോമാകുരിശാ''ക്കാൻ പോർട്ടുഗീസുകാർ ശ്രമിച്ചു എന്നതും ശരിയായിരിക്കാം. ഉദയംപേരൂർ സൂനഹദോസ് വിളിച്ചു കൂട്ടിയ മെനേസീസ് മെത്രാപ്പോലീത്താ നിയോഗിച്ച ഗോവിയാ എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. "പഴയ പള്ളികളെല്ലാം അമ്പലങ്ങളുടെ മാതൃകയിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത് എങ്കിലും അവയിൽ എല്ലാം നിറയെ കുരിശുകൾ ആയിരുന്നു. സെൻ്റ് തോമസിന്റെ അത്ഭുത കുരിശിന്റെ മാതൃകയിലുള്ള കുരിശുകൾ". ഇതു മൈലാപ്പൂർ കുരിശാണോ എന്നു വ്യക്തമാക്കിയിട്ടില്ല. ഇതേ ചരിത്രകാരൻ കൊടുങ്ങലുരുള്ള ഒരു ചാപ്പലിലെ അത്ഭുത കുരിശിൻ്റെ കഥ വിവരിക്കുന്നതു ഇങ്ങനെയാണ്.
കൊടുങ്ങല്ലൂരിൽ മാർതോമാ ശ്ലീഹാ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന പള്ളിക്കു സമീപമുള്ള ഒരു ചാപ്പലിലെ കുരിശു ചിലപ്പോൾ താനേ ആകാശത്തേക്കു ഉയർന്നു നോക്കെത്താത്ത ഉയരത്തിലെത്തും. മറ്റു ചിലപ്പോൾ അതിൽനിന്നു പ്രകാശം നോക്കുന്നവരുടെ കണ്ണഞ്ചിക്കുന്ന വിധം പുറപ്പെടും. കുരിശിന്റെ അത്ഭുത ശക്തി കാരണം ധാരാളം നേർച്ച കാഴ്ചകൾ വരാറുണ്ട്" (Ref. Jornado fol 53. R.V. quoted from മലങ്കര നസ്രാണികൾ Z N. പാറോട്ടു) മാർതോമാക്കുരിശു എന്നുപേർ പറയുന്ന അത്ഭുതകുരിശ് ഇതാണോ, മൈലാപ്പൂർ കരിശാണോ എന്നു വ്യക്തമാക്കാനുള്ള അഭ്യാസങ്ങൾ 'ഗോവിയ'യ്ക്കും ഉണ്ട്. കുരിശിന്റെ അത്ഭുത ശക്തി പറഞ്ഞു പരത്തി ധാരാളം നേർച്ച കാഴ്‌ചകൾ ലഭിക്കണമെന്നുള്ളതാണ് അവിശ്വസനീയമായ ഇത്തരം കഥകളുടെ ലക്ഷ്യം.
പോർട്ടുഗീസുകാർ കണ്ടെടുത്തു മൈലാപ്പൂരിൽ സ്ഥാപിച്ച കുരിശ്, "അത്ഭുത കുരിശാക്കിയിട്ടും, രക്തം വിയർത്ത കഥകളുണ്ടാക്കിയിട്ടും മാർത്തോമ്മാ ക്രൈസ്തവരാരും ആ കുരിശിനെ അംഗീകരിച്ചില്ല എന്നതു കൊണ്ടല്ലയോ ആ കുരിശിന്റെ മാതൃകകൾ മാർത്തോമ്മാ ക്രൈസ്തവരുടെ ദേവാലയങ്ങളിൽ വക്കാതിരുന്നത്. പോർട്ടുഗീസു ചരിത്രകാരൻ ഗോവിയായുടെ രേഖപ്പെടുത്തൽ മൈലാപ്പൂർ മാതൃകയിലുള്ള കരിശിനെപ്പറ്റിയെങ്കിൽ പഴയദേവാലയങ്ങളിലെല്ലാം മാർതോമാ കുരിശുകളുടെ മാതൃകകൾ" കാണുമായിരുന്നു. "മാർ തോമാ കുരിശാക്കിയ' മാനിക്കയൻ കുരിശിൻ്റെ മാതൃകകൾ ഉണ്ടാക്കി മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഏതെങ്കിലും പള്ളിയിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിൽ അതു കോട്ടയം വലിയപള്ളിയിൽ മാത്രമായിരുന്നു. മറ്റെങ്ങും അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ടതായി രേഖകളില്ല. കോട്ടയം വലിയ പള്ളിയിൽ അതു പ്രതിഷ്ഠിക്കുന്നതിനു മുമ്പായി ആധുനിക സുറിയാനി ഭാഷയിൽ തന്നെ വി. പൗലോസ് ഗലാത്തിയർക്കെഴുതിയ ലേഖ നം 6:14 വാക്യങ്ങൾ കൊത്തിവച്ച് അത് ക്രൈസ്തവീകരിക്കുകയാണുണ്ടായത്. ഈ വചനഭാഗം കൊത്തിയതു പിന്നീടാണ് എന്നുള്ള വിവരം ഗ്രഹിക്കാതെ ശ്രീ. അങ്കലക്സ് ആര്യാ ഇപ്രകാരം രേഖപ്പെടുത്തുന്നു. . "If the Manichaeans had ever raised a cross which is doubtful but not impossible, they would not have quoted a text from ST. Pauls epistle to the galatians (P. 98) വചനഭാഗം കണ്ടതുകൊണ്ടു മാത്രമാണ് ശ്രീ അങ്കലക്സ ആര്യ അതു മാനിക്കയൻ കുരിശല്ല എന്നു സംശയിക്കാൻ ഇടയായത്. മാനിക്കയൻ കുരിശല്ല എന്നത് അസാദ്ധ്യമല്ലെന്നും അദ്ദേഹം പറയുന്നു.
"മാർതോമാ കുരിശ് " 'മാനിക്കയൻ കുരിശു' തന്നെയെന്നു സ്ഥാപിക്കാനുള്ള കൂടുതൽ തെളിവുകൾ വായനക്കാരിലെത്തിക്കാൻ അവസരം തന്ന ബ. യൗസേപ്പുകത്തനാർക്ക് എന്റെ അകമഴിഞ്ഞ കൃതജ്‌ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.
മാർതോമാക്കുരിശും മാനിക്കേയൻ കുരിശും
പി. കെ. മാത്യു ഏറ്റുമാനൂർ
അസ്സീസി മാസിക, ഒക്ടോബർ 1991





















