top of page

ചില പ്രകാശങ്ങള്‍

Jan 1, 2017

2 min read

ടക

ഗീതാജ്ഞലി കൊലാനന്ദയും ബ്രാന്‍ഡി ലിയറിയും ഒന്നിച്ചു രൂപംകൊടുത്ത 'ഗാന്ധാരി' എന്ന ഒരു നൃത്തശില്പം ഉണ്ട്. വിഭജിക്കപ്പെട്ട നദിപോലെ നീണ്ടഴിഞ്ഞ ചുവപ്പുനാട ഊര്‍ന്നിറങ്ങിയ ശരീരവുമായി അരങ്ങിലെത്തിയ നര്‍ത്തകി പതിയെ നാടയെ ഒരു കയറാക്കി മാറ്റി അതില്‍പിടിച്ച് കാഴ്ചക്കാരുടെ മുമ്പില്‍നിന്ന് പിന്‍വാങ്ങുന്നു. തുടര്‍ന്ന് ചുവപ്പുനാടയില്‍ കണ്ണുകളെ സ്വയം അന്ധമാക്കി നൃത്തച്ചുവടുകളിലേക്ക് നീങ്ങുന്നു. വേദിയില്‍ കമഴ്ത്തിവച്ച പതിമൂന്ന് വെള്ളിക്കിണ്ണങ്ങള്‍ ഉണ്ട്. ഓരോന്നും സ്വയം പ്രകാശിക്കുന്ന വെളിച്ചത്തിന്‍റെ അര്‍ദ്ധഗോളങ്ങളാണ്. വിഷാദസാന്ദ്രമായ രാഗത്തില്‍, പതിഞ്ഞ സ്വരത്തില്‍ മുഴങ്ങുന്ന വയലിന്‍ സംഗീതം പതിയെ ഉച്ചസ്ഥായിലേക്കു ഉയരുമ്പോള്‍ ചടുലമായ ചുവടുവെപ്പുകളോടെ കളരിപ്പയറ്റിന്‍റെ കൃത്യതയോടെ അരങ്ങിലെ വെള്ളിക്കിണ്ണങ്ങളെ നര്‍ത്തകി തട്ടിത്തെറിപ്പിക്കുന്നു. ഒരേകദേശ വൃത്തരൂപത്തില്‍ തെറിച്ചുവീണ വെള്ളിക്കിണ്ണങ്ങളുടെ നടുവിലിരുന്ന് അവ ഓരോന്നിനെയും ഒരു സ്ഫടികക്കണ്ണാടിയില്‍ മുഖം നോക്കുന്നതുപോലെ സ്വന്തം മുഖത്തേയ്ക്ക് പിടിക്കുമ്പോള്‍ സംഭവിക്കുന്നത് കണ്ണുകള്‍ മൂടപ്പെട്ട ഗാന്ധാരി വേഷധാരിയായ ഈ നര്‍ത്തകിയുടെ മുഖം പ്രകാശത്തില്‍ കുളിച്ചുനില്‍ക്കുന്ന പൂര്‍ണചന്ദ്രനെപ്പോലെ മനോഹരമാകുന്നു.

സ്വയം വരിച്ച അന്ധതകള്‍ക്കിടയിലും കാലഘട്ടം ചില പ്രകാശങ്ങള്‍ കരുതിവയ്ക്കുന്നുണ്ട്. കമഴ്ത്തിവച്ച വെള്ളിക്കിണ്ണങ്ങള്‍ നൃത്തശില്പത്തിലെ ഗാന്ധാരിയെ പ്രകാശിപ്പിക്കുന്നതുപോലെ പുതുവര്‍ഷത്തില്‍ പ്രത്യാശയും പ്രതീക്ഷയും അസ്സീസിയുടെ താളുകളില്‍ പതിയുമ്പോള്‍ അത്ഭുതപ്പെടുത്തുക ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന നന്മയുടെയും സ്നേഹത്തിന്‍റെയും അപൂര്‍വ്വ സുന്ദരമായ ചില മുഖങ്ങളും കാഴ്ചകളുമാണ്. ചെറുതെങ്കിലും നയനാനന്ദകരമായ മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടവുമായി അവ എല്ലാ കാലത്തിലും എല്ലാ ദേശത്തും നിറഞ്ഞുനില്‍പ്പുണ്ട്. കാലത്തിന്‍റെ ദുരന്തങ്ങളും അപചയങ്ങളും വിവാദങ്ങളും വാര്‍ത്തകളിലും മനസ്സിലും ഇടംപിടിക്കുമ്പോഴും നിര്‍ബന്ധിതമായി കണ്ണുകളെ പ്രകാശത്തിനുനേരെ ഇറുക്കിയടയ്ക്കാന്‍ വിധിക്കപ്പെടുമ്പോഴും ഈ നന്മകള്‍ പ്രകാശം പരത്തുന്ന വെള്ളിക്കിണ്ണമായി മനസ്സിലും ഉടലിലും ജീവിതത്തിലും പരക്കും.

അനേകം സന്ന്യാസികള്‍ക്കും പുരോഹിതര്‍ക്കും പ്രകാശസ്തംഭമായ എപ്പോഴും പോസിറ്റീവായി നിറഞ്ഞു നിന്ന ഡോ. ഫെലിക്സ് പൊടിമറ്റമെന്ന കപ്പൂച്ചിന്‍ സന്ന്യാസി അവശേഷിപ്പിച്ച പ്രകാശം മുതല്‍ വീട്ടകങ്ങളില്‍ ഉടലെടുക്കുന്ന നന്മയും സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവിക്കുന്ന അത്ഭുതപൂര്‍വ്വമായ ഊര്‍ജ്ജവും അതു പകരുന്ന തെളിച്ചവും പകരംവയ്ക്കുന്ന ഇടങ്ങളും ഒക്കെ അസ്സീസിയുടെ താളുകളില്‍ നിങ്ങളോട് സംവദിക്കുന്നുണ്ട്. ഓഷ്വിറ്റ്സിലെ കെട്ടകാലഘട്ടത്തിന്‍റെ ഓര്‍മ്മച്ചിത്രങ്ങള്‍ ഇനിയൊരിക്കലും മറ്റൊരു വംശീയ കൊലക്കളത്തിനു കളമൊരുക്കരുതെന്ന് നിലവിളിക്കുന്നുണ്ട്. അതെ, വീശിയടിക്കുന്ന കൊടുങ്കാറ്റുകളല്ല ചെറുകാറ്റനക്കങ്ങളാണ് ചരിത്രത്തെ ഇത്രയെങ്കിലും മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നത്.

പ്യൂപ്പക്കുള്ളിലെ സമാധി ഒരേ സമയം ഇരുളും വര്‍ണങ്ങളും നിറഞ്ഞതാവുന്നതുപോലെ കെട്ടകാലങ്ങളും അധികാര-ആര്‍ത്തി സംസ്കാരങ്ങളും കളം നിറഞ്ഞാടുമ്പോഴും വര്‍ണങ്ങളും പ്രകാശരേണുക്കളും ആവോളം നമ്മുടെ ചുറ്റിലുമുണ്ട്. കല്പിച്ചു കിട്ടിയ അന്ധതയെ പ്രകാശത്തിന്‍റെ തിരി നീട്ടി നീ തോല്പ്പിക്കുക. അത് നമ്മുടെ ഹൃദയാകാശങ്ങളില്‍ വര്‍ണ്ണങ്ങളുടെ ചിത്രശലഭങ്ങളെ നിറയ്ക്കും. ഒരു ഇരുണ്ട കാലഘട്ടത്തില്‍ സഭയെ വീണ്ടും പണിതുയര്‍ത്താന്‍ ഒരു ചിത്രശലഭം പോലെ വന്നവനായിരുന്നു അസ്സീസിയിലെ വി. ഫ്രാന്‍സിസ്. എട്ടു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ലോകത്തോടു വിളിച്ചുപറയാന്‍ ഇന്നും അവനെന്തൊക്കെയോ ഉണ്ട്. അത് പ്രകാശത്തിന്‍റെ സുവിശേഷമാണ്. പാപത്തിന്‍റെയും നിയമത്തിന്‍റെയും മാമൂലുകളില്‍ കുടുങ്ങി ഇരുട്ടിലായ ഒരു ജനതയോട് ക്രിസ്തു പ്രഘോഷിക്കുന്നതും മറ്റൊന്നുമല്ല. "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്" (യോഹ. 8, 12), "നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്" (മത്താ. 5, 14).

2004 ഡിസംബര്‍ 26ലെ സുനാമി ദുരന്തത്തില്‍ തന്‍റെ നാലുമക്കളെയും ഒരേപോലെ കടലെടുത്തതു കണ്ട് കുഴഞ്ഞുവീണ ആഗ്നസ് മേരിയെന്ന, 'മേരിഅക്കന്‍' എന്നു ഞങ്ങള്‍ വിളിക്കുന്ന മത്സ്യത്തൊഴിലാളി സ്ത്രീയെ തമിഴ്നാട്ടിലെ 'കൊട്ടില്‍പ്പാട്' എന്ന തീരദേശ ഗ്രാമത്തില്‍ കണ്ടിട്ടുണ്ട്. അന്നവരെ ആശ്വസിപ്പിക്കാന്‍ ഹൃദയത്തിലോ ആത്മാവിലോ ആര്‍ക്കും വാക്കുകളില്ലായിരുന്നു. തുടര്‍ന്ന് അവരുടെ ജീവിതം കണ്ണീരിന്‍റെ സാഗരം മാത്രമായിരിക്കുമെന്ന് ധരിച്ച എന്‍റെ ധാരണയെ തിരുത്തിക്കൊണ്ട് 2005 ഡിസംബറിലെ ഒരു പുലരിയില്‍ നിറഞ്ഞ പുഞ്ചിരിയോടെ, നിറവയറുമായി നിന്ന് ഞങ്ങള്‍ക്ക് പ്രാതല്‍ വിളമ്പിയ അവരുടെ ചിത്രം പ്രകാശം മാത്രമാണ് അവശേഷിപ്പിക്കുന്നത്.

പ്രകാശത്തിന്‍റെ ശലഭങ്ങള്‍ പുതുവര്‍ഷത്തില്‍ എല്ലാവരിലും ചിറകു വിടര്‍ത്തട്ടെയെന്ന് ആശംസിക്കുന്നു...



ടക

0

4

Featured Posts

bottom of page