Delicia Devassy
Oct 21
നിങ്ങള്‍ വിഡ്ഢികള്‍, നിങ്ങള്‍ ബുദ്ധന്‍റെ അനുയായികള്‍
അദ്ദേഹത്തെ വെടിയുക
അദ്ദേഹത്തെ വെടിയാതെ,
അദ്ദേഹത്തെ നിങ്ങള്‍ക്കു കണ്ടെത്താനാവില്ല!
- സെന്‍ഗുരു ദിന്‍സായ്.
ഇതുപോലെ സെന്‍ ക്രിസ്ത്യാനിറ്റിയിലെത്തുമ്പോള്‍, സെന്‍ ഇസ്ലാമികതയിലെത്തുമ്പോള്‍, സെന്‍ ഹൈന്ദവികതയിലെത്തുമ്പോള്‍,
'നിങ്ങള്‍ വിഡ്ഢികള്‍, നിങ്ങള്‍ ക്രിസ്തുവിന്‍റെ അനുയായികള്‍
മുഹമ്മദ് നബിയുടെ അനുയായികള്‍
കൃഷ്ണന്‍റെ അനുയായികള്‍ അവരെ വെടിയുക.
അവരെ വെടിയാതെ
അവരെ നിങ്ങള്‍ക്കു കണ്ടെത്താനാവില്ല!'
എന്നിടത്തു വച്ച് ഒരു ഡയലോഗ് തുടങ്ങിവയ്ക്കാന്‍ മുഖ്യധാര മതങ്ങളിലെ ധ്യാനിക്കുന്നവരെ സാക്ഷിയാക്കി ഇതെഴുതുകയാണ്.
'നിങ്ങളിലുള്ളത് നിങ്ങള്‍ മുന്നോട്ടു കൊണ്ടുവരികയാണെങ്കില്‍, നിങ്ങള്‍ മുന്നോട്ടു കൊണ്ടുവരുന്നത് നിങ്ങളെ രക്ഷിക്കും. നിങ്ങളിലുള്ളത് നിങ്ങള്‍ മുന്നോട്ടു കൊണ്ടുവരുന്നില്ലെങ്കില്‍ 'നിങ്ങള്‍ മുന്നോട്ടു കൊണ്ടുവരാത്തത് നിങ്ങളെ നശിപ്പിക്കും.' - തോമസിന്‍റെ സുവിശേഷം
മനുഷ്യനിലുള്ളത് മനുഷ്യന്‍ മുന്നോട്ടു കൊണ്ടുവരാത്തതാണ്, അതുണ്ടാക്കുന്ന നരകമാണ്, സംഘര്‍ഷമാണ്, സംഹാരമാണ്, നമ്മെ ഇന്നു നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനിലുള്ളത് ശാന്തി, പ്രേമം, ആനന്ദം, ശക്തി, ജ്ഞാനം, പരിശുദ്ധി മുന്നോട്ടുകൊണ്ടുവരുന്നില്ലെങ്കില്‍, അതിന് ഓരോ വ്യക്തിക്കും തന്നിലെ ബുദ്ധനെ, യേശുവിനെ, നബിയെ, കൃഷ്ണനെ ഉണര്‍ത്തുന്നില്ലെങ്കില്‍ ഭൂമി ഇന്നല്ലെങ്കില്‍ നാളെ ഒരുപിടി ചാരമാകും!
ഈ ഗോളത്തില്‍ നാം ഏറെ ലക്ഷം വര്‍ഷങ്ങളായി നിവസിക്കുന്നു. നാമിപ്പോഴും സംഘര്‍ഷത്തില്‍ കഴിയുകയാണ്. സംഹാരോന്മുഖമായ, മൃഗീയമായ യുദ്ധങ്ങളുടെ ഭാഗമായുള്ള സംഘര്‍ഷമല്ല, മറിച്ച് നാം ഓരോ വ്യക്തിയും നിത്യജീവിതത്തില്‍ ചെറുതും വലുതുമായുള്ള എണ്ണമറ്റ സംഘര്‍ഷങ്ങളില്‍ ഉഴലുന്നു. എന്നാല്‍ ബുദ്ധന്‍ മുതല്‍ ജിദ്ദു കൃഷ്ണമൂര്‍ത്തി വരെ പറയുന്നത് ഈ സംഘര്‍ഷമില്ലാതെ ജീവിക്കുവാനാണ്. അപ്പോഴാണ് ഒരാള്‍ ആത്മീയത ഉണരുന്നത് എന്നും. ഇതിനുള്ള ഒരു ബീജം ഓരോ വ്യക്തിക്കും മസ്തിഷ്കത്തിന്‍റെ ആഴമുള്ള പ്രതലത്തില്‍ നട്ടുപിടിപ്പിക്കാനാവുമോ? അവിടെ മണ്ണുണ്ട്. ഭൂമിയിലെ മണ്ണിനേക്കാള്‍ ഏറെ സമ്പന്നമായത്. അവിടെ നിന്നതിന് മുളച്ചുവരാനാകും. നമുക്കൊക്കെയും അല്ലെങ്കില്‍ നമുക്ക് കുറച്ചുപേര്‍ക്ക് ഈ പൃഥ്വിയില്‍ ഒരു സംഘര്‍ഷവും കൂടാതെ ജീവിക്കാനാവുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം തരാന്‍ നമുക്കാവില്ല. മറിച്ച് ഈ ചോദ്യത്തിന്‍റെ ബീജം നമുക്കുള്ളില്‍ നടാം. അത് ഉള്ളിന്‍റെ ആഴത്തില്‍ നിന്ന് ഒരു മരമായി വളര്‍ന്നുവരട്ടെ... ചോദ്യങ്ങളുടെ പൂക്കള്‍ കൊണ്ടതു നിറയട്ടെ... പതുക്കെ ഉത്തരങ്ങളുടെ വിത്തുകള്‍ മുളക്കാതിരിക്കില്ല! അതൊരാളില്‍ മുളയ്ക്കുകയും പൂക്കുകയും ചെയ്യുമ്പോള്‍ അയാളൊരു ബുദ്ധനാണ്, യേശുവാണ്, നബിയാണ്, കൃഷ്ണനാണ്.
ഒരു വിഗ്രഹം സമ്പൂര്‍ണ്ണമാകുമ്പോള്‍, തകരുമ്പോള്‍ അത് ആരാധനയ്ക്കെടുക്കുകയില്ല. അതൊരു കല്ലായിട്ടെ പരിഗണിക്കുകയുള്ളൂ. അത്തരം വിഗ്രഹങ്ങള്‍ മ്യൂസിയത്തിലെ വയ്ക്കുകയുള്ളൂ; ആരാധനാലയങ്ങളില്‍ വയ്ക്കില്ല - ദാദാ ലേഖരാജ് നമ്മുടെ മുഖ്യധാരാമതങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, സാമൂഹ്യസിദ്ധാന്തങ്ങള്‍, പ്രതിവിധികള്‍, ഇപ്രകാരം മ്യൂസിയത്തില്‍ വയ്ക്കേണ്ടതാണെന്ന്, ആന്തരികമായി പറയുന്നവയല്ലാത്ത ഒന്നും ഇപ്പോള്‍ നമുക്കുമുന്നിലില്ല. 'ഒരിക്കല്‍ വെളിച്ചമുണ്ടായിരുന്നു. ഇപ്പോഴില്ല' എന്നു പറയുന്ന കെട്ടുപോയ വിളക്കുകളെയൊക്കെ മാറ്റിവച്ച് ഒരു ശിശു ലോകത്തെ കാണുന്നതുപോലെ ജീവിതത്തെ കാണാന്‍ നമുക്കാവില്ലേ? 84000 'ധര്‍മവിളക്കു' കളെരിഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഗൗതമബുദ്ധന്‍ പറയുന്നുണ്ട്. ഓരോ ധര്‍മ്മവിളക്കും ഓരോ സവിശേഷ സ്ഥലകാലത്തില്‍ സഹജമായുണ്ടാകുന്നതാണ്. യേശുവും നബിയും ബുദ്ധനും കൃഷ്ണനും ജനിച്ചപ്പോഴുണ്ടായ ഭൂമിയോ ആകാശമോ ജലമോ വായുവോ വെളിച്ചമോ അല്ല 2010 ല്‍ ജീവിക്കുന്ന നമുക്കു മുന്നിലുള്ളത്. ലക്ഷങ്ങള്‍ വധിക്കപ്പെട്ട രണ്ടു ലോകയുദ്ധങ്ങള്‍, ഭൂമിയെ മുഴുവനായി നിമിഷങ്ങള്‍കൊണ്ട് ചാമ്പലാക്കാനുള്ള അതിസൂക്ഷ്മാണവോപകരണങ്ങളുമായി മനുഷ്യരാശിയുടെ ഇന്നിനുമീതെ പരമാധികാരം സ്ഥാപിച്ചു നിലകൊള്ളുന്ന അധികാര രൂപങ്ങള്‍ മനുഷ്യരാശിയുടെ അനുഭവ സമ്പത്തിനെ മുഴുവന്‍ ഒരു നിമിഷം കൊണ്ടറിയാന്‍ സഹായിക്കുന്ന തരത്തിലുള്ള ഇന്‍ര്‍നെറ്റ് സംവിധാനം, ലോകവുമായുള്ള അകലം കുറയ്ക്കുന്ന സെല്‍ഫോണ്‍ വിനിമയ ബന്ധങ്ങള്‍... ഒരു ജീവി എന്ന നിലയ്ക്ക് മനുഷ്യകുലത്തിന്‍റെ നിലനില്പുപോലും ഇനിയെത്ര നാളേയ്ക്ക് എന്നുപോലും തോന്നിക്കുന്ന തരത്തില്‍ ഹിംസയിലും ഹത്യയിലും പാപത്തിലും ഇരുട്ടിലും ദിശാബോധം ഇല്ലാതായിക്കൊണ്ടിരിക്കുന്നതായി തോന്നിക്കുന്ന സന്ദര്‍ഭങ്ങള്‍... ഇതിനൊക്കെ ഇടയ്ക്ക് ഭൂമിയിലുണ്ടായ മുഴുവന്‍ ധര്‍മവിളക്കുകളും 84000 ധര്‍മ വിളക്കുകളും കൊളുത്തിവെയ്ക്കേണ്ടിയിരിക്കുന്നു. ഇനിയുമിനിയും ധര്‍മ്മവിളക്കുകള്‍ പുതിയവയും കൊളുത്തപ്പെടേണ്ടതായുമിരിക്കുന്നു. ഒരു വിളക്കിന്‍റെ വെളിച്ചത്തില്‍ നടന്നു പരിചയിച്ച സ്വഭാവം വ്യവസ്ഥ ചെയ്ത ഒരാള്‍ തന്‍റെ ബോധത്തിന്‍റെ പരിമിതിയറിഞ്ഞ് വേറൊരു വിളക്കിനെ ഭയപ്പെടാതെ ആ വിളക്കിനെ, വെളിച്ചത്തെക്കൂടി തന്‍റെ കാഴ്ചയെ കൃത്യതയുള്ളതാക്കാന്‍, തെളിമയുള്ളതാക്കാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നു. ഭഗവദ് ഗീതയുടെ മാത്രം വെളിച്ചത്തില്‍ നോക്കി ശീലിച്ചവര്‍ ബൈബിളിന്‍റെ വെളിച്ചത്തിലും ഖുര്‍ആന്‍റെ വെളിച്ചത്തിലും ധര്‍മപദത്തിന്‍റെ വെളിച്ചത്തിലും നോക്കാന്‍ ത്രാണിയുള്ളവരായി തീരട്ടെ. ബൈബിളിന്‍റെ മാത്രം വെളിച്ചത്തില്‍ നോക്കാതെ ഖുര്‍ആന്‍റെയും ധര്‍മ്മപദത്തിന്‍റെയും കൂടി വെളിച്ചമുള്‍ക്കൊണ്ട് നോക്കാന്‍ കഴിയുമ്പോള്‍, ഖുര്‍ആന്‍റെ വെളിച്ചത്തില്‍ മാത്രം നോക്കാതെ ഗീതയുടെയും ബൈബിളിന്‍റെയും കൂടി വെളിച്ചത്തില്‍ നോക്കാനാവുമ്പോള്‍ ഇവയിലെല്ലാമുള്ള വെളിച്ചത്തിന്‍റെ സാരം ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും അന്തരാത്മാവിലറിയുമ്പോള്‍ അത് ഉണ്ടാക്കുന്ന പുതിയമനസ്സ്, പുതിയ ഭൂമി, പുതിയ ആകാശം, എങ്ങിനെയാവുമെന്ന് നമുക്കീ ക്രിസ്മസ് രാവില്‍ ധ്യാനിക്കാനാവുമോ?
രണ്ട്
ഭൂമിയില്‍ 114 മില്യനാണ്ടുകള്‍ക്കു മുമ്പ് ഇതില്‍ ഒന്നാമതായി ഉണ്ടായ ഒരു പൂ സൂര്യരശ്മികളേറ്റ് പതുക്കെ വിരിയാന്‍ തുടങ്ങി... നിറത്തിന്‍റെയും സുഗന്ധത്തിന്‍റെയും മൃദുലതയുടെയും നിഷ്കളങ്കതയുടെയും മാനോഹാരിതയുടെയും ആദ്യത്തെ വിരിയല്‍! മനുഷ്യാവബോധത്തിന്‍റെ വികാസത്തിലെ ശ്രദ്ധേയമായൊരു സംഭവം പൂവിന്‍റെ സൗന്ദര്യത്തെ ആദ്യമായി തിരിച്ചറിയുന്നതിലൂടെയാരംഭിക്കുന്നു. സ്നേഹത്തിന്‍റെയും ആനന്ദത്തിന്‍റെയും അതുണര്‍ത്തിയ സന്തോഷത്തിന്‍റെയും വികാരം ഇതില്‍ നിന്നാണുണര്‍ന്നത്. ഒരാളുടെ ഉള്ളിലുള്ള അത്യുന്നതവും പാവനവും പരമവും രൂപരഹിതവുമായ ഒന്നിലേക്ക് പൂക്കള്‍ ഗന്ധമുണ്ടാക്കാന്‍ തുടങ്ങി. പൂക്കള്‍, ഏറെ അഭൗമമായി, സുന്ദരമായി അവ ഉരുവാകുന്ന സസ്യങ്ങളെക്കാളേറെ മൃദുലമായി, നവ്യമായി, മറ്റെതോ ലോകത്തിന്‍റെ സന്ദേശവാഹകരായി, സാകാരമായ ലോകത്തില്‍ നിന്ന് നിരാകാര ലോകത്തിലേയ്ക്കുള്ള പാലമായി.... പൂക്കളിലൂടെ അനുഭവിച്ച ജീവിതത്തിന്‍റെ ദിവ്യസത്തയെ തുടര്‍ന്ന് പറവകളിലൂടെ മനുഷ്യനറിയാന്‍ തുടങ്ങി. പക്ഷികള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ, വിശുദ്ധിയെ, കറപുരളാത്ത സുഖത്തെ പ്രതിനിധാനം ചെയ്യുന്നു. യേശു കുട്ടിക്കാലത്ത് മണ്‍കിളികളെയുണ്ടാക്കി വയ്ക്കുകയും അതിലാനന്ദം കണ്ടെത്തുകയും ചെയ്തിരുന്നു. ഒരിക്കലവയില്‍ ഒന്നിനെ ആകാശത്തേയ്ക്കു പറത്തിയതായിരുന്നു യേശുവിന്‍റെ ആദ്യത്തെ ദിവ്യാത്ഭുതം.
മറ്റെല്ലാം മറന്ന് ഒരു പക്ഷി പാടുന്നത് കേള്‍ക്കുകയും മണ്ണില്‍നിന്ന് ഒരു പൂ വിരിഞ്ഞുവരുന്നത് കാണുകയും ആകാശത്തിന്‍റെ നീലിമയെ നോക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ തന്നിലുള്ള പരിശുദ്ധാത്മാവിന്‍റെ ബീജത്തെ സ്പര്‍ശിക്കുകയാണ്.
ഇലകള്‍ കൊഴിഞ്ഞ് ശൂന്യതയിലേക്ക് മിഴിച്ചുനില്‍ക്കുന്ന ഒരു ബദാം വൃക്ഷത്തിനുമുന്നില്‍ അതിനെ ആലിംഗനം ചെയ്തുകൊണ്ടു നില്ക്കുകയായിരുന്നു ഫ്രാന്‍സിസ് പുണ്യവാളന്‍. സൃഷ്ടിയുടെ ഒരു മഹാരഹസ്യത്തെ മറച്ചുവച്ചിരിക്കുന്ന ഒരാളോടെന്നപോലെ ആ വൃക്ഷത്തെ ആഴത്തില്‍ നോക്കിയപ്പോള്‍ അദ്ദേഹത്തില്‍ പരിശുദ്ധാത്മാവിന്‍റെ സ്പര്‍ശം ഉണ്ടാവുകയും ഇപ്രകാരം മൊഴിയുകയും ചെയ്തു: "പ്രിയ സോദരീ, ബദാം വൃക്ഷമെ ദൈവത്തെപ്പറ്റി എന്നോടു പറയുക..." ഉടന്‍ ബദാംമരം തളിര്‍ക്കുകയും പൂക്കുകയും പരിമളം ചൊരിയുകയും ചെയ്തുകൊണ്ട് ആനന്ദോന്മത്തയായി, മണ്ണിലുറച്ചു നിന്നുകൊണ്ട് ഒരു നൃത്തത്തിലെന്നപോലെ ചലിച്ചുകൊണ്ടിരിക്കുകയും ചെയ്തു...
'പരിശുദ്ധാത്മാവ്' എന്നാല്‍ ദൈവമയച്ച ഊര്‍ജ്ജം എന്നാണര്‍ത്ഥം. ബുദ്ധന്‍ പറയുന്ന "മനോനിറവ്' എന്നതും 'പരിശുദ്ധാത്മാവ്' പോലെതന്നെയത്രെ രണ്ടും രോഗശമനകാരികളാണ്. ഒരാള്‍ മനോനിറവിലിരിക്കുമ്പോള്‍ അയാളില്‍ സ്നേഹവും ധാരണയും ഉണ്ടാകുന്നു; അയാള്‍ കൂടുതല്‍ ആഴത്തിലാകുന്നു. സ്വന്തം മനസ്സിലെ മുറിവുകള്‍ ഉണക്കാന്‍ ഇതുപകരിക്കുന്നു. മനോനിറവില്‍ ബോധോദയാനന്തരം ജീവിച്ചതുകൊണ്ടാണ് ബുദ്ധന്‍ 'വൈദ്യന്‍ മാരുടെ രാജാവ്' എന്നറിയപ്പെട്ടത്.
യേശു ഒരു രോഗിയെ സ്പര്‍ശിക്കുമ്പോള്‍ അയാള്‍ ചികിത്സിക്കപ്പെടുന്നു. പരിശുദ്ധാത്മാവ്, ദിവ്യോര്‍ജ്ജം യേശുവിലേക്ക് ഒരു പ്രാവിനെപ്പോലെ ഇറങ്ങിവന്നപ്പോഴാണതുണ്ടാകുന്നത്.
ഒരാള്‍ മനോനിറവുള്ളവനാകുമ്പോള്‍ വര്‍ത്തമാന നിമിഷത്തിന്‍റെ ആഴത്തില്‍ സ്പര്‍ശിക്കുകയാണ്. അപ്പോള്‍ ഒരാള്‍ക്ക് അഗാധമായി കാണാന്‍, കേള്‍ക്കാന്‍, അനുഭവിക്കാന്‍ കഴിയുന്നു. ഇതിന്‍റെ ഫലമോ? നിരന്തരമായ ധാരണ, സ്വീകരണ ക്ഷമത, സ്നേഹം, യാതനയില്‍ നിന്നു മുക്തനാകാനുള്ള ഇച്ഛ ഉണ്ടാകുന്നു. ഒരാളിലെ മനോഹരനായ ശിശു അയാളിലേക്ക് വന്നുകഴിഞ്ഞാല്‍, പുഞ്ചിരിച്ചാല്‍ അയാള്‍ പൂര്‍ണ്ണമായും അവനുവേണ്ടി അവിടെയാകുന്നു.
പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യം ശിശുക്കള്‍ക്ക് വേഗം തിരിച്ചറിയാനാകുന്നു. "അതുകൊണ്ട് ദൈവരാജ്യത്തിലേക്കു പ്രവേശനം കിട്ടണമെങ്കില്‍ നാം ശിശുക്കളെപ്പോലെയാകണം" എന്ന് യേശു. 'പരിശുദ്ധാത്മാവ്' എന്നാല്‍ 'പരിശുദ്ധ ജീവിതത്തിന്‍റെ ശ്വാസം' എന്നര്‍ത്ഥമുണ്ട് (Spirit എന്നാല്‍ ശ്വാസം).
'ശ്വാസത്തിലൂടെ ദൈവത്തെ അറിയാനാകു'മെന്ന് ബുദ്ധന്‍.
ബുദ്ധന്‍ ശിഷ്യരോട് ചോദിച്ചു: 'മനുഷ്യന്‍റെ ആയുസ്സെത്ര?'
"എണ്‍പത് വര്‍ഷം"
"തെറ്റ്"
"എഴുപത് വര്‍ഷം"
"തെറ്റ്, തെറ്റ്"
"അറുപത് വര്‍ഷം"
"തെറ്റ്"
'എന്നാലെത്രയാണ് മനുഷ്യായുസ്സ്?'
ബുദ്ധന്‍ മൂക്കിനു നേരെ ചൂണ്ടിപ്പറഞ്ഞു: 'ശ്വസനത്തിലാണ് ആയുസു കിടക്കുന്നത്'
ദൈവരാജ്യം ഇവിടെ, ഇപ്പോള്‍ ഈ നിമിഷത്തിലാണ്. ഒരാള്‍ ദൈവരാജ്യത്തിലേക്ക് പോകുകയല്ല. ഒരാളീ നിമിഷത്തില്‍ മനോനിറവോടെ ശ്വാസനിശ്വാസങ്ങളില്‍ നിശ്ചലമായിരിക്കുമ്പോള്‍ ദൈവരാജ്യം അയാളിലേക്കിറങ്ങി വരുകയാണ്.
'ശരീരം ഇവിടെയാണെങ്കിലും നമ്മുടെ മനസ്സ് ദൂരെയായിരിക്കും' ബുദ്ധന്‍ പറഞ്ഞു. നമ്മുടെ ശ്വാസോച്ഛാസമാണ് ശരീരത്തെയും മനസ്സിനെയും ബന്ധിപ്പിക്കുന്നത് (ബോധോദയത്തിന് ശേഷവും ലൗകിക കാര്യങ്ങളില്‍ കുടുങ്ങിപ്പോകാതെ ജീവിക്കുന്നതിനായി മനോനിറവോടുകൂടിയ ശ്വാസോച്ഛാസം ബുദ്ധന്‍ മരണം വരെ ശീലിച്ചിരുന്നു. ബുദ്ധന്‍റെ 'ആനപാന സതിസുക്ത' ശ്വസനത്തിന്‍റെ പൂര്‍ണ്ണാവബോധത്തെ അനുഭവിക്കാന്‍ സഹായിക്കുന്ന ഒരു ശാസ്ത്രീയ പഠനമാണ്.)
"മനോനിറവോടെ ആഹരിക്കുമ്പോള്‍ ഓരോ ഭക്ഷണവും 'ഒടുക്കത്തെ അത്താഴ' മാകുന്നു.
'ഞാനാണ് ദൈവരാജ്യത്തിലേക്കുള്ള വാതില്‍' എന്നു യേശു പറഞ്ഞത് മനോനിറവോടെ ഒരാള്‍ ജീവിക്കുമ്പോള്‍ അയാള്‍ സ്വയം ദൈവരാജ്യത്തിലേക്കുള്ള വാതിലായി മാറുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
ബുദ്ധനും ഒരു വാതിലാണ്. മനോനിറവിലേയ്ക്കാണ് ആ വാതില്‍ തുറക്കപ്പെടുന്നത്. അപ്പോഴാണൊരാള്‍ മൈത്രിയിലേക്ക്, കരുണയിലേക്ക്, സമാധാനത്തിലേക്ക് അണയുന്നത് 84000 വാതിലുകളെപ്പറ്റി ബുദ്ധന്‍ സൂചിപ്പിച്ചു. ബുദ്ധന്‍, യേശു, നബി, നാനാക്, റാബിയ, രമണ, ജെ. കെ. മുതല്‍ എക്ഹാര്‍ട് ടോളി വരെ എണ്ണമറ്റ വാതിലുകള്‍ ഇതിനകം തന്നെ തുറന്നിടപ്പെട്ടിട്ടുണ്ട്. അതിലേതെങ്കിലുമൊരു വാതില്‍ വഴി ഒരാള്‍ ദിവ്യതയിലെത്തുമ്പോള്‍ ഇതാണൊരേയൊരു വാതില്‍ എന്നയാള്‍ പറയുന്നു. അതയാള്‍ക്കു സത്യവുമാണ്. മറ്റൊരാള്‍ക്ക് വേറൊരു വാതിലിലൂടെയാണതനുഭവപ്പെടുക. ഒരാള്‍ തന്നിലുള്ള ഉന്നതാവബോധവുമായി സ്പര്‍ശിക്കുമ്പോള്‍ അയാളൊരു ബുദ്ധനാകുന്നു, യേശുവാകുന്നു, കൃഷ്ണനാകുന്നു, നബിയാകുന്നു, റാബിയയാകുന്നു, നാനാക്കാകുന്നു, ഫ്രാന്‍സിസ് പുണ്യവാനാകുന്നു.